1975-ലാണ് എൻ്റെ ബോംബെ ജീവിതം സമാരംഭിക്കുന്നത്. 'സമാരംഭം' എന്ന വിശേഷണം ആവശ്യമുണ്ടോ എന്നറിയില്ലെങ്കിലും എൻ്റെ പതിവ് ആചാരമനുസരിച്ച് ഈ വാക്ക് ആവർത്തിക്കുന്നു വെന്നുമാത്രം... "ആദത്ത് സെ മജ്ബൂർ" എന്നാണ് ഹിന്ദിയിൽ ഇതിനെ പറയുക.
മഹാനഗരമലയാളികളുടെ ഇഷ്ടയിടങ്ങളിലൊന്നായ ചെമ്പൂരിലെ ഘാട്ളാഗാവിൽ നാലഞ്ച് വർഷങ്ങളോളം ജീവിതം കെട്ടിയിട്ട് മടുത്തപ്പോഴാണ് മാട്ടുംഗ (വെസ്റ്റ്) റെയിൽവെസ്റ്റേഷൻ റോഡിലുള്ള 'ട്രിച്ചൂർ ലോഡ്ജി’ൽ ചേക്കേറിയത്. സമീപസ്ഥമായ ട്രിച്ചൂർ മെസ്സിലെ ശാപ്പാട് വീശിയും തൃപ്രയാർ കെ.ആർ. ബാലൻ എന്ന ബാഹർവാല പയ്യൻ്റെ വക കട്ടിംഗ് ചായ് ഇടക്കിടെ കുടിച്ചും ദിനരാത്രങ്ങൾ ഉന്തിനീക്കി. ലോഡ്ജിലെ അന്തേവാസികൾക്കും മാട്ടുംഗ പച്ചക്കറി മാർക്കറ്റിലെ കടക്കാർക്കും സ്റ്റേഷൻ പരിസരത്ത് തമ്പടിച്ച ടാക്സിവാലകൾക്കും കട്ടിംഗ് ചായ് വിറ്റ് ജീവിച്ചുപോന്ന അന്നത്തെ പതിനെട്ടുകാരൻ തൃപ്രയാർ കെ.ആർ. ബാലൻ ഇപ്പോൾ എവിടെയാണോ എന്തോ?
ലോഡ്ജിന് കുറച്ചുമാറി റോഡിന് വലതുവശത്തുള്ള കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ മണിനാദം പലപ്പോഴും കേൾക്കാം. ദാദറിലെ ഹരിവാമൻപേഠ് ജ്വല്ലറിയോ, കൽബാദേവിയിലെ ത്രിഭുവൻദാസ് ബിംജി ഝവേരിയുടെ സ്വർണ്ണാഭരണക്കടയോ പറിച്ച് കഴുത്തിലണിഞ്ഞപോലെ, സർവ്വാഭരണവിഭൂഷിതകളായ സുന്ദരീമണികൾ നടന്നുനീങ്ങുന്നതും കണ്ട് മാട്ടുംഗയിൽത്തന്നെ ഒരു വർഷത്തോളം കഴിഞ്ഞുകൂടി. ക്ഷേത്രത്തിനു മുന്നിലുള്ള വിളക്കുകാലിൽ കെട്ടിയിട്ട വെള്ളപ്പശുവിന് പുല്ല് നൽകുന്നവരെ കാണാമായിരുന്നു. അന്ന് ഒരു കെട്ട് പുല്ലിന് പത്തുപൈസയായിരുന്നു വില. ഇപ്പോൾ അവിടെ കറുത്തനിറമുള്ള പശുവും അതിൻ്റെ വെള്ളക്കിടാവുംകൂടി ഉണ്ടെന്നും പുല്ല് കെട്ടൊന്നിന് അഞ്ചു രൂപവിലയെന്നുമാണ് ഈയിടെ ബോംബെയിൽനിന്നും തിരിച്ചെത്തിയ സുഹൃത്തിന്റെ ഭാഷ്യം. കുറെക്കാലം മുമ്പ് തന്നെ ട്രിച്ചൂർ ലോഡ്ജിന്റെ സ്ഥാനം തിവാരി ക്ലാസ് പിടിച്ചുപറ്റിയെങ്കിലും ഇന്ന് വേറെ ഏതോ സ്ഥാപനമാണ് പ്രവർത്തിക്കുന്നതെന്നും അയാൾ പറഞ്ഞു.
ഈയടുത്ത കാലംവരെ മഹാനഗരത്തിൽ ഏറ്റവും അവഗണിക്കപ്പെട്ട, ഗട്ടറുകളും മാലിന്യ കൂമ്പാരങ്ങളും നിറഞ്ഞ ചേരിപ്രദേശമായ ധാരാവി ജനശ്രദ്ധയാകർഷിക്കാൻ തുടങ്ങിയതിന്റെ പിന്നാമ്പുറക്കഥകൾ രസകരമാണ്.
മഹാരാഷ്ട്ര സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥനായ എൻ്റെ ഒരു സ്നേഹിതന് ആയിടെ ബാന്ദ്ര ഗവ. സെർവന്റ് സ് കോളനിയിൽ ഡബിൾറൂം കിച്ചൻ അനുവദിച്ചുകിട്ടി. സംഗതി അതോടെ ബഹുജോറായി എന്നുപറയാം. സ്നേഹിതനും അയാളുടെ വാമഭാഗവും രണ്ടു മക്കളുമാണ് വിശാലമായ ആ ഫ്ളാറ്റിലെ താമസക്കാർ. ഇവരെക്കൂടാതെ എങ്ങുനിന്നോ വലിഞ്ഞുകേറിവന്ന വെള്ള കാടൻപൂച്ചയും കൂട്ടിനുണ്ട്. സുഹ്യത്തിന് എപ്പോഴും മിണ്ടിപ്പറഞ്ഞിരിക്കണം. എനിക്കാണെങ്കിൽ ചറപറായെന്ന് വർത്തമാനം പറയാൻ ആളും വേണം. വൈകാതെ ട്രിച്ചൂർ ലോഡ്ജിലെ ഡോർമറ്ററി സർവ്വീസിനും തൃപ്രയാർ കെ.ആർ. ബാലന്റെ കട്ടിംഗ് ചായക്കും ഫുൾസ്റ്റോപ്പിട്ട് എൻ്റെ താമസം ഗവൺമെൻ്റ് കോളനിയിലേക്ക് മാറ്റി.
ദാനധർമ്മിഷ്ടനായ മഹാരാഷ്ട്രിയൻ സ്നേഹിതൻ വിനയ് പാട്ടിലിനും പഞ്ചാബിയായ അയാളുടെ നല്ല പാതി പ്രീതത്തിനും എന്നിൽ നിന്ന് പേയിംഗ് ഗസ്റ്റ് ഇനത്തിൽ പണം വാങ്ങാൻ താല്പര്യമില്ല. അത് ഞങ്ങൾ തമ്മിലുള്ള ആത്മബന്ധം ഉലയ്ക്കുമെന്ന് അവർ കരുതുന്നുണ്ടാകാം. സംഗതി ഏതായാലും ഞാനവിടെ സസുഖം താമസിച്ചുപോന്നു. വഡാലയിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്ന തമിഴ് പത്രത്തിലെ സ്പേസ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവായാണ് അന്ന് ഞാൻ ജോലി ചെയ്തിരുന്നത്. പത്രത്തിൻ്റെ വായനക്കാരിൽ അധികവും ബി.പി.എൽ ക്ലാസിലുള്ളവരായിരുന്നു. കൂടുതലായും ധാരാവിയിലും സമീപപ്രദേശങ്ങളിലുമുള്ള പാവങ്ങൾ.

മഹാരാഷ്ട്ര ഗവൺമെൻ്റ് അവരുടെ ഉദ്യോഗസ്ഥർക്ക് ഗവൺമെൻ്റ് കോളനികളിൽ അനുവദിച്ച് നൽകിയ മുറികൾ പല ജീവനക്കാരും ഭാരിച്ച തുക ഡെപ്പോസിറ്റ് ഇനത്തിൽ വാങ്ങിക്കൊണ്ടും വൻതുക മാസവാടക ഈടാക്കിയും മറിച്ചുനൽകുന്ന പതിവുണ്ടായിരുന്നു. ഈ പരിപാടി നിർബാധം തുടർന്നപ്പോൾ, ഭരണകൂടം കോളനി താമസക്കാർക്കിടയിൽ 'സ്പെഷൽ ചെക്കിംഗ് ഉദ്യോഗസ്ഥരെ' അയച്ച് സത്യം കണ്ടെത്താൻ ശ്രമിച്ചു. അതോടെ രണ്ടുമൂന്നു ജീവനക്കാരുടെ ജോലിയും തെറിച്ചു. ചിലരുടെ സർവ്വീസ് ബുക്കിൽ ചുവന്ന മഷിയിൽ ചെക്കിംഗ് ഉദ്യോഗസ്ഥർ റിപ്പോർട്ടുമെഴുതി. മഹാരാഷ്ട്ര ഭരണകൂടത്തിൻ്റെ ഈ പുതിയ ചുവടുവെയ്പിനു മുമ്പുതന്നെ ഞങ്ങളുടെ സുഹൃത്തും ഗവൺമെൻ്റ് ഉദ്യോഗസ്ഥനുമായ നാദ്കർണി ഒരു ലക്ഷം രൂപ അഡ്വാൻസായും പ്രതിമാസം 15,000 രൂപ വാടകയും വാങ്ങി ഒരു ഗോവക്കാരന് തന്റെ മുറി താൽക്കാലികമായി നൽകിയിരുന്നു. ശ്രീമാൻ നാദ്കർണിക്ക് ദേശീദാരു (നാടൻവാറ്റ്) ഇടതടവില്ലാതെ മോന്താനാണ് ഇത് ചെയ്തത്. കാശിന് 'മുട്ടു വന്ന് ചാരായമടിക്ക് ഭംഗംവരരുതെന്ന് അദ്ദേഹം കരുതിയിരിക്കാം.
നാല്പതുവയസ്സോളം പ്രായം തോന്നുന്ന പ്രസ്തുത ഗോവക്കാരൻ മാന്യന് അയൽപക്കവുമായി ഒരു ഇടപാടുകളുമില്ല. പകൽ അയാളുടെ 'മടയിൽ' നിന്ന് 'അബ്ബ'യുടെയും കാർപെൻഴ്സിന്റെയും അടിപൊളി ഇംഗ്ലീഷ് പാട്ടുകൾ സ്റ്റീരിയോ പ്ലെയറിൽനിന്ന് ഉയർന്നുകേൾക്കാം. വൈകുന്നേരങ്ങളിലാണ് ഈ കക്ഷി പുറത്തിറങ്ങുക. ബാത്തിക് ഹാഫ് കൈയ്യൻ ഷർട്ടും പാൻ്റും കൂടാതെ തലയിൽ ബ്രൗൺനിറമുള്ള തൊപ്പിയുംവെച്ച ഇയാളുടെ പേരോ ജോലിയോ ഒന്നും അവിടെയുള്ളവർക്കറിയില്ല. ബോംബെയിൽ ഇതുപോലെ ഒറ്റപ്പെട്ട് ജീവിക്കുന്നവർ ധാരാളമായുണ്ട്. എന്നാൽ ഗോവക്കാരന് ആഴ്ചയിൽ മിനിമം ഒന്നുരണ്ടു പ്രാവശ്യമെങ്കിലും കൊറിയർ വഴി പാഴ്സലുകളെത്താറുണ്ട്. ഇതെന്താണെന്ന ജിജ്ഞാസ ചില ഉദ്യോഗസ്ഥരുടെ വാമഭാഗങ്ങൾ തമ്മിലുള്ള പരദൂഷണസംഗമവേളയിൽ ഉയർന്നത് സ്വാഭാവികം മാത്രം.
അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി ഏർപ്പെടുത്തിയ ‘മിസ’ (Maintenance of Internal Security Act) നിയമപ്രകാരം അധോലോകനായകനും മയക്കുമരുന്നു കച്ചവടക്കാരനുമായ കരിംലാലയെ അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ചിരുന്നു. എന്നാൽ അയാളുടെ റീടെയിൽ ബിസിനസ്സ് തലവൻ ഘനശ്യാം സോളങ്കിയും മറ്റു ചിലരും ഈ രംഗത്തെ ഇടത്തരം സ്രാവുകളായി ബോംബെയിൽ അന്നും വിലസിയിരുന്നു. ബോംബെ നാർക്കോടിക് സെൽ ഉദ്യോഗസ്ഥരും അത്ര നിസ്സാരക്കാരല്ല.
ധാരാവി റീ-ഡെവലപ്പ്മെന്റിന്റെ കരട്രൂപം എന്തെന്ന് ഇന്നേവരെ സാധാരണക്കാർക്ക് അജ്ഞാതമാണ്. അതുകൊണ്ടുതന്നെ ധാരാവിമക്കൾ ചേർന്ന് മുഴക്കുന്ന മുദ്രാവാക്യം ഇങ്ങനെയാണ്: "No master plan, No construction."
ഇന്നത്തെ കേരള ഗവൺമെന്റിന്റെ 'ഓപ്പറേഷൻ തൂഫാൻ' മയക്കുമരുന്നുവേട്ട പോലെ അവരും മഹാനഗരത്തിൻ്റെ മുക്കിലും മൂലയിലും മയക്കുമരുന്നു കച്ചവടക്കാരെ തിരഞ്ഞുപിടികൂടിക്കൊണ്ടിരുന്നു. ഈ അന്വേഷണം അവസാനം ചെന്നെത്തിയതോ, ബാന്ദ്ര ഈസ്റ്റിലെ ഗവൺമെന്റ്റ് കോളനിയിലെ താൽക്കാലിക താമസക്കാരനായ, പുസ്തക കച്ചവടക്കാരനായി അറിയപ്പെട്ടിരുന്ന ഗോവക്കാരനിലാണ്. അയാൾ താമസിക്കുന്ന ഗവ. കോളനി മുറി നാർക്കോട്ടിക് സെൽ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ കൊറിയറിൽ വന്നുകൊണ്ടിരുന്ന പുസ്തകങ്ങളിൽ ബ്രൗൺഷുഗർ ഒളിപ്പിച്ച് കടത്തുകയാണെന്ന് തെളിഞ്ഞു.
