Photo: Toiling for the Commonwealth - Photos by Ankit Sharma

ബജറ്റിലുണ്ട് കോടികൾ,
എന്നിട്ടും പഠിക്കാനുള്ള പണത്തിന് പണിയ്ക്കു പോകേണ്ടിവരുന്ന
SC/ST വിദ്യാർത്ഥികളുണ്ട്

2023-24, 2025-26 ബജറ്റുകളിൽ പട്ടികജാതി, പട്ടികവർഗ വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് വലിയ തുക മാറ്റിവെച്ചിട്ടുണ്ടെങ്കിലും, ഗ്രാന്റുകൾ ഇവർക്ക് മുടക്കമില്ലാതെ ലഭിക്കാത്തത് എന്തുകൊണ്ടാണ്? വകയിരുത്തുന്ന തുക ആ ആവശ്യത്തിനുതന്നെ ഉപയോഗപ്പെടുത്തുന്നുണ്ടോ? അത് ഉറപ്പാക്കാനുള്ള സംവിധാനമുണ്ടോ? ശ്രീനിജ് കെ.എസ് എഴുതുന്നു.

രോ വർഷവും ബജറ്റിൽ പട്ടികജാതി- പട്ടികവർഗ വികസനത്തിന് വകയിരുത്തുന്ന തുക, ആ ലക്ഷ്യത്തിനായി കൃത്യമായി തന്നെ വിനിയോഗിക്കപ്പെടുന്നു​​ണ്ടോ?
ഇല്ല എന്ന് തെളിയിക്കുന്നു, കേരളത്തി​ൽ ഉന്നത വിദ്യാഭ്യാസത്തിനെത്തുന്ന ഗവേഷകർ അടക്കമുള്ള പട്ടികവിഭാഗ വിദ്യാർത്ഥികളുടെ ജീവിതം.
ഇല്ല എന്ന് തെളിയിക്കുന്നു, ഇപ്പോഴും താൽക്കാലിക ഷെഡുകളിൽ കഴിയുന്ന പട്ടികവിഭാഗം കുടുംബങ്ങളുടെ ജീവിതം.

2023-24 സാമ്പത്തിക വർഷത്തിലെ സംസ്ഥാന ബജറ്റിൽ പട്ടികജാതി (SC), പട്ടികവർഗ (ST) വികസനത്തിന് കാര്യമായ തുക വകയിരുത്തിയിരുന്നു. SC വികസനത്തിന് 2,979.40 കോടി രൂപയും (സംസ്ഥാന ബജറ്റിന്റെ 9.81%) ST വികസനത്തിന് 859.50 കോടി (2.83%) രൂപയും.
2025-26 സാമ്പത്തിക വർഷത്തിൽ ഈ തുക ഗണ്യമായി വർദ്ധിച്ചു. പട്ടികജാതി വികസന വകുപ്പിന് 1801.60 കോടിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 1435.25 കോടിയും അടക്കം പട്ടികജാതി വികസനത്തിനുള്ള ഉപ പദ്ധതികൾക്കായി 3236.85 കോടി രൂപയാണ് വകയിരുത്തുന്നത്. ഇത് മുൻ വർഷത്തേക്കാൾ 114.90 കോടി രൂപ കൂടുതലാണ്.

വാർഷിക ബഡ്ജറ്റിൽ പോസ്റ്റ് മെട്രിക് സ്കോളർ ഷിപ്പ് ഇനത്തിൽ കൃത്യമായി തുക വകയിരുത്തുന്നുണ്ട്. എന്നാൽ ഇ-ഗ്രാന്റ് തുക സമയോചിതമായി വിദ്യാർത്ഥികൾക്ക് ലഭിക്കുന്നുണ്ട് എന്ന് എസ്.സി./എസ്.ടി. വകുപ്പും ധനകാര്യവകുപ്പും ഉറപ്പുവരുത്തുന്നില്ല.

പട്ടികവർഗവിഭാഗക്കാരുടെ വികസനത്തിനുള്ള പട്ടികവർഗ ഉപപദ്ധതിയ്ക്ക് 1020.44 കോടി രൂപ വകയിരുത്തുന്നു. ഇത് മുൻവർഷത്തേക്കാൾ 46.31 കോടി രൂപ അധികമാണ്. പട്ടികവർഗ വികസന വകുപ്പ് മുഖേന 804.70 കോടിയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ വഴി 215.74 കോടിയുമാണ് ചെലവഴിക്കുക.

