ദളിത്​ രാഷ്ട്രപതിമാരുണ്ടാകും, എങ്കിലും ജാത്യാധികാരം ഭരിക്കും

ഹാഥറസിലെ പെൺകുട്ടിയുടെ ഘാതകർക്ക് തക്കതായ ശിക്ഷ കിട്ടുമെന്നോ അഥവാ അവരെ ശിക്ഷിച്ചാൽ തന്നെ അവരുൾപ്പെടുന്ന ജാതി സമൂഹം അവരെ തള്ളിക്കളയുമെന്നും കരുതാൻ കഴിയില്ല. കാരണം ഇതൊരു കുറ്റകൃത്യമായി ഒരു വലിയ സമൂഹവും യു.പി സർക്കാർ തന്നെയും കാണുന്നില്ല. കാരണം, ജനാധിപത്യത്തിനുമുകളിൽ പ്രവർത്തിക്കുന്ന ഒരു അധികാര ശക്തി ഇവിടെയുണ്ട്, അത് ജാതിയുടേതാണ്

ഹാഥറസിലെ കൊലപാതകവും ജനാധിപത്യരീതിയിൽ തിരഞ്ഞെടുത്ത ഒരു സർക്കാർ അതിനെ സമീപിച്ച രീതിയും ഗൗരവമായി വിലയിരുത്തേണ്ടതുണ്ട്. സാമൂഹികമായും സാമ്പത്തികമായും ജാതീയമായും പിന്നാക്കം നിൽക്കുന്ന ഒരു വിഭാഗത്തിലെ പെൺകുട്ടിക്കുനേരെയുണ്ടായ ആക്രമണം ചോദ്യംചെയ്യുന്നതിനെ, സർക്കാർ തങ്ങൾക്കെതിരായ മുന്നേറ്റമായി മാറ്റിത്തീർക്കുകയും അതോടൊപ്പം ഇത്തരം പ്രതിരോധങ്ങൾ ദേശവിരുദ്ധമായി മുദ്രകുത്തുകയും ചെയ്യുന്നത് എന്തുകൊണ്ട് എന്ന് ഗൗരവമായി വിലയിരുത്തണം. ജനാധിപത്യത്തിനുമുകളിൽ പ്രവർത്തിക്കുന്ന ഒരു അധികാര ശക്തി ഇവിടെയുണ്ട് എന്ന് തീർച്ചറിയേണ്ടതുണ്ട്. ഇത്തരം അധികാര ശക്തി എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് കാണിച്ചു തന്നതാണ് ഹാഥറസ് സംഭവം.

ഹാഥറസ് സംഭവം ഇന്ത്യൻ നീതിന്യായ വ്യവസ്ഥിതി ജനാധിപത്യവിരുദ്ധവും അതോടൊപ്പം ഭരണകൂട താൽപര്യങ്ങൾക്കൊപ്പം സഞ്ചരിക്കുന്നതുമാണ് എന്ന് ചൂണ്ടിക്കാണിച്ചു. ജനാധിപത്യവും രാഷ്ട്രീയ പ്രസ്ഥാനങ്ങളും എല്ലാവിധ സ്വാതന്ത്ര്യത്തോടെയും നിലനിൽക്കുന്നു എന്ന് നമ്മൾ കരുതുന്ന രാജ്യത്ത് പൗരന് നീതിയും ജീവിക്കാനുള്ള അവകാശങ്ങളും നിഷേധിക്കപ്പെടുന്നു എന്നത് ജനാധിപത്യ സംവിധാനത്തെതന്നെ ചോദ്യം ചെയ്യാൻ പര്യാപ്തമാണ്.
ജാതി എന്ന അധികാരം ജനാധിപത്യ സ്ഥാപനങ്ങൾക്കുമേൽ സാമൂഹിക അധികാരം സ്ഥാപിക്കുന്നതുകൊണ്ട് കൂടിയാണ് ഇത്തരം അക്രമങ്ങളും കൊലപാതകങ്ങളും നമ്മുടെ ജാതി/ സാമൂഹിക മനഃസാക്ഷിയെ അലട്ടാതെ പോകുന്നത്.