എന്തിനേറെ, ഗോവാക്കാരൻ ജയിലിലും അയാൾക്ക് ഗവൺമെന്റ് കോളനിയിൽ വാടകയ്ക്ക് മുറിനൽകിയ ഞങ്ങളുടെ സുഹൃത്ത് ലോക്കപ്പിലുമായി. ലോക്കപ്പ് മുറിയിലെ ജനലഴിയിൽ കെട്ടിത്തൂങ്ങി നാദ്കർണി ആത്മഹത്യ ചെയ്തതോടെ ഈ സംഭവത്തിന് താൽക്കാലിക പരിസമാപ്തിയായി. നിരാശിതയും അപമാനിതയുമായ, ദാമ്പത്യജീവിതത്തിൽ അമ്പേ പരാജയപ്പെട്ട നാദ്കർണിയുടെ ഭാര്യ, ആശാലത മാഹിം റെയിൽവെ ബ്രിഡ്ജിന് മുകളിൽനിന്ന് താഴെ കുതിച്ചുപായുന്ന വീരാർ ഫാസ്റ്റിനുമുന്നിൽ ചാടി ജീവനൊടുക്കി. കാലമെത്ര കഴിഞ്ഞിട്ടും ഈ സംഭവം ഞങ്ങളുടെ മനസ്സിനെ വല്ലാതെ ഇപ്പോഴും നൊമ്പരപ്പെടുത്തുന്നുണ്ട്.
1980 കാലത്ത് ഘനശ്യാം സോളങ്കിയുടെ ബ്രൗൺഷുഗർ വിൽപനയുടെ റീട്ടെയ്ലറായി മയക്കുമരുന്ന് വ്യാപാരത്തിനിറങ്ങിയ വീട്ടുജോലിക്കാരി പാപ്പാമണി നാളുകൾക്കുശേഷം ബോംബെയിലെ മയക്കുമരുന്ന് രാജ്ഞിയായി ഉയർന്നു. വാളെടുത്തവൻ വാളാലെ എന്നുപറയുന്നപോലെ പാപ്പാമണിയും നാർക്കോട്ടിക് സെല്ലിൻ്റെ പിടിയിലായി. ജയിൽവാസം കഴിഞ്ഞ് തിരിച്ചെത്തിയ പാപ്പ കോടികൾ സമ്പാദിച്ചെങ്കിലും ഒടുവിൽ ചപ്പുചവറുകൾക്കിടയിൽ ചില്ലറ പെറുക്കുന്നവളായ കഥയും മുംബൈക്കർ മറന്നിട്ടില്ല.
നാർക്കോട്ടിക് സെല്ലിൻ്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ് മുംബൈ മഹാനഗരമെങ്കിലും പല സ്ഥലങ്ങളിലും ഇപ്പോഴും മയക്കുമരുന്ന് വിൽപ്പന പൊടിപൊടിക്കുന്നുണ്ടെന്ന് വേണം വിശ്വസിക്കാൻ.

സന്തോഷമാന ഇളറിടം
ഗത്യന്തരമില്ലാതെയും മനമില്ലാമനസ്സോടെയും ഞാൻ ഗവൺമെൻ്റ് കോളനിവാസം അവസാനിപ്പിച്ച് കുറച്ച് മാറിയുള്ള ധാരാവി കാമരാജ് നഗറിലെ പൊങ്കൽ വീട്ടിലെത്തി. ബോംബെയിൽ വരുന്ന തമിഴ് മക്കളുടെ താമസസൗകര്യാർത്ഥം ധാരാവിയിൽ പല 'പൊങ്കൽ' വീടുകളും കാണാമായിരുന്നു. ഇന്ന് അവയുടെ എണ്ണം ശുഷ്കിച്ചുപോയിട്ടുണ്ട്. മറാത്ത - പോർച്ചുഗീസ് യുദ്ധകാലങ്ങളിൽ സ്വന്തം നാട്ടിൽനിന്ന് പലായനം ചെയ്ത്ത് ബോംബെയിലെത്തിയ ഗോവക്കാർക്ക് പോർച്ചുഗീസ് പാതിരിമാർ ഒരുക്കിയ താമസ സൗകര്യത്തിന് 'കുദ്ദ്' എന്നാണ് വിളിച്ചിരുന്നത്. മെട്രോസിനിമയ്ക്ക് സമീപമായിരുന്നു പാതിരിമാർ ഇത്തരം പാർപ്പിടങ്ങൾ ഒരുക്കിയത്.
അതുപോലെത്തന്നെ തമിഴരുടെ പൊങ്കൽ വീടുകളിൽ നീണ്ട ഹാളും അൽപം മാറി പൊതുകക്കൂസുകളുമാണ് ഉണ്ടാകുക. നിരനിരയായി കാണുന്ന അഞ്ചാറു പൈപ്പുകളിൽ ഒന്നിന്റെ താഴെ തുള്ളിതുള്ളിയായിവരുന്ന വെള്ളത്തിൽ തലകാണിച്ച് കാക്കക്കുളിയിലാണ് കാര്യമൊതുക്കേണ്ടത്. ഹാളിലാകട്ടെ കാറ്റുവീശാൻ വൈമനസ്യമുള്ള നാലഞ്ചുപങ്കകൾ മെല്ലെമെല്ലെ കറങ്ങുന്നുണ്ടാകും. കൊതുകുകളുടെ സംഘഗാനം, കിടന്നുറങ്ങുന്നവൻ്റെ നെഞ്ചിലൂടെ കളിവിളയാട്ടം നടത്തുന്ന എലികൾ, പാറ്റ, ഉറുമ്പ് തുടങ്ങിയ ക്ഷുദ്രജീവികളും കൂടിയായാൽ ഒരു പൊങ്കൽ വീടിൻ്റെ ഏകദേശ ചിത്രമാകും.
നീണ്ട ഹാളിൽ ഗോസഡി വിരിക്കാൻ പണംവാങ്ങി സ്ഥലം അനുവദിക്കുന്ന പൊങ്കൽ വീട് നടത്തിപ്പുകാരൻ അന്തേവാസികളുടെ പണമോ സ്വർണ്ണമോ മറ്റുവസ്തുക്കളോ ആരെങ്കിലും അടിച്ചുമാറ്റിയാൽ ഉത്തരവാദിയല്ലെന്ന് ആദ്യം തന്നെ അറിയിച്ചിരിക്കും. 'സന്തോഷമാന ഇളറിടം' (‘ഹാപ്പി ഹോം’) എന്നാണ് ഞാൻ താമസിച്ചുപോന്ന പൊങ്കൽവീടിൻ്റെ പേര്. പല ജീവിതനിലവാരത്തിലുള്ള തമിഴ് മക്കൾക്കിടയിൽ 'കേരളാവിൽ' നിന്ന് ഞാൻ മാത്രമാണ് ഉണ്ടായിരുന്നത്.
വിഭജനാന്തരം ബോംബെയിലെത്തിയ പഞ്ചാബികൾ അധികവും ഹാർബർ ലൈനിലുള്ള കോളിവാഡയാണ് താമസിക്കാൻ തെരഞ്ഞെടുത്തത്. കോളിവാഡ സ്റ്റേഷൻ്റെ പേരുമാറ്റി ഇന്ന് 'തേജ് ബഹാദൂർ നഗർ' എന്നാണ് അറിയപ്പെടുക.
പത്രമോഫീസിലെ നിരൂപർ (റിപ്പോർട്ടർ) എ.ആർ. പെരുമാളാണ് എൻ്റെ 'സന്തോഷമാന വാഴക്കൈ'യ്ക്ക് അവസരമൊരുക്കിയത്. ഈ വാഴകൈ (ജീവിതം) എത്രമാത്രം സന്തോഷമാണ് എനിക്ക് സമ്മാനിച്ചതെന്ന് വഴിയെ പറയാം. ബോംബെ സെക്രട്ടേറിയറ്റിലെ സ്റ്റെനോഗ്രാഫർ കണ്ണൻ, അദ്ദേഹത്തിൻ്റെ സഹപ്രവർത്തകൻ രഞ്ചൻ, ഹൈക്കോർട്ട് വക്കീൽ മഹേന്ദ്രഷായുടെ സീനിയർ ഗുമസ്തൻ ആനന്ദൻ എന്നീ തമിഴ് മക്കൾ പൊങ്കൽ വീട്ടിലെ എന്റെ സ്നേഹിതരായിരുന്നു.
'സന്തോഷമാന ഇളറി'ടമായ ധാരാവിയിലെ പൊങ്കൽവീടിനെപ്പറ്റി പറയുമ്പോൾ ഒരുകാലത്ത് ബോംബെയിലെ മാലിന്യങ്ങൾ നിറഞ്ഞ അവഗണിക്കപ്പെട്ട 175 -ലധികം ഹെക്ടർ വിസ്തീർണ്ണമുള്ള ചതുപ്പ് നിലമായിരുന്നു ഈ സ്ഥലമെന്ന് മാത്രമല്ല, ക്രിമിനലുകളുടെ ഒളിത്താവളവും മഹാനഗരത്തിന്റെ കണ്ണിലെ കരടുമാണെന്നാണ് ബോംബെ ചരിത്രകാരന്മാർ രേഖകളിൽ എഴുതിയിട്ടുള്ളത്.
ഇന്ത്യ വിഭജനത്തിനുശേഷം സിന്ധികൾ ബോംബെയുടെ പര്യംപുറങ്ങളായ ഉല്ലാസ് നഗറിലും ചെമ്പൂരിലുമാണ് തമ്പടിച്ചത്. ഉല്ലാസ് നഗർ സിന്ധികോളനിയിൽ ചെറുകിട വ്യവസായ സ്ഥാപനങ്ങൾ നിറഞ്ഞു കവിഞ്ഞിട്ടുണ്ട്. ധനസമ്പാദനത്തിൽ അത്യുഗ്രന്മാരായ സിന്ധി സമൂഹത്തിൽനിന്ന് ബോളിവുഡിലെത്തിയ പ്രശസ്ത നടന്മാരിലൊരാളാണ് ഗോവിന്ദ. പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ വസായ്- വീരാർ നിയോജകമണ്ഡലത്തിൽനിന്ന് ഗോവിന്ദ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചത് എനിക്കിപ്പോൾ ഓർമ്മവരുന്നു.
വൈദ്യശാസ്ത്രരംഗത്ത് മഹാനഗരത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച സിന്ധികളിൽ ഒരാളാണ് ഡോ. വൈഷ്ണവ് സാംങ്വി. 1976-80 കാലങ്ങളിൽ ബോംബെ ദൂരദർശനിൽ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും രോഗപ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും പ്രസിദ്ധ അവതാരക തബസ്സുമൊത്തുള്ള സംഭാഷണപരമ്പര സംപ്രേഷണം ചെയ്തിരുന്നത് ഓർമ്മയുണ്ട്. "യാ കാര്യക്രം ഖുബ് ചാംഗ്ല ആഹേ"- ഈ പരിപാടി തകർപ്പനാണെന്ന് എന്റെ സഹോദരിപുത്രി ഫാബി ഫ്രാൻസിസ് പറയുന്നു. അവൾ ശുദ്ധ തൃശ്ശൂർക്കാരിയാണെങ്കിലും ഒന്നാന്തരം അസ്സൽ മുംബൈക്കറുമാണ്.

സിന്ധി അച്ചാറും പ്രീതം ബാറും
ഉൽപന്നങ്ങളുടെ ഡ്യൂപ്ലിക്കേറ്റുകൾക്ക് കുപ്രസിദ്ധിയുള്ള ഇടമാണ് സെൻട്രൽ റെയിൽവെയിൽ കല്യാൺ ജംഗ്ഷന് ശേഷമെത്തുന്ന ഉല്ലാസ് നഗർ സ്റ്റേഷൻ റോഡ്. ഇന്ത്യ-പാകിസ്ഥാൻ വിഭജനത്തെ തുടർന്ന് ബോംബെയിൽ അഭയം തേടിയ സിന്ധികളുടെ ഈ വാസസ്ഥലങ്ങൾക്ക് 'സിന്ധി കോളനി' എന്നാണ് വിളിപ്പേര്. അവിടെ അവരുടെ കുടിൽവ്യവസായമെന്നോണം മാർക്കറ്റിൽ സുലഭമായി വിൽപനയുള്ള ഉല്പന്നങ്ങളുടെ ഡ്യൂപ്ലിക്കേറ്റ് നിർമ്മിച്ചുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മുംബൈക്കറുടെ ഇഷ്ടഭോജ്യ ങ്ങളിലൊന്നായ സിന്ധി അച്ചാർ (ലോൺചി) വീട്ടമ്മമാരുടെ പാചകനൈപുണ്യത്തിൻ്റെ ഐഡന്റിറ്റിയാണ്. ഇവിടെ ഉല്പാദിപ്പിക്കപ്പെടുന്ന വ്യാജ ഉൽപ്പന്നങ്ങളെക്കുറിച്ച് പഴയകാല ഇംഗ്ലീഷ് മാസിക ഇംപ്രിന്റ്റിൽ വന്ന വിശദമായൊരു ഫീച്ചർ ഓർമ്മവരുന്നു.
