സ്റ്റേറ്റിൻ്റെ വികസന മുൻഗണനാപട്ടികയിൽ നിന്ന് പുറത്താക്കപ്പെടുന്ന ഏറ്റവും താഴെ തട്ടിലുള്ള മനുഷ്യരുടെ വ്യഥകൾ വയനാട് പോലുള്ള പിന്നാക്ക ദേശങ്ങളിൽ ഒറ്റപ്പെട്ട സംഭവങ്ങളല്ല. മണ്ണിൻ്റെ യഥാർത്ഥ അവകാശികളായ ആദിമ നിവാസികളുടെ നരകവാഴ്ചയുടെ ചരിതങ്ങളും സമാനമാണ്. തലമുറകളായുള്ള നിരന്തര ചൂഷണത്തിന് വിധേയരായി അരികു വൽക്കരിക്കപ്പെട്ടവരുടെ ജീവിതസാഹചര്യങ്ങൾക്ക് നഗര- ഗ്രാമ വ്യത്യാസമില്ല. അതായത്, അവർ എവിടെയും പാർശ്വവൽക്കരിക്കപ്പെട്ടവരാണ്. സാമൂഹ്യനീതിയുടെ നിഷേധം അവരെ നഗരങ്ങളുടെ അഴുക്കുചാലുകളിലേക്കാണ് എത്തിച്ചത്. വയനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ പ്രധാന അങ്ങാടികളോടുചേർന്ന് ഇങ്ങനെ അവകാശങ്ങൾ നിരാകരിക്കപ്പെട്ട മനുഷ്യരുടെ സങ്കേതങ്ങൾ നിരവധിയുണ്ട്.
ഓർക്കേണ്ട മുഖ്യകാര്യം, ഇത്തരം ടൗണുകളുടെ നിർമ്മിതിയിൽ ഈ മനുഷ്യർ നൽകിയ പങ്കിനെ കുറിച്ചാണ്. കെട്ടിടങ്ങളുടെയോ എടുപ്പുകളുടെയോ അസ്തിവാരങ്ങൾക്കായി വിയർപ്പൊഴുക്കിയവർ എന്ന നിലയിൽ മാത്രമല്ല, ഇത്തരം കച്ചവടകേന്ദ്രങ്ങളിലെ ആദ്യ ഉപഭോക്താക്കളും ആദിമനിവാസികളായ ഈ ജനതയാണ്. നിരക്ഷരരായ ഇവരാണ് ഒരുപക്ഷെ ഇവിടുത്തെ ചൂഷണത്തിൻ്റെ ആദ്യ ഇരകളായതും. കേരളത്തിലെ ആദിമനിവാസികളുടെ ജീവിതാവസ്ഥയെ സംബന്ധിച്ച് പഠനം നടത്തിയ മാധവമേനോൻ കമീഷൻ്റെ കണ്ടെത്തലുകളിൽ ഒന്നായിരുന്നു ചൂഷണത്തിന് വിധേയരാവുന്ന മനുഷ്യരുടെ ഈ കണ്ടീഷനിങ്ങ്.
അദ്ദേഹം സമർപ്പിച്ച റിപ്പോർട്ടിലെ ഒരു സിറ്റ്വേഷനുണ്ട്. ആദിവാസി പുനരധിവാസ പദ്ധതികളുടെ പരാജയത്തിൻ്റെ കാരണമന്വേഷിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹമിത് ചൂണ്ടിക്കാണിക്കുന്നത്.

‘‘പദ്ധതികളുടെ ഭാഗമായി രൂപപ്പെട്ടുവരുന്ന ജനവാസകേന്ദ്രങ്ങളോടുചേർന്ന് കച്ചവട സ്ഥാപനങ്ങൾ ഉയർന്നുവരുന്നത് പതിവാണ്. പ്രദേശത്തെ താമസക്കാർക്ക് ആവശ്യമുള്ള ഉല്പന്നങ്ങളാണ് ഇവിടെ വിൽപ്പനക്കെത്തിക്കാറ്. മിക്കവാറും അത് ലഹരിവസ്തുക്കളാവും. പുകയില, വെറ്റില, ചുണ്ണാമ്പ്, അടക്ക, സിഗരറ്റ് എന്നിവയൊക്കെയാവും പ്രധാനമായും ഇവിടെ ഉണ്ടാവുക. ഇവിടേക്കുള്ള പാതയുടെ അരികിലും ഗേറ്റിന് മുന്നിലുമൊക്കെയായി സ്ഥാപിക്കുന്ന തട്ടുകടകളിൽ, ലഹരിക്കുപുറമെ ചായയുമുണ്ടാവും. ഈ രണ്ടിനോടുമുള്ള ആദിവാസികളുടെ മമത തിരിച്ചറിഞ്ഞിട്ടാണ് കച്ചവടക്കാർ ഇവിടേക്ക് എത്തുന്നത്. അതുകൊണ്ടുതന്നെ ഇവർ തമ്മിൽ നിഗൂഢമായൊരടുപ്പം വളരെ വേഗത്തിൽ രൂപപ്പെട്ടു വരുന്നു. ഈ ബാന്ധവത്തിൻ്റ അന്ത്യം വളരെ വേഗം കടയുടമയുടെ മേധാവിത്വവും രണ്ടാമൻ്റെ കടക്കെണിയുമായിരിക്കും.
