അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധു

അട്ടപ്പാടിയിലെ മധുവിനെ വിടാതെ പിന്തുടരുന്നു,‘ആൾക്കൂട്ട നീതി’

മധുവിന്റേതുപോലുള്ള കേസുകൾ പൊലീസ് സ്റ്റേഷനിലും തുടർന്ന്​ കോടതിയിലും എത്തുമ്പോൾ സംഭവിക്കുന്നത്​, രാഷ്ട്രീയ പാർട്ടികൾ പ്രതിയുടെ ഒപ്പമാകും എന്നതാണ്​. പീഡനപ്രശ്നമാണെങ്കിലും ഭൂമിപ്രശ്നമാണെങ്കിലും അവരൊറ്റക്കെട്ടായി ജനറൽ കമ്മ്യൂണിറ്റിയുടെ കൂടെയാകും. അട്ടപ്പാടിയിലെ മധു ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട കേസിൽ നടക്കുന്ന അട്ടിമറികളെക്കുറിച്ച്​ നിയമരംഗത്തുള്ളവർ സംസാരിക്കുന്നു.

ൾക്കൂട്ടത്തിന് എപ്പോഴും വല്ലാത്ത ശക്തിയാണ്.
ഒറ്റയാന്മാരെ അവർക്ക് പേടിയുമാണ്. അതേസമയം, ആൾക്കൂട്ടം ശിക്ഷ വിധിക്കുന്നത് നമ്മുടെ ജനാധിപത്യ സംവിധാനത്തിന് എതിരുമാണ്. ആൾക്കൂട്ടത്തിന് ഒരു വികാരം മാത്രമേയുണ്ടാകൂ. കുറ്റവാളിയെന്നുകണ്ട്​ അപ്പോൾ തന്നെ ശിക്ഷ വിധിക്കാൻ ഒരാൾക്കൂട്ടം തീരുമാനിച്ചാൽ ഞാനോ നിങ്ങളോ കൊല്ലപ്പെ​ട്ടേക്കാം. അതാണ്, അട്ടപ്പാടിയിലെ മധു എന്ന ചെറുപ്പക്കാരന്റെ കാര്യത്തിലും സംഭവിച്ചത്. മധുവിന്റെ കൊലപാതകം ജുഡീഷ്യറിയുടെ മുന്നിൽ ഇന്ന്​ ഒരു ചോദ്യചിഹ്നമാണ്.

‘‘പ്രോസിക്യൂട്ടറായ സി. രാജേന്ദ്രന്റെ ചോദ്യങ്ങളെല്ലാം ദുർബലമായിരുന്നു. അദ്ദേഹം കേസ് പഠിക്കാതെയാണോ ചോദ്യങ്ങൾ തയ്യാറാക്കാതെയാണോ വന്നത്​ എന്ന്​ ഞങ്ങൾക്കറിയില്ല’’

2018 ഫെബ്രുവരി 22-നാണ്​ അട്ടപ്പാടി മുക്കാലിയിൽ ആദിവാസിയായ മധു ആൾക്കൂട്ടമർദനത്തിൽ കൊല്ലപ്പെട്ടത്​. നാലുവർഷത്തിനുശേഷമാണ്​, മണ്ണാർക്കാട്​ എസ്​.സി.- എസ്​.ടി. കോടതിയിൽ വിചാരണ തുടങ്ങിയത്. ഈ മാസം എട്ടിന് വീണ്ടും സാക്ഷിവിസ്താരം ആരംഭിച്ചെങ്കിലും അത് മാറ്റിവച്ചിരിക്കുകയാണ്​. ഇത്തവണ വിചാരണ മാറ്റണമെന്ന് ആവശ്യപ്പെടുന്നത് മധുവിന്റെ കുടുംബം തന്നെയാണ്. ഇതുവരെ വിസ്തരിച്ച രണ്ട് സാക്ഷികളും കൂറുമാറിയെന്നതും പ്രോസിക്യൂഷന്റെ ഭാഗത്ത് വീഴ്ചയുള്ളതിനാൽ, പ്രോസിക്യൂട്ടറെ മാറ്റണമെന്നുമാണ്​ അവരുടെ ആവശ്യം. എന്നാൽ, പ്രോസിക്യൂട്ടറെ മാറ്റണമെന്ന അപേക്ഷ വിചാരണ കോടതി തള്ളുകയും വിചാരണ 20-ലേക്ക് മാറ്റുകയും ചെയ്തിരിക്കുകയാണ്. ഇതേത്തുടർന്ന് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബം. 20-നുമുമ്പ് വിചാരണയ്ക്ക് ഹൈക്കോടതി സ്റ്റേയോ അല്ലെങ്കിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റിയ ഉത്തരവോ കിട്ടിയില്ലെങ്കിൽ വിചാരണ തുടരും. പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് മധുവിന്റെ സഹോദരി സരസുവാണ് കോടതിയെ സമീപിച്ചത്.