അടിയന്തരാവസ്ഥക്കാലത്ത് നിർഭാഗ്യവശാൽ ഇംപ്രിൻ്റിനും ഷട്ടറിടേണ്ടിവന്നു. വിഭജനാന്തരം ബോംബെയിലെത്തിയ പഞ്ചാബികൾ അധികവും ഹാർബർ ലൈനിലുള്ള കോളിവാഡയാണ് താമസിക്കാൻ തെരഞ്ഞെടുത്തത്. കോളിവാഡ സ്റ്റേഷൻ്റെ പേരുമാറ്റി ഇന്ന് 'തേജ് ബഹാദൂർ നഗർ' എന്നാണ് അറിയപ്പെടുക. ഓട്ടോമൊബൈൽ വർക്ക്ഷോപ്പുകളിലും സ്പെയർപാർട്സ് ബിസിനസ്സിലും ടാക്സി ഡ്രൈവർമാരായും പഞ്ചാബികൾ ബോംബെയിൽ സമാധാനപൂർണ്ണമായ ജീവിതമാണ് നയിക്കുന്നത്.
ബോംബെയിൽ പ്രസിദ്ധമായ 'കൈലാസ് പഞ്ചാബ് ലസ്സി' ഔട്ട്ലെറ്റുകൾ മഹാനഗരത്തിന്റെ പല ഭാഗങ്ങളിലും കാണാം. കൊളാബയിലെ എസ്.ബി. റോഡ്, ബ്രീച്ച് കാൻഡി ഹോസ്പിറ്റൽ പരിസരം എന്നിവിടങ്ങളിലുള്ള കൈലാസ് റീട്ടെയ്ൽ ഷോപ്പുകൾ തകർപ്പൻ കച്ചവടമാണ് കൊയ്യുന്നത്. ദാദർ ഈസ്റ്റിലെ 'പ്രീതം റെസ്റ്റോറന്റ് & ബാർ' ഇന്നും ഫുൾസ്വിംഗിൽ പ്രവർത്തിക്കുന്നു. പഞ്ചാബികളുടെ തനതായ രുചിക്കൂട്ടിൽ തയ്യാറാക്കുന്ന പ്രീതം റസ്റ്റോറന്റിലെ ഭക്ഷണപദാർത്ഥങ്ങൾ തൻ്റെ നാടിൻ്റെ നൊസ്റ്റാൾജിയ ഉണർത്തുന്നുവെന്ന് എന്റെ സഹപ്രവർത്തകനും സുഹൃത്തുമായ വിനോദ് കപൂർ അനുഭവസാക്ഷ്യമെന്നോണം പറഞ്ഞു. (അന്ന് ഞങ്ങളിരുവരും പ്രീതം ബാറിൽനിന്ന് സിഗ്നേച്ചർ വിസ്ക്കി രണ്ടെണ്ണം വീതം അടിച്ചിട്ടുണ്ടായിരുന്നു).
പണ്ട് മത്സ്യബന്ധനഗ്രാമമായിരുന്ന ധാരാവി ദരിദ്രർ തിങ്ങിത്താമസിക്കുന്ന ചേരിപ്രദേശമായി മാറിയതിൻ്റെ നാൾവഴി വിസ്മയകരമാണ്. എഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമെന്നപട്ടവും വൈകാതെ ധാരാവി സ്വന്തമാക്കി.
ഫോട്ടോപാസും നൂലാമാലകളും
ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽനിന്ന് തൊഴിലന്വേഷകരായ ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനികളുമായ ജനനികരങ്ങൾ ഏറ്റവും കൂടുതൽ വന്നെത്തിയത് ബോംബെയിലായിരുന്നു. ഇന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന മഹാനഗരത്തിൽ തലയുയർത്തിനിന്നിരുന്ന തുണിമില്ലുകളായിരുന്നു ഇത്തരക്കാരുടെ പ്രധാന ആകർഷണീയത. ചെറുതും വലുതുമായ അനേകം വ്യവസായശാലകളും പ്രവർത്തനനിരതമായിരുന്ന അക്കാലങ്ങളിൽ തൊഴിലവസരം മഹാനഗരത്തിൽ ധാരാളമായുണ്ടായിരുന്നു. ഇന്ന് ഈ രംഗം അൽപം മന്ദീഭവിച്ചിട്ടുണ്ട്. എന്നാൽ ഇവരുടെ പാർപ്പിടസൗകര്യം ഭരണകൂടത്തിൻ്റെ പ്രധാന തലവേദനയായിരുന്നു. ആ സ്ഥിതി ഇപ്പോഴും തുടരുന്നു. ബോംബെയുടെ ഹ്യദയഭാഗങ്ങളിലെ തുറന്ന സ്ഥലങ്ങളിലും കടത്തിണ്ണ കളിലും വെപ്പു തീനും കുടിയുമായി കഴിഞ്ഞു പോന്നിരുന്ന അഭയാർത്ഥികളും നിരാലംബരുമായവരെ ഭരണകൂടം 'അതിക്രമിച്ചു കയറിയവർ' എന്നുവിളിച്ച് ആ പ്രദേശങ്ങളിൽനിന്ന് അടിച്ചോടിക്കുകയാണുണ്ടായത്.
ഗത്യന്തരമില്ലാതെ അലഞ്ഞുവലഞ്ഞ് തളർന്ന തൊഴിലന്വേഷകർ കടത്തിണ്ണകളിലും ആൾപ്പൊക്കമുള്ള ഭീമാകാരങ്ങളായ കോൺക്രീറ്റ് നിർമ്മിത പൈപ്പുകളിലുംവരെ അന്തിയുറങ്ങി, അവിടെനിന്നും പോലീസുകാർ അവരെ അടിച്ചോടിച്ചു. താമസിക്കാൻ മറ്റു മാർഗ്ഗങ്ങളില്ലാതെ ചതുപ്പുനിലമായിരുന്ന ധാരാവിയിലേക്ക് ഇരണ്ടക്കുട്ടം പോലെ അവർ ചെന്നെത്തി. പണ്ട് മത്സ്യബന്ധനഗ്രാമമായിരുന്ന ധാരാവി ദരിദ്രർ തിങ്ങിത്താമസിക്കുന്ന ചേരിപ്രദേശമായി മാറിയതിൻ്റെ നാൾവഴികൾ ഇവിടെ തുടങ്ങുന്നു. എഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമെന്നപട്ടവും വൈകാതെ ധാരാവി സ്വന്തമാക്കി.

15 വർഷം ധാരാവിയിൽ താമസമാക്കിയവർക്ക് തുടർന്നും അവിടെ വസിക്കാമെന്ന അനുമതിപത്രമാണ് 'ഫോട്ടോപാസ്' എന്നറിയപ്പെട്ടിരുന്ന ഐഡന്റിറ്റി കാർഡ് (ഇന്ന് ആധാർ കാർഡ്). പഴയ കാലങ്ങളിൽ താമസക്കാർക്ക് അനിവാര്യമായ ഫോട്ടോപാസ് ബോംബെ മുൻസിപ്പൽ കോർപ്പറേഷൻ്റെ ഈ പ്രദേശത്തുള്ള കൗൺസിലർമാരാണ് വിതരണം ചെയ്തിരുന്നത്.
‘‘ഗുണ്ടായിസം കൈമുതലായ ചില കൗൺസിലർമാർ ഫോട്ടോപാസ് നൽകാൻ പണം വാങ്ങിയിരുന്നുവെന്നും അവരുടെ സമ്മതം കൂടാതെ കോളി (മുറി) വിൽക്കുകയോ വാടകക്ക് നൽകുകയോ ചെയ്യരുതെന്നും ചട്ടംകെട്ടിയിരുന്നു. മുറി വിൽക്കുമ്പോൾ വിലയുടെ 30 മുതൽ 40% വരെ പണം ഈ കൗൺസിലർമാർ പിടുങ്ങിയിരുന്നു വെന്നും രാമപ്രസാദ് എന്ന യു.പി. ഭയ്യ പരാതിപ്പെട്ടു. ‘ഹഫ്ത വസൂലി’ (ഗുണ്ടാപ്പിരിവ്) ഇനത്തിൽ ധാരാവിമക്കളിൽ നിന്നും ആഴ്ചയിലൊരിക്കൽ നിശ്ചിത തുകയും അവർ ഈടാക്കിപ്പോന്നുവെന്നും അസ്മത്തുള്ള ഖാൻ എന്ന ബലൂൺവിൽപ്പനക്കാരൻ കൂട്ടിച്ചേർക്കുന്നു.
കടംകയറി ഗതിമുട്ടിയ ചില പാവങ്ങൾ തങ്ങളുടെ ബോംബെ ജീവിതത്തിന്റെ ഔദ്യോഗിക രേഖയായി ആകെ കൈവശമുള്ള ഫോട്ടോപാസ് കോഞ്ചിക്കോറികൾക്ക് (കർണ്ണാടകക്കാരായ പലിശക്കാർ) പണയപ്പെടുത്തി കടങ്ങൾ വീട്ടാൻ ശ്രമിച്ചെങ്കിലും അവരുടെ ജോപ്ഡകൾ പലതും ഈ കൊള്ളപ്പലിശക്കാർക്കുതന്നെ വിൽക്കേണ്ടിവന്നു. "സമാധാനകാംക്ഷികളായ ധാരാവിമക്കൾ മുറ തെറ്റാതെ ഗുണ്ടാപ്പിരിവ് നൽകാൻ തയ്യാറായത് അവർക്ക് ചേക്കേറാൻ മറ്റൊരിടം ഇല്ലാത്തതുകൊണ്ടാണ്”: ചേരിമക്കൾക്കുവേണ്ടി ശബ്ദമുയർത്താറുള്ള ആദ്യകാല സോഷ്യൽ ആക്റ്റിവ്സ്റ്റ് ജോക്കിന്റെ വാക്കുകളാണിവ.
550 ഏക്കറിലധികം വിസ്തീർണമുള്ള ധാരാവിയിൽ 20 ലക്ഷത്തോളം ജനങ്ങൾ പാർത്തുവരുന്നുണ്ടെന്ന് ഒരു അനൗദ്യോഗിക റാൻ്റം സർവ്വെയിൽ കണ്ടെത്തി. ഇടുങ്ങിയ ഗലികളുടെ ഇരുവശങ്ങളിലുമുള്ള തീപ്പെട്ടിക്കൂടുകൾ പോലുള്ള ജോപ്ഡകളിൽ (കുടിലുകൾ) ജനം തിങ്ങിത്താമസിക്കുന്നു. ഒരു കാലത്ത് ധാരാവിയെന്ന പേരു കേട്ടാൽത്തന്നെ മദ്ധ്യവർഗ്ഗത്തിന് അറപ്പും ഭയവും ഉണ്ടാകുമായിരുന്നുവെന്ന് ബോംബെ മുൻ പോലീസ് മേധാവി ജൂലിയോ റബൈറോ My life as Police Officer എന്ന ആത്മകഥാംശമുള്ള പുസ്തകത്തിൽ എഴുതിയത് വെറുതെയല്ല. നാൾക്കുനാൾ ധാരാവിയിൽ ജനസാന്ദ്രത ഏറിയേറിവന്നതോടെ ജോപ്ഡകൾക്ക് ഒന്നോ രണ്ടോ നിലകളുയർത്തി താമസസൗകര്യം ചിലർ വിപുലമാക്കി. എന്നാൽ മേയ്ക്കപ്പിടാൻ അറിയാത്ത പൂർവ്വകാല നാടൻപെണ്ണുങ്ങളെപ്പോലെ അടുക്കും ചിട്ടയുമില്ലാത്ത തട്ടിക്കൂട്ട് പാർപ്പിടങ്ങളാണ് ഇവയെല്ലാം.
“കുംഭാർ വാട’’, ‘‘മച്ചിവാലി ഗലി’’, ‘‘പട്ടേൽ വാഡി’’ എന്നൊക്കെ അറിയപ്പെട്ടിരുന്ന സെറ്റിൽമെൻ്റുകളിലെ താമസക്കാർക്ക് ജീവിതസൗകര്യം വട്ടപ്പൂജ്യമാണെങ്കിലും സൊസൈറ്റി നഗർ, മേഘനഗർ, ശാസ്ത്രി നഗർ, കാമരാജ് നഗർ എന്നിങ്ങനെ നാഗരികതയുടെ പുറംചട്ട കനിഞ്ഞുനൽകി അവരെ അനുഗ്രഹിച്ചത് തലമുത്ത സ്ഥലവാസികളോ അതോ ബോംബെ ഭരണകൂടമോ ആരെന്നറിയില്ല’’- ഒരു തമിഴ് സുഹൃത്ത് കളിയാക്കിപ്പറഞ്ഞു.
ഗൗതം അദാനിയുടെ 'ധാരാവി റീ ഡെവലപ്പ്മെൻ്റ് സ്കീമിലെ’ പൊള്ളയായ സുന്ദരമോഹന വഗാദാനങ്ങളിൽ ഭൂരിഭാഗം ധാരാവിമക്കളും മുങ്ങിമരിച്ചിട്ടില്ല എന്നു തോന്നുന്നു.
ചെരുപ്പ്, സോപ്പ്, ചീപ്പ്, കണ്ണാടിയും
നട്ടുംബോൾട്ടും
തൊഴിൽതേടി ബോംബെയിലെത്തിയ തമിഴകത്തെ തിരുനെൽവേലി സ്വദേശി സെബാസ്റ്റ്യൻ ഫെർണാണ്ടോവിനെ നമുക്ക് പരിചയപ്പെടാം. ഇരുണ്ട് മെലിഞ്ഞ സെബാസ്റ്റ്യൻ 1975-76 കാലങ്ങളിലാണ് മഹാനഗരത്തിലെത്തുന്നത്. ധാരാവിയിൽ തുകൽ ഊറക്കിടുന്ന ജോലിയിൽ ഏർപ്പെടാൻ നിർബ്ബന്ധിതനായ കഥ അയാൾ ഹ്രസ്വമായി പറഞ്ഞു.