പാർലമെന്ററി അധികാരമല്ല നിർണായക ശക്തി

ഹരിയാനയിലെ കാപ്പ് പഞ്ചായത്തിനെ കുറിച്ച് എന്റെ ഒരു വിദ്യാർത്ഥി പ്രബന്ധം തയ്യാറാക്കിയിരുന്നു. ആ സമുദായത്തിലെ അംഗം കൂടിയായിരുന്ന അദ്ദേഹം എന്നോട് പറഞ്ഞത്, കാപ്പ് പഞ്ചായത്തിന്റെ തീരുമാനത്തോട് പൂർണമായും യോജിപ്പില്ല എന്നാണ്, പ്രത്യേകിച്ചും ക്രിമിനൽ കുറ്റകൃത്യങ്ങളോടുള്ള സമീപനവും ശിക്ഷാരീതികളും ആധുനിക നിയമവ്യവസ്ഥയോട് ചേർന്നുനിൽക്കുന്നതല്ല; എങ്കിലും ഇത്തരം സംവിധാനങ്ങൾ ആവശ്യമാണ് എന്നായിരുന്നു ആ വിദ്യാർത്ഥിയുടെ നീരീക്ഷണം. ഇതിനോട് യോജിക്കാൻ കഴിഞ്ഞില്ല. അതേസമയം, നമ്മൾ വിശ്വസിക്കുന്ന ജനാധിപത്യത്തിൽ ഇത്തരം അധികാര കേന്ദ്രങ്ങൾക്ക് നിർണായക സ്വാധീനമുണ്ട്. ഈ ജനാധിപത്യം ശക്തമല്ല എന്നും പാർലമെന്ററി അധികാരമല്ല നിർണായക ശക്തി എന്നും തിരിച്ചറിയേണ്ടതുണ്ട്.

ഹാഥറസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കുന്ന ഇടതു സംഘടനാപ്രവർത്തകർ
ഹാഥറസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കുന്ന ഇടതു സംഘടനാപ്രവർത്തകർ

ജാതി വ്യവസ്ഥയാണ് ഇത്തരം സമാന്തര അധികാര കേന്ദ്രങ്ങളെ നിലനിർത്തുന്നത്. ഈ സമാന്തര സാമൂഹിക അധികാരത്തെ നിലനിർത്തുന്നതിൽ ഇന്ത്യയിലെ രാഷ്ട്രീയപാർട്ടികൾ വലിയ സംഭാവന നൽകിയിട്ടുണ്ട്. ജാതി എന്നാൽ അധികാരം കൂടിയാണ് എന്ന് കൃത്യമായി തിരിച്ചറിഞ്ഞ ചിന്തകൻ ബി.ആർ. അബേദ്കർ തന്നെയാണ്. ‘ജാതി നിർമാർജനം' എന്ന പുസ്തകത്തിൽ എന്തുകൊണ്ട് ജാതി ഇല്ലാതാകൽ സാമ്പത്തിക-രാഷ്ട്രീയ പുരോഗതിക്ക് അനിവാര്യമാകുന്നു എന്നാണ് ഊന്നിപ്പറഞ്ഞത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ Caste is a powerful weapon for preventing all reform. കൊളോണിയൽ അധികാരത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ടിട്ടും ഇന്ത്യൻ സവർണരാഷ്ട്രീയം ജാതിനിർമാജനത്തെ സംവരണത്തിന്റെ പരിധിയിൽ നിലനിർത്തി ജാതി ഉറപ്പാക്കുന്ന സാമൂഹിക അധികാരം സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം സമാന്തര സാമൂഹിക അധികാരത്തെ നിലനിർത്തിക്കൊണ്ടുള്ള പാർലമെന്ററി ജനാതിപത്യത്തിനാണ് മുൻതൂക്കം നൽകിയത്. ഇത്തരം സംവിധാനങ്ങൾ വഴി ജാത്യാധികാരത്തെ ജനാതിപത്യരീതിയുടെ ഭാഗമാക്കാനും കഴിഞ്ഞു എന്നത് ഗൗരവമായി കാണേണ്ട വിഷയമാണ്.

