വിഴിഞ്ഞം വികസനമല്ല, കോർപറേറ്റ് കൊള്ളയാണ് 

അദാനിക്കുവേണ്ടി മാത്രമായി, അദാനി പറഞ്ഞപോലെ തയ്യാറാക്കിയതാണ് വിഴിഞ്ഞം തുറമുഖ കരാർ. ലോകത്തെ പാവസർക്കാരുകളെക്കൊണ്ട് ബഹുരാഷ്ട്രക്കുത്തകകൾ തങ്ങൾക്കുവേണ്ടി എഴുതിപ്പിക്കുന്ന കരാറുകളുടെ ഏറ്റവും കൃത്യമായ മാതൃക കൂടിയാണ് വിഴിഞ്ഞം കരാറും തുടർ പദ്ധതിയും. കരാറനുസരിച്ച് 40 വർഷത്തിന് ശേഷം അദാനി വിട്ടുപോവുകയാണെങ്കിൽ 19555 കോടി രൂപ കേരളം അങ്ങോട്ട് കൊടുക്കണം. പ്രമോദ് പുഴങ്കര എഴുതുന്നു.

വികസനം ഒരു ചരിത്രനിരപേക്ഷമായ വാക്കല്ല. അതിന് രാഷ്ട്രീയ സമ്പദ് വ്യവസ്ഥയുടെ ഉൾപ്പിരിവുകളിൽ നിന്നും ഉത്‌പാദന ബന്ധങ്ങളുടെയും വിഭവവിനിയോഗത്തിന്റെയും വിഭവങ്ങളുടെ മേലുള്ള സാമൂഹ്യ, രാഷ്ട്രീയാധികാരത്തിന്റെയുമെല്ലാം നിരവധിയായ അടരുകളിലും കൊളുത്തുകളിലും നിന്ന് മാറിയുള്ള നിലനിൽപ്പുമില്ല. വികസനത്തിനുവേണ്ടി എല്ലാ വർഗ, രാഷ്ട്രീയ, സാമൂഹ്യ ഭിന്നതകളും മറന്ന് ഒറ്റക്കെട്ടാവാനും പറ്റില്ല.

എന്താണ് വികസനം, ആരുടെ വികസനം, ആർക്ക് വേണ്ടിയാണ് വികസനം എന്ന ചോദ്യങ്ങളും അതിനിടയാക്കുന്ന സാമൂഹ്യ, രാഷ്ട്രീയ സംഘർഷങ്ങളുമില്ലാത്ത വികസനപദ്ധതികൾക്ക് ആർപ്പുവിളിക്കേണ്ടതില്ല. പ്രചണ്ഡമായ പ്രചാരണങ്ങളിലൂടെയും ശക്തമായ പൊതുബോധ നിർമിതിയിലൂടെയും ഇത്തരം വർഗ്ഗരാഷ്ട്രീയ സംഘർഷങ്ങളുടെ ചോദ്യങ്ങളേയും രാഷ്ട്രീയ പ്രതിഷേധങ്ങളെയും ദുർബ്ബലമാക്കാൻ മുതലാളിത്ത, മൂലധന വ്യവസ്ഥിതിക്ക് കഴിഞ്ഞിട്ടുണ്ട് എന്നതൊരു വസ്തുതയാണ്. നവ ഉദാരീകരണ കാലത്ത് ലോകത്തെങ്ങും അതിന്റെ ആധിപത്യം ശക്തവുമാണ്. ക്ഷേമരാഷ്ട്ര സങ്കല്പനങ്ങൾക്ക് മുകളിലുള്ള അതിശക്തമായ ആക്രമണമായി തുടങ്ങുകയും ഭരണകൂടം എന്നത് സ്വകാര്യ മൂലധനത്തിന്റെ സൈനിക സഹായി മാത്രമായി മാറുകയും ചെയ്ത 1980-കൾ മുതലുള്ള ലോകസാഹചര്യത്തിൽ പ്രതിരോധ രാഷ്ട്രീയം നിലനില്പിനുകൂടി വേണ്ടിയുള്ള സമരത്തിലാണ്.

പൊതുവിഭവങ്ങൾക്ക് മുകളിലുള്ള മനുഷ്യരാശിയുടെ വിനിയോഗാധികാരത്തെ ഒരു ചെറുസംഘം കോർപറേറ്റുകൾക്കും ധനികർക്കും മാത്രമായി പിടിച്ചെടുക്കുന്ന ഏറ്റവും നഗ്‌നമായ ആക്രമണമാണത്.
പൊതുവിഭവങ്ങൾക്ക് മുകളിലുള്ള മനുഷ്യരാശിയുടെ വിനിയോഗാധികാരത്തെ ഒരു ചെറുസംഘം കോർപറേറ്റുകൾക്കും ധനികർക്കും മാത്രമായി പിടിച്ചെടുക്കുന്ന ഏറ്റവും നഗ്‌നമായ ആക്രമണമാണത്.

കോർപറേറ്റ് കമ്പനികളും ബഹുരാഷ്ട്ര കുത്തകകളും ഭരണകൂടസ്വഭാവം ആർജ്ജിച്ചെടുക്കുന്നതും ഇതിന്റെ സ്വഭാവമാണ്. ഈ പ്രക്രിയ ഏറ്റവും രൂക്ഷമായി നടക്കുന്നത് ഇന്ത്യയെപ്പോലുള്ള വിഭവസമൃദ്ധവും പ്രാഥമിക വിഭവങ്ങളുടെ കൊള്ളയ്ക്ക് ഇനിയും വലിയ സാധ്യതകളുള്ളതും primitive accumulation അതിന്റെ ഭീകരമായ രൂപത്തിൽ നടക്കുന്നതുമായ രാജ്യങ്ങളിലും സമൂഹങ്ങളിലുമാണ്. ഭരണകൂടത്തെ തങ്ങളുടെ താത്പര്യങ്ങൾക്കുവേണ്ടി സമ്മർദ്ദം ചെലുത്തി ഉപയോഗിക്കുന്നതിൽ നിന്ന് മുന്നോട്ടുപോവുകയും സമാന്തര ഭരണകൂടമായി കോർപ്പറേറ്റുകൾ മാറുകയും ചെയ്യുന്നത് ഇന്ത്യയിൽ പ്രകടമാണ്. കോർപറേറ്റ് ഖനന കമ്പനികൾക്കുവേണ്ടി ഒരു സ്വകാര്യ സായുധ സേനയെ ഉണ്ടാക്കിയ ലോകത്തെ അപൂർവ്വം ഭരണകൂടങ്ങളിലൊന്ന് ഇന്ത്യയിലേതാണ് എന്നുകൂടി ഓർക്കണം. അതുകൊണ്ടാണ് ലാഭത്തിനപ്പുറത്തുള്ള ഒരു നിയന്ത്രണ സംവിധാനമായി വളരാനുള്ള ത്വര കൂടി അദാനിയുടെ പദ്ധതികൾക്കുള്ളതായി നമുക്ക് തിരിച്ചറിയാൻ കഴിയുന്നത്. വിഴിഞ്ഞം പദ്ധതിയുടെ ലാഭനഷ്ടക്കണക്കുകൾക്കുമപ്പുറം അദാനിയുടെ സമാന്തര റിപ്പബ്ലിക്കിന്റെ ജല, വ്യോമ അതിർത്തികളിലെല്ലാം മറ്റൊരു തരത്തിലുള്ള ഭരണകൂട, മൂലധന ഭീഷണിയും നേരിടേണ്ടി വരാത്തവണ്ണം സുരക്ഷിതമാക്കുക എന്ന ലക്ഷ്യവുമുണ്ട്, ഇതിന്.

കോളനികൾക്കുവേണ്ടിയുള്ള സാമ്രാജ്യത്വ യുദ്ധങ്ങളും അധിനിവേശങ്ങളും നടന്ന കാലത്തുനിന്ന് പുതിയ ചൂഷണമുഖങ്ങൾ തുറക്കാനും ദേശരാഷ്ട്ര ഭരണകൂടങ്ങളുടെ ഭാഗമായുള്ള അധിനിവേശത്തിനപ്പുറം മൂലധനത്തിന്റെ രാജ്യാന്തരാധിനിവേശം സാധ്യമാക്കുന്ന പുത്തൻ ചൂഷണ സംവിധാനമുണ്ടാക്കാനും മുതലാളിത്തത്തിന് കഴിഞ്ഞിട്ടുണ്ട്. മുതലാളിത്ത വ്യവസ്ഥയുടെ വിജയകരമായ മുന്നോട്ടുപോക്ക് എന്നത് മനുഷ്യരാശിയുടെ വിജയമായല്ല കാണേണ്ടത്. മഹാഭൂരിഭാഗം മനുഷ്യരെയും കടുത്ത ദുരിതത്തിലാഴ്ത്തുകയും ചൂഷണത്തിന് വിധേയമാക്കുകയും ചെയ്താണ് അതിന്യൂനപക്ഷമായ ധനികരെ കൂടുതൽ ധനികരാക്കി മാറ്റുന്ന വ്യവസ്ഥയെ നിലനിർത്തുന്നത്. പൊതുവിഭവങ്ങൾക്ക് മുകളിലുള്ള മനുഷ്യരാശിയുടെ വിനിയോഗാധികാരത്തെ ഒരു ചെറുസംഘം കോർപറേറ്റുകൾക്കും ധനികർക്കും മാത്രമായി പിടിച്ചെടുക്കുന്ന ഏറ്റവും നഗ്‌നമായ ആക്രമണമാണത്. നിരന്തരമായ ചെറുത്തുനിൽപ്പുകളും മുതലാളിത്തത്തെയും അതിന്റെ ഭരണകൂട കയ്യാളുകളെയും അവയുടെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യാധികാര ഘടനകളെയും നിരന്തരമായി ആക്രമിക്കുന്നതിലൂടെ മാത്രമാണ് ഈ കൊടുംകൊള്ളയെ മനുഷ്യരാശിക്ക് തടഞ്ഞുനിർത്താനെങ്കിലും കഴിയുക. ഇതിന്റെ ഏറ്റവും പ്രത്യക്ഷത്തിലുള്ള ശാക്തിക സമവാക്യങ്ങളും ഈ കൊള്ളയുടെ മാതൃകാപാഠവുമാണ് കേരളത്തിൽ നടപ്പാക്കുന്ന അദാനി- വിഴിഞ്ഞം തുറമുഖ പദ്ധതി.