തന്റെ ഗ്രാമത്തിലെ 'ഫാദർ ബെനഡിക്ട് മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂളി'ൽ ഏഴാം ക്ലാസിലെത്തിയപ്പോൾ സെബാസ്റ്റ്യൻ സമീപവാസക്കുട്ടികളെപ്പോലെ സ്കൂളിൽപ്പോക്ക് അവസാനിപ്പിച്ചു. 'സാട്ട' കളിച്ചും വീട്ടിൽ ചില്ലറ അടിപിടിയുണ്ടാക്കിയും അവൻ നാലഞ്ചുവർഷങ്ങൾ ഗ്രാമത്തിൽത്തന്നെ കഴിഞ്ഞു. കുറച്ചുനാളുകൾക്കുള്ളിൽത്തന്നെ കാരണമെന്തെന്നറിയാതെ സെബാസ്റ്റ്യൻ ഫെർണാണ്ടോയുടെ മനസ്സുമാറിയത്രെ.
ചുരുളൻ മുടി നീട്ടിവളർത്തി കൃതാവും വെച്ച്, വീതികൂടിയ കോളറുള്ള, പുള്ളികളുള്ള ഫുൾ കൈഷർട്ടും ബെൽബോട്ടം പാൻ്റും അറ്റം 'റ' പോലെയുള്ള ബാറ്റഷൂവും ധരിച്ച് ചെത്തിനടക്കണമെന്ന് അവന് ആശയുദിച്ചു. (അക്കാലം ബീറ്റിൽസ് യുഗമായിരുന്നുവെന്ന് കരുതാം, കൂടാതെ, യുവാക്കൾ നാടുവിടൽ പരിപാടിയും അന്ന് പതിവാക്കിയിരുന്നു). ഈ പയ്യൻ പോക്കറ്റിൽ പത്തമ്പത് രൂപയും അവസാനിക്കാത്ത ആഗ്രഹങ്ങൾ മനസ്സിലുമായി തിരുനെൽവേലി സ്റ്റേഷനിലെത്തി. അപ്പോൾത്തന്നെ ഒരു വീണ്ടുവിചാരത്താൽ 'എബൗട്ടേണടിച്ച്' വീട്ടിലേക്ക് തിരിച്ചു പോയാലോ എന്നും അവൻ ആലോചിക്കാതിരുന്നില്ല.
മിനിറ്റുകൾക്കകം കൂകിപ്പാഞ്ഞ് മദ്രാസ് - ബോംബെ എക്സ്പ്രസ് വന്നുനിന്നു. സെബാസ്റ്റ്യൻ ഫെർണാണ്ടോ യാത്രാടിക്കറ്റിനെക്കുറിച്ച് വേവലാതിപ്പെടാതെ മുന്നിൽക്കണ്ട കമ്പാർട്ടുമെൻ്റിൽ ചാടിക്കയറി. പിറ്റേന്ന് രാവിലെ ട്രെയ്ൻ ദാദർ സ്റ്റേഷനിലെത്തിനിന്ന് കിതച്ചു. ഈ പയ്യന് സ്റ്റേഷൻ പ്ലാറ്റ്ഫോം കണ്ട മാത്രയിൽത്തന്നെ തലകറക്കം വന്നത്രെ. അവന് മനസ്സിലാകാത്ത ഭാഷകളിൽ സ്റ്റേഷനിൽ നിന്ന് മുരണ്ട് ശബ്ദത്തിൽ ഉച്ചഭാഷിണിയിലൂടെ അനൗൺസ് മെൻ്റുകൾ കേട്ടു. അതോടൊപ്പം പൃഷ്ടഭാഗത്ത് തീപിടിച്ചെന്നവണ്ണം പാഞ്ഞുപോകുന്ന വൈറ്റ്കോളർ വിഭാഗത്തെയും ഹൈഹീൽ ചെരുപ്പിട്ട് "ടപ്പ് ടപ്പ്" ശബ്ദമുണ്ടാക്കി നീങ്ങുന്ന സുന്ദരിപ്പെൺകുട്ടികളെയും ഡബ്ബാവാലകളെയും കണ്ണിമക്കാതെ നോക്കിക്കണ്ട് അവൻ 'ഹമ്പട ഹമ്പട' എന്നായി!
ഒടുവിൽ സെബാസ്റ്റ്യൻ അൽപം ധൈര്യം സമ്പാദിച്ച് പ്ലാറ്റ്ഫോം കാൻ്റീനിൽ നിന്ന് വാട്ടച്ചായ വാങ്ങിക്കുടിച്ചു. അന്ന് 'കട്ടിംഗ് ചായ്ക്ക് പത്തുപൈസയായിരുന്നു വിലയെന്ന് സെബാസ്റ്റ്യൻ ഓർത്തെടുത്തു. അപ്പോൾ പ്ലാറ്റ്ഫോമിലൂടെ നടന്നുനീങ്ങുന്ന ഒരു ഇഡ്ഡലിവിൽപനക്കാരൻ സെബാസ്റ്റ്യൻ ഫെർണാണ്ടോവിനെ നോക്കി പല്ലിളിച്ചു. മഹാനഗരത്തിരക്കുകണ്ട് പകച്ച ഈ പയ്യനിൽ തന്റെ ഒരു പൊട്ടെൻഷ്യൽ ക്ലയ്ൻ്റിനെ ഇഡ്ഡലി വില്പനക്കാരൻ തിരിച്ചറിഞ്ഞിരിക്കാം. അയാൾ ഡബ്ബ താഴെയിറക്കിവെച്ച് പൂവരശിലയിൽ മൂന്ന് ഇഡ്ഡലി ഫെർണാണ്ടോവിനു നേരെ നീട്ടി. വൻകുടൽ ചെറുകുടലിനെ കടിച്ചുതിന്നാൻ തുടങ്ങുന്നത് വിശപ്പുള്ള സെബാസ്റ്റ്യൻ ഇടംവലം നോക്കാതെ ആ പ്രാതൽ മിനിറ്റിനകം തിന്നുതീർത്ത് ഒരേമ്പക്കവും വിട്ടു. അവിടെ പയ്യൻ ഫെർണാണ്ടോ ഒരു മെന്ററെ കണ്ടു. അങ്ങനെ അവൻ്റെ ബോംബെ ജീവിതത്തിന്റെ തുടക്കവും കുറിച്ചു. സ്വയം അല്ലറചില്ലറ പരിചയപ്പെടുത്തലുകൾക്കു ശേഷം ഇരുവരും ധാരാവിയിലെ കാമരാജ് നഗറിൽ ശെൽവരാജിൻ്റെ ജോപ്ഡയിലെത്തി. മഹാലിംഗം, ശരവണൻ, മണികണ്ഠൻ എന്നീ തിരുനെൽവേലിക്കാർക്കൊപ്പം നിമലനേശൻ, മാരിമുത്തു എന്നീ രണ്ട് ശ്രീലങ്കൻവംശജരും ആ മുറിയിൽ താമസിക്കുന്നുണ്ടായിരുന്നു.

1991-ൽ രാജീവ്ഗാന്ധി തമിഴ്നാട്ടിലെ പെരുംപുത്തൂരിൽ കൊല്ലപ്പെട്ടതോടെ ഇരു രാജ്യങ്ങളിലും രാഷ്ട്രീയരംഗം ഇളകിമറിഞ്ഞു. നിമലനേശൻ, മാരിമുത്തു എന്നീ സ്നേഹിതരുടെ ബോംബെ ജീവിതവും അതോടെ പരുങ്ങലിലായി. ആയിടെ ഒരുനാൾ പോലീസ് സംഘം പാഞ്ഞെത്തി കാമരാജ് നഗറിലെ ജോപ്ഡകൾ അരിച്ചുപെറുക്കുമ്പോൾ, മേൽപ്പറഞ്ഞ ശ്രീലങ്കൻ സുഹൃത്തുക്കൾ ഇരുവരും 'സിലോൺ വാനൊലി' നിലയത്തിൽ (റേഡിയോ സിലോൺ) നിന്നുള്ള അന്താരാഷ്ട്ര വാർത്ത കേൾക്കുകയായിരുന്നു. ഒരക്ഷരം ശബ്ദിക്കുംമുമ്പ് ഈ രണ്ട് ശ്രീലങ്കൻ പൗരെയും പോലീസ് തൂക്കി വാനിലേയ്ക്കെറിഞ്ഞു. അതിനുശേഷം ഈ കക്ഷികളെക്കുറിച്ച് ഒരു വിവരവും ശരവണനും കൂട്ടുകാർക്കും ലഭിച്ചിട്ടില്ലത്രെ. "അവർ തമിഴ് പുലികളാണെന്നോ പിടിക്കപ്പെട്ട എൽ.ടി.ടി.ഇ. പോരാളികളെപ്പോലെ പൊട്ടാസ്യം സൈനൈഡ് വിഴുങ്ങി ജീവിതം അവസാനിപ്പിച്ചുവോ എന്നൊന്നും ഞങ്ങൾക്കറിയില്ല": സെബാസ്റ്റ്യൻ ഫെർണാണ്ടോ ആ ദുഃഖകഥക്ക് അർദ്ധവിരാമമിട്ടു.
പവായ് തടാക പരിസരത്തുനിന്ന് പുറപ്പെടുന്ന മിത്തി നദി സാക്കിനാക്കയിലൂടെ സഞ്ചരിച്ച് മാഹിം ക്രീക്കിലൂടെ കടന്ന് അറബിക്കടലിൽ പതിക്കുന്നു. അന്ന് സ്വച്ഛന്ദമായി ഒഴുകിയിരുന്ന മിത്തി ഇന്ന് സമീപത്തുള്ള വ്യവസായശാലകൾ വിസർജ്ജിക്കുന്ന മാലിന്യങ്ങളും നദിയുടെ ഇരുഭാഗങ്ങളിലുമുള്ള കെട്ടിടസമുച്ചയങ്ങളിലെ താമസക്കാരുടെ ചപ്പുചവറുകളും വന്നടിഞ്ഞ് ഒഴുക്കിന്റെ ഗതിമുട്ടിയ പോലായിരിക്കുന്നു.
മാഹിം ക്രീക്കിനടുത്തുള്ള ചതുപ്പുകളിലാണ് തുകൽ ഊറക്കിട്ടിരുന്നത്.
തുകൽ ഉല്പന്നങ്ങളുടെ വിശാലലോകമായ ധാരാവിയിൽ യു.പി, മുസ്ലീം സഹോദരങ്ങൾക്കൊപ്പം തിരുനെൽവേലിയിൽനിന്നുള്ള ഹിന്ദുക്കളായിരുന്നു അധികവും കച്ചവടക്കാരും തൊഴിലാളികളുമായുണ്ടായി രുന്നത്. ആ സ്ഥിതി ഇന്ന് മാറിയിട്ടുണ്ട്. ഇഡ്ഡലി വില്പനക്കാരൻ ശെൽവരാജിന്റെ പരിചയക്കാരനായ നാഗപ്പ ചെട്ടിയാരുടെ 'വിരാ ടാനറീസിൽ ക്രിസ്ത്യാനിയായ സെബാസ്റ്റ്യൻ ജോലിക്കു ചേർന്നത് 1976-നവംബർ മാസത്തിലാണ്. ദിനവും ഉദ്ദേശ്യം 50,000 ഊറക്കിട്ട് പരുവപ്പെടുത്തിയ തുകൽ ഇന്ത്യയിലെ ഇരുന്നൂറിൽ അധികം വരുന്ന കേന്ദ്രങ്ങളിൽ വിൽപനക്കയച്ചിരുന്നുവെന്ന് സെബാസ്റ്റ്യൻ ഫെർണാണ്ടോ ഒരു ചോദ്യത്തിനുത്തരമായി പറഞ്ഞു. എൺപതിലധികം കോടി രൂപക്കുള്ള തുകൽ കച്ചവടത്തിന് ധാരാവി സാക്ഷ്യം വഹിക്കുന്നുവെന്ന ലേഖനം 'ഫിനാൻഷ്യൽ മിററി'ൽ രണ്ട് സാമ്പത്തിക വിദഗ്ദ്ധർ ചേർന്നെഴുതിയതോർമ്മ വരുന്നു. ബ്രീഫ് കേസ്, ബാഗ്, പേഴ്സ്, ലെതർ ചെരുപ്പുകൾ, ഇന്നിപ്പോൾ ലാപ്ടോപ്പ് ബാഗ് തുടങ്ങിയവയുടെ ഷോറൂമുകൾ നിറഞ്ഞുകവിഞ്ഞ സയൺ- മാഹിം ലിങ്ക് റോഡിൽ കാണാം.
ധാരാവിയിലും ഇതര ചേരിപ്രദേശങ്ങളിലും കുടിയൊഴിപ്പിക്കൽ ഭീഷണി ഡെമോക്ലസിൻ്റെ വാൾ പോലെ ഭരണകൂടം കെട്ടി തൂക്കിയിട്ടുണ്ട്.
1976-ൽ മുതൽ ധാരാവിക്കാരനായ സെബാസ്റ്റ്യൻ ഫെർണാണ്ടോവിന് ഇപ്പോൾ 70 വയസ്സു കഴിഞ്ഞു. അദ്ദേഹത്തിന്റെ ഏകമകൾ മേരി ഫെർണാണ്ടോ ബോംബെയിൽനിന്ന് പ്രസിദ്ധീകരിച്ചുപോന്ന തമിഴ് ദിനപ്പത്രത്തിൽ ടൈപ്പിസ്റ്റായി ജോലി ചെയ്തിരുന്നു.
ഒരുകാലത്ത് സുന്ദരിയായിരുന്ന മേരിക്ക് ഇന്നിപ്പോൾ നരച്ച ഒരു വൃദ്ധയുടെ രൂപവും സ്വഭാവവുമെല്ലാം വന്നിട്ടുണ്ട്. ചില തമിഴ് സ്ത്രീകളെപ്പോലെ മേരി മുറുക്കാൻ ചവയ്ക്കാനും തുടങ്ങി. കാലം വരുത്തിയ കോലം!