 മധുവിന്റെ സഹോദരി സരസു
മധുവിന്റെ സഹോദരി സരസു

മധുവിന്റെ സഹോദരി സരസു പറഞ്ഞത്​

പ്രോസിക്യൂട്ടറെ മാറ്റണമെന്ന്​ ആവശ്യപ്പെടാനുണ്ടായ കാരണം വിശദീകരിക്കുന്നു, അങ്കണവാടി അധ്യാപിക കൂടിയായ സരസു: ‘‘പ്രോസിക്യൂഷൻ ഭാഗത്തുനിന്ന്​എന്തെങ്കിലും അനാസ്ഥയുള്ളതായി നേരത്തെ തോന്നിയിരുന്നില്ല. ആദ്യമൊക്കെ പ്രോസിക്യൂഷൻ ഞങ്ങളോട് കാര്യങ്ങൾ ചർച്ച ചെയ്​തിരുന്നു. കോടതിയിൽ പെരുമാറേണ്ട രീതികളെക്കുറിച്ച്​ ഞങ്ങളുടെ മുന്നിൽ വച്ചുതന്നെ സാക്ഷികളെ ബോധ്യപ്പെടുത്തിയിരുന്നു. എന്നും ഞങ്ങൾ കോടതിയിൽ ചെല്ലും, എല്ലാം കാണാറുമുണ്ട്. മുഖ്യസാക്ഷികളെ വിസ്തരിക്കുന്ന സമയത്ത് ആദ്യം ഉണ്ണികൃഷ്ണൻ എന്ന സാക്ഷിയെ വിസ്തരിച്ചു. പ്രോസിക്യൂട്ടറായ സി. രാജേന്ദ്രന്റെ ചോദ്യങ്ങളെല്ലാം ദുർബലമായിരുന്നു. അദ്ദേഹം കേസ് പഠിക്കാതെയാണോ ചോദ്യങ്ങൾ തയ്യാറാക്കാതെയാണോ വന്നത്​ എന്ന്​ ഞങ്ങൾക്കറിയില്ല. ആദ്യ ദിവസം അങ്ങനെ സംഭവിച്ചെങ്കിൽ രണ്ടാമത്തെ ദിവസം കൃത്യമായി വന്നിരിക്കണം. സാക്ഷിവിസ്താരം കഴിഞ്ഞ് പ്രതിഭാഗം അഭിഭാഷകർ പുറത്തേക്കുപോകുമ്പോൾ പറയുന്നത് ഞാൻ കേട്ടതാണ്, ‘ഇങ്ങനെ പോയാൽ കേസ് നമ്മൾ ജയിക്കും’ എന്ന്​. വൈകീട്ടായപ്പോഴേക്കും തീരുമാനമായി, ഉണ്ണികൃഷ്ണൻ എന്ന സാക്ഷി കൂറുമാറി. അഡീഷണൽ പ്രോസിക്യൂട്ടർ രാജേഷ് എം. മേനോനും അദ്ദേഹവും തമ്മിൽ എന്തോ അകൽച്ചയുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതിന്റെ കാരണം അറിയില്ല. ഞങ്ങളുടെ വീട്ടിൽ ഇവർ രണ്ടുപേരും വാളയാർ കൺവീനർ മാർസൻ ചേട്ടനും കൂടിയാണ് വന്നത്. എന്നാൽ കേസ് തുടരുമ്പോൾ മൂന്നുപേരും മൂന്ന് ഭാഗത്തായി. ആദ്യ ദിവസം ഉണ്ണികൃഷ്ണനെ വിസ്തരിച്ചതിലെ പോരായ്മ മനസ്സിലാക്കി ഞാൻ രാജേന്ദ്രൻ സാറിനോട് പറഞ്ഞിരുന്നു, അഡീഷണൽ പ്രോസിക്യൂട്ടറെയും കൂടെ ചേർക്കാമെന്ന്​. എന്നാൽ അദ്ദേഹം പറഞ്ഞത്, രാജേഷ് സാറിന് വേറൊരു ദിവസം കൊടുക്കാമെന്നാണ്. മുഖ്യസാക്ഷികളെല്ലാം കൂറുമാറിക്കഴിഞ്ഞ് അതിന്​ ചാൻസ് കൊടുത്തിട്ട് കാര്യമുണ്ടോ? ആദ്യത്തെ സാക്ഷിയെ വിസ്തരിച്ചപ്പോൾ അതുവരെ ഞങ്ങൾ കണ്ട രീതിയിലായിരുന്നില്ല രാജേന്ദ്രൻ സാർ പെരുമാറിയത്. ആ മാറ്റത്തിൽ സംശയമുണ്ടായിരുന്നെങ്കിലും രണ്ടാമത്തെ സാക്ഷിയെയും അദ്ദേഹം തന്നെ വിസ്തരിച്ച് നോക്കട്ടെയെന്ന് ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. രണ്ടാമത്തെ സാക്ഷി ചന്ദ്രൻ ഞങ്ങളുടെ ബന്ധുവാണ്. പ്രതിഭാഗം ചന്ദ്രനോട് എന്തോ ചോദിച്ചു. എന്നാൽ ക്രോസ് ചെയ്ത് പ്രോസിക്യൂഷൻ ഒന്നും ചോദിക്കുന്നുണ്ടായിരുന്നില്ല. ഹുസൈൻ കാല് പൊക്കിയെന്നാണ് ചന്ദ്രൻ പറഞ്ഞത്. കാല് പൊക്കിയതേയുള്ളൂ എന്ന് പ്രതിഭാഗം വാദിക്കുമ്പോൾ പ്രോസിക്യൂഷൻ അതിന്റെ ബാക്കി ചോദിക്കേണ്ടതല്ലേ? എന്നാൽ, ഒന്നും മിണ്ടാതിരിക്കുകയാണ് ചെയ്തത്. പ്രോസിക്യൂഷൻ ശ്രമിച്ചിരുന്നെങ്കിൽ ചവിട്ടിയെന്ന്​സ്ഥാപിക്കാമായിരുന്നു.’’

