ഹൈദരാബാദ് സർവകലാശാലയിൽ ദലിത് പീഡനത്തെുടർന്ന് ആത്മഹത്യ ചെയ്ത ഗവേഷണ വിദ്യാർഥി രോഹിത് വെമുല ദലിതനായിരുന്നില്ല എന്ന് പൊലീസ് റിപ്പോർട്ട്. തന്റെ യഥാർഥ ജാതി സംബന്ധിച്ച വിവരം പുറത്തുവരുമെന്ന ഭയത്തിലാണ് ആത്മഹത്യയെന്നും ഇന്ന് തെലങ്കാന ഹൈകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
കേസിൽ ആരോപണവിധേയരായ അന്നത്തെ സെക്കൻഡരാബാദ് എം.പി ബണ്ഡാരു ദത്താത്രേയ, എം.എൽ.സിയായിരുന്ന എൻ. രാമചന്ദ്രറാവു, സർവകലാശാല വി.സി അപ്പാ റാവു, എ.ബി.വി.വി നേതാക്കൾ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവർക്ക് സംഭവവുമായി പങ്കില്ലെന്നും റിപ്പോർട്ടിലുണ്ട്.
''പട്ടിക വിഭാഗക്കാരനാണ് എന്ന് അവകാശപ്പെട്ട് രോഹിതിന്റെ അമ്മ കൃത്രിമമായി സർട്ടിഫിക്കറ്റുണ്ടാക്കി, ഇതിന് തെളിവില്ല. താൻ പട്ടികജാതിക്കാരനല്ല എന്ന് രോഹിതിന് അറിയാമായിരുന്നു. ഇത് പിടിക്കപ്പെടുമെന്നും തന്റെ ബിരുദം നഷ്ടമാകുമെന്നും നിയമനടപടി നേരിടേണ്ടിവരുമെന്നും രോഹിത് സദാ ഭയന്നിരുന്നു''- റിപ്പോർട്ട് പറയുന്നു.
പഠനത്തേക്കാൾ വിദ്യാർഥി രാഷ്ട്രീയത്തിലായിരുന്നു രോഹിതിന് താൽപര്യമെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ജാതി തെളിയിക്കാൻ ബന്ധുക്കൾക്കൊപ്പം ഡി.എൻ.എ പരിശോധനക്ക് തയാറാണോ എന്ന് അമ്മ രാധിക വെമുലയോട് ചോദിച്ചപ്പോൾ അവർ ഒന്നും പറഞ്ഞില്ലെന്നും റിപ്പോർട്ടിലുണ്ട്.
താൻ അടക്കമുള്ള അഞ്ച് വിദ്യാർഥികളുടെ സസ്‌പെൻഷനെതുടർന്നാണ് 2016 ജനുവരി 17ന് രോഹിത് വെമുലയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. രാജ്യവ്യാപകമായി പ്രതിഷേധമുയർത്തിയ മരണമായിരുന്നു വെമുലയുടേത്. ആത്മഹത്യാ പ്രേരണക്കും പട്ടികജാതിക്കാർക്കെതിരായ അതിക്രമത്തിനും എതിരായ നിയമപ്രകാരമായിരുന്നു കേസ്.
രോഹിത് വെമുലയുടെ ജാതി മുമ്പും ബി.ജെ.പിയും സംഘ്പരിവാറും വിവാദമാക്കിയിരുന്നു. താൻ മാല എന്ന പട്ടികജാതിയിൽപെട്ടയാളാണ് എന്ന് അമ്മ രാധിക വ്യക്തമാക്കിയിരുന്നു. രാധികയുടെ മാതാപിതാക്കൾ മാല ജാതിയിൽ പെട്ടവരാണ്. കുട്ടിക്കാലം മുതൽ വദ്ദേര എന്ന ഒ.ബി.സി വിഭാഗത്തിലെ ഒരു കുടുംബത്തിന്റെ സംരക്ഷണയിലായിരുന്നു രാധിക. രാധികയെ സംരക്ഷിച്ചിരുന്ന ഒ.ബി.സി കുടുംബം അവരെ ആ കുടുംബത്തിലെ തന്നെ മാനികുമാർ എന്നയാളെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. മാനികുമാർ വദ്ദേര സമുദായക്കാരനാണ്. രാധിക ദലിത് ആണ് എന്ന കാര്യം മറച്ചുവച്ചാണ് മാനികുമാറിനെക്കൊണ്ട് വിവാഹം കഴിപ്പിച്ചത്. അഞ്ചു വർഷത്തിനിടെ ഇവർക്ക് രോഹിത് അടക്കം അഞ്ചു മക്കളുണ്ടായി. അതിനുശേഷമാണ് മാനികുമാർ രാധികയുടെ ജാതി തിരിച്ചറിഞ്ഞത്. തന്റെ ദലിത് ഐഡന്റിറ്റി തിരിച്ചറിഞ്ഞതിനെതുടർന്ന് ഇയാൾ തന്നെയും മകനെയും ഉപേക്ഷിച്ചുപോകുകയായിരുന്നുവെന്നും രാധിക പറയുന്നു.
