truecoppy
MORE
Truecopy Home
Readers
are
Thinkers

Thursday, 02 February 2023

truecoppy
Truecopy Logo
Readers are Thinkers

Thursday, 02 February 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Chembarikk Qasi

Investigation

ചെമ്പരിക്ക ഖാസിയുടെ ദുരൂഹമരണം;
ആത്മഹത്യാ വാദം പൊളിച്ച്​ പത്ത് വര്‍ഷത്തിന് ശേഷം
സൈക്കോളജിക്കല്‍ റിപ്പോര്‍ട്ട്

ചെമ്പരിക്ക ഖാസിയുടെ ദുരൂഹമരണം; ആത്മഹത്യാ വാദം പൊളിച്ച്​ പത്ത് വര്‍ഷത്തിന് ശേഷം സൈക്കോളജിക്കല്‍ റിപ്പോര്‍ട്ട്

ഇ.കെ വിഭാഗം സമസ്ത ഉപാധ്യക്ഷനും മംഗലാപുരം-കീഴൂര്‍ സംയുക്ത ജമാഅത്ത്  ഖാസിയുമായിരുന്ന സി.എം. അബ്ദുല്ല മൗലവി എന്ന ചെമ്പരിക്ക ഖാസിയുടെ മരണത്തിലുള്ള ദുരൂഹതക്ക്​ അടിവരയിടുന്നതാണ്​ മെഡിക്കൽ സംഘം കോടതിയിൽ സമർപ്പിച്ച പുതിയ റിപ്പോർട്ട്​. പോണ്ടിച്ചേരിയിലെ ജിപ്‌മെര്‍ മെഡിക്കല്‍ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘമാണ് സൈക്കോജിക്കല്‍ ഓട്ടോപ്‌സി പ്രകാരം അന്വേഷണം നടത്തിയത്. തുടക്കം മുതൽ കേസ്​ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ എന്തൊക്കെ വിചിത്രവാദങ്ങളാണ് നടത്തിയതെന്നും അതൊക്കെ എന്ത് മാത്രം ദുര്‍ബലമായിരുന്നെന്നും വ്യക്തമാക്കുന്നുണ്ട് ഈ റിപ്പോര്‍ട്ട്

22 Oct 2020, 04:57 PM

അലി ഹൈദര്‍

2010 ഫെബ്രുവരി 15 ന് പുലര്‍ച്ചെ ചെമ്പരിക്ക കടല്‍തീരത്ത് നിന്ന്​ ഒരു മൃതദേഹം കിട്ടി. കടലില്‍ പൊങ്ങിക്കിടന്നിരുന്ന ആ ശരീരം ഇ.കെ വിഭാഗം സമസ്ത ഉപാധ്യക്ഷനും മംഗലാപുരം-കീഴൂര്‍ സംയുക്ത ജമാഅത്ത്  ഖാസിയുമായിരുന്ന സി.എം. അബ്ദുല്ല മൗലവി എന്ന ചെമ്പരിക്ക ഖാസിയുടേതായിരുന്നു. ഖാസിയുടെ ചെരിപ്പും ഊന്നുവടിയും ടോര്‍ച്ചും കരയോടു ചേര്‍ന്ന പാറക്കൂട്ടങ്ങളുടെ മുകളില്‍ അടുക്കിവച്ച നിലയിലായിരുന്നു. വീട് പുറത്തുനിന്നു താഴിട്ട് പൂട്ടിയിരുന്നു.

ഖാസി കടലില്‍ ചാടി ആത്മഹത്യ ചെയ്തുവെന്ന നിഗമനത്തിലായിരുന്നു പൊലീസ്. സമസ്തയുടെ ഉന്നത നേതാവും പ്രമുഖ ഇസ്‌ലാമിക പണ്ഡിതനുമായ ഒരാള്‍ ആത്മഹത്യ ചെയ്യുമോ എന്നും സാഹചര്യ തെളിവുകള്‍ ആത്മഹത്യയെ സാധൂകരിക്കുന്നുണ്ടോ എന്നും വ്യാപക സംശയമുയര്‍ന്നു.  കൊലപാതകമെന്ന് കുടുംബം ഉറപ്പിച്ചു പറഞ്ഞു. കാസറഗോഡിന് പ്രിയങ്കരനായിരുന്ന ഒരു സമുദായ ആചാര്യന്റെ മരണത്തിന്റെ പിന്നിലുള്ള ദുരൂഹത പുറത്തുകൊണ്ടുവരണം എന്ന ആവശ്യം ഉയർന്നു.

മരണത്തില്‍ ദരൂഹത ചൂണ്ടിക്കാട്ടി വാര്‍ഡ് മെംബര്‍ അബ്ദുല്‍ മജീദ് ബേക്കല്‍ പൊലീസില്‍ പരാതി നല്‍കി. ഡിവൈ എസ്​.പി ഹബീബ് റഹ്‌മാന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. കേസന്വേഷണത്തില്‍ പാലിക്കേണ്ട പ്രാഥമിക കാര്യങ്ങളില്‍ ഗുരുതര വീഴ്ച വരുത്തുന്നുവെന്ന് കുടുംബം ആരോപിച്ചു.  മൊഴി എടുക്കാന്‍ 12 ദിവസം കാത്തുനിന്ന പൊലീസ്​ നടപടി  ആ ആരോപണം ശരിവെച്ചു.

chembarikka qasi
കടപ്പുറത്തെ പാറക്കെട്ടിനുമുകളിൽ
കണ്ടെത്തിയ ഖാസിയുടെ ചെരിപ്പും
ഊന്നുവടിയും ടോര്‍ച്ചും

ഖാസിയുടെ മരണം ആത്മഹത്യയെന്ന് പത്രക്കാരോട് പറഞ്ഞ പൊലീസ്, കേസ് വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നുവെന്ന് കുടുംബം ആരോപിച്ചു.  തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിനുവിട്ടു, ഒരു മാസം തികയുന്നതിനു മുമ്പേ കേസ് സി.ബി.ഐക്ക് കൈമാറി. ആത്മഹത്യയെന്ന നിഗമനത്തില്‍ സിബിഐ അന്വേഷണം അവസാനിപ്പിച്ചു. അന്വേഷണം അവസാനിപ്പിച്ചതിനെതിരേ ഖാസിയുടെ മകന്‍ നല്‍കിയ ഹരജിയില്‍ കോടതി സി.ബി.ഐയോട് രണ്ട് തവണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടും സമര്‍പ്പിച്ചില്ല. മൂന്നാം തവണ കോടതി ശാസിച്ചതിനെ തുടര്‍ന്ന് സി.ബി.ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സി.ബി.ഐ കോടതിയിലും മകന്‍ സി.ബി.ഐക്കെതിരേ 2013ല്‍ പ്രൊട്ടസ്റ്റ് ഫയല്‍ ചെയ്തു.

