ഇന്ത്യന്‍ അധികാരഘടനയില്‍ സവര്‍ണത എന്നത് ഹിന്ദുത്വത്തില്‍ മാത്രമല്ല, മറ്റു രാഷ്ട്രീയ വിഭാഗങ്ങളിലും ശക്തമാണ്. അതുകൊണ്ടാണ് ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനമായ കോണ്‍ഗ്രസിന്റെ ഭരണകാലത്തുതന്നെ ബാബ്‌റി മസ്ജിദ് തകര്‍ക്കാന്‍ കഴിഞ്ഞത്. അതുകൊണ്ടുതന്നെ അംബേദ്കറെ തിരിച്ചറിയുക എന്നത് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ജാതിരാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര ആഴങ്ങളിലേക്കിറങ്ങി ചെല്ലുക എന്നതാണ്. ഇന്ത്യയിലെ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളെ സംബന്ധിച്ച് അത് എളുപ്പം സാധ്യമാകാത്തതാണ്. അവരെ സംബന്ധിച്ച് ഡിസംബര്‍ ആറ് വലിയൊരു രാഷ്ട്രീയത്തെ പ്രശ്‌നവല്‍ക്കരിക്കുന്ന ദിവസമായി കാണാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല.
6 Dec 2022, 12:23 PM
ഡിസംബര്‍ ആറ് ഇന്ത്യയിലെ ജാതിമനുഷ്യര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും മാത്രമായി ഓര്‍ക്കാനുള്ളതായി മാറിക്കൊണ്ടിരിക്കുകയാണ്. ജാതിമനുഷ്യര്‍ അംബേദര്‍ക്കറിന്റെ ഓര്‍മദിനമായും ന്യൂനപക്ഷങ്ങള്‍ ബാബ്‌റി മസ്ജിദിന്റെ പതനത്തിന്റെ മുറിപ്പാടായിട്ടുമാണ് ഈ ദിനത്തെ കാണുന്നത്. എന്തുകൊണ്ട് മതേതര മനുഷ്യരെ മാറ്റിനിര്‍ത്തിയാല്‍ ഡിസംബര്‍ ആറ് മറ്റുള്ളവര്‍ക്ക് അപ്രസക്തമാകുന്നു. അതിന്റെ കാരണങ്ങള്‍ പലതാണ്.
എത്ര ബോധവല്‍ക്കരണം നടത്തിയാലും ശക്തി പ്രാപിക്കുകയാണ് ജാതിചിന്ത. അതാണ് എക്കാലത്തെയും ഇന്ത്യന്‍ സാമൂഹികാവസ്ഥയുടെ സവിശേഷത. ഇന്നു നാം കാണുന്ന സാംസ്‌കാരിക നവോത്ഥാന രംഗങ്ങളിലെല്ലാം ജാതി അദൃശ്യ അടയാളങ്ങളാണ്. എല്ലാ അര്‍ഥത്തിലും അത് ഭരണകൂട അധികാരവുമായി ബന്ധപ്പെട്ടുകിടക്കുകയാണ്. ജാതിയുടെ
മേല്‍ക്കോയ്മ ഘടനാപരമായി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ബഹുസ്വരതയെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ജനാധിപത്യമെന്നാല്‍ അതൊരിനം സംവിധാനം മാത്രമല്ല, അത് ഒന്നാമതായി സാമൂഹിക ജീവിതരീതിയാണ് എന്ന് അംബേദ്കര്‍ പറഞ്ഞിട്ടുണ്ട്. ഈ സാമൂഹ്യ സംവിധാനത്തെയാണ് ഭരണകൂടം ഇന്ന് ജാതീയധിഷ്ഠിതമായ ബ്രാഹ്മണിക്കല്‍ അതീശത്വത്തിലേക്ക് വളര്‍ത്തിക്കൊണ്ടിരിക്കുന്നത്.
