അധികാരത്തിലൂടെയും സാമൂഹിക നിയന്ത്രണങ്ങളിലൂടെയുമാണ് ജാതിവ്യവസ്ഥ അധീശത്വം നിലനിര്‍ത്തിയിരുന്നത്. അറിവിന്റെ നിയന്ത്രണവും പ്രയോഗവും ഒരുപറ്റം ജാതികള്‍ക്കുമാത്രമാണ് അനുവദിച്ചിരുന്നത്. അറിവ് വികേന്ദ്രീകരിക്കപ്പെടരുത് എന്ന ഉദ്ദേശ്യത്തോടെയാണ് അറിവിന്റെ നിറകുടങ്ങളായി ബ്രാഹ്മണരെയും ഭരണത്തിന്റെ അധികാരികളായി ക്ഷത്രിയരെയും വാണിജ്യത്തിന്റെ അവകാശികളായി വൈശ്യരെയും ഈ ത്രൈവര്‍ണികര്‍ക്ക് എല്ലാത്തരം സേവനങ്ങളും കൈത്തൊഴിലുകളും പ്രദാനം ചെയ്യാനായി ശൂദ്രരെയും ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയില്‍ സന്നിവേശിപ്പിക്കപ്പെട്ടത്.
വര്‍ണങ്ങള്‍ക്ക് പുറത്തുള്ളവരെ ദലിതുകളെന്ന് വിളിച്ചു. മര്‍ദ്ദിതരും ചൂഷിതരുമായി മാത്രം മാറിയ ഈ ജനങ്ങള്‍ക്ക് മനുഷ്യനെന്ന പരിഗണന പോലുമില്ലാതെ ജീവിക്കേണ്ടിവന്നു. ഇന്നും ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും ദലിത് ജീവിതം വലിയ മാറ്റമില്ലാതെയാണ് തുടരുന്നത്. അഞ്ചില്‍ ഒന്ന് വരുന്ന ഈ ജനവിഭാഗം വിഭവങ്ങളില്‍ഒരധികാരവും അവകാശവുമില്ലാതെ വര്‍ണവ്യവസ്ഥയില്‍പ്പെട്ട എല്ലാ ജാതികളുടെയും ആട്ടും തുപ്പും സഹിച്ച് ജീവിക്കേണ്ട അവസ്ഥ വലിയ മാറ്റമില്ലാതെ തുടരുന്നു. ജനാധിപത്യ വ്യവസ്ഥയിലും അവർക്ക് മനുഷ്യാന്തസ് ഇല്ലാതെ ജീവിക്കേണ്ടിവരുന്നു.
അറിവിനെ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായ ഒന്നാണ് അക്ഷരങ്ങളും അക്കങ്ങളും. എഴുത്ത്, വായന എന്നിവ അനുവദിക്കപ്പെട്ട ജാതികള്‍ മാത്രം എഴുതിയപ്പോള്‍ അവര്‍ അവരെക്കുറിച്ചുമാത്രമാണ് പറഞ്ഞത്. അവരുടെ ആരാധനാരൂപങ്ങളെക്കുറിച്ചും വിനോദങ്ങളെക്കുറിച്ചും അവര്‍ കഥകളൂം മിത്തുകളും നിര്‍മിച്ചു. അമ്പലവുമായി ബന്ധപ്പെട്ട് കഴിയുന്നവരായതിനാല്‍ അനുഷ്ഠാന- അധികാര തിരുമേനികളായാണ് നമ്പൂതിരിമാര്‍ ദൃശ്യപ്പെടുന്നത്. പരശുരാമനെന്ന ബ്രാഹ്മണനെ മുന്‍നിര്‍ത്തിയുള്ള മിത്തുകളും നമ്പൂതിരിമാര്‍ തന്നെ ഉണ്ടാക്കിയതായിരിക്കും. മിത്ത് സാമൂഹിക നിയന്ത്രണത്തിന് അനിവാര്യമായിത്തീര്‍ന്ന ഒരു മര്‍ദ്ദക രൂപവുമാണ്. ചിലതിനെ ന്യായീകരിക്കാനും വിശദീകരിക്കാനും അവര്‍ മിത്തുകളുണ്ടാക്കി.
കേരളം പരശുരാമന്‍ മഴുവെറിഞ്ഞുണ്ടാക്കിയതാണെന്ന്, കേരള ചരിത്രം പഠിപ്പിക്കുന്നവര്‍ തന്നെ വിശ്വസിച്ചുപോകുന്നതുപോലെയാണ്, അവര്‍ കുട്ടികള്‍ക്കുമുന്നിൽ ഈ മിത്ത് അവതരിപ്പിക്കാറ്: ക്ഷാത്രബ്രാഹ്മണനായ പരശുരാമന്‍ അനേകം ക്ഷത്രിയരെ കൊന്നൊടുക്കി, എന്തിനേറെ, സ്വന്തം അമ്മയെപോലും കൊന്നു, ഈ ശാപത്തില്‍നിന്ന് മോചനം ലഭിക്കാന്‍ ചിലതൊക്കെ ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യാന്‍ തീരുമാനിക്കുന്നു. ഗോകര്‍ണത്തുനിന്ന് കന്യാകുമാരിയിലേക്ക് പരശുരാമന്‍ മഴു എറിഞ്ഞപ്പോള്‍ കടല്‍ പിന്മാറി കര പിറന്നു, അങ്ങനെയുണ്ടായതാണ് കേരളം. അത് നമ്പൂതിരിമാര്‍ക്ക് ദാനം ചെയ്തു.