പറ്റുപുസ്തകമെന്ന പേരിൽ കടകളിൽ സൂക്ഷിക്കുന്ന അക്കൗണ്ട് ബുക്കുകളിൽ 50 പൈസ മുതൽ പത്തോ ഇരുപതോ രൂപ വരെ ചേർക്കപ്പെടുന്നതോടെ അയാളുടെ മേലുള്ള അധികാരം സാവധാനം കടയുടമയിലേക്ക് മാറുന്നു. തുച്ഛമായ കടം പോലും വീട്ടാനാവാതെ വരുന്നതോടെ പ്രദേശം ഉപേക്ഷിക്കാൻ ചിലർ നിർബന്ധിതരാവുന്നു. അവശേഷിക്കുന്നവർ ഒരിക്കലും അവസാനിക്കാത്ത ഈ ബാധ്യത കയ്യൊഴിയാൻ വൃഥാ ശ്രമിക്കും. ഇതാണ് പണയപ്പെടുത്തലുകളിലേക്ക് നീങ്ങുക’’.
തൊഴിലുടമകൾ ഭൂമിയുടെ അവകാശികളായത് പണിയർ, അടിയർ തുടങ്ങിയവരുൾപ്പെടെയുള്ളവരുടെ നഗരാധിനിവേശത്തിന് കാരണമായി.
ഈ സാഹചര്യം ഒഴിവാക്കാനായി മേൽ വിശദീകരിച്ച രീതിയിലുള്ള വ്യാപാരങ്ങൾക്ക് പദ്ധതിപ്രദേശത്ത് നിയന്ത്രണമേർപ്പെടുത്തണമെന്നും പകരം പദ്ധതിയുടെ ഭാഗമായി ആദിവാസികളുടെ മുൻ കയ്യിൽ കച്ചവട സ്ഥാപനങൾ സഹകരണമേഖലയിൽ ആരംഭിക്കണമെന്നും മാധവ മേനോൻ കമ്മീഷൻ നിർദ്ദേശിക്കുന്നുണ്ട്.
ഇവിടെ, ഉപഭോക്താവെന്ന രാജാവ് വില്പനക്കാരുടെ ആജ്ഞാനുവർത്തിയായി പരിണമിക്കുന്നതു കാണാം. ആദിവാസികളുടെ ഈ മനോനിലയുടെ അടുത്ത ഘട്ടം കൈവശമുള്ളതെല്ലാം കൈമാറുന്നതിലേക്കാണ് എത്തിച്ചേരുക. ഭൂമി പണയപ്പെടുത്തലും മറ്റും അനായാസ പ്രവൃത്തിയായി മാറും. ഈ മാറ്റം ആദിവാസികളെ സംബന്ധിച്ച് പുതുമയുള്ളതല്ല. ഈ മനുഷ്യർക്ക് എല്ലായിടത്തും അനുഭവിക്കേണ്ടിവരുന്നത് ഇതു തന്നെയാണ്. വയനാട്ടിലും അടപ്പാടിയിലും മാമലക്കണ്ടത്തും ഇടുക്കിയിലും, എന്തിന് അമേരിക്കയിലും ഓസ്ത്രേലിയയിലും ഇതേ ശൈലിയിലാണ് ആദിമനിവാസികൾ ഋണബാധിതരായി പിന്നീട് അടിമകളായി തീർന്നത്.

അങ്ങാടികൾ രൂപപ്പെട്ടു വരുന്നതോടെ അവിടുത്തെ പ്രമാണിമാരുടെ ആവശ്യങ്ങൾ നിറവേറ്റാനായി തൊഴിലാളികളായാണ് ആദിവാസികൾ ഇവിടെ താമസമാക്കുന്നത്. തൊഴിലുടമകൾ ഭൂമിയുടെ അവകാശികളായത് പണിയർ, അടിയർ തുടങ്ങിയവരുൾപ്പെടെയുള്ളവരുടെ നഗരാധിനിവേശത്തിന് കാരണമായി. അതായത് ഇവർക്ക് വശമുള്ള കൃഷിപ്പണി തേടിവരികയോ ഭൂവുടമകൾ ഇവരെ കൊണ്ടുവരികയോ ചെയ്തു. ചെറിയ അങ്ങാടികൾ ടൗണുകളായി മാറുകയും അവിടങ്ങളിലേക്ക് തൊഴിൽ തേടി മറ്റുള്ളവർ വരികയും ചെയ്തതോടെ ആദിവാസികൾ കൂടുതൽ കൂടുതൽ അരികിലേക്ക് തള്ളിമാറ്റപ്പെടുകയും ചെയ്തു.
ഈ പ്രക്രിയയുടെ ഇരകളായി തീർന്നവരുടെ യഥാർത്ഥ ദൃഷ്ടാന്തമാണ് സുൽത്താൻ ബത്തേരിയിലെ മാനിക്കുനി പണിയ ഉന്നതി.
