പ്രികേറിയറ്റ് എന്ന മൂന്നാം വർഗം

‘‘വർഗപ്രശ്നമല്ല, മേലാള മേൽക്കോയ്മയാണ് ഇന്നത്തെ പ്രശ്നം. ഇത് ചരിത്രത്തിന്റെ തുടർച്ചയാണ്. ഫ്യൂഡൽ സമൂഹത്തിൽ ആരാണോ മുകൾതട്ടിലുണ്ടായിരുന്നത്, ആ വിഭാഗങ്ങളിൽനിന്നുള്ളവർ തന്നെയാണ് ഇന്നുമുള്ളത്. അത് എഴുത്തുകാരായാലും മാധ്യമപ്രവർത്തകരായാലും ശാസ്ത്രജ്ഞരായാലും ശരി, ഈ വിഭാഗക്കാരാണ് ഇന്നും ഉയർന്നുനിൽക്കുന്നത്. ഇത് ചരിത്രത്തിന്റെ തുടർച്ചയാണ്. ഈ ചരിത്ര അനുസ്യൂതത്വം മുറിക്കണമെങ്കിൽ കീഴാള പ്രതിരോധം ആവിർഭവിക്കുകയും ശക്തമാകുകയും ചെയ്യേണ്ടത് അനിവാര്യമാണ്’’- എം. കുഞ്ഞാമന്റെ ‘എതിര്’ എന്ന പുസ്തകത്തിലെ ഒരു അധ്യായം.

വികസനപ്രവർത്തനങ്ങളിലും സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളിലും ഊന്നി, പരിപ്രേക്ഷ്യപരമായി പുതിയൊരു സാമൂഹികക്രമം കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയാണ് രാഷ്ട്രീയപ്രവർത്തനം ലക്ഷ്യമാക്കുന്നത്. ഈ അർഥത്തിൽ, രാഷ്ട്രീയം എന്നു പറയുന്നത് സൈദ്ധാന്തികവും പ്രത്യയശാസ്ത്രപരവും ദിശാബോധവുമുള്ളതായിരിക്കണം.

പലപ്പോഴും, തെരഞ്ഞെടുപ്പ് അജണ്ട എന്നത് അതാതു കാലത്തെ വൈകാരിക കാര്യങ്ങളായിരിക്കും. ജനങ്ങളുടെ വൈകാരിക അവസ്ഥയെ ചൂഷണം ചെയ്യാനാണ് രാഷ്ട്രീയപാർട്ടികൾ തെരഞ്ഞെടുപ്പിൽ ശ്രമിക്കാറ്. അത് അപക്വ ജനാധിപത്യത്തിന്റെ ഫലമാണ്. പാർട്ടികൾ തങ്ങളുടെ രാഷ്ട്രീയം ജനങ്ങൾക്കുമുന്നിൽ പരിപാടിയായി അവതരിപ്പിക്കുന്നില്ല. പകരം, വോട്ടിനുവേണ്ടി ജനങ്ങളെ സമീപിക്കുകയാണ്. തങ്ങൾ ചെയ്യാനുദ്ദേശിക്കുന്ന സാമ്പത്തിക മാറ്റങ്ങളും പ്രവർത്തനങ്ങളും ഒരു രാഷ്ട്രീയപരിപാടിയിലൂടെ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കണം. ഇന്ന് അങ്ങനെയൊന്നില്ല. ഭരണം തുടരുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ബി.ജെ.പിയെ ഭരണത്തിൽനിന്ന് നിഷ്കാസിതമാക്കുകയാണ് മറ്റു പാർട്ടികളുടെ ലക്ഷ്യം. ഇതിന് ഓരോ പ്രദേശത്തും അനുയോജ്യമായ ധാരണകളുണ്ടാക്കുന്നു. ധാരണ അവസരവാദപരമായ ഒന്നാണ്, സന്ദർഭത്തിനനുസരിച്ചുള്ളത്, സ്ഥായീഭാവമില്ലാത്തത്. അതുകൊണ്ടുതന്നെ, ദേശീയ തലത്തിൽ ഒരു രാഷ്ട്രീയപരിപ്രേഷ്യം ഉരുത്തിരിഞ്ഞുവരുന്നില്ല.

രാഷ്ട്രീയം എന്നാൽ ഭരണം എന്ന വാക്കിലേക്ക് ചുരുങ്ങി. രണ്ടുകാര്യങ്ങളാണ് രാഷ്ട്രീയപാർട്ടികൾ മുന്നോട്ടുവക്കുന്നത്. സുസ്ഥിരഭരണവും സംശുദ്ധഭരണവും. ഇത് ഒരു പരിപാടിയല്ല. അടിച്ചമർത്തപ്പെട്ടവർക്കും അധഃസ്ഥിതർക്കും നിർധനർക്കും അനുകൂലമായ സാമൂഹിക പരിവർത്തനമോ സാമ്പത്തിക സമത്വത്തിൽ അധിഷ്ഠിതമായ നീതിവ്യവസ്ഥയോ ഇവ മുന്നോട്ടുവക്കുന്നില്ല.

സത്യത്തിൽ മൗലികവും ഘടനാപരവുമായ മാറ്റം കൊണ്ടുവരുന്നതിന് ജനാധിപത്യം അനുയോജ്യം തന്നെയല്ല, അത്തരം അസാധ്യതയാണ് ഇവിടെ അനാവൃതമാകുന്നത്. ഇത് കാലദേശഭേദമേന്യ ചരിത്രം തെളിയിച്ചിട്ടുള്ളതാണ്. ഇന്ത്യ ഇക്കാര്യത്തിൽ ഒരു അപവാദമല്ല. ഏതാണ്ടെല്ലാ ജനപ്രതിനിധിസഭകളും ധനികരുടെ പ്രതിനിധികളാണ്​. ഇന്ത്യൻ ജനാധിപത്യം വളരെ ചെലവേറിയതാണ്​. ഒരു ലോക്​സഭാ സീറ്റിൽ മൽസരിക്കാൻ എത്ര കോടി രൂപ വേണമെന്നോർക്കുക. കോടികൾ ആരുടെ കൈയിലാണുള്ളത്​? ധനികരുടെ കൈയിൽ. പാവപ്പെട്ടവർക്ക് അനുകൂലമായ ഒരു നയത്തിന് ധനികരുടെ പ്രതിനിധികളും വോട്ടുചെയ്യണം. അതുപക്ഷെ, അവർ ചെയ്യില്ല. ധനികരുടെ താൽപര്യത്തിന് വിരുദ്ധമായിട്ട് ധനികരുടെ പ്രതിനിധികൾ നിലപാട് എടുക്കില്ല സഭകളിൽ. ഉദാഹരണത്തിന്, സമ്പത്തിന്റെ തുല്യമായ വിതരണം നടക്കണം എന്നൊരു ബിൽ വരികയാണ് എന്നു കരുതുക. സ്വഭാവികമായും ധനികരെ പ്രതിനിധീകരിക്കുന്നവർ അതിനെ എതിർക്കും. ധനികരായ പ്രതിനിധികൾക്കുകൂടി അംഗീകരിക്കാവുന്ന മാറ്റങ്ങളേ ജനപ്രതിനിധിസഭകളിൽ കൊണ്ടുവരാൻ കഴിയൂ. അത് പാർലമെൻററി ജനാധിപത്യത്തിെൻറ പ്രത്യേകതയാണ്. സമ്പത്തിന്റെ പുനർവിതരണം പോലുള്ള മൗലിക മാറ്റങ്ങൾ പാർലമെൻററി ജനാധിപത്യത്തിലൂടെ കൊണ്ടുവരാൻ കഴിയില്ല.

നിർധനരായ സാമൂഹിക വിഭാഗങ്ങൾക്ക് സ്വത്തുടമസ്ഥതയും (ownership) സംരംഭകത്വവും (entrepreneurship) പാണ്ഡിത്യവും (scholarship) ആണ് ആവശ്യം. ഇവ പ്രായോഗികമാക്കാൻ പരിശ്രമിക്കണം. എന്നാൽ, ഈ മൂന്ന് അടിസ്ഥാനങ്ങളിൽനിന്ന് അടിച്ചമർത്തപ്പെടുന്ന വിഭാഗങ്ങൾ മാറ്റിനിർത്തപ്പെടുകയാണ്. സമ്പത്ത് നിയന്ത്രിക്കുന്നവരാണ് വിജ്ഞാനം നിയന്ത്രിക്കുന്നത്. വിജ്ഞാനവും സമ്പത്തും നിയന്ത്രിക്കുന്നവരാണ് അധികാരം കൈയാളുന്നത്. വിജ്ഞാനം, സമ്പത്ത്, അധികാരം എന്നീ ഘടകങ്ങളിൽനിന്ന് അന്യവൽക്കരിക്കപ്പെട്ട സാമൂഹിക വിഭാഗങ്ങളാണ് ഇന്ത്യയിൽ കൂടുതലും. അവർക്കാവശ്യമുള്ള രാഷ്ട്രീയം തന്നെ വ്യത്യസ്തമാണ്. ഇന്ത്യയിൽ ഒരു മൗലിക വൈരുദ്ധ്യമുണ്ട്; അത് സിവിൽ സമൂഹവും രാഷ്ട്രീയ സമൂഹവും തമ്മിലുള്ളതാണ്. സിവിൽ സമൂഹം ഒരു ഇലക്ട്രോണിക് സമൂഹമാണ്. സാേങ്കതികവിദ്യയുടെ വ്യാപക ഉപയോഗത്താൽ-

മൊബൈൽ ഫോൺ, ടി.വി സെറ്റ്, സമൂഹമാധ്യമം തുടങ്ങിയവ- രൂപപ്പെട്ട ഇലക്ട്രോണിക് സിവിൽ സമൂഹം മതേതരമായാണ് പ്രവർത്തിക്കുന്നത്. അതേസമയം, രാഷ്ട്രീയ സമൂഹം വർഗീയ ശക്തികളെ പോറ്റിവളർത്തുന്നു. വർഗീയത വളർത്തുന്ന ഒരു രാഷ്ട്രീയ സമൂഹവും മതേതരത്വം വളർത്തുന്ന ഒരു ഇലക്ട്രോണിക് സിവിൽ സമൂഹവുമാണ് ഇന്ത്യയിൽ നിലനിൽക്കുന്നത്. ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ ഉപയോഗവും കമ്പോളമൂല്യങ്ങളുടെ വ്യാപനവും മൂലം സിവിൽ സൊസൈറ്റിയിൽ ജാതി ക്ഷയിച്ചുകൊണ്ടിരിക്കുക മാത്രമല്ല, അത് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയുമാണ്. എന്നാൽ, രാഷ്ട്രീയ സമൂഹത്തിൽ ജാതിയും ജാതീയതും കൂടുതൽ പ്രസക്തവും പ്രധാനപ്പെട്ടതുമായിക്കൊണ്ടിരിക്കുകയുമാണ്. ഉയർന്ന ജാതിക്കാരായ രാഷ്ട്രീയനേതാക്കൾ സ്വന്തം താൽപര്യത്തിന് ജാതി ഉപയോഗപ്പെടുത്തുന്നു. രാഷ്ട്രീയം അപ്രസക്തമാകുന്നതിെൻറ ലക്ഷണങ്ങൾ. ഈ വൈരുധ്യമായിരിക്കണം ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട ചിന്താവിഷയം.

സ്ഥലകാലശക്തികൾക്ക് ചിന്തയെയും ധൈഷണിക അന്വേഷണത്തെയും നിയന്ത്രണവിധേയമാക്കാൻ കഴിയുന്ന ഒരു സാമൂഹികാവസ്ഥക്ക് പുരോഗമിക്കാനാകില്ല.

ഏതു സമൂഹവും മുന്നോട്ടുപോകുന്നത്, വ്യക്തികൾക്ക് പരമപ്രാധാന്യം നൽകിയാണ്. സ്ഥലകാലപരിമിതികളെ ലംഘിച്ചാണ് വ്യക്തികൾ ചിന്തിക്കുന്നത്. ഭരണകൂടം എന്നാണ് നമ്മൾ പൊതുവെ പറയാറുള്ളത് എങ്കിലും സാധാരണക്കാരെ സംബന്ധിച്ച് ദൈനംദിന ജീവിതത്തിൽ പ്രസക്തം സർക്കാറാണ്. മറ്റു ഘടകങ്ങൾ പിന്നീടേ വരൂ. സർക്കാറാണെങ്കിൽ, സമ്പന്നരുടെയും ശക്തരുടെയും എക്സിക്യൂട്ടീവ് കമ്മിറ്റിയാണ്. അത് അത്തരക്കാരുടെ താൽപര്യം സംരക്ഷിക്കാനുള്ള സംവിധാനമാണ്. ഇവിടെ, രാഷ്ട്രീയപാർട്ടികൾ പറയുന്ന സാമൂഹികനീതി, സാമൂഹികതാൽപര്യം എന്നീ ആശയങ്ങൾക്ക് അർഥമില്ലാതാകുന്നു. മാത്രമല്ല, സാമൂഹിക താൽപര്യം എന്നുപറയുന്ന ഒരു താൽപര്യമില്ല. താൽപര്യം മൂർത്തമായ രീതിയിലുള്ളത് വ്യക്തികൾക്കാണ്. നീതി എന്നു പറയുന്നത് വ്യക്തിക്ക് കിട്ടുന്ന നീതിയാണ്.