ഹൈക്കോടതിയില്‍ ജസ്റ്റിസ് കെമാല്‍ പാഷ കീഴ്​ക്കോടതിയില്‍ വാദം തുടരാന്‍ നിര്‍ദേശിച്ച്​ റിട്ട് പെറ്റീഷന്‍ ക്ലോസ് ചെയ്തു. സി.ജെ.എം കോടതിയില്‍ നടന്ന വാദങ്ങള്‍ക്കൊടുവില്‍ 2016ല്‍ സി.ബി.ഐ റിപ്പോര്‍ട്ട് തള്ളിയ കോടതി കൂടുതല്‍ ശാസ്ത്രീയ അന്വേഷണങ്ങള്‍ക്ക് ഉത്തരവിട്ടു. അന്വേഷണം അവസാനിപ്പിച്ചതായി അറിയിച്ച്​ തൊട്ടടുത്ത വര്‍ഷം സി.ബി.ഐ നല്‍കിയ രണ്ടാമത്തെ റിപ്പോര്‍ട്ടും തൃപ്തികരമല്ലെന്നു കണ്ടു കോടതി 2018ല്‍ നിരസിച്ചു. തുടര്‍ന്ന് ശാസ്ത്രീയമായ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ഉത്തരവിട്ടു. ഖാസിയുടെ വീട്ടിലും നാട്ടിലും തെളിവെടുപ്പ് നടത്തി നീണ്ട അന്വേഷണത്തിനൊടുവില്‍, കേസ് പരിഗണിക്കുന്ന എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ ഡിസംബര്‍ 31ന് മെഡിക്കല്‍ സംഘം റിപ്പോർട്ട് സമര്‍പ്പിച്ചു.

ചെമ്പരിക്ക കടപ്പുറത്തെ ഏറെ ദുര്‍ഘടം പിടിച്ച പാറക്കെട്ടുകള്‍ക്കിടയിലൂടെ  എഴുപത്തേഴുകാരനായ ഖാസി പരസഹായമില്ലാതെ എങ്ങനെ എത്തി എന്ന പ്രാഥമിക ചോദ്യത്തെ പോലും അവഗണിച്ച് ആത്മഹത്യ വാദമുയര്‍ത്തി, അതില്‍ ഉറച്ചു നിന്ന പൊലീസ്​- സി.ബി.ഐ വാദങ്ങളുടെ മുനയൊടിക്കുന്നതാണ് മെഡിക്കല്‍ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്​. പോണ്ടിച്ചേരിയിലെ ജിപ്‌മെര്‍ മെഡിക്കല്‍ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘമാണ് സൈക്കോജിക്കല്‍ ഓട്ടോപ്‌സി പ്രകാരം അന്വേഷണം നടത്തിയത്. തുടക്കം മുതൽ കേസ്​ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ എന്തൊക്കെ വിചിത്രവാദങ്ങളാണ് നടത്തിയതെന്നും അതൊക്കെ എന്ത് മാത്രം ദുര്‍ബലമായിരുന്നെന്നും വ്യക്തമാക്കുന്നുണ്ട് ഈ റിപ്പോര്‍ട്ട്.  

ഖാസിയുടെ മാനസിക നില 

ഖാസി മാനസികമായി വളരെ സ്‌ട്രോങ്ങായിരുന്നുവെന്നാണ് ശാസ്ത്രീയ അന്വേഷണത്തിന്റെ പ്രധാന കണ്ടെത്തലുകളിലൊന്ന്. മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് (എം.ഐ.സി) യോഗത്തിലുണ്ടായ പ്രത്യേക സാഹചര്യങ്ങള്‍ എടുത്തുപറയുകയാണെങ്കില്‍, എത്ര പ്രകോപനമുണ്ടായാലും അദ്ദേഹം ക്ഷോഭിക്കാതെ ശാന്തമായി തീരുമാനമെടുക്കുമായിരുന്നു.  പല മുതിര്‍ന്ന അംഗങ്ങളും നിയന്ത്രണം നഷ്ടപ്പെട്ട് പെരുമാറിയപ്പോഴും ഖാസി സംയമനത്തോടെ പെരുമാറിയതിനും ഉദാഹരണങ്ങള്‍ നിരവധിയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

റിപ്പോർട്ടിൽ പറയുന്ന മറ്റു കാര്യങ്ങൾ: കുടുംബകാര്യങ്ങളിലും അയല്‍വക്കത്തെ പ്രശ്‌നങ്ങളിലുമെല്ലാം അന്തിമ തീര്‍പ്പുകല്‍പ്പിക്കുന്നത് ഖാസിയായിരുന്നു. ഖാസി മികച്ച നീതിബോധമുള്ളയാളായിരുന്നുവെന്നും ഏത് പ്രശ്‌നത്തിനും അദ്ദേഹത്തിന്റെ പക്കല്‍ പരിഹാരമുണ്ടായിരുന്നെന്നും പലരും പറഞ്ഞിട്ടുണ്ട്. ഞങ്ങളോട് സംസാരിച്ച എല്ലാവരും തന്നെ ഒരേവാക്കില്‍ അംഗീകരിച്ചതാണ് ഇക്കാര്യം. ഈ കാര്യങ്ങളിലൊന്നും ഒരാള്‍ക്കുപോലും അഭിപ്രായ ഭിന്നതയുണ്ടായിരുന്നില്ല. ഇക്കാര്യങ്ങളിൽനിന്ന്​ ഒരു നിഗമനത്തില്‍ എത്തുകയാണെങ്കില്‍ ഖാസിയെന്ന വ്യക്തി മാനസികമായി നല്ല കരുത്തുള്ളയാളും ജീവശാസ്ത്രപരമായി (ബയോളജിക്കല്‍ വള്‍നറബിലിറ്റി) ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലാത്തയാളുമാണ്. ഇത്തരമൊരു വ്യക്തി ഒരു പ്രതിസന്ധി ഘട്ടത്തില്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കാന്‍ സാധ്യത വളരെ കുറവാണ്. 