നഗരം വികസിക്കുന്നതിൻ്റെ ഭാഗമായാണ് ഇപ്പോഴത്തെ മാനിക്കുനിയിലേക്ക് ആദിവാസി അന്തേവാസികൾ ഒതുക്കപ്പെട്ടത്. ഈ മാറ്റം സ്വാഭാവികമല്ല. മറിച്ച് ടൗണിലെ ജോലികൾ യഥാസമയം ചെയ്തുതീർക്കാൻ ഇവരെ ഇവിടെ താമസിക്കാൻ പ്രേരിപ്പിച്ചതാണെന്ന് വ്യക്തം. ശരിയ്ക്കും ഇത് ചതുപ്പാണ്. വിശാലമായ മാനിക്കുനി വയലിൻ്റെ ഒരറ്റത്താണ് ഈ ഉന്നതി. അരികിലെ കുന്നിൽനിന്ന് വെള്ളം ഒഴുകിയെത്തുന്നത് ഇവിടെക്കാണ്. മാത്രമല്ല, പാടത്തിൻ്റെ ഏറ്റവും താഴ്ന്ന ഭാഗം കൂടിയാണിത്. ചുറ്റുപാടുമുള്ള ഉയർന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം കിനിഞ്ഞെത്തുന്ന ഇവിടെ സദാ സമയവും നീർക്കെട്ടാണ്. കടുത്ത വേനലിൽപോലും ജീവിതം അസഹ്യമായ ഒരിടം. മഴക്കാലം ചിന്തിക്കാൻ പോലും കഴിയില്ല.
സുൽത്താൻ ബത്തേരിയിലെ മാനിക്കുനി പണിയ ഉന്നതിയിൽ, ഇടിഞ്ഞു വീഴാറായ വീടുകളിൽ താമസിക്കുന്ന കുടുംബങ്ങളുടെ കൃത്യമായ വിവരം പോലും ലഭ്യമല്ല. മിക്ക വീടുകളിലും രണ്ടും മൂന്നും കുടുംബങ്ങൾ ചുരുണ്ടുകൂടി കഴിയുന്നുണ്ട്. മഴയോ വെയിലോ ഏൽക്കാതെ ഇവിടെ കഴിഞ്ഞുകൂടാനാവില്ല.
വയനാട്ടിലെ പ്രധാന നഗരങ്ങളിലൊന്നാണ് സുൽത്താൻ ബത്തേരി. പ്രാചീനമായ ജീവന സംസ്കൃതി നിലനിന്ന ഇടം കൂടിയാണ് ഈ പ്രദേശം. ഗോത്രമനുഷ്യരുടെ വാസം സജീവമായിരുന്ന ഒരു ഭൂതകാലം സുൽത്താൻ ബത്തേരിക്കുണ്ട്. ഇപ്പേര് ചാർത്തപ്പെടുന്നതിന് മുമ്പും ഈ ദേശത്തിൻ്റെ പെരുമ ആദിമനിവാസികളുടെ ചരിതവുമായി ബന്ധപ്പെട്ട് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു കോണിലൂടെ നിരീക്ഷിച്ചാൽ, ആധുനിക കാലഘട്ടത്തിൻ്റെ തിരസ്കരണത്തിനിരയാക്കപ്പെട്ടവരിൽ ഭൂരിഭാഗവും തദ്ദേശീയരായ ആദിവാസികളാണ് എന്ന് മനസ്സിലാക്കാം. ഇക്കൂട്ടരിൽ ഇവിടെ അവശേഷിച്ചവരാണ് മാനിക്കുനിയിലെ ഉന്നതിയിൽ കുടുങ്ങിക്കിടക്കുന്നത്, അല്ലെങ്കിൽ, ബന്ധിതരായി കഴിയുന്നത്.
അമ്പതോളം വീടുകളിലായി നൂറ്റമ്പതിലേറെ കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. തങ്ങളുടെ പൂർവ്വികർ നാല് തലമുറയായി ഇവിടെ കഴിയുന്നവരാണെന്ന് ഇവർ കരുതുന്നു. ഇടിഞ്ഞു വീഴാറായ വീടുകളിൽ താമസിക്കുന്ന കുടുംബങ്ങളുടെ കൃത്യമായ വിവരം പോലും ലഭ്യമല്ല. മിക്ക വീടുകളിലും രണ്ടും മൂന്നും കുടുംബങ്ങൾ ചുരുണ്ടുകൂടി കഴിയുന്നുണ്ട്. വീടെന്നു പറയാമെന്നല്ലാതെ ഇതിനകത്തോ വരാന്തയിലോ മഴയോ വെയിലോ ഏൽക്കാതെ കഴിഞ്ഞുകൂടാനാവില്ല. മഴയിൽ ചേർച്ചയില്ലാത്ത കുടിലുകൾ അപൂർവ്വം. ഏതാണ്ട് 250 ചതുരശ്രയടി വീടുകളാണ് വിവിധ പദ്ധതികൾ മുഖേന വിവിധ കാലങ്ങളിൽ ഉന്നതിയിൽ പണിതത്. നഗരസഭയും പട്ടികവർഗ്ഗക്ഷേമ വകുപ്പും വ്യത്യസ്ത പദ്ധതികളിൽ ഉൾപ്പെടുത്തി വീടുകൾ നിർമ്മിച്ചുനൽകിയിട്ടുണ്ട്. വർഷക്കാലത്ത് ചോർന്നൊലിക്കുന്നത് തടയാനായി മിക്കവാറും വീടുകൾക്കുമുകളിൽ പ്ലാസ്റ്റിക് ഷീറ്റുകളെയാണ് ആശ്രയിക്കുന്നത്. ഇങ്ങനെ ടാർപോളിൻ ഷീറ്റുകൾ പുതയ്ക്കുന്ന വീടുകൾക്കകത്തേക്ക് വായു പോലും കയറില്ല. അതുകൊണ്ടുതന്നെ ഇത്തരം വീടുകളിൽ പാചകം സാധ്യമല്ല. മിക്ക വിടുകളുടെയും വൈദ്യുതിബന്ധം വിഛേദിക്കപ്പെട്ടിരിക്കുന്നു. പ്രതിമാസ വാടക നൽകാത്തതുകൊണ്ട് വീടുകളിലെ മീറ്റർ വൈദ്യുതി ബോർഡ് അഴിച്ചുമാറ്റിയിരിക്കുകയാണ്. അപകടകരമെങ്കിലും മെഴുകുതിരി ഉപയോഗിച്ചാണ് ഇത്തരം കൂരകൾക്കകത്ത് പകൽ പോലും ഇരുട്ടിനെ അകറ്റുന്നത്.