അദാനിയുടെ
വിഴിഞ്ഞം റിപ്പബ്ലിക്

മുതലാളിത്തത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത ചൂഷണമാണ് പ്രാഥമിക വിഭവങ്ങളുടെ നേരിട്ടുള്ള കൊള്ള. കൊളോണിയൽ കാലത്ത് അധിനിവേശ കൊളോണിയൽ ശക്തികളാണ് അത് നടത്തിയിരുന്നതെങ്കിൽ ഇന്നിപ്പോൾ അംബാനിയും അദാനിയും പോലുള്ള കോർപറേറ്റുകളാണ്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി എന്താണോ ചെയ്തത് അതിന്റെ മറ്റൊരു രൂപമാണ് അദാനിയും അംബാനിയുമൊക്കെ ഇപ്പോൾ ഇന്ത്യയിൽ ചെയ്യുന്നത്. അന്ന് ഈസ്റ്റ് ഇന്ത്യ കമ്പനിക്കും പിന്നീട് ബ്രിട്ടീഷ് കൊളോണിയലിസത്തിനും വേണ്ടി ഇന്ത്യയിലെ നാട്ടുരാജാക്കന്മാർ നടത്തിയ സേവപ്പണിയാണ് നരേന്ദ്ര മോദി മുതൽ പിണറായി വിജയൻ വരെയുള്ള പുത്തൻ രാഷ്ട്രീയ നാടുവാഴികളും ചെയ്യുന്നത്. കോർപറേറ്റുകളും രാഷ്ട്രീയാധികാരമുള്ള ഭരണകൂടവും തമ്മിലുള്ള കൂട്ടുകെട്ട് അത്യന്തം ഭീകരമായ ചൂഷണത്തിന്റെ മാരക മിശ്രിതമായി മാറുന്നതിന്റെ വമ്പൻ ദൃഷ്ടാന്തങ്ങളിലൊന്നാണ് ഇന്ത്യ. അതിന്റെ രീതിശാസ്ത്രത്തിന്റെ പാഠപുസ്തകമാണ് വിഴിഞ്ഞം പദ്ധതിയും അതിന്റെ നടത്തിപ്പും. ഒരു തെരഞ്ഞെടുപ്പ് വഴിയും ജനങ്ങൾക്ക് മാറ്റാൻ കഴിയാത്തവണ്ണം ‘വികസനത്തിന്റെ ദൈവം’ എല്ലാ ജനാധിപത്യ രാഷ്ട്രീയ പ്രക്രിയകളെയും അപ്രസക്തമാക്കി ആധിപത്യം സ്ഥാപിക്കുകയാണ്. മുതലാളിത്ത വികസനത്തിന്റെ സാർവ്വത്രിക സ്വീകാര്യതയെന്ന മായാമൃഗത്തിനെക്കുറിച്ച് എതിർശബ്ദമുയർത്തുന്ന ഒരു ചർച്ച പോലും സാധ്യമല്ലാത്ത വിധത്തിൽ പൊതുസമൂഹത്തിന്റെ ജനാധിപത്യ സംവാദതലങ്ങളെയെല്ലാം അടച്ചുകളഞ്ഞിരിക്കുന്നു.

അന്ന് ഈസ്റ്റ് ഇന്ത്യ കമ്പനിക്കും പിന്നീട് ബ്രിട്ടീഷ് കൊളോണിയലിസത്തിനും വേണ്ടി ഇന്ത്യയിലെ നാട്ടുരാജാക്കന്മാർ നടത്തിയ സേവപ്പണിയാണ് നരേന്ദ്ര മോദി മുതൽ പിണറായി വിജയൻ വരെയുള്ള പുത്തൻ രാഷ്ട്രീയ നാടുവാഴികളും ചെയ്യുന്നത്
അന്ന് ഈസ്റ്റ് ഇന്ത്യ കമ്പനിക്കും പിന്നീട് ബ്രിട്ടീഷ് കൊളോണിയലിസത്തിനും വേണ്ടി ഇന്ത്യയിലെ നാട്ടുരാജാക്കന്മാർ നടത്തിയ സേവപ്പണിയാണ് നരേന്ദ്ര മോദി മുതൽ പിണറായി വിജയൻ വരെയുള്ള പുത്തൻ രാഷ്ട്രീയ നാടുവാഴികളും ചെയ്യുന്നത്

2015-ൽ പദ്ധതിയുടെ മതിപ്പ് ചെലവായ 7525 കോടി രൂപ കണക്കാക്കുമ്പോൾ അതിൽ മൂന്നിലൊന്ന് മാത്രമാണ് അദാനി ഗ്രൂപ്പ് മുടക്കുന്നത്. Viability Gap Fund (VGF) ആയ 1635 കോടിയിൽ 817.8 കോടി സംസ്ഥാന സർക്കാർ നൽകും. ബാക്കി തുക കേന്ദ്ര സർക്കാരാണ് നൽകുക എന്നാണ് വെപ്പ്. എന്നാൽ വാസ്തവത്തിലിത് കേന്ദ്രം ആദ്യം നൽകുകയും പിന്നീട് തുറമുഖത്തിൽ നിന്നുള്ള വരുമാനം സംസ്ഥാന സർക്കാരിന് കിട്ടിത്തുടങ്ങുമ്പോൾ കേന്ദ്രത്തിന് തിരിച്ചുനൽകുകയും വേണം.
ഏത് വരുമാനം?
നിലവിൽ 20 കൊല്ലത്തിനു ശേഷം ലാഭത്തിന്റെ ഒരു ശതമാനം അദാനി നൽകുമ്പോൾ. അതുവെച്ച് അന്നത്തെ പണപ്പെരുപ്പം കണക്കാക്കി ഇന്ന് കിട്ടിയ കേന്ദ്ര VGF സംസ്ഥാനം തിരിച്ചടയ്ക്കണം. 360 ഏക്കർ കരഭൂമി സർക്കാർ ഏറ്റെടുത്ത് അദാനിക്ക് നൽകും. കടൽ നികത്തിയെടുക്കുന്ന 130 ഏക്കറും അദാനിക്കാണ്. തുറമുഖത്തിന് മാത്രം സംസ്ഥാന സർക്കാർ 3463 കോടി രൂപ മുടക്കും. 4600 കോടി രൂപ സംസ്ഥാന സർക്കാർ ഇതിനകം മുടക്കുകയാണ് എന്ന് സർക്കാർ തന്നെ പറഞ്ഞുകഴിഞ്ഞു. അദാനിയുടെ ചെലവ് 2454 കോടി രൂപയാണ്. എന്നാൽ നടത്തിപ്പ് ലാഭം ഏതാണ്ട് മുഴുവനായും അദാനി കൊണ്ടുപോകും.

പുതിയ ഭേദഗതി കൂടി വന്നതോടെ, രണ്ടും മൂന്നും ഘട്ട വികസനം പൂർത്തിയാക്കുന്നതിനൊപ്പം വിഴിഞ്ഞം തുറമുഖത്തിന്റെ നടത്തിപ്പവകാശവും അതിലെ ലാഭത്തിന്റെ സിംഹഭാഗവും 2075 വരെക്കെങ്കിലും അദാനിക്കാണ്. അതുവരെയും പദ്ധതിയിൽ നേരിട്ട് 67%-വും അനുബന്ധ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായി 100%-വും പണം മുടക്കുന്ന സർക്കാരിനും കേരള സമൂഹത്തിനും അദാനിയുടെ വിഴിഞ്ഞം റിപ്പബ്ലിക്കിലേക്ക് കാഴ്ചക്കാരായിപ്പോലും പ്രവേശനമില്ല എന്നതാണ് വസ്തുത.