https://drive.google.com/file/d/1hfh6NicZYsMspaEXThFJrYiJDeazvWQt/view?usp=sharing
സൈക്കോളജിക്കല്‍ ഓട്ടോപ്സി റിപ്പോര്‍ട്ടിന്‍റെ ഭാഗം. (click to download full report)

ഖാസിയുടെ മാനസിക നിലയില്‍ അവസാന കാലത്ത് എന്തെങ്കിലും മാറ്റമുണ്ടായതിന്, അതായത്, വിഷാദമോ, താല്‍പര്യക്കുറവോ, മുഷിപ്പോ പ്രകടിപ്പിച്ചിരുന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നിരാശയോ, നിസഹായതയോ പോലെയുള്ള നെഗറ്റീവ് ചിന്തകള്‍ പ്രകടിപ്പിച്ചതായും വിവരം ലഭിച്ചിട്ടില്ല. സാമൂഹ്യമായി ഉള്‍വലിയുകയോ കര്‍ത്തവ്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയോ ഉണ്ടായിട്ടില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഖാസിയുടെ പെരുമാറ്റത്തില്‍ വിഷാദപരമായ ഘടകങ്ങള്‍ക്ക് തെളിവില്ല. 

ജീവിക്കാനുള്ള പല കാര്യങ്ങളും അദ്ദേഹത്തിലുണ്ടായിട്ടുണ്ട്. ഒരുപാട് സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള തീരുമാനങ്ങളിലായിരുന്നു ഖാസിയെന്ന് ഞങ്ങള്‍ക്ക്(മെഡിക്കൽ സംഘം) മനസ്സിലായി. എം.ഐ.സി വിപുലീകരിക്കുന്നതിനും ഒന്നാം ബാച്ച് വിദ്യാര്‍ത്ഥികളുടെ പഠനം പൂർത്തിയാക്കി അവരെ പുറത്തിറക്കാനുമുള്ള തയ്യാറെടുപ്പിലുമായിരുന്നു അദ്ദേഹം. ജീവിക്കാനുള്ള ആഗ്രഹങ്ങളാണ് അദ്ദേഹത്തിലുണ്ടായതെന്ന് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചു.

ഒറ്റയ്ക്കിരിക്കുമ്പോഴോ, മരണവുമായി ബന്ധപ്പെട്ട ആഗ്രഹങ്ങള്‍ പ്രത്യക്ഷമായോ പരോക്ഷമായോ പ്രകടിപ്പിക്കുന്ന സമയത്തോ ഉറച്ച, തെറ്റായ ചിന്തകള്‍ പ്രകടമായിരുന്നില്ല. വൈവാഹികമോ ഗാര്‍ഹികമോ ആയ സംഘര്‍ഷങ്ങള്‍ അടുത്തിടെയൊന്നുമുണ്ടായിട്ടില്ല. ഖാസിയുടെ മരണത്തിനു തൊട്ടുമുമ്പത്തെ വര്‍ഷം ജീവിതത്തിലെ സുപ്രധാനമായ പരിപാടികളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 

സെറ്റില്‍മെന്റ് കുറിപ്പ് 

ഖാസിയെഴുതിയതാണെന്ന് തെളിയിക്കപ്പെട്ട, എന്നാല്‍ ഡേറ്റ് രേഖപ്പെടുത്താത്ത സെറ്റില്‍മെന്റ് കുറിപ്പ് എങ്ങനെയുണ്ടായിയെന്ന് വ്യക്തമല്ല. ഇതുസംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് സംസാരിച്ചവരില്‍ നിന്ന്​ ലഭിച്ചത്. വ്യക്തിപരമായ ബാധ്യതകളെയും സ്വത്തുവകകളെയും സംബന്ധിച്ച കാര്യങ്ങൾ ആ കുറിപ്പിലുണ്ടായിരുന്നു. ആത്മഹത്യ സംബന്ധിച്ച് അസന്നിഗ്ധമായ യാതൊരു തെളിവും അതിന്റെ ഉള്ളടക്കത്തിലുണ്ടായിരുന്നില്ല. ഞങ്ങള്‍ സംസാരിച്ച ആരും ഖാസി ഈ കുറിപ്പ് എഴുതുന്നത് കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ ഈ കുറിപ്പ് എഴുതുമ്പോഴത്തെ അദ്ദേഹത്തിന്റെ മാനസികാവസ്ഥ സംബന്ധിച്ച് ഒരു നിഗമനത്തിലെത്താന്‍ സാധ്യമല്ല. എന്നിരുന്നാലും ഈ കുറിപ്പും, മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ്, കയ്യിലുള്ള പണം ഉപയോഗിച്ച് കാര്‍ ലോണ്‍ മുന്‍കൂറായി അടച്ചുതീര്‍ത്തതും ഒരാള്‍ ആത്മഹത്യയ്ക്ക് പദ്ധതിയിടുകയാണെന്ന് ചൂണ്ടിക്കാട്ടാന്‍ കഴിയുന്ന ഘടകങ്ങളാണ്. 