രണ്ടാംലോകമഹായുദ്ധത്തിനുശേഷം ഉയർന്നുവന്ന ജനാധിപത്യം, വികസനം, മനുഷ്യാവകാശം എന്നീ ആശയങ്ങൾ കേന്ദ്രീകരിച്ചാണ് പിന്നീട് ചിന്താ- സാമ്പത്തിക പ്രവർത്തനങ്ങൾ രൂപീകരിക്കപ്പെട്ടത്. ഇതിൽ, മനുഷ്യാവകാശം ഏറ്റവും ഉയർന്നതാണ്. മനുഷ്യാവകാശം വിഭജിക്കപ്പെടാനോ അന്യവൽക്കരിക്കപ്പെടാനോ പാടില്ലാത്തതാണ്. വ്യക്തിയിൽനിന്ന് മനുഷ്യാവകാശം എടുത്തുകളയരുത്. അത് ധ്വംസിക്കപ്പെടരുത്. ഇത് എല്ലാ സമൂഹങ്ങളും അംഗീകരിച്ചിട്ടുണ്ട്. ഒരു ലിബറൽ ഭരണഘടനയായ ഇന്ത്യൻ ഭരണഘടനയും ഇതാണ് അംഗീകരിച്ചിരിക്കുന്നത്. അതിൽ വ്യക്തിക്കാണ് പ്രാധാന്യം. പൗരന്റെ മൗലികാവകാശം നിഷേധിക്കാനോ ധ്വംസിക്കാനോ ഭരണകൂടത്തിന് അനുവാദമില്ല. പൗര​ന്റെ മൗലികാവകാശങ്ങൾ എന്നൊക്കെ നിഷേധിക്കപ്പെട്ടിട്ടുണ്ടോ അപ്പോഴെല്ലാം നീതിന്യായവ്യവസ്ഥ ഇടപെട്ടിട്ടുണ്ട്. ഇന്ത്യയിൽ നീതിന്യായ വ്യവസ്ഥ ഭരണഘടനയുടെ സൂക്ഷിപ്പിനുള്ള ശക്തിയാണ്. സുപ്രീംകോടതി ഭരണഘടനയുടെ മൗലികഘടന സംരക്ഷിക്കാനുള്ള സ്ഥാപനമാണ്. വ്യക്തിക്കാണ്, വ്യക്തിയുടെ സ്വാതന്ത്ര്യത്തിനാണ് ഇന്ത്യയിലും പ്രാധാന്യം. ഇത് അത്യന്താപേക്ഷിതമാണ്. കാരണം, വ്യക്തിയാണ് ചിന്തിക്കുന്നത്. ഈ ചിന്തയാണ് വികസനത്തിന്റെ സാമ്പത്തിക വളർച്ചയുടെ ചാലകശക്തി.

മാർക്സ് പറഞ്ഞത് എന്താണ്? ഉൽപാദകശക്തികൾ വികസിച്ചുകൊണ്ടിരിക്കും, കാരണം മനുഷ്യ​ന്റെ ധൈഷണിക കഴിവ് വളർന്നുകൊണ്ടിരിക്കും. ഇതിനെ മാർക്സ് വിശേഷിപ്പിച്ചത് ഹ്യൂമൻ ഫാക്കൽറ്റീസ് എന്നാണ്. മറികടക്കാനുള്ള അതിന്ദ്രീയശേഷി മനുഷ്യനാണുള്ളത്. സ്ഥലകാലസീമകളെ ഭേദിച്ച് ഉയർന്നൊരുതലത്തിലേക്ക് ധൈഷണികമായും ഭാവനാപരമായും സഞ്ചരിക്കാൻ കഴിയുക മനുഷ്യനാണ്. വികസിച്ചുകൊണ്ടിരിക്കുന്ന ധൈഷണികശക്തിയും വിജ്ഞാനവും വിഭവങ്ങളിൽ പ്രയോഗിക്കുേമ്പാൾ- ഇതിനെ ആധുനികലോകം പറയുന്നത് സാേങ്കതിക വിദ്യ എന്നാണ്- വിജ്ഞാനം വിഭവങ്ങളിൽ പ്രയോഗിച്ച് ഉൽപാദനം നടത്തുേമ്പാൾ ഉൽപാദനക്ഷമത വർധിക്കുന്നു. അതിന്റെ ഫലമായി സാമ്പത്തിക പുരോഗതി അനുസ്യൂതം തുടരും.

വ്യവസായ വിപ്ലവ കാലത്ത് ലാഭം കൂടുതൽ കിട്ടിയ മുതലാളിമാർ, തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിച്ച് മൂല്യമുണ്ടാക്കുകയും മിച്ചമൂല്യമുണ്ടാക്കുകയുമാണ് ചെയ്തിട്ടുള്ളത്. എന്നാൽ, ഇന്ന് മൂല്യത്തിന്റെ ഉറവിടം കായികാധ്വാനമല്ല. ഇന്ന് കൂടുതൽ ലാഭം കിട്ടാൻ മുതലാളി ഉപയോഗിക്കുന്നത് ഏറ്റവും നല്ല യന്ത്രമാണ്. അതിൽ അന്തർലീനമായിട്ടുള്ളത് ഹ്യൂമൻ ഫാക്കൽറ്റീസാണ്. കായികാധ്വാനം ചെയ്യുന്നവർക്ക് അവരുടെ ഹ്യൂമൺ ഫാക്കൽറ്റീസ് വികസിപ്പിക്കാൻ അവസരം കിട്ടുന്നില്ല. കഠിനാധ്വാനമാണ് പുരോഗതിയുടെ നിദാനമെന്നു പറയുന്നത് പരമ അബദ്ധമാണ്. മനുഷ്യനേക്കാൾ കഠിനാധ്വാനം ചെയ്യുന്നവയാണ് കഴുതകൾ. പക്ഷെ, കഴുതകളല്ല ഏറ്റവും പുരോഗമിച്ചിട്ടുള്ള ജീവികൾ. ഏറ്റവും കൂടുതൽ കായികാധ്വാനം ചരിത്രത്തിൽ ചെയ്തിട്ടുള്ളത്, കറുത്തവരായ അടിമകളായിരുന്നു. അമേരിക്ക പോലുള്ള, യൂറോപ്യൻ രാജ്യങ്ങളിലും മെഡിറ്ററേനിയൻ പ്രദേശങ്ങളിലും. ഇന്ത്യയിൽ, ദളിതരാണ് ഏറ്റവും കൂടുതൽ കായികാധ്വാനം ചെയ്തിട്ടുള്ളത്. ഇത് അവരുടെ ദൈനംദിന ജീവിതത്തിനുള്ള ഉപജീവനം നൽകിയിരുന്നില്ല. ഇവർ പുരോഗമിക്കാതിരുന്നത് കഠിനാധ്വാനം ചെയ്യാത്തതുകൊണ്ടല്ല. കഠിനാധ്വാനം ചെയ്യരുത് എന്നാണ് ഞാൻ പുതിയ തലമുറയിലെ വിദ്യാർഥികളോട് പറയാറ്. dont do hardwork, do productive and creative work. ഉൽപാദനക്ഷമമായ മേഖലകളിലേക്ക് നീങ്ങണം, അതിന് കഴിയണമെങ്കിൽ മനുഷ്യർക്ക് ദൈനംദിന ആവശ്യം നിറവേറ്റിക്കഴിഞ്ഞ് വിശ്രമസമയം വേണം. ദളിതർക്ക് വായിക്കാനും ചിന്തിക്കാനും സമയം കിട്ടിയിരുന്നില്ല. അതുകൊണ്ടാണ്, അവരിൽ നിന്ന് അത്തരമൊരു വിഭാഗം ഉയർന്നുവരാതിരുന്നത്. ദളിതർ ഒരിക്കലും സാമൂഹികമായി സ്വതന്ത്രാരായിരുന്നില്ല. മൂർത്തമായ പ്രയോഗാർഥത്തിൽ സ്വാതന്ത്ര്യത്തെ നിർവചിച്ചത് ഹെഗലാണ്; സ്വത്താണ് സ്വാതന്ത്ര്യം. ഈ സ്വാത്രന്ത്ര്യം കിട്ടാത്തവർക്ക് ഹ്യൂമൻ ഫാക്കൽറ്റീസ് വളർത്താൻ അവസരം കിട്ടുന്നില്ല. പാണ്ഡിത്യവും ധൈഷണിക പുരോഗതിയും കൈവരിച്ചവർക്കുമാത്രമേ ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഉയരത്തിലെത്താൻ കഴിയൂ.

വ്യവസായ വിപ്ലവ കാലത്ത് ലാഭം കൂടുതൽ കിട്ടിയ മുതലാളിമാർ, തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിച്ച് മൂല്യമുണ്ടാക്കുകയും മിച്ചമൂല്യമുണ്ടാക്കുകയുമാണ് ചെയ്തിട്ടുള്ളത്. എന്നാൽ, ഇന്ന് മൂല്യത്തിന്റെ ഉറവിടം കായികാധ്വാനമല്ല. ഇന്ന് കൂടുതൽ ലാഭം കിട്ടാൻ മുതലാളി ഉപയോഗിക്കുന്നത് ഏറ്റവും നല്ല യന്ത്രമാണ്.
വ്യവസായ വിപ്ലവ കാലത്ത് ലാഭം കൂടുതൽ കിട്ടിയ മുതലാളിമാർ, തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിച്ച് മൂല്യമുണ്ടാക്കുകയും മിച്ചമൂല്യമുണ്ടാക്കുകയുമാണ് ചെയ്തിട്ടുള്ളത്. എന്നാൽ, ഇന്ന് മൂല്യത്തിന്റെ ഉറവിടം കായികാധ്വാനമല്ല. ഇന്ന് കൂടുതൽ ലാഭം കിട്ടാൻ മുതലാളി ഉപയോഗിക്കുന്നത് ഏറ്റവും നല്ല യന്ത്രമാണ്.

ഇവിടെ പ്രസക്തമായ രണ്ടു കാര്യങ്ങളുണ്ട്; രാഷ്ട്രീയവും മതവും. മനുഷ്യന്റെ ചിന്താശക്തിയെയും സാമൂഹിക ജീവിതത്തെയും ബലപ്പെടുത്തുന്ന രണ്ട് ശക്തികളായാണ് ഇവ വിശദീകരിക്കപ്പെടാറ്. എന്നാൽ, ഈ രണ്ടുകാര്യങ്ങളും മനുഷ്യപുരോഗതിക്ക് ഒരുകാലത്തും ഒരു സംഭാവനയും നൽകിയിട്ടില്ല. മനുഷ്യസംസ്കാരം വളർന്നിട്ടുള്ളത്, വ്യക്തിയുടെ ധൈഷണിക പ്രവർത്തനത്തിെൻറ ഫലമായാണ്. മതത്തിലും രാഷ്ട്രീയത്തിലുമുള്ളവർ സാമൂഹികമായി പ്രയോജനമുള്ള ഒരു കാര്യവും ചെയ്യാതെ പ്രവർത്തിക്കുന്നവരുടെ അധ്വാനഫലം ചൂഷണം ചെയ്ത് ജീവിക്കുന്നവരാണ്. മാർക്സ് തന്നെ പറഞ്ഞിട്ടുണ്ട്, politics does not contribute anything to production. കമ്പ്യൂട്ടർ എടുത്തുനോക്കുക. അത് പ്രാർഥനയുടെയോ ധ്യാനത്തിെൻറയോ ഫലമായി ഉണ്ടായതല്ല. ടി.വിയോ​മൊബൈൽഫോണോ ഒന്നും മുദ്രാവാക്യങ്ങളുയർത്തിയതുകൊണ്ടോ സമരം ചെയ്തതുകൊണ്ടോ ഉണ്ടായതല്ല. മനുഷ്യന്റെ ധൈഷണിക അന്വേഷണത്തിന്റെ ഫലമായി ഉണ്ടായതാണ്. ഇത്തരത്തിലുള്ള യന്ത്രങ്ങളിൽ ഹ്യൂമൻ ഫാക്കൽറ്റീസ് നിക്ഷേപിച്ചിരിക്കുന്നു എന്ന് മാർക്സ് പറയുന്നു.

ഇവിടെ, മതവും രാഷ്ട്രീയവും മനുഷ്യന് എന്ത് സംഭാവന ചെയ്തു എന്നത് ചർച്ച ചെയ്യപ്പെടണം. കരിയർ രാഷ്ട്രീയം കൊണ്ടുള്ള പ്രയോജനമെന്ത്?

സമൂഹത്തിലെ അടിച്ചമർത്തപ്പെട്ട, ദുർബലരായ ജനവിഭാഗത്തെ സംബന്ധിച്ച് അവരുടെ കഴിവിനനുസരിച്ച് ഉൽപാദിപ്പിക്കാനും ആ കഴിവ് അളക്കാനുമുള്ള അവസരം കിട്ടിയില്ല. അതുകൊണ്ടുതന്നെ അവർക്ക് ആവശ്യാനുസരണം ഉപഭോഗം നടത്താനും കഴിഞ്ഞില്ല. ഇവിടെ പ്രസക്തമായി വരുന്ന കാര്യം അധികാരവും ശക്തിയുമാണ്. രാഷ്ട്രീയപാർട്ടികൾ ഉന്നംവെക്കുന്നത് അധികാരത്തെയാണ്. കുറച്ച് വ്യക്തികളുടെ അധികാരം. പാർട്ടികളിലുള്ളത് രാഷ്ട്രീയ യജമാനന്മാരും രാഷ്ട്രീയ തൊഴിലാളികളുമാണ്. രാഷ്ട്രീയ യജമാനന്മാർ സമ്പന്നരും സവർണരുമാണ്. കാതലായ ചോദ്യം, കുറച്ചുപേരുടെ അധികാരവൽക്കരണമാണോ നടക്കേണ്ടത് അതോ മൊത്തം ജനതയുടെ ശാക്തീകരണമാണോ? അധികാരവൽക്കരണം ശാക്തീകരണമല്ല. ശാക്തീകരണം എന്നാൽ, സാമ്പത്തികമായ ശാക്തീകരണമാണ്. സമ്പത്താണ് സ്വാതന്ത്ര്യം, ശക്തി.

