ദലിത് ക്രിക്കറ്ററുടെ കാലങ്ങളും
മനുഷ്യാന്തസ്സിനെക്കുറിച്ചുള്ള ചോദ്യങ്ങളും

മലയാളത്തിലെ ദലിത് നോവലുകൾ കുറ്റിയിൽ കെട്ടിയ കയർ പോലെ കിടന്നു കറങ്ങുകയാണ്. എന്നാൽ അവയിൽ നിന്നെല്ലാം തികച്ചും വ്യത്യാസപ്പെട്ട് മറ്റൊരു ദേശവും അനുഭവവും വെളിപ്പെടുത്തുന്നു എന്നതാണ് രമേശൻ മുല്ല​ശ്ശേരി എഴുതിയ ഗോബരഹ എന്ന നോവലിന്റെ ഏറ്റവും വലിയ പ്രത്യേകത.

ൽവാങ്കർ ബാലു എന്ന ആദ്യകാല ദലിത് ക്രിക്കറ്ററെ നായകനാക്കി ഭൂതകാല സ്‌മൃതികളുടെ ആഖ്യാനത്തിലൂടെ അവതരിപ്പിക്കുന്ന നോവലാണ് രമേശൻ മുല്ലശ്ശേരിയുടെ ഗോബരഹ. പ്രത്യേകം വേർതിരിച്ച ധാന്യം അഥവാ ചാണകത്തിൽ അടങ്ങിയിട്ടുള്ള ധാന്യം എന്നൊക്കയാണ് ഗോബരഹയുടെ അർത്ഥം. മലയാളത്തിലെ ശ്രദ്ധേയമായ സ്പോർട്സ് ത്രില്ലർ നോവൽ ഷൂട്ടൗട്ടിന്റെ രചയിതായവായ രമേശൻ മുല്ലശ്ശേരിയുടെ ഗോബരഹ സ്പോർട്സ് ഫിക്ഷൻ എന്ന കള്ളിക്കുള്ളിൽ ഒതുങ്ങിനിൽക്കുന്നതല്ല. ജീവചരിത്ര നോവൽ, ചരിത്ര നോവൽ, രാഷ്ട്രീയ നോവൽ, ദലിത് നോവൽ എന്നിങ്ങനെ വ്യത്യസ്ത നോവൽ ആഖ്യാന രീതികളെല്ലാം ഒത്തുചേരുന്ന ഒരിടമാണ് ഗോബരഹ. ബോധധാര ആഖ്യാനശൈലി സ്വീകരിച്ചിരിക്കുന്ന ഗോബരഹ മലയാളികളെ സംബന്ധിച്ച് പുതുമയുള്ളതാണ്. പുതുമയെന്നതു കൊണ്ട് അർത്ഥമാക്കുന്നത് ക്രിക്കറ്റ് കേന്ദ്ര പ്രമേയമായി വരുന്ന ഒരു നോവലിൽ ജാതിവിവേചനത്തെയും അയിത്ത ജാതികളുടെ സാമൂഹിക-ആന്തരിക ലോകത്തെയും കേന്ദ്ര ബിന്ദുവായി നിറുത്തുവാൻ സാധിച്ചു എന്നതുകൊണ്ടാണ്. വ്യക്തികളുടെ മനോവ്യാപാരങ്ങൾ, അനുഭൂതികൾ എന്നിവയുൾക്കൊള്ളിക്കുന്നതിലൂടെ മനുഷ്യജീവിത യാഥാർത്ഥ്യങ്ങളെ മറ്റുള്ളവരിലേക്കെത്തിക്കുന്നതുംവായനക്കാരനെ സംഭവങ്ങളുടെ ദൃക്സാക്ഷിയാക്കി അനുഭവഭേദ്യമാക്കുന്നതുമായ നോവലുകളാണ് ബോധധാരാ നോവലുകൾ.