അതായത് ഭരണകൂടം തന്നെ ജാതിയുടെ സാമൂഹ്യാസ്ഥിത്വത്തെ അരക്കിട്ടുറപ്പിക്കുന്ന ഉപകരണമായി മാറ്റുന്നു. ഏറ്റവും ഒടുവില്‍ കര്‍ണാടകയില്‍ ഒരു സ്ത്രീ ഉപയോഗിച്ച കിണറിലെ വെള്ളം വറ്റിച്ച് പശുമൂത്രം കൊണ്ട് കിണര്‍ ശുദ്ധീകരിച്ച വാര്‍ത്ത നാം വായിച്ചു. പക്ഷേ ഇതൊന്നും ഇന്ത്യന്‍ പൊതുബോധത്തെ ഒരുതരത്തിലും അരിശം കൊള്ളിച്ചില്ല. ഇത് എന്തുകൊണ്ട് ഉണ്ടാകുന്നു എന്നതിനെ കുറിച്ച് ഇനിയെങ്കിലും നാം ചിന്തിക്കേണ്ടതുണ്ട്.
പ്രധാനമായും ജാതിയുടെ ഇര താഴേക്കിടയില്‍പ്പെടുന്നതും ഏറെക്കുറെ ജാതി ഇന്ത്യന്‍ സാമൂഹികവ്യവസ്ഥിതിയുടെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണെന്നും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഇതിനെ ശരിവെക്കുന്ന മധ്യ ഉപരി വര്‍ഗബോധം ജാതിക്കെതിരെയുള്ള രാഷ്ട്രീയ ഇടപെടലിന് വിഘാതമായി നില്‍ക്കുന്നു. യാതൊരു അധികാരത്തിനും അംഗീകാരത്തിനും അര്‍ഹതയില്ലാത്ത വിഭാഗമാണ് ജാതിമനുഷ്യര്‍ എന്ന ചിന്താഗതി പുരോഗമന കേരളത്തില്‍ പോലും ശക്തിപ്രാപിക്കുകയാണ്. പാര്‍ശ്വവല്‍കൃത വിഭാഗമായി മാറി എന്നതുകൊണ്ട് അവര്‍ക്കൊപ്പം നില്‍ക്കേണ്ട ഒരു ആവശ്യവും രാജ്യത്തെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കോ സാമൂഹ്യാംഗീകാരം നേടിയ വിവിധ സവര്‍ണ പ്രസ്ഥാനങ്ങളുടെയോ ആവശ്യമല്ലാതായി. ഇതുകൊണ്ടാണ് ജാതിയുടെ ഭീകരതയെ പ്രശ്‌നവല്‍ക്കരിക്കുന്ന ഒരു വിഷയത്തോടും ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നേരിട്ട് നിലപാട് സ്വീകരിക്കാന്‍ തയ്യാറാവാത്തത്. ജാതി നിലനില്‍ക്കുന്നിടത്തോളം കാലം ഐക്യം സാധ്യമല്ല എന്ന് അംബേദ്ക്കര്‍ പറഞ്ഞിട്ടുണ്ട്. ജാതി അത്രമാത്രം അസമത്വങ്ങളുടെ സൃഷ്ടിയാണ്. അതിനു മുകളില്‍ ഒരു ജനാധിപത്യത്തിനും വികസിക്കാന്‍ കഴിയില്ല. ഇന്ത്യയില്‍ ഇന്ന് കാണുന്ന അസമത്വങ്ങളുടെ ഏക രാഷ്ട്രീയ കാരണം, ജാതിയാണെന്ന് സമ്മതിക്കേണ്ടി വരുന്നത് ഈ പശ്ചാത്തലത്തിലാണ്.