ചന്ദ്രശേഖർ ആസാദ് ഹാഥറസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മയെ ആശ്വസിപ്പിക്കുന്നു
ചന്ദ്രശേഖർ ആസാദ് ഹാഥറസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മയെ ആശ്വസിപ്പിക്കുന്നു

ഈ സമാന്തര അധികാരം എല്ലാ രാഷ്ട്രീയപാർട്ടികളുടെയും സംഘടന സംവിധാനത്തിന്റെയും ഭാഗമായി. ഈ അധികാരമാണ് ജാതി നിർമാർജനത്തെ സംവരണമായും സംവരണ സമുദായത്തെ കേവലം സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളായും ചുരുക്കുന്നതും. സംവരണം വിഭവങ്ങളുടെ മേലുള്ള ജനാധിപത്യ അവകാശമാണെന്ന് മനസിലാക്കാൻ കഴിയാതെ പോകുന്നത് നേരത്തെ പറഞ്ഞ സമാന്തര അധികാരത്തിന്റെ പിൻബലം കൊണ്ട് കൂടിയാണ്.

ഉത്തർപ്രദേശിലെ ക്രൂരമായ സംഭവം ഇന്ത്യൻ സാമൂഹിക ബോധത്തെ അത്രകണ്ട് അലസോരപ്പെടുത്തി എന്ന് വിശ്വസിക്കാൻ കഴിയില്ല. കാരണം പ്രതികളുടെ ‘ജാതി സ്വതം' അവരെ കുറ്റവാളികളാക്കില്ല എന്ന സാമൂഹിക ബോധം ഇവിടെ നിലനിൽക്കുന്നുണ്ട്. ഈ സംഭവം ഒറ്റപ്പെട്ട കുറ്റകൃത്യമായി കാണാതെ ഒരു സമാന്തര അധികാരമായി കണ്ട് അതിനെ പ്രതിരോധിക്കേണ്ട രാഷ്ട്രീയ മുന്നേറ്റമുണ്ടാകണം എന്ന് രാഷ്ട്രീയ പാർട്ടികൾക്ക് ഇതുവരെ തോന്നിയിട്ടില്ല. അതിനുകാരണം ജനാധിപത്യം പോലും ഇത്തരം സമാന്തര അധികാരത്തിനുമുന്നിൽ അപ്രസക്തമാണ് എന്നത് കൊണ്ടുകൂടിയാണ്.

എന്തുകൊണ്ട് മേവാനിയും ആസാദും ഉണ്ടാകുന്നില്ല?

പോളിറ്റ്ബ്യൂറോയിൽ പോലും ദളിതരില്ല എന്ന വിമർശനം കമ്യൂണിസ്റ്റ് പാർട്ടികൾ നേരിടുന്ന സവിശേഷ രാഷ്ട്രീയ സാഹചര്യത്തിൽ ഹാഥറസ് സംഭവത്തിൽ പ്രതികരിക്കുയും ആ പെൺകുട്ടിയുടെ മാതാപിതാക്കളെ കാണുകയും ചെയ്ത രാഷ്ട്രീയപാർട്ടികളിൽ നിന്നും നേതാക്കളിൽ നിന്നും പ്രതികളെ ശിക്ഷിക്കണം എന്ന നിയമവാഴ്ചയുടെ സംരക്ഷണം എന്നതല്ലാതെ സംവരണാധികാരത്തെ നിഷേധിക്കുന്ന ഒരു മുന്നേറ്റത്തെ കുറിച്ചുള്ള കാഴ്ചപ്പാട് ഉണ്ടാകില്ല. ജനാധിപത്യത്തെ സവർണ മാനവികതാബോധത്തിൽ നിന്ന് മോചിപ്പിക്കാനുള്ള രാഷ്ട്രീയത്തിനുമാത്രമേ ഇനി ഇന്ത്യയിൽ നിലനിൽപ്പുള്ളൂ.

