തമിഴ്നാട്ടിലെ കരൂർ ജില്ലയിലെ രണ്ട് ക്ഷേത്രങ്ങളിൽ മൂന്ന് തലമുറകളായി ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന ദലിത് ഭക്തർ, വിജയ് സർക്കാരിന്റെ ഇടപെടലിലൂടെ, ക്ഷേത്രത്തിൽ പ്രവേശിച്ച് പ്രാർത്ഥന നടത്തി. ഈ ക്ഷേത്രപ്രവേശനം വലിയ ചർച്ചകൾക്ക് വഴിതുറക്കുകയും ചെയ്തിട്ടുണ്ട്.
ജാതിവിവേചനത്തിനെതിരായ ഭരണകൂടത്തിന്റെ പുരോഗമനപരമായ നിലപാടായി പൊതുവെ ഇതിനെ വിശേഷിപ്പിക്കുമ്പോഴും, ഈ സംഭവത്തെ മുൻനിർത്തി ചില അടിസ്ഥാന ചോദ്യങ്ങൾ ഉയർത്തേണ്ടതുണ്ട്.
കേവലം ക്ഷേത്രപ്രവേശനം കൊണ്ടുമാത്രം പടർന്നുപന്തലിച്ചുകിടക്കുന്ന ജാതിവേരുകൾ സമൂഹത്തിൽനിന്ന് ഇല്ലാതാകുമോ? മതവും രാഷ്ട്രീയവും പരസ്പരം കൂടിക്കുഴയുന്ന സമകാലിക സാഹചര്യത്തിൽ, ഇത്തരം ഭരണകൂട ഇടപെടലുകളെ കേവലം ഭരണഘടനാപരമായ വിജയമായി ലളിതവൽക്കരിക്കാനാകുമോ? സാമൂഹികമായ ഈ സമസ്യകൾക്ക് കൃത്യമായ ഉത്തരം ഡോ. ബി.ആർ. അംബേദ്കറുടെ വിപ്ലവകരമായ ജാതിവിമർശന ചിന്തകളിലുണ്ട്.
കരൂരിൽ നടന്നത്
കരൂർ ജില്ലയിലെ മൺമംഗലം താലൂക്കിലുള്ള പുഞ്ചൈ കടമ്പൻകുറിച്ചി ഗ്രാമത്തിലെ അരുൾമിഗു ശ്രീ മാരിയമ്മൻ ക്ഷേത്രം, അരുൾമിഗു ചെല്ലണ്ടി അമ്മൻ ക്ഷേത്രങ്ങളിൽ പട്ടികജാതിക്കാർക്ക് ദീർഘകാലമായി ആരാധനാസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്നു. മെയ് മാസത്തിലെ ക്ഷേത്രോത്സവത്തിനിടെ ഈ വിവേചനം രൂക്ഷമായതോടെയാണ് പരാതിയായി ഉയർന്നത്. തുടർന്ന് സർക്കാർ അടിയന്തരമായി ഇടപെട്ട്, വിവേചനത്തിന് കൂട്ടുനിന്ന പഴയ ഭരണസമിതിയെ നീക്കുകയും ഹിന്ദു മത- ധർമ്മസ്ഥാപന വകുപ്പിന്റെ (HR&CE) കീഴിൽ പുതിയ അഡ്മിനിസ്ട്രേറ്റർമാരെ നിയമിക്കുകയും ചെയ്തു. ഒടുവിൽ കനത്ത പോലീസ് സംരക്ഷണയിൽ ദലിത് ഭക്തർ ക്ഷേത്രത്തിൽ പ്രവേശിച്ച് ആരാധന നടത്തി.
ഭരണകൂടത്തിന്റെ ശക്തമായ ഇടപെടലിലൂടെ ഭരണഘടനാപരമായ തുല്യാവകാശം നടപ്പിലാക്കിയ നടപടി എന്ന നിലയിൽ ഇതിന് വലിയ പ്രാധാന്യമുണ്ടെന്നത് തർക്കമില്ലാത്ത കാര്യമാണ്. എന്നാൽ, ഈ നടപടി സമൂഹത്തിൽ ഘടനാപരമായി എന്തു മാറ്റമുണ്ടാക്കും എന്നതാണ് ചോദ്യം. നൂറിലധികം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചാണ് ‘ചരിത്രപരമായ' ഈ ക്ഷേത്രപ്രവേശനം സാധ്യമാക്കിയത് എന്ന വസ്തുത തന്നെ, ഇത് സ്വാഭാവികമായ സാമൂഹിക മാറ്റമല്ലെന്ന് വ്യക്തമാക്കുന്നുണ്ട്. മറിച്ച്, ഭരണകൂടത്തിന്റെ ‘ബലപ്രയോഗ’ത്തിലൂടെ താൽക്കാലികമായി ഉണ്ടാക്കിയെടുത്ത ഒത്തുതീർപ്പു സന്ധി മാത്രമാണിത്.

