റഹുൽ ഹസന്റെ
ശുചിത്വ ഭാരത ജീവിതം
റഹുൽ ഹസന്റെ ശുചിത്വ ഭാരത ജീവിതം
ഡല്‍ഹിയിലെ ഗാസിപുരില്‍ 65 മീറ്റര്‍ ഉയരത്തില്‍, 40 ഏക്കര്‍ വിസ്തീര്‍ണത്തിലാണ് മാലിന്യമല. നൂറുകണക്കിന് ട്രക്കുകളിലായാണ് ദിനംപ്രതി ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത്. അതിന്റെ ഉയരം താജ്മഹലിനോളം എത്താന്‍ പോകുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. ആയിരക്കണക്കിന് മനുഷ്യരാണ് ഈ മാല്യന്യമലക്ക് ചുറ്റും താമസിക്കുന്നത്. മറ്റിടങ്ങളില്‍ നിന്ന് തൊഴില്‍ തേടി വന്ന ദളിതരും മുസ്‌ലിംകളുമാണ് മഹാഭൂരിപക്ഷവും. ഇതിനെതിരെ വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ക്രമേണ എല്ലാം നിശബ്ദമായി
25 Aug 2020, 01:30 PM
‘മീശമുളക്കുന്നതിന് മുമ്പേ എത്തിയതാണ് ഡല്‍ഹിയില്‍. എത്തിയ വര്‍ഷം പോലും വ്യക്തമായി ഓര്‍മയില്ല. പല പണികള്‍ മാറിമാറി ചെയ്തു. വര്‍ഷങ്ങള്‍ കടന്നുപോയി എന്നല്ലാതെ ഒന്നും സംഭവിച്ചില്ല. പിന്നെയും കാലങ്ങള്‍ കുറെ എടുത്തിട്ടാണ് ഇവിടെ എത്തിപ്പെട്ടത്. അന്നൊക്കെ 10 രൂപക്ക് വരെ പണി എടുത്തിട്ടുണ്ട്. ഇപ്പോഴത് 500 ആയി എങ്കിലും ഡല്‍ഹിയിലെ ചെലവ് താങ്ങാവുന്നതിലും അപ്പുറമാണ്. കിട്ടുന്ന പൈസ ആശുപത്രിയില്‍ കൊടുക്കാന്‍ പോലും തികയാത്ത അവസ്ഥ. ഏകദേശം 25 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ മാലിന്യമലക്കരികില്‍ എത്തിപ്പെടുന്നത്. അന്നൊക്കെ ചെറിയൊരു മാലിന്യക്കൂന മാത്രമായിരുന്നു. അവിടെ നിന്നാണ് ഈ രീതിയില്‍ വളര്‍ന്നത്. ആയിരത്തിനടുത്ത് മാലിന്യം നിറച്ച ലോറികള്‍ വരെ ഇവിടെ എത്തിയിരുന്നു. ജീവിക്കാന്‍ ഒരു രക്ഷയും ഇല്ലാത്ത അവസ്ഥയാണ്. ചോറിലും വെള്ളത്തിലും വരെ ഈച്ചകളും പേരറിയാത്ത കീടങ്ങളുമാണ്. കൂട്ടിയിട്ട മാലിന്യത്തിന്റെ പോലും വില ഇവിടെ താമസിക്കുന്ന മനുഷ്യന് കിട്ടുന്നില്ല'.
സംസാരത്തിനിടക്ക് റഹുല്‍ ഹസന്‍ പുറകിലെ മാലിന്യമലയിലേക്ക് നോക്കി ക്രോധം കൊണ്ട് തെറിവിളിക്കുന്നുണ്ടായിരുന്നു.
നിസ്സഹായനായ ആ മനുഷ്യന് അതുമാത്രമെ സാധിക്കുമായിരുന്നുള്ളൂ. അത്ര രോഗങ്ങളും സാമ്പത്തിക പരാതീനതകളും അദ്ദേഹത്തെ വലയ്ക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലെ ചാക്കിയ ഗ്രാമത്തില്‍ നിന്നാണ് വര്‍ഷങ്ങള്‍ക്കുമുന്‍പ് അദ്ദേഹമിവിടെ എത്തിയത്. കര്‍ഷകനായ അച്ഛന്‍ ആത്മഹത്യയുടെ വക്കിലെത്തിയപ്പോഴാണ് ഡല്‍ഹിക്ക് വണ്ടി കയറിയത്. എട്ടുമക്കളില്‍ മൂത്ത മകനായതിനാല്‍ ഉത്തരവാദിത്വങ്ങള്‍ സ്വയം ഏറ്റെടുക്കുകയായിരുന്നു. രാപ്പകല്‍ വ്യത്യാസമില്ലാതെ കടക്കെണിയില്‍ നിന്ന് കുടുംബത്തെ കരകയറ്റാനുള്ള ശ്രമമായിരുന്നു പിന്നീട്. അതിനിടക്ക് എപ്പോഴോ വിവാഹവും കഴിച്ചു. നാലുമക്കളില്‍ ഒരാള്‍ക്ക് പേരറിയാത്ത അസുഖമാണ്. കാരണം എന്താണെന്നു ചോദിച്ചപ്പോള്‍, പുറകിലെ മാലിന്യമല ചൂണ്ടി വീണ്ടും തെറിവിളിക്കുകയായിരുന്നു.