സർക്കാർ ചെലവിൽ
അദാനിക്കായി ഭൂമിക്കച്ചവടം

ഉമ്മൻചാണ്ടി സർക്കാരും മോദി സർക്കാരും ചേർന്ന്, തുറമുഖ നിർമാണത്തിന് താത്പര്യം പ്രകടിപ്പിച്ചു വന്ന മറ്റ് തത്പര കമ്പനികളെയെല്ലാം പല വിധത്തിൽ ഒഴിവാക്കിയെടുത്ത്, അദാനിക്കു വേണ്ടി മാത്രമായി, അദാനി പറഞ്ഞപോലെ തയ്യാറാക്കിയതാണ് വിഴിഞ്ഞം തുറമുഖ കരാർ. ലോകത്തെ പാവസർക്കാരുകളെക്കൊണ്ട് ബഹുരാഷ്ട്രക്കുത്തകകൾ തങ്ങൾക്കുവേണ്ടി എഴുതിപ്പിക്കുന്ന കരാറുകളുടെ ഏറ്റവും കൃത്യമായ മാതൃക കൂടിയാണ് വിഴിഞ്ഞം കരാറും തുടർ പദ്ധതിയും. കരാറനുസരിച്ച് 40 വർഷത്തിന് ശേഷം അദാനി വിട്ടുപോവുകയാണെങ്കിൽ 19555 കോടി രൂപ കേരളം അങ്ങോട്ട് കൊടുക്കണം. തുറമുഖ നടത്തിപ്പിൽ നിന്നും മാത്രം ഇത് ലാഭകരമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്ന് പദ്ധതിയുടെ സാധ്യതകളെക്കുറിച്ച് ആദ്യം നടത്തിയ പഠനങ്ങളിൽ വ്യക്തമായിരുന്നു. ഒരു വാണിജ്യ തുറമുഖം എന്ന നിലയിൽ വിഴിഞ്ഞം എങ്ങനെയാണ് ലാഭകരമായി പ്രവർത്തിക്കുക എന്ന ചോദ്യത്തിന് കേരള സർക്കാരിന്റെ പണമുപയോഗിച്ച്, പൊതുവിഭവങ്ങൾ പ്രത്യേകിച്ച് ചെലവൊന്നുമില്ലാതെ കയ്യടക്കി, കിട്ടുന്നതെല്ലാം മൂന്നിലൊന്ന് മുതൽ മുടക്കിയ മുതലാളിക്ക് എന്നാണെങ്കിൽ, ഏതു കച്ചവടമാണ് ലാഭമല്ലാത്തത്.

വിഴിഞ്ഞം പദ്ധതിയുടെ ലാഭനഷ്ടക്കണക്കുകൾക്കുമപ്പുറം അദാനിയുടെ സമാന്തര റിപ്പബ്ലിക്കിന്റെ ജല, വ്യോമ അതിർത്തികളിലെല്ലാം മറ്റൊരു തരത്തിലുള്ള ഭരണകൂട, മൂലധന ഭീഷണിയും നേരിടേണ്ടി വരാത്തവണ്ണം സുരക്ഷിതമാക്കുക എന്ന ലക്ഷ്യവുമുണ്ട്, ഇതിന്
വിഴിഞ്ഞം പദ്ധതിയുടെ ലാഭനഷ്ടക്കണക്കുകൾക്കുമപ്പുറം അദാനിയുടെ സമാന്തര റിപ്പബ്ലിക്കിന്റെ ജല, വ്യോമ അതിർത്തികളിലെല്ലാം മറ്റൊരു തരത്തിലുള്ള ഭരണകൂട, മൂലധന ഭീഷണിയും നേരിടേണ്ടി വരാത്തവണ്ണം സുരക്ഷിതമാക്കുക എന്ന ലക്ഷ്യവുമുണ്ട്, ഇതിന്

തുറമുഖ നടത്തിപ്പിൽ നിന്നുമാത്രം ലാഭം കിട്ടില്ലെന്നത് അദാനി കാണാതെ പോകുന്നില്ല. അതുകൊണ്ടുതന്നെ തന്റെ സേവകരായ കേരള സർക്കാരിനോട് അദാനി ഭൂമിക്കച്ചവടത്തിനും വികസനത്തിനുമുള്ള അവകാശം ആവശ്യപ്പെടുന്നു. അതിന് ഭൂമിയെവിടെ? അത് കേരള സർക്കാർ ഏറ്റെടുത്ത് നല്കണം. കടൽ നികത്തി 360 ഏക്കറും കരഭൂമിയായി 130 ഏക്കറും കേരള സർക്കാർ പണം മുടക്കി ഏറ്റെടുത്ത് നൽകും. തുറമുഖവുമായി യാതൊരു ബന്ധവുമില്ലാത്ത ഭൂമിക്കച്ചവടത്തിനും വികസനത്തിനുമാണ് കേരള സർക്കാരിന്റെ ചെലവിൽ അദാനിക്ക് ഭൂമി നൽകുന്നത്. ഈ ഭൂമി 40 വർഷത്തിനുശേഷം ഏത് രീതിയിലാകും കൈമാറ്റം ചെയ്യുക എന്നോ അതിന്റെ അന്നത്തെ അവസ്ഥയെന്താകുമെന്നോ ഒന്നുംതന്നെ തിട്ടവുമില്ല. തുറമുഖ നിർമാണത്തിനും നടത്തിപ്പിനും പ്രാപ്തരാണെന്ന് പറഞ്ഞുവന്ന കമ്പനിക്ക് വാണിജ്യ, ഭവന സമുച്ചയങ്ങളും മറ്റ് കച്ചവടവും നടത്താൻ തുറമുഖ പദ്ധതിയുടെ മറവിൽ പൊതുഖജനാവിലെ പണമുപയോഗിച്ച് സൗകര്യം ചെയ്തുകൊടുക്കുന്ന പരിപാടിയൊക്കെ കേരളം പോലെ രാഷ്ട്രീയ വ്യവഹാരസാന്ദ്രത ഏറെയുണ്ടെന്ന് കരുതിയിരുന്നൊരു നാട്ടിൽ വലിയ പ്രതിഷേധമൊന്നുമില്ലാതെ നടത്തിക്കാൻ കഴിയുന്നത് കക്ഷിരാഷ്ട്രീയ ഭേദമില്ലാതെയും വിലയ്‌ക്കെടുത്ത മാധ്യമങ്ങളെക്കൊണ്ടും ഉണ്ടാക്കിയെടുത്ത പൊതുബോധത്തിന്റെ ബലത്തിൽക്കൂടിയാണ്.

തുറമുഖ പദ്ധതിയുടെ പേരിൽ എട്ട് പ്രത്യേക സാമ്പത്തിക മേഖലകളാണ് (Special Economic Zone) വിഴിഞ്ഞം പദ്ധതി പ്രദേശത്ത് ആരംഭിക്കാൻ അദാനി ലക്ഷ്യമിടുന്നത്. പ്രത്യേക സാമ്പത്തിക മേഖലകൾ സംബന്ധിച്ച ഇടതുപക്ഷ കക്ഷികളുടെ ദേശീയ നിലപാടൊക്കെ കേവലം തമാശയായിട്ട് കാലങ്ങളായി എന്നത് വേറൊരു കാര്യം. ഈ പ്രത്യേക സാമ്പത്തിക മേഖലകളുടെ നിയന്ത്രണവും അതിലെ വ്യാപാരതാത്പര്യങ്ങളുമൊക്കെ അദാനിയുടെ കയ്യിലാകുന്നതോടെ ഇന്ത്യയിലെ സമാന്തര അദാനി റിപ്പബ്ലിക്കിലെ ഏറ്റവും തന്ത്രപ്രധാനമായ ഭാഗം കൂടിയാകും വിഴിഞ്ഞം. ഇപ്പോൾത്തന്നെ ഇന്ത്യയിൽ 14 തുറമുഖങ്ങൾ അദാനിയുടെ കൈവശമാണ്. ഇന്ത്യയുടെ 5422 കിലോമീറ്റർ വരുന്ന തീരത്ത് 500 കിലോമീറ്ററിനുള്ളിൽ ഒരു അദാനി തുറമുഖമുണ്ട്. വിമാനത്താവളങ്ങൾ വേറെയും. 2001-ൽ ഒരൊറ്റ തുറമുഖം (മുന്ദ്ര, ഗുജറാത്ത്) മാത്രമുണ്ടായിരുന്ന അവസ്ഥയിൽ നിന്നാണ് 2023-ൽ 14 തുറമുഖങ്ങളിലേക്ക് അദാനി കുതിച്ചെത്തിയത്. അപ്പോഴേക്കും ഇന്ത്യയുടെ ഭരണം അദാനിയുടെ വിശ്വസ്ത സേവകൻ കൂടിയായ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാരിലേക്കെത്തിയിരുന്നു.

തുറമുഖ നടത്തിപ്പിൽ നിന്നുമാത്രം ലാഭം കിട്ടില്ലെന്നത് അദാനി കാണാതെ പോകുന്നില്ല. അതുകൊണ്ടുതന്നെ തന്റെ സേവകരായ കേരള സർക്കാരിനോട് അദാനി ഭൂമിക്കച്ചവടത്തിനും വികസനത്തിനുമുള്ള അവകാശം ആവശ്യപ്പെടുന്നു.
തുറമുഖ നടത്തിപ്പിൽ നിന്നുമാത്രം ലാഭം കിട്ടില്ലെന്നത് അദാനി കാണാതെ പോകുന്നില്ല. അതുകൊണ്ടുതന്നെ തന്റെ സേവകരായ കേരള സർക്കാരിനോട് അദാനി ഭൂമിക്കച്ചവടത്തിനും വികസനത്തിനുമുള്ള അവകാശം ആവശ്യപ്പെടുന്നു.

2013-ൽ രാജ്യത്തെ മൊത്തം കപ്പൽ ചരക്ക് കടത്തിന്റെ 9%-മാണ് അദാനി കൈകാര്യം ചെയ്തിരുന്നതെങ്കിൽ 2023-ലെത്തുമ്പോൾ അത് 24%-മായി ഉയർന്നു. അസാധാരണമായ ഈ വളർച്ച എങ്ങനെയാണ് സംഭവിച്ചതെന്നതിന് ഇന്നിപ്പോൾ ഇന്ത്യയിൽ വലിയ സംശയങ്ങളൊന്നുമില്ല. ഒരു വശത്ത് അദാനി തങ്ങളുടെ കുത്തകാധിപത്യം തുറമുഖ മേഖലയിൽ വ്യാപിപ്പിക്കുമ്പോൾ പൊതുമേഖലാ തുറമുഖങ്ങളുടെ ചരക്ക് കടത്ത് പങ്ക് ഇക്കാലയളവിൽ 4% ഇടിയുകയായിരുന്നു എന്നുകൂടി കാണണം. പൊതുമേഖലയിലല്ലാത്ത തുറമുഖങ്ങളുടെ 50%വും ഇന്നിപ്പോൾ അദാനിയുടെ കൈവശമാണ്. ഇത്തരത്തിലുള്ള അദാനി സാമാന്തര റിപ്പബ്ലിക്കിന്റെ വ്യാപനത്തിന് കുത്തുവിളക്കും താലവും വാളും പിടിച്ചു മുന്നിൽ നടക്കുന്ന വിധേയ സേവകരാണ് പിണറായി വിജയനും സംഘവും ഒപ്പം കേരളത്തിലെ സകല രാഷ്ട്രീയ നേതൃത്വവും.