പ്രദേശവാസികളായ ദലിതർക്ക് പതിറ്റാണ്ടുകളായി ക്ഷേത്രത്തിന് പുറത്തുനിന്നുമാത്രം പ്രാർത്ഥിക്കേണ്ടി വന്നു എന്ന യാഥാർത്ഥ്യം, അവിടുത്തെ മണ്ണിൽ വിവേചനം എത്രമാത്രം ആഴത്തിൽ വേരോടിയതാണെന്ന് തെളിയിക്കുന്നു. അതുകൊണ്ടുതന്നെ, ഇപ്പോഴുള്ള പോലീസ് സംരക്ഷണം പിൻവലിക്കപ്പെടുമ്പോൾ ഈ പ്രവേശനാവകാശം തുടരുമോ എന്നത് വരുംദിവസങ്ങളിൽ കാത്തിരുന്നുകാണേണ്ടിവരും. ഒരു ജനാധിപത്യ രാജ്യത്ത് തുല്യാവകാശം നടപ്പിലാക്കാൻ പോലും ഇത്ര പോലീസ് ബലം ആവശ്യമായി വരുന്നു എന്നത്, സവർണ മേധാവിത്വം എത്ര ശക്തമായി തുടരുന്നു എന്നതിന്റെ കൃത്യമായ സൂചനയാണ്.
അംബേദ്കറും
ക്ഷേത്രപ്രവേശനവാദത്തിന്റെ
പരിമിതിയും
1930-കളിൽ നാസിക്കിലെ പ്രസിദ്ധമായ കാലാറാം രാമക്ഷേത്ര പ്രവേശന സത്യാഗ്രഹത്തിന് നേരിട്ട് നേതൃത്വം നൽകിയ ഡോ. ബി.ആർ. അംബേദ്കർ തന്നെയാണ് പിന്നീട് അത്തരം സമരങ്ങളുടെ പരിമിതികളെ ഏറ്റവും ശക്തമായി ചൂണ്ടിക്കാണിച്ചതെന്നത് ചരിത്രവസ്തുതയാണ്. തങ്ങളെ അടിമപ്പെടുത്തുകയും ചൂഷണം ചെയ്യുകയും ചെയ്ത അതേ വ്യവസ്ഥിതിയുടെ മൂല്യങ്ങളിലേക്കുള്ള നിരർത്ഥകമായൊരു പ്രവേശനത്തിനപ്പുറം മറ്റൊന്നും ക്ഷേത്രപ്രവേശനത്തിലൂടെ കീഴാള ജനവിഭാഗങ്ങൾക്ക് ലഭിക്കാനില്ലെന്ന് അദ്ദേഹം ക്രമേണ തിരിച്ചറിഞ്ഞു. കേവലമായ ആരാധനാ സ്വാതന്ത്ര്യത്തിനപ്പുറം വിപ്ലവാത്മകമായൊരു ദിശാബോധം തന്റെ പോരാട്ടങ്ങൾക്ക് നൽകാനാണ് അദ്ദേഹം പിന്നീട് ശ്രമിച്ചത്. ഇതിന്റെ ശക്തമായ പ്രഖ്യാപനമായിരുന്നു മനുസ്മൃതി പരസ്യമായി കത്തിച്ച നടപടി. അയിത്തജനതയെ അടിച്ചമർത്തുന്ന അധീശത്വ പ്രത്യയശാസ്ത്രങ്ങളായ സ്മൃതികളുടെയും ഹൈന്ദവ മതഗ്രന്ഥങ്ങളുടെയും സ്വാധീനം സമൂഹത്തിൽനിന്ന് പൂർണ്ണമായി ഇല്ലാതാക്കാതെ, യഥാർത്ഥ വിമോചനം സാധ്യമല്ലെന്ന തിരിച്ചറിവാണ് ഘടനാപരമായ ഈ വിച്ഛേദനത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്.
ക്ഷേത്രപ്രവേശനം എന്നത് ജാതിവ്യവസ്ഥയ്ക്കെതിരായ പ്രതീകാത്മക പ്രതിരോധം മാത്രമാണെന്നും, അത് ജാതിയുടെ സാമൂഹികവും സാമ്പത്തികവുമായ യഥാർത്ഥ അടിത്തറയെ സ്പർശിക്കുന്നില്ലെന്നും അംബേദ്കർ ആഴത്തിൽ മനസ്സിലാക്കിയിരുന്നു. ജാതി എന്നത് കേവലം തൊഴിൽ വിഭജനമല്ല, മറിച്ച്, തൊഴിലാളികളുടെ തന്നെ ശ്രേണീബദ്ധമായ വിഭജനമാണ്. അതുകൊണ്ടുതന്നെ, ക്ഷേത്രവാതിലുകൾ തുറക്കുന്നത്, ജാതീയമായ ശ്രേണീബദ്ധതയെ മാറ്റമില്ലാതെ നിലനിർത്തുന്ന ഉപരിപ്ലവമായ പരിഷ്കാരം മാത്രമായി ഒതുങ്ങിപ്പോകുമെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആശങ്ക.
