30 Apr 2020, 10:48 AM
'ஏப்ரல் மேயிலே
பசுமையே இல்லே
காஞ்சு போச்சுடா
இந்த ஊரும் பிடிக்கலே
உலகம் பிடிக்கலே
போரு போருடா !!'
വരണ്ടുണങ്ങിയ ഒരേപ്രില്‍ - മെയ് മാസത്തെക്കുറിച്ചുള്ള ദു:ഖഭരിതമായ ഈ വരികളെഴുതിയത് വാലിയാണ്. പദ്മശ്രീ ടി.എസ്. രംഗരാജന്‍ എന്ന തമിഴരുടെ പ്രിയപ്പെട്ട കവി, വാലി. പതിനായിരത്തിലേറെ തമിഴ് സിനിമാപ്പാട്ടുകള്‍ എഴുതിയിട്ടുണ്ട് അയാള്‍. ഒന്നു മൂളി നോക്കിയാലറിയാം എന്ത് ഭംഗിയാണ് ഈ വരികള്‍ക്കെന്ന്, എത്രമേല്‍ ക്രാന്തദര്‍ശിയാണ് വാലി എന്ന പാട്ടെഴുത്തുകാരനെന്ന്.
ഏപ്രില്‍ മേയിലേ / പസുമൈ ഇല്ലയാ / കാഞ്ചു പോച്ചുഡാ / ഇന്ത ഊരും പുടിക്കലേ / ഉലകം പുടിക്കലേ / ബോറു ബോറുഡാ ഇവിടെങ്ങും ഒരിത്തിരി പച്ചപ്പ് പോലുമില്ല, എല്ലാം വറ്റിപ്പോയിരിക്കുന്നു. ഈ നഗരത്തോട് ഇപ്പോഴെനിക്കിഷ്ടം തോന്നുന്നില്ല, എനിക്കീ ലോകം തന്നെ ഇഷ്ടമാവുന്നില്ല. എത്രമേല്‍ വിരസമാണ് ഈ ഏപ്രില്‍ - മെയ് മാസങ്ങള്‍ എന്ന്. 1991 ലാണ് ഇളയരാജയുടെ സംഗീതത്തില്‍ 'ഇദയം' എന്ന തമിഴ് പടത്തില്‍ ഈ പാട്ടു വരുന്നത്. ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറം നാമിപ്പോള്‍ ആ ഏപ്രില്‍ - മെയ് മാസത്തിലാണ്.

"ഏപ്രില്‍ ഈസ് ദി ക്രുവലസ്റ്റ് മന്ത്' എന്ന വരിയില്‍ "ദി വേസ്റ്റ് ലാന്റ്' എന്ന കവിത ടി.എസ്.എലിയട്ട് ആരംഭിക്കുന്നത് ഒരു നൂറ്റാണ്ട് മുമ്പാണ്. ആ ഏപ്രിലും ഇതാണ്, രണ്ടേകാല്‍ ലക്ഷം മനുഷ്യരെ കൊന്നു തള്ളിയ മറ്റേത് ഏപ്രിലുണ്ട് ചരിത്രത്തില്‍. മരണത്തെക്കുറിച്ചോ ലോക്ക്ഡൗണ്‍ പകലുകളുടെ വിരസതയെക്കുറിച്ചോ പറയാന്‍ തുടങ്ങിയതല്ല, അങ്ങനേയങ്ങ് വഴി തെറ്റിപ്പോയതാണ്. പറഞ്ഞ് തുടങ്ങിയത് ഏപ്രിലിനെക്കുറിച്ചാണ്, ഇദയത്തെക്കുറിച്ചാണ്.
