ജാത്യാഭിമാനത്തെ ദുർവാശിയാക്കുന്ന ഹിന്ദുത്വസൂത്രം

ദേശീയ തലത്തിൽ ഹിന്ദുത്വരാഷ്ടീയത്തിനുണ്ടായ വളർച്ചക്കൊപ്പം കേരളവും കൂടുതൽ വേഗത്തിൽ സഞ്ചരിക്കുകയുണ്ടായി. വലതു ദിശയിലേക്കുള്ള ഈ സാംസ്‌കാരിക പ്രയാണത്തിന്റെ അനുകൂലാന്തരീക്ഷത്തിലാണ് കൊലയാളിയായി തീരുംവിധമുള്ള, ആക്രമണോത്സുകത ജാതി ഇവിടെയും കൈവരിക്കുന്നത്. പാലക്കാട്ട് നടന്നതുപോലുള്ള ജാതിക്കൊലകളെ ഹിന്ദുത്വത്തിന്റെ വിധ്വംസകരാഷ്ട്രീയത്തിന്റെ സമഗ്രതയിലാണ് വിലയിരുത്തേണ്ടത്. അല്ലാത്തപക്ഷം കുറഞ്ഞ കാലം കൊണ്ട് ജാത്യാഭിമാനക്കൊലകൾ 'ദുരഭിമാന'ക്കൊലകൾ അല്ലാതാകും

‘കേരളീയ ജാതിവ്യവസ്ഥയിലെ ജാതി മഹിമാബോധം നമ്പൂതിരിക്ക് ഏറ്റവും കവിഞ്ഞ തോതിലും മറ്റു ജാതികൾക്ക് മേൻമാക്രമത്തിന്റെ തോതനുസരിച്ചും ബാധിച്ച മാനസിക ക്യാൻസർ രോഗമായിരുന്നു. ഓരോ ജാതി ശരീരത്തിലും ഉപജാതിയുടെ ക്യാൻസർ സെല്ലുകൾ അസ്സൽ ക്യാൻസർ സെല്ലുകളുടെ അതേ വേഗത്തിൽ പെരുകി.'; പത്തൊമ്പതാം നൂറ്റാണ്ടൊടുവിലെ കേരളത്തിലെ ജാതിവ്യവസ്ഥയെക്കുറിച്ചുള്ള പഠനത്തിൽ പി.കെ. ബാലകൃഷണൻ നടത്തുന്ന നിരീക്ഷണമാണിത്.

പി. കെ. ബാലകൃഷണൻ പറഞ്ഞ ജാതി എന്ന അർബുദം വളർന്നുപെരുകി കൊലയാളി രൂപമാർജ്ജിക്കുന്നതാണ് പാലക്കാട് തേങ്കുറുശ്ശിയിലെ ജാതിക്കൊലയിൽ കാണുന്നത്. കൊല ചെയ്യപ്പെട്ട അനീഷ് കേരളത്തിലും, ഭാര്യ ഹരിത തമിഴ്‌നാട്ടിലും ഒ.ബി.സി വിഭാഗത്തിൽപ്പെടുന്ന രണ്ട് ജാതികളിലുള്ളവരാണ്. ജാത്യാഭിമാനവും ജാതിവെറിയും ഉപജാതി തോറും വർദ്ധിക്കുന്ന അവസ്ഥക്ക്, ഒരു നൂറ്റാണ്ടോളം നീണ്ട നവോത്ഥാന ജീവിതത്തിനുശേഷവും വലിയ മാറ്റം ഉണ്ടായിട്ടില്ല എന്ന് കൂടിയാണ് ഇത് തെളിയിക്കുന്നത്.

പുറത്തുചാടുന്ന ജാതിവെറി

ജാതിയും ഉപജാതിയും തിരിഞ്ഞ് തീണ്ടാപ്പാടും കാഴ്ച്ചപ്പാടും വച്ച് അയിത്തവും വിലക്കുകളും ശിക്ഷകളും കൽപിക്കുന്നതിന് വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ശക്തമായ പിൻബലമുണ്ടായിരുന്നു. ആത്മനിന്ദയും അപരവെറുപ്പും ഒരുപോലെ സ്വാംശീകരിച്ച നൂറുകണക്കിന് കൊച്ചുജാതി സമൂഹങ്ങളാണ് കേരളത്തിലുണ്ടായിരുന്നത്.