പെട്ടിമുടിയിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന ഗോമതി
പെട്ടിമുടിയിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന ഗോമതി

എന്തുകൊണ്ട് ഒരു ജിഗ്‌നേഷ് മേവാനിയും ചന്ദ്രശേഖർ ആസാദും മുഖ്യധാരാരാഷ്ട്രീയ പാർട്ടികളിൽ നിന്നുണ്ടാകുന്നില്ല? നിങ്ങൾ കുടിക്കുന്ന ചായ ഞങ്ങളുടെ ചോരയാണ് എന്ന് ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെ തടഞ്ഞുകൊണ്ട് പറയാൻ ഗോമതിയെ പോലെ ഒരു നേതാവിന് മാത്രം കഴിയുന്നു എന്നിടത്താണ് ജാതിരാഷ്ട്രീയത്തിന്റെയും സ്വത്വ രാഷ്ട്രീയത്തിന്റെയും ശക്തി.

അടിച്ചമർത്തിയ ശക്തികൾക്കെതിരായ പ്രതികരണത്തെയും അതിന് അവലംബിക്കുന്ന രീതികളെയും നിയന്ത്രിക്കുന്ന പ്രത്യയശാസ്ത്രമാണ് ഇന്നത്തെ സ്വത്വരാഷ്ട്രീയം. ഇത്തരം പ്രതിരോധങ്ങളെ നിയന്ത്രിക്കുന്ന പ്രത്യയശാസ്ത്രം അതാത് സമൂഹത്തിലെ സാമൂഹിക/ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്ന് രൂപപ്പെടുന്നതാണ്. അതുകൊണ്ട് തന്നെ സാമ്പ്രദായിക പ്രത്യയശാസ്ത്ര പരിധിയിൽ ഈ മുന്നേറ്റങ്ങൾ ഉണ്ടാകില്ല. എന്നാൽ ഈ നിർവചനം ഇന്ത്യൻ ജനാധിപത്യത്തിന് അപരിചിതമാണ് എന്നതും തിരിച്ചറിയേണ്ടത്.

ഹാഥറസിൽ നടന്നത് സ്ത്രീശരീരത്തോടുള്ള ആക്രമണം മാത്രമല്ല, ദളിത് സ്ത്രീശരീരത്തോടുള്ള ഇന്ത്യൻ ജാത്യാധികാരത്തിന്റെ പ്രയോഗം കൂടിയാണ്. ബി.ജെ.പിയുടെ രാഷ്ട്രീയ നിലനിൽപ്പിന് ഈ സംഭവം ഒട്ടും ഭീഷണിയല്ല, കാരണം ഈ സർക്കാരിന്റെ പ്രത്യയശാസ്ത്രം സമാന്തര ജാതി അതികാരത്തിൽ അടിസ്ഥാനപ്പെടുത്തിയാണ് രൂപപെട്ടിരിക്കുന്നത്, അവരെ സംബന്ധിച്ച് ആക്രമിക്കപ്പെടുന്നവരുടെ അവകാശമല്ല പ്രശ്‌നം, പ്രതികളുടെ സാമൂഹിക അധികാരം സംരക്ഷിക്കുക എന്നതുമാത്രമാണ്. ഇവിടെ എണ്ണമല്ല പ്രധാനം, പകരം അംബേദ്കർ വിശദീകരിച്ച ജാതി എന്ന അധികാരഘടനയുടെ സമഗ്രാധിപത്യം സംരക്ഷിക്കുക എന്ന ഉത്തരവാദിത്തമാണ് യു.പി സർക്കാർ നടപ്പിലാക്കുന്നത്.