എഞ്ചിനീയറാകാൻ കൊതിച്ച അവരുടെ മകൻ ഫോർട്ടിലെ ഷിപ്പിംഗ് കമ്പനികളിലൊന്നിൽ ബ്ലൂകോളർ ജോലിക്കാരനാണ്. സെബാസ്റ്റ്യനും മേരിയുടെ കുടുംബവും ഇപ്പോഴും കാമരാജ് നഗറിൽത്തന്നെയാണ് താമസം. മേരി ടീച്ചറമ്മയുടെ വേഷം കെട്ടി സമീപവാസികുട്ടികളെ ട്യൂഷൻ പഠിപ്പിക്കുകയാണ്.
അവരുടെ ഭർത്താവ് അബുദാബിയിൽ കാർഡ്രൈവറായി ജോലിനോക്കവെ അവിചാരിതമായി മരണമടഞ്ഞെന്ന് സെബാസ്റ്റ്യൻ ഫെർണാണ്ടോ പറഞ്ഞു. പ്രൊട്ടസ്റ്റൻ്റ് ക്രിസ്തീയ വിഭാഗത്തിലുള്ള തിരുനെൽവേലി സ്വദേശി സെബാസ്റ്റ്യൻ ഫെർണാണ്ടോവും കുടുംബവും ഉൾപ്പെട്ട ഭൂരിഭാഗം ധാരാവിമക്കൾക്കും എന്തുതന്നെ വന്നാലും അവരുടെ പ്രിയപ്പെട്ട ഈ തട്ടകം വിട്ടുപോകാൻ ഒട്ടും താൽപര്യമില്ലായെന്ന് അന്വേഷണത്തിൽ വെളിപ്പെട്ടു.
ഗൗതം അദാനിയുടെ 'ധാരാവി റീ ഡെവലപ്പ്മെൻ്റ് സ്കീമിലെ’ പൊള്ളയായ സുന്ദരമോഹന വഗാദാനങ്ങളിൽ ഭൂരിഭാഗം ധാരാവിമക്കളും മുങ്ങിമരിച്ചിട്ടില്ല എന്നു തോന്നുന്നു. സത്യവും നീതിയും തുലാസിലാടുന്ന ഇക്കാലങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) നിർമ്മിതികളായ, കൃത്രിമമായി മേയ്ക്കപ്പിട്ട ധാരാവിയുടെ മനോഹരമുഖത്തിന് പിന്നിലെ കച്ചവടതന്ത്രം എല്ലാ സാധാരണക്കാരും മനസ്സിലാകും.

ഡെമോക്ലസിന്റെ വാൾ
കഴിഞ്ഞ ദിവസം ബോംബെ സ്ലം റീഹാബിലിറ്റേഷൻ അതോററ്റിയെ പ്രതിക്കൂട്ടിലാക്കിയ ഒരു വീഡിയോ ഫേസ്ബുക്കിൽ കണ്ടു. ധാരാവിയിലെ മേഘാവാഡി, ഗണേഷ്വാഡി എന്നിവിടങ്ങളിലെ താമസക്കാരോട് ഒരാഴ്ചക്കുള്ളിൽ അവരുടെ ജോപകൾ ഒഴിഞ്ഞ് സ്ഥലംവിടാൻ അറിയിച്ചു കൊണ്ടുള്ള നോട്ടീസ് നൽകിയതിനെ തുടർന്നുള്ള പ്രതിഷേധമായിരുന്നു വിഷയം.
ധാരാവിയിലും ഇതര ചേരിപ്രദേശങ്ങളിലും കുടിയൊഴിപ്പിക്കൽ ഭീഷണി ഡെമോക്ലസിൻ്റെ വാൾ പോലെ ഭരണകൂടം കെട്ടി തൂക്കിയിട്ടുണ്ട്. സ്ലം റിഹാബിലിറ്റേഷൻ അതോറിറ്റിയിൽ ഉയർന്ന ഉദ്യോഗം വഹിക്കുന്ന ശ്രീമതി. കാംബ്ലേ എന്റെ പരിചയക്കാരിയാണ്:
"ധാരാവിയിലെ ചേരിമക്കൾക്ക് സ്വന്തം പാർപ്പിടങ്ങൾ നിർമ്മിച്ച് നൽകുക എന്ന സദുദ്ദേശ്യത്തോടെയാണ് ഞങ്ങൾ മൂന്നുനില കെട്ടിടങ്ങൾ പണിതുയർത്തിയത്. ദൗർഭാഗ്യകരമെന്നു പറയട്ടെ, പലർക്കും അനുവദിച്ചുകിട്ടിയ 12x10 Sq feet വിസ്തീർണ്ണമുള്ള മുറികൾ വാടകയ്ക്ക് മറിച്ച് നൽകുക എന്ന പരിപാടി ഇതിനകം രൂക്ഷമായിരിക്കുന്നു." ശ്രീമതി കാംബ്ലേ കുറ്റപ്പെടുത്തി. " ഈ പ്രദേശത്ത് ഞങ്ങൾ-എസ്.ആർ.എ (സ്ലം റിഹാബിലിറ്റേഷൻ അതോറിറ്റി) നൽകിയ മുറികൾ പലരും വിറ്റു തുലച്ച് സ്ഥലവില താരതമ്യേന കുറഞ്ഞ വസായ്, വീരാർ, നല്ലസൊപ്പാറ, പാൽഘർ എന്നിവിടങ്ങളിലേക്ക് ജീവിതം പറിച്ചുനട്ടു’’- ശ്രീമതി കാംബ്ലേ വസ്തുതാപരമായി കാര്യങ്ങൾ അവതരിപ്പിച്ചു. ഞങ്ങളുടെ പത്രത്തിന് എസ്.ആർ.എയുടെ പരസ്യങ്ങൾ ഒപ്പിച്ചെടുക്കാനായി പരിചയപ്പെട്ട ശ്രീമതി. കാംബ്ലേ വെട്ടിത്തുറന്ന് കാര്യങ്ങൾ പറയുന്ന സ്ത്രീയാണെന്ന് തോന്നുന്നു.
“ശിവസേനയും സമാജ്വാദി പാർട്ടിയും കോൺഗ്രസ്സും ബി.ജെ.പി.യും തമിഴ് അരചിയൽ (രാഷ്ട്രീയം) കൊണ്ടാടുന്ന ഡി.എം.കെ. എ.ഐ.ഡി.എം.കെ തുടങ്ങിയ പാർട്ടികളും ധാരാവിയിൽനിന്ന് വിജയിക്കാറുണ്ട്. എന്നാൽ തിരഞ്ഞെടുപ്പിനുശേഷം ഇക്കൂട്ടരുടെ സാധാരണക്കാരോടുള്ള സമീപനം മെച്ചപ്പെട്ടതല്ല. സ്വന്തം കീശ വീർപ്പിക്കാൻ ബദ്ധശ്രദ്ധരായ കപടരാഷ്ട്രിയക്കാരെ ചേരിമക്കളുടെ ധർമ്മസങ്കടങ്ങളും ദുരിതവും ഒട്ടും ബാധിക്കാറില്ല."- മണികണ്ഠൻ എന്ന ആക്രിക്കച്ചവടക്കാരൻ പരാതിപ്പെട്ടു.
ബിൽഡർ ലോബിയുടെ കച്ചവടക്കണ്ണ് ചേരിപ്രദേശങ്ങളിലേക്കു തിരിഞ്ഞു. വീണ്ടും വീണ്ടും ജനങ്ങൾ ധാരാവിയിൽ അഭയം തേടിയതോടെ പഴയകാല ജോപ്ഡകൾക്ക് രൂപം മാറ്റി 1+1 നിലയുള്ള കൊച്ചു കോൺക്രീറ്റ് കെട്ടിടങ്ങളായി മാറ്റി. ഇവക്ക് മതിയായ രേഖകളോ സമ്മതപത്രമോ കണ്ടെത്തുക ദുഷ്കരമാണ്.
അതുകൊണ്ട് ചേരികളുടെ നിലനിൽപ് ഒരുതരം പ്രോഫിറ്റബിൾ പ്രോഡക്ട്ട് (ലാഭകരമായ കച്ചവടവസ്തു) ആയി രാഷ്ട്രീയക്കാർ കണക്കാക്കുന്നു. ധാരാവിയിൽ പൂഴി (മണൽ) മുകളിലേക്ക് വാരിയെറിഞ്ഞാൽ താഴെ വീഴാറില്ല. അത്രമേൽ ജോപ്ഡകളാണ് ഈ പ്രദേശത്തുള്ള എല്ലാ ഭാഗങ്ങളിലും തിങ്ങിനിറഞ്ഞിട്ടുള്ളത്. തൊണ്ണൂറടി, അറുപതടി വീതിയിലുള്ള വിശാലമായ റോഡുകൾ ഇവിടെ ഉണ്ടെങ്കിലും അവ നിർമ്മിക്കപ്പെട്ടത് എഴുപതുകളുടെ ആദ്യഭാഗങ്ങളിലാണ്. ഇവിടെയുള്ള പ്രൈം ലൊക്കേഷനുകളിലെ സെറ്റിൽമെൻ്റുകളിൽ ഒറ്റമുറി ലഭിക്കാൻ ചുരുങ്ങിയത് നാലു പേഠി (ഇരുപക്ഷം) തന്നെ മുടക്കേണ്ടിവരുമെന്ന് പൗളിൻ മേരിയെന്ന പരിചയക്കാരി പറഞ്ഞു.
അധോലോകഭാഷയിൽ ഒരു പേഠി എന്നാൽ അഞ്ച് ലക്ഷം രൂപയാണ്. (സാധാരണ മുംബൈക്കറും ഇത്തരം വാക്കുകൾ ഇടയ്ക്കിടെ ഉപയോഗിക്കാറുണ്ട്). ഗുണ്ടകളും രാഷ്ട്രീയ ദലാൾമാരും വെട്ടിപ്പിടിച്ച ധാരാവി ചതുപ്പുനിലത്തിന്റെ ആകാശം തൊടുമാറാകുമ്പോൾ ബോംബെയിലെ റിയൽ എസ്റ്റേറ്റ് സൂചിക എങ്ങനെ മാറിമറിയുന്നുവെന്ന് ഊഹിക്കാം.
ജനസംഖ്യാവർദ്ധനവിനൊത്ത് ബോംബെയിൽ കെട്ടിട നിർമ്മാണ രംഗവും തടിച്ചുകൊഴുത്തു. കച്ചവടകേന്ദ്രങ്ങളായ ഫോർട്ട്, ഫ്ളോറഫൗണ്ടൻ ഭാഗങ്ങളിൽ ഒരിഞ്ച് സ്ഥലം പോലും ബിൽഡർ ലോബിക്ക് ഒപ്പിച്ചെടുക്കാനായില്ല. നൂറ്റാണ്ടുകളോളം പഴക്കമുള്ള കെട്ടിടങ്ങൾ പുതുക്കിപ്പണിയുക, അവയിൽ ഒന്നോ രണ്ടോ നിലകൾ കൂട്ടിച്ചേർക്കുക എന്നതൊഴിച്ചാൽ മറ്റ് നിർമ്മാണപദ്ധതികൾ അവിടെ പുഷ്ടിപ്പെട്ടില്ല. വളരെ ചുരുങ്ങിയ തുക മാത്രം വാടകയിനത്തിൽ നൽകിവരുന്ന വാടകക്കാരുടെ സംഘടിത പ്രതിഷേധം ഈ രംഗത്ത് പരിധിയിലധികം പുത്തൻ നിർമ്മാണ പദ്ധതികൾക്ക് ഇടങ്കോലിട്ടു. അതോടെ ബിൽഡർ ലോബിയുടെ കച്ചവടക്കണ്ണ് ചേരിപ്രദേശങ്ങളിലേക്കും സിറ്റിയുടെ ഉൾപ്രദേശങ്ങളായ വെസ്റ്റേൺ റെയിൽവെയിലെ ദഹിസർ, നായ്ഗാവ്, ഭയന്തർ, വീരാർ തുടങ്ങിയ പ്രദേശങ്ങളിലേക്ക് തിരിഞ്ഞു. വീണ്ടും വീണ്ടും ജനങ്ങൾ ധാരാവിയിൽ അഭയം തേടിയതോടെ പഴയകാല ജോപ്ഡകൾക്ക് രൂപം മാറ്റി 1+1 നിലയുള്ള കൊച്ചു കോൺക്രീറ്റ് കെട്ടിടങ്ങളായി മാറ്റി. ഇവക്ക് മതിയായ രേഖകളോ സമ്മതപത്രമോ (എൻ.ഒ.സി.) കണ്ടെത്തുക ദുഷ്കരമാണ്. ഇത്തരം അനൗദ്യോഗിക കെട്ടിടങ്ങൾ എല്ലാ ഗലികളിലും നിറഞ്ഞു കവിഞ്ഞു. പഴയകാലധാരാവിയെന്ന വെറും ചതുപ്പിൽ പാഴ്വസ്തുക്കളും കെട്ടിടനിർമ്മാണാവശിഷ്ടങ്ങളും മണ്ണിട്ട് മൂടി ഉയർത്തിയ ചെറു കെട്ടിടങ്ങളുടെ വില പടിച്ചാൽ കിട്ടാത്തവണ്ണം ഉയർന്നപ്പോൾ അത് ഗുണകരമായത് ക്കോട്ട റിയൽ എസ്റ്റേറ്റ് ദലാൾ മാർക്കാണ്.