മുരളിയും ഹീരയുമായിരുന്നു ഇദയത്തിലെ നായകനും നായികയും. വാലിയുടെ പാട്ട് മൂളി ചെന്നൈ പട്ടണത്തിലൂടെ ആടിയൊഴുകിയത് പക്ഷേ ഇവര്‍ രണ്ടുപേരുമായിരുന്നില്ല. അതൊരു പതിനെട്ടുകാരന്‍ പയ്യനായിരുന്നു, തമിഴ് പടങ്ങളിലെ ചിയര്‍ ബോയ് - ഐറ്റം ഡാന്‍സുകാരന്‍, അവന്റെ പേര് ശങ്കുപാണി. അവന്‍ ചില്ലറക്കാരനായിരുന്നില്ല. പതിനൊന്നാമത്തെ വയസ്സില്‍ സ്റ്റേജില്‍ ലൈവ് ഡാന്‍സ് പെര്‍ഫോമന്‍സ് നടത്തി റെക്കോര്‍ഡിട്ട കുട്ടിയാണവന്‍. 'വെട്രി വിഴ' എന്ന തമിഴ് പടത്തില്‍ കമല്‍ ഹാസന് കൊറിയോഗ്രാഫ് ചെയ്യുമ്പോള്‍ അവന് പ്രായം 16. കൗമാരം കടക്കുമ്പഴേക്കും അവന്‍ തമിഴകത്തിന്റെ ആട്ടപ്രഭുവായിക്കഴിഞ്ഞിരുന്നു. തീയേറ്ററിലെ കസേരയോട് ഒട്ടിപ്പിടിക്കാന്‍ നോക്കിയവരെപ്പോലും അവിടെ നിന്നിളക്കാന്‍ ശേഷിയുണ്ടായിരുന്ന ഇന്ത്യന്‍ സിനിമയുടെ ഡാന്‍സിംഗ് ദേവന്‍. അങ്ങനെ ശങ്കുപാണി കോളിവുഡിന് പ്രഭുദേവയായി.
ലോകത്തെ ഡാന്‍സിന്റെ ചരിത്രം ഏറ്റവും കടപ്പെട്ടിരിക്കുന്ന പേരുകളിലൊന്ന് ഫ്രഞ്ച് നര്‍ത്തകനായ ജീന്‍ ജോര്‍ജ്ജ് നോവറിന്റേതാണ്. അയാള്‍ ജനിക്കുന്നത് ഏപ്രിലിലാണ്. ഏപ്രില്‍ 29 ന്, ആ ദിവസം ലോകത്തിന് ഇന്റര്‍നാഷണല്‍ ഡാന്‍സ് ഡേയാണ്. പ്രഭുദേവ ജനിച്ചതും ഏപ്രിലിലാണ്, 1973 ഏപ്രില്‍ 3 ന്. ഡാന്‍സ് അതിന്റെ ദിവസമാഘോഷിക്കുന്ന മാസത്തിലേ അയാള്‍ക്ക് പിറക്കാനൊക്കൂ, അയാള്‍ അടിമുടി ഡാന്‍സാണ്.
തമിഴിലെ മുന്‍നിര കൊറിയോഗ്രാഫര്‍മാരിലൊരാളായ മുഗൂര്‍ സുന്ദര്‍ ആയിരുന്നു പ്രഭുദേവയുടെ അപ്പ. മണിരത്‌നത്തിന്റെ തിരുടാ തിരുടായിലൂടെ നൃത്ത സംവിധാനത്തിന് അയാള്‍ ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. അപ്പയെ പ്രഭുദേവയ്ക്ക് പേടിയായിരുന്നു. താന്‍ ഒരമ്മക്കുട്ടിയായിരുന്നുവെന്ന് പ്രഭുദേവ എപ്പഴും പറയും. അമ്മയുടെ പേര് മഹാദേവമ്മ എന്നായിരുന്നു. ഒരു പരീക്ഷാത്തോല്‍വിയോടെയാണ് അപ്പയോടുള്ള ഭയം അവസാനിക്കുന്നത്. അത് പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പഴാണ്.
