രോഹിത് വെമുല, നിതിൻ രാജ്.

‘മനസ്സി​ലെ മുറിവുകളെ
നീറ്റുന്നു, ഈ മരണം’;
നിതിൻ രാജിനെ ഓർത്ത്
രാധിക വെമുല…

‘‘ഒരു അമ്മയെന്ന നിലയിൽ ഈ സംഭവം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. എന്നെ ശബ്ദിക്കാൻ പ്രേരിപ്പിക്കുന്നു. എനിക്ക് നിശ്ശബ്ദയായി ഇരിക്കാനാകില്ല’’- കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട്, രോഹിത് വെമുലയുടെ അമ്മ രാധിക വെമുല എഴുതുന്നു.

മ്മുടെ ക്രൂരമായ സാമൂഹ്യ വ്യവസ്ഥ കാരണം സ്വന്തം മകനെ നഷ്ടപ്പെട്ട അമ്മയായ എന്നെ സംബന്ധിച്ച് കണ്ണൂർ അഞ്ചരക്കണ്ടി ഡെൻറൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻെറ മരണം, മനസ്സിലെ മുറിവുകളെ വീണ്ടും നീറിനീറി വേദനിപ്പിക്കുന്നതാണ്. ഞാനിത് ഒരു വാർത്തയായല്ല, ഒരമ്മയുടെ മാനസികാവസ്ഥയോടെയാണ് വായിച്ചത്.

നിതിൻ രാജിൻെറ രക്ഷിതാക്കളെക്കുറിച്ച് ചിന്തിച്ചു പോവുകയാണ്. എന്തെല്ലാം പ്രതീക്ഷകളോടെയായിരിക്കണം അവർ തങ്ങളുടെ മകനെ പഠിപ്പിക്കാൻ അയച്ചിരുന്നത്.... മകൻ പഠിച്ചിരുന്ന ആ വിദ്യാഭ്യാസ സ്ഥാപനത്തോട് അവർക്കുണ്ടായിരുന്ന വിശ്വാസം എത്രത്തോളമായിരിക്കണം... അഭിമാനത്തിന് പകരം അടക്കാനാവാത്ത വേദനയുമായാണ് ഇനി അവർ ജീവിതം മുന്നോട്ട് കൊണ്ടുപോവേണ്ടത്. ഇനിയെങ്കിലും എന്തുകൊണ്ട് തൻെറ കുഞ്ഞിന് സംരക്ഷണം ലഭിച്ചില്ലെന്ന് ഈ ലോകത്തോട് ചോദിച്ച് ഒരമ്മയ്ക്കും കരയേണ്ടിവരരുത്…

‘‘നിങ്ങളുടെ ലോകം അവസാനിച്ചിട്ടും പുറത്തെ ലോകം യാതൊരു കൂസലുമില്ലാതെ മുന്നോട്ട് പോവുന്നത് എത്രത്തോളം ബുദ്ധിമുട്ടിക്കുമെന്ന് എനിക്ക് മനസ്സിലാവും’’.

ഒരു വിദ്യാർത്ഥിയെ ഒന്നിനും പറ്റാത്തവനായി ചിത്രീകരിച്ച്, കളിയാക്കി, അപമാനിച്ച്, ഹൃദയം തകർക്കുന്ന വേദനയുണ്ടാക്കുകയാണ് ചെയ്തത്. ആ വേദന മാഞ്ഞുപോവുകയെന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്. അത് നിശ്ശബ്ദതയിൽ വീണ്ടും വലുതാവും. നിതിൻെറ മരണവുമായി ബന്ധപ്പെട്ട് നിലവിൽ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ ശരിയാണെങ്കിൽ ജാതിയുടെ പേരിലും നിറത്തിൻെറ പേരിലും ജീവിതസാഹചര്യങ്ങളുടെ പേരിലുമെല്ലാം നിതിൻ രാജ് അതിക്രൂരമായി അധിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. ഉത്തരവാദിത്വമുള്ളവർ നടത്തുന്നതെന്ന് നമ്മൾ കരുതുന്ന സ്ഥാപനങ്ങളുടെ മതിലിന് പിന്നിൽ ഈ തരത്തിലാണ് ക്രൂരത മറഞ്ഞുനിൽക്കുന്നത്.