ഈ ചേരിപ്രദേശത്തു വിവിധ മതവിഭാഗങ്ങൾ അവരുടേതായ ദേവാലയങ്ങളും ചർച്ചുകളും മസ്ജിദുകളും പണിതുയർത്തിയിട്ടുണ്ട്. അവയിൽ കുട്ടിവാടിയിലെ 'ബഡാമസ്ജിദ്' പരിസരങ്ങളിൽ 1992-93ൽ വർഗ്ഗീയകലാപത്തിന് സാക്ഷ്യം വഹിക്കേണ്ടിവന്നത് ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥിതിയിലെ കറുത്ത അദ്ധ്യായമാണ്. ശിവസേന, ബി.ജെ.പി, സംഘപരിവാർ കൂട്ടുകെട്ട് നടത്തിയ വൃത്തികെട്ട ഗൂഡാലോചന യാണ് അക്ഷരാർത്ഥത്തിൽ ബോംബെയിൽ മതസൗഹാർദ്ദത്തിൻ്റെ മുന ആദ്യമായൊടിച്ചത്.

മഹാരാഷ്ട്രയിലെ പിന്നോക്ക ജില്ലയായ നാൻഡെഡിൽനിന്ന് ഉപജീവനാർത്ഥം ധാരാവിയിലെത്തിയ ചൗബാലിനെ നോക്കൂ:
കഴിഞ്ഞ മുപ്പത് വർഷങ്ങളായി ഈ കക്ഷി 'ചുവാ മാർനേ കാ ദവാ'ക്കൊപ്പം (റാറ്റ് പോയ്സൺ) പാറ്റ, ഉറുമ്പ് തുടങ്ങിയ ക്ഷുദ്രജീവികളെ തുരത്താൻ പോന്ന മരുന്ന് എന്നവകാശവാദവും ചില പാക്കറ്റുകളുമേന്തി മാട്ടുംഗ, ലേബർ ക്യാമ്പ്, സയൺ, ആന്റോപ്ഹിൽ തുടങ്ങിയ സ്ഥലങ്ങൾ കറങ്ങിയടിച്ച് ജീവിതത്തിന്റെ രണ്ടറ്റം മുട്ടാൻ ശ്രമിക്കുന്നുണ്ട്. അയാൾ വലതുകൈയിലെ മെഗാഫോണിലൂടെ 'എലിവിഷ മാഹാത്മ്യം' വിളിച്ചുപറഞ്ഞ് ജനങ്ങളെ ആകർഷിക്കുന്നു. ഇടതുകൈയിൽ നാലഞ്ചടി ഉയരവും വീതിയുമുള്ള ഉരുട്ടിക്കൊണ്ടുപോകാൻ സംവിധാനമുള്ള ഫ്ളക്സ് ബോർഡിൽ 'A1-റാറ്റ് പോയ്സൺ' എന്ന് ഇംഗ്ലീഷിലും മറാഠിയിലും ഹിന്ദിയിലും ഗുജറാത്തിയിലും അച്ചടിച്ച് വെച്ചിട്ടുണ്ട്. ജനജീവിതം ദുസ്സഹമാക്കുന്ന എലികളുടെ സംഖ്യാവർദ്ധന പൊതുജനത്തിന് രോഗങ്ങൾ (എലിപ്പനി) തുടങ്ങിയവ സമ്മാനിക്കുന്നുവെന്ന് അടിക്കടി ഗവൺമെന്റ് വിജ്ഞാപനങ്ങളും സാമൂഹ്യ മാധ്യമങ്ങളും വാർത്ത പങ്കുവെക്കാറുണ്ടെങ്കിലും വിലാസ് ചൗബാലിന്റെ ജീവിതത്തിന് ഒരു മാറ്റവും വന്നിട്ടില്ല. റാറ്റ് റിപ്പെല്ലറുകളും ഷഡ്പദങ്ങളെ അകറ്റാനുള്ള മെഷിനുകളും മാർക്കറ്റിൽ സുലഭമാണ്. കൂടാതെ വമ്പൻ കീടനാശിനി ഉൽപാദ കരുടെ എലിവിഷവും മാർക്കറ്റിൽ ലഭ്യമായതിനാൽ ചൗബാലും സമാന ചുറ്റുപാടിലുള്ളവരും ഭക്ഷണത്തിനുള്ള നാമമാത്രമായ തുക എത്തിപ്പിടിക്കാൻ നെട്ടോട്ടമോടുന്നു. ധാരാവി - മേഘാവാടി താമസക്കാരനായ ചൗബാൽ പതിനഞ്ച് അടിയിലും ഉയരമുള്ള, താഴെ രണ്ടു മുറികളും മുകളിൽ ഒറ്റമുറി മാത്രമുള്ള അനധികൃത കുടിപ്പാർപ്പിടങ്ങളിൽ ഒന്നിലെ താമസക്കാരനായി ജീവിതം തുടരുന്നു. അയാൾക്ക് എല്ലാ ശനിയാഴ്ചകളിലും മുന്നൂറ് രൂപ വാടകയിനത്തിൽ നൽകേണ്ടതുണ്ട്. ഗ്രേറ്റർ ബോംബെ കോർപറേഷൻ്റെ പുതിയ നിയമപ്രകാരം പതിനഞ്ച് അടിയിൽ അധികം ഉയരമുള്ള ജോപ്ഡകൾ ഇടിച്ച് നിരപ്പാക്കുമെന്ന ധംകി (ഭീഷണി) ചൗബാലിനും മറ്റു താഴ്ന്ന വരുമാനക്കാർക്കും പേടിസ്വപ് നമായിട്ടുണ്ട്. ധാരാവിയിൽത്തന്നെയുള്ള ശാസ്ത്രി നഗറിലെ കുടിപ്പാർപ്പിടങ്ങളിലൊന്നിലെ താമസക്കാരിയായ സൈനബ 'മഹിള ഗൃഹ് ഉദ്യോഗ്' നുവേണ്ടി (ഒരു മഹിള സംരംഭം) ലിജ്ജത് പപ്പടം പരത്തുന്ന അറുപത്തെട്ടുകാരിയാണ്. 1992-93 ലെ ധാരാവി വർഗ്ഗീയ ലഹളയുടെ ദൃക്സാക്ഷിയായ സൈനബക്കും മകൾ ഖദീജക്കും സ്വന്തം നാടായ ബേപ്പൂരിൽ വേരുകളില്ല.
ഭരണകൂടത്തിന്റെ കുടിയൊഴിപ്പിക്കൽ ഭീഷണി ധാരാവിമക്കളുടെ ഉറക്കം കെടുത്തുന്നുണ്ട്. എല്ലാ മതസംഘടനകളും പലപ്പോഴായി ഭരണകൂടത്തിൻ്റെ ഈ സമീപനത്തിനെതിരെ രംഗത്തുവരുന്നത് അഭിനന്ദനാർഹമാണ്.
കരിക്ക് കച്ചവടക്കാരനായ അവരുടെ വാപ്പ മയ്യത്തായതോടെ ജീവിതം വഴിമുട്ടി. ഇപ്പോൾ മസാലപപ്പടം പരത്തി 'ഗൃഹ് മഹിള ഉദ്യോഗി'നു നൽകി ആഹാരത്തിനുള്ള വക കണ്ടെത്തിക്കൊണ്ടിരിക്കുന്നു. തുകൽ വ്യാപാരി കെ.വി. മുത്തുവിൻ്റെ കുടുംബം 1983 മുതൽ ധാരാവിയിൽ താമസിക്കുന്നു. സെബാസ്റ്റ്യൻ ഫെർണാണ്ടോ, പൗളിൻ മേരി, സൈനബ, ഖദീജ, വിനയ് ചൗബാൽ, ഖദീജ തുടങ്ങി അനേകായിരങ്ങൾ കാലാകാലങ്ങളായി ധാരാവിയിൽ തിങ്ങിത്താമസിക്കുന്നുണ്ട്. അവർക്കായി മഹാരാഷ്ട്ര ഗവൺമെന്റ് അങ്ങകലെ 350 സ്ക്വയർഫീറ്റ് മുറികൾ എന്ന 'ഒറ്റമൂലി' നൽകാൻ തയ്യാറാണെന്ന റിപ്പോർട്ടുകൾ സത്യമാണ്. ഗൗതം അദാനിയുടെയും ബി.എം.സി.യുടെയും മോഹനവാഗ്ദാനങ്ങൾക്കൊപ്പം എ.ഐ. നിർമ്മിതികളായ അതിമനോഹരങ്ങളായ വരുംകാല ധാരാവിയുടെ ചിത്രങ്ങൾക്കൊപ്പം ആരോ മധുരശബ്ദം (മീഠാ ആവാസ് എന്ന് ഹിന്ദി) നൽകിയ റീലുകൾ അനുദിനം സാമൂഹ്യമാധ്യമങ്ങളിൽ തൽപരകക്ഷികൾ ആവർത്തിച്ചാവർത്തിച്ച് പ്രചരിപ്പിക്കുന്നതെന്തിനാണ്? ഈ വാഗ്ദാനങ്ങൾ പ്രാവർത്തികമാക്കാനുള്ള സാധ്യത എത്രയുണ്ട്? ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരം ഇതുവരെ ആരും പറഞ്ഞുകേട്ടിട്ടില്ല.
ബോംബെ ഭരണകൂടവും ഗൗതം അദാനി ഗ്രൂപ്പും തോളോടുതോൾ ചേർന്ന് ധാരാവിയിലെ കുടിവെള്ള ദൗർലഭ്യം അവസാനിപ്പിച്ചും സാനിറ്റേഷൻ പ്രശ്നങ്ങൾ തീർത്തും, അമിതമായ ജനസാന്ദ്രത, വിവിധ രോഗങ്ങൾ പടരുന്ന സാഹചര്യം തുടങ്ങിയ ദുരിതങ്ങൾക്ക് ഫുൾസ്റ്റോപ്പിട്ടും ധാരാവിക്കാരെ രക്ഷിച്ചെടുക്കാനാണോ ധാരാവി റീഡെവലപ്പ്മെൻ്റ് സ്കീം എന്ന് വ്യക്തമല്ല. പിടിച്ചാൽ കിട്ടാത്തവണ്ണം അനുദിനം ഉയർന്നുകൊണ്ടിരിക്കുന്ന ബോംബെ റിയൽ എസ്റ്റേറ്റ് രംഗത്തോടൊപ്പം ധാരാവിയെ കൂട്ടിക്കെട്ടി റോക്കറ്റുപോലെ അനന്താകാശത്തിലേക്ക് വിക്ഷേപിക്കാനാണോ ഈ സ്കീം എന്നും വ്യക്തമല്ല.
ഒരു റാന്റം സർവ്വെയിൽ കണ്ടെത്തിയ പ്രകാരം ധാരാവിയിലെ ജനങ്ങളിൽ 60% ഹിന്ദുക്കളും 25 ശതമാനം മുസ്ലീകളുമാണ്. ബാക്കിയുള്ളവരിൽ ക്രിസ്ത്യാനികളും ബുദ്ധിസ്റ്റുകളുമാണ് ഉൾപ്പെടുന്നത്.
ഭരണകൂടത്തിന്റെ കുടിയൊഴിപ്പിക്കൽ ഭീഷണി ധാരാവിമക്കളുടെ ഉറക്കം കെടുത്തുന്നുണ്ട്. എല്ലാ മതസംഘടനകളും പലപ്പോഴായി ഭരണകൂടത്തിൻ്റെ ഈ സമീപനത്തിനെതിരെ രംഗത്തുവരുന്നത് അഭിനന്ദനാർഹമാണ്. സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാൻ അതീവ വ്യഗ്രത കാണിക്കാറുള്ള രാഷ്ട്രീയപാർട്ടികളുടെ വിപുലമായ പ്രതിഷേധമൊന്നും ഈ കുടിയൊഴിപ്പിക്കൽ ഭീഷണിക്കെതിരെ പ്രകടിപ്പിച്ച് കാണുന്നില്ല എന്നാണ് ധാരാവിയിലെ കുട്ടിവാഡി താമസക്കാരനായ ബഷീർ പട്ടാമ്പി പറയുന്നത്. ബോംബെയിൽ റിയൽ എസ്റ്റേറ്റ് വില കുതിച്ചുയരുമ്പോൾ 'തലചായ്ക്കാനൊരിടം' എന്ന് സാഹിത്യഭാഷയിൽ പറയാറുള്ള “പാർപ്പിടം" സാധാരണക്കാരന് ഒരു സ്വപ്നം മാത്രമാകുമോ? ആർക്കറിയാം?

അനധിക്യതലോകം
സയൺ- ധാരാവി റോഡിലെ ഇടിഞ്ഞുപൊളിഞ്ഞ് വീഴുമോയെന്ന് സംശയിക്കാവുന്ന ഗാല (ഷെഡ്ഡ്) യിൽ നിർമ്മിക്കപ്പെടുന്ന സോപ്പുപൊടിക്ക് വൻവിലക്കുറവുണ്ട്. പക്ഷെ ഈ സോപ്പുപൊടികൊണ്ട് വസ്ത്രമലക്കിയാൽ കൈകൾക്ക് എട്ടിൻ്റെ പണികിട്ടുമെന്ന് വീട്ടുജോലിക്കാരി ശാന്താഭായിയും മറ്റു പല സ്ത്രീകളും പറയുന്നു. അതായത് കൈവെള്ളിയിലെ തൊലി അടർന്നുപോകുമെന്ന് സാരം.