ഈ കൃത്യമായ ബോധ്യത്തെത്തുടർന്നാണ്, 1935-ൽ യൗലയിൽ നടന്ന ചരിത്രപ്രസിദ്ധമായ സമ്മേളനത്തിൽ "ഞാൻ ഒരു ഹിന്ദുവായി ജനിച്ചെങ്കിലും ഹിന്ദുവായി മരിക്കില്ല" എന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. ഹിന്ദുമതത്തിന്റെ നിലവിലുള്ള ഘടനയ്ക്കകത്തുനിന്നുകൊണ്ട് ജാതി ഉന്മൂലനം ചെയ്യുക എന്നത് അസാധ്യമാണെന്ന യുക്തിഭദ്രമായ നിഗമനമാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിലുണ്ടായിരുന്നത്.

കരൂർ ജില്ലയിലെ സംഭവവികാസങ്ങളെ വിലയിരുത്തുമ്പോൾ, അംബേദ്കറുടെ ഇതേ ദർശനം പ്രസക്തമായി വരുന്നു. ശ്രീകോവിലെ അയിത്തം, ഭരണസമിതിയിലെ പ്രതിനിധാനത്തിന്റെ അഭാവം, വരുമാനവിതരണത്തിലെ വിവേചനങ്ങൾ, ജീവനക്കാരുടെ നിയമനത്തിലെ ജാതീയത എന്നിവയൊന്നും അഭിസംബോധന ചെയ്യാതെ, കേവലം വഴിപാടായുള്ള പ്രവേശനാനുമതി കൊണ്ടു മാത്രം സമഗ്രമായ സാമൂഹികനീതി സാധ്യമാകില്ല. സവർണ്ണാധികാരത്തിന്റെ ഘടനകൾ ശക്തമായി നിലനിൽക്കുന്ന ഒരു സ്ഥാപനത്തിലേക്ക് നിയമത്തിന്റെ ബലത്തിലോ പോലീസ് സംരക്ഷണത്തിലോ താൽക്കാലികമായി പ്രവേശിച്ചതുകൊണ്ടുമാത്രം ആ സ്ഥാപനത്തിന്റെ ആന്തരിക ജാതിബോധത്തെ മാറ്റിമറിക്കാൻ കഴിയില്ല. അംബേദ്കർ ആവർത്തിച്ച് ഓർമ്മിപ്പിച്ചതുപോലെ, മനുഷ്യമനസ്സിൽ വേരോടിയ അയിത്തബോധത്തെ കേവലം നിയമപുസ്തകങ്ങൾ കൊണ്ട് ഇല്ലാതാക്കാനാവില്ല; മറിച്ച്, അത് സാധ്യമാകണമെങ്കിൽ ആഴത്തിലുള്ള സാമൂഹിക പുനർനിർമ്മാണം തന്നെ അനിവാര്യമാണ്.
ഭരണഘടനയും മതവും:
അതിർവരമ്പിന്റെ പ്രശ്നം
ഇന്ത്യൻ ഭരണഘടനയുടെ 17-ാം അനുച്ഛേദം അയിത്താചരണത്തെ പൂർണ്ണമായി നിരോധിക്കുന്നുണ്ട്. കൂടാതെ, അനുച്ഛേദം 25, 26 എന്നിവ പൗരർക്ക് മതസ്വാതന്ത്ര്യം ഉറപ്പുനൽകുമ്പോൾ തന്നെ, ആ സ്വാതന്ത്ര്യം പൊതുക്രമം, ധാർമികത, ആരോഗ്യം, സാമൂഹിക പരിഷ്കരണം എന്നിവയ്ക്ക് വിധേയമാണെന്നും വ്യക്തമാക്കുന്നു. ഇതാണ് കരൂർ സംഭവത്തിൽ വിവേചനത്തിനെതിരെ ശക്തമായി ഇടപെടാൻ തമിഴ്‌നാട് ഭരണകൂടത്തിന് നിയമപരമായ അടിത്തറയേകിയത്.
എന്നാൽ, ഈ നടപടിക്കുപിന്നിൽ ഗൗരവമേറിയ ഒരു സൈദ്ധാന്തിക ചോദ്യം അവശേഷിക്കുന്നുണ്ട്: മതിലിനു പുറത്തുള്ള പൊതുമണ്ഡലത്തിലെ ജാതിവിവേചനത്തെ ഭരണഘടനയുടെ കരുത്തിൽ ചെറുക്കാൻ കഴിയുന്നതുപോലെ, മതിലിനകത്തെ ആചാരപരവും വിശ്വാസപരവുമായ ശ്രേണീബദ്ധതയെ അതേ നിയമോപാധികൾ കൊണ്ട് എത്രത്തോളം മാറ്റാൻ കഴിയും?