ചരിത്രപരമായി സ്ഥിരീകരിക്കപ്പെട്ട ഈ വസ്തുതയെ
മനസ്സിലാക്കാത്തവരെല്ല ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികളും മറ്റു പുരോഗമന പ്രസ്ഥാനങ്ങളും. എന്നിട്ടും ഇത്തരക്കാര്‍ക്ക് സമകാല ജാതിവേട്ടയോട് രാഷ്ട്രീയമായി വിയോജിച്ച് ബദല്‍ ചിന്താധാരയെ രൂപപ്പെടുത്താന്‍ എന്തു കൊണ്ട് കഴിയുന്നില്ല? പ്രധാന കാരണം, ജനസംഖ്യയില്‍ 60 ശതമാനത്തോളം വരുന്ന ദലിത്- ന്യൂനപക്ഷ വിഭാഗങ്ങള്‍ അധികാരഘടനയില്‍ പേരിനുപോലുമില്ല. ഈ സത്യം അസംഘടിതരായ ജാതിമനുഷ്യരുടെ സാമൂഹിക അംഗീകാരത്തിന്റെ വില നിശ്ചയിക്കുകയാണ്. ഇത് തിരിച്ചറിഞ്ഞ സവര്‍ണ പുരോഗമനവാദികള്‍ക്ക് മേല്‍ജാതി വിഭാഗത്തോട് ചേര്‍ന്നുനിന്നാല്‍ മാത്രമേ ഭരണകൂടാധികാരങ്ങളുമായി ഒത്തുപോകാന്‍ കഴിയൂ. എന്നു മാത്രമല്ല, ഈ പുറമ്പോക്കുമനുഷ്യരുടെ സാന്നിധ്യമില്ലാതെ ഇന്ത്യന്‍ ജനാധിപത്യത്തിന് നിലനില്‍ക്കാന്‍ കഴിയുമെന്ന് കഴിഞ്ഞ 75- വര്‍ഷത്തെ രാഷ്ട്രീയാനുഭവം തെളിയിച്ചു കഴിഞ്ഞു. അധികാരം തങ്ങളിലേക്കെത്തണമെങ്കില്‍ രാജ്യത്തെ സവര്‍ണ മനുഷ്യരെ പ്രീതിപ്പെടുത്തിയേ മതിയാവൂ എന്ന സ്ഥിതിയാണ് ഇന്നുള്ളത്. ഇത് രാജ്യത്തൊട്ടാകെ നിലനില്‍ക്കുന്ന ഗുരുതരമായ മാനസികാവസ്ഥയാണ്.

ഇന്ത്യന്‍ സാമ്പത്തിക രംഗവും സാമൂഹ്യ സാഹചര്യവും കോര്‍പറേറ്റ് സവര്‍ണ്ണ മനോഘടനയിലേക്ക് വികാസം പ്രാപിച്ചുകഴിഞ്ഞു. അതിനോട് ഒന്നിച്ചു നിന്നുകൊണ്ടുമാത്രമേ ഏതൊരു രാഷ്ട്രീയാധികാരത്തിനും ഏതെങ്കിലും തലങ്ങളെ സ്വാധീനിക്കാന്‍ കഴിയൂ. അതിന്റെ ഏറ്റവും വലിയ തെളിവാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി സവര്‍ണ സംവരണത്തിന് അനുകൂലമായ രാഷ്ട്രീയ നിലപാട് കൈക്കൊണ്ടത്. ഇന്ത്യന്‍ ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന, ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന, ഭരണകൂട തത്വങ്ങളോടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ആശയപരമായി ഒന്നിക്കുന്നത്. സംവരണത്തെ നിലനിര്‍ത്തിക്കൊണ്ടു തന്നെ സമൂഹത്തിലെ പാവപ്പെട്ട മനുഷ്യരെ ദാരിദ്ര്യനിര്‍മ്മാര്‍ജന പദ്ധതികളില്‍ ഉള്‍പ്പെടുത്താം. എന്നിട്ടും അതിനെ മുന്നാക്കക്കാരിലെ പിന്നാക്കര്‍ എന്ന് ആര്‍. എസ്.എസ് പറയുന്നുണ്ടെങ്കില്‍ അതിന്റെ രാഷ്ട്രീയം സവര്‍ണ്ണതയുടെതാണ്. ഇവിടെ ബഹിഷ്‌കൃതരാകുന്നത് ദലിത്- പിന്നാക്ക വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും ആണെന്ന യാഥാര്‍ത്ഥ്യം കമ്യൂണിസ്റ്റ് പാര്‍ട്ടി ബോധപൂര്‍വം മറക്കുന്നതല്ല. മറിച്ച്, ജാതി എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ ഇന്നും ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കോ മറ്റു പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കോ കഴിയുന്നില്ല എന്നുള്ളതാണ്.