ഭരണചക്രം ഉരുളുന്ന ഡല്‍ഹിയിലെ മാലിന്യം മുഴുവന്‍ കുന്നുകൂടുന്ന സ്ഥലമാണ് ഗാസിപുര്‍. എല്ലാത്തരം മാലിന്യങ്ങളും നിക്ഷേപിച്ച് ഭരണകൂടം ഉണ്ടാക്കിയെടുത്തത് നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മാലിന്യമല. ഇന്നതിന്റെ ഉയരം താജ്മഹലിനോളം എത്താന്‍ പോകുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ആയിരക്കണക്കിന് മനുഷ്യരാണ് ഈ മാല്യന്യമലക്ക് ചുറ്റും താമസിക്കുന്നത്. മറ്റിടങ്ങളില്‍ നിന്ന് തൊഴില്‍ തേടി വന്ന ദളിതരും മുസ്‌ലിംകളുമാണ് മഹാഭൂരിപക്ഷവും. അധികാര കേന്ദ്രങ്ങളില്‍ നിന്ന് അന്യവല്‍ക്കരിക്കപ്പെടാന്‍ ഡല്‍ഹിപോലൊരു സംസ്ഥാനത്ത് മറ്റൊരു കാരണം തിരയേണ്ടതില്ല എന്നതാണ് മറുവശം. മാസങ്ങള്‍ക്ക് മുമ്പേ നടന്ന കലാപത്തിനോടുള്ള സര്‍ക്കാര്‍ സമീപനമുള്‍പ്പെടെ ആ നിരീക്ഷണത്തിന് അടിവരയിടുന്നതാണ്. റഹുല്‍ ഹസന്‍ പറഞ്ഞതുപോലെ മനുഷ്യനിവിടെ മാലിന്യത്തിന്റെ വിലപോലുമില്ലാത്ത അവസ്ഥയാണ്.
65 മീറ്റര്‍ ഉയരത്തില്‍, 40 ഏക്കര്‍ വിസ്തീര്‍ണത്തില്‍ മാലിന്യം
40 ഏക്കറോളം വിസ്തീര്‍ണ്ണമുണ്ട് മാലിന്യമലക്ക്. മാലിന്യം നിക്ഷേപിക്കാന്‍ കല്ലുകള്‍ പാകിയ വലിയ റോഡുകളും ഇവക്ക് മുകളില്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഒരു ട്രക്ക് ഇതിനുമുകളിലെത്താന്‍ 15 മിനിറ്റിലധികം എടുക്കും. നൂറുകണക്കിന് ട്രക്കുകളിലായാണ് ദിനംപ്രതി ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത്. വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും വേണ്ടവിധം അവയൊന്നും ഫലം കണ്ടിരുന്നില്ല. കാലക്രമേണ എല്ലാം നിശബ്ദമാകുകയായിരുന്നു.