എന്നിരുന്നാലും, ഈ ബജറ്റ് വിഹിതങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിൽ ഗുരുതരമായ പ്രശ്നങ്ങൾ നിലനിൽക്കുകയാണ്. ബജറ്റ് വിഹിതം ‘ഉദാരമാണെ’ങ്കിലും പട്ടികവിഭാഗക്കാരുടെ വിദ്യാഭ്യാസം, വീട്, തൊഴിൽപരിശീലനം തുടങ്ങിയ മേഖലകളിൽ ഫണ്ടു വിതരണത്തിലെ അവ്യക്തതയും കാലതാമസവും ഇവരുടെ മുന്നോട്ടുപോക്കിന് തടയിടുന്നു. ഉദാഹരണത്തിന്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനും ഉന്നത വിദ്യാഭ്യാസ ഗ്രാന്റുകൾക്കും വലിയ തുകകൾ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെങ്കിലും, SC/ST വിദ്യാർത്ഥികൾക്ക്, പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിലുള്ള ഗവേഷകർക്ക് തടസമില്ലാതെ ഈ തുക ലഭിക്കുന്നില്ല. രണ്ട് വർഷമായി ഈ വിദ്യാർത്ഥികൾ അധികൃതർക്ക് പരാതി നൽകിയും പ്രതിഷേധിച്ചും വിഷയം സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നുണ്ടെങ്കിലും ‘സാ​ങ്കേതിക പ്രശ്നം’ എന്നു പറഞ്ഞ് നിസ്സാരവൽക്കരിക്കുകയല്ലാതെ മറ്റ് പരിഹാരങ്ങളുണ്ടായിട്ടില്ല. ഫണ്ട് വകയിരുത്തലിനോളം ​പ്രധാനമാണ് അവ, അവകാശപ്പെട്ട വിഭാഗങ്ങൾക്ക് ലഭ്യമാക്കുക എന്നതും. അതിൽ ഇപ്പോഴത്തെ ഭരണസംവിധാനം തീർത്തും പരാജയമാണെന്ന് എസ്.സി- എസ്.ടി വിദ്യാർത്ഥികളുടെ അനുഭവം തെളിയിക്കുന്നു.

Photo: Toiling for the Commonwealth - Photos by Ankit Sharma
Photo: Toiling for the Commonwealth - Photos by Ankit Sharma

പട്ടികജാതി- പട്ടികവർഗ, പിന്നാക്ക വിഭാഗ- ന്യൂനപക്ഷ വിദ്യാർത്ഥികളുടെ വിവിധ സ്‌കോളർഷിപ്പുകൾ നൽകാൻ ചെലവഴിച്ചത് 3821 കോടി രൂപയാണ് എന്ന ഇത്തവണത്തെ ബജറ്റ് പ്രസംഗത്തിലുണ്ട്. പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള സഹായ പദ്ധതിയിൽ വിദ്യാഭ്യാസ സഹായത്തിന് 242 കോടി രൂപ വകയിരുത്തിയെന്നും പറയുന്നു. എന്നാൽ, ഉന്നത വിദ്യാഭ്യാസ മേഖലയിൽ SC/ST വിദ്യാർത്ഥികൾക്ക് അവകാശപ്പെട്ട ഫെലോഷിപ്പുകൾ മുടങ്ങുന്നതിന്റെ കാരണമോ അത് പരിഹരിക്കാനുള്ള നിർദേശങ്ങളോ ബജറ്റിലില്ല.

2023-24, 2025-26 ബജറ്റുകളിൽ പട്ടികജാതി, പട്ടികവർഗ വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് വലിയ തുക മാറ്റിവെച്ചിട്ടുണ്ടെങ്കിലും, ഈ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ഗ്രാന്റുകൾ സുഗമമായി ലഭിക്കാത്തത് എന്തുകൊണ്ടാണ്? വകയിരുത്തുന്ന തുക ആ ആവശ്യത്തിനുതന്നെ ഉപയോഗപ്പെടുത്തുന്നുണ്ടോ? അത് ഉറപ്പാക്കാനുള്ള സംവിധാനമുണ്ടോ?.