ഈയൊരവസ്ഥയിലും പുരോഗമന പ്രസ്ഥാനങ്ങളും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും അംബേദ്കര്‍ ചിന്തയെ ഉയര്‍ത്തിപ്പിടിക്കുന്നു എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. അവരെ സംബന്ധിച്ച് അംബേദ്കര്‍ ജാതി വ്യവഹാരങ്ങളെ കൃത്യമായി വ്യാഖ്യാനിച്ച സാമൂഹ്യനേതാവ് മാത്രമാണ്. അതിനപ്പുറത്തേക്ക് അദ്ദേഹം പ്രതിനിധാനം ചെയ്ത ജാതിമനുഷ്യരുടെ ജീവിതാവസ്ഥകളെ ഉള്‍ക്കൊള്ളാനോ അതിന്റെ ശ്രേണീബന്ധിതമായ സാമൂഹിക ക്രമത്തെ തകര്‍ക്കാനോ തയ്യാറാവുന്നില്ല. ജാതിജീവിതം എക്കാലത്തും വിഭജിത സാമൂഹത്തിന്റെ ഇരയാണെന്നും, അധികാരത്തിന്റെ ഘടന ചരിത്രത്തിലുടനീളം അത്തരം മനുഷ്യരെ ഇരുട്ടിലേക്ക് തള്ളിയിട്ടതിന്റെ ശേഷിപ്പാണ് ഇന്നു കാണുന്ന അസമത്വമെന്നും അവര്‍ അംഗീകരിക്കുന്നില്ല.

അംബേദക്കറെ പ്രത്യയശാസ്ത്രപരമായി സമീപിക്കുമ്പോള്‍ കാണിക്കുന്ന സ്‌നേഹം പാര്‍ലമെന്ററി അധികാരമോഹത്തിനുവേണ്ടിയാണെന്ന് ഇപ്പോഴും തിരിച്ചറിയാന്‍ കഴിയാത്തവര്‍ ഏറെയാണ്. ജാതിപീഡനം അനുഭവിച്ചും അധികാരത്തിന്റെ ചുവപ്പുകൊടിക്കുതാഴെ നില്‍ക്കുന്നത് അത്തരം മനുഷ്യരാണ്. അവര്‍ ഒരേസമയം ജാതിയുടെ കൊടിയ അസ്പര്‍ശ്വതയെ കുറിച്ച് പറയുകയും സവര്‍ണ സംവരണത്തെ അനുകൂലിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യും.
സംവരണത്തിന്റെ വിഷയത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സവര്‍ണപക്ഷത്ത് നില്‍ക്കാന്‍ കഴിയുന്നത് അംബേദ്ക്കറിന്റെ ജാതിചിന്തയെ അംഗീകരിക്കാന്‍ കഴിയാത്തതുകൊണ്ടാണ്. ഇടക്കാലത്ത് സാമൂഹ്യ വിമര്‍ശനങ്ങളെ ഭയന്ന് ഉള്‍വലിഞ്ഞ ജാതിബോധങ്ങള്‍ സമകാലത്ത് പൂര്‍വാധികം പ്രകടനപരതയോടെ പുറത്ത് നിറഞ്ഞാടുകയാണ്. ഇതിനുകാരണം, പൊതുബോധത്തില്‍ സവര്‍ണ ജാതിക്ക് കിട്ടുന്ന സാമൂഹികാംഗീകരമാണ്. പുരോഗമനപരമായി ജീവിക്കുന്ന മനുഷ്യര്‍ക്കിടയില്‍ ജാതി എന്നത് അങ്ങേയറ്റം സാംസ്‌കാരിക വിരുദ്ധതയുടെയും സാമൂഹ്യാധഃപതനത്തിന്റെയും അടയാളമാണെന്ന് 5000 വര്‍ഷങ്ങളുടെ പാരമ്പര്യത്തിന്റെ പഴക്കത്തിലൂടെ ബോധ്യപ്പെട്ടതാണ്. അതിനെ തിരസ്‌കരിക്കാനുള്ള മനസ്സ് ഇപ്പോഴും സമൂഹത്തില്‍ രൂപപ്പെട്ടു വന്നിട്ടില്ലെങ്കില്‍ അതിന്റെ തകരാറ് പുറത്തല്ല അകത്താണ്. സവര്‍ണ മനോഭാവത്തോടൊപ്പം നില്‍ക്കുന്ന ഭൂരിപക്ഷ മനുഷ്യരുടെയും മനസില്‍ പൂനൂലില്‍ സവര്‍ണ ജാതി അധികാരം ഇപ്പോഴും ശക്തമാണ്. അവരുടെ മനസ്സിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലാൻ ഇന്ത്യയില്‍ അംബേദ്ക്കര്‍ക്കുശേഷം ഡോ. ലോഹ്യയല്ലാതെ മറ്റൊരു രാഷ്ട്രീയനേതാവ് ഉണ്ടായില്ല.

