ആദിവാസിയെ തല്ലിക്കൊന്നിട്ട്​ നിശ്ശബ്​ദമായിരിക്കുന്ന കേരളം

ഭാര്യയുടെ പ്രസവത്തിന് കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലെത്തിയ കൽപ്പറ്റ വെള്ളാരംകുന്ന് കോളനിയിലെ വിശ്വനാഥനെ മോഷണം നടത്തിയെന്നാരോപിച്ച് ആൾക്കൂട്ടം മർദ്ദിക്കുകയും, ഓടി രക്ഷപ്പെട്ട്, ഒടുവിൽ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത സംഭവം മലയാളിയുടെ മനഃസാക്ഷിയെ ഞെട്ടിപ്പിക്കേണ്ട ഒന്നാണ്. പണ്ടുതൊ​ട്ടേ സ്വയംപര്യാപ്തത കൈവരിച്ച സമൂഹമാണ്​ ആദിവാസികളുടേത്. അതെല്ലാം അപഹരിക്കപ്പെട്ടിട്ടുപോലും ഒരുത്തരുടെയും മുന്നിൽപോയി ഭിക്ഷക്കാരായി നിൽക്കാനാഗ്രഹിക്കാതെ, ആത്​മാഭിമാനത്തോടെ നിലകൊള്ളുന്ന ഗോത്രത്തെയാണ് ഇത്തരത്തിൽ ആക്രമിക്കുന്നത്.

ദിവാസിക്കൊല ഒന്നും രണ്ടും തവണയല്ല കേരളത്തിൽ നടക്കുന്നത്. ഇതിനു മുമ്പും കേരളത്തിൽ ആദിവാസികൾ പലവിധത്തിൽ മരിച്ചിട്ടുണ്ട്. അന്ന് ചോദിക്കാനും പറയാനും കഴിയാതെ ഒളിച്ചിരുന്ന ഗോത്രങ്ങൾ ഇന്ന് പുതിയ മാറ്റങ്ങളിലേക്ക് വന്നത് ആരും തിരിച്ചറിയാത്തത്​ വളരെ മോശമാണ്. മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ആര് ചത്താലും എന്തു പ്രശ്നം വന്നാലും കേരളീയർ കൊടിപിടിച്ച് വിയർത്ത് സമരം ചെയ്യും. എന്നാൽ, സ്വന്തം നാട്ടിൽ, കൺമുന്നിൽ നടന്ന ഇത്തരത്തിലൊരു സംഭവത്തെ കാണാത്തപോലെ നടിക്കുകയാണ്​.

വിദ്യാഭ്യാസത്തിലും മറ്റും ആദിവാസികൾ മുന്നേറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് വംശീയമായ ആക്രമണങ്ങൾ കണ്ടുനിൽക്കുവാൻ ഞങ്ങളെപ്പോലുള്ള ആദിവാസി എഴുത്തുകാർക്ക് സാധിക്കില്ല. ഒരു കവിയും ആദിവാസിയും മനുഷ്യനുമായ എനിക്ക് ഇതിനെതിരെ പ്രതികരിക്കാതിരിക്കാൻ കഴിയില്ല. കാരണം ഞങ്ങളും മനുഷ്യരാണ്, ഞങ്ങൾ എല്ലാ മനുഷ്യരെയും വേർതിരിവില്ലാതെ കാണുന്നതുകൊണ്ടാണോ നിങ്ങളീ പ്രവർത്തി തുടരുന്നത്, അതോ ഞങ്ങൾ നിങ്ങളെപ്പോലെ ക്രൂരന്മാരാവണോ? എന്തായാലും ആദിവാസികൾ ഒരിക്കലും ക്രൂരൻമാരാവില്ല, കാരണം നന്മയുടെ
പാഠങ്ങൾ ഞങ്ങളിൽ നിക്ഷിപ്തമാണ്.

പണ്ടുതൊ​ട്ടേ സ്വയംപര്യാപ്തത കൈവരിച്ച സമൂഹമാണ്​ ആദിവാസികളുടേത്. അതെല്ലാം അപഹരിക്കപ്പെട്ടിട്ടുപോലും ഒരുത്തരുടെയും മുന്നിൽപോയി ഭിക്ഷക്കാരായി നിൽക്കാനാഗ്രഹിക്കാതെ, ആത്​മാഭിമാനത്തോടെ നിലകൊള്ളുന്ന ഗോത്രത്തെയാണ് ഇത്തരത്തിൽ ആക്രമിക്കുന്നത്. ലോകത്തിൽ മൊത്തം കൊള്ളയും പിടിച്ചുപറിയും കൊലയും കള്ളത്തരങ്ങളുമെല്ലാം നടക്കുമ്പോഴും അതിലൊന്നും പെടാതെ ആദിവാസികൾ അഭിമാനത്തോടെ ജീവിക്കുന്നു. കാരണം, ആരുടെയും കട്ടിട്ടും കൊന്നിട്ടുമല്ല ജീവിക്കേണ്ടതെന്ന് വ്യക്തമായി അറിയാവുന്നവരാണ്​ ആദിവാസികൾ. ആ അറിവാണ് ആദിവാസികൾക്കിടയിൽ ഇന്നും നിലനിന്നുപോരുന്നത്. സ്ത്രീ ആയാലും പുരുഷനായാലും നന്നായി പണിയെടുത്തുതന്നെയാണ് അവർ മക്കളെയും കുടുംബത്തെയും വളർത്തുന്നത് സ്കൂൾ വിദ്യാഭ്യാസത്തിലുപരി, മറ്റാർക്കും കിട്ടാത്ത ഒരു വിദ്യാഭ്യാസം കൂടി അവർ ആർജിച്ചെടുക്കുന്നുണ്ട്. അതിൽ ഉറച്ചുതന്നെയാണ് അവർ നിൽക്കുന്നതും. ആ വിദ്യാഭ്യാസത്തെയാണ്‌ മറ്റു സമൂഹങ്ങൾ പഠിക്കേണ്ടതും.

അവരുടെ വേഷവും ഭാഷയും ഭക്ഷണവും ആരോഗ്യവും, ഇപ്പോഴിതാ ജീവനും നിങ്ങളെടുക്കുന്നു, പകരമായി ഒന്നും കിട്ടിയില്ല. ഇനിയും നോക്കി നിൽക്കാനാവില്ല. ആദിവാസികളോട്​ മുഖ്യധാരയിലേക്ക് വരാൻ പറയുന്നവർത്തന്നെ കൂട്ടം ചേർന്ന് അവരെ കൊല്ലുന്നു. ഇതാണോ മുഖ്യധാര? ഒന്നും മനസിലാവുന്നില്ല. മുഖ്യധാര എന്താണെന്ന് ഞങ്ങൾ പഠിപ്പിക്കാം. നിങ്ങൾ തോക്കോ വടിവാളോ എടുത്തോളൂ, ഞങ്ങൾ വീണ്ടും അമ്പും വില്ലും ഉണ്ടാക്കേണ്ടിവരുന്ന ഒരു കാലത്തേക്കാണ് നിങ്ങളെല്ലാവരും ചേർന്ന ഞങ്ങളെ നീക്കുന്നത്. നോക്കൂ, ആദിവാസികൾ വസിച്ചിരുന്ന മണ്ണും മരവും നീരും നിറങ്ങളും കാറ്റും തണലുമെല്ലാം നിങ്ങൾക്ക് തന്നിട്ടാണ് ഓലഷെഡിലും പ്ലാസ്റ്റിക്ക് കൂരയിലും ഞങ്ങളുടെ കുടുംബങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നത്. എന്നിട്ടും ഞങ്ങൾക്ക് നിങ്ങളെന്തു നൽകി? ഈ അക്രമങ്ങളല്ലാതെ.

പ്രതിഷേധം മാ​ത്രം അറിയിക്കുന്നു.

പാലക്കാ​ട്ടെ ആദിവാസി യുവാവ്​ മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്നപ്പോൾ എഴുതിയ ഒരു കവിത, വീണ്ടും ഇവിടെ ഓർത്തെടുക്കുന്നു:

ധു
ഇതിലും കൂടുതൽ എഴുതാനൊന്നുമില്ല
ഒളിക്കാനുമില്ല ഒഴിവാക്കാനുമില്ല
ഒഴിച്ചുവെച്ച എണ്ണയെ
തിരി ആളിയെടുത്ത്
പുതച്ച തീനാളങ്ങൾ
മുന്നിൽത്തന്നെയായിരുന്നു.

നീ നിനച്ച പച്ചയുടെ ചലനങ്ങൾ
എങ്ങനെ ആ ചുരമിറങ്ങി
നിലച്ചുപോയ ശ്വാസത്തെ
എവിടെവെച്ചു നീ ചുരം കയറി.

യക്ഷിയും മറുതയും
ചെലാചെലാ ചിലച്ച രാത്രിയിൽ
ഉറക്കങ്ങളെ മടക്കിവെച്ച് ഞങ്ങൾ
മലമുടി മുകളിൽവരെ കൊടിക്കുത്തി പാടി.

ആടിയാടി അടിയൊഴുക്കുള്ള പുഴയിൽ
കലങ്ങിക്കലങ്ങി കാലങ്ങൾ പോയിട്ടും
ഈ തളിരിന്റെ തളർച്ച മാറിയില്ലല്ലോ
മാറ്റുവാനാരും വന്നതില്ലല്ലോ?

മധു
മടുത്തവനല്ല
മധു കൈപ്പുള്ളവനല്ല
അനേകം കൈകളായ് ചിറകായ്
മൂളിമൂളിക്കൂടുന്ന തേനാണു നീ മധു.

Comments