ജാതിമഹിമാബോധം മൂലം പരസ്പര സമ്പർക്കം പരമാവധി വിലക്കിയും തങ്ങളേക്കാൾ താഴ്ന്നവരെന്ന് കൽപിക്കപ്പെട്ടവരുമായി അധീശത്വപരമായ ബന്ധം ഉറപ്പിച്ചുനിർത്തിക്കൊണ്ടും ജാതിമേൻമ ഉറപ്പിക്കാൻ ഓരോ ജാതിയും ശ്രദ്ധിച്ചിരുന്നു.

ബ്രാഹ്മണിക പാരമ്പര്യം മേധാവിത്വ ശക്തിയായി നിലനിൽക്കാൻ നൂറ്റാണ്ടുകൾക്കുമുമ്പ് മുതൽ ഉപയോഗപ്പെടുത്തിയ ജാതിശ്രേണീകരണം, ഒരു സാമ്പത്തിക- രാഷ്ട്രീയശക്തി എന്ന നിലയിലെ അവരുടെ ആധിപത്യം കുറയുമ്പോഴും കോട്ടമില്ലാതെ തുടരുകയും പുതിയ ജാതി- ഉപജാതിക്രമങ്ങളെ സൃഷ്ടിക്കുകയും ചെയ്യുന്നതാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന പാദങ്ങൾ കാണിച്ചുതരുന്നത്.

പാലക്കാട് തേങ്കുറിശിയിൽ കൊല്ലപ്പെട്ട അനീഷ്, ഭാര്യ ഹരിത

പാരമ്പര്യാധിഷ്ഠിതത്വം, സവിശേഷമായ അവകാശാധികാരങ്ങൾ (ജാതിയിലെ അസമത്വത്തിന്റെ അടിസ്ഥാനവും, ജാതിക്കനുകൂലമായ വാദങ്ങളുടെ കേന്ദ്രവും ഈ സവിശേഷാധികാരങ്ങളാണ്. നമ്പൂതിരി മുതൽ നായാടി വരെയുള്ള എല്ലാ ജാതിക്കും സവിശേഷമായ അധികാരവകാശങ്ങൾ ഉണ്ടെന്നും അവ സാമൂഹ്യാവശ്യമാണെന്നുമുള്ള ന്യായവാദം ഇന്നുമുയരുന്നുണ്ടല്ലോ), വിഘടിച്ച് നിൽക്കുന്ന വ്യത്യസ്ത വിഭാഗങ്ങൾക്കിടയിലെ അന്യോന്യ സ്പർധ തുടങ്ങിയ ജാതിയുടേതായ എല്ലാ ലക്ഷണങ്ങളും നിറഞ്ഞ ഈ സാമൂഹ്യക്രമമാണ് കേരളീയ നവോത്ഥാനത്തിന്റെ പ്രശ്‌നപരിസരം. അതുകൊണ്ടുതന്നെ വ്യത്യസ്തമായ കൈവഴികൾക്കിടയിലും ജാതിവിരുദ്ധതയും മതനിരപേക്ഷതയുമായിരുന്നു നവോത്ഥാനാശായങ്ങളുടെയെല്ലാം അടിത്തറ.

നവോത്ഥാന സമരങ്ങൾ, പുതിയ തൊഴിലിടങ്ങൾ, സ്വാതന്ത്ര്യ സമരധാരകൾ എന്നിവയെല്ലാം ചേർന്ന് നിർമിച്ച പൊതുമണ്ഡലത്തിന്റെ പരിഗണനകളിൽ നിന്ന് ജാതിയെ മാറ്റി നിർത്താൻ വലിയൊരളവിൽ നമുക്ക് കഴിയുകയും ചെയ്തു. എന്നാൽ നമ്മുടെ സ്വകാര്യമണ്ഡലത്തിൽ ജാതി സജീവമായി നിലനിന്നിരുന്നു. നമ്മുടെ നിസാരമെന്ന് കരുതപ്പെടുന്ന ഫലിതങ്ങളിലും, പഴഞ്ചൊല്ലുകളിലും നിത്യജീവിതത്തിലെ സ്വകാര്യ തിരഞ്ഞെടുപ്പുകളിലും, സവിശേഷമായ മനുഷ്യ ബന്ധങ്ങളിലുമെല്ലാം ജാതിയുടെ നിശബ്ദസാന്നിധ്യം ഉണ്ടായിരുന്നു.