ഈ സാഹചര്യത്തിൽ ബർണാഡ് ഷായുടെ ‘He who can, does; he who cannot, teaches’ എന്ന വാചകം ഇങ്ങനെ മാറ്റിപ്പറയേണ്ടിവരും: they who can do business and industry, they who cannot join politics or religion. ഇവിടെ വളരെ മൂർത്തമായി വരുന്ന കാര്യം പാണ്ഡിത്യമാണ്. ഇവിടെയാണ് വ്യക്തിസ്വാതന്ത്ര്യത്തിന്റെ കാര്യം എടുത്തുപറയേണ്ടത്. വ്യക്തിയെക്കുറിച്ച് പറയുേമ്പാൾ, വ്യക്തിയും ഭരണകൂടവും തമ്മിലുള്ള ബന്ധം. ഭരണകൂടത്താൽ നിയന്ത്രിക്കപ്പെടുന്ന വ്യക്തി എന്നത് മാർക്സിെൻറ ഭാവനയിൽ ഉണ്ടായിരുന്നില്ല. മാർക്സിന്റെ ചിന്താപദ്ധതി അതിന് വിരുദ്ധമായിരുന്നു. ഭരണകൂടത്തിന് പ്രാധാന്യം നൽകിയത് ലെനിനാണ്. ആ അമിത പ്രാധാന്യം ശരിയായിരുന്നില്ല. ഭരണകൂടം ഒരു അപ്രമാദശക്തിയായി വരിക. ഇവിടെ കാതലായ ചോദ്യം, ഭരണകൂടം എന്നത് വ്യക്തിക്കു മീതെയാണോ? അത് വ്യക്തിയെ നിയന്ത്രിക്കേണ്ടതുണ്ടോ? സർക്കാറിന് വ്യക്തിയെ നിയന്ത്രിക്കാൻ എന്ത് അവകാശമാണുള്ളത്? വ്യക്തിയാണ് സർക്കാറിനേക്കാളും മീതെ. മനുഷ്യാവകാശപ്രഖ്യാപനമനുസരിച്ചും ഇന്ത്യൻ ഭരണഘടനയനുസരിച്ചും വ്യക്തി സർക്കാറിന് മീതെയാണ്. സർക്കാറിന് നിയന്ത്രിക്കാൻ പറ്റാത്ത ഒരു പ്രതിഭാസമാണ് വ്യക്തി. വ്യക്തി ചിന്തിക്കുന്നു, പാണ്ഡിത്യമുണ്ടാക്കുന്നു, ആ പാണ്ഡിത്യവും ചിന്തയുമാണ് സാമ്പത്തികമായ പുരോഗതിയുണ്ടാക്കുന്നത്. ഇവിടെ ചോദ്യം രാഷ്ട്രീയം ആവശ്യമാണോ? രാഷ്ട്രീയമായ ഒരു ഭരണകൂടം അനിവാര്യമാണോ?

വ്യക്തിക്കുമീതെ ഒരു ഭരണകൂടം. ഇത് ഒരു രാഷ്ട്രീയ ഭരണകൂടം ആകുന്നത് എന്തിനാണ്? ഇത് സാമൂഹികമായ ഭരണകൂടമായിക്കൂടേ? സാമ്പത്തിക ഭരണകൂടമായിക്കൂടേ? കരിയർ രാഷ്ട്രീയത്തിന്റെ, അതായത് രാഷ്ട്രീയം ജീവിതമാർഗമായി സ്വീകരിച്ചിരിക്കുന്ന സമൂഹത്തിന്റെ ആവശ്യമുണ്ടോ? രാഷ്ട്രീയം മരിച്ചുകഴിഞ്ഞു. രാഷ്ട്രീയാനന്തര സന്ദർഭത്തിലാണ് നാം ജീവിക്കുന്നത്. രാഷ്ട്രീയത്തിന് ബദലില്ല എന്ന് ചിന്തിക്കുന്നത് വികലവും വക്രവുമാണ്. പ്രത്യയശാസ്ത്രനിരപേക്ഷമായ രാഷ്ട്രീയം കൊണ്ട് ചില വ്യക്തികൾക്ക് പ്രയോജനമുണ്ട്. ജനങ്ങൾക്ക് ഒന്നും ലഭിക്കുന്നുമില്ല. കാരണം, വ്യക്തി ഭരണകൂടത്തിന് അതീതമാകുന്ന ഒരു സാമൂഹികപ്രക്രിയയിലേ സമൂഹത്തിെൻറ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുന്നുള്ളൂ.

വ്യക്തിസ്വാതന്ത്ര്യം എന്നാൽ നിയമരാഹിത്യം എന്ന് അർഥമില്ല. അത് മിഥ്യാധാരണയാണ്. വ്യക്തിക്ക് സ്വാതന്ത്ര്യം ലഭിച്ചാൽ അത് അരാചകത്വമുണ്ടാക്കും എന്നുപറയുന്നത് തെറ്റാണ്. വ്യക്തിസ്വാതന്ത്ര്യമുള്ള സമൂഹങ്ങളിൽ അരാചകത്വം ഉണ്ടായിട്ടില്ല. ആണെങ്കിൽ തന്നെ, സ്വതന്ത്രമായ ചിന്ത വളരുന്നതിന് കുറച്ചൊരു അരാജകത്വം ആവശ്യമാണ്. വളരെയധികം നിയന്ത്രണങ്ങളുള്ള, അച്ചടക്കത്തോടുകൂടിയ സമൂഹത്തിൽ സ്വതന്ത്രചിന്ത വളരില്ല, മനുഷ്യഭാവന വികസിക്കില്ല. അതുകൊണ്ടാണ്, പലയിടത്തും സ്വാതന്ത്ര്യം വേണം എന്നു പറയുന്നത്, വിദ്യാലയങ്ങളിൽ സ്വാതന്ത്ര്യം വേണം, അവിടെ കരിയർ രാഷ്ട്രീയക്കാർ കടന്നുചെല്ലരുത്. പത്രപ്രവർത്തനരംഗത്ത് സ്വാതന്ത്ര്യം വേണം, അവരുടെ ചിന്തയെ നിയന്ത്രിക്കാൻ പാടില്ല. കലാകാരന്മാർക്ക് നിയന്ത്രണം പാടില്ല. ഈ മേഖലകളെല്ലാം ഭരണത്തിന് പുറത്തായിരിക്കണം. അപ്പോൾ ചോദ്യമുണ്ട്. നിയമവാഴ്ച? നിയമവാഴ്ച എന്നു പറയുന്നത് വ്യക്തിയെ നിയന്ത്രിക്കാനുള്ളതല്ല, വ്യക്തിസ്വാതന്ത്ര്യം ഉറപ്പുവരുത്താനും പ്രമോട്ടുചെയ്യാനുമുള്ളതാണ്. വ്യക്തിയാണ് ഉന്നതൻ, സർക്കാറല്ല. വ്യക്തിസ്വാതന്ത്ര്യമാണ് ഉദാത്തവും പരമോന്നതവും.

ഇന്ത്യൻ രാഷ്ട്രീയം സമൂഹത്തെ മതേതരമാക്കാൻ ശ്രമിച്ചിട്ടില്ല. അത് മതേതരമാകണെമങ്കിൽ സമൂഹത്തിൽ വ്യക്തിവൽക്കരണം നടക്കണം. രാഷ്ട്രീയപാർട്ടികൾ പ്രമോട്ട് ചെയ്യുന്നത് ജാതി സംഘടനകളെയാണ്. ക്രിസ്ത്യാനികളുടെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നം വത്തിക്കാനിലാണ് തീരുമാനിക്കേണ്ടത് എന്നുപറയുമ്പോള്‍ രാഷ്ട്രീയക്കാര്‍ അതിനെ എതിര്‍ക്കുന്നില്ലല്ലോ. അല്ലെങ്കില്‍ മദ്യനയം മതപുരോഹിതന്മാരുമായി ചര്‍ച്ച ചെയ്യും എന്ന് എന്തിനാണ് മന്ത്രി പറയുന്നത്? മതേതതര്വം എന്നു പറഞ്ഞാല്‍ ഭരണകൂടത്തെ മതത്തില്‍നിന്ന് വേര്‍തിരിക്കുന്ന പ്രക്രിയയാണ്. മതേതതരത്വത്തിലാണ് ഈ പറഞ്ഞ മന്ത്രി കത്തിവച്ചത്. മതവും രാഷ്ട്രീയവും മനുഷ്യരാശിയുടെ മുന്നോട്ടുള്ള പോക്കിനെ തടസപ്പെടുത്തുന്ന രണ്ട് ശക്തികളാണ്. ഈ രണ്ടു രംഗത്തും നിരവധി പേര്‍ പ്രവര്‍ത്തിക്കുന്നു. ഇവര്‍ ജീവിക്കുന്നത് ജോലി ചെയ്യുന്നവരുടെ അധ്വാനഭാരം ഉപയോഗിച്ചാണ്. രാഷ്ട്രീയക്കാരും മതവിശ്വാസികളും സമൂഹത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് ഒരു സംഭാവനയും ചെയ്യുന്നില്ല. പല സംസ്ഥാനങ്ങളിലും രാഷ്ട്രീയവും മതവും ഒരുമിച്ചുവരുന്ന കാഴ്ചയാണ്.

രാഷ്ട്രീയത്തില്‍ സംവാദം അപ്രത്യക്ഷമാകുന്നു. ഡെമോക്രസിയെ സൃഷ്ടിക്കുന്നത് മൂന്ന് ‘ഡി’കളാണ്, ഡിസ്കഷന്‍ (ചര്‍ച്ച), ഡിബേറ്റ് (സംവാദം), ഡിസെന്‍റ് (വിയോജിപ്പ്). സംവാദത്തിനുള്ള സ്പേസ് രാഷ്ട്രീയത്തില്‍ അപ്രത്യക്ഷമാകുകയാണ്. അനുസരണയുള്ളവരെയാണ് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ആവശ്യം. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുമ്പോള്‍ inability ഒരു ഘടകമാകുന്നു. അതുകൊണ്ടാണ് സിനിമാതാരങ്ങളെ സ്ഥാനാര്‍ഥികളാക്കുന്നത്. അവര്‍ രാഷ്ട്രീയത്തിലേക്കല്ല നിയമസഭയിലേക്കും പാര്‍ലമെന്‍റിലേക്കുമാണ് പോകുന്നത്. ഒരു സിനിമാതാരം ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയം പ്രവര്‍ത്തിക്കുന്നില്ല. സമരം നയിക്കുന്നില്ല, പൊലീസി​െൻറ അടി കൊള്ളുന്നില്ല. inability ഒരു മാനദണ്ഡമാക്കി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുമ്പോള്‍ അവിടെ രാഷ്ട്രീയം നിലയ്ക്കുകയാണ് ചെയ്യുന്നത്.

മഹാസഭകളും ജാതി കേന്ദ്രീകൃതമായ വികസന ക്ഷേമ സമിതികളും- ഫ്യൂഡൽ ആശയങ്ങളാണ്, വിഭാഗീയത സൃഷ്ടിക്കുന്നവയാണ്. ആവശ്യം സാമ്പത്തിക സ്വാതന്ത്ര്യമാണ്, അതിലൂടെ വ്യക്തിവൽക്കരണമാണ്. ഇവിടെ പാർശ്വവൽക്കരിക്കപ്പെട്ട സാമൂഹിക വിഭാഗങ്ങൾ മനസ്സിലാക്കേണ്ട കാര്യമുണ്ട്: പ്രത്യേക വികസനപദ്ധതികളിലൂടെയും ക്ഷേമപ്രവർത്തനങ്ങളിലൂടെയും അവരെ കൂടുതൽ പാർശ്വവൽക്കരിക്കുകയാണ് രാഷ്ട്രീയപാർട്ടികൾ ചെയ്യുന്നത്. പാർശ്വവൽകൃത- അധഃകൃത സമൂഹങ്ങൾ അർഹിക്കുന്നത് പ്രത്യേക പരിഗണനയല്ല, തുല്യപരിഗണനയാണ്. അവർക്ക് സമ്പത്തിൽ തുല്യമായ അവകാശം വേണം. എന്നാൽ, പ്രത്യേക പരിഗണന നൽകി അവരെ മാറ്റിനിർത്തുകയാണ് ചെയ്യുന്നത്. ഉദാഹരണത്തിന് സംവരണം. സംവരണം ഒരു വിഷയമായി നിൽക്കുന്നത് എവിടെയാണ്? മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്നു. ഇത് വൈകാരിക വിഷയമാണ്. ചില രാഷ്ട്രീയപാർട്ടികൾക്ക് വോട്ടുപിടിക്കാൻ ഇത് സഹായകമാകുന്നു. എന്നാൽ, എന്തുകൊണ്ട്, മുന്നാക്കവിഭാഗങ്ങളിലും മറ്റു വിഭാഗങ്ങളിലും സമ്പത്തിെൻറ പുനർവിതരണത്തിലൂടെ പാവപ്പെട്ടവരെ ഇല്ലാതാക്കാനുള്ള പരിപാടികൾ രാഷ്ട്രീയപാർട്ടികൾ ആവിഷ്കരിക്കുന്നില്ല? സംവരണം വളരെ വികാരഭരിതമായ ഒരു കാര്യമായതുകൊണ്ട് അതിലൂടെ എളുപ്പം ജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്നു. ഇത് ജാതീയ ഗൂഢാേലാചനയാണെന്ന് പാർശ്വവൽക്കരിക്കപ്പെട്ടവർ മനസ്സിലാക്കണം. അങ്ങനെ വരുേമ്പാൾ അവർ സംവരണ മണ്ഡലങ്ങളിൽ ഒതുങ്ങിനിൽക്കരുത്. പൊതുമണ്ഡലങ്ങളിൽ മൽസരിച്ച് തോൽക്കുന്നെങ്കിൽ തോൽക്കെട്ട. പരാജയം മോശം കാര്യമല്ല, അത് ദുർബലനുള്ളതാണ്, വിജയം ശക്തനുള്ളതാണ്. തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളല്ല ഇവിടുത്തെ പ്രശ്നം, ശക്തിയുള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസമാണ് പ്രശ്നം. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ നോക്കേണ്ടത്, തങ്ങൾ എന്തുനേടി എന്നതല്ല, മറിച്ച്, തങ്ങൾ എവിടെനിന്നുവന്നു? ഇന്നലെവരെ തങ്ങളെ അടിച്ചമർത്തിയ വിഭാഗങ്ങൾക്ക് ഇന്നും അതിനുള്ള സ്വാതന്ത്ര്യവും അവകാശവും നൽകണ്ടേതുണ്ടോ?