chembarikka qasi
ചെമ്പരിക്ക കടപ്പുറം

ഈ കുറിപ്പിനെ കുറിച്ച് ഖാസിയുടെ മകനും ഹരജിക്കാരനുമായ ഷാഫി ‘തിങ്കി’നോട്​  പറഞ്ഞത്:  ‘ശരിക്കു പറഞ്ഞാല്‍ ഈ കേസിലെ ഏറ്റവും ശക്​തമായ തെളിവ് മുറിയില്‍ നിന്ന്​ കിട്ടി എന്ന് പറയുന്ന ആ കത്താണ്. മെഡിക്കല്‍ എക്‌സ്‌പര്‍ട്ടും അതേ പോയിന്റിലാണ് നില്‍ക്കുന്നത്. തുടക്കം മുതൽ നമ്മുടെ ആവശ്യം ആ ലെറ്ററിനെ കുറിച്ച് കൂടുതല്‍ അന്വേഷിക്കണം എന്നായിരുന്നു. ആരാണ് ആ ലെറ്റര്‍ കൊടുത്തത് എന്ന് ഖാസിയുടെ സഹോദരീഭര്‍ത്താവ് പറഞ്ഞാല്‍ ഈ കേസ് തെളിയും. അത് പറയിപ്പിക്കണം. ലെറ്റര്‍ ഫോക്കസ് ചെയ്ത് അന്വേഷണം നടത്തിയാല്‍ കൊലയാളികളെ കൃത്യമായി കണ്ടെത്താം.

chembarikka qasi
ഖാസിയുടെ മകന്‍ മുഹമ്മദ് ഷാഫി

കാരണം ഇതിലുള്ളത് ഉപ്പയ്ക്ക് കിട്ടാനുള്ള കാശ്, കൊടുക്കാനുള്ള കാശ്, തുടങ്ങി എം.ഐ.സി സ്ഥാപനവുമായൊക്കെ ബന്ധപ്പെട്ട കണക്കുകളായിരുന്നു. അതില്‍ "പൊരയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ തീര്‍ക്കുക' എന്നൊരു വരികൂടി ഉണ്ട്. അത് പ്രധാന പോയിന്റാണ്. ആ വരി വന്നതോടു കൂടി വേറൊരാള്‍ക്ക് കൊടുത്ത ലെറ്റര്‍ ആയി മാറിയില്ലേ. ഇത് അവസാനം എഴുതിയ ലെറ്റര്‍ ആണ്. ഇത് ഉപ്പാന്റെ തന്നെ കയ്യക്ഷരം ആണ്. അത് ഭീഷണിപ്പെടുത്തി എഴുതിച്ചതാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. കാരണം മരിക്കുന്നതിന് മുമ്പ് എഴുതിയ ഒരു വസിയത്ത് പോലെ വീട്ടുകാര്‍ക്ക് തോന്നാന്‍ വേണ്ടി എഴുതിയതാവും.’  

മെഡിക്കല്‍ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഉപസംഹരിക്കുന്നതും ഈ വില്‍പത്രത്തിലേക്ക് വിരല്‍ ചൂണ്ടിയാണ്. ‘ആത്മഹത്യ സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്ന ഒരേയൊരു ഘടകം ഖാസി സ്വയം എഴുതിയ വില്‍പത്രമാണ്. ആ വില്‍പ്പത്രവും അത് എങ്ങനെ വന്നുവെന്നതും കൂടുതല്‍ അന്വേഷണത്തിന് വിധേയമാക്കേണ്ടതാണ്'

ഖാസിയുടെ ആരോഗ്യം 

ഖാസി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നുവെന്ന്​ ആശുപത്രി രേഖകളില്‍ നിന്ന് വ്യക്തമായതായി മെഡിക്കല്‍ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്​. ടൈപ്പ് ടു ഡയബറ്റിക്‌സ് മെലിറ്റസ്, ഹൈപ്പര്‍ടെന്‍ഷന്‍, ഹൃദ്രോഗങ്ങള്‍, ബെനിന്‍ പ്രോസ്റ്റാറ്റിക് ഹൈപ്പര്‍പ്ലാസിയ തുടങ്ങിയ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന് മുട്ടുമടക്കി നിസ്‌കരിക്കാന്‍ കഴിയുമായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പരസഹായമില്ലാതെ പടികള്‍ കയറാനും സാധിക്കില്ല. പ്രായാധിക്യം മൂലം എല്ലുകള്‍ക്കുണ്ടാവുന്ന പ്രശ്‌നങ്ങളുടെ സൂചനയാണിത്.  

2009ന്റെ തുടക്കത്തില്‍ അദ്ദേഹത്തിന് ഹെപ്പറ്റോമ ഓഫ് ലിവറും കണ്ടെത്തിയിരുന്നു. ചികിത്സിച്ചിരുന്ന ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റ് ഖാസി മരിക്കുന്നതിന് രണ്ടുമാസം മുമ്പാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്.

ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമുള്ള ഡിപ്രഷന്‍ ഖാസിയ്ക്ക് ഉണ്ടായിരുന്നോവെന്ന് അദ്ദേഹത്തോട് ചിലർ ചോദിച്ചിരുന്നതായും അതിന്​ അദ്ദേഹം മറുപടി പറഞ്ഞിരുന്നതായും റിപ്പോർട്ടിലുണ്ട്​. അദ്ദേഹവുമായി സംസാരിച്ചവർ പറയുന്നത്, ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഖാസി ഡിപ്രസ്​ഡ്​ ആവാന്‍ യാതൊരു സാധ്യതയുമില്ല എന്നാണ്​.