നിയമത്തിന് ഒരാളെ ക്ഷേത്രത്തിനകത്തേക്ക് ഭൗതികമായി ആനയിക്കാൻ കഴിഞ്ഞേക്കാം; എന്നാൽ ആ ക്ഷേത്രത്തിനകത്തെ പൗരോഹിത്യ ക്രമത്തിലോ ആചാരാനുഷ്ഠാനങ്ങളുടെ ശ്രേണിയിലോ ദേവസ്വംഭരണത്തിലെ ജാതി പ്രതിനിധാനത്തിലോ ഇടപെടാൻ അതേ നിയമത്തിന് പരിമിതികളുണ്ട്. ഹിന്ദുമതത്തിന്റെ ദൈവശാസ്ത്രപരമായ അടിത്തറ തന്നെ ജാതിശ്രേണിയിലാണ് കെട്ടിപ്പടുത്തിരിക്കുന്നതെന്ന് ഡോ. ബി.ആർ. അംബേദ്കർ ‘ജാതി ഉന്മൂലനം’ (Annihilation of Caste) എന്ന വിഖ്യാത കൃതിയിൽ വിശദമായി സ്ഥാപിക്കുന്നുണ്ട്. അതുകൊണ്ടാണ് മതത്തിനകത്ത് നിന്നുകൊണ്ടുള്ള പരിഷ്കരണങ്ങൾ തികച്ചും പരിമിതഫലമേ നൽകൂ എന്ന് അദ്ദേഹം ശക്തമായി വാദിച്ചത്. മതത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളും ആചാരങ്ങളും ജാതിയെ ദൈവികമായ ഒന്നായി സാധൂകരിക്കുമ്പോൾ, ആ ഘടനയ്ക്കകത്തേക്ക് വിവേചനം നേരിടുന്ന ഒരാളെ കേവലം പ്രവേശിപ്പിക്കുന്നത് ചിലപ്പോൾ ആ ഘടനയെ അറിഞ്ഞോ അറിയാതെയോ അംഗീകരിക്കുകയും നിലനിർത്തുകയും ചെയ്യുന്ന പ്രക്രിയയായി മാറിപ്പോകാം.

ഇത് അംബേദ്കറുടെ ഏറ്റവും മൗലികമായ ഒരു ഉൾക്കാഴ്ചയിലേക്കാണ് വിരൽചൂണ്ടുന്നത്: ജാതി എന്നത് ഹിന്ദുമതത്തിൽ അവിചാരിതമായി ഉണ്ടായ വൈകൃതമല്ല, മറിച്ച് ആ മതത്തിന്റെ ദൈവശാസ്ത്രപരമായ കാതൽ തന്നെയാണ്. ശാസ്ത്രങ്ങളും സ്മൃതികളും ജാതിശ്രേണിയെ 'ധർമ്മ'മായി അവതരിപ്പിക്കുമ്പോൾ, ആ ധർമ്മവ്യവസ്ഥയ്ക്കകത്ത് സമത്വം തേടുക എന്നത് ആന്തരികമായ വൈരുദ്ധ്യമാണ്. ഇക്കാരണത്താൽ, ക്ഷേത്രപ്രവേശന നിയമനിർമാണങ്ങളെ ജാതി ഉന്മൂലനത്തിന്റെ അന്തിമ ലക്ഷ്യസ്ഥാനമായല്ല, മറിച്ച് ആ ലക്ഷ്യത്തിലേക്കുള്ള പ്രാഥമിക ചുവടുവെപ്പായി മാത്രമേ കാണാനാവൂ. ഭരണഘടനയ്ക്ക് മതത്തിന്റെ ബാഹ്യമായ വിവേചനങ്ങളിൽ ഇടപെടാൻ കഴിഞ്ഞേക്കാം; എന്നാൽ അതിന്റെ ആഴത്തിലുള്ള ദൈവശാസ്ത്രപരമായ ആന്തരികബോധത്തെ മാറ്റിമറിക്കാൻ നിയമനിർമാണത്തിന് മാത്രം സാധ്യമല്ല എന്നതാണ് അംബേദ്കർ ജീവിതാനുഭവങ്ങളിലൂടെ തെളിയിച്ചത്.