നന്നായി പഠിച്ചിട്ടില്ല, തോറ്റു. അപ്പ തല്ലുമെന്ന് ഉറപ്പാണ്. അന്നു മുഴുവന്‍ പേടിച്ച് ആ തല്ലും കാത്തിരുന്നു. ബാക്കി പ്രഭുദേവ പറയും, അതു കേള്‍ക്കാനാണ് രസം. ''പതിനൊന്നാം ക്ലാസ് പരീക്ഷയാണ്. ഇനിയെങ്ങനെ സ്‌കൂളില്‍ പോകും - എല്ലാവരുടേയും മുഖത്തു നോക്കും എന്നൊന്നുമായിരുന്നില്ല ഞാനന്ന് ചിന്തിച്ചത്, അപ്പ എന്നെ എന്തൊക്കെ ചെയ്യും എന്ന് മാത്രമായിരുന്നു. ഒടുവില്‍ അപ്പ വന്നു. എന്റെ ചുമലില്‍ കൈവെച്ചു, ഞാന്‍ അടിമുടി വിറയ്ക്കുന്നുണ്ടായിരുന്നു. അപ്പ ശാന്തനായിപ്പറഞ്ഞു, 'സങ്കടപ്പെടേണ്ട. പഠിക്കാന്‍ ഇഷ്ടമില്ലാത്തത് പഠിക്കുമ്പോഴാണ് നാം തോല്‍ക്കുന്നത്. നിനക്കിഷ്ടമുള്ളതാണ് പഠിക്കേണ്ടത്. അത് സയന്‍സോ ചരിത്രമോ നൃത്തമോ സാഹിത്യമോ പെയിന്റിംഗോ എന്തുമാവാം. അത് പഠിപ്പിക്കുന്ന സ്‌കൂളിലാണ് പോകേണ്ടത്. ഇഷ്ടമുള്ള കാര്യങ്ങള്‍ മാത്രം ചെയ്യൂ' എന്ന്. അന്നുമുതല്‍ എന്റെ സ്‌കൂള്‍ അപ്പയായിരുന്നു, അപ്പയുടെ നൃത്തമായിരുന്നു. അതുകൊണ്ട് മാത്രം ഞാന്‍ ഇവിടെയുണ്ട്.''
രാവിലെ കൃത്യം 6.30 ന് ഡാന്‍സ് ക്ലാസില്‍ പോയിരുന്ന കുട്ടിക്കാലമായിരുന്നു പ്രഭുദേവയുടേത്. ധര്‍മ്മരാജും ഉഡുപ്പി ലക്ഷ്മിനാരായണനുമായിരുന്നു ഗുരുക്കന്മാര്‍. അവരുടെ കണ്ണ് തെറ്റുമ്പോഴെല്ലാം ഭാരതനാട്യം ചുവടുകള്‍ക്കിടയില്‍ നിന്ന് പ്രഭുദേവ മൈക്കിള്‍ ജാക്‌സണ്‍ ചുവടുകളിലേക്ക് വഴുതി. ''ദൂരെ എവിടെയോ നിന്ന് മൈക്കിള്‍ ജാക്‌സണ്‍ എന്നെപ്പിടിച്ച് വലിക്കുകയായിരുന്നു. എന്റെ ചുവട് മാറുന്നത് അവര്‍ കണ്ടുപിടിക്കുകയും എന്നോട് ദേഷ്യപ്പെടുകയും ചെയ്യുമായിരുന്നു. പക്ഷേ MJ എന്ന വലിയ വിഗ്രഹത്തിനപ്പുറത്ത് മറ്റൊന്നും എനിക്കുണ്ടായിരുന്നില്ല. ഭരതനാട്യം എന്നെ വല്ലാതെ ബോറടിപ്പിച്ചു. അതെല്ലാം ഇന്നോര്‍ക്കുമ്പോള്‍ സങ്കടമുണ്ട്. എനിക്കറിയാവുന്ന നൃത്തം ധര്‍മ്മരാജ് സാറും ലക്ഷ്മിനാരായണന്‍ സാറും തന്നത് മാത്രമാണ്. MJഒരു പ്രലോഭനമായിരുന്നു. ഗുരുക്കന്മാര്‍ എന്നെ ഉണ്ടാക്കിയെടുക്കാന്‍ കഠിന പ്രയത്‌നം ചെയ്യുമ്പോഴും ഞാന്‍ MJ ആവാനാണ് ശ്രമിച്ചത്. എനിക്ക് ഞാനാവണ്ടായിരുന്നു.''