പൊട്ടലിനു കാരണമായ ഹെപ്പറ്റോമ ഓഫ് ലിവര്‍ ഖാസിയ്ക്കുണ്ടായിരുന്നെങ്കിലും ശസ്ത്രക്രിയയിലൂടെ അതിനെ മാനേജ് ചെയ്തിരുന്നു. തുടര്‍ന്നുള്ള അലൈന്‍മെന്റ് അദ്ദേഹത്തിന്റെ ശാരീരിക- മാനസിക ആരോഗ്യത്തില്‍ പ്രകടമായ ഇംപാക്ടൊന്നും ഉണ്ടാക്കിയിട്ടില്ല. ഖാസി മരിക്കുന്നതിന് രണ്ടുമൂന്ന് മാസം മുമ്പ് ഡോക്ടര്‍ അവസാനമായി കണ്ടപ്പോള്‍ അദ്ദേഹം ഊര്‍ജ്ജസ്വലനായിരുന്നു, സന്തോഷവാനായിരുന്നു. മാത്രമല്ല ക്യാന്‍സറിന്റെ സാധ്യത അദ്ദേഹത്തെ അറിയിച്ചപ്പോള്‍ ശാന്തനായി ഭാവവ്യത്യാസമില്ലാതെയാണ്​ അത് അദ്ദേഹം കേട്ടത്. ഇത് ഡോക്ടറെ അത്ഭുതപ്പെടുത്തി. മാനസികമായി ശക്തനായ ഒരു വ്യക്തിയെന്ന സൂചന തന്നെയാണ് ഇതെല്ലാം നല്‍കുന്നത്. ശാരീരികമായും മാനസികമായും അദ്ദേഹത്തെ ബാധിച്ചേക്കാവുന്ന കീമോതെറാപ്പി ഖാസിയ്ക്കു നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ അത്തരം ഡിപ്രഷന്​ സാധ്യതയില്ല.

ഖാസിയുടെ വിശ്വസപരമായ കാഴ്ചപ്പാട് 
ചില സാഹചര്യങ്ങളില്‍ മത ചിട്ടകള്‍ ആത്മഹത്യാ കവചമായി പ്രവര്‍ത്തിക്കാറുണ്ട്, പ്രത്യേകിച്ച് മുസ്​ലിംകളിൽ. മതചിട്ട കൃത്യമായി പിന്തുടരുന്ന ഒരാളെന്ന നിലയില്‍ തന്റെ ആത്മഹത്യ എന്ത് സൂചനയാണ് നല്‍കുകയെന്നത് ഖാസിയ്ക്ക് നന്നായി അറിയാം. അദ്ദേഹത്തിന്റെ മതപരമായ വിശ്വാസങ്ങളിലോ പ്രവര്‍ത്തനങ്ങളിലോ സാമൂഹ്യ ഇടപെടലുകളിലോ ചിന്താധാരയിലോ പുതിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് പലരോടും സംസാരിച്ചപ്പോള്‍ മനസിലായതെന്ന്​ റിപ്പോർട്ടിൽ പറയുന്നു.

nasar-faizy_0.jpg
നാസര്‍ ഫൈസി കൂടത്തായി

ഇ.കെ വിഭാഗം സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി ഇതു സംബന്ധിച്ച് ‘തിങ്കി’നോട്​ പറഞ്ഞത്: "വിശ്വാസപരമായി സമസ്തയുടെ വൈസ് പ്രസിഡന്റ്, കര്‍മശാസ്ത്ര രംഗത്ത് അവഗാഹമുള്ള പണ്ഡിതൻ, അതോടൊപ്പം സൂഫീസം മേഖലയില്‍ ഗ്രന്ഥങ്ങള്‍ പോലും രചിച്ച പണ്ഡിതൻ ഒരു കാരണവശാലും ആത്മഹത്യ ചെയ്യില്ലെന്ന വിശ്വാസപരമായ ഉറപ്പാണ് അത് കൊലപാതകമാണെന്ന ഉറച്ച നിലപാടിലേക്ക് ആദ്യം മുതലേ പോകാൻ കാരണം. പിന്നീട് സാഹചര്യ തെളിവുകൂടി ആയപ്പോള്‍ അത് ഒന്നുകൂടി ബലപ്പെട്ടു'. 

മരണം നടന്ന  ദിവസം വാർത്താസമ്മേളനം നടത്തി ഖാസിയുടേത് കൊലപാതകമെന്ന് ആരോപിച്ച സമസ്ത നേതാവാണ് നാസർഫെെസി. അന്ന് പ്രസ്താവനയ്ക്കെതിരെ പലരും വിളിച്ച്​ തന്നെ ചോദ്യം ചെയ്തകാര്യം നാസർ ഫെെസി പറഞ്ഞിരുന്നു. 

ഫോറന്‍സിക് വിശകലനം

നേരത്തെ പറഞ്ഞതുപോലെ ഖാസിയ്ക്ക് കാല്‍മുട്ടിന്റെ ജോയിന്റിന് പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന്​ റിപ്പോർട്ടിലുണ്ട്​. അതുകാരണം മുട്ടുകള്‍ എളുപ്പം മടക്കാന്‍ കഴിയില്ലായിരുന്നു. ഇതുകാരണം മുട്ടില്‍ ഇരുന്ന് നിസ്‌കരിക്കാന്‍ കഴിഞ്ഞിരുന്നില്ല. അങ്ങനെയുള്ള ഒരാള്‍ക്ക് വോക്കിങ് സ്റ്റിക്കും ചെരുപ്പും കണ്ടെത്തിയ കടല്‍ത്തീരത്തുള്ള പാറയുടെ മുകളില്‍ കയറാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. അഥവാ ഖാസി ആത്മഹത്യ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെങ്കില്‍ തന്നെ ബുദ്ധിമുട്ടൊന്നുമില്ലാത്ത വഴി സ്വീകരിക്കുമായിരുന്നു. അല്ലാതെ പാറയുടെ മുകളിലേക്ക് ഏറെ ബുദ്ധിമുട്ടി കയറില്ലായിരുന്നു. മുങ്ങിമരിക്കാനാണെങ്കില്‍ വീടിനു സമീപമുള്ള ബീച്ചിനെ ആശ്രയിക്കാമായിരുന്നു. 