ഗവേഷണം അടക്കമുള്ള ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികൾക്കുള്ള ഗ്രാന്റുകൾ മുടങ്ങിയതുമൂലം ഭക്ഷണംപോലും കഴിക്കാനാകാതെ വലയുകയാണെന്ന് വിദ്യാർത്ഥികൾ തന്നെ പറയുന്നുണ്ട്. വംശീയമായ ആക്ഷേപങ്ങൾക്കുപോലും ഇവർ ഇരകളാക്കപ്പെടുന്നുണ്ട്. നിരവധിപേരാണ് കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഗവേഷണം പാതിവഴിയിൽ ഉപേക്ഷിച്ചുപോയത്. ഗ്രാന്റ് മുടങ്ങിയതിനാൽ, ഹോസ്റ്റലുകളിൽ പണം നൽകാനാകാതെയും മാർക്ക് ലിസ്റ്റും ടി.സിയും ലഭിക്കാതെയും നിരവധി വിദ്യാർത്ഥികൾ ചൂഷണം അനുഭവിക്കുന്നു. കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾ പോലും ഗ്രാന്റിനായി കാത്തിരിക്കുന്നുണ്ട്. ഇതിനെ തുടർന്ന്, പല കോളജുകളും ട്യൂഷൻ ഫീസ് ഈടാക്കാൻ കോടതിയെ സമീപിക്കുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വാഗ്ദാനം ചെയ്ത ഫ്രീ ഷിപ്പ് കാർഡ് നൽകാത്തതിനാൽ, പ്രവേശന സമയത്ത് വിദ്യാർത്ഥികളോട് സ്ഥാപനങ്ങൾ മുൻകൂർ ഫീസ് ഈടാക്കുന്നു. ഇത് വൻ കടബാധ്യതയായി മാറുന്നു. ഇത്തരം സാഹചര്യങ്ങളിൽ വിദ്യാർത്ഥികൾക്ക് പഠനം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നില്ല.

ഇ-ഗ്രാന്റ് പോർട്ടലുകൾ കൈകാര്യം ചെയ്യാൻ വിദഗ്ധരായ സ്റ്റാഫ് പോലും വകുപ്പിന് കീഴിലില്ല. കേന്ദ്ര ഗൈഡ്ലൈൻ അനുസരിച്ച്, വർഷത്തിൽ നാല് തവണ ഗ്രാന്റുകൾ നൽകേണ്ടിയിരുന്നു. എന്നാൽ, 2023 ജനുവരി 5-ന് സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവിൽ, വർഷത്തിൽ ഒറ്റത്തവണ മാത്രം ഗ്രാന്റുകൾ നൽകിയാൽ മതി എന്ന് മാറ്റി. ബജറ്റിൽ ഇതിനായി തുക വകയിരുത്തിയിട്ടും, സംസ്ഥാന വിഹിതം ഇ-ഗ്രാന്റ് പോർട്ടലിൽ നിക്ഷേപിച്ചിട്ടില്ല. ഇതിന്റെ ഫലമായി, രണ്ട് വർഷത്തിലേറെയായി ഗ്രാന്റുകൾ തടഞ്ഞിട്ടുണ്ട്. ഈ പ്രശ്നങ്ങൾ മാധ്യമങ്ങളിലൂടെയും വിദ്യാർത്ഥികളുടെ പ്രതിഷേധങ്ങളിലൂടെയും പരാതികളിലൂടെയും പുറത്തുവന്നിട്ടും ഉദ്യോഗസ്ഥ- ഭരണ സംവിധാനം ചെറുവിരലനക്കിയിട്ടില്ല. ബജറ്റ് വിഹിതം വർദ്ധിപ്പിച്ചിട്ടും, ഫണ്ടുകളുടെ ഫലപ്രദമായ വിനിയോഗം ഉറപ്പാക്കാൻ സംസ്ഥാന സർക്കാറിനു സാധിക്കുന്നില്ല എന്ന് ഇതിൽ നിന്ന് വ്യക്തമാണ്.

ലൈഫ് പദ്ധതി രണ്ടുഘട്ടം പൂർത്തിയായശേഷവും സംസ്ഥാനത്ത് ഭവനരഹിതരായി അഞ്ചു ലക്ഷത്തോളം കുടുംബങ്ങളുണ്ടെന്നാണ് കണക്ക്. ഇവരിൽ ഒന്നരലക്ഷത്തിലധികം പേർ സ്വന്തമായി ഭൂമി പോലുമില്ലാത്തവരാണ്.