നമ്മുടെ സമൂഹത്തിൽ നടക്കുന്നതിനെക്കുറിച്ച് ദുർബലർ മനസ്സിലാക്കണം. ചിലർക്ക് അവർ അർഹിക്കുന്നത് ലഭിക്കുന്നു. ചിലർക്ക് അർഹിക്കുന്നത് നിഷേധിക്കപ്പെടുന്നു. ചിലർക്ക് അവർ അർഹിക്കാത്തത് ലഭിക്കുന്നു. മൂന്നാമത്തേത് അധാർമികമാണ്. അർഹിക്കാത്തത് സ്വന്തമാക്കാൻ ശ്രമിക്കരുത്. രണ്ടാമത്തേത്, നിഷേധത്തോടുകൂടി, ധിക്കാരപരമായി സ്വീകരിക്കേണ്ട കാര്യമാണ്. ഒരു സമൂഹത്തിൽ മാറ്റം കൊണ്ടുവരുന്നത് അനുസരണശീലമുള്ള, മാന്യതയുള്ള വ്യക്തികളല്ല, ധിക്കാരികളും നിഷേധികളുമാണ്. അംബേദ്കർ ഒരു നിഷേധിയായിരുന്നു, ധിക്കാരിയായിരുന്നു. നിലവിലുള്ള സാമൂഹിക വ്യവസ്ഥയെ നിഷേധിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് വിമോചകനാകാൻ കഴിഞ്ഞത്. അർഹിക്കുന്നത് നിഷേധിക്കപ്പെടുേമ്പാൾ അതിൽനിന്നൊരു അഹങ്കാരം വളർത്തിയെടുക്കണം. ആനുകൂല്യം പറ്റി മുന്നോട്ടുപോകാൻ ദുർബലവിഭാഗങ്ങൾ ആഗ്രഹിക്കരുത്. ആനുകൂല്യം ശക്തൻ അശക്തന് നൽകുന്ന ഒൗദാര്യമാണ്. ശക്തന്റെ ഔദാര്യം സ്വീകരിക്കുന്നത് അശക്തനെ സംബന്ധിച്ച് അധാർമികമാണ്. അടിമമനോഭാവമുള്ളയാളെ എല്ലാവരും ഇഷ്ടപ്പെടും. ബുദ്ധിമാനും ധൈര്യവാനുമാകുേമ്പാൾ അടിച്ചമർത്തപ്പെട്ടവർ നിങ്ങളെ അംഗീകരിക്കും. ഒരു അടിമയും വിധേയനുമാകൂ, അടിച്ചമർത്തുന്നവർ, ഭരണാധികാരികൾ നിങ്ങളെ അംഗീകരിക്കും. വിനീതർക്കും വിധേയർക്കും ലഭിക്കുന്ന പ്രതിഫലമാണ് പദവികളും ബഹുമതികളും.

ഭരണാധികാരികൾ ചെയ്യുന്നത്, പൊതുഖജനാവിലെ പണം ഉപയോഗിച്ച് പ്രതിമകൾ സ്ഥാപിക്കുകയും സ്വന്തം ജാതിസംഘടനകൾക്ക് പൊതുഖജനാവിലെ പണം ഉദാരമായി നൽകുകയുമാണ്. ചില ഭരണാധികാരികൾ ഉൗറ്റം കൊള്ളുന്നത്, തങ്ങൾ ലോകത്തിലെ ഏറ്റവും വലിയ പ്രതിമ സ്ഥാപിച്ചു എന്നാണ്. ഇങ്ങനെ പൊതുഖജനാവിലെ പണം ഉപയോഗിക്കുന്ന വ്യക്തികൾ അപകടകരമായ സന്ദേശമാണ് സമൂഹത്തിലേക്ക് അയക്കുന്നത്. പൊതുഖജനാവിലെ പണം ഉപയോഗിക്കേണ്ടത് ഒരു ബജറ്റ് അവതരിപ്പിച്ച്, അതിന് ജനങ്ങളുടെ അംഗീകാരം വാങ്ങിയശേഷമാകണം. താത്വികമായി, സർക്കാറിന് ഖജനാവിലെ പണം ഉപയോഗിക്കാൻ ജനങ്ങളുടെ അനുവാദം വേണം, കാരണം, ജനങ്ങളുടെ പണമാണ് ഖജനാവിേലക്ക് ഒഴുകുന്നത്. ജനങ്ങൾക്കുവേണ്ടിയാകണം അത് മൊത്തത്തിൽ ചെലവഴിക്കേണ്ടത്. ഏതെങ്കിലും ജാതിസംഘടനകൾക്കോ ഏതെങ്കിലും വ്യക്തികൾക്കോ ഇൗ പണം കൊടുക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. പൊതുഖജനാവിലെ പണം ഇഷ്ടം പോലെ ചെലവഴിക്കാൻ ഭരണാധികാരികൾക്ക് വിവേചനാധികാരം നൽകരുത്. കൊടുക്കാം, ചില സന്ദർഭങ്ങളിൽ, ഏതെങ്കിലും അടിയന്തര സന്ദർഭങ്ങളിൽ. അങ്ങനെ ചെലവഴിക്കേണ്ടിവരുേമ്പാൾ പോലും കൂട്ടായ തീരുമാനത്തിെൻറ അടിസ്ഥാനത്തിലാകണം.

വളരെയധികം സമ്പത്ത് ഇന്ത്യയിലുണ്ട്. അത് ചെലവഴിക്കുന്നത് ഇത്തരം കാര്യങ്ങൾക്കാണ്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും തെരഞ്ഞെടുപ്പ് പ്രചാരണത്തിലും മറ്റും വ്യാപൃതരാകാൻ പാടില്ലാത്തതാണ്. അവർ ഭരണത്തിൽ കേന്ദ്രീകരിക്കണം. പൊതുഖജനാവിൽനിന്ന് പണമെടുത്ത് രാഷ്ട്രീയപ്രവർത്തനം നടത്തുന്നത് തെറ്റാണ്. തെരഞ്ഞെടുപ്പുപ്രചാരണം രാഷ്ട്രീയപാർട്ടികളാണ് നടത്തേണ്ടത്. പൊതുപണം ദുർവിനിയോഗം ചെയ്യാൻ അധികാരികളെ അനുവദിക്കരുത്. ഇതിന് സ്വയംനിയന്ത്രണത്തിന് അവർ വിധയേരാകുന്നില്ലെങ്കിൽ അവരെ നിയന്ത്രിക്കാൻ നിയമം ഉണ്ടെങ്കിൽ അത് നടപ്പാക്കണം. അല്ലെങ്കിൽ നിയമം ഉണ്ടാക്കണം. പൊതുപണം ഉപയോഗിച്ച് രാഷ്ട്രീയം കളിക്കരുത്. യഥാർഥത്തിൽ, തെരഞ്ഞെടുപ്പിന് വലിയ കോലാഹലം കാണിക്കേണ്ട കാര്യമില്ല. ഇന്ത്യയിൽ രാഷ്ട്രീയപാർട്ടികൾക്ക് പ്രകടനപത്രികയുണ്ട്. ഇത് വിവിധ വേദികളിലും തലങ്ങളിലും അവതരിപ്പിച്ചാൽ മതി, ഇതിൽനിന്ന് ജനങ്ങൾക്ക് മനസ്സിലാകും പാർട്ടികളുടെ രാഷ്ട്രീയനിലപാട്.

നാടകീയ പരിപാടികൾ ഉപേക്ഷിക്കണം. മുന്നാക്ക- പിന്നാക്ക കോർപറേഷനുകൾ, ന്യൂനപക്ഷ കോർപറേഷൻ, വനിത വികസനം, പട്ടികജാതി വികസനം ഇതെല്ലാം സമഗ്രമായ വികസനപരിപ്രേഷ്യമില്ലായ്മയുടെ ലക്ഷണമാണ്. എന്തെങ്കിലും പ്രശ്നമുണ്ടാകുേമ്പാൾ രാഷ്ട്രീയനേതാക്കൾ കോടതിയിൽപോകാൻ പറയുന്നു, പ്രശ്നങ്ങൾ രാഷ്ട്രീയക്കാർക്ക് പരിഹരിക്കാൻ കഴിയുന്നില്ല.

ഭരണാധികാരികൾ ചെയ്യുന്നത്, പൊതുഖജനാവിലെ  പണം ഉപയോഗിച്ച് പ്രതിമകൾ സ്ഥാപിക്കുകയും സ്വന്തം ജാതിസംഘടനകൾക്ക് പൊതുഖജനാവിലെ പണം ഉദാരമായി നൽകുകയുമാണ്.
ഭരണാധികാരികൾ ചെയ്യുന്നത്, പൊതുഖജനാവിലെ പണം ഉപയോഗിച്ച് പ്രതിമകൾ സ്ഥാപിക്കുകയും സ്വന്തം ജാതിസംഘടനകൾക്ക് പൊതുഖജനാവിലെ പണം ഉദാരമായി നൽകുകയുമാണ്.

വിശ്വാസ്യതയില്ലാത്ത ഭരണാധികാരികളാണ് ഈ കാലഘട്ടത്തിന്റെ ശാപം. ഭരണാധികാരികൾ എന്നുപറയുേമ്പാൾ, അധികാരം ഉപയോഗിക്കുന്നവർ. അധികാരമാണ് മനുഷ്യപുരോഗതിക്ക് എപ്പോഴും തടസം നിൽക്കുന്നത്. ഭരണാധികാരികൾ എപ്പോഴും ശരി തന്നെ ചെയ്യണമെന്നില്ല, അത് അവരുടെ തെറ്റായ ധാരണയാണ്. മതത്തിലും രാഷ്ട്രീയത്തിലുമുള്ളവർക്ക്, അവർ ദിവ്യത്വമുള്ളവരാണ്, തെറ്റുചെയ്യാത്തവരാണ് എന്ന ധാരണയുണ്ട്. they dont talk to the people, they talk down to the people. അവർ പറയുന്നത് മറ്റുള്ളവർ കേൾക്കണം, അനുസരിക്കണം. അവർക്ക് ഒരുതരത്തിലുമുള്ള ദൈവികത്വവും ഇല്ല. അവർ സാധാരണ മനുഷ്യരാണ്. അസാധാരണ കഴിവുള്ള നേതാക്കളുണ്ടായിരുന്നു. നെഹ്റു പാണ്ഡിത്യമുള്ളയാളായിരുന്നു. ഇ.എം.എസ് പാണ്ഡിത്യം കൊണ്ട് മറ്റുള്ളവരെ ‘ഇംപ്രസ്’ ചെയ്യാൻ കഴിവുള്ളയാളായിരുന്നു. ഇ.എം.എസ് നമ്പൂതിരിപ്പാടിൽനിന്ന് ഞങ്ങളെപ്പോലുള്ളവർക്ക് പലതും പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇ.എം.എസ് മുഖ്യമന്ത്രിക്കസേരയിലിരുന്ന് വലുതായ ആളല്ല. അതിനുശേഷം എത്രയോ മുഖ്യമന്ത്രിമാരുണ്ടായി, അവരൊന്നും ‘മുൻ’ വിശേഷമില്ലാതെ അറിയപ്പെടുന്നില്ല. ഒരു പദവി ഒരാളെ ഉയർത്തുന്നില്ല, അവരുടെ പേര് ശാശ്വതീകരിക്കുന്നില്ല. അതുപോലെ പി. ഗോവിന്ദപ്പിള്ള. അദ്ദേഹത്തിന്റെ ചിന്തകൾ എന്നെപ്പോലുള്ള സർവകലാശാല അധ്യാപകരെയും സാമൂഹിക ശാസ്ത്ര ഗവേഷകരെയും വളരെയധികം ‘ഡിസ്റ്റർബ്’ ചെയ്തിരുന്നു. കൂടുതൽ വായിക്കാനും ചിന്തിക്കാനും അവ നിർബന്ധിച്ചിരുന്നു. പി.ജിക്ക് വളരെ വിശാലമായി, വസ്തുനിഷ്ഠമായി കാര്യങ്ങളെ ഗ്രഹിക്കാനും അപഗ്രഥിക്കാനുമുള്ള ശേഷിയുണ്ടായിരുന്നു. അത് എന്നെപ്പോലുള്ളവർ അംഗീകരിച്ചിരുന്നു, പ്രചോദനത്തിെൻറ സ്രോതസ്സായിരുന്നു. എന്നാൽ, ഇപ്പോഴുള്ളത് വെറും സാധാരണ ആളുകളാണ്. അവരോട് പ്രത്യേക മനോഭാവം തോന്നേണ്ട ഒരു കാര്യവുമില്ല.