നന്നായി പഠിക്കുന്ന ദളിത് വിദ്യാർത്ഥിയെ കാണുമ്പോൾ അറിയാതെ അത്ഭുതപ്പെട്ട് പോകുന്നത് ജാതിബോധത്തിന്റെ പ്രത്യയശാസ്ത്ര പരിസരം അത്രമേൽ ആഴത്തിലുള്ളതായതു കൊണ്ടാണ്. ഈ ആഴത്തെ കൃത്യമായി അളന്ന നവോത്ഥാന തുടർച്ചകൾ നമുക്കുണ്ടായില്ല എന്ന യാഥാത്ഥ്യത്തെയാണ്, അനുകൂലമായ വർത്തമാന സാഹചര്യങ്ങളിൽ അടച്ച കുടത്തിൽ നിന്ന് ഭൂതമെന്ന കണക്ക് പുറത്തുചാടുന്ന ജാതിവെറികൾ വെളിപ്പെടുത്തുന്നത്.
ഇതര ജാതി വിവാഹത്തിന്റെ പേരിൽ ഒരു ചെറുപ്പക്കാരനെ കൊല ചെയ്യുന്നതിനുപോലും മടിക്കാത്ത നിലയിൽ ആക്രമണോത്സുകമായ അപര സ്പർധയിലേക്കെത്തിനിൽക്കുകയാണ് ഈ ജാതി വെറി.

കടന്നുകയറുന്ന ജാതിബോധം

ഉത്തരേന്ത്യയിൽ വ്യാപകമായ ദുരഭിമാനക്കൊലകൾ കേരളത്തിലും തലനീട്ടുന്നു എന്ന വസ്തുത നമ്മെ ഭയപ്പെടുത്തുന്നു. ഒപ്പം നവോത്ഥാനത്തെ പിന്നിട്ടുകഴിഞ്ഞ ഒരു ചരിത്രഘട്ടമായി കാണുന്നതിനു പകരം നിരന്തരമായ നവീകരണത്തിന്റെ സാമൂഹിക- സാംസ്‌കാരിക പ്രകിയ എന്ന നിലയിൽ ഏറ്റെടുത്താലേ നൂറ്റാണ്ടുകളുടെ വേരുറപ്പുള്ള ഭീമാകാരമായ ഒരു സാമൂഹ്യ സ്ഥാപനത്തിനോട് എതിരിടുവാൻ കഴിയുകയുള്ളു എന്ന് ഓർമപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

2018ൽ കെവിൻ പി. ജോസഫ് കൊല ചെയ്യപ്പെട്ടപ്പോൾ ഒറ്റപ്പെട്ടതെന്ന് നാം കരുതിയെങ്കിൽ രണ്ട് വർഷങ്ങൾക്കിപ്പുറം ജാതിക്കൊല അനീഷിലൂടെ ആവർത്തിക്കുകയാണ്. കെവിന്റെ കൊലപാതകം മതം മാറുമ്പോഴും ജാതി മാറുന്നില്ല എന്ന യാഥാർത്ഥ്യത്തെ കൂടിയാണ് വെളിപ്പെടുത്തുന്നത്. ദുരഭിമാനം വർദ്ധിക്കുന്നത് ഉയർന്നതെന്ന് കണക്കാക്കപ്പെടുന്ന ജാതിയിലുൾപ്പെട്ട സ്ത്രീയും താഴ്ന്നതെന്ന് കണക്കാക്കപ്പെടുന്ന ജാതിയിലുൾപ്പെട്ട പുരുഷനും തമ്മിലുള്ള ബന്ധത്തിലാണ് എന്നതും എടുത്തു പറയേണ്ടതാണ്. നല്ല മണ്ണിൽ വിതക്കുന്ന കളയായിക്കരുതി ബ്രാഹ്മണ്യം ഏറ്റവും അഭിശപ്തമായി കണ്ടിരുന്നത് മേൽജാതി സ്ത്രീയും കീഴ്ജാതി പുരുഷനും തമ്മിലുള്ള ബന്ധമാണ് എന്നത് ഓർക്കേണ്ടതാണ്.

പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ കൊല്ലപ്പെട്ട കെവിന്റെ അച്ഛൻ ജോസഫും ഭാര്യ നീനുവും

പെൺകുട്ടികൾക്ക് സ്വന്തം നിലപാടുകൾ ഉറക്കുന്നതിനുമുമ്പ്, വിദ്യാഭ്യാസ കാലയളവിൽ തന്നെ വിവാഹമുറപ്പിക്കൽ പല സമുദായങ്ങളിലും വ്യാപകമാക്കുന്നത് ഇതിന്റെ കൂടി ഭാഗമായാണ്. ജാതിബോധം കനക്കുമ്പോൾ സമൂഹം കൂടുതൽ സ്ത്രീവിരുദ്ധമാകുക തന്നെയാണ്. ഈ കൊലപാതകങ്ങളും തുടർചർച്ചകളും കേരളീയ പൊതുമണ്ഡലത്തിൽ നിശബ്ദമായി ഭീതിയുടെയും അസ്വാതന്ത്ര്യത്തിന്റെയും വിത്ത് വിതക്കുന്നത് കാണാതെ പോകരുത്​.

മുമ്പ് പൊതുമണ്ഡലത്തിന്റെ തുറസ്സിലേക്ക് പ്രവേശിക്കാൻ അധൈര്യപ്പെട്ട് നിന്നിരുന്ന ജാതിബോധം ഇന്ന് അവിടേക്കും ജാള്യമില്ലാതെ കടന്നുകയറുകയുമാണ്. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ പരസ്പരം ജാതി പറഞ്ഞ് ആശംസയർപ്പിക്കുകയും അതിന് ന്യായം ചമക്കാൻ ജാതിവ്യവസ്ഥ സമൂഹത്തിന്റെ കെട്ടുറപ്പിന് നൽകുന്ന"സംഭാവന'കളെ പറ്റി വാദിക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്.

ക്ഷേത്രങ്ങളായി മാറിയ ദൈവപുരകൾ

നാല് പതിറ്റാണ്ടായി കേരളത്തിന്റെ പൊതുബോധത്തെ സ്വാധീനിക്കാൻ ബ്രാഹ്മണിക്കൽ മൂല്യബോധം ഗോപ്യമായും, നിശബ്ദമായും, നിഷ്‌കളങ്കമെന്ന നിലയിലും നടത്തിയിരുന്ന ഇടപെടലുകൾ ഇന്നേതാണ്ട് മൂർദ്ധന്യത്തിലെത്തുകയും പ്രത്യക്ഷ രൂപം നേടുകയുമാണിവിടെ. നവോത്ഥാന സമരങ്ങളുടെ പിന്തുടർച്ച ഏറ്റെടുത്തവരുടെ ശ്രദ്ധയിലേക്ക് കടന്നുവരാതിരിക്കുകയും ദൈനംദിന ജീവിതത്തിൽ
അതിസാധാരണമായി തുടരുകയും ചെയ്ത വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും മേഖലയിൽ ഇക്കഴിഞ്ഞകാലത്ത് ഹിന്ദുത്വ ശക്തികൾ സൂക്ഷ്മതയോടെ നടത്തിയ ബ്രാഹ്മണ്യവത്കരണത്തിന്റെ നിശബ്ദ പ്രവർത്തനം ഇതിലൊന്നാണ്. വ്യക്തിപരമായ അനുഭവം മുൻനിർത്തി പറഞ്ഞാൽ പാലക്കാടൻ ഗ്രാമീണ ജീവിതത്തിന്റെ ഭാഗമായിരുന്ന ദൈവപുരകൾ പലതും കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ ക്ഷേത്രങ്ങളായി മാറിയിരിക്കുന്നു.