‘‘രാജേന്ദ്രൻ സാർ ക്രോസ് ചെയ്ത് ഒന്നും ചോദിക്കാത്തതിനാലാണ് സാക്ഷികളെല്ലാം കൂറുമാറുന്നതെന്ന് പലരും പറഞ്ഞുകേട്ടു. ഞാൻ പുറത്താണ് നിൽക്കുന്നത്. സാറിന്റെ ചോദ്യങ്ങൾ കേട്ട് പ്രതിഭാഗം അഭിഭാഷകർ പോലും ചിരിക്കുകയാണ് എന്നുകേട്ടപ്പോഴാണ് പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം ഞങ്ങൾ ഉന്നയിച്ചത്.’’

‘സാക്ഷികൾ ആരെയോ പേടിക്കുന്നു’

സർക്കാരിന്റെ ഭാഗത്തുനിന്ന്​ അവഗണനയുള്ളതായി ആദ്യമൊന്നും തോന്നിയിട്ടില്ലെന്നും എന്നാൽ, ചോദിക്കാനും പറയാനും ആരുമില്ലാത്തവരായതുകൊണ്ടാണോ സർക്കാർ ഇത്തരമൊരു വക്കീലിനെ പ്രോസിക്യൂട്ടറായി നിയമിച്ചതെന്ന് അറിയില്ലെന്നുമാണ്​ സരസു പറയുന്നത്​. ‘നല്ലൊരു വക്കീലിനെ തന്നെ ഞങ്ങൾക്ക് നൽകാൻ സർക്കാരിന് സാധിക്കും. ഇതിനെക്കുറിച്ചൊന്നും പറയാൻ ഞങ്ങൾക്ക് അറിയില്ല’- അവർ പറഞ്ഞു.‘‘ചന്ദ്രന്റെ വിസ്താരത്തിന്റെ രണ്ടാമത്തെ ദിവസം രാജേഷ് സാർ കുറച്ച് ചോദ്യങ്ങൾ തയ്യാറാക്കി നൽകിയിരുന്നതിനാൽ കുറച്ചൊക്കെ ശരിയായി. പിന്നീട് സാറ് സാറിന്റെ ഇഷ്ടംപോലെ തന്നെയാണ് ചോദിക്കാൻ തുടങ്ങിയത്. രാജേഷ് സാർ പറഞ്ഞുകൊടുത്തിട്ടുവേണം രാജേന്ദ്രൻ സാറിന് ചോദിക്കാനെങ്കിൽ അദ്ദേഹത്തിന് കേസിൽ പരിചയക്കുറവുണ്ടെന്നാണ് ഞങ്ങൾ മനസ്സിലാക്കിയത്. അദ്ദേഹം സീനിയർ വക്കീലല്ലേ. അതൊന്നും കോടതിയിൽ കണ്ടില്ല. സാർ ക്രോസ് ചെയ്ത് ഒന്നും ചോദിക്കാത്തതിനാലാണ് സാക്ഷികളെല്ലാം കൂറുമാറുന്നതെന്ന് പലരും പറഞ്ഞുകേട്ടു. ഞാൻ പുറത്താണ് നിൽക്കുന്നത്. സാറിന്റെ ചോദ്യങ്ങൾ കേട്ട് പ്രതിഭാഗം അഭിഭാഷകർ പോലും ചിരിക്കുകയാണ് എന്നുകേട്ടപ്പോഴാണ് പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം ഞങ്ങൾ ഉന്നയിച്ചത്.’’