ഒരു പ്രധാനമന്ത്രിയെ, മുഖ്യമന്ത്രിയെ എന്തിന് ബഹുമാനിക്കണം? (ആരോടും ഒന്നിനോടും ആദരവില്ലാത്ത വ്യക്തിയാണ് ഞാൻ. അതിൽ എനിക്ക് എന്റേതായ കാരണങ്ങളുണ്ട്).

പദവിയെ ആദരിക്കണം എന്നത് ഒരു ഫ്യൂഡൽ സങ്കൽപനമാണ്. നാം പിന്നിട്ട, തിരിച്ചുപോകാൻ ആഗ്രഹിക്കാത്ത കാലഘട്ടത്തിലെ മൂല്യങ്ങളും വിശ്വാസങ്ങളും ഉയർത്തിപ്പിടിക്കാൻ സ്വതന്ത്രമനസ്സുകൾക്കാകില്ല. പണ്ട് കമ്യൂണിസ്റ്റ് സമൂഹങ്ങളിൽ, നേതാക്കളൊക്കെ പണ്ഡിതന്മാരായിരുന്നു. ലെനിൻ, മാവോ തുടങ്ങിയവർ. എന്നാൽ, ഇന്ന് നാം കാണുന്ന ഭരണകർത്താക്കളും നേതാക്കളും സാധാരണ ജനങ്ങളിൽനിന്ന് വ്യത്യസ്തരല്ല. അവർക്ക് അസാധാരണ കഴിവോ പരിപ്രേഷ്യമോ ധാർമികതയോ ഇല്ല. അങ്ങനെ വരുേമ്പാഴാണ് അവരുടെ ഭാഷ്യം മോശമായിപ്പോകുന്നത്. നമ്മുടെ വാദമുഖം ദുർബലമാകുമ്പോഴാണ് നാം മോശം ഭാഷ ഉപയോഗിക്കുന്നത്. അല്ലെങ്കിൽ ദേഷ്യപ്പെടുന്നത്. ഇന്ന് രാഷ്ട്രീയത്തിൽ ഭയവും ഭീഷണിയും വലിയ ഘടകമാണ്. സ്വതന്ത്രമായാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. പക്ഷെ, ഭയം, ഭീഷണി ഒരു ഘടകമാണ്. ഇവ പല രാഷ്ട്രീയപാർട്ടികളും ഉപയോഗപ്പെടുത്തുന്നു. അതിലൂടെ അവർക്ക് ലഭിക്കുന്ന ജയം, എന്തും ചെയ്യാനുള്ള ജനവിധിയല്ല. അക്രമം ഭീതി പരത്തുന്നു. ഭീതി ക്രിയാത്​മകമായ കഴിവിനെ നശിപ്പിക്കുന്നു. മനുഷ്യപുരോഗതിക്ക്​ അക്രമരാഹിത്യം അനുപേക്ഷണീയമാണ്​. പ്രത്യാക്രമണം അക്രമം ഇല്ലാതാക്കാൻ പര്യാപ്​തമല്ല. സമാധാന അന്തരീക്ഷത്തിലേ പുരോഗതി കൈവരിക്കാനാകൂ.

ചില സിമ്പതികളുടെ പേരിലാണ് ചിലർക്ക് തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ അവസരം ലഭിക്കുന്നത്. രോഗികയാണ്, പ്രായമായി... അദ്ദേഹത്തിന് പാർലമെൻറിൽപോകാൻ ആഗ്രഹം. രോഗിക്കും വൃദ്ധർക്കും പോകാനുള്ളതാണോ പാർലമെൻറ്? ഞങ്ങളുടെ പ്രതിയോഗികളും ചെയ്യുന്നുണ്ട് എന്നാണ് പാർട്ടികൾ ഇതിന് നൽകുന്ന ന്യായം. അഴിമതിക്കാരെ മൽസരിപ്പിക്കുന്നതിനെക്കുറിച്ചും ഇവർ പറയും, ഞങ്ങളുടെ പ്രതിയോഗികളും മൽസരിപ്പിക്കുന്നുണ്ട് എന്ന്. പ്രതിയോഗികളല്ല, നമ്മളാണ് നമ്മുടെ മാതൃകയാകേണ്ടത്. അഴിമതി കാണിക്കുന്നത് അവകാശമായി എടുക്കുന്ന രാഷ്ട്രീയ പാർട്ടികൾ സമൂഹത്തിന് അപകടമാണ്. പ്രകടനപത്രിക ഇല്ലാതെ മൽസരിക്കുന്ന രാഷ്ട്രീയപാർട്ടികളുമുണ്ട് ഇന്ത്യയിൽ. അവർ അധികാരത്തിൽ വന്നാൽ എന്തുചെയ്യാൻ ഉദ്ദേശിക്കുന്നു എന്നുപോലും ജനങ്ങളോട് പറയുന്നില്ല. തെരഞ്ഞെടുപ്പിൽ ജയിക്കുക എന്നത് വലിയ കാര്യമായി എടുത്ത് പരാജയപ്പെടുന്നത് മോശം കാര്യമായി എടുക്കരുത്. മറ്റേ മുന്നണി ഭരിക്കുമ്പോഴും കസ്​റ്റഡി മരണങ്ങളുണ്ടായിട്ടുണ്ടെന്ന വാദം വക്രമാണ്​. കണക്കുകൾ നിരത്തി, തങ്ങളുടെ ഭരണത്തിൽ കസ്​റ്റഡി മരണങ്ങളും അഴിമതികളും കുറവാണെന്നു പറയുന്ന ഭരണാധികാരി അധികാരത്തിലിരിക്കാൻ അർഹനല്ല.

തെരഞ്ഞെടുപ്പിൽ തന്ത്രമാണ് ഉപയോഗിക്കുന്നത്, ജാതി സംഘടനകളെ പ്രലോഭിപ്പിക്കുക, വിഭാഗീയത സൃഷ്ടിക്കുക തുടങ്ങിയവ. ജനം തെരഞ്ഞെടുക്കുന്നത് നല്ല സ്ഥാനാർഥികളെയല്ല. രാഷ്ട്രീയ സ്ഥാനാർഥികളുടെ സെലക്ഷനുശേഷം വരുന്ന പ്രക്രിയയാണ് തെരഞ്ഞെടുപ്പ്. സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നത് രാഷ്ട്രീയപാർട്ടികളും മുന്നണികളുമാണ്. ഇവർ വ്യക്തികളുടെ താൽപര്യമാണ് കണക്കിലെടുക്കുന്നത്. സാമ്പത്തിക, സാമുദായിക സ്വാധീനങ്ങൾ. അഴിമതിക്കാരായ രണ്ട് സ്ഥാനാർഥികൾ മൽസരിച്ചാൽ, അതിലൊരു അഴിമതിക്കാരനെ തെരഞ്ഞെടുക്കാനേ ജനങ്ങൾക്ക് അവകാശമുള്ളൂ. അഴിമതി ഇല്ലാത്ത ഒരാളെ തെരഞ്ഞെടുക്കാൻ ജനാധിപത്യ രാഷ്ട്രീയം ജനങ്ങൾക്ക് അവസരം നൽകുന്നില്ല. രാഷ്ട്രീയപാർട്ടികളുടെ തലത്തിലുള്ള കൗശലമാണിത്. ഇതിനെ ജനാധിപത്യം എന്നുവിളിക്കാൻ കഴിയില്ല. ജനാധിപത്യം എന്നുപറഞ്ഞാൽ, തുറന്ന ചർച്ചയിലൂടെ സംഭവിക്കേണ്ടതാണ്. ഇവിടെ ജയിച്ചുവരുന്ന പലരും ക്രൈം റെക്കോർഡുള്ളവരാണ്. ജയിച്ചു എന്നുള്ളത് അഴിമതി തുടരാൻ ജനങ്ങൾ നൽകിയ അംഗീകാരമായി കണക്കാക്കാൻ പാടില്ല.

അഴിമതിക്കാരെയും ജനദ്രോഹികളെയും തടഞ്ഞുനിർത്താനുള്ള ഒരു പ്രക്രിയ ജനങ്ങളുടെ തലത്തിൽ ഇല്ല, ജനം നിസ്സഹായരാകുന്നു. ജനം വോട്ടിംഗ് മൃഗങ്ങളായി മാറുന്ന അവസ്ഥ. സ്വാതന്ത്ര്യമില്ലാത്ത, ജനങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ ജനാധിപത്യമല്ല. ഇന്ത്യയിൽ ജനസംഖ്യയുടെ 50 ശതമാനം 25 വയസ്സിന് താഴെയുള്ളവരാണ്. മൂന്നിൽ രണ്ടുഭാഗവും 35 വയസ്സിന് താഴെയുള്ളവരും. പക്ഷെ, ഭരണാധികാരികളിൽ, രാഷ്ട്രീയനേതാക്കളിൽ, തെരഞ്ഞെടുക്കപ്പെടുന്നവരിൽ ബഹുഭൂരിഭാഗവും വൃദ്ധന്മാരാണ്. നമ്മൾ ജനാധിപത്യം എന്ന് വിശേഷിപ്പിക്കുന്ന വൃദ്ധാധിപത്യം, ശരിക്കും ജനാധിപത്യത്തിെൻറ നിരാകരണമാണ്. ജനാധിപത്യം എന്നാൽ ജനങ്ങളുടെ പ്രതിനിധിയായി വരണം. ചെറുപ്പക്കാർ വരണം.

ഔപചാരിക ജനാധിപത്യത്തെ ശക്തമാക്കുന്നത് പ്രതിപക്ഷമാണ്. അങ്ങനെയൊരു പ്രതിപക്ഷം, പ്രവർത്തനപരിപാടികളുടെ അടിസ്ഥാനത്തിൽ ഇവിടെയില്ല. പാർലമെൻററി ജനാധിപത്യമാണ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നത്. എന്നാൽ, ആ അവസ്ഥ മാറി ഇപ്പോൾ, രണ്ടു വ്യക്തികൾ തമ്മിലുള്ള തെരഞ്ഞെടുപ്പായി മാറുന്നു. നരേന്ദ്രമോദി വേണോ? രാഹുൽഗാന്ധി വേണോ? ഔപചാരികമായ ജനാധിപത്യത്തിന്റെ മൗലികമൂല്യങ്ങൾ തന്നെ നിഷേധിക്കപ്പെടുന്ന തെരഞ്ഞെടുപ്പുപ്രക്രിയയിലാണ് ഇന്ന് നാം വ്യാപൃതരായിരിക്കുന്നത്. അതിൽ, രാഷ്ട്രീയമില്ല, തന്ത്രമേയുള്ളൂ, ജനങ്ങളെ എന്തും പറഞ്ഞ് വിശ്വസിപ്പിക്കാവുന്ന തന്ത്രം. സമ്മതിദായകരെ വിഡ്ഢികളാക്കിക്കൊണ്ടുള്ള പ്രക്രിയ. വിലപേശലിന്റെ ഭാഗമായി, അവസരവാദപരവും സാന്ദർഭികവുമായ ചില കൂട്ടുകെട്ടുകൾ. ഇത്തരത്തിൽനോക്കുമ്പോൾ, രാഷ്ട്രീയമില്ലാത്ത തെരഞ്ഞെടുപ്പാണ് ഇവിടെ നടക്കുന്നത്​. ഇതിലൂടെ മൗലികമായ എന്തെങ്കിലും മാറ്റം പ്രതീക്ഷിക്കാൻ സാധ്യമല്ല. പാർട്ടികൾക്കുതമ്മിൽ ഇന്ന് വ്യത്യാസമില്ല, പരിപാടികൾക്ക് വ്യത്യാസമില്ല. ജനങ്ങളുടെ ശാക്തീകരണം ഒരു ഘടകമായി പാർട്ടികൾ മുന്നോട്ടുവക്കുന്നില്ല. അവർക്കുവേണ്ടത് ഏതാനും കാലത്തെ അധികാരമാണ്.