സ്ഥലം സന്ദര്‍ശിച്ചതില്‍ നിന്നും സ്ഥലത്തിന്റെ ഫോട്ടോഗ്രാഫുകളില്‍ നിന്നും മനസിലായത് പ്രായമുള്ള മുട്ടിനു പ്രശ്നങ്ങളുള്ള ഒരാളെ സംബന്ധിച്ച് അവിടെ നിന്ന്​ ചാടി കല്ലുകളിലൊന്നും തട്ടാതെ വെള്ളത്തിലേക്ക് വീഴാനുള്ള സാധ്യത വളരെ കുറവാണ് എന്ന്​ റിപ്പോർട്ട്​ സൂചിപ്പിക്കുന്നു. 

chembarikka qasi
ചെമ്പരിക്ക ഖാസിയുടെ മൃതദേഹം കൊണ്ടുപോകുന്നു

‘വീടിനു പുറത്ത് കണ്ണടവയ്ക്കാതെ ഖാസിയെ കണ്ടിട്ടില്ല. ഞങ്ങള്‍ സംസാരിച്ച എല്ലാവരും പറഞ്ഞ കാര്യമാണിത്. പൊലീസ് രേഖകള്‍ പ്രകാരം 12.30 വരെ അദ്ദേഹം വീട്ടിലുണ്ട്. സ്ഥിരം കണ്ണടയെ ആശ്രയിക്കുന്ന ഒരു പ്രായം ചെന്ന വ്യക്തി രാത്രി ഒരു മണിക്ക് കണ്ണട എടുക്കാതെ വീട്ടില്‍ നിന്നിറങ്ങി, അദ്ദേഹം കയറിയെന്നു പറയുന്ന പാറക്കെട്ടുകളില്‍ കയറിയെങ്കില്‍ വീഴാനും പരുക്കേല്‍ക്കാനുമുള്ള സാധ്യത കൂടുതലാണ്’- റിപ്പോർട്ട്​ അടിവരയിടുന്നു.

റിപ്പോർട്ടിൽനിന്ന്​: നിലാവ് കാണാന്‍ അല്ലെങ്കില്‍ മന്ത്രവാദവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ നശിപ്പിക്കാനാണ് അദ്ദേഹം അവിടെ പോയതെന്ന സാധ്യത പരിശോധിക്കാന്‍ ഞങ്ങള്‍ പലരെയും ചോദ്യം ചെയ്തിരുന്നു. ഈ സ്ഥലം ഖാസിയ്ക്ക് അത്ര പരിചയമുള്ള ഇടമല്ലെന്നും അദ്ദേഹം മുമ്പെങ്ങും നിലാവുകാണാന്‍ അവിടെ പോയിട്ടില്ലെന്നുമാണ് മനസിലായത്. മാസം കാണല്‍ പോലുള്ള കാര്യങ്ങളില്‍ അദ്ദേഹത്തിനെപ്പോലുള്ള ആളുകള്‍ ആശ്രയിക്കാവുന്ന ഒരുപാട് സോഴ്സുകളുണ്ട്. പൊതുവെ അവര്‍ നേരിട്ട് പ്രത്യേകിച്ച് ഈ പ്രായത്തില്‍ മാസം കാണാന്‍ പോകാറില്ല. മന്ത്രവാദവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ നശിപ്പിക്കാന്‍ പോയതാണെങ്കില്‍ കയറാന്‍ ബുദ്ധിമുട്ടുള്ള ആ പാറക്കൂട്ടങ്ങള്‍ക്കുമേല്‍ പോകാതെ കുറേക്കൂടി സുരക്ഷിതമായ ഇടം അദ്ദേഹം കണ്ടെത്തുമായിരുന്നു. ഖാസിയുടേത് ആത്മഹത്യയാണെന്ന് വാദിക്കുന്നവരുടെ പ്രധാന പോയിന്‍റുകളിലൊന്നായിരുന്നു വീടു പൂട്ടി എന്തിനു പുറത്തുപോയി എന്നത്. 

ഖാസിയുടെ പേരമകന്‍ സലീം ‘തിങ്കി’നോട്​ പറഞ്ഞത്. "മയ്യിത്ത് കട്ടിലില്‍ കിടക്കുമ്പോള്‍ വീട് പൂട്ടിയ അവസ്ഥയിലാണ്. ആ വീട് സി.എം. ഉസ്താദ് പൂട്ടിയതാണെങ്കില്‍ വിരലടയാള പരിശോധകരെ കൊണ്ടുവന്ന് എളുപ്പത്തില്‍ കണ്ടുപിടിക്കാമായിരുന്നിനില്ലേ. പിന്നെ എന്തിനാണ് ഡിവൈ എസ്​.പി ഹബീബ് റഹ്‌മാന്‍ പൂട്ട് പൊളിക്കാന്‍ നേതൃത്വം നല്‍കിയത്? എന്നും കടപ്പുറത്ത് എത്തുന്ന പൂഴി സംഘങ്ങളോട് അന്ന് പൊലീസ് ചെക്കിങ്ങുണ്ടെന്ന് പറഞ്ഞത് ആരായിരുന്നു? അന്ന് രാത്രി ചെമ്പരിക്ക പ്രദേശത്തെ വൈദ്യുതബന്ധം വിച്ഛേദിച്ചിട്ടുണ്ടായിരുന്നു. പാതിരാ നേരത്ത് ഒരു വെളുത്ത കാര്‍ കണ്ടവരുമുണ്ട്. ഒരലര്‍ച്ച പ്രദേശവാസികള്‍ കേട്ടതായി മൊഴിയും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ചൊക്കൊ അന്വേഷണം കൃത്യമായി നടത്തിയില്ല'. 