ഒരു സോപ്പുകച്ചവടക്കാരൻ്റെ വേഷം കെട്ടാൻ തുനിഞ്ഞിറങ്ങിയ സുഹൃത്ത് പി. വിജയനും എനിക്കും ഈ ഉദ്യമം സമ്മാനിച്ചത്, വീട്ടമ്മമാരുടെ ശാപവചനങ്ങളാണ്. അതോടെ ഞങ്ങൾ ഈ പരിപാടിക്ക് ഫുൾസ്റ്റോപ്പിട്ടു. ധാരാവിയിലെ മോച്ചി (ചെരുപ്പുകുത്തി) നിർമ്മിക്കുന്ന തുകൽ ഉല്പന്നങ്ങളായ ചെരിപ്പ്, ഷൂ, ഹാന്റ് ബാഗ് തുടങ്ങിയവ ബോംബെ മാർക്കറ്റിൽ മാത്രമല്ല, ഇതര വിദേശ രാജ്യങ്ങളിലും ചെന്നെത്തുന്നുണ്ട്. മാഹിം ക്രിക്കിന്നടുത്തായിരുന്നു തുകൽ ഉറക്കിടുന്ന പരിപാടി അധികവും കേന്ദ്രീകരിച്ചിരുന്നത്. മാടുകളെ അറക്കുന്ന പരിപാടി (മാടറവ്) ബോംബെ യിലുള്ള ദേവ്നഗറിലേക്ക് മാറ്റിസ്ഥാപിച്ചതിനാൽ ധാരാവിയിലെ ജാസ്മിൻ ടാനറിയും, വെസ്റ്റേൺ ടാനറിയും, അതുപോലെ വീരു ടാനറിയും മറ്റും പൂട്ടി. A-1 കപ്പലണ്ടി മിഠായിക്ക് (ചിക്ലി) ബോംബെ മാർക്കറ്റിൽ വമ്പിച്ച വിൽപനയുണ്ടായിരുന്ന കാലം. വിദൂരമാണെങ്കിലും അതിൽ തമിഴ് നാടിന്റെ DNA അലിഞ്ഞു ചേർന്നിട്ടുണ്ടെന്നാണ് പലരുടേയും വാമൊഴി. അനധിക്യത കുടിൽ വ്യവസായങ്ങൾ ധാരാവിയിൽ പെരുകുന്നത് അന്വേഷണത്തിനെത്താറുള്ള ഉദ്യോഗസ്ഥരെ 'സുഖിപ്പിക്കുന്ന' രീതികൊണ്ടാണെന്ന് പരക്കെ ആക്ഷേപങ്ങളുണ്ട്.
ഭൂമിശാസ്ത്രപരമായി മഹാനഗരത്തിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ധാരാവിയിൽനിന്ന് ചരക്കുകൾ കൊണ്ടുപോകുന്നതിനും അവശ്യവസ്തുക്കൾ ഇവിടെ എത്തിക്കുന്നതിനും ഏറ്റവും ചെലവു കുറഞ്ഞതാണ് മാഹിം, ബാന്ദ്ര സയൺ, മാട്ടുംഗ എന്നീ സ്റ്റേഷനുകളിലൂടെ കടന്നുപോകുന്ന സബർബൻ ട്രെയ്ൻ സർവ്വീസുകൾ. ഇപ്പോൾ അതുവഴിയുള്ള മെട്രോ സർവ്വീസുകളും കച്ചവടക്കണ്ണുള്ളവരുടെ കണ്ണിലെ കൃഷ്ണമണി തന്നെയാണ്. ബോംബെയിൽ റിയൽ എസ്റ്റേറ്റ് രംഗം കുതിച്ചുയരുമ്പോൾ ധാരാവിയുടെ മോടികൂട്ടാൻ ഗൗതം അദാനിക്ക് ഇത്രമേൽ മോഹവും ആവേശവും (ധാരാവി റീ ഡെവലപ്പ്മെൻ്റ് സ്കീം) അതുകൊണ്ടാവാം.
ധാരാവിയെ പണമൊഴുകുന്ന "മഹാനദി" എന്നുതന്നെ ചില സാമ്പത്തിക വിദഗ്ദ്ധർ വിളിക്കുന്നു. അനധികൃത ധനം അല്ലെങ്കിൽ ഇൻഫോർമൽ മണിയുടെ ക്രയവിക്രയം എത്രയെന്നോ അതിൻ്റെ വ്യാപ്തി എത്രയെന്നോ മറ്റുമുള്ള കൃത്യമായ കണക്കുകൾ തൽക്കാലം ലഭ്യമല്ലതന്നെ.
കുറ്റവാളികളും അരക്കള്ളൻ - മുക്കാക്കള്ളന്മാരും പാവപ്പെട്ട സാധാരണ ജനങ്ങളും അവിയൽ പോലെ കുഴഞ്ഞുമറിഞ്ഞ ധാരാവിയുടെ യഥാർത്ഥമൂല്യം മനസ്സിലാക്കിയത് രാഷ്ട്രീയക്കാരും അവരുടെ ശിങ്കിടികളായ റിയൽ എസ്റ്റേറ്റ് ദലാളുമാരുമെന്നത് അതിശയകരമായി തോന്നാം. അവിടെ വോട്ടുബാങ്കിന്റെ വ്യാപ്തി വർദ്ധിച്ചതോടെ മുൻസിപ്പൽ കോർപറേഷൻ അന്ന് ഭരിച്ചിരുന്ന കോൺഗ്രസ് ഭരണകർത്താക്കൾ ജനങ്ങളുടെ സേവ പിടിക്കാൻ ധാരാവിയുടെ പലഭാഗങ്ങളിലും ആദ്യമായി കുടിവെള്ളമെത്തിച്ചു. പൊതുകക്കൂസുകളും നിർമ്മിക്കപ്പെട്ടു.
സാനിറ്റേഷൻ പദ്ധതികൾ തൽക്കാലം വിസ്മരിച്ച അധികാരികളുടെ കൺമുന്നിൽത്തന്നെ ഗട്ടറുകളിൽ മലിനജലവും വിസർജ്ജ്യങ്ങളും കെട്ടിക്കിടന്നു. അവിടെ കൊതുകുകൾ മുട്ടയിട്ട് പെരുകി രാത്രി പകൽ ഭേദമെന്യേ സംഘഗാനം ആലപിച്ചു. മാക്രികളുടെ കീ കീ കരച്ചിലും കൊതുകുകളുടെ അരോചകമായ ബാക്ഗ്രൗണ്ട് മ്യൂസിക് സ്ക്കോറും ധാരാവിമക്കളുടെ ഉറക്കം കെടുത്തി. എങ്കിലും അവർ സ്വപ്നം കണ്ടത്, ഒരുനേരത്തെ ഭക്ഷണത്തിനുള്ള വകയാണ്.
"ഗുണ്ടാവിളയാട്ടങ്ങളും ലക്കും ലഗാനുമില്ലാതെ ഉയർന്നുവരുന്ന കെട്ടിടങ്ങളും അനധികൃത തൊഴിൽശാലകളും ധാരാവിയിൽ സർവ്വത്ര നിറഞ്ഞുകവിഞ്ഞു. മഹാനഗരവാസികളുടെ ഇഷ്ടഭോജ്യങ്ങളിലൊന്നായ പാവ് (റൊട്ടി), ഖാരി ബിസ്ക്കുത്ത് (ഉപ്പു ബിസ്ക്കറ്റ്), മാവ കേക്ക്, കുക്കീസ് തുടങ്ങിയവ ചുട്ടെടുക്കുന്ന ബേക്കറികൾ പലതും ധാരാവിയിൽ കാണാമായിരുന്നു. മാമൂസ് ബേക്കറി, രാജസ്ഥാൻ ബേക്കറി തുടങ്ങിയവയിൽ ചുട്ടെടുക്കുന്ന ഉല്പ്പന്നങ്ങൾ 'ബഡാശഹറി' ലെ തീൻമേശകളിൽ വരെ ചെന്നെത്തിയ കാലം വിദൂരമാണ്. ബോംബെയിൽ പ്രശസ്തമായിരുന്ന മാമൂസ് ബേക്കറി ഇപ്പോഴില്ല. ധാരാവി വർഗ്ഗീയ കലാപകാലങ്ങളിൽ അത് ആരോ അഗ്നിക്കിരയാക്കിയതും വിസ്മരിക്കാവതല്ല. ഇത്തരം ബേക്കറികളിൽ പണിയെടുക്കുന്നവർ അവിടെ തൊട്ടുരുമ്മിയെന്നപോലെ അഴുക്കുചാലുകളിൽ നിന്നുയരുന്ന ദുർഗ്ഗന്ധവും കൊതുകുകടിയും സഹിച്ച് വരാന്തകളിലാണ് കിടന്നുറങ്ങി. സ്ത്രീകളും ചെറിയ കുട്ടികളും ഉൾപ്പെടെയുള്ള തൊഴിലാളികൾ ദിവസവേതനാടിസ്ഥാനത്തിലാണ് പണിയെ ടുത്തിരുന്നത്. പല തൊഴിൽശാലകളും അനധികൃതമായിരിക്കെ അവിടെ ജോലി ചെയ്യുന്നവർക്ക് ദിവസക്കൂലിയല്ലാതെ മറ്റൊരാനുകൂല്യവും പ്രതീക്ഷിച്ചുകൂടല്ലോ"- ഫ്രീ ലാൻസ് ഫോട്ടോഗ്രാഫർ മൈക്കിൾ ഡിസൂസ പറയുന്നു.
ധാരാവിയിലെ സാധാരണക്കാർ ഒരു നേരത്തിനുള്ള ഭക്ഷണത്തിനായി പരക്കം പായുന്നു. എന്നാൽ ഇവിടെയുള്ള തൊഴിൽശാലകളിൽ നിർമ്മിക്കപ്പെടുന്ന സോപ്പുപൊടിയിലൂടെ, രാസവസ്തുക്കളിലൂടെ, ബേക്കറി ഉൽപ്പന്നങ്ങളിലൂടെ തുകൽകച്ചവടത്തിലൂടെ, നട്ടുംബോൾട്ടിലൂടെ (ഇൻ്റസ്ട്രിയൽ ഫാസ്റ്റ് നേഴ്സ്), പ്ലാസ്റ്റിക് റീസൈക്ലിങ്ങിലൂടെ, മൺപാത്ര നിർമ്മാണത്തിലൂടെ…
തയ്യൽ ഫാക്ടറികളിലൂടെ അംഗീകാരമുള്ളവയും അനധികൃതവും ചെറുതും വലുതുമായ തൊഴിൽശാലകളിലൂടെ പണമൊഴുകുന്നുണ്ട്. അതുകൊണ്ട് ധാരാവിയെ പണമൊഴുകുന്ന "മഹാനദി" എന്നുതന്നെ ചില സാമ്പത്തിക വിദഗ്ദ്ധർ വിളിക്കുന്നു. അനധികൃത ധനം അല്ലെങ്കിൽ ഇൻഫോർമൽ മണിയുടെ ക്രയവിക്രയം എത്രയെന്നോ അതിൻ്റെ വ്യാപ്തി എത്രയെന്നോ മറ്റുമുള്ള കൃത്യമായ കണക്കുകൾ തൽക്കാലം ലഭ്യമല്ലതന്നെ. ഒരുപക്ഷെ ഇത്തരം റീസൈക്ലിങ്ങ് പോലെ ഈ പണം ശുദ്ധീകരിക്കപ്പെട്ട് ബിൽഡർ ലോബിയിലേക്കോ രാഷ്ട്രീയത്തിൽത്തന്നെയോ വീണ്ടുമെത്താനുള്ള സാധ്യതകളേറെ.

ദർഘാസിന്റെ കളിവിളയാട്ടം
2014-ൽ കേന്ദ്രത്തിൽ ബി.ജെ.പി. സർക്കാർ അധികാരത്തിൽവന്നതോടെ ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനങ്ങൾ ഏറെക്കുറെ ഗൗതം അദാനി ഗ്രൂപ്പിന് പണയപ്പെടുത്തിയെന്ന് ആലങ്കാരികമായി പറയാം. അതോടെ പല നിർമ്മാണ പ്രവർത്തനങ്ങളുടെയും ടെൻഡർ (ദർഘാസ്) അദാനി ഗ്രൂപ്പിന് നൽകാൻ ഭരണകൂടവും ബ്യൂറോക്രാറ്റ് വർഗ്ഗവും ഒത്താശ ചെയ്തതതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടെണ്ടറുകൾ സമർപ്പിക്കാൻ നിയമാനുസൃതമായി രജിസ്റ്റർ ചെയ്ത ഇതര കോൺട്രാക്റ്റർമാരെ നോക്കുകുത്തി യാക്കി നിർമ്മാണം അദാനിക്കുതന്നെ നൽകിയപ്പോൾ ഇന്ത്യൻ ജനാധിപത്യം പോയവഴിയോർത്ത് സാധാരണക്കാക്ക് തലയിൽ കൈവെക്കാമെന്ന് ചില സിനിക്കുകൾ പറയുന്നു.
2015-ൽ മഹാരാഷ്ട്ര ഭരണകൂടത്തിലെ മന്ത്രിമാരും ബ്യൂറോക്രാറ്റുകളും പങ്കെടുത്ത ഉന്നതതല യോഗത്തിൽ ധാരാവി റീഡെവലപ്പ്മെന്റ്റ് സ്കീം 'കൂലങ്കഷ'മായി ചർച്ച ചെയ്യപ്പെട്ടു. 95,790 കോടി രൂപയുടെ ബജറ്റിൽ ധാരാവി റീഡെവലപ്പ്മെൻ്റ് സ്കീമിന് അവർ അംഗീകാരം നൽകി. ദോഷം പറയരുതല്ലോ, നിയമപ്രകാരമുള്ള ടെണ്ടറുകൾ ക്ഷണിച്ചശേഷം ദുബായിലെ Seclink കമ്പനിക്ക് ഈ പ്രോജക്റ്റിന്റെ നിർമ്മാണ ചുമതലയും ഏൽപിച്ചു. സംഗതികൾ അൽപനാളുകൾക്ക് ശേഷം തകിടംമറിഞ്ഞു...
ഈയടുത്ത കാലംവരെ മഹാനഗരത്തിൽ ഏറ്റവും അവഗണിക്കപ്പെട്ട, ഘട്ടറുകളും മാലിന്യ കൂമ്പാരങ്ങളും നിറഞ്ഞ ചേരിപ്രദേശമായ ധാരാവി ജനശ്രദ്ധയാകർഷിക്കാൻ തുടങ്ങിയതിന്റെ പിന്നാമ്പുറക്കഥകൾ തികച്ചും രസകരമാണ്.