ദുർലബമെങ്കിലും വിറകിനെ ആശ്രയിച്ചാണ് ഭൂരിഭാഗം പേരും പാചകം ചെയ്യുന്നത്. ഇക്കാരണം കൊണ്ടുതന്നെ മഴക്കാലത്തെ പാചകം പ്രയാസകരവുമാണ്. ഭൂരിഭാഗം വീടുകളിലും പാചകവാതക കണക്ഷനുണ്ടെങ്കിലും അവ പ്രവർത്തനക്ഷമമല്ല. കൃത്യമായി ഗ്യാസ് നിറക്കാൻ അധികം പേർക്കും കഴിയാറില്ല. കണക്ഷൻ കിട്ടിയശേഷം ഒരു തവണ പോലും നിറക്കാത്ത ഗ്യാസ് സിലിണ്ടറുകൾ ഈ കുടിലുകളിലുണ്ട്.
ജോലി ചെയ്യാൻ പോവുന്നവരിലേറെയും ലിംഗഭേദമന്യേ കിട്ടുന്ന വേതനത്തിൻ്റെ സിംഹഭാഗം ലഹരിക്കായി ഉപയോഗിക്കുന്നു. ഇതുമൂലം കുട്ടികൾ ഉൾപ്പെടെ ലഹരി ഉപയോഗിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുന്നു. കാലി സിലിണ്ടറുകൾ നിറക്കുന്നതിനോ തുച്ഛമായ വൈദ്യതി ബിൽ ക്രത്യമായി അടക്കുന്നതിന്നോ ഇവർക്ക് ലഭിക്കുന്ന വേതനം മതിയാവാതെ വരുന്നു. റേഷൻ കടകളിൽനിന്ന് ലഭിക്കുന്ന കടല പോലുള്ള ഭക്ഷ്യവസ്തുക്കൾ വേവിച്ച് കഴിക്കാൻ കഴിയാത്തതിൻ്റെ കാരണവും മറ്റൊന്നല്ല.
വെളിയിട വിസർജ്യമുക്ത ജില്ലയിലെ ഭൂരിഭാഗം ആദിവാസി വീടുകളിലും കക്കൂസില്ല. 50- ഓളം വീടുകളുള്ള മാനിക്കുനി ഉന്നതിയിലെ പകുതിയിലധികം കുടിലുകളിലും ശൗചാലയമില്ല.
ഭൂരിഭാഗം വീടുകളിലും ശൗചാലയങ്ങളില്ല. വർഷങ്ങൾക്ക് മുമ്പ്, കോളറ മരണമുണ്ടായതിനെതുടർന്ന് ഓരോ കുടിലിനും കക്കൂസ് നിർമ്മിച്ച് നൽകിയിരുന്നു. ചതുപ്പിൽ ടാങ്കുകൾ നിർമ്മിക്കാൻ പ്രയാസമാണെന്ന വാദം നിരത്തി അക്കാലത്തും കക്കൂസുകൾ പണിയുന്നതിൽ നിന്ന് രക്ഷപ്പെടാൻ ബന്ധപ്പെട്ട വകുപ്പുകൾ ശ്രമം നടത്തിയിരുന്നു. ഇത് ഫലിക്കാതെ വന്നതോടെയാണ് പേരിനെങ്കിലും ടോയ്ലറ്റുകൾ സ്ഥാപിക്കാൻ തയ്യാറായത്. മനുഷ്യവിസർജ്യം കിണറിലെ വെള്ളത്തിൽ കലർന്നാണ് രോഗം പടർന്നതെന്ന കണ്ടെത്തലും അന്നുണ്ടായിരുന്നു. മലിനമായ ഈ കിണർ ഇപ്പോഴും മാലിന്യം നിറഞ്ഞുതന്നെ കിടക്കുകയാണ്. ഉപയോഗിക്കുന്ന അപൂർവം കക്കൂസുകൾ ഉന്നതിയിലെ ഡ്രെയിനേജിലേക്ക് തുറന്നു വിട്ടിരിക്കുകയാണ്. ഇതുണ്ടാക്കുന്ന ഗുരുതര ആരോഗ്യപ്രശ്നം അധികാരികൾ കണ്ടില്ലെന്ന് നടിക്കുന്നു.