‘ഖസാക്കിലെ ദൈവപുര കാവായി വളർന്നത് വളരെ പെട്ടെന്നായിരുന്നു' എന്ന് ഖസാക്കിന്റെ ഇതിഹാസത്തിൽ ഒ.വി.വിജയൻ പറയുന്നുണ്ട്. എന്നാൽ അതിനേക്കാൾ വേഗതയിലാണ് നാട്ടുകാരണവരുടെ കാർമികത്വത്തിൽ നിലനിന്നിരുന്ന ദൈവപുരകൾ ക്ഷേത്രങ്ങളായതും കുട്ടാടൻ പൂശാരിക്കും, കോമ്പി പൂശാരിക്കും, കാമ്പായിയേട്ടനും പകരം പുത്തൻ ‘പൂജാരി ' മാർ കടന്നു വന്നതും. വിവാഹം വീടുകളിൽ നിന്ന് കല്യാണമണ്ഡപങ്ങളിലേക്ക് നടന്നുകയറിയപ്പോൾ ‘ശാന്തിക്കാരൻ' നിർബന്ധമായി.

അടുത്തകാലത്തായി ജാതിസംഘടനയിൽ സജീവമായ പിന്നാക്ക വിഭാഗത്തിൽപ്പെടുന്ന ഒരു സുഹൃത്ത്, തങ്ങളുടെ പൂർവ്വികർ സസ്യാഹാരികളായിരുന്നെന്നും ബ്രാഹ്മണരുടെ ജീവിതരീതികൾ പിന്തുടർന്നിരുന്നെന്നും ഒരു സാധാരണ സൗഹൃദസംഭാഷണത്തിനിടെ പറഞ്ഞതു കൂടി സാന്ദർഭികമായി സൂചിപ്പിക്കുന്നു. നവോത്ഥാന സമരങ്ങളുടെ ഭാഗമായി ശ്രീനാരായണ ഗുരു നടത്തിയ നിരവധി ക്ഷേത്ര പ്രതിഷ്ഠകൾ ആരാധനാക്രമങ്ങളിലെ ബ്രാഹ്മണാധിപത്യം തകർക്കാനും, അധഃകൃതരായ മനുഷ്യരുടെ ആത്മവിശ്വാസം ഉയർത്താനും ലക്ഷ്യമിട്ടുള്ളവയായിരുന്നു എന്നോർമിക്കണം.

ശ്രീനാരായണ ഗുരു

ബ്രാഹ്മണ്യത്തോടുള്ള ഈ വിധേയത്വ പുനർനിർമിതിക്ക് സമാന്തരമായി നടന്നതാണ് ജാതി തിരിച്ചുള്ള സംഘം ചേരലുകൾ. മുപ്പതോ നാൽപ്പതോ കൊല്ലങ്ങൾക്കു മുമ്പുള്ളതിനേക്കാൾ എത്രയോ ശക്തമാണ് ഇന്ന് നമ്മുടെ ജാതി സംഘടനകൾ. പുതിയ ജാതി വിഭാഗങ്ങളും ഉപജാതികളും സംഘടിതമായി ഉയർന്നു വന്നതും ഇക്കാലത്തു തന്നെയാണ്. 1881 ലെ തിരുവിതാംകൂർ സെൻസസ് പ്രകാരം ഹിന്ദു ഉപജാതികളുടെ എണ്ണം 377 ആയിരുന്നെങ്കിൽ ഇന്ന് ഹിന്ദു ജാതികളുടെ എണ്ണം തന്നെ 420 ആണ്. ഉപജാതികളുടെ കണക്ക് ഇതിനു പുറമെയാണ്. മുന്നോക്കക്കാർക്കിടയിലെ ജാതി/ഉപജാതി ഔദ്യോഗിക കണക്ക് പൂർണമായി ലഭ്യവുമല്ല.