സമകാലിക രാഷ്ട്രീയത്തിൽ മതവും വിശ്വാസവും തെരഞ്ഞെടുപ്പ് ലക്ഷ്യങ്ങൾക്കായുള്ള ഉപകരണങ്ങളായി മാറുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ തികച്ചും ഗൗരവമുള്ളതാണ്. ബഹുസ്വരതയും മതേതരത്വവും അടിസ്ഥാന ശിലകളായ ഒരു ജനാധിപത്യ റിപ്പബ്ലിക്കിൽ, ഭരണകൂടം മതപരമായ കാര്യങ്ങളിലും ചടങ്ങുകളിലും ദൃശ്യപരമായ പങ്കാളിത്തം വഹിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ അപകടകരമായ കീഴ്‌വഴക്കങ്ങൾക്ക് കാരണമായേക്കാം. എന്നാൽ, ഈ ആശങ്കകൾ നിലനിൽക്കുമ്പോൾ തന്നെ നാം മറ്റൊരു പച്ചയായ യാഥാർത്ഥ്യത്തെക്കൂടി കാണേണ്ടതുണ്ട്: ദീർഘകാലമായി ജാതിവിവേചനം അനുഭവിക്കുന്ന പിന്നാക്ക സമൂഹങ്ങൾക്ക് അവരുടെ ഭരണഘടനാപരമായ അവകാശങ്ങൾ കൃത്യമായി നടപ്പിലാക്കിക്കിട്ടാൻ ശക്തമായ ഭരണകൂട ഇടപെടൽ അനിവാര്യമായി വരുന്ന ഘട്ടങ്ങളുണ്ട്. ഇവിടെ യഥാർത്ഥ പ്രശ്നം ക്ഷേത്രപ്രവേശനത്തിനായി സർക്കാർ ഇടപെട്ടു എന്നതല്ല; മറിച്ച്, ആ താൽക്കാലിക ഇടപെടലിനെ ജാതിഉന്മൂലനത്തിന്റെ പൂർണ്ണരൂപമായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ ആഖ്യാനങ്ങളാണ്.
തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ദലിത് ഭക്തർക്ക് ക്ഷേത്രപ്രവേശനം ഉറപ്പാക്കിയത് കേവലം അതിന്റെ ഭരണഘടനാപരമായ നിയമപരമായ കടമ നിറവേറ്റൽ മാത്രമാണ്. അതിനെ സാമൂഹിക വിപ്ലവമായി, രാഷ്ട്രീയമായി ആഘോഷിക്കുമ്പോൾ, ആ ജനവിഭാഗം നേരിടുന്ന യഥാർത്ഥ ഘടനാപരമായ പ്രശ്നങ്ങളിൽ നിന്ന് പൊതുസമൂഹത്തിന്റെ ശ്രദ്ധ തിരിഞ്ഞുപോകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഭൂമിയില്ലായ്മ, വിദ്യാഭ്യാസരംഗത്തെ അസമത്വങ്ങൾ, തൊഴിൽ വിവേചനങ്ങൾ, നിത്യേനയുള്ള സാമൂഹിക ബഹിഷ്കരണങ്ങൾ തുടങ്ങി ദലിത് സമൂഹം നേരിടുന്ന അടിസ്ഥാനപരമായ ജീവിതപ്രശ്നങ്ങളൊന്നും ക്ഷേത്രവാതിലുകൾ തുറന്നതുകൊണ്ടുമാത്രം പരിഹരിക്കപ്പെടുന്നില്ല. ഈ കടുത്ത വൈരുദ്ധ്യം തന്നെയാണ് രാഷ്ട്രീയമായ ഇത്തരം പ്രതീകവൽക്കരണങ്ങളുടെ പരിമിതികളെ കൃത്യമായി തുറന്നുകാട്ടുന്നത്.
ഒരു ഭക്തനെ നിയമത്തിന്റെ ബലത്തിൽ ദൈവത്തിനുമുന്നിൽ കൊണ്ടുചെല്ലുന്ന അതേ ഭരണകൂടം തന്നെ, ആ ഭക്തൻ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം ക്ഷേത്ര വ്യവസ്ഥയ്ക്കകത്തെ സാമ്പത്തിക ചൂഷകർക്ക് സംഭാവനയായി ഒഴുകുന്നതിനെക്കുറിച്ച് പലപ്പോഴും മൗനം പാലിക്കുന്നു എന്ന വിമർശനവും പ്രസക്തമാണ്. പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കുന്ന ഒരു പിന്നാക്ക സമൂഹത്തിന് ഇത്തരം ക്ഷേത്രാരാധനകൾ കൊണ്ട് എന്ത് സാമ്പത്തിക പുരോഗതിയാണ് ഉണ്ടാകാൻ പോകുന്നത് എന്ന ചോദ്യം അവഗണിക്കാനാവില്ല. ഇത്തരം ചോദ്യങ്ങൾ ഉയർത്തുന്നത് ആരുടെയും വ്യക്തിപരമായ വിശ്വാസത്തെ അപമാനിക്കാനല്ല, മറിച്ച് ഭക്തിയും സാമ്പത്തിക ചൂഷണവും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ വിമർശനാത്മകമായി പരിശോധിക്കാനാണ്.