ഉന്നതിയിൽ കഴിയുന്ന ശ്രീദേവിയുടെ കുടിലിൽ വിവാഹിതരായ മകനും മൂന്ന് പെൺകുട്ടികളും അവരുടെ കുഞ്ഞുങ്ങളും ഉൾപ്പെടെ 11 പേരുണ്ട്. അപൂർവ്വമായേ വിവാഹിതരായ പെൺകുട്ടികൾ അവരുടെ വീടുകളിലേക്ക് പോകാറുള്ളൂ. ടൗണിലെ സങ്കേതം എന്ന നിലയിൽ തൊഴിൽ കിട്ടും എന്ന പരിഗണന വെച്ചാണ് യുവാക്കൾ പങ്കാളികളുടെ വീടുകളിൽ കഴിയുന്നത്. എന്നാൽ, വേതനത്തിലേറെയും മദ്യത്തിനും ലഹരിക്കുമായി പാഴാകുന്നു. ദീർഘകാലമായി രോഗശയ്യയിലായിരുന്ന ശ്രീദേവിയുടെ ഭർത്താവ് ഏതാനും മാസങ്ങൾ മുമ്പാണ് മരിച്ചത്. ഏക മകൻ സുധീഷിന്റെ ഇടതു കൈപ്പത്തി കുട്ടിക്കാലത്തുണ്ടായ അപകടത്തിൽ നഷ്ടമായി. കോളനിക്ക് തൊട്ടടുത്ത സുൽത്താൻ ബത്തേരി പഞ്ചായത്ത് സ്റ്റേഡിയത്തിൽ കൂട്ടുകാരോടൊത്ത് കളിക്കുന്നതിനിടെയാണ് ആകസ്മികമായി പൊട്ടിത്തെറിയുണ്ടായി സുധീഷിനും കൂടെയുള്ളവർക്കും മാരകമായി പരിക്കേറ്റത്. തലേന്ന് അവിടെ സംഘടിപ്പിച്ച ഒരു സമ്മേളനത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് നടത്തിയ വെടിക്കെട്ടിൽ പൊട്ടാതെ അവശേഷിച്ച മാരകശേഷിയുള്ള പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. ലോഹിച്ചീളുകൾ തറച്ചാണ് കുട്ടികൾക്ക് മുറിവേറ്റത്. സുധീഷിൻ്റെ വൃഷണത്തിനും മാരക പരിക്കേറ്റിരുന്നു. വ്യാപാരി സംഘടനയുടെ ജില്ലാ ഘടകം സംഘടിപ്പിച്ച ആഘോഷ പരിപാടി കൊഴുപ്പിക്കാൻ ഒരുക്കിയ വെടിക്കെട്ടിന് പോലീസിൻ്റെയുൾപ്പെടെ അനുമതിയുണ്ടായിരുന്നില്ല. ഈ സംഭവം നിയമനടപടിയിലേക്ക് നീണ്ടപ്പോൾ ആദിവാസിയെന്ന പതിവ് പരിഗണനയേ സുധീഷിന് കിട്ടിയുള്ളൂ. ഒടുവിൽ, അമ്മ വാങ്ങി നൽകിയ പടക്കം പൊട്ടിയുണ്ടായ അപകടമെന്ന് വരുത്തിത്തീർത്തതായി ശ്രീദേവി സങ്കടപ്പെട്ടു. സുധീഷിന് നിഷേധിക്കപ്പെട്ട നീതിയെക്കുറിച്ചല്ല, ശ്രീദേവിക്കും ഈ കൂരയിലെ 11 മനുഷ്യർക്കും ഇപ്പോൾ പരാതി.
‘‘ഈ കുടിലിനു മുന്നിലുള്ള ചാലിലൂടെയാണ് കക്കൂസ് മാലിന്യം ഒഴുകുന്നത്. അതിൻ്റെ മുകളിലാണ് അടുപ്പ്. വീട്ടിനകത്ത് തീ കത്തിക്കാൻ പറ്റില്ല. കുട്ടികൾക്ക് എന്തെങ്കിലും തിന്നാൻ ഉണ്ടാക്കിക്കൊടുക്കാൻ മറ്റൊരു വഴിയുമില്ല. കറണ്ടിൻ്റെ മീറ്റർ കഴിഞ്ഞ ആഴ്ച ഊരിക്കൊണ്ടുപോയി. ഇനി തിരികെ കിട്ടുമെന്ന് തോന്നുന്നില്ല. അടുത്തുള്ള മുതലാളിമാരുടെ തോട്ടത്തിൽ വീണുകിടക്കുന്ന അടക്ക പെറുക്കി തൊണ്ട് കളഞ്ഞ് വിറ്റാൽ കിട്ടുന്നതുകൊണ്ട് എങ്ങനെയൊക്കെയോ കഴിയുന്നു’’, ശ്രീദേവി പറഞ്ഞു.

ഒരു വർഷം മുമ്പ് വെളിയിട വിസർജ്യ മുക്തമായി പ്രഖ്യാപിച്ച ഒരു ജില്ലയിലെ കുടിലിന്റെ അവസ്ഥയാണിത്. ഈ വെളിയിട വിസർജ്യമുക്ത ജില്ലയിലെ ഭൂരിഭാഗം ആദിവാസി വീടുകളിലും കക്കൂസില്ല. 50- ഓളം വീടുകളുള്ള മാനിക്കുനി ഉന്നതിയിലെ പകുതിയിലധികം കുടിലുകളിലും ശൗചാലയമില്ല. ഒരാൾക്ക് നിവർന്നുനിൽക്കാൻ സാധിക്കാത്ത രീതിയിൽ നിർമ്മിച്ച കക്കൂസുകളിൽ ചിലതെല്ലാം വിറകുപുരകളായോ സ്റ്റോർ റൂമുകളായോ മാറി. ചിലത് പൊളിച്ചുമാറ്റി അവിടെ ചുരുണ്ടു കൂടി കിടക്കാനിടം പണിയുന്നുണ്ട്. സുധീഷിനുവേണ്ടി അമ്മ ശ്രീദേവി പണികഴിപ്പിക്കുന്ന കിടപ്പുമുറി നേരത്തെ കക്കൂസായി ഉപയോഗിച്ച സ്ഥലമാണ്.