ബ്രാഹ്മണ്യത്തോടുള്ള ഈവിധേയത്വവും ജാത്യാഭിമാനവും, ജാതീയമായ കടന്നാക്രമണങ്ങളും പരസ്പരബന്ധിതമാണ്. ഹിന്ദുത്വത്തിന്റെ മൗലികഘടകമായി ജാതിവ്യവസ്ഥയെ നിലനിർത്തുന്നത് ഇവയെല്ലാം ചേർന്നാണ്. അതോടൊപ്പം ഹിന്ദുത്വ രാഷ്ട്രീയത്തിനകത്തെ മൗലികമായ ആന്തരിക വൈരുദ്ധ്യവും ഈ ജാതിവ്യവസ്ഥ തന്നെയാണ് എന്ന പ്രത്യേകതയുമുണ്ട്. യഥാർത്ഥത്തിൽ കഴിഞ്ഞ നാലു പതിറ്റാണ്ടിനിടയിൽ വിശ്വാസത്തിന്റെയും ആചാരത്തിത്തിന്റെയും ഇടങ്ങളിൽ ഇടപെട്ടുകൊണ്ടും മതനിരപേക്ഷത ഉയർത്തിപ്പിടിച്ച നാരായണ ഗുരു ഉൾപ്പെടെയുള്ള നവോത്ഥാന നേതാക്കളെയും അംബേദ്ക്കറേയും പോലും മതപരിഷ്‌കർത്തക്കളാക്കി ഒതുക്കി കൂടെ നിർത്തിയും ഹിന്ദുത്വ രാഷ്ടീയം സാവധാനം അതിന്റ സാംസ്‌കാരിക - പ്രത്യയശാസ്ത്രതലം നിർമിച്ചെടുക്കുകയായിരുന്നു. (അതൊരു രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമാണെന്ന് സാധാരണ മതവിശ്വാസിക്ക് സംശയം പോലും തോന്നാത്ത വിധത്തിൽ). അതിന്നവർ വിപുലമായ സന്നാഹങ്ങൾ വിന്യസിക്കുകയും അവയുടെ സൂക്ഷ്മവും ഫലപ്രദവുമായ ഏകോപനം ഉറപ്പുവരുത്തുകയും ചെയ്തിരുന്നു.

മുഖ്യധാരാ മാധ്യമങ്ങൾ മുതൽ സാമൂഹ്യ മാധ്യമങ്ങളെ വരെ ഉപയോഗപ്പെടുത്തിയ ഈ വിപുലമായ ഇടപെടൽ സൂക്ഷ്മ വിലയിരുത്തലിന് വിധേയമാക്കേണ്ട വിഷയമാണ്. വിശ്വാസത്തിന്റെ പേരിൽ നടന്നതും, കേരളത്തിന്റെ പൊതുബോധത്തെ ആദ്യമാദ്യം ഞെട്ടിക്കുകയും, പിന്നീട് ഒറ്റപ്പെട്ടതായിക്കണ്ട് നാം വിട്ടുകളയുകയും ചെയ്ത നിരവധി സംഭവങ്ങൾക്ക് ഒരു പൊതു പാറ്റേൺ ഉണ്ടായിരുന്നുവെന്ന് ഇന്ന് വിലയിരുത്തുമ്പോൾ കാണാൻ കഴിയും.

ഹിന്ദുത്വത്തിന്റെ വിധ്വംസക രാഷ്ട്രീയം

മേഴ്‌സി രവി ഗുരുവായൂരിൽ കയറിയപ്പോഴുള്ള പുണ്യാഹ ബഹളവും രാമായണ മാസത്തിൽ പ്രൊഫ. എം.എം. ബഷീറിനെകൊണ്ട് രാമായണ വിചാരം നടത്തിയതിൽ എതിർപ്പുണ്ടായതും, പ്രശസ്തരായ പലരുടെയും ജാതിയും മതവും സ്വാഭാവികമെന്ന മട്ടിൽ വിളിച്ചു പറയുന്നതും പോലെ നിരവധി കാര്യങ്ങൾ ഈ നിരയിലുണ്ട്. ഇക്കാര്യങ്ങളിലെല്ലാം അപ്പോഴപ്പോൾ പ്രതിഷേധങ്ങൾ ഉയർന്നിരുന്നെങ്കിലും ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ഇടത്തിലെ കാര്യം മാത്രമാണെന്ന പൊതുബോധ നിർമ്മിതിയെ തകർക്കാൻ കഴിഞ്ഞിരുന്നില്ല. ഇങ്ങൊടുവിൽ ശബരിമല വിഷയത്തിലും അത് തന്നെയാണ് കണ്ടത്.