അവർ സ്വതന്ത്രരല്ല

രാഷ്ട്രീയ പാർട്ടികളും, പൗരസമൂഹവും ഒക്കെ ഇത്തരം സമാന്തര ജാതി അധികാരത്തെ അംഗീകരിച്ചാണ് ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകുന്നത്. എഴുപതിറ്റാണ്ട് പിന്നിട്ടിട്ടും ജനാധിപത്യത്തിന്റെ ചാലകശക്തികളായ രാഷ്ട്രീയ പാർട്ടികൾക്ക് ഈ സമാന്തര സാമൂഹിക അധികാരം ചോദ്യം ചെയ്യാനുള്ള ധൈരം ഉണ്ടായിട്ടില്ല. രാഷ്ട്രീയ പാർട്ടികൾ എന്ന് പറയുമ്പോൾ സംഘപരിവാർ രാഷ്ടീയത്തെ മാറ്റി നിർത്തേണ്ടി വരും, കാരണം ഈ സാമൂഹിക അധികാരത്തിന്റ പ്രകടമായ പ്രയോഗികവൽക്കരണമാണ് ഈ പാർട്ടികൾ. ഇവർക്ക് ദളിത് പിന്തുണ ഇല്ല എന്ന് ഇതിനർത്ഥമില്ല, പകരം പദവിയിൽ എത്ര ഉന്നതനാണെങ്കിലും ജാതി അധികാരം നിലനിർത്തേണ്ടത് തങ്ങളുടെ കടമയാണ് എന്ന് ഉറച്ച വിശ്വാസമുള്ളവരായി തീർന്നു എന്നതാണ് വസ്തുത. ദളിതർക്കിടയിൽ നിന്ന് രാഷ്ട്രപതിമാരുണ്ടാകുന്നു എങ്കിലും ഇവരാരും സ്വതന്ത്ര ചിന്തയുള്ളവരോ ജാത്യാധികാരത്തെ ചോദ്യം ചെയ്യുന്നവരോ അല്ല.

ജിഗ്നേഷ് മെവാനി
ജിഗ്നേഷ് മെവാനി

ജാത്യാധികാരത്തെ ചോദ്യം ചെയ്യാനുള്ള ആർജവം ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്കില്ല എന്ന വസ്തുത നിഷേധിക്കാൻ കഴിയില്ല. ഇത്തരം അധികാരങ്ങൾ നിലനിൽക്കുന്നതിൽ അസ്വാഭാവികത കാണാൻ ഇവർക്ക് കഴിയാത്തത് തങ്ങളുടെ സാമൂഹിക അധികാരത്തെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു രാഷ്ട്രീയ മുന്നേറ്റം വിഭാവന ചെയ്യാൻ ഇത്തരം പാർട്ടികൾക്ക് കഴിയുന്നില്ല എന്നതാണ്. അതുകൊണ്ട് ഹാഥറസിലെ പെൺകുട്ടിയുടെ ഘാതകർക്ക് തക്കതായ ശിക്ഷ കിട്ടുമെന്നോ അഥവാ അവരെ ശിക്ഷിച്ചാൽ തന്നെ അവരുൾപ്പെടുന്ന ജാതി സമൂഹം അവരെ തള്ളിക്കളയുമെന്നും കരുതാൻ കഴിയില്ല. കാരണം ഇതൊരു കുറ്റകൃത്യമായി ഒരു വലിയ സമൂഹവും യു.പി സർക്കാർ തന്നെയും കാണുന്നില്ല.


Summary: ഹാഥറസിലെ പെൺകുട്ടിയുടെ ഘാതകർക്ക് തക്കതായ ശിക്ഷ കിട്ടുമെന്നോ അഥവാ അവരെ ശിക്ഷിച്ചാൽ തന്നെ അവരുൾപ്പെടുന്ന ജാതി സമൂഹം അവരെ തള്ളിക്കളയുമെന്നും കരുതാൻ കഴിയില്ല. കാരണം ഇതൊരു കുറ്റകൃത്യമായി ഒരു വലിയ സമൂഹവും യു.പി സർക്കാർ തന്നെയും കാണുന്നില്ല. കാരണം, ജനാധിപത്യത്തിനുമുകളിൽ പ്രവർത്തിക്കുന്ന ഒരു അധികാര ശക്തി ഇവിടെയുണ്ട്, അത് ജാതിയുടേതാണ്


എസ്. മുഹമ്മദ് ഇർഷാദ്

അസിസ്റ്റന്റ് പ്രഫസർ, മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്

Comments