ബംഗാളിലും കേരളത്തിലും ഉപയോഗിക്കുന്ന ശക്തി അക്രമമാണ്. തെരഞ്ഞെടുപ്പുരാഷട്രീയത്തിന് പ്രാധാന്യം വരുേമ്പാഴാണ് ബലപ്രയോഗത്തിന് സാംഗത്യം വരുന്നത്. ജനം തെരഞ്ഞെടുപ്പിൽനിന്ന് മാറിനിൽക്കണം എന്നല്ല പറഞ്ഞുവരുന്നത്. അടുത്ത തലമുറയെങ്കിലും ചിന്തിക്കണം. ആദ്യ തവണ വോട്ടുചെയ്യുന്നവർ ചെറുപ്പക്കാരാണ്. അവർ കരിയർ രാഷ്ട്രീയത്തെ ഇഷ്ടപ്പെടാത്തവരാണ്. അവർക്കുവേണ്ടത് ഗുണനിലവാരമുള്ള വിദ്യാഭ്യാസം, വോട്ടവകാശം, നല്ല തൊഴിൽ, ശമ്പളം, പ്രമോഷൻ സാധ്യതകൾ എന്നിവയാണ്. ഏതുപാർട്ടി ജയിക്കുന്നു എന്നത് അവരുടെ പരിഗണനയിൽ ഇല്ല. മുദ്രാവാക്യതൊഴിലാളികളെ സൃഷ്ടിക്കാനല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉപയോഗിക്കേണ്ടത്. അരമനകളിലും ആശ്രമങ്ങളിലും പള്ളികളിലും എന്തുകൊണ്ടാണ് അന്തേവാസികളെ രാഷ്ട്രീയമായി സംഘടിപ്പിക്കാത്തത്? എന്തുകൊണ്ട് ആശ്രമങ്ങളിലും അരമനകളിലും രാഷ്ട്രീയ യൂണിറ്റുകൾ ഉണ്ടാക്കുന്നില്ല? എന്നാൽ, വിദ്യാർഥികൾ പഠിക്കേണ്ട സ്ഥലത്ത് മുദ്രാവാക്യതൊഴിലാളികളെ സൃഷ്ടിക്കുന്നു, ഭയം സൃഷ്ടിക്കുന്നു, അക്രമവും പ്രത്യാക്രമണവും ഉണ്ടാക്കുന്നു. അതിന് വിദ്യാർഥികളെ പ്രേരിപ്പിക്കുന്നു. കാമ്പസിൽ കടന്നുചെല്ലാൻ സാധാരണ പൗരന് ഭയമാണ്. എന്തെങ്കിലും പരിപാടിക്ക് കാമ്പസിലേക്കുചെല്ലാൻ ഭയമാണ്. എങ്ങനെ പ്രതികരിക്കും? ഒരു എഴുത്തകാരൻ ചെന്ന് അവിടെ അഭിപ്രായം പറഞ്ഞാൽ എങ്ങനെ പ്രതികരിക്കും, സ്വീകരിക്കപ്പെടും? നമ്മുടെ കാമ്പസുകൾ ഭയാനക അന്തരീക്ഷം സൃഷ്ടിക്കുന്ന സ്ഥലമായി മാറിയിരിക്കുന്നു. വികലമായ, അപകടകരമായ ഇൗ അവസ്ഥാവിശേഷം പുതിയ തലമുറ തിരിച്ചറിയണം.

പാർശ്വവൽക്കരിക്കപ്പെട്ട സാമൂഹിക വിഭാഗങ്ങൾ മനസ്സിലാക്കണം: തങ്ങളുടെ ചരിത്രപരമായ പിന്നാക്കാവസ്ഥയിലും പാർശ്വവൽക്കരണത്തിലും ഊന്നിക്കൊണ്ടുള്ള ഒരു ആനുകൂല്യം ജന്മാവകാശമായി അവർ കാണരുത്. വാശിയോടെ ജീവിക്കേണ്ട കാലമാണിത്. മൽസരബുദ്ധിയോടെ, ബുദ്ധിപരമായി സമീപിക്കേണ്ട കാലഘട്ടം. പാർശ്വവൽകൃത സമൂഹം ആനുകൂല്യങ്ങൾ ചോദിക്കരുത്. രാഷ്ട്രീയപാർട്ടികൾ കൊടുത്താൽ തന്നെ അവർ അത് അംഗീകരിക്കരുത്. മൽസരബുദ്ധിയോടെ പഠിക്കെട്ട, ധൈഷണികരായി വളരെട്ട. അവർക്കുവേണ്ടത് സ്വത്തുടമസ്ഥതയും സംരംഭകത്വവും പാണ്ഡിത്യവും ആണ്.

പാർശ്വവൽക്കരിക്കപ്പെട്ട സാമൂഹികവിഭാഗങ്ങളിൽനിന്നുവരുന്ന രാഷ്ട്രീയക്കാർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. സ്വാതന്ത്ര്യം ഒരു പിറന്നാൾ സമ്മാനമല്ല. അത് ഔദാര്യമായി ആരും തരുന്നതുമല്ല. എല്ലാ പാർട്ടികളും ദലിത് സ്ഥാനാർഥികളെ സംവരണ മണ്ഡലങ്ങളിൽ ഒതുക്കി നിർത്തുന്നു. ഉയർന്ന ജാതിക്കാരുടെ ഗൂഢാലോചനയാണിത്. ദലിത് മാർക്സിസ്റ്റുകാരൻ, ദലിത് കോൺഗ്രസുകാരൻ, ദലിത് ബി.ജെ.പിക്കാരൻ എന്നിവരാണ് മൽസരിക്കുന്നത്. സെയിൽസ്മാൻമാരായും കങ്കാണിമാരായും ഇത്തരം രാഷ്ട്രീയക്കാർ ഉപയോഗിക്കപ്പെടുന്നു. മുന്നാക്ക- പിന്നാക്ക- ന്യൂനപക്ഷ- ദളിത് വിഭാഗീയതകൾക്കനുസരിച്ച് ജീവിക്കേണ്ട ഒരു കാലഘട്ടമല്ല ഇന്നുള്ളത്. ഇതിെൻറ അപകടം ദൂരവ്യാപകമാണ്.

സവർണ വർഗീയതയെ അവർണ വർഗീയത കൊണ്ട് അല്ലെങ്കിൽ, മേലാളവർഗീയതയെ കീഴാള വർഗീയത കൊണ്ട്​ എന്ന മട്ടിലാകരുത് രാഷ്ട്രീയ പ്രതികരണം . സംവരണ മണ്ഡലങ്ങളിൽ മാത്രം മൽസരിപ്പിക്കുന്നതിെൻറ അപകടം ദളിത് രാഷ്ട്രീയക്കാർ കണ്ടറിയേണ്ടതുണ്ട്. നിർധന വിഭാഗങ്ങൾക്കും വ്യക്തികൾക്കും അനുകൂലമായ രീതിയിലുള്ള സാമൂഹിക- സാമ്പത്തിക പരിണാമപ്രക്രിയയെക്കുറിച്ച് ചിന്തിക്കുന്നതിനുള്ള ഉത്തരവാദിത്തം ആരോടും വിധേയത്വമില്ലാത്തൊരു സ്വതന്ത്രബുദ്ധിജീവിവിഭാഗം ഏറ്റെടുക്കണം. പെന്തക്കോസ്തുകാർ പറയുന്നതുപോലെ സ്വർഗരാജ്യം പാവങ്ങൾക്കും ദുഃഖിതർക്കും ഉള്ളതാണെങ്കിൽ ആ സ്വർഗരാജ്യത്ത് ഒരു ബി.പി.എൽ സ്വർഗവും കാണും.

ഇപ്പോൾ ജാതി സംഘടനകളില്ല, നവോത്ഥാന സംഘടനകളേ ഉള്ളൂ. അത് മേലാള രാഷ്ട്രീയക്കാരുടെ അതിജീവന തന്ത്രമാണ്. നവോത്ഥാനം എന്നത് ജാതിസംഘടനകളെക്കുറിച്ചുള്ളതല്ല. അത് ആധുനിക മൂല്യങ്ങളുടെ ഉദാത്തീകരണമാണ്. രാഷ്ട്രീയമായി നേരിടേണ്ട പ്രശ്നങ്ങളെ ഭരണപരമായി, പൊലീസിനെയും മറ്റും ഉപയോഗിച്ച് നേരിട്ടതിെൻറ ഫലമായി ഒരിക്കലും ഒരു ജാതിവിരുദ്ധസമരമോ തൊഴിലാളി സമരമോ നയിക്കാത്ത ചില വ്യക്തികൾ ധീരനായകന്മരായി മാറിയിട്ടുണ്ട്.

സോഷ്യലിസം സ്വർഗം പോലെയാണ്. അവസാനം സോഷ്യലിസത്തിലെത്തും. രാഷ്ട്രീയപാർട്ടികളും പ്രസ്ഥാനങ്ങളും അതിനുവേണ്ടി പ്രാർഥിക്കെട്ട. സാധാരണ മനുഷ്യർ ഇന്ന് ഇവിടെ ജീവിക്കുന്നവരാണ്. ഇന്ന് ജീവിക്കേണ്ടത് ഇവിടെയാണ്. അതിന് സുഖസൗകര്യം വേണം. അതിന് സമ്പത്ത് വേണം. നിർധനരോടും നികൃഷ്ടരോടും ദൈവങ്ങൾക്കുപോലും അനുഭാവമുണ്ടാകില്ല.

സമ്പത്ത് വിതരണം ചെയ്യണം എന്ന ആശയം പല മാധ്യമങ്ങളും പ്രസിദ്ധീകരിക്കില്ല. കാരണം, അത്തരത്തിലാണ് മാധ്യമങ്ങളുടെ ഉടമസ്ഥാഘടന. ഇത്തരത്തിലുള്ള ഗവേഷകരും രാഷ്ട്രീയപ്രവർത്തകരും പറയുന്ന കാര്യങ്ങൾക്ക് മാധ്യമങ്ങളിൽ പ്രാമുഖ്യം കിട്ടുന്നു. അതുകൊണ്ടാണ് ഇത്തരത്തിൽ അർധസത്യങ്ങളും അസത്യങ്ങളും നിലനിൽക്കുന്നത്.
സമ്പത്ത് വിതരണം ചെയ്യണം എന്ന ആശയം പല മാധ്യമങ്ങളും പ്രസിദ്ധീകരിക്കില്ല. കാരണം, അത്തരത്തിലാണ് മാധ്യമങ്ങളുടെ ഉടമസ്ഥാഘടന. ഇത്തരത്തിലുള്ള ഗവേഷകരും രാഷ്ട്രീയപ്രവർത്തകരും പറയുന്ന കാര്യങ്ങൾക്ക് മാധ്യമങ്ങളിൽ പ്രാമുഖ്യം കിട്ടുന്നു. അതുകൊണ്ടാണ് ഇത്തരത്തിൽ അർധസത്യങ്ങളും അസത്യങ്ങളും നിലനിൽക്കുന്നത്.

നിർധനരിൽനിന്ന് സംവരണമണ്ഡലങ്ങളുടെ പ്രാതിനിധ്യത്തിെൻറ പേരിൽ കൊണ്ടുവരുന്നത് അവരുടെ മൗലികമായ പ്രശ്നങ്ങൾ ഉയർത്താൻ സമ്പത്ത് നിയന്ത്രിക്കുന്നവർക്ക് സഹിക്കില്ല.

കേരളത്തിനെക്കുറിച്ച് സത്യങ്ങളും അർധസത്യങ്ങളും അസത്യങ്ങളും നിലനിൽക്കുന്നു. ഉദാഹരണത്തിന് ഭൂപരിഷ്കരണത്തിലൂടെ ഭൂരഹിതർക്ക് ആനുകൂല്യം ലഭിച്ചു എന്നത് സത്യവിരുദ്ധമാണ്. ഭൂപരിഷ്​കരണം എന്ന വിഷയം വിശകലനം ചെയ്യുന്ന രാഷ്ട്രീയനേതാക്കളും സാമൂഹിക ശാസ്ത്രജ്ഞന്മാരും ഭൂപരിഷ്കരണത്തിന്റെ ഗുണഭോക്താക്കളായ വിഭാഗങ്ങളിൽനിന്ന് വരുന്നവരാണ്. ഉയർന്ന ജാതിക്കാരായ, സാമ്പത്തികമായി ഉയർന്നുനിൽക്കുന്ന ഗവേഷകർക്ക് മാധ്യമങ്ങളിൽ വൻ സ്വാധീനമുണ്ട്. ഗവേഷണ സ്ഥാപനങ്ങളിൽ, സർവകലാശാലകളിൽ അവർക്കുള്ള സ്വാധീനം എനിക്കറിയാം. അവരുടെ സോഷ്യൽ കാപ്പിറ്റൽ നെറ്റ്​വർക്കിംഗ് വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ, സമ്പത്ത് വിതരണം ചെയ്യണം എന്ന ആശയം പല മാധ്യമങ്ങളും പ്രസിദ്ധീകരിക്കില്ല. കാരണം, അത്തരത്തിലാണ് മാധ്യമങ്ങളുടെ ഉടമസ്ഥാഘടന. ഇത്തരത്തിലുള്ള ഗവേഷകരും രാഷ്ട്രീയപ്രവർത്തകരും പറയുന്ന കാര്യങ്ങൾക്ക് മാധ്യമങ്ങളിൽ പ്രാമുഖ്യം കിട്ടുന്നു. അതുകൊണ്ടാണ് ഇത്തരത്തിൽ അർധസത്യങ്ങളും അസത്യങ്ങളും നിലനിൽക്കുന്നത്. പലപ്പോഴും ഗവേഷകർ സെയിൽസ്മാൻമാരുടെ പങ്കാണ് നിർവഹിക്കുന്നത്, അല്ലെങ്കിൽ പെന്തക്കോസ്തുകളുടെ. അവർ ചില അഭിപ്രായങ്ങൾ വിളിച്ചുപറയുന്നു. അതേസമയം, ചിലപ്പോൾ മാധ്യമങ്ങൾ മർദ്ദിതവിഭാഗങ്ങൾക്ക് അനുകൂലമായ നിലപാട് എടുക്കുന്നുണ്ട്. മുത്തങ്ങ സമരകാലത്ത് പല മാധ്യമപ്രവർത്തകരും ആദിവാസികൾക്ക് അനുകൂലമായ നിലപാട് എടുത്തിരുന്നു. മാധ്യമപ്രവർത്തകർ, സിനിമ സംവിധായകർ, സക്കറിയയെപ്പോലുള്ള സാഹിത്യകാരന്മാർ നിലപാട് എടുത്തിരുന്നു. അതിനുകാരണം, അടുത്തകാലത്ത് മാധ്യമങ്ങളിൽ പുരോഗമന ചിന്താഗതിക്കാരായ ചെറുപ്പക്കാർ വന്നിട്ടുണ്ട് എന്നതാണ്. അവർ വ്യക്തിപരമായ തലത്തിൽ എടുത്ത ചില നിലപാടുകളാണ് ഇവ. മുഖ്യധാരാ മാധ്യമങ്ങൾ നോക്കൂ, അവയിൽ ഏതുതരത്തിലുള്ള എഴുത്തുകാരാണ് എഴുതുന്നത്? അവക്ക് റീഡർഷിപ്പ് മാത്രമല്ല പ്രാധാന്യം, അവയുടെ ബിനിനസ് താൽപര്യങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്.