അതേസമയം, ഈയൊരു ഇടപെടലിലൂടെ ഭരണകക്ഷിക്ക് ലഭിക്കുന്ന രാഷ്ട്രീയ മൂലധനവും വോട്ട് ബാങ്കും ചെറുതല്ല എന്ന വസ്തുതയും ഇതിന് പിന്നിലുണ്ട്. ദലിത് വോട്ടുബാങ്കിനെ ലക്ഷ്യമിട്ടുള്ള കേവലം പ്രതീകാത്മകമായ രാഷ്ട്രീയ നടപടികളും, ഘടനാപരമായ യഥാർത്ഥ സാമൂഹികനീതിയും തമ്മിലുള്ള വലിയ വ്യത്യാസം പൊതുസമൂഹം തിരിച്ചറിയേണ്ടത് അനിവാര്യമാണ്.

1950-ലെ ചരിത്രപരമായ വഴിത്തിരിവും
ദലിത് സ്വത്വരാഷ്ട്രീയവും
സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ജാതി- മത ചരിത്രത്തിൽ ഏറ്റവും നിർണ്ണായകവും ചർച്ച ചെയ്യപ്പെട്ടതുമായ ഒന്നാണ് 1950-ലെ പ്രസിഡൻഷ്യൽ ഉത്തരവ് (Constitution- Scheduled Castes- Order). ഈ ഉത്തരവ് പ്രകാരം പട്ടികജാതിപദവിയും അതിലൂടെയുള്ള ആനുകൂല്യങ്ങളും ഹിന്ദു (പിന്നീട് ഭേദഗതികളിലൂടെ സിഖ്, ബുദ്ധ) മതങ്ങളിൽ വിശ്വസിക്കുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തി. ഇത് ദലിത് സമൂഹങ്ങളെ ഭരണഘടനാപരമായി ഹിന്ദുമതത്തിന്റെ ചട്ടക്കൂടിനകത്ത് തളച്ചിടുന്ന ഫലമാണുണ്ടാക്കിയതെന്ന് ദലിത് ചിന്തകർ വിമർശിക്കുന്നുണ്ട്. തങ്ങളെ നൂറ്റാണ്ടുകളായി അടിച്ചമർത്തിയ അതേ മതവ്യവസ്ഥയിൽ തന്നെ തുടരാൻ സ്വതന്ത്ര ഇന്ത്യയിലെ ഭരണകൂടനയങ്ങൾ തന്നെ ദലിതർക്കുമേൽ പരോക്ഷ പ്രേരകമായി മാറി എന്ന വാദത്തിന് ചരിത്രപരമായ അടിത്തറയുണ്ട്.
ഭരണഘടനാപരമായ സംവരണാനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ഹിന്ദുമതത്തിൽ തന്നെ തുടരേണ്ടിവരുന്ന ഈയൊരു സാഹചര്യം, മതംമാറ്റത്തിലൂടെയുള്ള സാമൂഹിക വിമോചന സാധ്യതകൾക്ക് വലിയൊരു തടസ്സമാണ് സൃഷ്ടിച്ചത്. ഈയൊരു സങ്കീർണ്ണമായ ചരിത്ര പശ്ചാത്തലത്തിലാണ് അംബേദ്കർ മുന്നോട്ടുവെച്ച മതംമാറ്റമെന്ന ബദൽ രാഷ്ട്രീയം കൂടുതൽ പ്രസക്തമാകുന്നത്. അതുകൊണ്ടുതന്നെ, ഭരണകൂട നയങ്ങൾ ബോധപൂർവ്വം സൃഷ്ടിച്ച ഈ ഘടനാപരമായ കുരുക്കുകളെ മനസ്സിലാക്കാതെ ദലിത് സമൂഹത്തിന്റെ മതപരമായ ഭക്തിയെ മാത്രം ഉപരിപ്ലവമായി വിമർശിക്കുന്നത് തികച്ചും അപൂർണ്ണമായ ഒരു വിശകലനമായിരിക്കും.
അതേസമയം, വർണാശ്രമവ്യവസ്ഥയും സവർണ താൽപര്യങ്ങളും കൃത്യമായി പിന്തുടരുന്ന ആചാരങ്ങളിൽനിന്ന് ദലിത് സമൂഹം സ്വയം പിന്മാറണമെന്ന ആവശ്യവും ഇവിടെ ഏറെ ഗൗരവമുള്ളതാണ്. ജാതിയിലധിഷ്ഠിതമായ ഒരു മതവ്യവസ്ഥയ്ക്കകത്ത് എങ്ങനെയെങ്കിലും അംഗീകാരം നേടിയെടുക്കാൻ ശ്രമിക്കുന്നതിനുപകരം, അതിനുപുറത്ത് തികച്ചും സ്വതന്ത്രമായ ഒരു സാമൂഹിക- രാഷ്ട്രീയ സ്വത്വം കെട്ടിപ്പടുക്കുകയാണ് വേണ്ടതെന്ന വാദമാണ് അംബേദ്കറുടെ ദർശനങ്ങളുടെ കാതൽ.