മധുവിൻറെ പഴയകാല കുടുംബ ചിത്രം
മധുവിൻറെ പഴയകാല കുടുംബ ചിത്രം

‘കൂറുമാറിയ സാക്ഷികളെക്കുറിച്ച് എന്ത് പറയാനാകും? അവരെല്ലാവരും എന്തിനെയോ, ആരെയോ പേടിക്കുന്നുണ്ട്. സാക്ഷികളെ പാലക്കാട് ഭാഗത്തൊക്കെ കൊണ്ടുപോയി ക്ലാസും കാശും കൊടുത്ത് സ്വാധീനിച്ചിട്ടുണ്ട്. ജൂൺ രണ്ടിന് സുരേഷ് എന്ന സാക്ഷിയെ പ്രതിഭാഗം മണ്ണാർക്കാട് കൊണ്ടുപോയ കാര്യം ഞങ്ങളെ ഒരാൾ വിളിച്ച് പറഞ്ഞിരുന്നു. പ്രതികളിലൊരാളായ നജീബിന്റെ കാറിൽ സുരേഷിനെ മണ്ണാർക്കാട് ഭാഗത്തേക്ക് കൊണ്ടുപോകുന്നത് കണ്ടുവെന്നാണ് വിളിച്ചു പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ പൊലീസിൽ പരാതി നൽകി. പൊലീസ് സുരേഷിനെ ആ ഭാഗങ്ങളിലൊക്കെ തിരക്കുകയും ചെയ്തു. എന്നാൽ കണ്ടെത്താനായില്ല. ഇനി വിസ്തരിക്കാനുള്ളത് അനിൽകുമാറിനെയാണ്. അതുകഴിഞ്ഞാൽ വിസ്തരിക്കേണ്ട സാക്ഷിയാണ് സുരേഷ്. എന്നാൽ അനിൽകുമാറിനെ വിസ്തരിക്കുന്നതിന് മുമ്പേ പ്രോസിക്യൂഷനിൽ ഞങ്ങൾ സംശയം ഉന്നയിച്ചതോടെ കോടതി വിസ്താരം നീട്ടിവയ്ക്കുകയായിരുന്നു’’, തങ്ങൾ നേരിടുന്ന അവഗണനയെക്കുറിച്ച് സരസു പറയുന്നു.

ക്രോസ് വിസ്താരം നടത്താത്ത പ്രോസിക്യൂഷൻ

സാക്ഷികൾക്ക് എങ്ങനെ കൂറുമാറാമെന്ന സംശയം കോടതി നടപടിക്രമങ്ങൾ പരിചയമില്ലാത്തവർക്കുണ്ടാകും. കോടതി മുറിയിൽ മാത്രമാണോ മധു വധക്കേസിന്​ തിരിച്ചടി? പ്രോസിക്യൂഷൻ വീഴ്ചകളെക്കുറിച്ച്​ അഭിഭാഷകനായ തുഷാർ നിർമൽ സാരഥി വിശദീകരിക്കുന്നു: സാക്ഷികൾ കൂറു മാറിയാൽ തന്നെയും സാക്ഷികളുടെ മൊഴി തള്ളിക്കളയേണ്ടതില്ലെന്ന തരത്തിലുള്ള വിധിന്യായങ്ങൾ നിലവിലുണ്ട്. പ്രോസിക്യൂഷന് അനുകൂലമായി പറയാൻ കൊണ്ടുവന്ന സാക്ഷി അതിനെതിരായി പറഞ്ഞാലും പ്രോസിക്യൂട്ടർക്ക് ആ സാക്ഷിയെ ക്രോസ് വിസ്താരം നടത്തുന്ന രീതിയിൽ ചോദ്യംചെയ്യാം. പ്രോസിക്യൂഷന് അനുകൂലമായ രീതിയിൽ അവരുടെ മൊഴിയെത്തിച്ചാൽ അത് പരിഗണിക്കണമെന്ന തരത്തിലുള്ള വിധിന്യായങ്ങളുണ്ട്. അതുകൊണ്ട് പ്രോസിക്യൂഷൻ സാക്ഷികൾ മൊഴിമാറ്റിയെന്നത് കേസിനെ ബാധിക്കുമെന്ന് വരുന്നില്ല. പ്രോസിക്യൂഷൻ എത്ര ആത്മാർഥമായി ഇടപെടുന്നു എന്നിടത്താണ് ഇതിന്റെ ഫലമിരിക്കുന്നത്. മധുവിന്റെ കേസിൽ പ്രോസിക്യൂഷൻ ക്രോസ് വിസ്താരം നടത്തിയിട്ടില്ലെന്നാണ് മനസ്സിലാകുന്നത്. അങ്ങനെ വരുമ്പോൾ സാക്ഷികളുടെ മൊഴി പ്രോസിക്യൂഷന് എതിരായി വരുന്ന സാഹചര്യമുണ്ടാകും. വാസ്തവത്തിൽ സാക്ഷിമൊഴി രേഖപ്പെടുത്തുന്നത് സി.ആർ.പി.സി. 161 വകുപ്പ് പ്രകാരമാണ്. അതുപ്രകാരം സാക്ഷി മൊഴിയിൽ ഒപ്പിടേണ്ട എന്ന നിബന്ധനയുണ്ട്. ഇനി അഥവാ സാക്ഷി ഒപ്പിട്ട് കൊടുത്താൽ ആ മൊഴി നിഷേധിക്കാൻ പറ്റില്ല. അങ്ങനെ നിഷേധിച്ചാൽ അത് കോടതിയലക്ഷ്യമാകും. സാധാരണ, പൊലീസിന് നിർബന്ധിച്ച് ആരെക്കൊണ്ടും മൊഴിയെടുപ്പിക്കാവുന്നതേയുള്ളൂ. അതൊഴിവാക്കാനാണ് സാക്ഷി ഒപ്പിടേണ്ട എന്ന നിബന്ധന. പലപ്പോഴും പൊലീസ് എഴുതി തയ്യാറാക്കിയ മൊഴിയിലാകും സാക്ഷി ഒപ്പിടുന്നത്​. സാക്ഷി അറിയണമെന്ന് പോലുമില്ല തന്റെ പേരിൽ ഇങ്ങനെയൊരു മൊഴിയുണ്ടെന്ന്. കേസിൽ നന്നായൊരു അന്വേഷണം നടന്നിട്ടുണ്ടോ ഇല്ലയോ എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനാണ് 164-ാം വകുപ്പുള്ളത്. അതുപ്രകാരം ഒരു സാക്ഷി കൂറുമാറാൻ സാധ്യതയുണ്ട്, അല്ലെങ്കിൽ കൂടുതൽ കൃത്യമായ തെളിവുകൾ കോടതിയിലെത്തണമെന്ന് പ്രോസിക്യൂഷന് താത്പര്യമുണ്ടെങ്കിൽ ആ സാക്ഷികളുടെ മൊഴി മജിസ്ട്രേറ്റിനെ കൊണ്ട് രേഖപ്പെടുത്താം. ആ മൊഴി പിന്നീട് മാറ്റിപ്പറയാനാകില്ല. അത് ഒപ്പിട്ട് കൊടുക്കുന്ന മൊഴിയാണ്. അത്തരം സംവിധാനങ്ങളും നിയമത്തിലുണ്ട്. അത്തരം നടപടിക്രമങ്ങളിലേക്ക് ഈ കേസ് പോയതായി കാണുന്നില്ല.