സമൂഹത്തെക്കാളുപരി വ്യക്തികളുടെ ആന്തരിക മണ്ഡലത്തിനു പ്രാമുഖ്യം കൽപ്പിക്കുന്ന ഗോബരഹ ഇന്ത്യൻ ജാതിവ്യവസ്ഥയെ സൂക്ഷ്മമായി വിശകലനം ചെയ്യുന്നുണ്ട്. ഈ കാരണത്താൽ ഗോബരഹയുടെ വായന കേവലമായ ഒരു വായനയുടെ കുളിർ നൽകുന്നില്ല. ജാതിയുടെ തിക്താനുഭവങ്ങളെ ആധുനിക ഇന്ത്യയുടെ ഭൂതകാല അനുഭവങ്ങളിൽ നിന്ന് അടർത്തിയെടുയെടുത്തവതരിപ്പിക്കുന്ന ചരിത്രപുസ്തകമെന്ന നിലയിലാണ് ഈ നോവലിനെ കാണേണ്ടത്. രമേശൻ മുല്ലശ്ശേരി ഗോബരഹയിൽ ബാലു എന്ന പ്രശസ്തനായ ദലിത് ക്രിക്കറ്ററുടെ വ്യക്തിജീവിതത്തിൻ്റെ സമഗ്രാവിഷ്കാരത്തിനല്ല ശ്രമിക്കുന്നത്.

ൽവാങ്കർ ബാലു

ഇന്ത്യൻ ദേശീയ പ്രസ്ഥാനം അതിന്റെ കൊടുമുടിയിൽ നിൽക്കുന്ന കാലത്തെ ദലിതരുടെ സാമൂഹിക ജീവിതത്തെയാണ് നോവലിസ്റ്റ് പകർത്തി വെയ്ക്കാൻ ശ്രമിക്കുന്നത്. ഈ കാരണത്താൽ ആവിഷ്ക്കാരം കേവലമായി ഭൂതകാലത്തിൽ മാത്രമായി ചുരുങ്ങിനിൽക്കുന്നില്ല. പഴയ കാലത്തിൽ നിന്നുകൊണ്ട് സമകാലിക ഇന്ത്യൻ തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിനെ വിമർശിക്കുകയും അവരുടെ കപടതയെ തുറന്നുകാണിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട് നോവലിസ്റ്റ്. പാരമ്പര്യവാദത്തെ മറികടന്ന് എത്തിച്ചേർന്ന കൊളോണിയൽ ആധുനികതയുടെ പശ്ചാത്തലത്തിലാണ് നോവൽ എഴുതപ്പെട്ടിട്ടുള്ളത്.

മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ പൽവാൻ എന്ന ഗ്രാമത്തിൽ നിന്ന് പൂനയിലെത്തിച്ചേർന്ന ദലിതരുടെ ജീവിതത്തിന്റെ ആഖ്യാനമാണ് ഈ നോവൽ. ബാലു എന്ന വ്യക്തിയിലൂടെയാണ് നോവൽ ആവിഷ്കരിക്കപ്പെടുന്നത്. ബ്രിട്ടീഷ് അധിനിവേശത്തോടു കൂടി നിലവിലെ ഗ്രാമ-തൊഴിൽ ബന്ധങ്ങളിൽ മാറ്റങ്ങളുണ്ടായി. നിരവധി ദലിതർ ഗ്രാമങ്ങൾക്ക് വെളിയിൽ വ്യത്യസ്ത ജോലികൾ ചെയ്യാൻ തുടങ്ങി. അതോടൊപ്പം ചില ദലിതർക്ക് ബ്രിട്ടീഷ് കമ്പനിയുടെ ഉദ്യോഗങ്ങളിൽ പ്രാതിനിധ്യം ലഭിക്കുകയുമുണ്ടായി. ഡോ. ബി. ആർ അംബേദ്ക്കറുടെ പൂർവികർ ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. ശമ്പളം വളരെ കുറവാണെങ്കിലും സ്ഥിര വരുമാനം എന്ന ഒറ്റ കാരണത്താലാണ് ബാലുവിന്റെ കുടുംബം പൂനയിൽ ജീവിക്കുന്നത്. അതോടൊപ്പം മൃഗങ്ങളുടെ തോൽ ഉപയോഗിച്ചുള്ള ജാതിതൊഴിൽ ഉപേക്ഷിക്കാൻ സാധിച്ചു എന്ന കാരണവും ഇതിനു പിന്നിലുണ്ട്.