65 മീറ്ററോളം ഉയരമുണ്ട് ഇപ്പോള്‍ മാലിന്യമലക്ക്. ഓരോ വര്‍ഷവും ചുരുങ്ങിയത് പത്തുമീറ്ററോളം ഉയരത്തില്‍ മാലിന്യ നിക്ഷേപം നടക്കുന്നുമുണ്ട്. ഈ കണക്കുപ്രകാരം നോക്കിയാല്‍ 73 മീറ്റര്‍ ഉയരമുള്ള താജ്മഹലിന് മുകളിലെത്താന്‍ അധികനാള്‍ വേണ്ടിവരില്ല എന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. പ്രദേശത്തെ മനുഷ്യ ജീവിതം ഇപ്പോഴെ അസാധ്യമായ നിലയിലാണ്. രാസപ്രവര്‍ത്തനം നടന്ന് പലതവണ പൊട്ടിത്തെറികള്‍ ഉണ്ടായതായും അവര്‍ ഓര്‍മിപ്പിക്കുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മലിനീകരണതോതുള്ള രാജ്യതലസ്ഥാനമാണ് ഡല്‍ഹിയെന്നുകൂടി ചേര്‍ത്തുവായിക്കണം. കൂടാതെ ലോകത്ത് ഏറ്റവും കൂടുതല്‍ മലിനീകരിക്കപ്പെട്ട നഗരങ്ങളില്‍ ആദ്യ 14 സ്ഥലങ്ങളും ഇന്ത്യയില്‍ തന്നെയാണ്. ദീര്‍ഘവീക്ഷണമില്ലാത്ത ഭരണകേന്ദ്രങ്ങള്‍ അറിഞ്ഞോ അറിയാതെയോ മനുഷ്യജീവിതങ്ങളില്‍ നഞ്ച് കലക്കുകയാണ്.
ലോകാരോഗ്യസംഘടന നടത്തിയ പഠനങ്ങള്‍ പ്രകാരം പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. പരിസ്ഥിതിയെ തിരിച്ചറിയാന്‍ സാധിക്കാതെ പോകുന്ന ഭരണകൂടങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ മനുഷ്യജീവിതത്തിന് ഉയര്‍ത്തുന്നത് വലിയ വെല്ലുവിളിയാണ്. രാജ്യതലസ്ഥാനത്തുതന്നെയാണ് ഇത്തരത്തില്‍ മാലിന്യമല സ്ഥിതി ചെയ്യുന്നത് എന്നത് ഗൗരവം ഇരട്ടിയാക്കുന്നു. ഒപ്പം ശുചിത്വ ഭാരതം എന്ന മുദ്രാവാക്യം മുന്നോട്ടുവെക്കുന്ന ഭരണകൂടത്തെ തുറന്നുകാണിക്കുന്നുമുണ്ട്.

അങ്ങേയറ്റം മലിനമാണ് രാജ്യതലസ്ഥാനത്തെ വായുവും വെള്ളവും. ശുദ്ധവായു വില്‍പ്പനക്ക് വച്ചിരിക്കുന്ന ഓക്‌സിജന്‍ പാര്‍ലറുകള്‍ വരെയുണ്ട് ഇന്ന് ഡല്‍ഹിയില്‍. കനേഡിയന്‍ കമ്പനി 1450 രൂപക്കാണ് മൂന്നു ലിറ്റര്‍ വായു ഡല്‍ഹിയില്‍ വില്‍പനക്കെത്തിച്ചിരിക്കുന്നത്. ഇന്നും പോഷകാഹാരക്കുറവുമൂലം കുഞ്ഞുങ്ങള്‍ മരിച്ചുവീഴുന്ന, ഗോതമ്പ് പാടങ്ങളില്‍ ജീവിതം അവസാനിപ്പിക്കുന്ന കര്‍ഷകരുള്ള രാജ്യത്തുതന്നെയാണ് ഈ വിരോധാഭാസം. ഇരകള്‍ വിരല്‍ചൂണ്ടുന്നത് ക്രിയാത്മകമല്ലാത്ത ഭരണകൂടത്തിലേക്കാണ്. ഇനിയും സുസ്തുതിരമായ മാലിന്യസംസ്‌കരണത്തിന് വഴികളില്ല എന്നതുതന്നെയാണ് ഇതിന് പ്രധാന കാരണം. കിഴക്കന്‍ ഡല്‍ഹിയുടെ എം.പി ആയ ഗൗതം ഗംഭീര്‍ മാലിന്യ സംസ്‌കരണത്തിന് കോടികള്‍ വിലമതിക്കുന്ന യന്ത്രങ്ങള്‍ എത്തിച്ചിട്ടുണ്ടെങ്കിലും കാര്യക്ഷമമല്ല ഇതെന്നാണ് ആം ആദ്മി ആരോപണം. 600 ടണ്‍ മാലിന്യം ഒരു ദിവസം സംസ്‌കരിക്കുന്നുണ്ടെന്നാണ് എം.പി യുടെ അവകാശവാദം. എന്നാല്‍, അതിനേക്കാള്‍ മാലിന്യം അവിടെ നിക്ഷേപിക്കപ്പെടുന്നു എന്നതാണ് പ്രധാന ആരോപണം.