കെവിൻ. പി ജോസഫ്

അനീഷിന്റെ കൊലപാതകത്തിന് കാരണം ദുരഭിമാനമല്ല, ദുർവാശിയാണ് എന്ന ഹിന്ദു ഐക്യവേദിയുടെ പ്രഖ്യാപനവും കുടിലവും, ജാത്യാഭിമാനത്തെ സ്വാഭാവികമാക്കി തീർക്കുന്ന ഇതേ പ്രത്യയശാസ്ത്ര- രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമായുണ്ടാവുന്നതുമാണ്. ‘ദുരഭിമാനം', ‘ദുർവാശി' എന്ന രണ്ടു വാക്കുകൾക്കിടയിലെ പ്രത്യയശാസ്ത്ര അകലം കാണാതെ പോകരുത്. ദുർവാശി വ്യക്തിപരമായ സ്വഭാവത്തിന്റെ പ്രശ്‌നമാണ് എന്നാൽ ദുരഭിമാനം തീർത്തും സാമൂഹിക പ്രശ്‌നമാണ്. ജാതി പൊതുജീവിതത്തെ ഇത്രമേൽ ബാധിക്കുമ്പോഴും അത് സ്വകാര്യതയുടെ പ്രശ്‌നമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നവോത്ഥാന തുടർച്ചകൾ ഏറ്റെടുത്തിരുന്ന ഇടതുപക്ഷത്തിന്റെ ജാതിവിരുദ്ധ- മതനിരപേക്ഷ നിലപാടുകളെയെല്ലാം ഇത്തരം ലളിത യുക്തികളുടെ പേരിലാണ് ഹിന്ദുത്വം പ്രതിരോധിച്ചിരുന്നത്.

ദേശീയ തലത്തിൽ ഹിന്ദുത്വ രാഷ്ടീയത്തിനുണ്ടായ വളർച്ചക്കൊപ്പം കേരളവും കൂടുതൽ വേഗത്തിൽ സഞ്ചരിക്കുകയുണ്ടായി. വലതു ദിശയിലേക്കുള്ള ഈ സാംസ്‌കാരിക പ്രയാണത്തിന്റെ അനുകൂലാന്തരീക്ഷത്തിലാണ് കൊലയാളിയായി തീരുംവിധമുള്ള, ആക്രമണോത്സുകത ജാതി ഇവിടെയും കൈവരിക്കുന്നത്. അപരസ്ഥാനത്ത് അന്യമതങ്ങൾ നിൽക്കുമ്പോൾ ഇവ തുലോം നിശബ്ദമായിരിക്കും. (ഇന്ത്യാ വിഭജനകാലം ഭാരതത്തിലെ ജാതികലാപങ്ങൾ താരതമ്യേന കുറഞ്ഞ കാലമായിരുന്നു എന്ന വസ്തുത ഓർക്കണം.) എന്നാൽ ജാതി അടിസ്ഥാനത്തിലുള്ള അപരസ്പർധയും വൈരുദ്ധ്യങ്ങളും എല്ലാ കാലത്തും മൂടിവയ്ക്കാനാവില്ല. ഹിന്ദുത്വത്തിനുള്ളിൽ അത്യന്തികമായി പരിഹരിക്കാനാവാത്ത ഈ
വൈരുദ്ധ്യങ്ങൾ മൂർഛിക്കുക തന്നെ ചെയ്യും.

അതിന്റെ അനേകം പ്രതിഫലനങ്ങളിലൊന്നാണ് ജാത്യാഭിമാനപ്രേരിതമായ അരുംകൊലകൾ. അതുകൊണ്ടുതന്നെ ഈ കൊലപാതകങ്ങളെ കേവലദുർവാശിയോ, ഒറ്റപ്പെട്ട അപഭ്രംശങ്ങളോ ആയി ലളിതവത്ക്കരിച്ചു കൂടാ - ഹിന്ദുത്വത്തിന്റെ വിധ്വംസക രാഷ്ട്രീയത്തിന്റെ സമഗ്രതയിലാണ് അവയെ വിലയിരുത്തേണ്ടത്. അല്ലാത്തപക്ഷം കുറഞ്ഞ കാലം കൊണ്ട് ജാത്യാഭിമാനക്കൊലകൾ ‘ദുരഭിമാന'ക്കൊലകൾ അല്ലാതാകും.


Comments