വാർഷിക ബഡ്ജറ്റിൽ പോസ്റ്റ് മെട്രിക് സ്കോളർ ഷിപ്പ് ഇനത്തിൽ കൃത്യമായി തുക വകയിരുത്തുന്നുണ്ട്. എന്നാൽ ഇ-ഗ്രാന്റ് തുക സമയോചിതമായി വിദ്യാർത്ഥികൾക്ക് ലഭിക്കുന്നുണ്ട് എന്ന് എസ്.സി./എസ്.ടി. വകുപ്പും ധനകാര്യവകുപ്പും ഉറപ്പുവരുത്തുന്നില്ല. അവരുടെ പരാതികൾ പോലും വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കപ്പെടുന്നില്ല. തങ്ങൾ ഫോൺ ചെയ്താൽ ഉദ്യോഗസ്ഥർ എടുക്കുന്നതുപോലുമില്ലെന്ന് വിദ്യാർത്ഥികൾ തന്നെ പറയുന്നു. അത്ര ക്രൂരമാണ് ഈ വിദ്യാർത്ഥികളോടുള്ള അവഗണന.

ലൈഫ് പദ്ധതിയ്ക്കുമുണ്ട് കോടികൾ, പക്ഷെ…

ലൈഫ് പദ്ധതിയാണ് അവഗണനയുടെ മറ്റൊരു മേഖല. പട്ടികജാതിക്കാരായ 1,11,996 പേർക്കും പട്ടികവർഗത്തിലെ 43,332 പേർക്കും ലൈഫ് പദ്ധതിയിലൂടെ വീട് നൽകി എന്ന് ഇത്തവണത്തെ ബജറ്റിൽ പറയുന്നു.

എന്നാൽ, ഫണ്ടുകളുടെ വൈകിയ വിതരണവും ഭരണപരമായ തടസ്സങ്ങളും കാരണം നിരവധി കുടുംബങ്ങൾ ഇപ്പോഴും താൽക്കാലിക ഷെഡുകളിൽ കഴിയുകയാണ്. ലൈഫ് പദ്ധതിയനുസരിച്ച് വീട് ലഭിക്കുമെന്ന പ്രതീക്ഷയിൽ, ഉണ്ടായിരുന്ന കുടിൽ പൊളിച്ചുകളഞ്ഞവരും നിരവധിയുണ്ട്. സ്വന്തമായി ഒരു തുണ്ടു ഭൂമിയുള്ളവരും ഒരിഞ്ചുപോലും ഭൂമിയില്ലാത്തവരും ഒരുപോലെ വീടിനായി കാത്തിരിപ്പുണ്ട്. പദ്ധതി രണ്ടുഘട്ടം പൂർത്തിയായശേഷവും സംസ്ഥാനത്ത് ഭവനരഹിതരായി അഞ്ചു ലക്ഷത്തോളം കുടുംബങ്ങളുണ്ടെന്നാണ് കണക്ക്. ഇവരിൽ ഒന്നരലക്ഷത്തിലധികം പേർ സ്വന്തമായി ഭൂമി പോലുമില്ലാത്തവരാണ്.

വിലക്കയറ്റത്തിന്റെ ഈ കാലഘട്ടത്തിൽ നാലു ലക്ഷമല്ല, അതിലേറെ ചെലവിട്ടാലും വീട് നിർമ്മാണം പൂർത്തിയാകണമെന്നില്ല.  Photo: Muhammad Hanan
വിലക്കയറ്റത്തിന്റെ ഈ കാലഘട്ടത്തിൽ നാലു ലക്ഷമല്ല, അതിലേറെ ചെലവിട്ടാലും വീട് നിർമ്മാണം പൂർത്തിയാകണമെന്നില്ല. Photo: Muhammad Hanan