ദലിതർക്ക് ആവശ്യം മതപരമായ അടിമത്തമല്ല, മറിച്ച് സ്വതന്ത്രമായ സമുദായബോധമാണെന്ന നിരീക്ഷണം ഈ വാദത്തെ അടിവരയിടുന്നു. തങ്ങളുടെ ഇടയിൽ നിന്നുതന്നെ കഴിവുള്ളവരെ സമുദായ നേതാക്കളാക്കി മാറ്റി, സ്വന്തം അവകാശങ്ങൾക്കായി പോരാടുന്ന സ്വതന്ത്രമായ രാഷ്ട്രീയശക്തിയായി ഉയർന്നുവരുകയാണ് ദലിത് മുന്നേറ്റങ്ങളുടെ യഥാർത്ഥ വഴി. ക്ഷേത്രകേന്ദ്രീകൃതമായ ഭക്തിയിലൂടെയോ പ്രതീകാത്മകമായ ക്ഷേത്രപ്രവേശനങ്ങളിലൂടെയോ ഒരിക്കലും ലഭിക്കാത്ത യഥാർത്ഥ രാഷ്ട്രീയ കരുത്ത്, സ്വന്തം സംഘടനകളിലൂടെയും സ്വതന്ത്രമായ നേതൃത്വത്തിലൂടെയും മാത്രമേ ദലിത് ജനവിഭാഗങ്ങൾക്ക് കൈവരിക്കാനാകൂ.
ഭക്തിയും വിമോചനവും:
അംബേദ്കറുടെ ബദൽ
ബാഹ്യമായ പരിഷ്കരണങ്ങൾക്കപ്പുറം ജാതിവ്യവസ്ഥയുടെ അടിവേരുകളെത്തന്നെ ഇളക്കിമാറ്റുന്ന സമൂല ബദലായിരുന്നു ഡോ. ബി.ആർ. അംബേദ്കർ വിഭാവനം ചെയ്തത്. ജാതിയിലധിഷ്ഠിതമായ ഹിന്ദുമതത്തിനകത്തു നിന്നുകൊണ്ട് ഭാഗികമായ മാറ്റം വരുത്തുന്നതിൽ കാര്യമില്ലെന്നും, പകരം ജാതിയില്ലാത്ത ധാർമിക വ്യവസ്ഥയിലേക്ക് സമൂഹം മാറണമെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു. 1956-ൽ ലക്ഷക്കണക്കിന് അനുയായികളോടൊപ്പം ബുദ്ധമതം സ്വീകരിച്ചതിലൂടെ ഈ നിലപാട് അദ്ദേഹം പ്രവൃത്തിപഥത്തിൽ കൊണ്ടുവരികയും ചെയ്തു. ഇത് കേവലം വ്യക്തിപരമായ മതംമാറ്റമായിരുന്നില്ല, മറിച്ച് നൂറ്റാണ്ടുകളായി നിലനിന്ന ജാതിശ്രേണിയോടും അതിന്റെ ആചാരങ്ങളോടുമുള്ള സമ്പൂർണ്ണമായ വിച്ഛേദനമായിരുന്നു. ദലിത് സമൂഹത്തിനുവേണ്ടത് കേവലം മതപരമായ അനുഭാവമോ അംഗീകാരമോ അല്ല, മറിച്ച് സാമൂഹികവും രാഷ്ട്രീയവുമായ സ്വയംനിർണയാവകാശമാണെന്ന ആഴത്തിലുള്ള തിരിച്ചറിവാണ് അംബേദ്കറെ ഈയൊരു ചരിത്രപരമായ തീരുമാനത്തിലേക്ക് നയിച്ചത്. ഈ അംബേദ്കറൈറ്റ് ദർശനത്തിന് ഇന്നത്തെ സാമൂഹിക-രാഷ്ട്രീയ സന്ദർഭത്തിൽ വലിയ പ്രസക്തിയുണ്ട്.
