പൊന്നാനി സ്‌കൂളിനുപകരം വരേണ്ട ദലിത് സ്‌കൂൾ എങ്ങനെയാണ് അട്ടിമറിക്കപ്പെട്ടത്?

നിലവിലെ ദലിത് മുന്നേറ്റത്തിന്റെ ഏറ്റവും വലിയ ചാലകശക്തി ദലിത് കവിതയുടെ ഒരു പുതുലോകമായിരിക്കെ തങ്ങൾ ദലിത് കവികളല്ല എന്ന പ്രഖ്യാപനം ഇരച്ചെത്തി മുന്നേറിവന്ന ദലിത് സാംസ്‌കാരിക ചെറുപ്പത്തെ നിർവീര്യമാക്കുകയാണ് ചെയ്തത്

എം. കുഞ്ഞാമന്റെ ലേഖനം പ്രസക്തമായി തോന്നി. ദലിത് മുന്നേറ്റത്തിന് ഒരു പ്രത്യയശാസ്ത്രം ആവശ്യമാണ് എന്ന അദ്ദേഹത്തിന്റെ വാദത്തിന് അദ്ദേഹത്തെ ഓൾഡ് സ്‌കൂളിൽ പെടുത്തുമോ എന്ന ആശങ്ക ഇല്ലാതില്ല. എന്നാൽ ശക്തി കൊണ്ട് വേണം നേരിടാൻ എന്ന തന്റെ അമൂർത്തമായ പോയിന്റിനെ വിശദീകരിക്കാനാണ് അദ്ദേഹം ലേഖനത്തെ പ്രയോജനപ്പെടുത്തിയിരിക്കുന്നത് എന്ന് മനസ്സിലാക്കാം.

1) ദലിത് രാഷ്ട്രീയ അവബോധം എന്നതിലുപരി ഏകോപിത മുന്നേറ്റം എന്ന നിലവിലെ രീതി പര്യാപ്തമോ?

2) വാർത്താമൂല്യത്തേക്കാൾ അക്കാദമിക മൂല്യത്തിൽ ഊന്നേണ്ടതിന്റെ പ്രസക്തി.

3) അക്കോമഡേഷനിൽ നിന്ന് തുല്യതയിലേക്കുള്ള വളർച്ച.

4) ക്രിയേറ്റീവ് ആകാൻ മാത്രമുള്ള അവധാനത ചുറ്റിലും സൃഷ്ടിച്ചെടുക്കാനും ഭാവനയുടെ അരാജകമായ വഴിയിലൂടെ ആവിഷ്‌കാരത്തിനുള്ള വിധ്വംസകശക്തി പ്രകടിപ്പിക്കുവാനുമുള്ള കഴിവ്.
5) സാമ്പത്തിക ശക്തി, ശാരീരിക ശക്തി എന്നിവ ആർജ്ജിക്കുന്നതിനുള്ള കൗണ്ടർ കൾച്ചർ നിർമ്മിച്ചെടുക്കുവാനുള്ള നീക്കങ്ങൾ.

കേരളത്തിലെ ദലിത് ജ്ഞാനരാഷ്ട്രീയത്തിന്റെ വളർച്ച പഠിച്ചാൽ മനസ്സിലാകുന്ന ഒരു കാര്യം ആ രാഷ്ട്രീയത്തിന്റെ ദൃശ്യത ഉറപ്പുവരുത്തിയത് വലതുപക്ഷമാണ് എന്നതാണ്.