ലൈഫ് പദ്ധതി പ്രകാരം ഒരു ഗുണഭോക്താവിന് വീടുനിർമ്മാണത്തിന് നാലു ലക്ഷം രൂപയാണ് അനുവദിക്കുന്നത്. ഹഡ്കോ, ഗ്രാമ - ബ്ലോക്ക് പഞ്ചായത്തുകൾ, സർക്കാർ, ജില്ലാ പഞ്ചായത്ത് എന്നിവയുടെയെല്ലാം വിഹിതം ചേർത്തുള്ളതാണ് തുക. വായ്പയായി ഓരോ വീടിനും 2,20,000 രൂപ നിരക്കിലാണ് ഹഡ്കോ വിഹിതം. സർക്കാർ ഒരുലക്ഷം രൂപ നൽകും. വിലക്കയറ്റത്തിന്റെ ഈ കാലഘട്ടത്തിൽ നാലു ലക്ഷമല്ല, അതിലേറെ ചെലവിട്ടാലും വീട് നിർമ്മാണം പൂർത്തിയാകണമെന്നില്ല. നിർമ്മാണത്തിന്റെ ഓരോ ഘട്ടം തീരുന്ന മുറയ്ക്കാണ് അടുത്ത ഘട്ടത്തിന് പണം അനുവദിക്കുന്നത്. നടപടിക്രമങ്ങളുടെ നൂലാമാലകളിൽ കുടുങ്ങി സഹായം വൈകുന്നത് പതിവാണ്. പാതിവഴിയിൽ മുടങ്ങിപ്പോയ വീടുകളുടെ അവസ്ഥ കണ്ട് താൽക്കാലിക ഷെഡുകളിൽ കഴിയേണ്ട സ്ഥിതിയാണ് പലർക്കും.

രണ്ടും മൂന്നും വർഷം മുൻപേ വീടിനായി കരാർ ഒപ്പിട്ടവരിൽ പലർക്കും ഇതുവരെ ആദ്യ ഗഡു പോലും ലഭിച്ചിട്ടില്ലെന്നാണ് പരാതി. രണ്ടാം ഗഡുവിന് മാസങ്ങളായി കാത്തിരിക്കുന്നവരും, അവസാന ഗഡു ലഭിക്കാതെ ആകാശം നോക്കിയിരിക്കുന്നവരും കുറവല്ല. അടുത്ത അഞ്ചു വർഷത്തിനകം സംസ്ഥാനത്തെ മുഴുവൻ ഭവനരഹിതർക്കും വീട് നൽകുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. വാസയോഗ്യമായ ഒരിടം എല്ലാ മനുഷ്യരുടെയും സ്വപ്നമാണ്. അതുകൊണ്ടുതന്നെ ലൈഫ് പദ്ധതി മുടങ്ങാൻ ഇടവരുന്നത് പാവപ്പെട്ട ഭവനരഹിതരോട് കാണിക്കുന്ന ക്രൂരതയാകും. പദ്ധതിക്കായി വലിയ തുക ബഡ്ജറ്റിൽ മാറ്റിവെച്ചതുകൊണ്ടുമാത്രം കാര്യമില്ല. അത് കാര്യക്ഷമായി നടപ്പാക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താനുള്ള സർക്കാർ സംവിധാനങ്ങളും ആവശ്യമാണ്.

സംസ്ഥാന ബജറ്റിൽ SC/ST വിഭാഗങ്ങളുടെ വികസനത്തിന് മാറ്റിവെക്കുന്ന കോടികളുടെ പ്രയോജനം അവകാശപ്പെട്ട മനുഷ്യർക്ക് ലഭിക്കുന്നില്ല എന്നാണ് ഈ ​പ്രശ്നങ്ങളെല്ലാം തെളിയിക്കുന്നത്. വിദ്യാഭ്യാസം, ഹൗസിങ്, തൊഴിൽപരിശീലനം തുടങ്ങിയ മേഖലകളിൽ പ്രഖ്യാപിച്ച ഫണ്ടുകൾ, നിലനിൽക്കുന്ന പ്രശ്നങ്ങൾ രൂക്ഷമാക്കിക്കൊണ്ടുതന്നെ, ഉപകാരമില്ലാതെ, കണക്കുകളിൽ മാത്രമുള്ള അവസ്ഥയിലാണ്. ബജറ്റിൽ വകയിരുത്തുന്ന തുകയുടെ ഫലപ്രദമായ വിനിയോഗം ഉറപ്പാക്കുന്നതിൽ ബജറ്റിനുതന്നെയും ഉത്തരവാദിത്തമുണ്ട്. എന്നാൽ, വർധിപ്പിച്ച തുകകളുടെ അവകാശവാദങ്ങൾ ഓരോ വർഷവും ആവർത്തിക്കുന്നുവെന്നതല്ലാതെ, കൃത്യമായ ഓഡിറ്റിങ്, പട്ടികജാതി- പട്ടികവിഭാഗ വികസനത്തിനായുള്ള വകയിരുത്തലുകളുടെ കാര്യത്തിൽ ഉണ്ടാകുന്നില്ല.

Comments