പേരറിയാത്ത മഹാരോഗങ്ങള്‍
ഏകദേശം 14 ടണ്‍ മാലിന്യമാണ് ഡല്‍ഹി ഉറങ്ങി ഉണരുമ്പോഴേക്കും ബാക്കിയാകുന്നത്. ഇതില്‍ പകുതിയിലധികവും ജൈവമാലിന്യങ്ങളാണ്. ഇതൊന്നും സംസ്‌കരിക്കാനുള്ള കാര്യക്ഷമമായ മാര്‍ഗവുമില്ല എന്നതാണ് വസ്തുത. 13 കിലോമീറ്റര്‍ ദൂരം മാത്രമാണ് പാര്‍ലമെന്റില്‍ നിന്ന് മാലിന്യ മലയിലേക്കുള്ളത്. മഹാരോഗങ്ങള്‍ക്കൊപ്പം വലിയ പൊട്ടിത്തെറികളും തീപിടുത്തങ്ങളും ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. മാലിന്യ മലക്കുള്ളില്‍ വലിയ തോതിലാണ് മീഥെയ്ന്‍ വാതകം. ഇതാണ് ഇടയ്ക്കിടെ തീപിടുത്തങ്ങള്‍ക്ക് കാരണം. തീയണക്കാന്‍ പലപ്പോഴും ദിവസങ്ങളോളം നീണ്ട ശ്രമം വേണ്ടിവരാറുണ്ട്. 2017ലുണ്ടായ കനത്ത മഴയില്‍ മലയുടെ ഒരു ഭാഗം ഇടിഞ്ഞും അപകടമുണ്ടായിട്ടുണ്ട്. ആ അപകടത്തില്‍ രണ്ടു പേര്‍ മരിക്കുകയും ആറുപേര്‍ക്ക് ഗുരുതര രിക്കേല്‍ക്കുകയും ചെയ്തിരുന്നു.

1984 മുതലാണ് ഗാസിപുരിൽ മാലിന്യം നിക്ഷേപിക്കാനായി തീരുമാനിക്കുന്നത്. ആ വര്‍ഷം തന്നെ മാലിന്യ നിക്ഷേപവും തുടങ്ങി. നഗര മാലിന്യം ഒന്നുവിടാതെ ഭരണകൂടം കൊണ്ടുവന്ന് തള്ളുകയായിരുന്നു. യാതൊരു നിയന്ത്രണങ്ങളുമില്ലാത്ത ഈ രീതി ന്നെയാണ് ഇപ്പോഴത്തെ അവസ്ഥക്ക് പ്രധാന കാരണം. 2002ഓടെ മാലിന്യ നിക്ഷേപത്തിന്റെ പരമാവധിയില്‍ എത്തിയിരുന്നു. എന്നാല്‍ അതൊന്നും കാര്യമാക്കാതെ മാലിന്യനിക്ഷേപം തുടരുകയായിരുന്നു. തുടര്‍ന്ന് വലിയ പ്രതിഷേധമുണ്ടായെങ്കിലും അതെല്ലാം കാറ്റില്‍ പറത്തി മാലിന്യനിക്ഷേപം തടസ്സങ്ങളില്ലാതെ തുടരുകയായിരുന്നു.
പ്രതിദിനം 650- 700 വരെ ട്രക്കുകളില്‍ മാലിന്യനിക്ഷേപം നടന്നിരുന്നു. ഏകദേശം 40 ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ വിസ്തീര്‍ണ്ണമുണ്ട് ഇന്ന് മാലിന്യമലക്ക്. നിസഹായരായ ആയിരക്കണക്കിന് കുടുംബങ്ങളാണ് മാലിന്യ മലക്ക് ചുറ്റിലും താമസിക്കുന്നത്. ഡബ്ല്യു. എച്ച്. ഒയുടെ റിപ്പോര്‍ട്ടു പ്രകാരം അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് വരെ കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്.
ജീവിക്കാന്‍ പറ്റാത്ത മണ്ണ്
‘ഞങ്ങള്‍ ഈ നാട്ടിലെ മനുഷ്യര്‍ തന്നെയല്ലേ. പുഴുക്കളെപോലെയാണ് ഓരോ ദിവസവും ജീവിച്ചു തീര്‍ക്കുന്നത്'; പറഞ്ഞു തുടങ്ങും മുമ്പേ നിസ്സഹായതയുടെ കണ്ണുനീര്‍ ജെറീനയുടെ മുഖത്തുകൂടെ താഴേക്ക് വീണു.