ലേഖനത്തിന്റെ ലക്ഷ്യം ദലിത് സാഹോദര്യത്തിന് വസിക്കാനും പോരാടാനുമുള്ള ഒരു ആശയലോകം നിലവിലെ സൗന്ദര്യസങ്കൽപ്പങ്ങൾക്ക് തുല്യമോ മീതെയോ ആയി വളർത്തിക്കൊണ്ടുവരിക എന്നതു തന്നെയാണ്. എന്നാൽ കേരളത്തിലെ ദലിത് ജ്ഞാനരാഷ്ട്രീയത്തിന്റെ വളർച്ച പഠിച്ചാൽ മനസ്സിലാകുന്ന ഒരു കാര്യം ആ രാഷ്ട്രീയത്തിന്റെ ദൃശ്യത ഉറപ്പുവരുത്തിയത് വലതുപക്ഷമാണ് എന്നതാണ്. നിലവിലുള്ള ഇടതുപക്ഷത്തെ ശിഥിലീകരിക്കാനുതകും എന്നുദ്ദേശിച്ച് പ്രതിനിധാന രാഷ്ടീയത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടാണ് കമ്പോളവും മാധ്യമങ്ങളും അക്കാദമിക ലോകവും ഈ മുന്നേറ്റത്തെ വളർത്താൻ സംഭാവന ചെയ്തത്. എന്നാൽ കേരളത്തിൽ ജാഗ്രതയോടെ പോസ്റ്റ് മോഡേണിസത്തെ, ഒട്ട് താമസിച്ചാണെങ്കിലും ഉൾക്കൊള്ളുകയും തങ്ങളുടെ സോഷ്യൽ ഡെമോക്രാറ്റിക് ഘടനയുടെ ഭാഗമാക്കി മാറ്റുകയും സംവാദപരമായി സ്വത്വവാദത്തെക്കൂടി കക്ഷിചേർത്തും കൊണ്ടാണ് ഇടതുപക്ഷം മുന്നോട്ടുപോയത്. കേരളത്തിലെ ഹിന്ദുരാഷ്ട്രീയ വിരോധത്തിന്റെ വല്യ ബാനറിൽ ഇവരെയെല്ലാം അണികളാക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്.

കേരളത്തിൽ മറ്റ് സംസ്ഥാനങ്ങളിലേത് പോലെയല്ലാതെ വളരെ ആഴത്തിൽ സവിശേഷ സാംസ്‌കാരിക നില വരച്ച് മുന്നേറിയ ഒരു ക്രിയേറ്റീവ് മൂവായാണ് ദലിത് രാഷ്ട്രീയം രൂപപ്പെട്ടുവന്നത്. മലയാള സാംസ്‌കാരികതയുടെ ആകെയുള്ള പ്രതിസന്ധിക്ക് മറുപടിയായാണ് അത് വന്നത്. കെ.കെ. സഹോദരൻമാരും സണ്ണി കപിക്കാടുമൊക്കെയടങ്ങുന്ന സൈദ്ധാന്തിക മുന്നണിയും സി. അയ്യപ്പനും എസ്. ജോസഫുമൊക്കെ നേതൃത്വം കൊടുക്കുന്ന സർഗ്ഗാത്മക മുന്നണിയും ഇതിനുണ്ടായിരുന്നു. ഇവയൊന്നും തന്നെ മറ്റ് സംസ്ഥാനങ്ങളിലേത് പോലെ ദ്വന്ദവാദത്തിലൂന്നിയുള്ളതായിരുന്നില്ല. നവോത്ഥാന കാലം മുതൽ കേരളത്തിന്റെ പ്രൗഡ്ഢി കുടികൊള്ളുന്നതവിടെയാണ്. അയ്യങ്കാളിയുടേയും ശ്രീനാരായണ ഗുരുവിന്റേയും മുൻകൈയുകൾ ഇതരമായ ബലകേന്ദ്രനിർമ്മാണത്തിലായിരുന്നു.

അയ്യങ്കാളി
അയ്യങ്കാളി

അതിലൂടെ പ്രവർത്തിക്കുകയും തുല്യത പ്രാപിക്കുകയും മറികടക്കുകയും ചെയ്യുക എന്നതാണ് രീതി. ആ വളർച്ചയിലൊക്കെയും പ്രതിനിധാന വ്യാകുലതകളെവിടെയൊക്കെ വരുന്നുണ്ടോ അവിടെയെല്ലാം സവർണരുമായി നീക്കുപോക്കുണ്ടാക്കുകയും ചെയ്തിട്ടുണ്ട് .
ഇതര സംസ്ഥാനങ്ങളിലെ സാഹിത്യ സൃഷ്ടികൾ മുഖ്യധാരാജീവിതത്തിലെ പ്രതിനായകനായി സവർണതയെ ചിത്രീകരിച്ചപ്പോൾ മലയാള ദലിതെഴുത്ത് സവർണന് ഇതരമായി ശ്രേയസ്സിന്റെ മറ്റൊരു സംഭരണ രീതി കാണിച്ചു തുടങ്ങി. സി. അയ്യപ്പൻ മരണാനന്തര ഭൂതാവിഷ്ടജീവിതങ്ങളിലൂടെയും മൂല്യങ്ങളും വ്യക്തിനിഷ്ടതയും തമ്മിലുള്ള സംഘർഷത്തെ ചിത്രീകരിക്കുന്നതിലുടെയും എസ്. ജോസഫ് കുട്ടനെയ്ത്തുകാരുടേയും വീടുപണിക്കാരുടേയും സമൃദ്ധിയെക്കുറിച്ചുള്ള ഇതര സങ്കൽപ്പനങ്ങളിലൂടെയും ഘടനാപരമായ നൂതന കാവ്യ പരീക്ഷണങ്ങളിലൂടെയും പൊലിഞ്ഞുപോകുന്ന പാർശ്വ ജീവിത ചിത്രീകരണത്തിലൂടെയുമാണ് ഇത് സാധ്യമാക്കിയത്.