‘‘പൊലീസ്​ തന്നെ ആളുകളെ നിർത്തി പ്രതികളെ കൂക്കിവിളിക്കലും തെറിവിളിക്കലും പൊലീസിന് അനുകൂലമായി മുദ്രാവാക്യം വിളിക്കലുമൊക്കെ സൃഷ്ടിക്കും. അന്വേഷണം നന്നായി നടക്കുന്നുവെന്ന പ്രതീതി ഉണ്ടാക്കും. എന്നാൽ, കോടതിയ്ക്ക് മുന്നിൽ തെളിവ് വരുമ്പോൾ ഇത് വട്ടപൂജ്യമായിരിക്കും. കോടതി അത് ചവറ്റുകുട്ടയിൽ ഇടേണ്ട അവസ്ഥയിലേക്ക് പോകും’’

മാധ്യമശ്രദ്ധ നേടിയ കേസായതുകൊണ്ടാണ് ഇത് ഇപ്പോഴും നിലനിൽക്കുന്നത്. അല്ലായിരുന്നെങ്കിൽ മധുവിനെപ്പോലെ പാർശ്വവത്കരിക്കപ്പെട്ട സമുദായത്തിലെ അംഗമായ ഇരയുടെ പ്രശ്നം ആരും അറിയാൻ പോകുന്നില്ല. അവരുടെ ബന്ധുക്കൾ ഇതിനുപിന്നാലെ നിൽക്കുന്നതും പ്രധാനമാണ്. മർദിതവിഭാഗത്തിലെ ആളുകൾ ഇരയാകുന്ന കേസുകളിൽ പഴുതടച്ച അന്വേഷണം നടക്കുന്നില്ലെന്നതാണ് വസ്തുത. പട്ടികജാതി- പട്ടികവർഗ നിയമപ്രകാരമെടുക്കുന്ന ഭൂരിഭാഗം കേസുകളിലും പ്രതികൾ കുറ്റവിമുക്തരായി പോകുകയാണ്​. ഇത്തരം ആളുകളുടെ കേസുകളിൽ പൊലീസ് സ്വീകരിക്കുന്ന സമീപനത്തിന്റെ പ്രശ്നമാണിത്. പ്രോസിക്യൂഷൻ എന്നാൽ സ്റ്റേറ്റും പൊലീസും എല്ലാം ഉൾപ്പെടുന്നതാണ്. അപ്പോൾ സ്റ്റേറ്റിന്റെ സമീപനം തന്നെയാണ് അതിൽ മുഴച്ചുനിൽക്കുന്നത്.