chembarikka qasi
ഖാസിയുടെ പേരമകൻ സലീം

ഖാസിയുടെ ശരീരത്തില്‍ മൂക്കിന്റെ പാലത്തിന്റെ ഇരുവശങ്ങളിലും പരുക്കേറ്റ പാടുകളുണ്ടെന്നും ഒരുവശത്തുള്ളത് മറ്റേതിനേക്കാള്‍ കുറച്ച് ആഴമുള്ളതാണെന്നും  കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടില്‍ പറയുന്നു. പാറയില്‍ തട്ടിയതിന്റെ ഫലമായി ഇങ്ങനെ വരാനുള്ള സാധ്യത കുറവാണെന്നും  വിലയിരുത്തുന്നുണ്ട്. "ഗോള ശാസ്ത്രജ്ഞനായതുകൊണ്ടും ഇസ്മിന്റെ മറ്റ് ആവശ്യങ്ങള്‍ക്കും കടപ്പുറത്ത് എത്തിയപ്പോള്‍ അപകടം സംഭവിച്ചതാവാം എന്നതാണ് ചിലരുടെ സംശയം. അബദ്ധത്തില്‍ വെള്ളത്തിലേക്ക് വീണാല്‍ എങ്ങനെ ഈ മുറിവുകള്‍ സംഭവിച്ചു? കണ്ണിന്റെ മൂലയില്‍ എങ്ങനെ മുറിവുണ്ടായി? വെള്ളത്തില്‍ വീഴുമ്പോള്‍ എങ്ങനെയാണ് ഒരാളുടെ കഴുത്തെല്ല് പൊട്ടുക? കുറ്റിക്കാട്ടില്‍ വലിച്ചിചിഴച്ച് കൊണ്ടു പോകുമ്പോഴുണ്ടാവുന്ന മുറിവ് എങ്ങനെയാണ് കാലില്‍ പറ്റിയത്? എങ്കില്‍ വഴുതി വീണു പോവുന്ന, നന്നായി നീന്താനറിയുന്ന, പ്രദേശവാസിയായ കടലിനെക്കുറിച്ച് എല്ലാം മനസിലാക്കിയ ഒരാള്‍ രക്ഷപ്പെടുകയല്ലെ വേണ്ടത്? കടലില്‍ വീണ് കഴുത്തെല്ല് പൊട്ടിയ എത്ര സംഭവമാണ് കേരളത്തില്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.’ 

‘പരീക്ഷണങ്ങള്‍ നടത്താന്‍ വീട് പൂട്ടി പാതിരാവില്‍ പുറത്ത് പോവുന്ന ശീലം വല്ല്യുപ്പയ്ക്കു ഉണ്ടായിരുന്നില്ല. മാത്രമല്ല, വീട്ടില്‍ പറയാതെ പുറത്ത് പോവാറുമില്ല'  സലീം പറയുന്നു. 

അന്വേഷണം അട്ടിമറിക്കപ്പെട്ടത്​ ഇങ്ങനെ

"തുടക്കം മുതല്‍ കേസില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന്​ പത്തുവർഷമായി കേസ്​ സൂക്ഷ്​മമായി നിരീക്ഷിക്കുന്ന ഖാസിയുടെ മകൻ ഷാഫി പറയുന്നു: ‘സംഭവസ്ഥലത്തേക്ക് ഡിവൈ എസ്​.പി ഓടിയെത്തി ആദ്യം ചെയ്തത് സാഹചര്യ തെളിവ് നശിപ്പിക്കുക എന്നതായിരുന്നു. ഒരു മരണം ഉണ്ടായ സമയത്ത് സ്വാഭാവികമായും ചെയ്യേണ്ട പ്രാഥമിക നടപടിയും ഒന്നും ചെയ്തിട്ടില്ല. ചെരുപ്പ്, ഊന്നുവടി, ടോര്‍ച്ച് ധരിച്ചിരുന്ന വസ്ത്രങ്ങളുടെ ശാസ്ത്രീയ പരിശോധന നടന്നില്ല. ഡോഗ് സ്‌ക്വാഡിനെ കൊണ്ടുവന്നിട്ടില്ല. വിരലടയാള വിദഗ്ധര്‍ വളരെ വൈകിയാണ് എത്തിയത്. വീട്ടുകാരുടെ മൊഴി എടുക്കാന്‍ വന്നത് തന്നെ 12 ദിവസങ്ങള്‍ കഴിഞ്ഞാണ്. പിന്നെ രണ്ടാഴ്ച്ച കഴിഞ്ഞപ്പോള്‍ ക്രൈം ഡിറ്റാച്ചമെന്റിന് വിട്ടു’

അന്വേഷണത്തില്‍ വന്ന വീഴ്ച കേസിനെ അട്ടിമറിക്കാനുള്ള  ബോധപൂർവ ശ്രമമായിരുന്നെന്ന് കുടുംബം ആരോപിക്കുന്നുണ്ട്. 

"കടപ്പുറത്തെ താമസക്കാരനായ അബ്ദുല്ല എന്ന വ്യക്തി രാത്രി 3 മണി സമയത്ത് വെളുത്ത കാര്‍ കണ്ടതായി സാക്ഷിമൊഴി നല്‍കിയിട്ടുണ്ട്, എന്നാൽ തുടരന്വേഷണം നടന്നില്ല, അന്നുരാത്രി ഒരാളുടെ അലര്‍ച്ച കേട്ടതായി അയല്‍വാസി സ്ത്രീയുടെ സാക്ഷിമൊഴിയുണ്ട്, സ്ഥിരമായി മണല്‍ കടത്തുന്ന കടപ്പുറത്ത് അന്ന് മാത്രം മണല്‍കടത്തിന് ആരും വന്നിട്ടില്ല. അന്ന് അസാധാരണമായി ചെമ്പരിക്ക പ്രദേശത്തെ വൈദ്യുതി വിച്ഛേദിച്ചക്കപ്പെട്ടിരുന്നു. ഒരാഴ്ച്ചക്കുള്ളില്‍ രണ്ട് അറസ്റ്റ് നടക്കുമെന്ന് പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസം തന്നെ ചെന്നൈയിലേക്ക് സി.ബി.ഐ ഓഫീസര്‍ ലാസര്‍ സ്ഥലം മാറ്റപ്പെട്ടത് ഉന്നതരുടെ ഇടപെടല്‍ മൂലം എന്ന് സംശയിക്കപ്പെടുന്നു'; സലീം പറയുന്നു. ‘ഉപ്പ മരിച്ച് രണ്ടാം ദിവസം ഒരാള്‍ വീട്ടില്‍ വന്ന് ഈ കേസിന്റെ പിന്നാലെ പോവണ്ട എന്ന് ഭീഷണിയുടെ സ്വരത്തില്‍ പറഞ്ഞിരുന്നു. അതേയാള്‍ ആക്ഷന്‍ കമ്മിറ്റിയുടെ സമരപ്പന്തലിലും വന്ന് ഇതേ കാര്യം ആവര്‍ത്തിച്ചിരുന്നു.’ 

chembarikka qasi
ചെമ്പരിക്ക ഖാസിയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം പ്രകടനം