കരഞ്ഞുകലങ്ങിയ കണ്ണില്‍ നിമിഷനേരം കൊണ്ടാണ് ഈച്ച പൊതിഞ്ഞത്. അത്രത്തോളം മലിനമാണ് ആ പ്രദേശം. മാലിന്യമലക്ക് സമീപത്തെ ഓവുചാലിനോട് ചേര്‍ന്ന് ഉന്തുവണ്ടി കച്ചവടം നടത്തുകയാണ് വര്‍ഷങ്ങളായി അവര്‍. ആറു മക്കളുണ്ട് ജെറീനക്ക്. നാല് പെണ്‍മക്കളുടെ വിവാഹം വളരെ ചെറുപ്പത്തിലെ കഴിഞ്ഞു. എത്രയും വേഗം അവരെ ദുരന്തഭൂമിയില്‍ നിന്ന് ഒഴിവാക്കാന്‍ വിവാഹമല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു. വര്‍ഷങ്ങളായി ശമനമില്ലാത്ത ശ്വാസതടസം കൊണ്ട് പൊറുതിമുട്ടുകയാണ് ജെറീന. ലഭ്യമായ എല്ലാ ചികിത്സയും നടത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല. നന്നായി ഉറങ്ങിയ കാലം പോലും ഓര്‍മയില്ല എന്നാണ് അവര്‍ പറയുന്നത്. മനുഷ്യര്‍ ഈ വിധം അസ്വാഭാവികമായ ജീവിതരീതിയിലേക്ക് അടിമുടി മാറ്റപ്പെട്ടു എന്നതാണ് വസ്തുത.
അതിവേഗം പരിഹാരം കണ്ടെത്തേണ്ട വിഷയമാണ് മാലിന്യസംസ്‌കരണം. മനുഷ്യരാശിയെ തുടച്ചുമാറ്റാന്‍ പാകത്തിന് വലിയ ഭീഷണിയാണ് രാജ്യമെമ്പാടും അത് ഉയര്‍ത്തുന്നത്. മാലിന്യം ശേഖരിക്കാനുള്ള വാഹനം വന്നില്ല എങ്കില്‍ മറ്റൊരാളുടെ പറമ്പിലേക്കോ റോഡരികിലേക്കോ നിക്ഷേപിക്കുന്ന മനുഷ്യന്റെ ചിന്തയും മാറേണ്ടതുണ്ട്. അടിസ്ഥാനപരമായി നമ്മുടെ വിദ്യാസ രീതികളില്‍ ഇത്തരം മാറ്റങ്ങള്‍ കൊണ്ടുവരണം. വികസിത രാജ്യങ്ങളില്‍ പലതിലും പ്രകൃതിയോട് എങ്ങിനെ ഇടപെടണം എന്നത് പഠന വിഷയമാണ്. ഒപ്പം വ്യക്തമായ ദീര്‍ഘ വീക്ഷണത്തോട് കൂടി വിഷയത്തെ സമീപിക്കുന്ന രീതിയില്‍ ഭരണകൂടവും മാറേണ്ടതുണ്ട്. ഡിജിറ്റല്‍ ഇന്ത്യയിലേക്കുള്ള കുതിപ്പിലാണ് നമ്മള്‍ എന്ന് ഭരണകൂടം പറയുമ്പോഴും ടണ്‍ കണക്കിന് വരുന്ന ഇലക്ട്രോണിക് മാലിന്യങ്ങള്‍ എങ്ങനെ സംസ്‌കരിക്കണം എന്ന ചിന്തപോലും തുടങ്ങിയിട്ടില്ല. ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിനെഅതിശയത്തോടെ കാണുന്ന ലോകം കാര്യക്ഷമമല്ലാത്ത ഭരണകൂടത്തിന്റെ മാലിന്യസൃഷ്ടിയും പഠനവിഷയമാക്കുന്ന കാലം വിദൂരമല്ല.

















കെ. സഹദേവന്‍
Mar 30, 2023
13 Minutes Read
ഡോ. പ്രവീൺ സാകല്യ
Mar 24, 2023
8 Minutes Read
Truecopy Webzine
Mar 20, 2023
3 Minutes Read
പ്രമോദ് പുഴങ്കര
Mar 18, 2023
2 Minutes Read
ഡോ.എസ്. അഭിലാഷ്
Mar 16, 2023
8 Minutes Watch
പുരുഷന്‍ ഏലൂര്‍
Mar 15, 2023
5 Minutes Read
സജി മാര്‍ക്കോസ്
Mar 09, 2023
7 Minutes Read
Abha
25 Aug 2020, 06:47 PM
Miss u r writtng shamil.gud work. Well said