കുഞ്ഞിരാമനും കുടുംബവും; തോണിയിലൊരു നിലയില്ലാ ജീവിതം

ഇത് കുഞ്ഞിരാമന്‍, 70 വയസുണ്ട്. മഴക്കാലമായാല്‍ കുഞ്ഞിരാമന് വിശ്രമമില്ല. സാധനം വാങ്ങാനും കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനും ആശുപത്രിയില്‍ പോകാനും തുടങ്ങി എന്തിനും തോണി തുഴഞ്ഞുവേണം പോകാന്‍. വടകര ആയഞ്ചേരി പഞ്ചായത്തിലെ തൊറപ്പൊയില്‍ എന്ന ഗ്രാമത്തില്‍ എലത്തുരുത്തി എന്ന തുരുത്തിലാണ് പുറം ലോകവുമായി ബന്ധമറ്റ് ഒറ്റപ്പെട്ട് ഒരു കുടുംബം ഭീകരമായ ദുരിതമനുഭവിക്കുന്നത്. പഞ്ചായത്ത് അധികൃതര്‍ സ്ഥലം എം.എല്‍.എ മന്ത്രി തുടങ്ങി കുഞ്ഞിരാമനും കുടുംബവും മുട്ടാത്ത വാതിലില്ല. എന്നാല്‍ ഓരോ മഴക്കാലവും ഈ ദുരിതക്കയം തുഴഞ്ഞുവേണം ഈ കുടുംബത്തിന് വീടെത്താന്‍. തങ്ങള്‍ക്ക് സഞ്ചാരയോഗ്യമായൊരു വഴി അടിയന്തിരമായി തുറന്നു തന്നില്ലെങ്കില്‍ ഈ ജീവിതം ജീവിച്ച് തീര്‍ക്കാനാവില്ലെന്ന് നിസ്സഹായതോടെ പറയുകയാണ് കുഞ്ഞിരാമാന്‍.

പത്ത് ഏക്കറോളം വരുന്ന തുരുത്തില്‍ മഴക്കാലമായാല്‍ നാല് ഭാഗവും വെള്ളം വന്ന് നിറയും. മഴകുടുംന്തോറും വെള്ളവും കൂടൂം. നല്ലമഴപെയ്താല്‍ വീടിന്ന് പുറത്ത് ഇറങ്ങാന്‍ പറ്റില്ല. ചുറ്റുമുള്ള തുരുത്തുകളിലേക്കെല്ലാം കാലക്രമേണ വഴി വന്നെങ്കിലും എലത്തുരുത്തി തിരിഞ്ഞ് നോക്കാന്‍ ആരുമില്ലാതെ നിരന്തരം അവഗണയേറ്റ് ഒറ്റപ്പെട്ടുപോയി. നല്ലൊരു തുക അഡ്വാന്‍സ് കൊടുത്ത് വാടകയ്ക്ക് വാങ്ങിയ തോണിയുമായാണ് കുഞ്ഞിരാമന്‍ ഇപ്പോള്‍ യാത്രചെയ്യുന്നത്. കുട്ടികളെ സ്‌കൂളില്‍ കൊണ്ട് വിടാനുള്ളത് കൊണ്ട് ജോലിക്ക് പോകാനും കഴിയില്ല.

അറുപതു കൊല്ലമായി കുഞ്ഞിരാമനും കുടുംബവും നേരിടുന്ന ഈ യാത്ര പ്രശ്‌നത്തെക്കുറിച്ച് ഞങ്ങള്‍ പഞ്ചായത്ത് അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടില്ലെന്നായിരുന്നു പഞ്ചായത്ത് സെക്രട്ടറി സുമേഷിന്റെ പ്രതികരണം. പ്രശ്‌നം പരിഹരിക്കാനുള്ള ഇടപെടല്‍ ഉണ്ടാകുമെന്ന് ആയഞ്ചേരി പഞ്ചായത്ത് സെക്രട്ടറി ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു. ഇത്രയും കാലം ഇങ്ങനെയൊരു വിഷയം പഞ്ചായത്തിന്റെ ശ്രദ്ധയില്‍ വന്നില്ല എന്ന് പറയുന്നത് ഭരണകൂട സ്ഥാപനങ്ങള്‍ പൗരരുടെ ജീവിതത്തെ എത്ര നിരുത്തരവാദപരവും മനുഷ്യത്വ രഹിതവുമായാണ് കാണുന്നത് എന്നതിന്റെ തെളിവാണ്. പരിഹരിക്കാനുള്ള തീരുമാനമെടുത്താല്‍ എളുപ്പം പരിഹരിക്കാവുന്ന വിഷയമാണ്. തീരുമാനമെടുക്കലാണ് പ്രശ്‌നം. പഞ്ചായത്ത് അധികൃതരും രാഷ്ട്രീയ പാര്‍ട്ടികളും തുരുത്തില്‍ ഒറ്റപ്പെട്ടുപോയ ആ കുടുംബത്തിന്റെ പ്രശ്നത്തോട് ഇനിയും മുഖം തിരിക്കുന്നത് നീതികേടാണ്.

Comments