പണം, രാഷ്ട്രീയസ്വാധീനം, മസിൽപവർ തുടങ്ങിയവയ്ക്കൊപ്പം അനുബന്ധ ചേരുവകൾ ചേരുംപടി ചേർത്താണ് പുതുയുഗത്തിലെ മുതലാളി വർഗ്ഗം അവരുടെ കോർപറേറ്റ് കമ്പനികൾക്ക് അടിത്തറ പാകിയതെന്ന് രാഷ്ട്രീയ നിരൂപകർ വിലയിരുത്തുന്നു. ബി.ജെ.പി.യും സഖ്യകക്ഷികളും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഭരണം പിടിച്ചടക്കിയതോടെ ഇന്ത്യയിലെ സാധാരണക്കാരുടെ "ശനിദശ' ആരംഭിച്ചതായി ചില പത്രങ്ങളും എഴുതി.
2000 ജനുവരിക്കുമുമ്പ് ധാരാവിയിൽ താമസമാക്കിയവർക്ക് 350 സ്ക്വയർഫീറ്റ് വിസ്തീർണ്ണമുള്ള മുറി ലഭിക്കുമെന്നും 2000 മുതൽ 2011വരെയുള്ള കാലങ്ങളിൽ ഇവിടെയെത്തിയവർക്ക് ദേവ്നഗർ, ഭാണ്ഡൂപ്, കാഞ്ചുർമാർഗ് തുടങ്ങി ബോംബെയുടെ പ്രാന്തപ്രദേശങ്ങളിൽ കോളി (മുറി) നൽകുമെന്നുമാണ് അദാനി ഗ്രൂപ്പിന്റെയും ബി.എം.സി.യുടെയും വാഗ്ദാനം.
പഞ്ചാബിലെ കർഷകസമരം മന്ദീഭവിച്ചതിൻ്റെ കാരണങ്ങളും മറ്റൊന്നല്ല. എയർപോർട്ട്, തുറമുഖ നിർമ്മാണ പരിപാടികൾ, ഇലക്ട്രിസിറ്റി വിതരണം തുടങ്ങി നൂറായിരം നിർമ്മാണ പ്രവർത്തികൾ റിലയൻസിന്റെയും അദാനിഗ്രൂപ്പിൻ്റെയും കൈയ്യിൽ വന്നെത്തിയത് കൂട്ടിവായിക്കുമ്പോൾ പൊതുമേഖലാ സ്ഥാപനങ്ങളുടെ 'അടിയാധാരം' വരെ ഗൗതം അദാനി ഗ്രൂപ്പുപോലുള്ള കുത്തക കോർപ്പറേറ്റു കളുടെ സ്ട്രോങ്ങ് റൂമിലിരുന്ന് പല്ലിളിക്കുന്നതായി തോന്നുന്നു. എന്തിനുമേതിലും കച്ചവടം കാണുന്ന മുതലാളിവർഗ്ഗ പ്രതിനിധിയായ ഗൗതം അദാനിയും മഹാരാഷ്ട്ര ഭരണകൂട ഏജൻ്റുമാരും ധാരാവിയിൽ ശ്രദ്ധകേന്ദ്രീകരിച്ചതങ്ങനെയാണ്. അതോടെ ധാരാവി റീ- ഡെവലപ്മെൻ്റ് സ്കീം എന്ന സുന്ദരപദം നൽകി അദാനിഗ്രൂപ്പും മഹാരാഷ്ട്ര ഭരണകൂടവും പ്രചാരവേല ആരംഭിച്ചു.
പൊതുമേഖലാസ്ഥാപനങ്ങളും ലിമിറ്റഡ്, പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളുമൊക്കെ ടെണ്ടറുകൾ സ്വീകരിച്ചുവേണം നിർമ്മാണപ്രവർത്തികൾക്ക് കരാർ നൽകേണ്ടതെന്ന് ഇന്ത്യൻ കമ്പനി ആക്റ്റ് നിഷ്കർഷിക്കുന്നുണ്ട്. ഇത്തരത്തിലുള്ളവയ്ക്ക് Statutory Advertisment (നിയമപ്രകാരമുള്ള പരസ്യങ്ങൾ) രണ്ടു പത്രങ്ങളിൽ നൽകണമെന്ന് ഗവൺമെൻ്റിൻ്റെ ഈ ചട്ടവുമുണ്ട്. എന്നാൽ ചില 'ചാലാക്ക്' (സൂത്രശാലികൾ) ഉദ്യോഗസ്ഥർ നിയമപ്രകാരമുള്ള പരസ്യങ്ങൾ നൽകാതെയും ചിലപ്പോൾ പേരിന് ഏതെങ്കിലും പ്രചാരം കുറഞ്ഞ രണ്ടുപത്രങ്ങളിൽ വിജ്ഞാപനം നൽകിയുമാണ് ടെണ്ടറുകൾ വിളിക്കുക. ഇന്നത്തെ കീഴ് വഴക്കമനുസരിച്ച് പലപ്പോഴും ബ്യൂറോക്രാറ്റുകളുടെ ശിങ്കിടികൾക്കാണ് ടെണ്ടർ ലഭിക്കുക പതിവ്. കോൺട്രാക്ടർമാരുടെ ഭാവനാസൃഷ്ടികളായ കടലാസുകമ്പനികളും ഇക്കൂട്ടത്തിൽ കൂടുതൽ തുകയ്ക്കുള്ള ടെണ്ടറുകൾ നൽകുന്നതും പതിവാണ്.
മഹാരാഷ്ട്ര ഗവൺമെൻ്റിൻ്റെ ആദ്യ തീരുമാനപ്രകാരം 'ധാരാവി റീ-ഡെവലപ്പ്മെൻ്റ് സ്കീം നിർമ്മാണ പദ്ധതി'ക്ക് ടെണ്ടറുകൾ ക്ഷണിച്ചു. ട്രഷറിയിൽ പണം അടച്ച് ടെണ്ടർ ഫോം വാങ്ങി പൂരിപ്പിച്ച് അപേക്ഷ നൽകിയവരിൽ ദുബായിലെ Seclink Group- ന് 7,200 കോടി രൂപക്കുള്ള കരാർ നൽകാൻ ഭരണകൂടം തയ്യാറായി. എന്നാൽ എന്തോ ന്യായം പറഞ്ഞ് ഗൗദം അദാനി ഡെവലപ്പേഴ്സിനാണ് ഈ ടെണ്ടർ നൽകിയത്. ദുബായ് കമ്പനി കേസ് ഫയൽ ചെയ്തെങ്കിലും 2026 നവംബറിൽ അത് സുപ്രീംകോടതിയിലെത്തിയപ്പോൾ പരമോന്നത കോടതി Seclink Group- ൻ്റെ പരാതി തള്ളി. രണ്ട് അയൽക്കാർ തമ്മിലുള്ള അതിർത്തി പ്രശ്നം ആദ്യം വാക് തർക്കത്തിൽത്തുടങ്ങി, കൈയ്യാങ്കളിയിലെത്തി, ഒടുവിൽ എങ്ങും അവസാനിക്കാതെ വരുമ്പോൾ അവരിൽ ഒരാൾ പറയാറുള്ള വാചകം ഇങ്ങനെയാണ്: "നിന്നെ ഞാൻ കോടതിയിൽ കണ്ടോളാം". ഇവിടെ വാദി പ്രതിയാകുന്നെങ്കിൽ നാം എന്തുചെയ്യുമെന്ന ചോദ്യം ബാക്കി.
2000 ജനുവരിക്കുമുമ്പ് ധാരാവിയിൽ താമസമാക്കിയവർക്ക് 350 സ്ക്വയർഫീറ്റ് വിസ്തീർണ്ണമുള്ള മുറി ലഭിക്കുമെന്നും 2000 മുതൽ 2011വരെയുള്ള കാലങ്ങളിൽ ഇവിടെയെത്തിയവർക്ക് ദേവ്നഗർ, ഭാണ്ഡൂപ്, കാഞ്ചുർമാർഗ് തുടങ്ങി ബോംബെയുടെ പ്രാന്തപ്രദേശങ്ങളിൽ കോളി (മുറി) നൽകുമെന്നുമാണ് അദാനി ഗ്രൂപ്പിന്റെയും ബി.എം.സി.യുടെയും വാഗ്ദാനം. 2011-നുശേഷം ധാരാവിയിൽ സ്ഥിരതാമസമാക്കിയവരോട് 'സ്വന്തം പാർപ്പിട'മെന്ന സ്വപ്നം തൽക്കാലം ഉപേക്ഷിക്കാനാണ് ബി.എം.സി.യും ഗൗതം അദാനിയും ആവശ്യപ്പെടുന്നത്. ഇക്കൂട്ടരുടെ കൂരകൾ ഒഴിയാനുള്ള നോട്ടീസും യഥാവിധി നൽകിയിട്ടുണ്ട്.

ആദ്യകാല സോഷ്യൽ ആക്റ്റിവിസ്റ്റായ ജോക്കിന്റെ പിൻഗാമികളെന്നോണം ഇപ്പോൾ ധാരാവിമക്കൾക്കായി പോരാടാൻ രംഗത്തുവന്നവരാണ് റീഡാൻ ഫെർണാണ്ടോ, സഞജയ് ബാലേറാവ് എന്നിവർ. ധാരാവി റീ-ഡെവലപ്പ്മെന്റിന്റെ കരട്രൂപം എന്തെന്ന് ഇന്നേവരെ സാധാരണക്കാർക്ക് അജ്ഞാതമാണ്. അതുകൊണ്ടുതന്നെ ധാരാവിമക്കൾ ചേർന്ന് മുഴക്കുന്ന മുദ്രാവാക്യം ഇങ്ങനെയാണ്: "No master plan, No construction."
ധാരാവിമക്കൾ കഠിനാദ്ധ്വാനം ചെയ്ത്ത് സമ്പാദ്യം അപ്പാടെ ചെലവഴിച്ച് കെട്ടിപ്പൊക്കിയ ചെറിയ ചെറിയ കൂരകളാണ് ഇവിടം മുഴുവൻ. ശരാശരി 6-7 അടി മാത്രമാണ് അവയുടെ ഉയരം. കുടിലുകളുടെ ഭിത്തികൾ സിമന്റുപയോഗിച്ച് ചെത്തിത്തേച്ചവയല്ല. കൊതുക്, ഈച്ച തുടങ്ങിയവയെ അകറ്റാനും ചൂടിൽനിന്ന് അല്പമെങ്കിലും ആശ്വാസം നേടാനും രാപകൽ ഈ കുടിലുകളിൽ പങ്കുകൾ കറങ്ങുന്നു. എന്നാൽ മുതിർന്ന ഒരാൾ കൈയുയർത്തിയാൽ ഫാനിൽ തൊടാം. അല്പംകൂടി വിസ്തീർണ്ണമുള്ള മുറികളിൽ കുളിമുറി കം ടോറ്റുകളും കണ്ടു. മഴ പെയ്താൽ ഗട്ടറുകളിലെ മലിനജലം ഉയർന്ന് മുറികളിൽ ഒഴുകുന്നു.
ഈ പ്രദേശത്തുള്ള ഭൂരിഭാഗം സെറ്റിൽമെന്റുകളിലും വൈദ്യുതി എത്തിയിട്ടുണ്ട്. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടാകാവുന്ന അപകടങ്ങളിൽനിന്ന് രക്ഷപ്പെടാൻ സുരക്ഷാസംവിധാനങ്ങളൊന്നും ഈ സെറ്റിൽമെന്റിൽ കാര്യക്ഷമമല്ല. പൊതുടോയ്ലെറ്റുകളിൽ 'രണ്ടി'നുപോകുന്നവർക്ക് കൈയിൽ പത്തുരൂപ കരുതണമെന്ന് ദത്താപനാൽക്കർ പറയുന്നു. അസേരി സീപ്സിലുള്ള ഒരു കമ്പനിയിൽ സെക്യൂരിറ്റി ഗാർഡാണ് ഈ കക്ഷി.
അടിയന്തരാവസ്ഥക്കാലത്ത് സഞ്ജയ്ഗാന്ധി ഭരണത്തിൽ കൈകടത്തിയിരുന്നു. ആയിടെ ബോംബെയിലെ ബി.എ.ആർ.സിയിലെ 3000 ജീവനക്കാർക്കായി കെട്ടിടസമുച്ചയം നിർമ്മിക്കാൻ ദേവ്നഗർ പരിസരത്തുനിന്ന് പതിനായിരക്കണക്കിന് ജനങ്ങളെ പോലീസിനെ ഉപയോഗിച്ച് തല്ലിപ്പറപ്പിച്ചുവെന്നതും സത്യമാണ്.
രാജീവ്ഗാന്ധി പ്രധാനമന്ത്രിയായപ്പോൾ ധാരാവിയുടെ ഉന്നമനത്തിനായി 900 കോടി രൂപയുടെ പ്രൈംമിനിസ്റ്റേഴ്സ് ഗ്രാൻറ് (പി.എം.ജി.) അനുവദിച്ചു. എന്നാൽ അദ്ദേഹത്തിൻ്റെ മരണശേഷം മഹാരാഷ്ട്ര ഭരണകൂടത്തിലെ ബ്യൂറോക്രാറ്റ് വർഗ്ഗം ഈ തുക അട്ടിമറിച്ച് ധാരാവിക്കാർക്ക് സമ്മാനിച്ചത് വട്ടപ്പൂജ്യത്തിന് സമാനമായ 'ഉന്നമന'മാണ്: ജോണി കൊമ്പൻ എന്ന തൃശ്ശൂർക്കാരൻ പറഞ്ഞു.