Photo: Shruti Sharma / Pari

നോവലിന്റെ തുടക്കത്തിൽ തന്നെ ഗ്രാമത്തെക്കുറിച്ചുള്ള ചിന്തകൾക്കൊപ്പം കടന്നുവരുന്ന ഒന്നാണ് ഗ്രാമത്തിന്റെയും വ്യക്തികളുടെയും ഗന്ധത്തിനെ കുറിച്ചുള്ള ഓർമകൾ. മനുഷ്യ ഇടപെടലിലെ ഘ്രാണ പ്രതിഭാസങ്ങളുടെ പ്രാധാന്യവും അവ ഉല്പാദിപ്പിക്കുന്ന അർത്ഥങ്ങളും സാമൂഹിക ശാസ്ത്രം വളരെ ഗൗരവമായാണ് വിശകലനം ചെയ്യുന്നത്. മലയാള സാഹത്യത്തിൽ അത് എത്രമാത്രം കടന്നുവന്നിട്ടുണ്ട് എന്നതിനെ സംബന്ധിച്ചു എനിക്കത്ര അറിവില്ല. രമേശൻ മുല്ലശ്ശേരി പലതരം ഗന്ധങ്ങളെ നമുക്ക് മുൻപിൽ വളരെ കൃത്യതയോടെ അവതരിപ്പിക്കുന്നുണ്ട്. കേന്ദ്രകഥാപാത്രമായ ബാലുവിനെ സംബന്ധിച്ച് ഗന്ധങ്ങളുടെ ഓർമ്മകൾ കൂടിയാണ് തന്റെ ഗ്രാമം. നോവലിന്റെ പലയിടങ്ങളിലും ഗന്ധം ഒരു പ്രധാന സംജ്ഞയായി കടന്നുവരുന്നുണ്ട്. ഊറയ്ക്കിട്ട തോലിന്റെ മണമുള്ളയാൾ ശമ്പളം കിട്ടുമ്പോൾ റാക്കിന്റെ മണമുള്ളയാളായി മാറുന്നതൊക്കെ നല്ല ഉദാഹരണങ്ങളാണ്. ഓർമ്മകളുടെയും ബന്ധങ്ങളുടെയും ജീവിതത്തിന്റെയും തുടങ്ങി എല്ലായിടങ്ങളിലേയും ഗന്ധങ്ങളെ ചേർത്തു നിർത്തിയാണ് നോവൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