ഇത് മുന്നണികളുടെ യുഗമാണ്. പാർട്ടികളുടെ മുന്നണി മാത്രമല്ല, ഓരോ പാർട്ടിയും ഒരു മുന്നണിയാണ്. ജാതി, മത, വർഗങ്ങളുടെ മുന്നണി. ഇന്ത്യയിൽ ജനകീയമായ വർഗങ്ങളില്ല എന്നതാണ് യാഥാർഥ്യം. പൂർണമായും വികസിച്ച മുതലാളിത്ത രാജ്യങ്ങളിൽ പോലും മുതലാളി-തൊഴിലാളി ബന്ധം ചെറിയ വിഭാഗത്തിൽ ഒതുങ്ങിനിൽക്കുന്നു. അടിച്ചമർത്തപ്പെട്ടവരുടെയും അടിച്ചമർത്തുന്നവരുടെയും വിഭജനമാണ് സാർവലൗകികമായി കാണുന്നത്. വർഗേതര സമരങ്ങളും പ്രസ്ഥാനങ്ങളുമാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ പ്രകടവും പ്രസക്തവും ആകുന്നത്. മുതലാളിത്തപൂർവ സാമൂഹിക ബന്ധങ്ങളും മുതലാളിത്താനന്തര സാമൂഹിക ബന്ധങ്ങളും വേറിട്ടും ഇടകലർന്നും നിലനിൽക്കുന്നു. ഇവയെയെല്ലാം ഒരു പ്രത്യേക ചട്ടക്കൂട്ടിലേക്ക് ചുരുക്കാൻ ശ്രമിക്കുന്നത് മൗഢ്യവും അയഥാർഥവുമാണ്. വർഗേതര സമരമാണ് സൈദ്ധാന്തികമായും പ്രത്യയശാസ്ത്രപരമായും പരിഗണിക്കപ്പെേടണ്ടത്, അനുപേക്ഷണീയമായത്. ഇതിന് പല കാരണങ്ങളുമുണ്ട്. തൊഴിലെടുക്കുന്നവെൻറ തൊഴിലിൽനിന്നുള്ള അന്യവൽക്കരണം, അടിച്ചമർത്തലുകൾ, മിച്ചമൂല്യശേഖരണം എന്നിവ മുതലാളിത്തത്തിെൻറ ആവിർഭാവത്തോടെ ഉണ്ടായ പ്രതിഭാസങ്ങളല്ല. മുതലാളിത്തപൂർവ സാമൂഹിക വ്യവസ്ഥകളിൽ- അടിമസമ്പ്രദായം, ഫ്യൂഡലിസം- നിന്നാണ് ഇവയുടെ ആവിർഭാവം. സത്യത്തിൽ മുതലാളിത്തം പല സാമൂഹിക വിപത്തുകളും ഇല്ലാതാക്കുകയാണ് ചെയ്തത്. ആ വ്യവസ്ഥയെ വിമർശിക്കാനും എതിർക്കാനുമുള്ള കാരണം, വേറെയാണ്. അവ പരിഗണനാർഹവുമാണ്.

ചിലപ്പോൾ മാധ്യമങ്ങൾ മർദ്ദിതവിഭാഗങ്ങൾക്ക് അനുകൂലമായ നിലപാട് എടുക്കുന്നുണ്ട്. മുത്തങ്ങ സമരകാലത്ത് പല മാധ്യമപ്രവർത്തകരും ആദിവാസികൾക്ക് അനുകൂലമായ നിലപാട് എടുത്തിരുന്നു.
ചിലപ്പോൾ മാധ്യമങ്ങൾ മർദ്ദിതവിഭാഗങ്ങൾക്ക് അനുകൂലമായ നിലപാട് എടുക്കുന്നുണ്ട്. മുത്തങ്ങ സമരകാലത്ത് പല മാധ്യമപ്രവർത്തകരും ആദിവാസികൾക്ക് അനുകൂലമായ നിലപാട് എടുത്തിരുന്നു.

ഒരു വ്യവസ്ഥിതി മാറുന്നത് എങ്ങനെ എന്ന ചോദ്യമാണ് ഇവിടെ വരുന്നത്. ഭരണാധികാരികളല്ല സമൂഹത്തിൽ മാറ്റം കൊണ്ടുവരുന്നത്. അവർ വ്യവസ്ഥിതിയെ സുശക്തമാക്കാനാണ് ശ്രമിക്കുക. വ്യവസ്ഥിതിയുടെ രക്തസാക്ഷികളാണ് സാമൂഹിക മാറ്റം കൊണ്ടുവരേണ്ടത്. ഇവിടെ രാഷ്ട്രീയത്തിന്റെ സാംഗത്യമാണ് നമ്മൾ ചർച്ച ചെയ്യുന്നത്. രാഷ്ട്രീയാനന്തര കാലഘട്ടത്തിൽ ഒരു Dystopian കാഴ്ചപ്പാട് അനാവൃതമായിട്ടുണ്ട്. രാഷ്ട്രീയം സമൂഹത്തെ വർഗീയമായി വിഭജിക്കുന്നു. കേമ്പാളം സമൂഹത്തെ മതേതര അടിസ്ഥാനത്തിൽ ഒന്നിപ്പിക്കുന്നു. ഭിന്നിപ്പിക്കുന്ന രാഷ്ട്രീയം വേണോ ഒന്നിപ്പിക്കുന്ന കേമ്പാളം വേണോ എന്നതാണ് കാലഘട്ടം ഉയർത്തുന്ന ഏറ്റവും പ്രസക്തമായ ചോദ്യം. അല്ലെങ്കിൽ, സാമ്പത്തിക ജനാധിപത്യത്തിന് ആവശ്യമായ ഒരു വ്യവസ്ഥാരാഷ്ട്രീയം വളർന്നുവരേണ്ടതുണ്ടോ? രാഷ്ട്രീയം മരിച്ചു, തെരഞ്ഞെടുപ്പുകൾ നീണാൾ വാഴെട്ട. ഇന്ത്യയിൽ സ്ഥാപനവൽക്കരിക്കപ്പെട്ടതും ഘടനാപരവുമായ നീതിരാഹിത്യം നിർമാർജനം ചെയ്യാൻ നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥക്ക് സാധ്യമല്ല.

വ്യവസ്ഥിതി എന്നാൽ മൂന്നുകാര്യങ്ങളാണ്. പൗരസമൂഹം, സാമ്പത്തിക സമൂഹം, രാഷ്ട്രീയ സമൂഹം. ഇൗ സമൂഹത്തിൽ ഇലക്ട്രോണിക് സാധനങ്ങളും ക​മ്പോള സൗഹൃദ സമീപനങ്ങളുമാണ് പ്രസക്തമാകുന്നത്. രാഷ്ട്രീയ സമൂഹത്തിൽ വോട്ടുബാങ്ക് രാഷ്ട്രീയമാണ് സംഗതമാകുന്നത്. മതവും രാഷ്ട്രീയവുമാണ് ഏറ്റവും വലിയ വർഗീയ ശക്തികൾ. രാഷ്ട്രീയം എന്നു പറഞ്ഞാൽ പാർട്ടി വ്യത്യാസം പ്രസക്തമല്ല.

ബ്രാഹ്മണിസത്തിനുള്ള പ്രതിവിധി മുല്ലായിസമോ ഇവാഞ്ചലിസമോ അല്ല. മതേതരത്വമാണ്. ജാതികളും മതങ്ങളും നിർമാർജനം ചെയ്യപ്പെടണം. വിശ്വാസാധിഷ്ഠിതമായ രാഷ്ട്രീയരൂപീകരണങ്ങൾ മനുഷ്യരാശിക്ക് അപകടകരമാണ്. അത്തരം രാഷ്ട്രീയത്തെ പരോക്ഷമായി പിന്തുണക്കുന്ന, മതേതരം എന്ന് അവകാശപ്പെടുന്ന രാഷട്രീയപാർട്ടികളും നേതാക്കളും മനുഷ്യപുരോഗതിയെ പുറകോട്ട് വലിക്കുകയാണ് ചെയ്യുന്നത്. ഇവിടെ, രംഗം ധിഷണാവൈഭവമുള്ള, പരാജയഭയമില്ലാത്ത വ്യക്തികൾക്കായി അനാവരണം ചെയ്യപ്പെടണം. സമൂഹത്തെ മുന്നോട്ടുനയിക്കേണ്ടത് ചിന്തകരും ബുദ്ധിജീവികളുമാണ്. അവർ മുന്നോട്ടുവരേണ്ട അവസരമാണിത്.

സമ്പത്തിന്റെ പുനർവിതരണവും സ്വതന്ത്ര ഉൽപാദകരുടെ സമൂഹം സൃഷ്ടിക്കലുമാണ് ആത്യന്തികമായി ചെയ്യേണ്ടത്. അവിടെ കരിയർ രാഷ്ട്രീയം സ്വാഭാവികമായും അപ്രത്യക്ഷമാകും. എല്ലാവർക്കും ഉൽപാദനരംഗത്ത് വ്യാപൃതരാകേണ്ടിവരുന്നു.

ഇന്ത്യയിൽ വർഗരാഷ്ട്രീയമില്ല, കാരണം വർഗങ്ങളില്ല. വ്യത്യസ്ത രാജ്യങ്ങളിൽ, ലോകത്താകെയും ബൂർഷ്വാസിയും തൊഴിലാളികളും ചെറിയ രണ്ടുവിഭാഗങ്ങളാണ്. സംഘടിത തൊഴിലാളിവർഗം ചെറിയ വിഭാഗമാണ്. അത് മുതലാളിത്തത്തിെൻറ സൃഷ്ടിയാണ്. മാർക്സ് പറഞ്ഞത്, തൊഴിലും തൊഴിലാളിയും ഒരു ചരക്കാകുേമ്പാഴാണ് മുതലാളിത്തം നിലവിൽവരുന്നത് എന്നാണ്. ഇങ്ങനെ വരുന്ന സംഘടിത തൊഴിലാളി വർഗം മുതലാളിമാരായി കഴിഞ്ഞാൽ, കൂടുതൽ വിശേഷാധികാരം കിട്ടുന്നുണ്ട്. അവർക്ക് സ്ഥിരമായ തൊഴിലും വരുമാനവുമുണ്ട്. അവർ വിശേഷാധികാരമുള്ള ഒരു വർഗമാണ്. അവരെപ്പോഴും തങ്ങളുടെ സേവന- വേതന വ്യവസ്ഥ മെച്ചപ്പെടുത്താനാണ് സമരം ചെയ്തിട്ടുള്ളത്. അടിച്ചമർത്തപ്പെടുന്നവെൻറ മൊത്തത്തിലുള്ള മോചനത്തിന് സംഘടിത തൊഴിലാളിവർഗം ഒരു സംഭാവനയും അർപ്പിച്ചിട്ടില്ല. ഒരിടത്തും.

ഈ ബൂർഷ്വാസിയേക്കാളും സംഘടിത തൊഴിലാളിവർഗത്തേക്കാളും ഏറ്റവും വലിയ വർഗം പ്രികേറിയറ്റ് (precariat) ആണ്- യാതനകളിൽ ജീവിതം തള്ളിനീക്കുന്നവർ. ഭൂമിയില്ല, കിടപ്പാടമില്ല, ഭക്ഷണമില്ല... വലിയ വിഭാഗം ഇവരാണ്. ഇന്ത്യയെപ്പോലുള്ളിടത്ത്, അസംഘടിതരായവർ. അവർ അടിച്ചമർത്തപ്പെടുന്നവരാണ്, ചൂഷണം ചെയ്യപ്പെടുന്നവരാണ്. ഈ മൂന്നാംവർഗത്തിന്റെ പ്രാധാന്യമാണ്, പ്രസക്തിയാണ് ഏറ്റവും ഗൗരവത്തോടെ കണക്കിലെടുക്കേണ്ടത്. അവരുടെ മോചനത്തിന് ഒരു രാഷ്ട്രീയപാർട്ടിക്കും ഒരു പരിപാടിയുമില്ല. സത്യത്തിൽ ഈ വിഭാത്തിന്റെ മോചനത്തിന്, അതിലൂടെ മനുഷ്യരാശിയുടെ മൊത്തം മോചനത്തിനും വേണ്ടത്, സാർവത്രിക സ്വത്തവകാശമാണ്. എല്ലാവർക്കും വിഭവങ്ങളുടെ ഉടമസ്ഥാവകാശമുണ്ടായിരിക്കണം. മാർക്സ് പറഞ്ഞത്, തൊഴിലാളിയുടെ തൊഴിൽ ഉപാധികളിൽനിന്നുള്ള അന്യവൽക്കരണം അവസാനിക്കണം എന്നാണ്. സ്വതന്ത്ര ഉൽപാദകരുടെ സമൂഹം, തൊഴിലാളികളുടെയല്ല. എല്ലാവരും ഉൽപാദനപ്രക്രിയയിൽ പങ്കാളികളാകുേമ്പാൾ ഉൽപാദനം അനിയന്ത്രിതമായി വികസിക്കുന്നു.

ആര് സമൂഹത്തിൽ സമൂലമായ മാറ്റം കൊണ്ടുവരും എന്ന് പ്രവചിക്കാൻ ചരിത്രപാശ്ചാത്തലത്തിൽ പ്രയാസമാണ്. ഏതായാലും അത് മുതലാളിത്തത്തിെൻറ എല്ലാ പ്രിവിലേജും അനുഭവിക്കുന്ന സംഘടിത തൊഴിലാളിവർഗമായിരിക്കുകയില്ല. സംഘടിത തൊഴിലാളി വർഗവും പ്രികേറിയറ്റും തമ്മിൽ വിവിധ സ്വഭാവമുള്ള ചൂഷിത- ചൂഷക ബന്ധമാണുള്ളത്. അതുകൊണ്ടുതന്നെ വർഗരാഷ്ട്രീയത്തിെൻറ സ്ഥാനത്ത് ഒരു മേൽക്കോയ്മ വിരുദ്ധ രാഷ്ട്രീയം ആവിർഭവിക്കേണ്ടിയിരിക്കുന്നു(Counter hegemony- ഗ്രാംഷിയൻ ആശയം). വർഗപ്രശ്നമല്ല, മേലാള മേൽക്കോയ്മയാണ് ഇന്നത്തെ പ്രശ്നം. ഇത് ചരിത്രത്തിന്റെ തുടർച്ചയാണ്. ഫ്യൂഡൽ സമൂഹത്തിൽ ആരാണോ മുകൾതട്ടിലുണ്ടായിരുന്നത്, ആ വിഭാഗങ്ങളിൽനിന്നുള്ളവർ തന്നെയാണ് ഇന്നുമുള്ളത്. അത് എഴുത്തുകാരായാലും മാധ്യമപ്രവർത്തകരായാലും ശാസ്ത്രജ്ഞരായാലും ശരി, ഈ വിഭാഗക്കാരാണ് ഇന്നും ഉയർന്നുനിൽക്കുന്നത്. ഇത് ചരിത്രത്തിന്റെ തുടർച്ചയാണ്. ഈ ചരിത്ര അനുസ്യൂതത്വം മുറിക്കണമെങ്കിൽ കീഴാള പ്രതിരോധം ആവിർഭവിക്കുകയും ശക്തമാകുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

ഇന്ത്യയിൽ വർഗരാഷ്ട്രീയമില്ല, കാരണം വർഗങ്ങളില്ല. വ്യത്യസ്ത രാജ്യങ്ങളിൽ, ലോകത്താകെയും ബൂർഷ്വാസിയും തൊഴിലാളികളും ചെറിയ രണ്ടുവിഭാഗങ്ങളാണ്. സംഘടിത തൊഴിലാളിവർഗം ചെറിയ വിഭാഗമാണ്. അത് മുതലാളിത്തത്തിെൻറ സൃഷ്ടിയാണ്.
ഇന്ത്യയിൽ വർഗരാഷ്ട്രീയമില്ല, കാരണം വർഗങ്ങളില്ല. വ്യത്യസ്ത രാജ്യങ്ങളിൽ, ലോകത്താകെയും ബൂർഷ്വാസിയും തൊഴിലാളികളും ചെറിയ രണ്ടുവിഭാഗങ്ങളാണ്. സംഘടിത തൊഴിലാളിവർഗം ചെറിയ വിഭാഗമാണ്. അത് മുതലാളിത്തത്തിെൻറ സൃഷ്ടിയാണ്.

അതുകൊണ്ട്, ഈ കാലഘട്ടത്തിന്റെ ആവശ്യം, പ്രികേറിയറ്റിൽ അധിഷ്ഠിതമായ ഒരു സാമ്പത്തിക നയവും രാഷ്ട്രീയപരിപാടിയും ആവിഷ്കരിക്കുക എന്നതാണ്. ഇന്ത്യയിൽ എല്ലാ ബൂർഷ്വാ രാഷ്ട്രീയപാർട്ടികളും രാഷ്ട്രീയ ലിബറലിസം നയമായി സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, രാഷ്ട്രീയത്തിൽ അവർ ശ്രേണീബദ്ധവും ബ്യൂറോക്രാറ്റിക്കുമാണ്; ഏകാധിപത്യപരവുമാണ്. അവയിൽനിന്നുവരുന്ന ഭരണകർത്താക്കൾ ഏകാധിപതികളായി പര്യവസാനിക്കുന്നു. തെരഞ്ഞെടുപ്പ് ജനാധിപത്യത്തിലൂടെ ഏകാധിപത്യഭരണം സംജാതമാകുന്നു എന്നാണ് പോസ്റ്റ് കൊളോണിയൽ ഇന്ത്യയുടെ രാഷ്ട്രീയചരിത്രം നിസ്സംശയം തെളിയിക്കുന്നത്. ലൂയി 14ാമനുപോലും ചിന്തിക്കാൻ കഴിയാത്ത അത്ര ഏകാധിപത്യാധികാരമാണ് ഇന്ത്യൻ പ്രധാനമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിമാരും ആസ്വദിക്കുന്നത്. തുല്യതമനോഭാവവും അംഗീകാര പാരസ്പര്യവും ഇന്ത്യയുടെ സാമൂഹിക മണ്ണിൽ വേരോടിയിട്ടില്ല. നേതാക്കളുടെ, ഭരണാധികാരികളുടെ ‘ദൈവികത്വം’ യാഥാർഥ്യമാണ്. വ്യക്തി സ്വാതന്ത്ര്യമില്ലാത്ത ജനാധിപത്യം സ്വഭാവികതയോടെ നമ്മൾ അംഗീകരിക്കുന്നു. ന്യായീകരണതൊഴിലാളികളാണ് ഇത് അഭംഗുരം സാധ്യമാക്കുന്നത്. ജാതി, വർഗ, മതനിരപേക്ഷ ജനാധിപത്യ സംവിധാന സൃഷ്ടിക്ക് നേതാക്കളും ഭരണാധികാരികളും എതിരാണ്. വോട്ടുബാങ്ക് കേന്ദ്രീകൃതരാഷ്ട്രീയം ഉപേക്ഷിക്കാൻ ഒരു രാഷ്ട്രീയപാർട്ടിയും തയാറല്ല. തയാറാവുകയുമില്ല. ഇതാണ് മാറേണ്ടത്. നിലവിലെ സാമൂഹിക യാഥാർഥ്യത്തിെൻറ പേരിൽ ഇത് അംഗീകരിക്കാനാകില്ല.

ദലിതർക്കുവേണ്ടി രാഷ്ട്രീയ- സാമ്പത്തിക- വികസന നയങ്ങൾ തീരുമാനിക്കാൻ പണ്ഡിതരും നല്ലവരുമായ തമ്പുരാക്കന്മാരുള്ളപ്പോൾ ദലിതർ എന്തിന് ചിന്തിക്കണം? അവർ സമൂഹത്തിന്റെ അതിജീവനത്തിനുവേണ്ട സാധനങ്ങൾ ഉൽപാദിപ്പിക്കെട്ട. കായികാധ്വാനം ചെയ്യുക, വിശ്വസ്തരായ രാഷ്ട്രീയപ്രവർത്തകരാകുക. വലിയ കാര്യങ്ങൾ വലിയവർക്ക് വിട്ടുകൊടുക്കുക. പാവങ്ങൾ അന്നത്തിനുവേണ്ടി പ്രയത്നിക്കുക. അത് കിട്ടിക്കഴിഞ്ഞാൽ സൗകര്യമായി ജീവിക്കുക. ഇതാണ് നിലനിൽക്കുന്ന മനോഭാവം. ചരിത്രത്തിൽ നോക്കിയാൽ, സമൂഹത്തിന്റെ നിലനിൽപിനുവേണ്ട ഭൗതികോപാധികൾ ഉൽപാദിപ്പിക്കുന്നതിനുവേണ്ട കായികാധ്വാനം പ്രദാനം ചെയ്യുന്നത് അന്നും ഇന്നും എന്നും കീഴാളവർഗങ്ങളാണ് എന്ന് മനസ്സിലാക്കാൻ കഴിയും. ‘നല്ലവരായ’ യജമാനന്മാർ ജനാധിപത്യത്തിന്റെ മാത്രം സംഭാവനയല്ല. കീഴാളരോടും അടിമകളോടും സന്മനസ്സ് കാണിച്ചിരുന്ന ‘നല്ല’ വ്യക്തികൾ ഫ്യൂഡൽ കാലത്തും അടിമസമ്പ്രദായത്തിലും ഉണ്ടായിരുന്നു. അടിമകളോട് ദാക്ഷിണ്യം കാണിച്ചിരുന്ന ഉടമകളുണ്ടായിരുന്നു. അടിമകൾക്ക് കൊടുക്കുന്ന അടിയുടെ എണ്ണം കുറക്കുക, അവർക്ക് ഭക്ഷണത്തിെൻറ അളവ് കൂട്ടുക എന്നീ കാര്യങ്ങൾ ഉടമകൾ ചെയ്തിരുന്നു. നല്ലവരില്ലാത്തതല്ല ഇവിടുത്തെ പ്രശ്നം. സ്വാമി വിവേകാനന്ദന്റെ സമ്പൂർണകൃതികളിൽ പറയുന്നുണ്ട്: he is a mahatma who bleeds for poor. ബി.ആർ. അംബേദ്കർ പറഞ്ഞത് എന്താണ്? ‘‘Mahatmas have come, Mahatmas have gone; but the Untouchables remain as Untouchables..” ഇന്ത്യ വലിയ മഹാത്മാക്കളെ സൃഷ്ടിച്ച രാജ്യമാണ്. ഇപ്പോഴും പല നല്ല രാഷ്ട്രീയക്കാരും അധികാരത്തിലുണ്ട്. ‘നല്ല’വരില്ലാത്തതല്ല പ്രശ്നം. ചൂഷിത വർഗങ്ങളെ മോചിപ്പിച്ച് അവർക്ക് സ്ഥായിയായ രീതിയിൽ ജീവിക്കുന്നതിനുള്ള ഭൗതികാടിത്തറ നൽകാൻ പരിപാടിയുള്ള രാഷ്ട്രീയപാർട്ടികൾ ഇല്ല എന്നതാണ്.

വിശാലമായ ഒരു പരിപ്രേഷ്യത്തിൽ നാം ഇന്ന്​ കാണുന്നത് രാഷ്ട്രീയമില്ലാത്ത ഒരു തെരഞ്ഞെടുപ്പിനെയാണ്. രാഷ്ട്രീയപാർട്ടികൾ തമ്മിൽ വ്യത്യാസമില്ല, നയപരിപാടികളിൽ വ്യത്യാസമില്ല. തന്ത്രത്തിനാണ് പ്രാധാന്യം. ഇത്തരത്തിലുള്ള ഒരു രാഷ്ട്രീയപ്രക്രിയയിലൂടെ സാമൂഹിക പരിവർത്തനം പ്രതീക്ഷിക്കാൻ സാധ്യമല്ല. അങ്ങനെയൊരു മൗലികമായ, ഘടനാപരമായ സാമൂഹിക മാറ്റത്തിന് പരിപാടിയുള്ള ഒരു രാഷ്ട്രീയപാർട്ടിയും നിലവിലില്ല. അതുകൊണ്ടാണ് രാഷ്ട്രീയമില്ലാത്ത തെരഞ്ഞെടുപ്പിനെയും രാഷ്ട്രീയത്തെ സമ്പൂർണമായിതന്നെയും ചോദ്യം ചെയ്യേണ്ടിവരുന്നത്.


എം. കുഞ്ഞാമൻ

പ്രമുഖ സാമ്പത്തികശാസ്​ത്ര വിദഗ്​ധൻ. സബാൾട്ടൻ സ്​റ്റഡീസിൽ മൗലിക അന്വേഷണം നടത്തുന്ന ചിന്തകൻ. മഹാരാഷ്​ട്രയിലെ തുൽജാപുരിൽ ടാറ്റ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സോഷ്യൽ സയൻസസിൽ പ്രഫസറായിരുന്നു. ഇപ്പോൾ നെൽസൺ മണ്ടേല ചെയർ പ്രൊഫസർ, എം.ജി യൂണിവേഴ്​സിറ്റി. ​​​​​​​Development of Tribal Economy, State Level Planning In India, Globalization: A Subaltern Perspective, Economic Development and Social change, കേരളത്തിന്റെ വികസന പ്രതിസന്ധി, എതിര്​: ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിതസമരം എന്നിവയാണ്​ പ്രധാന കൃതികൾ.

Comments