‘‘പ്രമാദമായ പല കേസുകളും പരിശോധിച്ചാൽ, അന്വേഷണഘട്ടത്തിൽ മാധ്യമങ്ങളെ ഉപയോഗിച്ച് നല്ല രീതിയിലാക്കാൻ പൊലീസ് നന്നായി പഠിച്ചിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യുന്നതും തെളിവെടുക്കാൻ കൊണ്ടുവരുന്നതുമെല്ലാം വലിയ വാർത്തയാകും. ഒരു അഭിഭാഷകൻ എന്ന നിലയിൽ എനിക്ക് നന്നായി അറിയാവുന്ന കാര്യമാണിത്. പൊലീസ്​ തന്നെ ആളുകളെ നിർത്തി പ്രതികളെ കൂക്കിവിളിക്കലും തെറിവിളിക്കലും പൊലീസിന് അനുകൂലമായി മുദ്രാവാക്യം വിളിക്കലുമൊക്കെ സൃഷ്ടിക്കും. അന്വേഷണം നന്നായി നടക്കുന്നുവെന്ന പ്രതീതി ഉണ്ടാക്കും. എന്നാൽ, കോടതിയ്ക്ക് മുന്നിൽ തെളിവ് വരുമ്പോൾ ഇത് വട്ടപൂജ്യമായിരിക്കും. കോടതി അത് ചവറ്റുകുട്ടയിൽ ഇടേണ്ട അവസ്ഥയിലേക്ക് പോകും. അതോടെ കേസ് പരാജയപ്പെട്ട ഉത്തരവാദിത്വം കോടതിക്കാണെന്ന നിലയിൽ കാമ്പയിൻ വരും. അന്വേഷണം സ്റ്റേറ്റിന്റെ പരിധിയിലുള്ള കാര്യമാണ്. വാസ്തവത്തിൽ അവരത് മര്യാദയ്ക്ക് ചെയ്യില്ല. അത് വച്ചുള്ള കളിയാണ് പ്രോസിക്യൂഷൻ പിന്നീട് കോടതിയിൽ നടത്താനുള്ളത്. ക്ലിക്കായാൽ ക്ലിക്കായിയെന്ന് മാത്രം’’- തുഷാർ നിർമൽ സാരഥി പറയുന്നു.

കേസിൽ അതിഭയങ്കര വീഴ്​ച

മധു വധക്കേസ്​ നടത്തിപ്പിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന്​ സുപ്രീംകോടതി അഭിഭാഷകനായ പ്രമോദ് പുഴങ്കരയും പറയുന്നു: ‘‘ഒന്ന്, പ്രതികളെല്ലാം അവിടുത്തെ കുടിയേറ്റക്കാരാണ്. രണ്ട്, അവരെല്ലാം വിവിധ രാഷ്ട്രീയ പാർട്ടികളിൽപ്പെട്ടവരാണ്. മൂന്ന്, അടിച്ചത് തെറ്റ്, കൊന്നത് തെറ്റ് എന്നൊക്കെ കരുതുന്നവർ പോലും ഒരു ആദിവാസിക്ക് അങ്ങനെ സംഭവിച്ചതിന് ജയിലിൽ കിടക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കുന്നവരാണ്. കൊല്ലപ്പെട്ട ആളെ വിലപിടിപ്പുള്ള മനുഷ്യനായി സമൂഹം കാണുന്നില്ല. സ്വാഭാവികമായും പ്രോസിക്യൂട്ടർ ഉൾപ്പെടെയുള്ളവർക്കും ആ ‘പരിഗണന’യാകും ഉണ്ടാകുക. ഈ കേസിൽ സാക്ഷിമൊഴികളും സാക്ഷികളുടെ എണ്ണവും എത്രമാത്രം സ്ട്രോങ്ങാണെന്ന് എനിക്കറിയില്ല. കുറ്റപത്രം സമർപ്പിച്ച ശേഷം കോടതിയിൽ വിസ്തരിച്ച സാക്ഷികളിലേക്കെത്തുമ്പോൾ അന്വേഷണത്തിൽ കണ്ടെത്തിയ സാക്ഷികളിൽ ആരെയൊക്കെ ഒഴിവാക്കിയെന്നതും പ്രശ്നമാണ്. മഹസർ, പോസ്റ്റ്മോർട്ടം റിപ്പോർട്ട്, പ്രതികളെ ഇതുമായി നേരിട്ട് ബന്ധപ്പെടുത്തുന്ന തെളിവുകൾ, വീഡിയോ ഇതെല്ലാം പരിശോധിച്ച് കൃത്യമായ തെളിവ് അവർ കൊടുത്തിട്ടുണ്ടോയെന്നതും പ്രശ്നമാണ്. അത് കഴിഞ്ഞ പ്രോസസാണ്. വരുന്ന വിചാരണകളിൽ ഇനിയും സാക്ഷികൾ കൂറുമാറാൻ സാധ്യതയുണ്ടോയെന്നതും പ്രധാനമാണ്. കൂറുമാറാനിടയില്ലാത്തവിധം ആ പ്രശ്നത്തെ പൊക്കിക്കൊണ്ടുവരണം. സാക്ഷി കൂറുമാറുന്നതിനെതിരെ നിയമപരമായി ഒന്നും ചെയ്യാനില്ല. ഒന്നുരണ്ട് സാക്ഷികൾ കൂറുമാറിയാലും മറ്റ് തെളിവുകൾ വച്ച് ഈ കേസ് നിൽക്കാവുന്ന സാഹചര്യം ഉണ്ടാക്കണം. ചിലപ്പോൾ ചില പ്രതികൾ വിട്ടുപോകുമെന്നാണ് തോന്നുന്നത്.’’

പ്രമോദ്​ പുഴങ്കര
പ്രമോദ്​ പുഴങ്കര

കുറച്ചുപേർ ചേർന്ന് ഒരാളെ മർദിക്കുകയും ആ മർദനം മൂലം പിന്നീട് മരിക്കുകയും ചെയ്യുമ്പോൾ മനഃപ്പൂർവമല്ലാത്ത നരഹത്യ എന്ന രീതിയിലാകും കേസെടുക്കുക. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയല്ല മർദിച്ചത് എന്ന രീതിയിലാകും കേസ്​. ആരൊക്കെയാണ് ഇയാളുടെ മരണത്തിന് കാരണമായ വിധത്തിൽ മർദിച്ചതെന്ന് തെളിയിക്കാനാകണം. അതാണ് ഇതിലെ ഒരു വിഷയം- പ്രമോദ്​ പുഴങ്കര പറയുന്നു. ‘‘അതുകൊണ്ടാണ് കാലുയർത്തുന്നത് കണ്ടു, ചവിട്ടുന്നത് കണ്ടില്ല എന്ന സാക്ഷിമൊഴി വളരെ ദുർബലമായി പോകുന്നത്. പ്രതിയുടെ വക്കീൽ വാദിക്കുക കാലുയർത്തിയതുകൊണ്ട് ചവിട്ടാം ചവിട്ടാതിരിക്കാം എന്നാണ്. ചവിട്ടുകൊണ്ടെങ്കിലും കാലുയർത്തിയ ആൾ തന്നെയാണോ ചവിട്ടിയത്, അതോ ഒപ്പം നിന്നവരാണോ ചവിട്ടിയത് എന്ന തരത്തിലും വാദമുയരാം. ആരുടെ മർദനത്തിലാണ് മധു മരിച്ചതെന്ന് തെളിയിക്കേണ്ടത് പൊലീസാണ്​. ആ പോയിൻറ്​ തന്നെയാകും പ്രതികളുടെ അഭിഭാഷകരെല്ലാം ചൂണ്ടിക്കാട്ടുക. ആരാണ് ചവിട്ടിയതെന്ന് പ്രതിക്ക് അറിയാമെങ്കിലും അയാൾക്ക് അത് പറയേണ്ട കാര്യമില്ല. സ്വാഭാവികമായും പ്രതി അയാൾക്കെതിരെ തെളിവ് നൽകില്ല.’’

ആദിവാസികൾക്കുമാത്രമല്ല, മറ്റ്​ അധഃസ്ഥിത സമൂഹത്തിനെല്ലാം സാമൂഹികനീതി നിഷേധിക്കപ്പെടുന്നതിന്റെ ഏറ്റവും നല്ല തെളിവാണ് മധു വധക്കേസിന്റെ ഇപ്പോഴത്തെ പോക്ക്​

‘‘ഈ കേസിന്റെ മൊത്തത്തിലുള്ള നടത്തിപ്പ് അതിഭയങ്കരമായ വീഴ്ചയിലാണെന്ന് സംശയമില്ല. ഒരു ആദിവാസി യുവാവ് നാട്ടുകാരുടെ മർദനമേറ്റ് മരിച്ച ഇതുപോലെയൊരു പ്രധാന കേസിൽ പ്രോസിക്യൂട്ടർ നേരാംവണ്ണം ഹാജരാകാത്തതാണ് അതിന് തെളിവ്. ഒപ്പം രണ്ടുപേർ കൂറുമാറിയതും തെളിവാണ്. അതുകൊണ്ടാണ് മധുവിന്റെ കുടുംബം പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെടുന്നത്. കൂറുമാറിയ സാക്ഷിയെ വീണ്ടും വിസ്തരിക്കണമെങ്കിൽ കോടതിക്ക് തോന്നണം. കൂറുമാറിയവർ തന്നെ തങ്ങൾ ഇന്ന കാരണം കൊണ്ടാണ് മൊഴി മാറ്റിയതെന്ന് കോടതിയെ ബോധ്യപ്പെടുത്തണം’’- പ്രമോദ് ചൂണ്ടിക്കാട്ടുന്നു.

ആദിവാസിയുടെ കാര്യത്തിൽ എല്ലാവരും പ്രതികൾക്കൊപ്പം

ആദിവാസികൾക്കുമാത്രമല്ല, മറ്റ്​ അധഃസ്ഥിത സമൂഹത്തിനെല്ലാം സാമൂഹികനീതി നിഷേധിക്കപ്പെടുന്നതിന്റെ ഏറ്റവും നല്ല തെളിവാണ് മധു വധക്കേസിന്റെ ഇപ്പോഴത്തെ പോക്കെന്ന്​ പാരാ ലീഗൽ പ്രവർത്തക ചിത്ര നിലമ്പൂർ പറയുന്നു. ‘‘പ്രോസിക്യൂഷന്റെ അനാസ്ഥയിൽ വലിയ അതിശയമില്ല. മധുവിന് ഈയൊരു അവസ്ഥയുണ്ടായപ്പോൾ തന്നെ നമ്മൾ തീരുമാനിച്ചതാണ് ഇത് ഇങ്ങനെയേ വരൂ എന്ന്. അല്ലെങ്കിൽ മധുവിന്റെ പക്ഷത്ത് ചേർന്നുനിൽക്കാൻ അവരുടെ സമുദായവും പൊതുസമൂഹവും ഉണ്ടാകണം. ഇവിടെ ആരും ശബ്ദിച്ചിട്ടില്ല. പ്രതികളിൽ എല്ലാ രാഷ്ട്രീയ പാർട്ടികളിലുമുള്ളവരുണ്ട്​. മതവും സാമ്പത്തികവും രാഷ്ട്രീയവും എല്ലാം ഉന്നതമായിട്ടുള്ള ആളുകളാണ് പ്രതികൾ.’’

 ചിത്ര നിലമ്പൂർ
ചിത്ര നിലമ്പൂർ

‘ഞാൻ പാരാ ലീഗൽ പ്രവർത്തകയായ കാലം തൊട്ട് ഇതുപോലുള്ള കേസുകൾ കോടതികളിലോ പൊലീസ് സ്റ്റേഷനിലോ എത്തിക്കുമ്പോൾ കണ്ടിട്ടുള്ളത്, ഒരു ആദിവാസിയുടെ പ്രശ്നം വരുമ്പോൾ എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രതിയുടെ ഒപ്പമാകും എന്നതാണ്​. പീഡനപ്രശ്നമാണെങ്കിലും ഭൂമിപ്രശ്നമാണെങ്കിലും അവരൊറ്റക്കെട്ടായി ജനറൽ കമ്മ്യൂണിറ്റിയുടെ കൂടെയാകും. മധുവിന്റെ കേസിൽ കൂറുമാറിയവരിൽ ബന്ധുവുമുണ്ട്. ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയും പണം കൊടുത്തുമൊക്കെ ഇത് സ്വാഭാവികമായും സംഭവിക്കുമെന്ന് ഉറപ്പാണ്. മധു പ്രാക്തന ഗോത്ര വിഭാഗമാണ്. സാദാ ആദിവാസി പോലുമല്ല. പി.ഡി.പി.ജി. എന്നുപറയും. കാട്ടുനായ്ക്കർ, ചോലനായ്ക്കർ, കൊറക, കുറുമ്പ, കാടർ എന്നീ അഞ്ച് വിഭാഗക്കാരാണ് അവരിൽ വരുന്നത്. ഇനിയും മുന്നോട്ടുവരാത്തവരാണെന്ന് പറഞ്ഞ് ഈ വിഭാഗക്കാരെ സർക്കാർ മാറ്റിനിർത്തിയിരിക്കുകയാണ്. ആ വിഭാഗത്തിൽപ്പെട്ടയാളാണ് ഞാനും. ഞങ്ങൾക്കുവേണ്ടി 143 കോടി രൂപയൊക്കെ സർക്കാർ ഇറക്കിയിട്ടുണ്ട്. അതൊക്കെ എവിടെ പോയെന്നുപോലും ഞങ്ങൾക്കറിയില്ല. കാടിനുള്ളിൽ ഗോത്രഭാഷ സംസാരിച്ച് കഴിയുന്ന ഇവർ പ്രത്യേക പരിഗണന ആവശ്യമുള്ളവരാണ്. ആ ആളുകൾക്കാണ് ഈ അവസ്ഥ’’- ചിത്ര പറയുന്നു.

മധു ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങൾ ലോകം മുഴുവൻ കണ്ടതാണ്. ആ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തതും. സാക്ഷിവിസ്താരം നടക്കുമ്പോൾ സാക്ഷികളെ സ്വാധീനിക്കാനാകുംവിധം പ്രതികൾ പുറത്തുണ്ടെങ്കിലും തെളിവുകളുടെ അഭാവമാണ് ഉയർന്നുവരാൻ സാധ്യതയുള്ളത്. അതോടെ പാർശ്വവത്കരിക്കപ്പെട്ട മുഴുവൻ സമൂഹങ്ങൾക്കും നീതി നിഷേധിക്കപ്പെടുന്നതിന്​ തുല്യമാകും, ഈ കേസിന്റെ ഭാവി. ​▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments