അയോദ്ധി ദാസ്

അയോദ്ധി ദാസ് എന്ന പണ്ഡിതൻ

പെരിയോർക്കുമുൻപേ സാമൂഹ്യ പരിഷ്‌കാര നടപടികളിൽ ഏർപ്പെട്ടു. അംബേദ്കർക്കുമുൻപേ ബുദ്ധമതം സ്വീകരിച്ചു. തമിഴ് സാമൂഹ്യ- സാംസ്‌കാരിക അന്തരീക്ഷത്തിൽ ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന വ്യക്തിയാണ് അയോദ്ധി ദാസ പണ്ഡിതർ.

ത് അയോദ്ധി ദാസിന്റെ 187ാ-മത്തെ വാർഷികം.
തമിഴ് സാമൂഹ്യ- സാംസ്‌കാരിക അന്തരീക്ഷത്തിൽ ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന വ്യക്തിയാണ് അയോദ്ധി ദാസ പണ്ഡിതർ എന്ന പണ്ഡിത അയോദ്ധി ദാസ്. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ. സർക്കാർ ഈയിടെ അയോദ്ധി ദാസ പണ്ഡിതരുടെ ഓർമയ്ക്ക്​ ഒരു അവാർഡും പ്രഖ്യാപിച്ചിരിക്കുകയാണ്. കരുണാനിധിയുടെ ഭരണകാലത്തുതന്നെ അയോദ്ധി ദാസിന്റെ ചിന്തകളെക്കുറിച്ച് ചർച്ചകളും സംവാദങ്ങളും നടന്നിരുന്നു. എന്നാൽ ദ്രാവിഡ ആശയങ്ങളുടെ സൂക്ഷിപ്പുകാരനായ കരുണാനിധി അവയ്ക്ക് അർഹമായ പരിഗണന നൽകിയില്ല എന്ന പരാതി പണ്ഡിതരുടെ അനുയായികൾക്കുണ്ടായിരുന്നു. സ്റ്റാലിന്റെ പ്രഖ്യാപനം അയോദ്ധി ദാസ പണ്ഡിതരുടെ സാംസ്‌കാരിക പ്രസക്തിയെ മാത്രമല്ല രാഷ്ട്രീയ പ്രാധ്യത്തെയും ഉറപ്പിക്കുന്നു.

ഓരോ കാലഘട്ടത്തിലും ഓരോ ചിന്താപദ്ധതി സമൂഹത്തെ സ്വാധീനിക്കുന്നു. തമിഴ് സമൂഹത്തിലും ഇത്​ കാണാൻ കഴിയും. സ്വാന്തന്ത്ര്യസമര കാലത്തും ശേഷവും ഇന്ത്യൻ ദേശീയത എന്ന ആശയം വ്യാപകമായിരുന്നു. അതേസമയത്തുതന്നെ സ്വാതന്ത്ര്യം നേടുന്നതിന് മുൻപ് സാമൂഹ്യ അവകാശങ്ങൾ നേടേണ്ടതുണ്ട് എന്ന വാദവുമായി ദ്രാവിഡ പ്രസ്ഥാനങ്ങൾ നിന്നു. കാർഷിക മേഖലയിലും തൊഴിൽരംഗത്തും ഇടതു പ്രസ്ഥാനങ്ങൾ ശക്തിപ്പെട്ടു. ഈ പ്രസ്ഥാനങ്ങളും അവയുടെ ആശയങ്ങളും പ്രശ്‌നങ്ങളെ കണ്ടത് പൊതുവായ കാഴ്ചപ്പാടിലൂടെ മാത്രമാണ്. പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നില്ല എന്ന അഭിപ്രായം നിലനിന്നു. ആ സമയത്താണ് അംബേദ്കറുടെ ചിന്തകൾ തമിഴ് മണ്ണിൽ ചർച്ചാവിഷയമായതും ദലിത് സംഘടനകൾ രൂപം കൊണ്ടതും.

ഇന്ന് തമിഴ് നാട്ടിലെ ആരാധനാലയങ്ങളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ദൈവങ്ങൾ ബുദ്ധമതവുമായി ബന്ധപ്പെട്ടവയാണ് എന്ന കണ്ടുപിടുത്തം അയോദ്ധി ദാസ പണ്ഡിതരുടെതാണ്.

രണ്ടായിരാമാണ്ടിന്റെ തുടക്കത്തിൽ അയോദ്ധി ദാസ് ചിന്തകളുമായി ബന്ധപ്പെട്ട്​തമിഴകത്തെ രാഷ്ട്രീയ - സാമൂഹ്യ രംഗങ്ങളിൽ പുതിയ ചർച്ചകൾ ആരംഭിച്ചു. തമിഴ് ദേശീയത, ദ്രാവിഡ ദേശീയത എന്നീ ആശയങ്ങളാൽ പുറന്തള്ളപ്പെട്ട ദാസരുടെ ചിന്തകൾ ഇന്ന് തമിഴകത്ത്​ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു.

അയോദ്ധി ദാസ് 1845 ൽ മദ്രാസിൽ ജനിച്ചു. കാത്തവരായൻ എന്നാണ്​ യഥാർത്ഥ പേര്. പഠിപ്പിച്ച ആശാനോടുള്ള സ്‌നേഹം സ്വന്തം പേര് ഉപേക്ഷിച്ച് ഗുരുവിന്റെ പേര് സ്വീകരിക്കുവാൻ പ്രേരിപ്പിച്ചു. സിദ്ധ വൈദ്യമായിരുന്നു തൊഴിൽ. ദാസിന്റെ അച്ഛൻ, ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ജോർജ് ഹാറിംഗഠന്റെ പാചകക്കാരനായിരുന്നു. അത് ദാസിനെ സഹായിക്കുകയും ചെയ്തു. ഇംഗ്ലീഷിനുപുറമേ സംസ്‌കൃതം, പാലി ഭാഷകളിലും അദ്ദേഹം പാണ്ഡിത്യം നേടി.

'ഒരു പൈസ തമിഴൻ'. 1907, ജൂലെെ 3 പതിപ്പ് / Photo: Wikimedia Commons

നീലഗിരി ജില്ലയിൽ താമസിക്കുന്ന കാലത്ത് ആദ്യ വിവാഹം നടന്നു. ആ ബന്ധത്തിൽ പിറന്ന കുഞ്ഞിന്റെ ബാല്യമരണവും ഭാര്യയുടെ മരണവും അദ്ദേഹത്തെ തളർത്തി. തുടർന്ന്​ ബർമയിലേക്കു പോയി. പത്തു വർഷം അവിടെ താമസിച്ചു. ആ കാലത്ത് ബുദ്ധമതത്തെക്കുറിച്ച് അറിയുകയും പഠിക്കുകയും ചെയ്തു. ജനിച്ചത് ഹിന്ദു മതത്തിലാണെങ്കിലും അവിടെ ആചരിക്കപ്പെട്ട സമ്പ്രദായങ്ങൾ ദാസിന് പഥ്യമായിരുന്നില്ല. മനുഷ്യരെ തുല്യരായി കരുതുന്നു ബുദ്ധ മതം, അതാണ് പിന്നാക്കക്കാരുടെ ആശ്രയം എന്ന അടിസ്ഥാനത്തിൽ ശ്രീലങ്കയിലെത്തി ദീക്ഷ നേടി.

തമിഴ്നാട്ടിൽ ബുദ്ധമതത്തിന്റെ സ്വാധീനം വിപുലമാണ് എന്നാണ്​ പണ്ഡിതരുടെ പക്ഷം. പിന്നാക്കക്കാരുടെ മതമായിരുന്നു എന്നും ഉറച്ചു വിശ്വസിച്ചു. ഇന്ന് തമിഴ് നാട്ടിലെ ആരാധനാലയങ്ങളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ദൈവങ്ങൾ ബുദ്ധമതവുമായി ബന്ധപ്പെട്ടവയാണ് എന്ന കണ്ടുപിടുത്തം അദ്ദേഹത്തിന്റേതാണ്. ഈ ആശയങ്ങൾ ജനങ്ങളുടെ സാംസ്കാ​രിക ജീവിതത്തെയും വാമൊഴി കഥകളെയും ആധാരമാക്കി രൂപപ്പെടുത്തിയതാണ്​. ഇന്ത്യൻ ചരിത്രത്തെയും ബുദ്ധ ചിന്തയിലൂടെ കാണുന്നു. ‘ഇന്ദിരർ ദേശ ചരിത്രം' എന്ന പുസ്തകത്തിൽ നാം ഇതേവരെ പഠിച്ച ഇന്ത്യാ ചരിത്രത്തെ അദ്ദേഹം മറിച്ചിടുന്നതുകാണാം.

