മാവൂരിലെ 400 ഏക്കര്‍ ഭൂമി: ബിര്‍ളയ്ക്കുവേണ്ടിയുള്ള സര്‍ക്കാര്‍ ഒത്തുകളികള്‍

1958ല്‍ ഇ.എം.എസ് സര്‍ക്കാരിന്റെ കാലത്താണ് കോഴിക്കോട് മാവൂരിലെ മൂന്നുര്‍ ഏക്കറോളം ഭൂമി വ്യാവസായിക ആവശ്യത്തിനായി ബിര്‍ള മാനേജ്‌മെന്റിന് കൈമാറുന്നത്. 1963 ല്‍ പ്രവര്‍ത്തനമാരംഭിച്ച മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് കമ്പനി, രാജ്യത്തെ തന്നെ ഏറ്റവും വലിയ വുഡ് ആന്‍ഡ് പള്‍പ്പ് വ്യവസായ സ്ഥാപനമായിരുന്നു. മാവൂരെന്ന കൊച്ചുഗ്രാമത്തെ വ്യവസായ ഭൂപടത്തിലേക്ക് എത്തിച്ച ഗ്രാസിം കമ്പനിയിലൂടെ പ്രദേശത്തെ വികസന സാധ്യതകളും തൊഴില്‍ അവസരങ്ങളും ഒരുപോലെ വര്‍ധിച്ചിരുന്നു. എന്നാല്‍ കമ്പനിയുടെ പ്രവര്‍ത്തനം ആരംഭിച്ച് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ മാവൂരില്‍ ഗുരുതരമായ പാരിസിഥിതിക പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട് തുടങ്ങി. മലിനീകരണ നിയന്ത്രണ നടപടികള്‍ കൈക്കൊള്ളാതെ പ്രവര്‍ത്തിച്ചിരുന്ന ഗ്രാസിം ഫാക്ടറിയിലെ രാസമാലിന്യങ്ങള്‍ ചാലിയാര്‍ പുഴയിലേക്കാണ് നേരിട്ട് ഒഴുക്കിയിരുന്നത്. ഇത് പുഴയുടെ സ്വാഭാവിക ജൈവഘടനയെ പ്രതികൂലമായി ബാധിക്കുകയും മത്സ്യങ്ങളടക്കം ചത്തുപൊങ്ങാന്‍ കാരണമാവുകയും ചെയ്തു. പ്രദേശത്ത് കാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ പടരാനും വായുമലിനീകരണത്തിലൂടെ ആസ്തമാ രോഗികളുടെ എണ്ണം വര്‍ദ്ധിക്കാനും കമ്പനിപ്രവര്‍ത്തനങ്ങള്‍ കാരണമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കെ.ആര്‍ റഹ്‌മാന്റെ നേതൃത്യത്തില്‍ ചാലിയാര്‍സംരക്ഷണ മുദ്രാവാക്യവുമായി ജനകീയ സമരം തുടങ്ങുന്നത്. കേരളത്തിലെ ആദ്യത്തെ പാരിസ്ഥിക മുന്നേറ്റമായി മാവൂരില്‍ ഉയര്‍ന്നുവന്ന ജനകീയസമരത്തിന്റെ ഫലമായി 2001 ല്‍ കമ്പനി പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനിച്ചു.

ഇന്ന്, രണ്ട് പതിറ്റാണ്ടിനിപ്പുറവും വ്യവസായ സംരഭങ്ങളൊന്നും ആരംഭിക്കാതെ മാവൂര്‍ ടൗണിനോട് ചേര്‍ന്നുള്ള മുന്നൂര്‍ ഏക്കറോളം ഭൂമി തരിശായി കിടക്കുകയാണ്. പൊട്ടിപൊളിഞ്ഞതും ഉപേക്ഷിച്ചതുമായ കെട്ടിടങ്ങള്‍ അടങ്ങുന്ന ഈ കാടുപിടിച്ച ഭൂമിയിലൂടെ ഒരു നാടിന്റെ വികസന സാധ്യതകള്‍ കൂടിയാണ് ജീര്‍ണ്ണിച്ചുകൊണ്ടിരിക്കുന്നത്.

Comments