യൂണിവേഴ്‌സിറ്റിയിൽ എ.ബി.വി.പി നേതാവ് സുശീൽ കുമാറിനെ മർദ്ദിച്ചുവെന്നാരോപിച്ചാണ് രോഹിത് അടക്കം അഞ്ചുപേരെ സസ്‌പെൻസ് ചെയ്തത്. അംബേദ്കർ സ്റ്റുഡന്റ്‌സ് അസോസിയേഷൻ നടത്തിയ പരിപാടികളുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെയും സമ്മർദം സസ്‌പെൻഷനുപുറകിലുണ്ടായിരുന്നതായി ആരോപണമുയർന്നിരുന്നു. സസ്‌പെൻഷനെതിരെ രോഹിതിന്റെ നേതൃത്വത്തിൽ 12 ദിവസം രാപ്പകൽ സമരവും നടന്നു. സമരത്തിനൊടുവിലായിരുന്നു ആത്മഹത്യ.
അംബേദ്കർ സ്റ്റുഡന്റ്‌സ് അസോസിയേഷൻ നടത്തിയ പരിപാടികളുടെ പേരിലാണ് രോഹിതിന്റെ ജെ.ആർ.എഫ് തുകയായ 25,000 രൂപ ഏഴു മാസം തടഞ്ഞുവച്ചത്. ഇതേതുടർന്ന് പഠനച്ചെലവ് കണ്ടെത്താൻ രോഹിത് അടക്കമുള്ള ദലിത് വിദ്യാർഥികൾ ഏറെ ബുദ്ധിമുട്ടുകയും ചെയ്തു. ഹോസ്റ്റലിൽനിന്ന് പുറത്താക്കപ്പെട്ടതിനെതുടർന്നാണ് രോഹിതും നാലു സഹപാഠികളും കാമ്പസിൽടെന്റു കെട്ടി നിരാഹാരം തുടങ്ങിയത്.
‘‘ലോകത്തെ മനസ്സിലാക്കുന്നതിൽ ഞാനൊരു തികഞ്ഞ പരാജയമായിരിക്കാം. സ്‌നേഹം, വേദന, ജീവിതം, മരണം... എല്ലാം തെറ്റായി മനസ്സിലാക്കിയതാകാം. ഒരാവശ്യവുമില്ലാതെ തിടുക്കം ജീവിതത്തിൽ എനിക്കൊപ്പമുണ്ടായിരുന്നു. ജീവിതം ആരംഭിക്കാനുള്ളതായിരുന്നു ആ തിടുക്കം. മനുഷ്യരിൽ ചിലർക്ക് ജീവിതം തന്നെയാണ് ശാപം, എന്റെ ജനനം തന്നെ വലിയ തെറ്റായിരുന്നു''- ജയ് ഭീം എന്നു പറഞ്ഞ് അവസാനിപ്പിക്കുന്ന ആത്മഹത്യാ കുറിപ്പിൽ രോഹിത് വെമുല എഴുതി.
തെലങ്കാനയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് പത്തു ദിവസം മുമ്പാണ് റിപ്പോർട്ട് എന്നത് ശ്രദ്ധേയമാണ്. മെയ് 13നാണ് വോട്ടെടുപ്പ്. രോഹിത് വെമുലയുടെ ആത്മഹത്യ ഉയർത്തി കോൺഗ്രസ് പ്രക്ഷോഭം നടത്തിയിരുന്നു. പട്ടികവിഭാഗക്കാരുടെ വിദ്യാഭ്യാസ അവകാശം സംരക്ഷിക്കുന്ന നിയമം നടപ്പാക്കുമെന്നും ആ നിയമത്തിന് രോഹിത് വെമുലയുടെ പേരിടുമെന്നും രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. ഭാരത് ജോഡോ യാത്രയിൽവച്ച് വെമുലയുടെ അമ്മ രാധിക വെമുലയെ കോൺഗ്രസിൽ ചേരാനും രാഹുൽ ക്ഷണിച്ചിരുന്നു.
രോഹിതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾ ബി.ജെ.പി ബന്ധമുള്ളവരായതിനാൽ, അത് ഇലക്ഷനിൽ പാർട്ടിയെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന ഭീതിയിൽ, പാർട്ടി മുമ്പ് ഉന്നയിച്ച ആരോപണങ്ങൾ അതേപടി ആവർത്തിച്ച് പൊലീസ് റിപ്പോർട്ട് തയാറാക്കുകയായിരുന്നുവെന്ന് സംശയിക്കുന്നു.