ഈ വ്യവസ്ഥിതിയുടെ രീതി എന്തെന്ന് എനിക്ക് വ്യക്തമായി മനസ്സിലാവും. ആദ്യം വിദ്യാർത്ഥി വേട്ടയാടപ്പെടുന്നു. അത് പുറംലോകം അറിഞ്ഞു കഴിഞ്ഞാൽ അധികാരസ്ഥാനത്തുള്ളവർ നിശ്ശബ്ദരാവുന്നു. പിന്നീട് സ്ഥാപനത്തിൻെറ ഭാഗമായുള്ളവർ പരസ്പരം സംരക്ഷിക്കാൻ ശ്രമിക്കുന്നു. ഒടുവിൽ എല്ലാ അനീതികൾക്കുമെതിരെ കുടുംബം മാത്രം ഒറ്റയ്ക്ക് പോരാടേണ്ടിവരുന്നു.

ഹൈദരാബാദ് സർവകലാശാലയിൽ ദലിത് പീഡനത്തെുടർന്ന് ആത്മഹത്യ ചെയ്ത ഗവേഷണ വിദ്യാർഥി രോഹിത് വെമുല.
ഹൈദരാബാദ് സർവകലാശാലയിൽ ദലിത് പീഡനത്തെുടർന്ന് ആത്മഹത്യ ചെയ്ത ഗവേഷണ വിദ്യാർഥി രോഹിത് വെമുല.

ഈ മരണത്തെക്കുറിച്ച് വളരെ മൃദുവായ വാക്കുകളിൽ സംസാരിച്ചാൽ പോരാ. നിർഭാഗ്യകരമായ ഒരു സംഭവമെന്നുപറഞ്ഞ് ഇതിനെ എഴുതിത്തള്ളാനും പാടില്ല. ഒരു വിദ്യാർത്ഥിക്ക് ജീവൻ നഷ്ടപ്പെട്ടിരിക്കുകയാണ്. ഒരു കുടുംബം തളർന്നുപോയിരിക്കുകയാണ്. ആ കുടുംബത്തിൻെറ വേദന ഒരുകാലത്തും അവസാനിക്കാനും പോവുന്നില്ല.

‘‘ഒരു വിദ്യാർത്ഥിയുടെ ജീവിതം ഇല്ലാതാക്കിയിട്ട് നിശ്ശബ്ദമായി ഒളിച്ചോടാൻ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും സാധിക്കില്ലെന്ന് മനസ്സിലാക്കണം’’.

ഡോ. എം.കെ. റാം, കെ.ടി. സംഗീത നമ്പ്യാർ എന്നിവർക്കെതിരെ ഉയർന്ന പരാതികളിൽ നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണം നടക്കണം. തങ്ങൾക്ക് ഇക്കാര്യത്തിൽ യാതൊരു ഉത്തരവാദിത്വവുമില്ലെന്ന രീതിയിൽ കൈകഴുകി ഒഴിഞ്ഞുമാറാൻ കണ്ണൂർ ഡെൻറൽ കോളേജ് അധികൃതർക്ക് സാധിക്കില്ല. കോളേജ് എന്നുപറയുന്നത് വെറുമൊരു കെട്ടിടമല്ല. കാലാകാലങ്ങളായി അനുവദിച്ച് പോന്ന ക്രൂരതകൾക്കും അവിടെ നിലനിൽക്കുന്ന അന്തരീക്ഷത്തിനും കുട്ടികളെ സംരക്ഷിക്കാൻ സാധിക്കാത്തതിനും അവർ ഉത്തരവാദികളാണ്.

ഒരു അമ്മയെന്ന നിലയിൽ ഈ സംഭവം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. എന്നെ ശബ്ദിക്കാൻ പ്രേരിപ്പിക്കുന്നു. എനിക്ക് നിശ്ശബ്ദയായി ഇരിക്കാനാകില്ല.

ഡോ. എം.കെ. റാം, കെ.ടി. സംഗീത നമ്പ്യാർ എന്നിവർക്കെതിരെ ഉയർന്ന പരാതികളിൽ നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണം നടക്കണം.
ഡോ. എം.കെ. റാം, കെ.ടി. സംഗീത നമ്പ്യാർ എന്നിവർക്കെതിരെ ഉയർന്ന പരാതികളിൽ നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണം നടക്കണം.

