കോടതി ഉത്തരവിനാൽ കവരുന്ന ദലിത് ഭൂമി, കീഴടങ്ങാതെ വാഴക്കുളം

റണാകുളത്ത് വാഴക്കുളം പഞ്ചായത്തിൽ പാരിയത്ത് കാവ് എന്നൊരു പട്ടികജാതി കോളനിയുണ്ട്. ഇവിടുത്തെ എട്ട് കുടുംബങ്ങളോട് കുടിയിറങ്ങാൻ ആവശ്യപ്പെട്ടിരിക്കുകയാണ് കോടതി. ഭൂപരിഷ്‌കരണ നിയമം നടപ്പാക്കിയ കാലത്തുപോലും തങ്ങളുടേതായിരുന്ന ഭൂമിയിൽ നിന്നാണ് വർഷങ്ങൾക്കിപ്പുറം കുടിയിറങ്ങാൻ പറയുന്നത്. അങ്ങനെ വന്നാൽ അതൊരു കൂട്ട ആത്മഹത്യയിലായിരിക്കും കലാശിക്കുക എന്ന് ഉള്ളുപൊട്ടി പറയുകയാണ് ഈ മനുഷ്യർ.

അവകാശപ്പെട്ട മണ്ണ് സംരക്ഷിക്കാൻ കോടതി കയറേണ്ടി വന്ന അടിസ്ഥാന ജനത 50 വർഷത്തിനിപ്പുറം തോറ്റു. തോറ്റ മനുഷ്യർക്ക് ജീവിക്കണ്ടേ? ശവത്തിൽ ചവിട്ടിയല്ലാതെ ഒരു തരി മണ്ണും ആർക്കും കൊണ്ടുപോകാനാകില്ലെന്ന കണ്ണുനീർ പ്രതികാരത്തിന്റേതല്ല, നിസ്സഹായതയുടേതാണ്.

ഫ്യൂഡൽ ജന്മിത്വത്തിന്റെ പുതിയ തലമുറ വ്യാജപ്രമാണങ്ങൾ ഹാജരാക്കി നടത്തുന്ന ഭൂമിക്കൊള്ളയ്ക്ക് ഭരണകൂടം കൂട്ട് നിൽക്കരുത്‌. വാഴക്കുളത്തെ ഈ കുടിയറക്ക് ഉത്തരവ് ഒറ്റപ്പെട്ടതോ അവസാനത്തേതോ അല്ല. അട്ടപ്പാടിയിലടക്കം കേരളത്തിന്റെ പലഭാഗത്ത് നിന്നും ദളിതരുടെ ഭൂമി ഇത്തരം വിധികളിലൂടെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ സജീവമാണ്. 1950 മുതൽ കൈവശം വെച്ചുവരുന്ന ഭൂമിയിൽ സ്ഥിരാവകാശം നേടിയെടുത്തുകൊടുക്കാൻ ഭരണകൂടങ്ങൾക്ക് എന്തുകൊണ്ട് കഴിഞ്ഞില്ല എന്ന രാഷ്ട്രീയ ചോദ്യം കൂടി ബാക്കിയാകുന്നുണ്ട് വാഴക്കുളത്തെ ഈ ഭൂസമരം.

ദളിതരുടെ കൈവശ ഭൂമിക്ക് പട്ടയം കൊടുത്തില്ലാ എങ്കിൽ സംഭവിക്കാവുന്ന സ്വാഭാവിക പരിണാമത്തിന്റെ കഥയാണ് വാഴക്കുളത്തേത്. കോടതി വിധികളെല്ലാം അന്തിമമല്ല, അങ്ങനെ നടപ്പിലാക്കാത്ത വിധികളും കേരളത്തിലുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ മറ്റെല്ലാ സാങ്കേതികതയും മാറ്റിവെച്ച് കേരളത്തിലെ ഇടതുപക്ഷ സർക്കാർ ആ ദളിത് കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കേണ്ടതുണ്ട്. ആ കുടുംബങ്ങൾക്കൊപ്പം നിൽക്കേണ്ടതുണ്ട്.

Comments