സണ്ണി എം. കപിക്കാട്
സണ്ണി എം. കപിക്കാട്

എന്നാൽ വ്യത്യസ്തമായ ഒരു മൂല്യലോക നിർമാണം നിലയ്ക്കുകയും ആ സ്ഥാനത്തേക്ക് ജാതി വിരോധത്തിന്റെ ഒരു രാഷ്ട്രീയം സോഷ്യൽ മീഡിയയിൽ ഉരുവം കൊള്ളാൻ തുടങ്ങുകയും ചെയ്തു. കേരളത്തിൽ ഈ സമയത്ത് തന്നെ ഉയർന്നുവന്ന മുസ്‌ലിം സ്വത്വവാദ രാഷ്ട്രീയത്തിന്റെ പരിസരത്തിൽ ഇതിന് വലിയ പിന്തുണ കിട്ടുന്ന സാഹചര്യമുണ്ട്.
നിലവിലുള്ള ജാതിവിരോധത്തിന്റെ ദ്വന്ദവാദം സാംസ്‌കാരികമായ നിർമാണ പ്രവർത്തനങ്ങളെ വഴിയിലുപേക്ഷിച്ച് അധികാരത്തിലിരിക്കുന്ന സംസ്‌കൃതിയുടെ പ്രതിരാഷ്ട്രീയം മാത്രം എന്ന നിലയ്ക്ക് കുറഞ്ഞുപോകുകയാണ് ചെയ്യുന്നത്. കുഞ്ഞാമൻ പ്രധാനമായി സൂചിപ്പിക്കുന്ന ഒബ്ജക്ടീവ് ആയ സമീപനമുള്ള സബ്ജക്ടിവിറ്റി എന്നതാണ് നഷ്ടമായത്.

ഇതിന് പ്രധാനമായി വഴിവെച്ചത് ദലിത് കവികൾ തങ്ങൾ ദലിത് കവികളല്ല എന്ന് പ്രഖ്യാപിച്ചു തുടങ്ങിയതാണ്. നിലവിലെ ദലിത് മുന്നേറ്റത്തിന്റെ ഏറ്റവും വലിയ ചാലകശക്തി ദലിത് കവിതയുടെ ഒരു പുതുലോകമായിരിക്കെ തങ്ങൾ ദലിത് കവികളല്ല എന്ന പ്രഖ്യാപനം ഇരച്ചെത്തി മുന്നേറിവന്ന ദലിത് സാംസ്‌കാരിക ചെറുപ്പത്തെ നിർവീര്യമാക്കി. ഏത് മത്സര മുന്നേറ്റത്തെയും മറികടക്കാനുള്ള ശക്തി തങ്ങൾക്കുണ്ടെന്നും മലയാള സാംസ്‌കാരികതയുടെ ആകെയുള്ള പ്രതിസന്ധിയുടെ മറുപടിയാണ് തങ്ങൾ എന്ന തിരിച്ചറിവുമാണ് കവികളെക്കൊണ്ട് ഇത് ചെയ്യിച്ചതെങ്കിലും ദലിത് എന്നതിന് വംശീയ നിലയ്ക്കപ്പുറം ഒരു സൗന്ദര്യ ശാസ്ത്ര നിലയുണ്ടെന്നും പൊന്നാനി സ്‌കൂൾ പോലെ മികവിന്റെ ഇതര മൂല്യബോധമുള്ള മറ്റൊരു സ്‌കൂളാണ് ദലിത് സ്‌കൂളെന്നും സ്ഥാപിക്കാനുള്ള സൗന്ദര്യബോധത്തേക്കാൾ പ്രതിനിധാന രാഷ്ടീയം നൽകുന്ന വലതുപക്ഷ പരതയിലേക്ക് വീണുപോകുകയാണ് അവർ ചെയ്തത്.