നിതിൻ രാജിൻെറ അമ്മയോട് എനിക്ക് പറയാനുള്ളത്:

നിങ്ങളുടെ വേദന ഒരുപക്ഷേ പൂർണമായും അതേ അർത്ഥത്തിൽ എനിക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. കാരണം ഓരോ അമ്മമാരുടെയും വേദന അവരുടെ മാത്രമാണല്ലോ. എന്നാൽ ഒരു മകൻ നഷ്ടപ്പെടുന്നതിൻെറ വേദന എന്താണെന്ന് എനിക്കറിയാം. അതുണ്ടാക്കുന്ന ശൂന്യത എത്രമാത്രം ആഴത്തിലുള്ളതാണെന്ന് എനിക്കറിയാം. നിസ്സഹായമായ രോഷം എത്രമാത്രം ആളിപ്പടരുന്നുണ്ടെന്ന് എനിക്കറിയാം. നിങ്ങളുടെ ലോകം അവസാനിച്ചിട്ടും പുറത്തെ ലോകം യാതൊരു കൂസലുമില്ലാതെ മുന്നോട്ട് പോവുന്നത് എത്രത്തോളം ബുദ്ധിമുട്ടിക്കുമെന്ന് എനിക്ക് മനസ്സിലാവും.

നിങ്ങളുടെ മകൻ നിങ്ങളുടെ വലിയ പ്രതീക്ഷയായിരുന്നു, അവൻ അനുഭവിച്ച വേദന ഹൃദയം തകർക്കുന്നതാണ്, അവൻെറ അഭിമാനം വലുതാണ്, അവൻെറ ജീവിതം വിലമതിക്കാനാവാത്തതാണ്…

ഹൈദരാബാദ് സർവകലാശാലയിൽ ദലിത് പീഡനത്തെുടർന്ന് ആത്മഹത്യ ചെയ്ത ഗവേഷണ വിദ്യാർഥി രോഹിത് വെമുലയുടെ അമ്മ രാധിക വെമുല.
ഹൈദരാബാദ് സർവകലാശാലയിൽ ദലിത് പീഡനത്തെുടർന്ന് ആത്മഹത്യ ചെയ്ത ഗവേഷണ വിദ്യാർഥി രോഹിത് വെമുലയുടെ അമ്മ രാധിക വെമുല.

ക്യാമ്പസുകളിൽ… ജാതിവിവേചനങ്ങൾക്കും അധിക്ഷേപങ്ങൾക്കും ഇരയായി കുട്ടികൾ മരിക്കുന്നതിനായി ഇനിയും ഈ രാജ്യം കാത്തിരിക്കരുത്. എത്രയെത്ര കുട്ടികളുടെ ജീവിതം തകർന്നു കഴിഞ്ഞാലാണ്, പരിഹാസവും കളിയാക്കലുകളും അപമാനിക്കലും ജീവിതം തന്നെ പ്രതിസന്ധിയിലാക്കുമെന്ന് നമ്മൾ തിരിച്ചറിയാൻ പോവുന്നത്? മനുഷ്യത്വമില്ലാത്ത വിദ്യാഭ്യാസ സമ്പ്രദായമെന്നത് ക്രൂരതയല്ലാതെ മറ്റൊന്നുമല്ലെന്ന് നമ്മൾ മനസ്സിലാക്കാൻ ഇനിയുമെത്ര രക്ഷിതാക്കൾ തകർന്നു വീഴേണ്ടതുണ്ട്?

ഈ ദാരുണമായ സംഭവത്തെ ഏറെ വേദനയോടെയും അടങ്ങാത്ത രോഷത്തോടെയും ഞാൻ അപലപിക്കുന്നു. സത്യം ജയിക്കട്ടെ. നിതിൻരാജിന് നീതി ലഭിക്കട്ടെ. ഒരു വിദ്യാർത്ഥിയുടെ ജീവിതം ഇല്ലാതാക്കിയിട്ട് നിശ്ശബ്ദമായി ഒളിച്ചോടാൻ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും സാധിക്കില്ലെന്ന് മനസ്സിലാക്കണം.


Summary: Rohith Vemula's mother Radhika Vemula writes about Kannur Anjarakandy Dental College student Nithin Raj's death.


രാധിക വെമുല

ദളിത് ആക്റ്റിവിസ്റ്റ്, മനുഷ്യാവകാശ പ്രവർത്തക, ഹൈദരാബാദ് സർവകലാശാലയിൽ ദലിത് പീഡനത്തെുടർന്ന് ആത്മഹത്യ ചെയ്ത ഗവേഷണ വിദ്യാർഥി രോഹിത് വെമുലയുടെ അമ്മ.

Comments