ഇന്ത്യൻ സ്വതന്ത്ര സമരത്തിലെ, നമുക്ക് പരിചിതമായ പല ഭൂതകാല നിമിഷങ്ങളും നോവലിൽ കടന്നു വരുന്നുണ്ട്. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന നിലയിൽ അറിയപ്പെടുന്ന 1857- ലെ വിപ്ലവത്തെക്കുറിച്ചുള്ള സംസാരങ്ങളും നോവലിലുണ്ട്. ഇന്ത്യയിലെമ്പാടുമുള്ള ദലിതരെ സംബന്ധിച്ച് അവരുടെ നേരെ മുകളിലുള്ള ജാതികളുടെ ഉപദ്രവമായിരുന്നു ഏറ്റവും വലിയ പ്രശ്‌നം. ഇതിനെ തിരിച്ചറിയാതെ പോകുകയാണ് പൊതുവ്യവഹാരം. ഈ കാരണത്താൽ അധിനിവേശ ഭരണത്തെ പിന്തുണയ്ക്കുന്നവർ എന്ന ആക്ഷേപം നിരന്തരമായി കേൾക്കുന്നവരാണ് ഇന്ത്യയിലെ ദലിതർ. ഈ അധിക്ഷേപത്തെയും രമേശൻ മുല്ലശ്ശേരി നമുക്ക് മുൻപിൽ തുറന്നു കാണിക്കുന്നുണ്ട്. പട്ടാളത്തിൽ പന്നിയുടെയും പശുവിന്റെയും കൊഴുപ്പ് ചേർത്ത് വെടിയുണ്ട പായ്ക്കറ്റുകൾ ഉണ്ടാക്കുന്ന പണിയാണ് നിങ്ങളുടെ തന്തമാർക്ക് എന്ന് നിരന്തരം ആക്ഷേപിക്കപ്പെടുന്നുണ്ട് ദലിതർ. എന്നാൽ ഇത്തരം വിലകുറഞ്ഞ ആഖ്യാനങ്ങളെ ദലിതർ മറികടക്കുകയും ദേശീയ പ്രസ്ഥാനങ്ങളിൽ അവർ നിർവഹിച്ച പങ്കിനെ കൃത്യമായി അടയാളപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ബദ്രി നാരായണനെ പോലുള്ള സാമൂഹിക ശാസ്ത്രജ്ഞർ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ദലിതരുടെ പങ്കിനെയും അതിനെ കുറിച്ചുള്ള ഓർമകളെയും സൈദ്ധാന്തിക പിൻബലത്താൽ വിശദമാക്കിയിട്ടുണ്ട്. 1857- ലെ കലാപത്തിൽ രക്തസാക്ഷികളായ ചമർ വിഭാഗത്തിലുള്ളവരെ കുറിച്ചുള്ള ഗ്രാമീണ ഓർമ്മകൾ, അവർക്കായി ഉത്തർപ്രദേശിൽ നിർമിച്ചിരിക്കുന്ന സ്മാരകങ്ങൾ അങ്ങനെ പലതും.

ബദ്രി നാരായണന്‍

മതാദിൻഭംഗി എന്ന ദലിതന്റെ വായിൽ നിന്ന് വീണ വാക്കുകളിൽ നിന്നാണ് മംഗൾ പാണ്ഡെ കൊഴുപ്പ് പുരട്ടിയ വെടിയുണ്ടയെ കുറിച്ചുള്ള വിവരം അറിഞ്ഞതെന്നും അങ്ങനെ ഒരു ദലിതന്റെ വാക്കുകളിൽ നിന്നാണ് ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെടുന്നതെന്നും ഉത്തർ പ്രദേശിലെ ദലിതരുടെ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയുടെ സമ്പത്ത് കൊള്ളയടിക്കുന്നതിനു ബ്രിട്ടീഷ് സർക്കാരിനെ ഏറ്റവുമധികം സഹായിച്ച, ഉന്നത ഉദ്യോഗങ്ങളിൽ ജോലി ചെയ്ത ഇന്ത്യയിലെ സവർണജാതികളുടെ പങ്ക് പൊതുസമൂഹം ചർച്ച ചെയ്യുന്നില്ല.