കേരള സർക്കാർ മുഴുവൻ പണവും മുടക്കി ഏറ്റെടുത്തു നൽകുന്ന ഭൂമിയും കടൽ നികത്തുന്ന ഭൂമിയും തുറമുഖ ആസ്തികളുമടക്കം പദ്ധതിയുടെ സകല ആസ്തികളും പണയം വെക്കാനും വായ്പയെടുക്കാനും അദാനിക്ക് ഏകപക്ഷീയമായ അധികാരം നൽകുന്ന വ്യവസ്ഥയും കരാറിലുണ്ട്. അതായത് ബാങ്കുകളിൽ നിന്നും വായ്പയെടുക്കാൻ അദാനിക്ക് ഇതെല്ലാം പണയം വെക്കാം. വാസ്തവത്തിൽ ഇതിന്റെയെല്ലാം ഉടമസ്ഥനായ കേരള സർക്കാരിന് ഇതിലൊന്നും ഒരു നിയന്ത്രണവുമില്ല. വികസനം വരുന്ന വഴിയാണ്! ഇങ്ങനെയൊക്കെ ചെയ്തതിനു ശേഷം 40 കൊല്ലം കഴിഞ്ഞു അദാനി പോകാൻ തീരുമാനിച്ചാൽ കേരളം അദാനിക്ക് 19,555 കോടി രൂപ അങ്ങോട്ട് കൊടുക്കേണ്ടി വരും. അക്കാലത്തേക്ക് തുറമുഖസംബന്ധിയായ ചെലവുകൾക്കിറക്കിയ പണത്തിന്റെ മുതലും പലിശയും തിരിച്ചടവുമെല്ലാം കണക്കാക്കിയാൽ കേരളം അന്ന് മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള കാശെടുത്ത് വേണ്ടിവരും അദാനിയെ യാത്രയയക്കാൻ.

ഇപ്പോൾത്തന്നെ അദാനിക്ക് തുറമുഖ നിർമാണത്തിന് സംസ്ഥാന സർക്കാർ നൽകേണ്ട പണം നൽകാൻ സർക്കാർ ബുദ്ധിമുട്ടുകയാണ്. അദാനിക്ക് പണം നൽകാനായുള്ള വായ്‌പക്കായി National Bank for Agriculture and Rural Development (NABARD)-മായി സംസ്ഥാന സർക്കാർ ചർച്ചകൾ നടത്തി. വായ്പ നൽകുന്നതിന് നബാർഡ് വെച്ച പ്രധാന നിർദേശം ആദ്യത്തെ മൂന്നു വർഷം പലിശ മാത്രവും പിന്നീടങ്ങോട്ട് മുതലും പലിശയും ചേർത്ത് തിരിച്ചടയ്ക്കണമെന്നും ഇതിനുള്ള പണം ബജറ്റ് വിഹിതമായി വിലയിരുത്തണമെന്നുമാണ്. അതായത് തുറമുഖത്തിൽ നിന്നുള്ള വരുമാനം കൊണ്ട് അദാനി ലോകത്തിലെ ഏറ്റവും സമ്പന്നരായ മനുഷ്യരുടെ പട്ടികയിൽ വീണ്ടും മുകളിലേക്ക് കയറുമ്പോൾ സംസ്ഥാന സർക്കാർ ക്ഷേമ പെൻഷൻ നൽകാനുള്ള കാശെടുത്തുവേണം അദാനിക്ക് അഭിവൃദ്ധി യോജനയ്ക്ക് വേണ്ടി വാങ്ങിയ കടം തിരിച്ചടയ്ക്കാനെന്നാണ്.

2013-ൽ രാജ്യത്തെ മൊത്തം കപ്പൽ ചരക്ക് കടത്തിന്റെ 9%-മാണ് അദാനി കൈകാര്യം ചെയ്തിരുന്നതെങ്കിൽ 2023-ലെത്തുമ്പോൾ അത് 24%-മായി ഉയർന്നു. അസാധാരണമായ ഈ വളർച്ച എങ്ങനെയാണ് സംഭവിച്ചതെന്നതിന് ഇന്നിപ്പോൾ ഇന്ത്യയിൽ വലിയ സംശയങ്ങളൊന്നുമില്ല
2013-ൽ രാജ്യത്തെ മൊത്തം കപ്പൽ ചരക്ക് കടത്തിന്റെ 9%-മാണ് അദാനി കൈകാര്യം ചെയ്തിരുന്നതെങ്കിൽ 2023-ലെത്തുമ്പോൾ അത് 24%-മായി ഉയർന്നു. അസാധാരണമായ ഈ വളർച്ച എങ്ങനെയാണ് സംഭവിച്ചതെന്നതിന് ഇന്നിപ്പോൾ ഇന്ത്യയിൽ വലിയ സംശയങ്ങളൊന്നുമില്ല

തുറമുഖത്തിലേക്കുള്ള അനുബന്ധ അടിസ്ഥാന സൗകര്യ വികസനമെല്ലാം നടത്തേണ്ടത് സംസ്ഥാന സർക്കാരാണ്. വിഴിഞ്ഞത്തേക്കുള്ള റെയിൽ, റോഡ് ബന്ധം വികസിപ്പിക്കാനുള്ള ചുമതല സർക്കാരിന്റേതാണ്. ഇതിന്റെ ഭാഗമായാണ് ബാലരാമപുരം-വിഴിഞ്ഞം റെയിൽ ബന്ധം ഉണ്ടാക്കുന്നത്. ആദ്യമിത് സാധാരണ രീതിയിലുള്ള ഭൂമിക്ക് മുകളിലുള്ള റെയിൽപ്പാതയായിട്ടായിരുന്നു രൂപകല്പന ചെയ്തത്. എന്നാൽ അതിനുവേണ്ട ഭൂമിയേറ്റെടുക്കൽ നടത്താനുള്ള സാമ്പത്തിക,സാമൂഹ്യ പ്രശനങ്ങൾ ആലോചിച്ച സർക്കാർ അത് ഭൂഗർഭ തുരങ്ക പാതയാക്കി. അതിന്റെ പാരിസ്ഥിതിക, നടത്തിപ്പ് പ്രശ്നങ്ങളൊക്കെ എങ്ങനെ മറികടക്കും എന്നതിനോനും ഒരു തീർച്ചയായും ഇപ്പോഴുമില്ല. അദാനിക്ക് വേണ്ടി എന്തും ചെയ്യാനുള്ള നിശ്ചയദാർഢ്യം മാത്രമാണ് പിണറായി സർക്കാരിന്റെ കൈമുതൽ.

സാധാരണഗതിയിൽ തുറമുഖങ്ങളുടെ ആസൂത്രണവും നിർമാണവും നിക്ഷേപവും നടത്തിപ്പും കൈമാറ്റവുമെന്ന DBFOT (Design, Build, Finance, Operate, Transfer) പദ്ധതികളുടെ കൈമാറ്റം വരെയുള്ള കാലാവധി പരമാവധി 30 വർഷമാണ്. പൊതു- സ്വകാര്യ പങ്കാളിത്ത തുറമുഖ നിർമ്മാണവും നടത്തിപ്പും കൈമാറ്റവും സംബന്ധിച്ച കേന്ദ്ര സർക്കാർ മാർഗ്ഗനിർദ്ദേശങ്ങളും 30 കൊല്ലത്തിനപ്പുറം സ്വകാര്യ മൂലധന പങ്കാളിയെ തുറമുഖം കൈവശം വെക്കാൻ അനുവദിക്കുന്നതായിരുന്നില്ല. എന്നാൽ കേരളത്തിൽ ഇതെല്ലാം വിസ്മൃതവാക്യങ്ങളായി. അദാനിക്ക് 40 കൊല്ലക്കാലം വിഴിഞ്ഞം തുറമുഖത്തിന്റെ കുത്തകാവകാശം എഴുതിക്കൊടുത്തു. കരാർ ഞങ്ങളല്ല ഉണ്ടാക്കിയതെന്ന് വലിയ വായിൽ വിളിച്ചുകൂവുന്ന പിണറായി വിജയനും സംഘവും അത് വീണ്ടും നീട്ടി, 2075 വരെ അദാനിക്ക് തീറെഴുതി. ഒരു സംസ്ഥാനത്തിന്റെ കടൽത്തീരവും പൊതുവിഭവ സ്രോതസ്സുമാണ് ഈ കോർപ്പറേറ്റ് ദല്ലാൾ രാഷ്ട്രീയ-ഉദ്യോഗസ്ഥവൃന്ദം അദാനിക്ക് എഴുതിനൽകിയത്.

പിണറായിയുടെ
വിഴിഞ്ഞം നിലപാടുകൾ

സി പി ഐ (എം) നേതൃത്വം നൽകുന്ന ഇടതുപക്ഷത്തിന്റെ നിലപാട് എത്രമാത്രം വഞ്ചന നിറഞ്ഞതും തട്ടിപ്പുമായിരുന്നുവെന്ന് മനസിലാക്കാൻ പിണറായി വിജയനെന്ന അദാനിയുടെ കേരളത്തിലെ വിശ്വസ്ത സേവകന്റെ വിഴിഞ്ഞം നിലപാടുകൾ നോക്കിയാൽ മതി. ഉമ്മൻചാണ്ടി ഏർപ്പെട്ട കരാർ കൊടും അഴിമതിയാണെന്നും ഏതാണ്ട് 6000 കോടി രൂപയുടെ അഴിമതിയുണ്ടെന്നും ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പിണറായി വിജയൻ ആരോപിച്ചു: ‘2013 മാർച്ച് 3-നു ഒരു എം.പിയുടെ വീട്ടിൽവെച്ച് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഗൗതം അദാനിയെ കണ്ടു. എന്തിനായിരുന്നു?’ എന്ന് പിണറായിയിലെ ഷെർലക് ഹോംസ് ചോദിച്ചു. കെ.വി. തോമസ് എന്നൊരു കേന്ദ്ര മന്ത്രിയും കോൺഗ്രസ് എം പിയുമായിരുന്ന കക്ഷി ഇപ്പോൾ എവിടെയാണ്, എന്ത് ചെയ്യുന്നു എന്ന ചോദ്യം ചോദിച്ചാൽ ഈ കുറ്റകൃത്യത്തിന്റെ ചുരുൾ പിണറായി വിജയൻ അഴിച്ചെന്ന് മനസിലാകും. തോമസ് ഇപ്പോൾ ഡൽഹിയിൽ പിണറായി സർക്കാരിന്റെ പ്രത്യേക പ്രതിനിധിയാണ്. ആരെയൊക്കെ കാണാനും എന്തൊക്കെ നടത്തിക്കാനുമാണ് തോമസിനെ ഡൽഹിയിൽ നിർത്തിയിരിക്കുന്നത് എന്നത് അത്ര രഹസ്യമൊന്നുമല്ല. കേരളമൊരു പരസ്പര കൊടുക്കൽ വാങ്ങലിന്റെ സ്ഥലമായതുകൊണ്ട് അതിലൊന്നും അവർക്ക് ആകുലതയുമില്ല. പിണറായി വിജയൻ മുഖ്യമന്ത്രിയായതോടെ, ഉമ്മൻചാണ്ടിയെ കണ്ട അദാനി പിണറായിയേയും സംഘത്തിനെയും കണ്ടു. ഇത്രയെളുപ്പമായിരിക്കും കാര്യങ്ങൾ എന്ന് അദാനിക്ക് പോലും അത്ഭുതം തോന്നും മട്ടിലാണ് പിന്നീട് ‘ആരെടാ ഞങ്ങടെ അദാനി സഖാവിനെതിരെ മിണ്ടുന്നത്’ എന്ന തരത്തിലുള്ള അദാനി പ്രതിരോധവുമായി കേരളത്തിലെ ഭരണപക്ഷ ഇടതുപക്ഷം ചാടിയിറങ്ങിയത്.

പദ്ധതിയുടെ ആദ്യഘട്ട നിർമ്മാണം അഞ്ചു വർഷം വൈകിപ്പിച്ചു പൂർത്തിയാക്കുന്നതിനു മാപ്പാക്കി അനുമതി നൽകാനും വിശാലഹൃദയരായ കേരള സർക്കാർ സമ്മതിച്ചു. പിഴയൊന്നും വേണ്ടതില്ല.
പദ്ധതിയുടെ ആദ്യഘട്ട നിർമ്മാണം അഞ്ചു വർഷം വൈകിപ്പിച്ചു പൂർത്തിയാക്കുന്നതിനു മാപ്പാക്കി അനുമതി നൽകാനും വിശാലഹൃദയരായ കേരള സർക്കാർ സമ്മതിച്ചു. പിഴയൊന്നും വേണ്ടതില്ല.

വിഴിഞ്ഞം കരാറിൽ ഇവിടെ പറഞ്ഞതടക്കമുള്ള നിരവധി കുഴപ്പങ്ങളും അദാനിക്കുവേണ്ടി നടത്തിയ അഴിമതിക്കരാറിലെ പ്രശ്നങ്ങളും ചൂണ്ടിക്കാണിച്ച് കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ (Comptroller and Auditor General- CAG) നൽകിയ റിപ്പോർട്ട് പിണറായി സർക്കാരിനു മറിച്ചൊരു ചിന്ത ഉണ്ടാക്കിയില്ല. സി ആന്റ് ജി റിപ്പോർട്ടിൽ പറഞ്ഞ കുഴപ്പങ്ങൾക്കും അഴിമതിക്കും കാരണക്കാർ ആരാണെന്ന് കണ്ടെത്താനും അവരിൽനിന്ന് നഷ്ടപരിഹാരമടക്കമുള്ളത് എങ്ങനെ ഈടാക്കാമെന്നും പരിശോധിച്ചു നിർദ്ദേശിക്കാൻ നിയുക്തമായ ജസ്റ്റിസ് രാമചന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള കമീഷൻ ‘ജസ്റ്റിസ് അദാനി കമീഷൻ’ എന്ന് പേര് മാറ്റിയില്ല എന്നേയുള്ളൂ. കമ്മീഷന്റെ പരിഗണന, പരിശോധനാവിഷയങ്ങൾക്കുപുറത്തേക്ക് സമുദ്രലംഘനം നടത്തിയ കമ്മീഷൻ സി ആന്റ് ജി റിപ്പോർട്ടിന്റെ ആധികാരികതയെക്കുറിച്ചുള്ള അന്വേഷണത്തിലാക്കി തങ്ങളുടെ കമ്പം. അങ്ങനെ സി ആന്റ് ജി റിപ്പോർട്ടിൽ അക്കമിട്ട് സൂചിപ്പിച്ച പ്രശ്നങ്ങളെയൊന്നും തൊടാതെ അദാനിയുടെ കൊള്ളക്കരാർ മുന്നോട്ട് നീങ്ങി.

വിഴിഞ്ഞം തുറമുഖനിർമാണം കരാർ പ്രകാരമുള്ള 2019 ഡിസംബർ 31-നു പൂർത്തിയാക്കാത്തതിന്റെ പേരിൽ അദാനി ഗ്രൂപ്പിനെതിരെ (Adani Vizhinjam Port Pvt Ltd-AVPL) വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി (Vizhinjam International Seaport Ltd-VISL), അതായത് കേരള സർക്കാർ നൽകിയ 911 കോടി രൂപയുടെ ആർബിട്രേഷൻ നടപടികൾ കേരള സർക്കാർ പിൻവലിച്ചത് അഴിമതിക്കരാറിന്റെ മറ്റൊരു തുടർച്ചയായിരുന്നു. കേന്ദ്ര സർക്കാരിന്റെ 817.80 കോടി രൂപയുടെ Viability Gap Fund ലഭിക്കുന്നതിനുള്ള ത്രികക്ഷി കരാറിലും (കേന്ദ്രം, കേരളം, അദാനി) ഒപ്പുവെച്ചു. പദ്ധതിയുടെ ആദ്യഘട്ട നിർമ്മാണം അഞ്ചു വർഷം വൈകിപ്പിച്ചു പൂർത്തിയാക്കുന്നതിനു മാപ്പാക്കി അനുമതി നൽകാനും വിശാലഹൃദയരായ കേരള സർക്കാർ സമ്മതിച്ചു. പിഴയൊന്നും വേണ്ടതില്ല. അതുമാത്രമല്ല, തുറമുഖ നിർമ്മാണം വൈകിയതിന്റെ പിഴ വേണ്ടെന്ന് വെച്ചതിനൊപ്പം തുറമുഖത്തിന്റെ നടത്തിപ്പവകാശം 40 കൊല്ലമെന്ന കരാർ വ്യവസ്ഥ ഭേദഗതി ചെയ്ത്, ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കാൻ വൈകിയ അഞ്ചു വർഷം കൂടി കൂട്ടിച്ചേർത്ത് 45 വർഷമാക്കിക്കൊടുത്തു. ഒപ്പം സംസ്ഥാന സർക്കാരിന് ഒരു ശതമാനം ലാഭവിഹിതമെന്ന എച്ചിൽക്കാശ് കിട്ടാനുള്ള കാലം 15-ൽ നിന്ന് 20 കൊല്ലമാക്കി. ഇതെല്ലാം പിണറായി വിജയൻ സർക്കാർ ചെയ്തു കൊടുത്തതാണ്. അദാനി സേവയിൽ മോദിയെക്കാളും മുന്നിലാണ് പിണറായി. കയ്യിൽ കേരളം മാത്രമുള്ളതുകൊണ്ടാണ് പിണറായിക്കും സംഘത്തിനും പരിമിതിയുള്ളത്. കോർപ്പറേറ്റുകളുടെ പാദസേവയ്ക്ക് പിണറായി സർക്കാരിനെപ്പോലെ അച്ചടക്കവും കാര്യശേഷിയുമുള്ള സർക്കാരുകൾ അധികമില്ല.

വാസ്തവത്തിൽ സമ്പൂർണ്ണമായും അദാനിക്കുവേണ്ടി തയ്യാറാക്കിയ കരാറിൽ ഒരു സ്വാഭാവിക നടപ്പ് മര്യാദയുടെ പേരിൽ കൂട്ടിചേർത്തൊരു വ്യവസ്ഥ, കരാർ പ്രകാരമുള്ള സമയത്ത് പണി പൂർത്തിയാക്കിയില്ലെങ്കിൽ വൈകിക്കൊണ്ടിരിക്കുന്ന ഓരോ ദിവസത്തിനും 12 ലക്ഷം രൂപ കരാർ ഏറ്റെടുത്ത അദാനി നല്കണമെന്നായിരുന്നു. പദ്ധതിയുടെ ഒന്നാം ഘട്ടം പണി 2019-ൽ പൂർത്തിയാക്കണമെന്നായിരുന്നു. അതാണ് പലവിധ കാരണങ്ങൾ പറഞ്ഞുകൊണ്ട് 2024 പകുതിവരെയെത്തിച്ചത്. ഈയൊരു ചെറിയ ബുദ്ധിമുട്ട് അദാനി നേരിട്ടത് പിണറായി സർക്കാരിന് സഹിക്കാനായില്ല. എന്നാൽ കരാർ പ്രകാരം നിയമനടപടികൾ ഒഴിവാക്കാനുമാകില്ല. അങ്ങനെയാണ് അദാനിക്കെതിരെ VISL ആർബിട്രേഷൻ നടപടികളുമായി നീങ്ങിയത്. കരാറുകാരനായ അദാനി പണി സമയബന്ധിതമായി പണി പൂർത്തിയാക്കാത്തതിനും അനുബന്ധ നഷ്ടങ്ങൾക്കുമായി 911 കോടി രൂപ VISL-നു നൽകണമെന്നായിരുന്നു. ആർബിട്രേഷൻ നടപടികൾ വൈകിപ്പിക്കാൻ VISL-ൽ നിന്ന് 3200 കോടിയിലേറെ രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അദാനിയും നീങ്ങി. കരാർ പ്രകാരമുള്ള നഷ്ടപരിഹാരം ലഭിക്കാൻ കേരളത്തിന് എല്ലാവിധ അർഹതയും ഉണ്ടായിരുന്നു. എന്നാൽ പിണറായി വിജയൻ സർക്കാർ ആർബിട്രേഷൻ നടപടികൾ പിൻവലിക്കാൻ തീരുമാനിച്ചു. അദാനിയും ആർബിട്രേഷൻ നടപടികൾ പിൻവലിച്ചു. എന്തായിരുന്നു ഇതിന് സർക്കാരിനെ പ്രേരിപ്പിച്ച കാരണം?

തുറമുഖ നിർമ്മാണം വൈകിയതിന്റെ പിഴ വേണ്ടെന്ന് വെച്ചതിനൊപ്പം തുറമുഖത്തിന്റെ നടത്തിപ്പവകാശം 40 കൊല്ലമെന്ന  കരാർ വ്യവസ്ഥ ഭേദഗതി ചെയ്ത്, ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കാൻ വൈകിയ അഞ്ചു വർഷം കൂടി കൂട്ടിച്ചേർത്ത് 45 വർഷമാക്കിക്കൊടുത്തു
തുറമുഖ നിർമ്മാണം വൈകിയതിന്റെ പിഴ വേണ്ടെന്ന് വെച്ചതിനൊപ്പം തുറമുഖത്തിന്റെ നടത്തിപ്പവകാശം 40 കൊല്ലമെന്ന കരാർ വ്യവസ്ഥ ഭേദഗതി ചെയ്ത്, ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കാൻ വൈകിയ അഞ്ചു വർഷം കൂടി കൂട്ടിച്ചേർത്ത് 45 വർഷമാക്കിക്കൊടുത്തു

കേരളത്തിന് ന്യായമായും ലഭിക്കേണ്ട നൂറുകണക്കിന് കോടി രൂപ അദാനിയെപ്പോലുള്ള ഒരു കോർപ്പറേറ്റ് കൊള്ളക്കമ്പനിക്ക് വെറുതെ എഴുതി നൽകാൻ ഇടതുപക്ഷ സർക്കാരെന്ന് അവകാശപ്പെടുന്ന ഈ പിണറായി വിജയൻ സർക്കാരിനെ പ്രേരിപ്പിച്ചതെന്തായിരിക്കും? ലോകത്തിലെവിടെയുമുള്ള മറ്റെല്ലാ ദല്ലാൾ ഭരണകൂടത്തെയും പോലെ കോർപ്പറേറ്റുകൾക്ക് സമൂഹത്തിന്റെ പൊതുസ്വത്തായ പ്രാഥമിക വിഭവങ്ങളും അവയുടെ വിനിയോഗാവകാശവും അധികാരവും തീറെഴുതി നൽകുകയും അതിന്റെ പ്രതിഫലമായി ദല്ലാൾപ്പണവും കോഴയും വാങ്ങുന്ന രാഷ്ട്രീയ നേതൃത്വത്തിനപ്പുറം മറ്റൊന്നുമല്ല പിണറായി വിജയനും സംഘവുമെന്നാണ് സംശയത്തിനിടയില്ലാതെ തെളിഞ്ഞത്. അഴിമതിക്കരാർ എഴുതിയുണ്ടാക്കിയ ഉമ്മൻചാണ്ടി സർക്കാരിലെ അദാനി സേവകന്മാർക്ക് കിട്ടിയ പങ്കുപണം അന്ന് കിട്ടാതെ പോയ വിഷമം രണ്ടു പിണറായി സർക്കാരുകളുടെ കാലത്ത് പലിശ സഹിതം തീർക്കുകയാണ്.

മന്ത്രിസഭയുടെ പുതിയ തീരുമാനപ്രകാരം ആർബിട്രേഷനൊക്കെ പിൻവലിക്കുമ്പോൾ അതിൽ മുതലാളിയെ കുരുക്കാൻ ഭയങ്കരമാന ഒരു സൂത്രപ്പണിയുണ്ട്. അതായത്, നിലവിലെ കരാർ പ്രകാരം പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങൾ 2045 ലാണ് അദാനി ഗ്രൂപ്പ് പൂർത്തിയാക്കേണ്ടത്. ഈ രണ്ടു ഘട്ടങ്ങളും 2028-ൽ പൂർത്തിയാക്കണമെന്ന് വ്യവസ്ഥ ചെയ്യുമെന്ന്. ആഹാ! അതായത്, നിലവിലെ കരാർ പ്രകാരം ഒന്നാം ഘട്ടം (2019 ഡിസംബർ) പൂർത്തിയാക്കി 25 വർഷങ്ങൾക്കുശേഷം (2045) പൂർത്തിയാക്കാൻ പദ്ധതിയുണ്ടാക്കിയതാണ് ഇപ്പോൾ അദാനി 10,000 കോടി രൂപ ഒറ്റയടിക്ക് വീശിയെറിഞ്ഞുകൊണ്ട് 2028- ൽ പൂർത്തിയാക്കും എന്നുപറയുന്നത്. ഒന്നാം ഘട്ടം അഞ്ചു വർഷം വൈകി ഇപ്പോഴും പൂർത്തിയായിട്ടില്ല. പക്ഷെ 25 കൊല്ലത്തെ, കാൽനൂറ്റാണ്ടു കാലത്തേക്ക് കണക്കാക്കിയ പണി അദാനി നാല് കൊല്ലം കൊണ്ട് പൂർത്തിയാക്കും എന്ന് പറയുന്നത്.

അഴിമതിക്കരാർ എഴുതിയുണ്ടാക്കിയ ഉമ്മൻചാണ്ടി സർക്കാരിലെ അദാനി സേവകന്മാർക്ക് കിട്ടിയ പങ്കുപണം അന്ന് കിട്ടാതെ പോയ വിഷമം രണ്ടു പിണറായി സർക്കാരുകളുടെ കാലത്ത് പലിശ സഹിതം തീർക്കുകയാണ്
അഴിമതിക്കരാർ എഴുതിയുണ്ടാക്കിയ ഉമ്മൻചാണ്ടി സർക്കാരിലെ അദാനി സേവകന്മാർക്ക് കിട്ടിയ പങ്കുപണം അന്ന് കിട്ടാതെ പോയ വിഷമം രണ്ടു പിണറായി സർക്കാരുകളുടെ കാലത്ത് പലിശ സഹിതം തീർക്കുകയാണ്

ഒന്നാം ഘട്ട പണി പൂർത്തിയാക്കാൻ VGF കിട്ടിയാലേ നടക്കൂ എന്നും കേരള സർക്കാർ അത് തരുന്നില്ല എന്നും പറഞ്ഞു പണി വൈകിപ്പിച്ച അദാനി സ്വന്തം നിലയിൽ 10,000 കോടി രൂപ നാലുകൊല്ലം കൊണ്ട് ഇറക്കുമെന്ന കാര്യത്തിൽ പിണറായി സർക്കാരിന് സംശയമൊന്നുമില്ല. നടത്തിപ്പിന്റെ ആദ്യഘട്ടങ്ങളിലൊന്നും ലാഭകരമാകില്ല എന്ന് തോന്നുന്ന പദ്ധതികൾക്കുള്ള നിർമാണ സഹായം എന്ന നിലയ്ക്കാണ് VGF നൽകുന്നത്. കേന്ദ്രം നൽകുന്ന ഈ പണം വെറുതെ നൽകുന്നതല്ല, കേരള സർക്കാർ തിരിച്ചടയ്‌ക്കേണ്ടതാണ്. അതായത് അദാനിക്ക് തുറമുഖ നടത്തിപ്പിനും നിർമ്മാണത്തിനും മുട്ടുവരാതിരിക്കാൻ കേരള സർക്കാർ പണം കേന്ദ്രത്തിൽ നിന്നും വാങ്ങി പിന്നീടത് തിരിച്ചടയ്ക്കണം.

കേന്ദ്രത്തിൽ നിന്നും VGF ലഭിക്കുന്നില്ല എന്ന പ്രശ്നം കേരളം ഉന്നയിച്ചു. എന്നാൽ VGF-ലെ കേന്ദ്ര വായ്പ എന്ന് പറയാവുന്ന വിഹിതം നൽകണമെങ്കിൽ ആർബിട്രേഷൻ നടപടികൾ തീർക്കണമെന്ന് അദാനിയുടെ സ്വന്തം സർക്കാരായ മോദി സർക്കാർ ആവശ്യപ്പെട്ടു. അദാനിയുടെ മറ്റൊരു വിധേയസർക്കാരായ പിണറായി വിജയൻ, ഇതാദ്യം പറഞ്ഞൂടായിരുന്നോ എന്ന മട്ടിൽ ഒറ്റയടിക്ക് ആർബിട്രേഷൻ അവസാനിപ്പിച്ചു. പദ്ധതി നിർമ്മാണം വൈകിയതിന് അദാനി നൽകേണ്ട നഷ്ടപരിഹാരം വേണ്ടെന്നു വെച്ചു. എങ്ങനെ നോക്കിയാലും ലാഭം അദാനിക്കാണ്.

ഒരു (തുറമുഖ) പദ്ധതി നടപ്പാക്കാനുള്ള സാങ്കേതികവശങ്ങളും അനുബന്ധഘടകങ്ങളും എല്ലാം കണക്കിലെടുത്താണ് അതിനുള്ള നിർമ്മാണ കാലാവധി നിശ്ചയിക്കുന്നത്. അങ്ങനെയാണ് രണ്ടും മൂന്നും ഘട്ടങ്ങൾക്ക് 25 വർഷം വേണ്ടിവരുമെന്ന് കരാറിൽ കണക്കാക്കിയത് എന്ന് വേണമല്ലോ കരുതാൻ. ഇപ്പോൾ പറയുന്നു, അതിൽ നിന്ന് ഒറ്റയടിക്ക് 21 വർഷങ്ങൾ വെട്ടിക്കുറയ്ക്കാവുന്നതേയുള്ളു എന്ന്. ജനങ്ങളുടെ സാമാന്യബോധത്തെ കൊഞ്ഞനംകുത്തുക മാത്രമല്ല, കരാറുകളുടെ സാമ്പത്തിക, സാങ്കേതിക യുക്തിയൊക്കെ എത്ര പരിതാപകരമാണ് എന്നുകൂടിയാണ് ഇത് തെളിയിക്കുന്നത്.

നിലവിലെ സർക്കാർ പോകും മുമ്പ് അദാനി മുതലാളിയിൽ നിന്ന് കിട്ടാനുള്ള പരമാവധി ദല്ലാൾപ്പണവും കൈപ്പറ്റാനുള്ള ആർത്തിയാണ് ഇത്തരത്തിൽ ജനങ്ങളെ മുഴുവൻ വിഡ്ഢികളാക്കാൻ ശ്രമിക്കുന്ന തീരുമാനങ്ങളുടെയും പ്രഖ്യാപനങ്ങളുടെയും പിറകിൽ. തുറമുഖ നിർമ്മാണത്തിന്റെ പേരിൽ അദാനി റിപ്പബ്ലിക്കിന്റെ റിയൽ എസ്റ്റേറ്റ് വികസന കച്ചവടമടക്കം കൊഴുപ്പിക്കാനുള്ള പരിപാടിയുടെ വേഗം കൂട്ടലാണ് ഇപ്പോഴത്തെ തീരുമാനത്തിന്റെ മറ്റൊരുദ്ദേശ്യം. 911 കോടിയുടെ ആർബിട്രേഷൻ നടപടി റദ്ദാക്കാനും അദാനിക്ക് കൂടുതൽ ആനുകൂല്യങ്ങളും സൗകര്യങ്ങളും നൽകാനും സംസ്ഥാന സർക്കാർ തീരുമാനിക്കുമ്പോൾ ഇലക്ടറൽ ബോണ്ട് വാങ്ങാതെയും കോർപ്പറേറ്റുകൾക്ക് രാഷ്ട്രീയ കക്ഷികളെയും സർക്കാരിനെയുമൊക്കെ നിയന്ത്രിക്കാവുന്നതേയുള്ളൂ എന്ന് ലളിതമായി തെളിയുന്നു.

നിലവിലെ സർക്കാർ പോകും മുമ്പ്  അദാനി മുതലാളിയിൽ നിന്ന് കിട്ടാനുള്ള പരമാവധി ദല്ലാൾപ്പണവും കൈപ്പറ്റാനുള്ള ആർത്തിയാണ് ഇത്തരത്തിൽ ജനങ്ങളെ മുഴുവൻ വിഡ്ഢികളാക്കാൻ ശ്രമിക്കുന്ന തീരുമാനങ്ങളുടെയും പ്രഖ്യാപനങ്ങളുടെയും പിറകിൽ. ( തീരശോഷണത്തെ തുടർന്ന് വീട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങൾ താമസിക്കുന്ന വലിയതുറയിലെ ക്യാമ്പ് )
നിലവിലെ സർക്കാർ പോകും മുമ്പ് അദാനി മുതലാളിയിൽ നിന്ന് കിട്ടാനുള്ള പരമാവധി ദല്ലാൾപ്പണവും കൈപ്പറ്റാനുള്ള ആർത്തിയാണ് ഇത്തരത്തിൽ ജനങ്ങളെ മുഴുവൻ വിഡ്ഢികളാക്കാൻ ശ്രമിക്കുന്ന തീരുമാനങ്ങളുടെയും പ്രഖ്യാപനങ്ങളുടെയും പിറകിൽ. ( തീരശോഷണത്തെ തുടർന്ന് വീട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങൾ താമസിക്കുന്ന വലിയതുറയിലെ ക്യാമ്പ് )

എന്തായാലും വലിയ സാങ്കേതികവൈദഗ്ധ്യത്തോടെ 25 കൊല്ലം കൊണ്ട് പൂർത്തിയാക്കാൻ കഴിയുമെന്ന് ഏഴു വർഷം മുമ്പ് കണക്കാക്കിയ തുറമുഖ നിർമാണം വെറും നാലുവർഷം കൊണ്ട് പൂർത്തിയാക്കാവുന്നതേയുള്ളു എന്ന് തിരിച്ചറിഞ്ഞ അദാനിക്കും സംസ്ഥാന സർക്കാരിനും വികസനാഭിവാദ്യങ്ങൾ എത്ര നൽകിയാലാണ് മതിയാവുക. ആദ്യഘട്ട നിർമാണപൂർത്തീകരണം അഞ്ചു വർഷം വൈകിച്ചിട്ടും ഇനിയും പൂർത്തിയാക്കാത്ത അദാനി 25 വർഷത്തെ നിർമാണപ്രവർത്തനങ്ങൾ 4 കൊല്ലം കൊണ്ട് തീർക്കണമെങ്കിൽ പിണറായി വിജയൻ കുടമൺ പോറ്റിയായി ചെല്ലപ്പെട്ടിയിലടച്ച ചാത്തനാകണം അദാനി. എന്നാൽ, പോറ്റിയുടെ രൂപത്തിൽ ചാത്തനാണ് മന വാഴുന്നത് എന്നാർക്കാണറിയാത്തത്. അറിഞ്ഞിട്ടും വലിയ കാര്യമൊന്നുമില്ല എന്നതുകൊണ്ട് പകിട എങ്ങനെ വീണാലും സമയം ചാത്തന് പണയം വെച്ചിരിക്കുന്നു. മലയാളിയുടെ അദാനി വികസന ഭ്രമയുഗം.

അദാനി സേവയിൽ
ഒറ്റക്കെട്ട്

രാഷ്ട്രീയ നേതൃത്വത്തെയും മാധ്യമങ്ങളെയുമെല്ലാം മൊത്തത്തിൽ വിലയ്‌ക്കെടുത്തുകൊണ്ടാണ് അദാനി വിഴിഞ്ഞം കൊള്ള നടത്തുന്നത്. വിഴിഞ്ഞം പദ്ധതിയുടെ അവകാശികൾ ആരാണ് എന്ന കാര്യത്തിൽ മാത്രമാണ് ഭരണ, പ്രതിപക്ഷങ്ങൾ തമ്മിലുള്ള തർക്കം. കക്ഷിരാഷ്ട്രീയ തർക്കങ്ങളോ പ്രത്യയശാസ്ത്ര ഭേദങ്ങളോ ഇല്ലാതെ വികസനത്തിൽ ഒറ്റക്കെട്ട് എന്ന സുന്ദരസ്വപ്‌നം ഇത്ര മനോഹരമായി നടന്നൊരു പദ്ധതി കേരളത്തിലുണ്ടായിട്ടില്ല. തങ്ങളുടെ പങ്കു കിട്ടാതെ പോയതിന്റെ മനഃപ്രയാസത്തിൽ പിണറായി വിജയൻ ആദ്യഘട്ടത്തിൽ ഉന്നയിച്ച 6000 കോടിയുടെ അഴിമതിയാരോപണമല്ലാതെ മറ്റൊന്നും പരസ്പരം ആരോപിക്കാൻ പോലുമില്ലാത്തത്ര സംശുദ്ധമായ പരിപാടിയായാണ് വിഴിഞ്ഞം പദ്ധതി കേരളത്തിൽ നടക്കുന്നത്. ഇന്ത്യയിൽ മാത്രമല്ല ലോകത്തെവിടെയും തങ്ങളുടെ കച്ചവടതാത്പര്യങ്ങൾ നടത്തിക്കാൻ രാഷ്ട്രീയ നേതൃത്വത്തെ വിലയ്‌ക്കെടുക്കുകയും ചെയ്യുന്നതിൽ വളരെ വിജയകരമായ അഴിമതി മാതൃകകൾ മറ്റെല്ലാ കോർപ്പറേറ്റുകളെയും പോലെ നടപ്പാക്കിയ അദാനിക്ക് കേരളത്തിലെ രാഷ്ട്രീയ നേതൃത്വം വളരെ നിസ്സാരമായ ആർത്തി മാത്രം കാണിച്ചവരായിരുന്നു. പ്രാഥമിക വിഭവങ്ങളുടെ കോർപ്പറേറ്റ് കൊള്ളയ്ക്ക് വഴിയൊരുക്കാനുള്ള ഭൂമാതൃക കേരളത്തിലധികമില്ല. അതുകൊണ്ടുതന്നെ അപൂർവ്വമായി ലഭിക്കുന്ന അവസരമായിരുന്നു കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ സംബന്ധിച്ച് വിഴിഞ്ഞം പദ്ധതി. അത് കിട്ടിയതിലെയും പങ്കുവെച്ചതിലേയുമൊക്കെ ചില്ലറ പരിഭവങ്ങളോടെ അവർ ആഘോഷിക്കുന്ന കാഴ്‌ച കൂടിയാണ് വിഴിഞ്ഞത്തെ അദാനി സേവ.