പെരിയോർക്കുശേഷം തമിഴ് സംസ്‌കാരം കണ്ട മികച്ച ചിന്തകനും വിപ്‌ളവകാരിയുമായാണ് ഇന്ന് അയോദ്ധി ദാസ പണ്ഡിതരെ പരിഗണിക്കുന്നത്​.

പൗരാണിക മതങ്ങൾക്കുപകരം ബുദ്ധമതത്തെ സ്ഥാപിച്ചു. പിന്നാക്ക വിഭാഗക്കാരെ അവകാശ സമരത്തിന് സജ്ജരാക്കി. ദളിത്​ പക്ഷത്തു നിന്ന്​ ആദ്യത്തെ ദിനപത്രം - ഒരു പൈസ തമിഴൻ - പ്രസിദ്ധീകരിച്ചു. പെരിയോർക്കുമുൻപേ സാമൂഹ്യ പരിഷ്‌കാര നടപടികളിൽ ഏർപ്പെട്ടു. അംബേദ്കർക്കുമുൻപേ ബുദ്ധമതം സ്വീകരിച്ചു. പിന്നാക്കക്കാരുടെ, പ്രത്യേകിച്ചും ആദി ദ്രാവിഡ വിഭാഗത്തിന്റെ ചരിത്ര- സംസ്‌കാര നേട്ടങ്ങളെ വെളിപ്പെടുത്തി. അയോദ്ധി ദാസ പണ്ഡിതരുടെ മികവുറ്റ സംഭവനകളായി ഇന്ന് പറയപ്പെടുന്നവയാണ് ഇവയെല്ലാം. എന്നാൽ അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ഇവയൊന്നും പൊതുലോകം അറിഞ്ഞിരുന്നില്ല; അംഗീകരിച്ചിരുന്നില്ല.

1999 ൽ തിരുനെൽവേലി സേവിയർ കോളേജിലെ ഫോക്​ലോർ ഗവേഷണ വിഭാഗം അധ്യാപകൻ ജ്ഞാന അല്ലോസിയസ്, അയോദ്ധി ദാസ പണ്ഡിതർ ചിന്തനയ്കൾ എന്ന പുസ്തകം മൂന്നു വാള്യങ്ങളിൽ പുറത്തിറക്കി. തമിഴ് ചിന്താലോകത്ത് പുതിയ ചർച്ചയ്ക്കും അന്വേഷണത്തിനും അത് തുടക്കമിട്ടു. പെരിയോർക്കുശേഷം തമിഴ് സംസ്‌കാരം കണ്ട മികച്ച ചിന്തകനും വിപ്‌ളവകാരിയുമായാണ് ഇന്ന് അയോദ്ധി ദാസ പണ്ഡിതരെ പരിഗണിക്കുന്നത്​. അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഒരു സിദ്ധ വൈദ്യ കോളേജിന് പണ്ഡിതരുടെ പേരിട്ടിരിക്കുന്നു. സ്മാരകം പണിയുമെന്നും മുഖ്യമന്ത്രി സ്റ്റാലിൻ അറിയിച്ചിരിക്കുന്നു. ദ്രാവിഡ പ്രസ്ഥാനത്തിന്റെ വർത്തമാനകാല ഉപഭോക്താവ് എന്ന നിലയ്ക്ക് സ്റ്റാലിന് ഈ നടപടി അത്യാവശ്യവുമാണ്. എന്തെന്നാൽ, 70 വർഷങ്ങളായി ദ്രാവിഡ പ്രസ്ഥാനങ്ങൾ അവകാശപ്പെട്ടുവരുന്ന ദ്രാവിഡൻ, ആദി തമിഴൻ എന്നീ ആശയങ്ങൾ മുളച്ചത് അയോദ്ധി ദാസ പണ്ഡിതരുടെ ചിന്തയിൽ നിന്നാണ്. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ ​ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


എൻ. സുകുമാരൻ

കവി, നോവലിസ്​റ്റ്​, വിവർത്തകൻ. കാലച്ചുവട്​ എന്ന തമിഴ്​ പ്രസിദ്ധീകരണത്തി​ന്റെ എക്​സിക്യൂട്ടീവ്​ എഡിറ്റർ. കുങ്കുമം എന്ന തമിഴ്​ മാഗസിൻ എഡിറ്ററും സൂര്യ ടി.വി ചീഫ്​ എഡിറ്ററുമായിരുന്നു.

Comments