ചുംബനസമരം, ജെൻഡർ സമരം തുടങ്ങിയ സന്ദർഭങ്ങളിൽ ദലിത് ഫെമിനിസ്റ്റുകളെ കുടുംബത്തിന്റെ അടിത്തറയും ത്യാഗത്തിന്റേയും സഹനത്തിന്റേയും സംഘടനാ മൂല്യങ്ങളേയും പ്രതി താക്കീത് ചെയ്യുന്നവരും ഈ മൂല്യങ്ങളൊക്കെ തന്നെ ഇടതുപക്ഷ വളർച്ചയെ സഹായിക്കുമോ എന്നതിൽ ആശങ്കാകുലരാണ്

കവികൾക്ക് വെളിയിലുള്ള ദലിത് വ്യക്തിത്വങ്ങളും പ്രതിനിധാന രാഷ്ട്രീയത്തിന്റെ മൂല്യങ്ങൾ പങ്കുവെയ്ക്കുന്നതിനാലും പ്രത്യയശാസ്ത്രം എന്ന ഡോഗ്മയോട് പോസ്റ്റ് മോഡേൺ രാഷ്ടീയത്തിന്റെ തിരിച്ചറിവിൽ നിൽക്കുന്നതിനാലും അവർ കവികളുടെ ഇത്തരം നിലപാടുകളെ കണ്ടില്ല എന്ന് നടിച്ചു. തന്നെയുമല്ല ദലിത് സാഹോദര്യത്തിന്റെ മുന്നണി നിർമ്മാണങ്ങളെല്ലാം ഇടതുപക്ഷ സ്വഭാവത്തിന് ശക്തി പകരും എന്ന വിവേകവും ഈ നിർവീര്യപ്പെടുത്തലിന് കാരണമായിട്ടുണ്ട്. ചുംബനസമരം, ജെൻഡർ സമരം തുടങ്ങിയ സന്ദർഭങ്ങളിൽ ദലിത് ഫെമിനിസ്റ്റുകളെ കുടുംബത്തിന്റെ അടിത്തറയും ത്യാഗത്തിന്റേയും സഹനത്തിന്റേയും സംഘടനാ മൂല്യങ്ങളേയും പ്രതി താക്കീത് ചെയ്യുന്നവരും ഈ മൂല്യങ്ങളൊക്കെ തന്നെ ഇടതുപക്ഷ വളർച്ചയെ സഹായിക്കുമോ എന്നതിൽ ആശങ്കാകുലരാണ്.

ഇവിടെയാണ് കുഞ്ഞാമൻ ആശങ്കയ്ക്കിടയാകാത്ത വിധം തുറന്നു പറഞ്ഞിരിക്കുന്നത്; 'ഒരു ദലിത് സൗന്ദര്യശാസ്ത്രം ആവശ്യമാണ്'. കെ.കെ. കൊച്ചിനെപ്പോലെയുള്ളവർ അപനിർമ്മാണത്തേയും സൂക്ഷ്മരാഷ്ട്രീയത്തേയും ദലിത് ജ്ഞാന ശാസ്ത്രത്തിന്റെ ആധാരമായി പറയുന്നുണ്ടെങ്കിലും സമൂഹം എന്ന നിലയിൽ തങ്ങളുടെ വ്യതിരക്തത ഉയർത്തിക്കാട്ടുന്ന, സംവാദപത നിലനിർത്തുന്ന, ബന്ധങ്ങളുടെ ആന്തരിക സംത്രാസം കൊണ്ട് ബല സന്തുലിതത്വം നിലനിർത്തുന്ന ഒരു മൂല്യലോകത്തിന്റെയാവശ്യം ദലിതരുടെ മുന്നിലേക്കെടുത്തു വയ്ക്കുവാൻ കുഞ്ഞാമന്റെ ലേഖനത്തിന് കഴിഞ്ഞിരിക്കുന്നു.

Comments