‘പിന്നിലുള്ളത് വലിയ ടീമാണ്. യു.ഡി.എഫിനും എല്‍.ഡി.എഫിനും ഒരു പോലെ സ്വാധീനിക്കാന്‍ പറ്റുന്നയാൾ. ഏത് മുഖ്യമന്ത്രി  കാസര്‍ഗോഡ് വന്നാലും അവരുടെ വീട്ടില്‍ പോവാറുണ്ട്.’ നമ്മുടെ സംശയത്തെ അന്വേഷണ ഏജന്‍സികള്‍ മുഖവിലയ്‌ക്കെടുത്തില്ലെന്നും മകന്‍ ഷാഫി വ്യക്തമാക്കുന്നു: "2010 ഫെബ്രുവരി 15 മുതല്‍ ഇതിനെ കുടുംബപ്രശ്‌നമാക്കിത്തീര്‍ക്കാനാണ് ചിലര്‍ ശ്രമിച്ചത്. സംഘടനയുടെ നേതൃത്വത്തൈ ഇത് ധരിപ്പിക്കുകയും ചെയ്തിരുന്നു. ആരാണ് ഇതിന് പിന്നില്‍? മാത്രമല്ല അന്നു തന്നെ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു, എന്നാല്‍ അതിന്റെ കീഴില്‍ ഒരു സമരംപോലും സംഘടിപ്പിച്ചതുമില്ല. ഇത് ഉയര്‍ന്നു വരുന്ന പ്രതിഷേധത്തെ തടയിടാനുള്ള ശ്രമമായിരുന്നു. സി.എം. ഉസ്താദ് സ്ഥാപിച്ചതും മരിക്കുന്നതുവരെ പ്രസിഡന്റുമായിരുന്ന ചട്ടഞ്ചാല്‍ എം.ഐ.സി ഇതുവരെ ഏതെങ്കിലും തരത്തില്‍ ലീഗല്‍ മൂവ്​‌മെന്റ് കേസില്‍ നടത്തിയിട്ടുണ്ടോ? സമര രംഗത്തേക്ക് വന്നിട്ടുണ്ടോ? ഇല്ല.’

പത്തുവർഷമായി നിയമപോരാട്ടം നടത്തുന്ന ഖാസിയുടെ കുടുംബം നീതി അർഹിക്കുന്നുണ്ട്. അവരുടെ സംശയങ്ങള്‍ തീർക്കേണ്ട ബാധ്യത നിയമ വ്യവസ്ഥയ്ക്കുണ്ട്. മെഡിക്കല്‍ സംഘം സമർപ്പിച്ച റിപ്പോർട്ടില്‍ കോടതി വാദം കേള്‍ക്കാനിരിക്കുകയാണ്. നീണ്ട പത്ത് വർഷവും അനീതിയുടെ മാത്രം തിരയടിച്ച ചെമ്പരിക്ക കടപ്പുറത്തേക്ക് ഇനിയെങ്കിലും നീതിയുടെ തിരയടിക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടിവരും. 

അലി ഹൈദര്‍  

സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍

  • Tags
  • #Sherlock Holmes
  • #Chembarika Qazi
  • #CM Abdulla Moulavi
  • #Kasaragod
  • #Crime
  • #E.K Samastha
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

Basi

23 Oct 2020, 12:18 PM

😍

men in mosque

Islamophobia

കെ.പി. നൗഷാദ്​ അലി

മിത്രഭാവേന വരുന്ന ചൂഷകരെ മുസ്​ലിം സമൂഹം തിരിച്ചറിഞ്ഞില്ലെങ്കിൽ...

Jan 10, 2023

7 Minutes Read

theyyam

Cultural Studies

വി. കെ. അനില്‍കുമാര്‍

ബാങ്ക് വിളിക്കുന്ന മണവാട്ടിത്തെയ്യം ഒരു സമയകാഹളം കൂടിയാണ്​

Dec 24, 2022

5 Minutes Read

kasaragod

FIFA World Cup Qatar 2022

പത്മനാഭന്‍ ബ്ലാത്തൂര്‍

ഖത്തർ വേൾഡ്​കപ്പ്​ വീണ്ടെടുത്ത കാസർകോടൻ രാത്രിജീവിതം

Dec 21, 2022

3 Minutes Read

Football

FIFA World Cup Qatar 2022

വി. കെ. അനില്‍കുമാര്‍

തൃക്കരിപ്പൂരിലെ ‘ലോകകപ്പി’ൽ​ ഗോളി നാരാണേട്ടന്റെ കൈകൾ ഇടപെട്ട വിധം

Nov 20, 2022

6 Minutes Read

Bhagaval Singh

Crime

ഡോ. ടി.എസ്. ശ്യാംകുമാര്‍

ഇന്നും തുടരുന്ന നരബലിയും മന്ത്രവാദവും

Oct 11, 2022

2 Minutes Read

 Sathnam-Sing-Matha-Amrithanandamayi-Madam.jpg

Crime

ഷഫീഖ് താമരശ്ശേരി

സത്നാം സിങ്: പത്തുവര്‍ഷമായിട്ടും മഠത്തില്‍ തൊടാത്ത അന്വേഷണം

Aug 05, 2022

14 Minutes Read

KM Basheer

Crime

കെ.പി. റജി

ഐ.എ.എസ്​ ലോബിയുടെ കപടസിദ്ധാന്തങ്ങളാണോ പിണറായിയെ ഭരിക്കുന്നത്​?

Jul 26, 2022

5 Minutes Read

 Palakkad-meenakshipuram-Murders-2.jpg

Casteism

ഷഫീഖ് താമരശ്ശേരി

ഒരേ കിണറ്റില്‍ അമ്മയും മകളും, മീനാക്ഷിപുരത്തെ ജാതിഗ്രാമം മൂടിവെക്കുന്ന തുടര്‍ക്കൊലകള്‍

May 25, 2022

9 Minutes Watch

Next Article

‘ജിഹാദി ഇസ്‌ലാം ബാധ' വീണ്ടും ഫ്രാന്‍സിനെ പിടികൂടുമ്പോള്‍

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster