നിർമാണപ്രവർത്തനം പാടില്ലാത്ത സി.ആർ.ഇസെഡ് ഒന്നിലുണ്ടായിരുന്ന ഒരു മേഖലയെ മൂന്നിലാക്കാൻ തക്ക എന്ത് ഇക്കോളജിക്കൽ ചെയ്ഞ്ചസ് ആണ് വിഴിഞ്ഞത്ത് നടന്നത് എന്ന് ചോദിച്ചപ്പോൾ, പഠനസംഘത്തിലെ പ്രിൻസിപ്പൽ സയൻറിസ്റ്റ് പറഞ്ഞത്, താനൊരു ഉദ്യോഗസ്ഥനാണ്, തനിക്ക് സർക്കാർ ആവശ്യപ്പെടുന്ന പ്രകാരമുള്ള റിപ്പോർട്ട് കൊടുക്കാനേ കഴിയൂ എന്നാണ്. ഇതിന്റെ അർഥമെന്താണ്? സർക്കാർ ആവശ്യപ്പെടുന്ന റിപ്പോർട്ട് അവർ കൃത്രിമമായി ഉണ്ടാക്കുന്നു.
കെ. കണ്ണൻ: വിഴിഞ്ഞം തുറമുഖനിർമാണത്തിനെതിരെ സമരം ചെയ്ത മത്സ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യം, തുറമുഖ നിർമാണം നിർത്തിവച്ച് തങ്ങളുടെ പ്രതിനിധികൾ കൂടി ഉൾപ്പെടുന്ന വിദഗ്ധസംഘത്തെക്കൊണ്ട് ആഘാതപഠനം നടത്തണം എന്നതായിരുന്നുവല്ലോ. തുറമുഖനിർമാണം തീരശോഷണമുണ്ടാക്കുന്നു എന്നത് വലിയതുറ, ശംഖുമുഖം തീരങ്ങൾ ചൂണ്ടിക്കാട്ടി മത്സ്യത്തൊഴിലാളികൾ പറയുന്നുണ്ട്. എന്നാൽ, തീരശോഷണം സംഭവിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രി നിയമസഭയിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, സർക്കാർ മുൻകൈയിൽ സംഘടിപ്പിച്ച സെമിനാറിൽ ചില വിദഗ്ധരും, തുറമുഖ നിർമാണം മൂലം തീരശോഷണമുണ്ടാകണമെങ്കിൽ കോവളത്താണ് ആദ്യം ഉണ്ടാകേണ്ടത്, അതുണ്ടായിട്ടില്ല എന്ന് പറയുന്നു. ഇത്തരം വാദങ്ങൾക്ക് സർക്കാർ അടക്കമുള്ളവർ അടിസ്ഥാനമാക്കുന്നത് ഇന്ത്യൻ നാഷനൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (‘ഇൻകോയ്സ്’) നൽകിയ റിപ്പോർട്ടാണ്. മറ്റു ശാസ്ത്രസ്ഥാപനങ്ങളും സമാന റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട്. ഇത്തരം റിപ്പോർട്ടുകളുടെ ശാസ്ത്രീയത എത്രത്തോളമാണ്? ഈ വിഷയത്തിൽ, മത്സ്യത്തൊഴിലാളികളുടെ അനുഭവജ്ഞാനം കൂടി ഉൾക്കൊള്ളിച്ച് നടത്തിയ പഠനങ്ങളിലെ കണ്ടെത്തലുകൾ ചർച്ച ചെയ്യപ്പെടുന്നില്ല. അത്തരം പഠനങ്ങൾക്ക് നേതൃത്വം നൽകിയ ആളെന്ന നിലയ്ക്ക്, വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥാപനങ്ങൾ നടത്തിയ തീരദേശ- സമുദ്ര പഠനങ്ങളുടെ ആധികാരികത എത്രത്തോളമുണ്ട്?
ഡോ. ജോൺസൺ ജമൻറ്: സമുദ്രശാസ്ത്രം വളരെ വികലമായി അവതരിപ്പിക്കുന്ന സംസ്ഥാനമാണ് കേരളം. ഇക്കാര്യത്തിൽ രണ്ട് ‘സ്‌കൂൾ ഓഫ് തോട്ടു’കളുണ്ട്.
ഒന്ന്, ലാൻഡ് ബേസ്ഡ് ആയ നോളജുള്ളവരോ കരയിലിരുന്ന് സമുദ്ര ഗവേഷണം നടത്തുന്നവരോ ആണ് ഇന്ത്യയിലെ, അല്ലെങ്കിൽ കേരളത്തിലെ എല്ലാ ഇൻസ്റ്റിറ്റ്യൂട്ടുകളിലും പ്രവർത്തിക്കുന്നത്. അവർക്ക് കടലനുഭവമില്ല, അല്ലെങ്കിൽ അവർ ഗവേഷണം നടത്തുന്നത് കടലിലോ കരയിലോ നിരന്തരം പോയിട്ടല്ല. ഇവർക്കൊപ്പം പ്രവർത്തിച്ച അനുഭവത്തിൽനിന്നാണ് ഞാനിതു പറയുന്നത്. ഒരു ഉദാഹരണം പറയാം. ശംഖുമുഖം തീരം തിരിച്ചുവന്നു എന്നു പറഞ്ഞ് ഡെപ്യൂട്ടി ഹൈഡ്രോഗ്രാഫറായി വിരമിച്ച സതീഷ് ഗോപി ഒരു മാസം മുമ്പ് ഫേസ്ബുക്ക് പോസ്റ്റിട്ടു. 30 മീറ്ററോ മറ്റോ ഒരു കണക്കും കൊടുത്തിരുന്നു. ഈ തീരത്തെ കുറിച്ചുള്ള അജ്ഞതയാണ് ഇതിൽനിന്ന് തെളിയുന്നത്. കാരണം ബീച്ചിനെ മനസിലാക്കേണ്ടത്, നീളം വെച്ച് മാത്രമല്ല, പൊക്കം കൂടി എടുക്കണം. എന്തുമാത്രം പൊക്കത്തിൽ ബീച്ച് ഉണ്ടായിരുന്നു, ആ പൊക്കത്തിലും നീളത്തിലും ബീച്ച് തിരിച്ചുവരുന്നുണ്ടോ എന്നതാണ് ചോദ്യം. അങ്ങനെയാണെങ്കിൽ പറയാം, ബീച്ച് തിരിച്ചുവന്നു എന്ന്, അല്ലെങ്കിൽ അത് താൽക്കാലിക പ്രതിഭാസമായിരിക്കും. ഈ വർഷം മൺസൂൺ വളരെ ദുർബലമായിരുന്നു, പ്രത്യേകിച്ച് തിരുവനന്തപുരം തീരത്ത് വർഷങ്ങളായി ദുർബലമായിക്കൊണ്ടിരിക്കുകയാണ് മൺസൂൺ. അതാണ് ഇവിടെ യഥാർത്ഥത്തിൽ നടന്ന വലിയൊരു കാലാവസ്ഥാ വ്യതിയാനം.
‘ക്രെഡിബിൾ’ എന്ന് വിശേഷിപ്പിക്കപ്പെടുന്നവരുടെ, വർഷങ്ങളുടെ ഗവേഷണ- പഠന അനുഭവങ്ങളുള്ളവരെന്ന് അവകാശപ്പെടുന്നവരുടെ കണ്ടെത്തലുകളിൽ നിരവധി പരിമിതികളും തെറ്റായ കാര്യങ്ങളും ഉണ്ടെന്ന് നമ്മൾ മനസിലാക്കിയിട്ടുണ്ട്. അതിന് ഒരുപാട് തെളിവുമുണ്ട്.
മറ്റൊരു ഉദാഹരണം പറയാം. 2017 ൽ, ഓഖിയുടെ സമയത്ത് വിഴിഞ്ഞം ഭാഗത്ത് ഒരു ചെറിയ ഇറാൻ കപ്പൽ മുങ്ങി, തൊഴിലാളികൾ രക്ഷപ്പെട്ടു. കപ്പൽ എവിടെയാണ് മുങ്ങിക്കിടക്കുന്നത് എന്നറിയാനുള്ള പഠനം സതീഷ് ഗോപിയുടെ നേതൃത്വത്തിലാണ് നടത്തിയത്. അന്ന് ഇദ്ദേഹം ഡെപ്യൂട്ടി ഹൈഡ്രോഗ്രാഫറാണ്. ഒഴുക്കനുസരിച്ച് കപ്പൽ ഏകദേശം പൂന്തുറ ഭാഗത്ത് പോയിരിക്കാനാണ് സാധ്യതയെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. എന്നാൽ, ഇവർ അവിടെ അന്വേഷിച്ചില്ല. എക്കോ സൗണ്ടർ ഉപയോഗിച്ചാണ് സെർച്ച് എന്നതിനാൽ, അതിന് ഡിറ്റക്ട് ചെയ്യാൻ പറ്റുന്നതേ അറിയാനാകൂ. ഇവരുടെ പഠനത്തിൽ കപ്പൽ കണ്ടെത്താനായില്ല. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ പൂന്തുറയിലെ ഒരു മത്സ്യതൊഴിലാളി ചൂണ്ടയിട്ട് മീൻ പിടിച്ചുകൊണ്ടിരിക്കേ എന്തോ ഒരു സാധനം ഉടക്കി. അത് കപ്പലിന്റെ ഭാഗമായിരുന്നു. മുൻപവിടെ അതില്ലായിരുന്നു. അദ്ദേഹം ‘ഫ്രൻറ്സ് ഓഫ് മറൈൻ ലൈഫ്’ എന്ന ഞങ്ങളുടെ കൂട്ടായ്മയെ അറിയിച്ചു. ഞങ്ങൾ അവിടെ പോയി അണ്ടർ വാട്ടർ സ്റ്റഡി നടത്തി. ഈ മത്സ്യതൊഴിലാളി പറഞ്ഞതു പോലെ അവിടെ കപ്പലുണ്ടായിരുന്നു. പിറ്റേ ദിവസം പത്രങ്ങളിൽ വാർത്ത വന്നപ്പോൾ, നിങ്ങൾ ഇല്ലാത്ത വാർത്ത കൊടുക്കരുത് എന്നു പറഞ്ഞ് സതീഷ് ഗോപി ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. ശാസ്ത്രഗവേഷകർ എന്നു പറയുന്നവരുടെ അവസ്ഥ ഇതാണ്.
രണ്ടാമത്തെ സ്‌കൂൾ ഓഫ് തോട്ട്, മത്സ്യതൊഴിലാളികളുടെ ഇൻഡിജീനിയസ് നോളജ് അടിസ്ഥാനമാക്കിയുള്ള പഠനമാണ്. പരമ്പരാഗതമായും അനുഭവങ്ങളുടെ അടിസ്ഥാനത്തിലും അവർക്കുള്ള അറിവ് ഉപയോഗപ്പെടുത്തുക. സ്ഥാപനങ്ങളിലെ വിദഗ്ധർക്ക് ആഗോള കാര്യങ്ങളെക്കുറിച്ചുള്ള തിയറി പറയാനാവുമായിരിക്കും. പക്ഷേ, തദ്ദേശ സാഹചര്യങ്ങൾ വ്യത്യസ്തമായിരിക്കും. തിരുവനന്തപുരം കോസ്റ്റിൽ എന്തുനടക്കുന്നു, അവിടെ എന്തൊക്കെ പ്രത്യേകതകളുണ്ട് എന്നൊക്കെ മനസിലാക്കാൻ അവിടെ വന്നുതന്നെ പഠിക്കണം. കാരണം ലോക്കൽ കൺഡീഷൻസ് ഇൻഫ്ലുവെൻസ്ഡ് ആണ്. മൂന്നുനാല് വർഷമായി കാലാവസ്ഥാ മുന്നറിയിപ്പു സംവിധാനം മെച്ചപ്പെടുത്താൻ ‘കുസാറ്റി’ലെ ഡോ. എസ്. അഭിലാഷ് അടക്കമുള്ളവരുമായി ചേർന്ന് ഞങ്ങൾ പഠനം നടത്തുകയാണ്. അതിൽ മനസിലാക്കിയ ഒരു കാര്യം, തിരുവനന്തപുരത്തുതന്നെ കാറ്റിന്റെ ദിശയും വേഗതയും വ്യത്യസ്ത രീതിയിലാണ് അനുഭവപ്പെടുന്നത് എന്നാണ്. വിഴിഞ്ഞത്തിന് 10 കി.മീ വടക്കുഭാഗത്ത് വീശുന്ന കാറ്റല്ല തെക്ക് വീശുന്നത്. ഇത്തരം വേരിയേഷനുകളും വൈവിധ്യങ്ങളും മനസിലാക്കാൻ നിരന്തരം തീരപ്രദേശം സന്ദർശിച്ച് പഠനം നടത്തേണ്ടതുണ്ട്.
പക്ഷേ ഇവിടെ അങ്ങനെയല്ല ചെയ്യുന്നത്. ആദ്യം സൂചിപ്പിച്ച സ്‌കൂൾ ഓഫ് തോട്ട്, ഇവിടുത്തെ സ്ഥാപനങ്ങളാണ്. ‘ക്രെഡിബിൾ’ എന്ന് വിശേഷിപ്പിക്കപ്പെടുന്നവരുടെ, വർഷങ്ങളുടെ ഗവേഷണ- പഠന അനുഭവങ്ങളുള്ളവരെന്ന് അവകാശപ്പെടുന്നവരുടെ കണ്ടെത്തലുകളിൽ നിരവധി പരിമിതികളും തെറ്റായ കാര്യങ്ങളും ഉണ്ടെന്ന് നമ്മൾ മനസിലാക്കിയിട്ടുണ്ട്. അതിന് ഒരുപാട് തെളിവുമുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ടുതന്നെ അത് പറയാനാകും. ഈയൊരു പാശ്ചാത്തലത്തിലാണ്, ‘ഇൻകോയ്സി’ന്റെ റിപ്പോർട്ട് വിലയിരുത്തേണ്ടത്.
തീരശോഷണമുണ്ടായിട്ടില്ല എന്ന് പറയപ്പെടുന്ന കോവളത്തിന്റെ കാര്യമെടുക്കാം. 2015 നുമുൻപ് ഈ സ്ഥലത്തുണ്ടായ കാലാവസ്ഥപരമായ ഒരെയൊരു വിഷയം, 2004 ഡിസംബർ 26 ലെ സുനാമിയാണ്. അന്ന് ഞാൻ കോവളത്ത് വർക്ക് ചെയ്യുകയാണ്. കോവളത്ത് എന്തുമാത്രം ബീച്ചുണ്ടായിരുന്നു എന്ന് ഞാൻ കണ്ടിട്ടുണ്ട്. 2015 നുശേഷമുള്ള ബീച്ചിന്റെ കാര്യത്തിൽ വലിയ വ്യത്യാസമുണ്ട്, തീരം നഷ്ടമായിട്ടുണ്ട്. തുറമുഖ പദ്ധതിക്കുമുമ്പും ശേഷവുമുള്ള ഡാറ്റ എടുത്താൽ, ഈ പദ്ധതി ഇവിടുത്തെ ലോക്കൽ കണ്ടീഷൻസിനെ സ്വാധീനിച്ചിട്ടുണ്ട് എന്നുകാണാം. അതുകൊണ്ട് കോവളത്തെ തീരത്തിന് മാറ്റമുണ്ടായില്ല എന്നുപറയുന്നത് തെറ്റാണ്. തൊട്ടപ്പുറത്തെ സ്ഥലങ്ങളിൽ പത്തോ ഇരുപതോ മീറ്ററായിരിക്കും തീരം പോയിട്ടുള്ളത്, കോവളത്ത് കുറവായിരിക്കാം എന്നു മാത്രം. അതിന് കാരണം ലോക്കൽ കണ്ടീഷൻസാണ്. ചുറ്റും പാറയാണ്. പാറയുടെ ഇടക്ക് ഒരു ബേ ഉണ്ടാവും. ഇത് കോസ്റ്റൽ സയൻസിന്റെ അടിസ്ഥാന ധാരണയുള്ള ആർക്കും മനസിലാവുന്ന കാര്യമാണ്. ഇത്തരം കാര്യങ്ങൾ മറച്ചുപിടിക്കുന്ന ഈ ഉദ്യോഗസ്ഥർക്ക് ഓഷ്യൻ ബേസ്ഡ് ആയ നോളജ് ഉണ്ടോ എന്നുപോലും എനിക്ക് സംശയമുണ്ട്. ഓഷ്യൻ ലിറ്ററസി പോലും ഉണ്ടോ എന്നും സംശയമാണ്.
കടലിൽ നിന്നാണ് ഏറ്റവും കൂടുതൽ ഓക്സിജൻ കിട്ടുന്നത് എന്ന് പറഞ്ഞപ്പോൾ ‘അങ്ങനെയാണോ’ എന്ന് പരിഹാസത്തോടെ ചോദിച്ച മറൈൻ സയന്റിസ്റ്റുള്ള നാടാണിത്. കാട്ടിൽ നിന്നാണ് ഏറ്റവും കൂടുതൽ ഓക്സിജൻ ലഭിക്കുന്നത് എന്നാണ് പൊതുധാരണ. മനുഷ്യന് ആവശ്യമുള്ള ഓക്സിജന്റെ 50 ശതമാനത്തിലേറെയും സമുദ്രത്തിലെ ജൈവവൈവിധ്യമാണ് നൽകുന്നത്.
വളരെ പ്രസക്തമായ മറ്റൊരു കാര്യം കൂടി പറയാം.
‘ഇൻകോയ്സി’ന്റെ പഠനങ്ങൾക്ക് നിരവധി പരിമിതികളുണ്ട്. ഓഖിക്കുതൊട്ടുമുമ്പ്രാത്രി കടലിൽ ന്യൂനമർദത്തിന്റെ ഇംപാക്റ്റുണ്ടായിരുന്നു. ഓഖി സൈക്ലോൺ ആവുന്നതിനുമുമ്പുതന്നെ വള്ളങ്ങൾ മറിഞ്ഞുകഴിഞ്ഞു. കാരണം ഡിപ്രഷന്റെ അത്രയും വേഗത കാറ്റിനുണ്ടായിരുന്നു. അന്നുരാവിലെ തുമ്പയിലെ പാട്രിക് പെരേര എന്ന മത്സ്യതൊഴിലാളി ‘ഇൻകോയ്സി’ലെ സയൻറിസ്റ്റിനെ വിളിച്ചുചോദിച്ചു, ഇന്ന് കടലിന് എന്തെങ്കിലും പ്രത്യേകതയുണ്ടോ എന്ന്. അദ്ദേഹം പറഞ്ഞത് പ്രശ്നമൊന്നുമില്ല എന്നാണ്. പക്ഷെ, ആ മത്സ്യത്തൊഴിലാളി അത് തിരിച്ചറിഞ്ഞിരുന്നു. മാത്രമല്ല, കടലിലുണ്ടായ ഈ മാറ്റം തിരിച്ചറിഞ്ഞ് അന്ന് മത്സ്യബന്ധനത്തിനുപോയവരിൽ ഏതാണ്ട് 95% പേരും തിരിച്ചുവന്നു. 35, 40 കി.മീ ദൂരെ പോയവർ മാത്രമാണ് അപകടത്തിൽ പെട്ടത്. അതിനും വിഴിഞ്ഞം പദ്ധതിയുമായി ചെറിയ രീതിയിൽ ബന്ധമുണ്ട്. 2016 ൽ തുറമുഖ നിർമാണത്തിന്റെ തുടക്കമായി ചെയ്തത് ഡ്രഡ്ജിങ് ആണ്. അവിടുത്തെ അണ്ടർ വാട്ടർ ഇക്കോ സിസ്റ്റം തകർത്ത്, ഇഷ്ടം പോലെ കടലിൽ നിന്ന് മണ്ണെടുത്ത് കൃത്രിമമായി കരയുണ്ടാക്കി. കടലിന്റെ എനർജി കുറച്ച്, ശാന്തമാക്കി നിലനിർത്താൻ സഹായിക്കുന്ന ജൈവവൈവിധ്യം ഇല്ലാതാക്കിയാണ് നിർമാണം തുടങ്ങിയത്. നിർമാണോദ്ഘാടനത്തിനുമുമ്പുതന്നെ ഡ്രഡ്ജിങ് തുടങ്ങിയിരുന്നു. ഇതേതുടർന്ന്തീരക്കടലിലെ ജീവജാലങ്ങൾ കുറെ നശിച്ചുപോയി. അതോടെ, തീരക്കടലിൽ നടക്കുന്ന ഫോട്ടോസിന്തസിസ് പ്രക്രിയ ഇല്ലാതായി. ഉൾക്കടലിലെ മീനുകൾ തീര ക്കടലിൽ വന്ന് പ്രസവിച്ചശേഷം ഉൾക്കടലിലേക്ക് തിരിച്ചുപോകുന്നത് നമ്മൾ ഡോക്യുമെൻറ് ചെയ്യ്തിട്ടുണ്ട്. ഡ്രഡ്ജിംഗ് മൂലം മീനുകൾക്ക് തങ്ങിനിൽക്കാനുള്ള സ്ഥലം നഷ്ടപ്പെട്ടു. മീനുകൾ കുറച്ചുകൂടി ഉള്ളിലോട്ട് പോയി. അവയെ പിടക്കാൻ മത്സ്യതൊഴിലാളികൾക്കും ഏറെ ദൂരം പോകേണ്ടിവന്നു. അങ്ങനെ ഉള്ളിലോട്ട് പോകാൻ നിർബന്ധിതരായ മത്സ്യത്തൊഴിലാളികളാണ് ഓഖിയിൽ മരിച്ചത്. അതാണ് ഈ ദുരന്തത്തിനുപോലും വിഴിഞ്ഞവുമായി ചെറിയ രീതിയിൽ ബന്ധമുണ്ടെന്ന് പറയാൻ കാരണം.
ഒരുദാഹരണം കൂടി പറയാം. കടലിൽ നിന്നാണ് ഏറ്റവും കൂടുതൽ ഓക്സിജൻ കിട്ടുന്നത് എന്ന് പറഞ്ഞപ്പോൾ ‘അങ്ങനെയാണോ’ എന്ന് പരിഹാസത്തോടെ ചോദിച്ച മറൈൻ സയന്റിസ്റ്റുള്ള നാടാണിത്. കാട്ടിൽ നിന്നാണ് ഏറ്റവും കൂടുതൽ ഓക്സിജൻ ലഭിക്കുന്നത് എന്നാണ് പൊതുധാരണ. അതുകൊണ്ടാണ് പരിസ്ഥിതി ദിനത്തിൽ ചെടി നടൽ പരിപാടികളൊക്കെ നടത്തുന്നത്. എന്നാൽ, മനുഷ്യന് ആവശ്യമുള്ള ഓക്സിജന്റെ 50 ശതമാനത്തിലേറെയും സമുദ്രത്തിലെ ജൈവവൈവിധ്യമാണ് നൽകുന്നത്. ഇതുപോലുമറിയാത്ത എത്രയോ പേർ ഇവിടെ മറെൻ സയന്റിസറ്റുകളായിട്ടുണ്ട്. ഇതെല്ലാം പൊതുസമൂഹത്തെയും രാഷ്ട്രീയക്കാരെയും ഭരണകൂടത്തെയും സിവിൽ സർവെൻറ്സിനെയും ബാധിക്കും.
ആധികാരികം എന്ന മട്ടിൽ ഒരു ‘വിദഗ്ധൻ' ഹിന്ദു പത്രത്തിൽ എഴുതിയ പഠനറിപ്പോർട്ടിൽ, കോവളം മുതൽ പെരുമാക്കല്ല് വരെയുള്ള ദൂരം 11.7 കിലോമീറ്റർ എന്നാണ് പറഞ്ഞിരിക്കുന്നത്. ഞങ്ങൾ അളന്നപ്പോൾ 5.6 കിലോമീറ്റർ മാത്രമാണുള്ളത്. കരയിലിരുന്നും ഗൂഗ്ൾ മാപ്പ് ഉപയോഗിച്ചും തീരത്തിന്റെ പ്രത്യേകത അറിയാനാകില്ല എന്നു ചുരുക്കം. ഈ വിദഗ്ധന്റെ മറ്റൊരു ‘കണ്ടെത്തൽ' തുറമുഖത്തെ അനുകൂലിക്കുന്ന ചില ഗ്രൂപ്പുകൾ വ്യാപകമായി ഷെയർ ചെയ്തിരുന്നു. കോവളം ക്ലിഫിന്റെ നീളം 1446 മീറ്ററാണ് എന്നായിരുന്നു ഈ ‘കണ്ടെത്തൽ'. തുറമുഖത്തിനുവേണ്ടി നിർമിക്കുന്ന പുലിമുട്ടിനേക്കാളും നീളത്തിലാണ് ക്ലിഫിന്റെ നീളം എന്നാണ് ഇതിലൂടെ സ്ഥാപിക്കാൻ ശ്രമിച്ചത്. പുലിമുട്ടിന്റെ നീളം 1350 മീറ്ററാണ്. അതുകൊണ്ട്, ക്ലിഫിന്റെ നീളമാണ്, പുലിമുട്ടിനേക്കാൾ തീരശോഷണത്തിന് കാരണമാകുന്നത് എന്നാണ് ഇദ്ദേഹത്തിന്റെ വാദം. മത്സ്യത്തൊഴിലാളികൾ ‘തലക്കല്ല്' (കടലിൽനിന്ന് കരയിലേക്ക് വരുമ്പോൾ ആദ്യം കാണുന്ന കല്ല്) എന്നു പറയുന്ന ക്ലിഫിന്റെ നീളം ഞങ്ങൾ അളന്നപ്പോൾ 300- 350 മീറ്റർ മാത്രമായിരുന്നു നീളം.
പദ്ധതി പ്രദേശത്ത് കൃത്യമായ പഠനം നടത്തണമെങ്കിൽ അണ്ടർവാട്ടർ സ്റ്റഡിയും ബീച്ച് പ്രൊഫൈൽ പഠനവും നടത്തണമായിരുന്നു. അടിത്തട്ടിൽ പോയി എന്താണ് പ്രത്യേകത എന്ന് പഠിക്കണമായിരുന്നു. ‘ഇൻകോയ്സ്’ അങ്ങനെ പഠനം നടത്തിയിട്ടില്ല. നേരെമറിച്ച്, തങ്ങൾക്ക്ഫ്ലേവറബിൾ ആയ, മറ്റ് സ്ഥലങ്ങളിൽ മുമ്പ് നടന്ന പഠനങ്ങളെ ഉദ്ധരിച്ചാണ് അവർ സർക്കാറിന് റിപ്പോർട്ട് കൊടുത്തത്.
കടലുമായി ബന്ധപ്പെട്ട അറിവുള്ളത് മത്സ്യതൊഴിലാളികൾക്കാണ്. കാരണം, അവർ നിരന്തരം കടലിൽ പോകുന്നവരാണ്. ഓഷ്യാനിക് കണ്ടീഷൻസ് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് മനസിലാക്കിയാൽ മാത്രമേ അവർക്ക് തൊഴിലെടുക്കാൻ പറ്റൂ. കാറ്റിനെയും ഒഴുക്കിനെയുമൊക്കെ കുറിച്ച് നോളജുള്ള മത്സ്യ തൊഴിലാളികളുടെ അറിവ് വെച്ചാണ് നമ്മൾ പഠനം നടത്തുന്നത്. ആ പഠനത്തിന്റെ ആധികാരികതയും കരുത്തും അതാണ്. പക്ഷേ അവരെ നിരക്ഷരരായി കാണുന്ന ഒരു പൊതുബോധമാണ് ഇവിടെ പ്രവർത്തിക്കുന്നത്.
ദേശീയ ഹരിത ട്രൈബ്യൂണലിൽ നാഷനൽ സെന്റർ ഫോർ എർത്ത് സയൻസസ് സ്റ്റഡീസ് നൽകിയ റിപ്പോർട്ടിൽ, തീരപ്രദേശം സംരക്ഷിത മേഖലയല്ല എന്നാണുള്ളത്. തീരനിയന്ത്രണ നിയമപ്രകാരം സോൺ ഒന്നിൽ പെടുന്ന പ്രദേശം എങ്ങനെയാണ് സോൺ മൂന്നിലായത്? ഇതിനുപുറകിൽ നടന്ന തിരിമറി എന്താണ്?
2014 സെപ്തംബർ മൂന്നിനാണ് തുറമുഖ പദ്ധതിക്ക് എൻവയോൺമെൻറ് ക്ലിയറൻസും സി.ആർ. ഇസെഡ് ക്ലിയറൻസും കിട്ടുന്നത്.
1991ൽ വന്ന ആദ്യ സി.ആർ. ഇസെഡ് വിജ്ഞാപനത്തിൽ, വിഴിഞ്ഞം പദ്ധതിപ്രദേശം ഇക്കോളജിക്കൽ സെൻസീറ്റീവ് ഏരിയ ആയിരുന്നു. മാത്രമല്ല, അതിനുചുറ്റുമുള്ള പ്രദേശം ഇറോഡിംഗ് ബീച്ച് എന്നാണ് പറഞ്ഞിരുന്നത്. വിഴിഞ്ഞം ഫിഷിങ് ഹാർബറിന്റെ പുലിമിട്ട് നിർമാണത്തിനുശേഷമാണ് പനത്തുറ, പൂന്തുറ ഭാഗങ്ങളിൽ തീരശോഷണം തുടങ്ങിയത്. അതേസമയം, വിഴിഞ്ഞത്തിന് തെക്ക് വശം, അടിമലത്തുറ ഭാഗത്ത് മണൽ കൂടിവരികയും ചെയ്തു. അതുകൊണ്ട്, ഇതൊരു ‘ഇറോഡിങ് ബീച്ച’ ആണെന്ന് മുമ്പുതന്നെ ശാസ്ത്രസമൂഹത്തിന് അറിയാം. കേന്ദ്ര സർക്കാറിനുമുന്നിൽ റിപ്പോർട്ടുമുണ്ട്. ‘ഇറോഡിങ് ബീച്ചി’ൽ പോർട്ട് നിർമിക്കാൻ പാടില്ല എന്ന നിയമമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് പദ്ധതിക്കെതിരെ കേസിനുപോയത്. ഇതേതുടർന്ന് പഠനം നടത്താൻ സർക്കാർ ‘ഇൻകോയിസി’നെ ചുതമലപ്പെടുത്തി. ഇതൊരു ഇറോഡിങ് ബീച്ചല്ല, അതുകൊണ്ട് നിർമാണത്തിന് തടസമില്ല എന്ന റിപ്പോർട്ടാണ് അവർ നൽകിയത്. ഇത് കൃത്രിമമായി ഉണ്ടാക്കിയ റിപ്പോർട്ടാണ്. സർക്കാർ ആവശ്യപ്പെട്ടതിനനുസരിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കി കൊടുത്തു എന്നുമാത്രം. ‘ഇൻകോയ്സ്’ ഇവിടെ വന്ന് പഠനം നടത്തിയിട്ടില്ല. പദ്ധതി പ്രദേശത്ത് കൃത്യമായ പഠനം നടത്തണമെങ്കിൽ അണ്ടർവാട്ടർ സ്റ്റഡിയും ബീച്ച് പ്രൊഫൈൽ പഠനവും നടത്തണമായിരുന്നു. അടിത്തട്ടിൽ പോയി എന്താണ് പ്രത്യേകത എന്ന് പഠിക്കണമായിരുന്നു. അങ്ങനെ പഠനം നടത്തിയിട്ടില്ല. നേരെമറിച്ച്, തങ്ങൾക്ക്ഫ്ലേവറബിൾ ആയ, മറ്റ് സ്ഥലങ്ങളിൽ മുമ്പ് നടന്ന പഠനങ്ങളെ ഉദ്ധരിച്ചാണ് അവർ സർക്കാറിന് റിപ്പോർട്ട് കൊടുത്തത്. സ്വാഭാവികമായിട്ടും ഇൻസ്റ്റിറ്റ്യൂഷൻ സയൻസ് ആണ് ഇവിടെ പ്രബലമായി നിൽക്കുന്നത്, ഇൻഡിപെൻഡൻറ് സയൻസിന് അധികാരകേന്ദ്രങ്ങളിൽ ഇടപെടാനാകാത്ത അവസ്ഥയാണ്. സ്വാഭാവികമായും കോടതി ഈ റിപ്പോർട്ട് വച്ചാണ് കേസ് തീർപ്പാക്കിയത്.
തുറമുഖം കാരണമല്ല തീരശോഷണം ഉണ്ടാകുന്നത് എന്ന് സ്ഥാപിക്കാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി ഇപ്പോൾ പറയുന്നത്, ഇത് മുമ്പുതന്നെ ഇറോഡിങ് ബീച്ചാണ്, അതുകൊണ്ടാണ് ബീച്ച് കുറഞ്ഞുവരുന്നത്, അതിനെ തുറമുഖ നിർമാണവുമായി ബന്ധിപ്പിക്കേണ്ടതില്ല എന്നാണ്. രണ്ട് ശാസ്ത്രസ്ഥാപനങ്ങൾ നടത്തിയ പഠനങ്ങളിൽ വിരുദ്ധ കണ്ടെത്തലുകൾ. അതായത്, ഓരോ സമയത്ത്, സർക്കാർ എന്താണോ ആഗ്രഹിക്കുന്നത് അതിനനുസരിച്ച് കൃത്രിമമായി റിപ്പോർട്ട് കൊടുക്കുകയാണ് ഈ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞന്മാർ ചെയ്യുന്നത്.
പദ്ധതി പ്രദേശം സോൺ ഒന്ന് എയിലായിരുന്നു. സോൺ ഒന്നിൽ, നിർമാണ പ്രവർത്തനങ്ങൾ പാടില്ല. കാരണം, ഇവിടെ ecologically sensitive ഏരിയ ആണ്. ഒരുപാട് അണ്ടർ വാട്ടർ കറൻറ്സുണ്ട്. 2011 ആവുമ്പോൾ ഒന്നിൽ നിന്ന് മൂന്നിലോട്ട് മാറുന്നു. നിർമാണപ്രവർത്തനങ്ങളാകാം എന്നു വരുന്നു. ഒന്നിൽ നിന്ന് മൂന്നിലേക്ക് മാറ്റി റിപ്പോർട്ട് കൊടുത്തത് നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (NCESS) ആണ്. റിപ്പോർട്ടിൽ പറയുന്നത് ecologically sensitive ആയ ഇക്കോ സിസ്റ്റമൊന്നും ഇവിടെയില്ല എന്നാണ്. പോർട്ട് നിർമാണത്തെ കുറിച്ച് ആലോചന നടക്കുന്നുണ്ടല്ലോ. അപ്പോൾ, അതിന് അനുകൂലമായ സാഹചര്യമൊരുക്കാനായി നേരത്തെ തന്നെയുണ്ടാക്കിയ റിപ്പോർട്ടാണിത്. ഈ റിപ്പോർട്ടിനുപുറകിൽ ഡാ തിരിമറി നടന്നു എന്നുറപ്പാണ്. സംരക്ഷിക്കപ്പെടേണ്ട ജീവികളുടെ പട്ടികയെക്കുറിച്ചാണ് NCESS റിപ്പോർട്ട് പറയുന്നത്. ആ പട്ടികയിൽപെട്ട ജീവികൾ ഇവിടെയില്ല എന്ന്. അവരുടെ റെക്കോർഡിൽ അത് ഇല്ലാത്തതുകൊണ്ട് അവ ഇവിടെയില്ല എന്നു പറയാനാകില്ലല്ലോ. ഈ പറയുന്ന ജീവജാലങ്ങൾ അവിടെയുണ്ട്. അത് നമ്മൾ കണ്ടെത്തിയതാണ്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സോൺ ഒന്ന് ആയതുതന്നെ.
പഠനസംഘത്തിലെ ഒരു പ്രിൻസിപ്പൽ സയന്റിസ്റ്റിനോട് ഞാൻ ഇതേക്കുറിച്ച് ചോദിച്ചിട്ടുണ്ട്; സി.ആർ.ഇസെഡ് ഒന്നിലുണ്ടായിരുന്ന ഒരു മേഖലയെ മൂന്നിലാക്കാൻ തക്ക എന്ത് ഇക്കോളജിക്കൽ ചെയ്ഞ്ചസ് ആണ് അവിടെ നടന്നത് എന്ന്. അതിന് അദ്ദേഹം പറഞ്ഞ മറുപടി, താനൊരു ഉദ്യോഗസ്ഥനാണ്, തനിക്ക് സർക്കാർ ആവശ്യപ്പെടുന്ന പ്രകാരമുള്ള റിപ്പോർട്ട് കൊടുക്കാനേ കഴിയൂ എന്നാണ്. ഇതിന്റെ അർഥമെന്താണ്? സർക്കാർ ആവശ്യപ്പെടുന്ന റിപ്പോർട്ട് അവർ കൃത്രിമമായി ഉണ്ടാക്കുന്നു.
സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (CMFRI) സബ്സ്റ്റേഷൻ ഇവിടെ വരാൻ കാരണം തന്നെ, ഇവിടെ ഇക്കോളജിക്കലി പ്രാധാന്യമുള്ള ഒരു സ്പേസ് ഉള്ളതുകൊണ്ടാണ്. പിന്നീടും കോടതിയിൽ വാദം നടന്നപ്പോൾ CMFRI കൊടുത്ത റിപ്പോർട്ടിലും ഇവിടെ പ്രത്യേകതകളുള്ള ജീവജാലങ്ങളില്ല എന്നായിരുന്നു. സംരക്ഷിക്കപ്പെടേണ്ട ജീവജാലങ്ങളെ മാത്രമല്ല, അല്ലാത്ത ഇക്കോ സിസ്റ്റം കൂടി പരിഗണിക്കണമായിരുന്നു. സെന്റർ ഫോർ എർത്ത് സയൻസും സമാന റിപ്പോർട്ടാണ് കൊടുത്തത്.
കേരളത്തിൽ സംരക്ഷിക്കപ്പെടേണ്ട മറെൻ പ്രൊട്ടക്ടഡ് ഏരിയയെക്കുറിച്ചാണ്, ഇവിടെ സീബെഡ് ഇക്കോസിസ്റ്റം ഇല്ല എന്ന് റിപ്പോർട്ട് നൽകിയിരിക്കുന്നത്. യഥാർഥത്തിൽ ഇവിടെ, സീ വീഡ്സ് അടക്കമുള്ള ജീവജാലങ്ങളുള്ള മേഖലയാണ്.
അതേസമയം, നമ്മൾ അന്ന് ചെയ്ത അണ്ടർ വാട്ടർ സ്റ്റഡി കോടതിയിൽ ഹാജരാക്കിയിരിന്നു. മത്സ്യതൊഴിലാളികളുടെ അറിവ് വെച്ച് അവിടുത്തെ ലോക്കൽ സയൻറിസ്റ്റുകൾ നടത്തിയ പഠനമാണ്. നിങ്ങൾ ഏത് ഇൻസ്റ്റിറ്റ്യൂഷനാണ് എന്നാണ് അന്ന് ചോദിച്ചത്. മത്സ്യതൊഴിലാളിക്ക് എവിടെ നിന്നാണ് ശാസ്ത്രീയ അറിവ് കിട്ടുന്നത് എന്നാണ് ജഡ്ജി ചോദിച്ചത്. കടൽ കണ്ടിട്ടുപോലുമില്ലാത്ത ഒരു മനുഷ്യൻ ദിവസവും കടൽ കാണുന്ന മത്സ്യ തൊഴിലാളിയോട് ചോദിക്കുകയാണ്, എവിടെനിന്നാണ് കടലിനെക്കുറിച്ചുള്ള ശാസ്ത്രീയ അറിവ് ലഭിക്കുന്നത് എന്ന്. ഇതാണ് ഇവിടത്തെ സാമൂഹ്യ സാഹചര്യം. അപ്പോൾ എങ്ങനെയാണ് നീതി കിട്ടുക.
വിഴിഞ്ഞം തുറമുഖ നിർമാണത്തിന്റെ ഭാഗമായി പോർട്ടിന് വേണ്ടി നടത്തിയ റിപ്പോർട്ടിലെ ചില പ്രശ്നങ്ങൾ പറയാം. പദ്ധതി പ്രദേശത്ത് പ്രത്യേകതരം ജീവികളില്ല, പാറ മാത്രമാണുള്ളത് എന്നാണ്. എന്നാൽ, ഇവിടെ നമ്മൾ പോയി പഠനം നടത്തിയപ്പോൾ കണ്ടെത്തിയത്, 15 റീഫ് ഇക്കോ സിസ്റ്റമുണ്ടെന്നാണ്. ഒരു റീഫ് ഇക്കോ സിസ്റ്റത്തിനുചുറ്റും 1000 സ്പീഷീസ് വരെയുള്ള മേഖലയാണിത്. കേരളത്തിൽ സംരക്ഷിക്കപ്പെടേണ്ട മറെൻ പ്രൊട്ടക്ടഡ് ഏരിയയെക്കുറിച്ചാണ്, ഇവിടെ സീബെഡ് ഇക്കോസിസ്റ്റം ഇല്ല എന്ന് റിപ്പോർട്ട് നൽകിയിരിക്കുന്നത്. യഥാർഥത്തിൽ ഇവിടെ, സീ വീഡ്സ് അടക്കമുള്ള ജീവജാലങ്ങളുള്ള മേഖലയാണ്.
കേരള സ്റ്റേറ്റ് ബയോ ഡൈവേഴ്സിറ്റി ബോർഡിനുവേണ്ടി ഇന്ത്യയിലെ ആദ്യത്തെ പീപ്പിൾസ് മറൈൻ ബയോ ഡൈവേഴ്സിറ്റി രജിസ്റ്റർ തയ്യാറാക്കിയത് തിരുവനന്തപുരത്താണ്. ‘ഫ്രൻറ്സ് ഓഫ് മറൈൻ ലൈഫി’ന്റെ നേതൃത്വത്തിൽ 2013, 14, 15 വർഷങ്ങളിൽ 2014,15 ലും പഠനം നടത്തിയാണ് രജിസ്റ്റർ തയാറാക്കിയത്. ലോക്കലായ വിദഗ്ധരും മത്സ്യത്തൊഴിലാളികളും ചേർന്നതാണ് ‘ഫ്രൻറ്സ് ഓഫ് മറൈൻ ലൈഫ്’. അതിൽ, ജീവജാലങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാന കണ്ടെത്തലുകൾ ഈ പദ്ധതി പ്രദേശത്തെക്കുറിച്ചായിരുന്നു. അതായത്, no significant seaweeds എന്ന് പറഞ്ഞ സ്ഥലത്തെക്കുറിച്ച്. പെരുമാക്കല്ലു മുതൽ വിഴിഞ്ഞം വലിയ കടപ്പുറം വരെയുള്ള പദ്ധതി പ്രദേശത്ത്, അതായത് പുലിമുട്ട് നിർമാണം നടക്കുന്ന പ്രദേശത്ത്, കപ്പലിന്റെ എൻട്രി പോയിൻറ് എന്നുപറയുന്ന സ്ഥലത്ത് 15 റീഫ് ഇക്കോ സിസ്റ്റം കണ്ടെത്തി. അതിന്റെ ജി.പി.എസും, അടിത്തട്ടിന്റെ ആഴവും, ലൊക്കേഷൻ സ്‌കെച്ചുമൊക്കെ ഈ റിപ്പോർട്ടിലുണ്ട്.
പക്ഷേ ഈ റിപ്പോർട്ട് വെച്ച് ഞങ്ങൾക്ക് മുന്നോട്ട് പോവാനായില്ല. കാരണം, അവരത് പബ്ലിഷ് ചെയ്തില്ല. പബ്ലിഷ് ചെയ്തിരുന്നുവെങ്കിൽ ഇതു വെച്ച് കോടതിയിൽ പോകാമായിരുന്നു. പബ്ലിഷ് ചെയ്യുന്നത് 2017 ലാണ്. 2016 സെപ്തംബർ മൂന്നിനാണ്, നിർമാണമാകാം എന്ന ദേശീയ ഹരിത ട്രൈബ്യൂണൽ വിധി വന്നത്. ഞങ്ങളുടെ പഠനത്തിലെ കണ്ടെത്തലുകൾ, ഹരിത ട്രൈബ്യൂണൽ തീരുമാനത്തെ സ്വാധീനിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് അവർ പബ്ലിഷിങ് വൈകിപ്പിച്ചത്. ഐക്യരാഷ്ട്രസഭയുടെ തലത്തിലൊക്കെ പോകും എന്ന് മുന്നറിയിപ്പുനൽകിയശേഷമാണ്, അവരത് പബ്ലിഷ് ചെയ്യാൻ തയാറായതും ഒരു കോപ്പി തരികയും ചെയ്തത്.
ഇങ്ങനെയൊക്കെയാണ് ശാസ്ത്രസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ഇവർ പറയുന്നതാണ് മാധ്യമങ്ങളും പൊതുസമൂഹവും വിശ്വസിക്കുക.
എൻവയോൺമെൻറ് ഇംപാക്റ്റ് പഠനത്തിലെ രണ്ട് പ്രധാനപ്പെട്ട കാര്യങ്ങൾ കൂടി പറയാം. അതിലെഴുതിയിയിരിക്കുന്നത് ഇങ്ങനെയാണ്: frequency of cyclone occurance approximately once in 25 years. അത് ശരിയാണ്. അറേബ്യൻ സമുദ്രത്തിലെ സൈക്ലോൺ വെച്ചിട്ടാണ് ഇത് പറയുന്നത്. നമ്മൾ ഡോക്യുമെൻറ് ചെയ്യാത്തതുകൊണ്ടുമാത്രം സൈക്ലോണിക്കായിട്ടുള്ള influence അവിടെയില്ല എന്ന് പറയുന്നിടത്താണ് പ്രശ്നം. ഓഖി വന്നപ്പോൾ തന്നെ, മത്സ്യതൊഴിലാളികൾ പറയുന്നുണ്ട്, ഇത് ആദ്യത്തെ സംഭവമല്ല, മുമ്പും ഇങ്ങനെയൊക്കെ വന്നിട്ടുണ്ട്, പക്ഷേ കടലിൽ കൂടിയാണ് അത് പോയിക്കൊണ്ടിരുന്നത്, കരയിലേക്ക് വന്നിട്ടില്ല എന്നൊക്കെ. മാത്രമല്ല, തീരക്കടലിൽ തന്നെ ഇഷ്ടം പോലെ മീനുള്ളതുകൊണ്ട് അന്ന് അവർ അത്ര ദൂരെ പോയി മീൻ പിടിക്കുന്ന സാഹചര്യമുണ്ടായിരുന്നില്ല. കടലിനുള്ളിൽ എന്തെങ്കിലും പ്രത്യേകതകൾ തിരിച്ചറിയുന്ന സമയത്തുതന്നെ അവർ തിരിച്ച് കരയിലെത്തുമായിരുന്നു. അതുകൊണ്ട് അവരെ ഇത്തരം മാറ്റങ്ങൾ ബാധിച്ചിരുന്നില്ല. അതിനർത്ഥം മുമ്പ് ഇതുപോലുള്ള കാര്യങ്ങൾ ഇല്ലായിരുന്നു എന്നല്ല. ട്രാവൻകൂർ സ്റ്റേറ്റ് മാനുവലിന്റെ പുതുക്കിയ ഭാഗം 1991 ൽ ഇറക്കിയിട്ടുണ്ട്. അത് പരിശോധിച്ചപ്പോൾ, ഏകദേശം 197 വർഷം മുമ്പ് ഓഖിക്ക് സമാനമായ ഒരു പ്രതിഭാസത്തെക്കുറിച്ച് പറയുന്നുണ്ട്. നമ്മൾ ഡോക്യുമെൻറ് ചെയ്യാത്തതുകൊണ്ട് അത് പുതിയതാണെന്ന് തീരുമാനിക്കുന്നിടത്താണ് പ്രശ്നം. സൈക്ലോൺ ഇവിടെ ബാധിക്കില്ല, സൈക്ലോണിന്റെ പ്രശ്നങ്ങൾ ഇവിടെയില്ല എന്ന റിപ്പോർട്ട് എഴുതിവെക്കുമ്പോഴാണ് ഓഖിയിൽ പ്രശ്നമുണ്ടാവുന്നത്. ശരിക്ക് പഠനം നടത്തിയിട്ടില്ല എന്നതിന്റെ തെളിവ് കൂടിയാണിത്. ഓഖിയിൽ തിരുവനന്തപുരത്ത് ഒറ്റ വീടും പോയിട്ടില്ല എന്നുകൂടി ഓർക്കണം. അതേസമയം സൈക്ലോണിന്റെ സമയത്ത് വിഴിഞ്ഞത്ത് 300 മീറ്ററിലേറെ പുലിമുട്ടുകൾ തകന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ പദ്ധതി പ്രദേശം സുരക്ഷിതമല്ല.
സൈക്ലോണിനേക്കാളും പ്രശ്നമായിരുന്നു സുനാമി. ആ സമയത്തുപോലും തിരുവന്തപുരം ജില്ല പ്രൊട്ടക്റ്റഡ് ആണ്. 2015 നുശേഷമാണ് ഇവിടെ കാലാവസ്ഥാ വ്യതിയാനം മൂലം തീരശോഷണമുണ്ടായതെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ?.
no significant environmental and social issues എന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ, സിൽട്ടേഷൻ ഉണ്ട് എന്നാണ് ഞങ്ങളുടെ പഠനത്തിൽ കണ്ടെത്തിയത്. ഡ്രഡ്ജ് ചെയ്യുമ്പോൾ ഒഴുക്കിനനുസരിച്ച് മണൽ അടിയും. അതില്ല എന്നാണ് ഇവിടെ എഴുതിവെച്ചിരിക്കുന്നത്. മണൽ കുഴിച്ച് കൃത്രിമമായി കരയുണ്ടാക്കിയെങ്കിലും അതിന്റെ ഡെപ്ത് കുറഞ്ഞിട്ടുണ്ട്. നമ്മൾ പോയി എക്കോ സൗണ്ടർ ഉപയോഗിച്ച് ആഴം അളന്നതാണ്. ഈ കുഴികളിൽ മണ്ണലടിഞ്ഞു. മാത്രമല്ല, മുമ്പുണ്ടായിരുന്നതിനേക്കാൾ മണൽ കൂടുകയും ചെയ്തു. അപ്പോൾ സിൽട്ടേഷൻ ഉണ്ടാവില്ലെന്ന് പറയുന്നത് തെറ്റാണ്. ഇക്കോളജിക്കലി സെൻസിറ്റീവ് ആയ തിരുവനന്തപുരം പോലൊരു തീരത്ത് എന്ത് നിർമാണം നടന്നാലും അതിന്റെ വടക്കുവശവും തെക്കുവശവും വ്യത്യാസമുണ്ടാവും.
സൈക്ലോണിനേക്കാളും പ്രശ്നമായിരുന്നു സുനാമി. ആ സമയത്തുപോലും തിരുവന്തപുരം ജില്ല പ്രൊട്ടക്റ്റഡ് ആണ്. 2015 നുശേഷമാണ് ഇവിടെ കാലാവസ്ഥാ വ്യതിയാനം മൂലം തീരശോഷണമുണ്ടായതെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ?. കാലാവസ്ഥാ വ്യതിയാനം ഇൻഫ്ലൂവെൻസ് ചെയ്യുന്നത് എങ്ങനെയാണെന്നു ചോദിച്ചാൽ, നിർമാണം മൂലം ദുർബലമായ ബീച്ചുകളിൽ കടൽ കേറി വരുന്നു എന്നാണ്. പാറ ഇടിച്ചുനിരത്തി, കടലിലെ എനർജി സക്ക് ചെയ്യുന്ന കടൽത്തട്ടിലെ ജീവജാലങ്ങളെല്ലാം നശിപ്പിച്ച് natural protection ഇല്ലാതാക്കി. ആഗോള താപനവും സീ ലെവൽ റെയ്സിങും തടയാൻ സീ വീഡ്സ് പോലുള്ളവ വച്ചുപിടിപ്പിക്കാനാണ് യു.എൻ അടക്കമുള്ളവ പറയുന്നത്. ഇത്തരം sea weed, sea sponges ഉള്ള സ്ഥലത്തെയാണ് ‘no significant ecosystem’ എന്ന് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. ഒരു പക്ഷേ ഈ ജീവികളായിരിക്കാം സുനാമിയിൽ നിന്നൊക്കെ നമ്മളെ സംരക്ഷിച്ചത്. അങ്ങനെ natural protection തന്നിരുന്ന ജീവജാലങ്ങളെയാണ് ഇവിടെ തകർത്തിരിക്കുന്നത്. അങ്ങനെയാണ് വടക്ക് വശം കൂടുതൽ വൾനറബിൾ ആയത്. അത്തരം സ്ഥലങ്ങളിൽ സ്വഭാവികമായും കടൽ കേറി വരും. ആ മാറ്റത്തെ എങ്ങനെയാണ് കാലാവസ്ഥാ വ്യതിയാനമായി പറയാനാകുന്നത്. നിർമാണപ്രവർത്തനങ്ങളുടെ വടക്കുവശമല്ലേ തീരം കയറി വരുന്നത്. അതുകൊണ്ട്, കാലാവസ്ഥ വ്യതിയാനമാണ് നിങ്ങളുടെ വിഷയമെങ്കിൽ നിർമാണപ്രവർത്തനങ്ങൾ നിർത്തിവെക്കുകയാണ് വേണ്ടത്. ▮