ദിവസത്തിൽ ഒരു തവണയെങ്കിലും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ മാനിക്കുനിയിലെ മനുഷ്യർ പാടുപെടുന്നു. സ്ഥലമുടകളെ ഭയന്ന് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കേണ്ടിവരുന്നതാണ് ഇവരെ സംബന്ധിച്ച് ഏറ്റവും വിഷമകരം.
സ്വന്തമായി കക്കൂസില്ലാത്തവരെല്ലാം സമീപത്തെ പറമ്പുകളാണ് മലവിസർജനത്തിനായി പ്രയോജനപ്പെടുത്തുന്നത്. ഉന്നതി ടൗണിനുള്ളിലായതിനാൽ പരിമിതസ്ഥലം മാത്രമേ ഇവർക്ക് ഇക്കാര്യത്തിന് ഉപയോഗപ്പെടുത്താൻ കഴിയൂ. ദിവസത്തിൽ ഒരു തവണയെങ്കിലും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ മാനിക്കുനിയിലെ മനുഷ്യർ പാടുപെടുന്നു. പ്രായപൂർത്തിയായവർ സ്ത്രീപുരുഷ ഭേദമന്യേ നേരം പുലരുന്നതിന് മുന്നേ എഴുന്നേറ്റു പോവും. സ്ഥലമുടകളെ ഭയന്ന് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കേണ്ടിവരുന്നതാണ് ഇവരെ സംബന്ധിച്ച് ഏറ്റവും വിഷമകരം. ജനവാസമില്ലാത്ത സമീപത്തെ ഉയർന്ന പറമ്പുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. മഴ പെയ്യുന്നതോടെ താഴ്ന്ന പ്രദേശത്തെ ഉന്നതിയിലേക്ക് മലിനജലം ഒഴുകിയെത്തുന്നു.
മാനിക്കുനിയിൽ കരിമ്പൻ്റെയും രമയുടെ കുടുംബം അസൗകര്യങ്ങളുടെ മറ്റൊരു ഇരയാണ്. ഇവരെ കൂടാതെ കുഞ്ഞുങ്ങൾ ഉൾപ്പെടെ 11 പേർ ഒറ്റക്കുടിലിൽ കഴിയുന്നു. മഴക്കാലത്ത് മലമൂത്ര വിസർജ്ജനം അഹസ്യമാണ്.

മാനിക്കുനി ഉന്നതിയിലെ കുടിലുകളിൽ തകർന്നവ പുനർനിർമ്മിക്കുന്നുണ്ട്. നിർത്താതെ ചെയ്യുന്ന മഴയിലും പണി പുരോഗമിക്കുന്നുമുണ്ട്. ഇതിന് മേൽനോട്ടം വഹിക്കാനോ നിരീക്ഷണത്തിനോ സംവിധാനമില്ലെന്നുവേണം കരുതാൻ. തദ്ദേശസ്വയംഭരണ സ്ഥാപനമായ നഗരസഭ പോലും ഇവിടെ നിന്ന് മാറിനിൽക്കുകയാണ്. ഉന്നതിയിൽ കുടിലുകൾ ഇല്ലാത്ത ഭാഗത്തെല്ലാം സിമൻ്റ് ടൈലുകൾ പതിപ്പിച്ചത് നഗരസഭയാണെന്ന് ചെയർമാൻ ടി.കെ. രമേശ് അവകാശപ്പെട്ടെങ്കിലും പോരായ്മകളുണ്ടെന്ന് അദ്ദേഹവും അംഗീകരിക്കുന്നു. വികസത്തിന് സ്ഥല പരിമിതിയാണ് വില്ലനെന്ന് പറഞ്ഞ് നഗരസഭയുൾപ്പെടെയുള്ള അധികൃതർ കയ്യൊഴിയുകയാണ്. എന്നാൽ ഈ പരാതി പരിഹരിക്കാൻ ഒരിക്കൽ പോലും അധികൃതർ മുന്നോട്ടുവന്നിട്ടില്ല. കോളറ പോലുള്ള മഴക്കാല സാംക്രമിക രോഗങ്ങൾ വരുമ്പോഴും താൽകാലിക പരിഹാരങ്ങൾ ചെയ്ത് പിൻമാറുകയാണ് പട്ടിക വർഗ്ഗ ക്ഷേമ വകുപ്പു പോലും.
ഭൂരഹിത- ഭവനരഹിത ആദിവാസി കുടുംബങ്ങളുടെ ക്ഷേമത്തിന് കേന്ദ്ര- സംസ്ഥാന സർക്കാരുകളും വിവിധ ഏജൻസികളും നടപ്പാക്കുന്ന പദ്ധതികൾ മാനിക്കുനി ഉന്നതിയുടെ രക്ഷയ്ക്ക് ഉപകാരപ്പെട്ടിട്ടില്ല.
