മലപ്പുറത്തിന്റെ നഗര വികസനത്തില്‍ നിന്ന് പുറത്തായ കോട്ടപ്പടി മാര്‍ക്കറ്റ്

ഏതൊരു നഗരത്തിലെയും വ്യാപാരത്തിന്റെയും അനുബന്ധമായ സാമ്പത്തിക പ്രക്രിയകളുടെയും അടിസ്ഥാന കണ്ണികളിൽ ഒന്നാണ് അവിടത്തെ മാർക്കറ്റ്. അതിനെ ആശ്രയിച്ച് മുന്നോട്ടുപോകുന്ന ഒരു സമൂഹവും അവിടെയുണ്ടാകും.

എന്നാൽ മലപ്പുറത്തെ മാർക്കറ്റും അവിടെ വ്യാപാരം നടത്തുന്ന സാധാരണ മനുഷ്യരും ഈ അടിസ്ഥാന നഗര വികസന തത്വങ്ങൾക്ക് പുറത്താണ്. പുതിയ അത്യാധുനിക മാർക്കറ്റ് പണിയാമെന്ന വാഗ്ദാനത്തിൽ പുറം തള്ളപ്പെട്ട അവർ മൂന്ന് വർഷങ്ങൾക്ക് ശേഷവും ഭരണകൂടത്തിന്റെ ഉറപ്പും വിശ്വസിച്ച് കാത്തിരിപ്പിലാണ്.

2020 ലാണ് ഒരു വർഷത്തിനുള്ളിൽ അത്യാധുനിക രീതിയിൽ മാർക്കറ്റ് പുതുക്കിപണിയാമെന്നും വ്യാപാരികളെ പുനരധിവസിപ്പിക്കാമെന്നുമുള്ള ഉറപ്പ് നഗരസഭ വ്യാപാരി സംഘടനകൾക്ക് നൽകുന്നത്. ഇതേതുടർന്ന്, അരനൂറ്റാണ്ടിനടുത്ത് പഴക്കമുള്ള മാർക്കറ്റ് പൊളിച്ചു.

ആദ്യ ആറ് മാസങ്ങളിൽ വളരെ വേഗം മാർക്കറ്റിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടന്നെങ്കിലും ഡിപിആർ പ്രശ്നത്തിലും ഫണ്ടില്ലാത്തതും മൂലം രണ്ട് വർഷമായി പണി പൂർണ്ണമായി നിലച്ചിരിക്കുകയാണ്. പദ്ധതി നിർമാണത്തിലെ അപാകതയാണ് പ്രോജക്ട് പൊളിയാൻ കാരണമെന്നാണ് പ്രതിപക്ഷം പറയുന്നത്.

നിലവിലെ പ്രൊജക്ട് ദീർഘ കാലാടിസ്ഥാനത്തിലുള്ള നഗരത്തിന്റെ രൂപരേഖക്ക് യോജിച്ചതല്ലന്നും ചില അത്യാവശ്യ മാറ്റങ്ങൾ വരുത്തണമെന്നുമാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്.

എന്നാൽ ലോൺ ലഭ്യമാക്കുന്നതിനുള്ള എല്ലാ നടപടികളും പൂർത്തിയായെന്നും ആവശ്യമായ മാറ്റങ്ങളോടെ അത്യാധുനിക മാർക്കറ്റ് ഉടൻ യാഥാർത്ഥ്യമാക്കുമെന്നും ചെയർമാൻ പറയുന്നു.

വർഷങ്ങളായി തങ്ങൾ ഉപജീവനം നടത്തി പോന്നിരുന്ന ഇടം തിരിച്ച് നൽകി നഗര സഭ ഉറപ്പ് പാലിക്കണമെന്നാണ് വ്യാപാരികളുടെയും സംഘടനകളുടെയും ആവശ്യം. കേരളത്തിലെ മറ്റ് നഗരങ്ങളെ പോലെ കുതിക്കുന്ന മലപ്പുറത്തിന്റെ നഗര വികസനം മാർക്കറ്റിനെയും അവിടത്തെ അടിസ്ഥാന ജനങ്ങളെയും ഉൾകൊള്ളിച്ചു തന്നെ വേണം നടപ്പിലാക്കാൻ. അല്ലെങ്കിൽ അത് യഥാർത്ഥ നഗരവത്കരണത്തിന്റെ മലപ്പുറം മോഡലാവില്ല.

Comments