ഭക്തിയിലൂടെയോ ക്ഷേത്രാചാരങ്ങളിലൂടെയോ കീഴാള ജനവിഭാഗങ്ങൾക്ക് ഒരിക്കലും യഥാർത്ഥ വിമോചനം സാധ്യമാകില്ലെന്ന് ഈ ദർശനം ഓർമ്മിപ്പിക്കുന്നു. അതിനായി വിദ്യാഭ്യാസം, സംഘടന, രാഷ്ട്രീയ പ്രാതിനിധ്യം, സാമ്പത്തിക സ്വാശ്രയത്വം എന്നിവയാണ് ആയുധമാക്കേണ്ടത്. 'വിദ്യാഭ്യാസം നേടുക, സംഘടിക്കുക, പോരാടുക' എന്ന അദ്ദേഹത്തിന്റെ വിഖ്യാതമായ ആഹ്വാനം ക്ഷേത്രകേന്ദ്രീകൃതമായ ഒരു സ്വത്വരാഷ്ട്രീയത്തെയല്ല പ്രതിനിധീകരിക്കുന്നത്, മറിച്ച് അവകാശബോധമുള്ള, മതേതരവും ഭരണഘടനാധിഷ്ഠിതവുമായ ഒരു ജനാധിപത്യ മുന്നേറ്റത്തെയാണ്. ജാതി അടിച്ചമർത്തലുകളിൽ നിന്നുള്ള യഥാർത്ഥ വിമോചനത്തിന്റെ കാതൽ കിടക്കുന്നത് ആത്മീയമായ അനുസരണയിലല്ല, മറിച്ച് സാമൂഹികമായ ശാക്തീകരണത്തിലാണ് എന്ന് ഈ ചിന്തകൾ അടിവരയിടുന്നു.

കരൂർ സംഭവത്തിൽ ജാതിവിവേചനത്തിനെതിരെ ഭരണകൂടം നടത്തിയ ഇടപെടൽ നിയമവാഴ്ചയുടെ അനിവാര്യമായ പ്രയോഗമെന്ന നിലയിൽ തീർച്ചയായും അംഗീകരിക്കപ്പെടേണ്ടതുണ്ട്. എന്നാൽ, ഇത്തരം നിയമപരമായ നടപടികളെ ജാതിവിമോചനത്തിന്റെ പൂർണ്ണരൂപമായോ സാമൂഹിക വിപ്ലവമായോ കൊണ്ടാടുന്നതിൽ ഗുരുതരമായ അപകടമുണ്ട്. ഡോ. ബി.ആർ. അംബേദ്കർ ആവർത്തിച്ച് ഓർമ്മിപ്പിച്ചതുപോലെ, ജാതി എന്നത് കേവലം ബാഹ്യമായ സാമൂഹിക ആചാരമല്ല, മറിച്ച് ആഴത്തിൽ വേരൂന്നിയ ചിന്താക്രമവും മനോഭാവവുമാണ്. ആ മനോഭാവത്തെ മാറ്റാൻ ക്ഷേത്രവാതിലുകൾ തുറന്നതുകൊണ്ട് മാത്രം സാധ്യമല്ല.
ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കിൽ മതവും രാഷ്ട്രീയവും കൂടിക്കുഴയുന്നതിലെ അപകടങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തുന്നതോടൊപ്പം, ഭരണഘടനാപരമായ അവകാശങ്ങൾ നടപ്പിലാക്കാനുള്ള ഭരണകൂട ബാധ്യതകളെയും വിലയിരുത്തേണ്ടതുണ്ട്. ഇവിടെ ജാതിവിവേചനത്തിനെതിരായ നിയമനടപടികളെ പിന്തുണയ്ക്കുമ്പോൾ തന്നെ, അത്തരം നീക്കങ്ങളെ രാഷ്ട്രീയ മൂലധനമാക്കി മാറ്റാനുള്ള ഭരണവർഗ്ഗ പ്രവണതകളെ വിമർശനാത്മകമായി കാണാൻ കഴിയണം. ക്ഷേത്രപ്രവേശനത്തെ അന്തിമ വിജയമായി കൊണ്ടാടുന്നതിനു പകരം, അത് ജാതി ഉന്മൂലനമെന്ന ദീർഘമായ പ്രക്രിയയിലെ ചെറിയ കാൽവെപ്പ് മാത്രമാണെന്ന് തിരിച്ചറിയുകയാണ് വേണ്ടത്. ആ വിമോചനപ്രക്രിയ പൂർത്തിയാകേണ്ടത് ക്ഷേത്രങ്ങളിലല്ല, മറിച്ച് വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും നിയമനിർമ്മാണസഭകളിലും ഭൂമിയുടെ ഉടമസ്ഥതയിലുമാണ്. ദലിത് സമൂഹത്തിന് വേണ്ടത് ക്ഷേത്രങ്ങളല്ല, മറിച്ച് സമത്വവും അന്തസ്സും സ്വയംനിർണ്ണയാവകാശവുമാണ് എന്ന അംബേദ്കറുടെ അടിസ്ഥാനപാഠം ഇന്നും പ്രസക്തമായി നിൽക്കുന്നു; കാരണം, ഭക്തിയല്ല, ഭരണഘടനാബോധം മാത്രമാണ് ജാതിയില്ലാത്ത ഒരു സമൂഹത്തിലേക്കുള്ള യഥാർത്ഥ വഴി.