ഭൂരഹിത- ഭവനരഹിത ആദിവാസി കുടുംബങ്ങളുടെ ക്ഷേമത്തിന് കേന്ദ്ര- സംസ്ഥാന സർക്കാരുകളും വിവിധ ഏജൻസികളും നടപ്പാക്കുന്ന പദ്ധതികൾ മാനിക്കുനി ഉന്നതിയുടെ രക്ഷയ്ക്ക് ഉപകാരപ്പെട്ടിട്ടില്ല. ഓരോ കുടിലുകളിലെയും കുടുംബങ്ങളുടെ കൃത്യമായ വിവരം ശേഖരിച്ച് അവർക്ക് ഭൂമിയും വീടും നൽകാൻ നിലവിൽ നിരവധി പദ്ധതികളുണ്ട്. ഇക്കാര്യത്തിൽ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക് വലിയ പങ്കുണ്ട്. ഒരിക്കലും അവസാനിക്കാത്ത ഭവന പദ്ധതികളാണ് ഇവർക്കായി നിരന്തരം നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് ഏതാണ്ട് ആറ് ലക്ഷം രൂപയാണ് വീടുപണിക്ക് ഒരു കുടുംബത്തിന് സർക്കാർ അനുവദിക്കാറ്. ഈ തുക കൊണ്ട് എത്ര മാത്രം സൗകര്യപ്രദമായ വീട് പണിയാമെന്ന സന്ദേഹം നിലനിൽക്കുന്നുണ്ടെങ്കിലും പൊതുവിഭാഗത്തിലുള്ളവർ സാമാന്യം കഴിഞ്ഞു കൂടാൻ സാധിക്കുന്ന വീടുകൾ ഈ തുക കൊണ്ട് പൂർത്തിയാക്കാറുണ്ട്. എന്നാൽ ആദിവാസികൾക്ക് ഇതിന് കഴിയാറില്ല. കാരണം, അവരോടുള്ള മുഖ്യധാരാ സമൂഹത്തിൻ്റെ സമീപനമാണ്. വീടുപണിക്ക് അനുവദിക്കുന്ന തുകയിൽനിന്ന് ഉദ്യോഗസ്ഥർ, പ്രാദേശിക രാഷ്ട്രീയ പ്രവർത്തകർ, കരാറുകാർ തുടങ്ങിയവർ തങ്ങളുടെ വിഹിതം ഈടാക്കുന്നതോടെ, ബാക്കി തുച്ഛമായ തുകയേ കൈയിലുണ്ടാകൂ. ഇതുകൊണ്ടുവേണം വീട് പണി പൂർത്തിയാക്കാൻ. മോശം നിർമാണ സാമഗ്രികൾ കുറഞ്ഞ അളവിൽ ഉപയോഗപ്പെടുത്തിയാണ് കരാറുകാർ ഈ പ്രതിസന്ധി മറികടക്കുക. ഫലമോ, നിർമ്മാണം പൂർത്തിയായി മാസങ്ങൾക്കുള്ളിൽ മേൽക്കൂര ചോരും, ചുമരുകൾ അടർന്നുവീഴും. ഈ ഘട്ടത്തിലൊരിക്കൽ പോലും പരിശോധനയ്ക്ക് അധികൃതർ തയ്യാറാവാറില്ല. പരാതിയുണ്ടായാൽ പോലും പരിഹാരവും ഉണ്ടാവില്ല.

മാനിക്കുനി ഉന്നതിയിൽ നിന്നുതന്നെ വീടുപണിയെക്കുറിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു. മഴക്കാലാരംഭത്തിൽ തുടങ്ങിയ പണി അനന്തമായി നീളുന്നതിൻ്റെ അനേകം ദൃഷ്ടാന്തങ്ങൾ ഉന്നതിയിൽ ഇപ്പോഴും കാണാം. നഗരസഭാ കാര്യാലയത്തിൽ നിന്ന് ഇരുനൂറോ മുന്നൂറോ മീറ്റർ അകലം മാത്രമേ മാനിക്കുനി ഉന്നതിയിലേക്കുള്ളൂ. നഗരസഭാ ഉപാധ്യക്ഷയുടെ ഡിവിഷൻ കൂടിയായ ഈ ഉന്നതിയിൽ തന്നെ ഒരു അങ്കണവാടിയുണ്ട്. അവിടുത്തെ ജീവനക്കാർ, ട്രൈബൽ പ്രോമോട്ടർ, ആശാ പ്രവർത്തകർ, ആരോഗ്യ വകുപ്പിന് കീഴിലുള്ള മറ്റ് പൊതുജനാരോഗ്യ പ്രവർത്തകർ തുടങ്ങിയവർക്കെല്ലാം ആഴ്ചയിലൊരിക്കലെങ്കിലും എത്തിപ്പെടാൻ കഴിയുന്ന ഒരിടമാണിത്. എന്നിട്ടും ഉന്നതിയുടെ ശോച്യാവസ്ഥ തുടരുന്നതെന്തുകൊണ്ടാണ്?