അതേപോലെ ഇന്ത്യൻ റെയിൽവേയുടെ സാമൂഹിക ഇടപെടലുകളും നോവലിൽ വിശകലനം ചെയ്യപ്പെടുന്നുണ്ട്. ഇന്ത്യൻ സാമ്പത്തിക ചരിത്രത്തിൽ റെയിൽവേയെ മുൻനിർത്തി വ്യത്യസ്തത പരിപ്രേഷ്യത്തിലുള്ള വായനകൾ സാമ്പത്തിക ചരിത്രകാരൻമാർ നടത്തിയിട്ടുണ്ട്. ബഹുഭൂരിപക്ഷവും റെയിൽവേയുടെ ഇന്ത്യൻ സമ്പത്ത് എങ്ങനെയെല്ലാമാണ് ബ്രിട്ടീഷുകാർ ഊറ്റിയെടുത്തത് എന്നായിരുന്നു അന്വേഷിച്ചിരുന്നത്. എന്നാൽ മറ്റു ചില ചരിത്രകാരന്മാർ റെയിൽവേയുടെ വരവിലൂടെ ഉണ്ടായ സാമൂഹിക ബന്ധങ്ങളുടെയും ജാതിയുടെയും പരിവർത്തനങ്ങളെ അടയാളപ്പെടുത്താൻ ശ്രമിക്കുകയുണ്ടായി. റെയിൽവേയുടെ വരവ് ജാതി ഘടനയിൽ ഉണ്ടാക്കിയ മാറ്റത്തെ നോവലിൽ ചിലയിടങ്ങളിൽ പറയാൻ ശ്രമിച്ചത് ഉചിതമായി.

മതാദിൻഭംഗി / Photo: ambedkaritetoday.com

ക്ലാസ്മുറിയിൽ ആചരിച്ചിരുന്ന ജാതി വിവേചനത്തെയും ദലിത് വിദ്യാർത്ഥികൾ നേരിട്ട അസമത്വത്തെയും ബാലുവിലൂടെ നോവലിൽ വിവരിക്കപ്പെടുന്നു. പ്രത്യേകിച്ച് സ്‌കൂൾ ജീവിതത്തിൽ അംബേദ്ക്കർ നേരിട്ട തീക്ഷ്ണമായ അനുഭവങ്ങളുടെ മറ്റൊരു പകർപ്പ് ബാലുവിന്റെ ജീവിതത്തെ മുൻനിർത്തി ആഖ്യാനം ചെയ്യപ്പെടുന്നുണ്ടിവിടെ. എന്തുതന്നെയായാലും മുൻകാല അയിത്ത ജാതികളുടെ ചരിത്രത്തെ വളരെ ഭംഗിയായി കോർത്തിണക്കാൻ സാധിക്കുന്നുണ്ട് രമേശൻ മാഷിന്. അദ്ദേഹം കേവലമായി ഏതെങ്കിലും ഒരു പ്രദേശത്തെ സാമൂഹിക അനുഭവത്തെ മാത്രമായി പറഞ്ഞു ചുരുക്കുന്നില്ല. ഒരു പാൻ ഇന്ത്യൻ സാഹചര്യത്തെ വെളിപ്പെടുത്തുന്നതിന് നോവലിസ്റ്റിന് സാധിച്ചിട്ടുണ്ട്. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് പോർച്ചുഗീസുകാരുടെ കൊച്ചിക്കോട്ട ആക്രമിക്കാൻ വന്ന നായർപട അവിടെ ഉണ്ടായിരുന്ന ചെറുമരെ കണ്ട് പേടിച്ചു തിരിഞ്ഞോടിയ സംഭവം. അതോടൊപ്പം ബാലുവിന്റെ ജാതിയായ ചമർ വിഭാഗത്തിന്റെ സാമൂഹിക അനുഭവങ്ങളെ വരച്ചുകാണിക്കാൻ ശ്രമിക്കുന്നുണ്ട് ആഖ്യാതാവ്. അയിത്ത ജാതികൾ അരയിൽ ചൂൽ കെട്ടിയും, കഴുത്തിൽ ചിരട്ട കെട്ടിയും വേണമായിരുന്നു പൊതുഇടങ്ങളിൽ സഞ്ചരിക്കാൻ. അയിത്ത ജാതികൾ നടക്കുന്ന വഴികൾ അശുദ്ധമാകുമ്പോൾ തൂത്ത് വൃത്തിയാക്കാൻ ചൂലും അവരുടെ തുപ്പൽ നിലത്ത് വീഴാതെ ഇരിക്കാൻ ചിരട്ടയും ഉപയോഗിക്കേണ്ടി വന്നു. ഇന്ത്യയിലെങ്ങും അയിത്ത ജാതികളുടെ അവസ്ഥ ഇതുതന്നെയായിരുന്നു. കേരളത്തിലെ അയിത്ത ജാതികൾക്ക് നിഷേധിക്കപ്പെട്ടത് മേൽവസ്ത്രമായിരുന്നു. പരശുരാമൻ നിർമിച്ച വിശുദ്ധഭൂമിയിൽ അയിത്ത ജാതിക്കാരുടെ സഞ്ചാരസ്വാതന്ത്ര്യം പൂർണമായും നിയന്ത്രിക്കപ്പെട്ടിരുന്നു. അവർക്ക് മേൽവസ്ത്രം ധരിക്കാൻ അവകാശവുമില്ലായിരുന്നു.