പിന്നെ തമിഴ് സിനിമ കണ്ടത് അയാള്‍ MJ ആവുന്നതാണ്. ജെന്റില്‍മാനും കാതലനുമെല്ലാം തീയേറ്ററില്‍ തീപ്പൊരി വിതറി. ചിക്കു ബുക്ക് ചിക്കു ബുക്ക് റെയിലേയും, മുക്കാല മുക്കാബുലായും, പേട്ടെറാപ്പും, മഞ്ഞക്കാട്ടു മൈനയും, വെണ്ണിലവേയും ഊര്‍വശീ ഊര്‍വശീയുമൊക്കെ അയാളെ ഒരേ സമയം താരവും ജനകീയനുമാക്കി. ഡാന്‍സുകൊണ്ട് മാത്രം അയാളുണ്ടാക്കിയ ഓളം ലോക സിനിമാക്കൊട്ടകകളുടെ ചരിത്രത്തില്‍ ആരുമുണ്ടാക്കിയിട്ടില്ല. അയാള്‍ ശസ്ത്രക്രിയ നടത്തി ഊരിമാറ്റിയ എല്ലുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പലയിടത്തും കൊഴുത്തു. എല്ലൂരിയിടത്ത് റബ്ബര്‍ ഫിറ്റ് ചെയ്തു എന്നു വരെ കഥകളുണ്ടായി. എന്തൊക്കെയാണ് ഇവന്‍ കാട്ടിക്കൂട്ടുന്നത്, ശരീരം നോക്കാതെ ഇങ്ങനെ എത്രകാലമെന്ന് വെച്ചാണ് എന്നൊക്കെ മനുഷ്യര്‍ പരസ്പരം പറഞ്ഞു. കഥകള്‍ സത്യമായി, അങ്ങനെ അധികകാലമുണ്ടായില്ല. കൈയ്യടികള്‍ക്കും ആര്‍പ്പു വിളികള്‍ക്കുമൊപ്പം ഓരോ നൃത്തത്തിന്റെയും അവസാനം പ്രഭുദേവയെ കാത്തിരുന്നത് കുത്തിത്തുളച്ചു കയറുന്ന കഴുത്ത് വേദനയാണ്. പതിയെ പ്രഭുദേവ കളം മാറ്റിച്ചവിട്ടി തുടങ്ങി.

കൊമേഡിയനായി, കാമുകനായി, സംവിധായനായി, പ്രഭുദേവ പിന്നീട് പലതുമായി. ഇന്ത്യന്‍ സിനിമയ്ക്ക് ഇന്നയാള്‍ അപാരശേഷിയുള്ള ഒരു ബഹുമുഖ പ്രതിഭയാണ്. പക്ഷേ എനിക്കയാള്‍ ഡാന്‍സിംഗ് ദേവനാണ്. അയാള്‍ ജനിച്ചതിന് ശേഷമാണ് എന്റെ നാട്ടിന്‍ പുറത്ത് സ്റ്റേജ് ഡാന്‍സുകള്‍ ജനിച്ചത്. ബ്രേക്ക് ഡാന്‍സ് കളിക്കുന്ന ചെക്കന്മാരെക്കാണാന്‍ ഉത്സവപ്പറമ്പുകളില്‍ പോയിരുന്ന കൂട്ടുകാരികളുണ്ട് എനിക്ക്. എത്രയെത്ര നാടകട്രൂപ്പുകളെയാണ് അയാള്‍ തകര്‍ത്തു കളഞ്ഞത്. മെലഡികളില്‍ വിരാജിച്ചിരുന്ന സംഗീത സാമ്രാട്ടുകളെ അയാള്‍ ആര്‍ക്കും വേണ്ടാത്തവരാക്കിക്കളഞ്ഞു. വൈറ്റ് & വൈറ്റിട്ട് ഗാനമേളകളില്‍ പാടാനെത്തിയിരുന്ന ഗ്രാമീണ യേശുദാസുമാരെ രണ്ടാം തരക്കാരാക്കി. കഥാപ്രസംഗക്കാരെ വീട്ടിലിരുത്തി. അടിപൊളി എന്ന വാക്കിനെ ജനകീയവല്‍ക്കരിച്ചത് പ്രഭുദേവയാണ്. ഇങ്ങനെയൊരു സംസ്‌കാര നിര്‍മ്മിതി സാധ്യമാക്കാന്‍ സാക്ഷാല്‍ മൈക്കിള്‍ ജാക്‌സണുവരെ കഴിഞ്ഞിട്ടുണ്ടാവില്ല.
ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നഡയിലും മലയാളത്തിലുമെല്ലാം ഇന്ന് കാണുന്ന രൂപത്തിലുള്ള ഈ സിനിമാറ്റിക് ഡാന്‍സ് എന്നുണ്ടായതാണ്? ഈ ഡാന്‍സായിരുന്നോ നസീറും ജയനും ചെയ്തത്? ഇതായിരുന്നോ രവീന്ദ്രന്റെ ഡാന്‍സ്? രാജ് കപൂറും ദേവാനന്ദും, പോട്ടെ അമിതാബ് ബച്ചന്‍ പോലും ചെയ്തത് ഈ ഡാന്‍സാണോ? എം.ജി.ആറിന്റെയും ജെമിനി ഗണേശന്റെയും എന്‍.ടി.രാമറാവുവിന്റെയും രാജ്കുമാറിന്റെയും ചുവടുകള്‍ ഇങ്ങനെയായിരുന്നോ? കാലത്തിനനുസരിച്ച് നൃത്തം മാറിയിട്ടുണ്ട് എന്ന് നാമുത്തരം കണ്ടെത്തിയേക്കും. സത്യമതല്ല. കാലം പുതിയ ചുവടുകള്‍ സൃഷ്ടിക്കുന്നില്ല. കാലം ചില മനുഷ്യരെയാണ് സൃഷ്ടിക്കുന്നത്. ബാക്കിയെല്ലാം അവരുണ്ടാക്കുന്നതാണ്. മറ്റൊരു ദേശത്തേയും സിനിമകളില്‍ കാണാന്‍ കഴിയാത്ത ഒരു ഡാന്‍സ് കള്‍ച്ചറുണ്ട് ഇന്നിന്ത്യന്‍ സിനിമയ്ക്ക്. ആ കള്‍ച്ചറില്‍ പ്രഭുദേവയുടെ കൈയ്യൊപ്പുണ്ട്. ഡാന്‍സര്‍ പ്രഭുദേവയായി ഒരിടക്കാലത്ത് വന്നു പോയേ ഉള്ളൂ അയാള്‍. പക്ഷേ ആ പോക്ക് അയാള്‍ക്ക് മുമ്പെന്നും ശേഷമെന്നും സിനിമയെ കൃത്യമായി വിഭജിച്ചു കൊണ്ടായിരുന്നു. സത്യമിതൊക്കെയാണ്, പക്ഷേ ചരിത്രം പ്രഭുദേവയെ ഇങ്ങനെയൊക്കെ അടയാളപ്പെടുത്തുമോ?
ഷിജു. ആർ
30 Apr 2020, 05:00 PM
പിന്നിട്ടു പോന്ന കൗമാരത്തിന്റെ ചലനങ്ങളിൽ ഇന്ധനം നിറച്ച , ഇരുണ്ട നിറത്തിനും മെലിഞ്ഞ കോലത്തിനും ഉള്ള അപകർഷതാബോധം ആടിക്കടന്ന ഓർമ്മകൾ..
സേതു
Feb 19, 2021
5 Minutes Read
വേണു
Feb 17, 2021
52 Minutes Listening
ഡോ.ദീപേഷ് കരിമ്പുങ്കര
Feb 10, 2021
18 Minutes Read
ഡോ. എം. മുരളീധരന്‍
Feb 09, 2021
5 minutes read
എം.സി.പ്രമോദ് വടകര
2 May 2020, 09:15 PM
ത്രസിപ്പിക്കുന്ന ചലനങ്ങളും ദ്രുതതാളങ്ങളും കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളുമായാണ് പ്രഭുദേവ രംഗത്തെത്തുന്നത്.ശരിയാണ്, കാലം പുതിയ ചുവടുകൾ സൃഷ്ടിക്കുന്നില്ല;ചില മനുഷ്യരെയാണ് സൃഷ്ടിക്കുന്നത്.പ്രഭുദേവ സിനിമാറ്റിക് നൃത്തരംഗത്ത് അത്തരമൊരാൾ തന്നെ !!! - എന്നാൽ വരികൾക്കിടയിൽ കുറിച്ചിട്ട വാക്കുകളിൽ ചില നഷ്ടങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. വേഗതയുടെയും ചലനത്തിന്റെയും പുതിയ കാലത്ത് അകന്നുപോയ നാട്ടിൻ പുറത്തെ നാടക യാത്രകൾ, ശബ്ദത്തിന്റെ സംഗീതത്തിന്റെ കഥ പറയലിന്റെ അനുഭവം തീർത്ത കഥാപ്രസംഗ വഴികൾ:------ ഓർമകളിൽ നിറയുന്നുണ്ട് അവയെല്ലാം - മരണ വേഗതയുടെ ഈ പുതിയ കാലത്തും