സ്കൂളിൽ പോകാത്ത കുട്ടികളുടെ സ്ഥിതിയാണ് മറ്റൊരു ഗുരുതര വിഷയം. സമീപത്തെ വിവിധ സ്കൂളുകളിൽ പ്രവേശനം നേടിയ അമ്പതിലധികം കുട്ടികൾ ഇവിടെയുണ്ട്. അവരിൽ ഭൂരിഭാഗവും പതിവായി സ്കൂളിൽ പോകാറില്ല. മഴക്കാലം, രോഗം, വസ്ത്രങ്ങളില്ല എന്നിങ്ങിനെ പോകുന്നു കാരണങ്ങൾ. ഉന്നതിയിൽ നിന്നിറങ്ങുന്നത് ടൗണിലേക്കായതുകൊണ്ട് മിക്കവാറും ആൺകുട്ടികൾ, കാര്യമൊന്നുമില്ലെങ്കിലും അങ്ങോട്ട് പോകും. പെൺകുട്ടികൾ സമീപത്തെ കൂരകളിലോ മറ്റോ മാറി നിന്ന് ദിവസം കളയും. ഏതാണ്ടെല്ലാ ദിവസവും നിരവധി കുട്ടികൾ ഇങ്ങനെ സ്കൂളിൽ പോകാതെ സമയം തള്ളിനീക്കുകയാണ്. കൊഴിഞ്ഞുപോകുന്നവരെ സ്കൂളിൽ തിരിച്ചെത്തിക്കാൻ നിരവധി പദ്ധതികളുണ്ട്. ഇവയുടെ നടത്തിപ്പിന് നഗരസഭ മുതൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളും മറ്റ് ഏജൻസികളുമുണ്ട്. ഒന്നും നടക്കുന്നില്ലെന്നുമാത്രം.
ആദിവാസികളുടെ ദുരിതജീവിതം എന്തു കൊണ്ടാണ് സുൽത്താൻ ബത്തേരി നഗരസഭയുടെ പ്രധാന അജണ്ടയിലില്ലാത്തത് എന്ന ചോദ്യം ഉന്നയിക്കേണ്ടതുണ്ട്. ആരാണ് വികസന പ്രവർത്തനങ്ങളുടെ മുൻഗണനാപട്ടിക നിശ്ചയിക്കുന്നത്?
ആഘോഷങ്ങൾക്കായി വൈദ്യുതിബൾബുകൾ കൊണ്ട് നഗരത്തിലെമ്പാടും വർണ്ണവെളിച്ചം വിതറുമ്പോൾ മാനിക്കുനിയിലെ കുടിലുകളിൽ മെഴുകുതിരി വെട്ടം മാത്രമേയുള്ളൂ എന്ന് അധികാരികൾക്കറിയാമോ? കുട്ടികൾ നഗരത്തിലെ അഴുക്കുചാലിൽ വീണുപോകുന്നത് അവർ അറിയുന്നുണ്ടോ?
കേരളത്തിലെ ശുചിത്വ നഗരമാണ് സുൽത്താൻ ബത്തേരി എന്നാണ് ഭരണകർത്താക്കളുടെ നിരന്തരമായ അവകാശവാദം. ഈ മികവിന് സംസ്ഥാന തലത്തിൽ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പ്രചരിപ്പിക്കുന്നു. ഉദ്യാനനഗരം അല്ലെങ്കിൽ പൂക്കളുടെ നഗരം എന്ന പദവിക്കായി ടൗണിലെ ഫുട്പാത്തുകളുടെ കൈവരിയിൽ ചട്ടികൾ സ്ഥാപിച്ച് ചെടികൾ വളർത്തുന്നു. അവ നനയ്ക്കാനായി പണിക്കാരെയും നഗരസഭ നിയോഗിച്ചിട്ടുണ്ട്. പുലർച്ചെ മുതൽ പാതിരാത്രി വരെ അങ്ങാടിയിലെ റോഡുകൾ ക്ലീൻ ചെയ്യുന്നു. അലക്ഷ്യമായി റോഡിൽ ഒരു മിഠായി കടലാസ് പോലും കാണാനില്ലാത്ത നഗരമെന്ന ഖ്യാതി വ്ലോഗർമാർ വാഴ്ത്തിപ്പാടുമ്പോൾ അത് സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ വൈറലാക്കാൻ യത്നിക്കുകയാണ് ഭരണാനുകൂലികൾ. അതുമാത്രമോ, ബത്തേരി ‘Happy Bathery’ യാണത്രേ. പൊതുനിരത്തിലെ ചുമരുകളിൽ വ്യാപകമായി ഇത് ഘോഷം ചെയ്തിരിക്കുന്നു. ആർക്കാണ് ഇവിടെ സന്തോഷം? നഗരസഭാ ഓഫീസിൽ നിന്ന് കണ്ണെത്തും ദൂരത്തുള്ള മാനിക്കുനി ഉന്നതിയിൽ, ചോർന്നൊലിക്കുന്ന കുടിലുകളിൽ കഴിയുന്ന ഈ മനുഷ്യർക്ക് എന്ത് ആനന്ദം? ചുറ്റും ഒഴുകിപ്പരക്കുന്ന മലം കലർന്ന വെള്ളത്തിൽ ജീവിക്കുന്ന ഈ മനുഷ്യരെ ഈ ആഘോഷത്തിനിടയിൽ എങ്ങനെയാണ് അടയാളപ്പെടുത്തേണ്ടത്?
ആഘോഷങ്ങൾക്കായി വൈദ്യുതിബൾബുകൾ കൊണ്ട് നഗരത്തിലെമ്പാടും വർണ്ണവെളിച്ചം വിതറുമ്പോൾ മാനിക്കുനിയിലെ കുടിലുകളിൽ മെഴുകുതിരി വെട്ടം മാത്രമേയുള്ളൂ എന്ന് അധികാരികൾക്കറിയാമോ? കുട്ടികൾ നഗരത്തിലെ അഴുക്കുചാലിൽ വീണുപോകുന്നത് അവർ അറിയുന്നുണ്ടോ?