ക്രിക്കറ്റിലെ പല പദപ്രയോഗങ്ങളും അനായാസേന ഉപയോഗിക്കാൻ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. ആദ്യകാല ക്രിക്കറ്റ് ക്ലബുകളെ കുറിച്ചും ക്രിക്കറ്റുമായി ഇതര സമുദായങ്ങൾക്കുള്ള ബന്ധത്തെക്കുറിച്ചും നോവൽ വിശദമാക്കുന്നുണ്ട്. ജാതി അടിസ്ഥാനത്തിലുള്ള തൊഴിൽഘടനയെ നോവലിൽ രൂക്ഷമായി വിമർശിക്കുന്നു. എന്തു കൊണ്ട് അയിത്ത ജാതിക്കാർ ഗ്രാമങ്ങൾക്ക് വെളിയിൽ ജീവിക്കേണ്ടി വരുന്നു എന്നതിനെ സംബന്ധിച്ച് അംബേദ്ക്കർ നടത്തിയ നിരീക്ഷണങ്ങളെ ബാലുവിന്റെ ജീവിതത്തിലൂടെ കൂടുതൽ തെളിമയായി അവതരിപ്പിക്കാൻ നോവലിൽ സാധിക്കുന്നുണ്ട്. തീവ്ര ഹിന്ദുത്വം പറയുകയും ബ്രിട്ടീഷുകാരുമായി സന്ധിയിലേർപ്പെടുകയും ക്ഷമപറയുകയും ചെയ്യുന്ന സവർക്കർമാരുടെ ഷൂനക്കലിനെ കുറിച്ച് പരിഹാസരൂപേണ നോവലിൽ പ്രതിപാദിക്കുന്നുണ്ട്. സമകാലിക ഭൂതകാല ആഖ്യാനങ്ങൾക്ക് വിമർശനം ഉന്നയിക്കാൻ ഈ വരികൾക്ക് ശക്തിയുണ്ട്. അതേപോലെ ബ്രിട്ടീഷ് ഇന്ത്യയിൽ നിലനിന്നിരുന്ന രണ്ടു തരം വിവേചനങ്ങളെയും നോവൽ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ബ്രിട്ടീഷുകാർ എല്ലാ ഇന്ത്യക്കാർക്കെതിരെയും ഒരേപോലെ പുലർത്തിയിരുന്ന വിവേചനത്തെയും നോവൽ വരച്ചു കാണിക്കുന്നു. ഇന്ത്യക്കാർക്കും നായ്ക്കൾക്കും ഇവിടെ പ്രവേശനമില്ല എന്ന ബോർഡ് ഇതിന്റെ സൂചകമാണ്. അധിനിവേശകാലത്തെ സങ്കീർണവും നിർവചനാതീതവുമായ ജാതി ബന്ധങ്ങളെയും അതിന്റെ പരിണാമദിശകളെയും അടയാളപ്പെടുത്തുന്ന നോവലാണിത്.