1991- നുമുമ്പ് ഡിസംബര്‍ 6 അംബേദ്കറുടെ ഓര്‍മദിനം മാത്രമായിരുന്നു. എന്നാല്‍ 1992 നുശേഷം അംബേദ്കറുടെ ഓര്‍മയെ എങ്ങനെ ഇന്ത്യന്‍ സമൂഹത്തില്‍നിന്ന് അപ്രസക്തമാക്കാം എന്നും അത് ആശയം കൊണ്ടുമാത്രമല്ല രൂപഘടന കൊണ്ടുകൂടിയാണെന്ന തിരിച്ചറിവിന്റെ ഉത്തരം കൂടിയാണ്, ബാബറി മസ്ജിദിന്റെ തകര്‍ക്കലിന് ഡിസംബര്‍ 6 തിരഞ്ഞെടുത്തതുവഴി സംഭവിച്ചത്. ദലിത് സമൂഹങ്ങള്‍ക്കൊപ്പം മുസ്ലിം ന്യൂനപക്ഷങ്ങളുടെ ശാക്തീകരണത്തിന് കൂടെ നിന്ന അംബേദ്കറുടെ ഓര്‍മദിനത്തില്‍ തന്നെ ബാബറി മസ്ജിദ് തകര്‍ത്തതിനെ കൂട്ടി വായിക്കുമ്പോള്‍ മറ്റൊന്നുകൂടി ബോധ്യമാകുന്നുണ്ട്. ഇന്ത്യന്‍ അധികാരഘടനയില്‍ സവര്‍ണത എന്നത് ഹിന്ദുത്വത്തില്‍ മാത്രമല്ല, മറ്റു രാഷ്ട്രീയ വിഭാഗങ്ങളിലും ശക്തമാണ്. അതുകൊണ്ടാണ് ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനമായ കോണ്‍ഗ്രസിന്റെ ഭരണകാലത്തുതന്നെ സവര്‍ണ ഹിന്ദുത്വ രാഷ്ട്രീയത്തിന് ബാബ്‌റി മസ്ജിദ് തകര്‍ക്കാന്‍ കഴിഞ്ഞത്. അതുകൊണ്ടുതന്നെ അംബേദ്കറെ തിരിച്ചറിയുക എന്നത് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ജാതിരാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര ആഴങ്ങളിലേക്കിറങ്ങി ചെല്ലുക എന്നതാണ്. ഇന്ത്യയിലെ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളെ സംബന്ധിച്ച് അത് എളുപ്പം സാധ്യമാകാത്തതാണ്. അവരെ സംബന്ധിച്ച് ഡിസംബര്‍ ആറ് വലിയൊരു രാഷ്ട്രീയത്തെ പ്രശ്‌നവല്‍ക്കരിക്കുന്ന ദിവസമായി കാണാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല.
പി.എന്‍.ഗോപീകൃഷ്ണന്‍
Jan 30, 2023
10 Minutes Read
പ്രമോദ് പുഴങ്കര
Jan 26, 2023
9 Minutes Read
എ. എ. റഹീം
Jan 24, 2023
3 Minutes Read
ശ്രീജിത്ത് ദിവാകരന്‍
Jan 20, 2023
14 Minutes Read
ഷാജഹാന്‍ മാടമ്പാട്ട്
Jan 10, 2023
3 Minutes Read
കെ.പി. നൗഷാദ് അലി
Jan 10, 2023
7 Minutes Read
കെ. കണ്ണന്‍
Jan 08, 2023
15 Minutes Watch
അനുഷ ആൻഡ്രൂസ്
Jan 08, 2023
10 Minutes Read