ഈ മിത്തുണ്ടാക്കിയത് നമ്പൂതിരിമാരായിരിക്കും. കാരണം, മിത്തിന് ഒരു രാഷ്ട്രീയമുണ്ട്. ഈ കാണുന്ന ഭൂമിയെല്ലാം നമ്പൂതിരിമാരുടേതാണെന്നും അതിൽ അധികാരവും അവകാശവും ഉണ്ടെന്നു പറഞ്ഞ് ആരും വരേണ്ടതില്ല എന്നുമുള്ള പ്രഖ്യാപനം കൂടിയാണിത്. അധികാരവും അവകാശവും സ്ഥാപിച്ചെടുക്കാൻ മിത്തുകള്‍ നിര്‍മിച്ചും പ്രചരിപ്പിച്ചും നടത്തുന്ന ഈ പ്രതിഭാസം അറിവിന്റെയും എഴുത്തിന്റെയും മേല്‍ അവര്‍ക്കുണ്ടായിരുന്ന നിയന്ത്രണത്തെയും അധീശത്വത്തെയും നിര്‍വചിക്കുന്നു.
എഴുത്തിലും കലയിലും ഈ അധികാരവ്യവസ്ഥ സന്നിവേശിപ്പിക്കുന്നതായി നമുക്ക് കാണാം. ഇന്ത്യയില്‍ ത്രൈവര്‍ണികരുടെ ജീവിതമാണ് പലപ്പോഴും കഥയിലും കവിതകളിലും ചരിത്രത്തിലും ദൃശ്യമായിരിക്കുന്നത്. രാമായണവും മഹാഭാരതവും ഉപനിഷത്തുക്കളും സവര്‍ണീകരിക്കപ്പെട്ട കഥകളാണ്. അവ ബ്രാഹ്മണരെയാണ് ശക്തിയായി പ്രതിനിധീകരിക്കുന്നത്. പുരാണത്തെ അടിസ്ഥാനമാക്കിയുള്ള ആധുനിക കഥകളിലും നോവലിലും ത്രൈവര്‍ണികരുടെ ജീവിതവും വസ്ത്രധാരണവും വിവാഹരീതികളും വര്‍ണിച്ചിരിക്കുന്നു. ഇന്ത്യയെക്കുറിച്ച്, അതിന്റെ ജ്ഞാനപാരമ്പര്യങ്ങളെക്കുറിച്ച് പഠിക്കാന്‍ വന്ന വിദേശീയരും ബ്രാഹ്മണരുടെ ആചാരങ്ങളെയും സമ്പ്രദായങ്ങളെയും, അവ ഇന്ത്യന്‍ അറിവാണ് എന്ന് നിജപ്പെടുത്തി. ഉപനിഷത്തും വേദങ്ങളും അറിവിന്റെ ഉറവിടസ്ഥാനങ്ങളായി ലോകവും ഉള്‍ക്കൊള്ളുന്ന ഈ രാഷ്ട്രീയത്തെ നാം എഴുത്തിന്റെ ദൃശ്യരാഷ്ട്രീയം എന്ന് വിളിക്കണം.
എഴുത്തുരൂപങ്ങളുടെ സമൂഹങ്ങള്‍ എന്നും കലയിലും സാഹിത്യത്തിലൂം ദൃശ്യരായിരുന്നു. അതുകൊണ്ടുതന്നെ, സാമൂഹിക അധീശത്വം അവര്‍ക്കുണ്ടായിരുന്നു. ഉത്തരാധുനിക കാലത്താണ് അദൃശ്യമായിരുന്ന വിഭാഗങ്ങളെയും അവരുടെ അറിവിന്റെ രൂപങ്ങളെയും കുറിച്ച് പണ്ഡിതസമൂഹം ശ്രദ്ധിച്ചുതുടങ്ങിയത്. ബ്രഹദാഖ്യാനങ്ങളെ തള്ളി ചെറുതായ മനുഷ്യകുലങ്ങള്‍ക്ക് ചരിത്രമുണ്ടെന്ന് അംഗീകരിക്കുന്നത് വളരെ അടുത്താണ്. ഇത് സാഹിത്യത്തിലും കലയിലും ചരിത്രമെഴുത്തിലും വെളിവായിക്കൊണ്ടിരിക്കുന്നു.
ഈ കാലത്ത് ഉല്‍പാദിപ്പിക്കപ്പെടുന്ന നാടകങ്ങള്‍ ശ്രദ്ധിച്ചാല്‍, നമുക്കിത് മനസ്സിലാകും. രാജാവിന്റെ പരിലാളനയില്‍ കൂത്തമ്പലങ്ങളിലും അരങ്ങിലും സ്വപ്‌നവാസവദത്തവും മുദ്രാരാക്ഷസവും പോലുള്ള സവര്‍ണീകരിച്ച അവതരണഭാഷയാണ് നിലനിന്നിരുന്നത് എങ്കില്‍ ഇന്ന് ദലിതുകളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതാവസ്ഥകളും ആവിഷ്‌കരിക്കപ്പെടുന്നുണ്ട്. ഈ സന്ദര്‍ഭത്തിലാണ് നാം ദലിത് ജീവിതങ്ങളെയും അദൃശ്യരായ അവരുടെ സാമൂഹിക- സാംസ്‌കാരിക ലോകങ്ങളെയും ചിത്രങ്ങളിലൂടെയും മറ്റു കലാവിഷ്‌കാരങ്ങളിലൂടെയും മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്.
ചിത്രങ്ങളും വരകളും Dalit Art and Visual Imagery (Edited by Gary Michael Tartakov) എന്ന പുസ്തകത്തിൽ നിന്ന്.