ഗാന്ധിയുടെ നേതൃത്വത്തിലുള്ള ദേശീയ പ്രസ്ഥാനം ഏറ്റവും തീവ്രമായ നിമിഷങ്ങളിൽ നിൽക്കുമ്പോഴും ഇന്ത്യയിലെമ്പാടും ദലിതർ വ്യാപകമായി ആക്രമിക്കപ്പെടുകയായിരുന്നു. ഇത്തരം ചില ആക്രമണങ്ങളെയും അതിന്റെ ഭാഗമായുള്ള മത പരിവർത്തനത്തെയും നോവലിന്റെ ചിലയിടങ്ങളിൽ കാണാൻ കഴിയും. ഹിന്ദുമഹാ സഭയുടെ പ്രവർത്തനങ്ങളും ഇസ്‍ലാം- ക്രിസ്ത്യൻ മതങ്ങളിലേക്കുള്ള പിന്നാക്ക ജാതികളുടെ മത പരിവർത്തനവുമെല്ലാം ദേശീയ പ്രസ്ഥാനം കത്തിപ്പടർന്നതിനൊപ്പം നടന്നിരുന്ന പ്രതിഭാസങ്ങളാണ്. ഗാന്ധിയും കോൺഗ്രസും ദലിതർക്കായി ചില പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കിയെങ്കിലും അതൊന്നും ദലിതരുടെ മനുഷ്യാന്തസ്സോ സാമൂഹിക അന്തസ്സോ ഉയർത്തുന്നതിന് പര്യാപ്തമല്ലായിരുന്നു. അയിത്ത ജാതിക്കാരായ ക്ഷേത്രങ്ങളിൽ പ്രവേശനമില്ലാത്തവർ എങ്ങനെ ഹിന്ദുക്കളാകും എന്ന ചോദ്യം നോവലിൽ പലയിടങ്ങളിൽ ഉന്നയിക്കപ്പെടുന്നു. തീവ്ര ഹിന്ദു ദേശീയതാ വാദത്തിന്റെ കപടതയെ തുറന്നു കാണിക്കാൻ നോവൽ ശ്രമിക്കുന്നുണ്ട്. ചില നേരങ്ങളിൽ മാത്രം എല്ലാവരും ഹിന്ദുക്കൾ എന്ന് പ്രഖ്യാപിക്കുകയും ബാക്കി സമയങ്ങളിൽ എല്ലാവരെയും അയിത്ത ജാതികളായി മാറ്റി നിർത്തുകയും ചെയ്യുന്ന ഹിന്ദുത്വ പദ്ധതികളുടെ കൗശലത്തെയാണ് ബാലുവിന്റെ ക്രിക്കറ്റ് ടീമിലെ സെലക്ഷനിലൂടെ നമുക്ക് മുൻപിൽ തുറന്നു കാണിക്കുന്നത്.

ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലെ ഏറ്റവും തീവ്രമായ സംഭവങ്ങളെ നോവലിന്റെ പലയിടങ്ങളിലും ചേർത്തുവെയ്ക്കാൻ രമേശൻ മാഷിന് സാധിച്ചിരിക്കുന്നു. ബാല ഗംഗാധര തിലകിനെ പോലുള്ളവരുടെ തീവ്ര ഹിന്ദ്വത്വ പ്രചരണവും ഇന്ത്യയെ കുറിച്ചുള്ള സങ്കല്പവും ദാമോദർ ഹരി ചപേക്കാർ പോലുള്ള യുവാക്കളുടെ തീവ്രവാദ പ്രവൃത്തിയും നോവലിൽ കൃത്യമായ ഇടങ്ങളിൽ പ്രതിപാദിക്കപ്പെടുന്നു. ഗാന്ധിയുടെ നിലപാടുകൾ, പ്രത്യേകിച്ച് സംവരണത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ, നോവലിൽ നിരീക്ഷണത്തിന് വിധേയമാകുന്നു.

ബാല ഗംഗാധര തിലക്, ദാമോദർ ഹരി ചപേക്കാർ

ചരിത്രപരമായ അനീതി, മാന്യത, അന്തസ്സ് തുടങ്ങിയവ ചോദ്യങ്ങളെ കേന്ദ്രസ്ഥാനത്ത് നിർത്തിക്കൊണ്ടാണ് ദലിത് പഠനങ്ങൾ പോലുള്ള വൈജ്ഞാനിക മേഖല വികസിച്ചുകൊണ്ടിരിക്കുന്നത്. ജാതിയെയും വിവേചനത്തെയും കുറിച്ചുള്ള പഴയമാതിരിയുള്ള ആലോചനകൾ, അതായത് ജാതിയുടെ തിക്താനുഭവങ്ങൾ ക്രോഡീകരിക്കുന്ന ഗവേഷണങ്ങൾക്കപ്പുറമായി ആന്തരിക-മാനസിക പരിവർത്തനത്തെയും ചിന്തകളെയും അടയാളപ്പെടുത്താനുള്ള ശ്രമമാണ് സാമൂഹിക ശാസ്ത്രജ്ഞർ നടത്തുന്നത്. എന്നാൽ നോവലുകളിൽ ഈ മാറ്റം അത്ര കാര്യമായ രീതിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. മലയാളത്തിലെ ദലിത് നോവലുകൾ കുറ്റിയിൽ കെട്ടിയ കയർ പോലെ കിടന്നു കറങ്ങുകയാണ്. എന്നാൽ അവയിൽ നിന്നെല്ലാം തികച്ചും വ്യത്യാസപ്പെട്ട് മറ്റൊരു ദേശവും അനുഭവവും വെളിപ്പെടുത്തുന്നു എന്നതാണ് ഗോബരഹയുടെ ഏറ്റവും വലിയ പ്രത്യേകത.

ഗോബരഹ മനുഷ്യാന്തസ്സിനെ കുറിച്ചാണ് നമ്മളോട് സംസാരിക്കുന്നത്. നോവൽ അംബേദ്ക്കർ ആശയങ്ങളാൽ സമ്പന്നമാണ് എന്ന് ഞാൻ കരുതുന്നു. ഈ നോവൽ ചില പുതിയ ചോദ്യങ്ങൾ മലയാളികൾക്ക് മുന്നിൽ ഉന്നയിക്കുന്നുണ്ട്. അതാകട്ടെ മനുഷ്യരുടെ അന്തസ്സ്, തുല്യത, എല്ലാവരും മനുഷ്യരാണെന്ന തിരിച്ചറിവ് തുടങ്ങിയ ആശയങ്ങളിൽ പ്രചോദിതരായി ഉന്നയിക്കുന്ന ചോദ്യങ്ങളാണ്. മനുഷ്യരാണെന്ന തിരിച്ചറിവുണ്ടാകുന്നതിനും മനുഷ്യാന്തസ്സ്‌ വളരെ പ്രധാനപ്പെട്ടതാണെന്നു വെളിപ്പെടുത്തുന്നതിനും ഗോബരഹക്ക് സാധിക്കുന്നുണ്ട് എന്ന കാരണത്താൽ തന്നെ ഈ നോവൽ കൂടുതൽ വായിക്കപ്പെടണ്ടതാണ്.


ഡോ. വിനിൽ​ പോൾ

എഴുത്തുകാരൻ, ഗവേഷകൻ. ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ സെന്റർ ഫോർ ഹിസ്‌റ്റോറിക്കൽ സ്റ്റഡീസിലെ ആധുനിക ചരിത്രവിഭാഗത്തിൽനിന്ന് കേരളത്തിലെ അടിമജീവിതവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവേഷണ ബിരുദം നേടി. ഇത് ‘അടിമകേരളത്തിന്റെ അദൃശ്യചരിത്രം' എന്ന പേരിൽ പുസ്തകമായിട്ടുണ്ട്.

Comments