വിഴിഞ്ഞം പദ്ധതിയുടെ അവകാശികൾ ആരാണ് എന്ന കാര്യത്തിൽ മാത്രമാണ് ഭരണ, പ്രതിപക്ഷങ്ങൾ തമ്മിലുള്ള തർക്കം. കക്ഷിരാഷ്ട്രീയ തർക്കങ്ങളോ പ്രത്യയശാസ്ത്ര ഭേദങ്ങളോ ഇല്ലാതെ വികസനത്തിൽ ഒറ്റക്കെട്ട് എന്ന സുന്ദരസ്വപ്‌നം ഇത്ര മനോഹരമായി നടന്നൊരു പദ്ധതി കേരളത്തിലുണ്ടായിട്ടില്ല
വിഴിഞ്ഞം പദ്ധതിയുടെ അവകാശികൾ ആരാണ് എന്ന കാര്യത്തിൽ മാത്രമാണ് ഭരണ, പ്രതിപക്ഷങ്ങൾ തമ്മിലുള്ള തർക്കം. കക്ഷിരാഷ്ട്രീയ തർക്കങ്ങളോ പ്രത്യയശാസ്ത്ര ഭേദങ്ങളോ ഇല്ലാതെ വികസനത്തിൽ ഒറ്റക്കെട്ട് എന്ന സുന്ദരസ്വപ്‌നം ഇത്ര മനോഹരമായി നടന്നൊരു പദ്ധതി കേരളത്തിലുണ്ടായിട്ടില്ല

കേരളത്തിലെ മാധ്യമങ്ങളെ തങ്ങളുടെ ഉച്ചഭാഷിണികളാക്കി മാറ്റി എന്നതും ഇതുപോലെയാണ്. അദാനി എന്ന് പറയുന്നതിനൊപ്പം വികസനം എന്നും കേരളത്തിന്റെ സ്വപ്നം എന്നുമൊക്കെ ചേർത്തല്ലാതെ ഒരു വാചകം പോലും എഴുതാത്ത, വിലയ്‌ക്കെടുത്ത കോർപ്പറേറ്റ് മുതലാളിയോട് പരിപൂർണ്ണമായ കൂറും വിധേയത്വവും പ്രകടിപ്പിക്കുന്ന മാധ്യമങ്ങളാണ് കേരളത്തിലുള്ളത്. കേരളത്തിലെ വാൻ പ്രചാരമുള്ള പാത്രത്തിൽ ഏറ്റവും മുതിർന്ന മാധ്യമ പ്രവർത്തകനെ തങ്ങളുടെ തുറമുഖ പദ്ധതിയുടെ പ്രചാരണ വിഭാഗത്തിന്റെ ചുമതലയേൽപ്പിച്ചത് വെറുതെയായിരുന്നില്ല. വിഴിഞ്ഞം കരാറിനെക്കുറിച്ചോ അദാനിയുടെ കൊള്ളയെക്കുറിച്ചോ പൊതുവിഭവങ്ങൾ ഇത്തരത്തിൽ കോർപ്പറേറ്റുകൾക്ക് തീറെഴുതുന്നതിന്നെക്കുറിച്ചോ മാധ്യമങ്ങൾ പ്രതീക്ഷിത നിശ്ശബ്ദത പുലർത്തുന്നുണ്ട്. എന്നാൽ മുതലാളിത്ത മാധ്യമങ്ങൾ പോലും ഒരു പദ്ധതിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ അഴിമതിയെക്കുറിച്ച് സംസാരിക്കുകയും അത് പൊതുസമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുന്നത് അത്ര വിരളമല്ല. എന്നാൽ കേരളത്തിലെ മാധ്യമങ്ങൾ ഇത്തരത്തിലുള്ള സൂചനകൾപ്പോലും നൽകുന്നില്ല. അദാനിയുടെ മാധ്യമ പ്രചാരണ വിഭാഗത്തിൽ നിന്നുള്ള കുറിപ്പുകൾ വികസന സ്വപ്നവും സ്വപ്‍ന സാക്ഷാത്ക്കാരവുമായി തലക്കെട്ട് വാർത്തയാക്കുന്ന സാങ്കേതിക ചുമതല മാത്രമുള്ള കൂലിക്കാരായി മാറിയിരിക്കുന്നു അവർ.

മോദി സർക്കാരിനെതിരെ പരിമിതമായെങ്കിലും ശബ്ദമുയർത്തുകയും വിമത വാർത്തകൾ നൽകുകയും ചെയ്തിരുന്ന എൻ ഡി ടി വിയെ അദാനി കയ്യടക്കിയത് കൗശലം നിറഞ്ഞ ഏറ്റെടുക്കൽ വിദ്യയിലൂടെയാണ്. എന്നാൽ കേരളത്തിലെ സി പി ഐ (എം) മുഖപത്രമായ ദേശാഭിമാനിയിൽ അദാനിയുടെ തുറമുഖക്കൊള്ളക്കെതിരെ സമരം ചെയ്യുന്നവരെ ഗൂഢാലോചനക്കാരും മാവോവാദികളും തീവ്രവാദികളുമൊക്കെയായി മുദ്രകുത്തി അവരിൽ പലരുടെയും ചിത്രസഹിതം തലക്കെട്ട് വാർത്ത നൽകാനുള്ള അദാനിയടിമപ്പണിക്ക് അത്രയൊന്നും സങ്കീർണ്ണതയില്ലായിരുന്നു.

ഇന്ത്യയിലെവിടെയും പ്രാഥമിക വിഭവങ്ങളുടെ കോർപ്പറേറ്റ് കൊള്ളയുടെയും അതിന് സൈനിക ഒത്താശ ചെയ്യുന്ന ഭരണകൂട അടിച്ചമർത്തലിന്റെ ഭാഗമായും ഉപജീവന മാർഗങ്ങളും അടിസ്ഥാന മനുഷ്യാവകാശങ്ങളും വരെ നിഷേധിക്കപ്പെടുന്ന ജനസമൂഹങ്ങളുടെ സമരങ്ങളെ എങ്ങനെയാണ് മറ്റേതൊരു ഫാഷിസ്റ്റ്, ജനാധിപത്യ വിരുദ്ധ ഭരണകൂടവും നേരിടുകയും ആക്രമിക്കുകയും ചെയ്യുന്നത് അതിന്റെ മറ്റൊരു പതിപ്പാണ് പിണറായി വിജയൻ സർക്കാരും നടത്തിയത്. എങ്ങനെയാണ് ഭരണകൂടം കോർപ്പറേറ്റ് മൂലധനത്തിന്റെ സൈനിക പങ്കാളിയും താത്പര്യ സംരക്ഷകനുമാകുന്നത് എന്നതിന്റെ നവ ഉദാരീകരണ കാലത്തിന്റെ കൃത്യം മാതൃകകളിലൊന്നാണ് കേരളത്തിലെ അദാനി സേവകരായ മുൻ ഉമ്മൻചാണ്ടി സർക്കാരും ഇപ്പോഴുള്ള പിണറായി വിജയൻ സർക്കാരും.

കേരളത്തിലെ പൊതുസമൂഹത്തിന്റെ വ്യവഹാര മണ്ഡലത്തെ സ്വാധീനിക്കുകയും നിർണ്ണയിക്കുകയും ചെയ്യുന്നതിൽ പങ്കുണ്ടെന്ന് കരുതുന്ന സാംസ്ക്കാരിക നായികാനായകന്മാരെ വരെ വിലയ്‌ക്കെടുക്കാനും തങ്ങളുടെ കോർപറേറ്റ് കൊള്ളയടിക്ക് അകമ്പടി സേവിച്ചു കുരയ്ക്കുന്നവരാക്കാനും അദാനിക്ക് കഴിഞ്ഞു. ഒരു പക്ഷെ ഇന്ത്യയിൽ മറ്റൊരിടത്തും സാംസ്ക്കാരിക നായികാനായകന്മാരും പൗരപ്രമുഖരും അദാനിക്ക് വേണ്ടിയെന്നല്ല, ഒരു കോർപ്പറേറ്റ് കമ്പനിക്കുവേണ്ടിയും വികസന പ്രാർത്ഥനയുമായി കൂട്ടപ്രസ്താവന ഒപ്പിട്ടിറക്കിയിട്ടുണ്ടാകില്ല. കേരളത്തിൽ അതും സംഭവിച്ചു. ഭീമ ഗോവിന്ദനും ഗോകുല ഗോപാലനും മുതൽ കവി സച്ചിദാനന്ദൻ വരെ അണിനിരന്ന പ്രസ്താവനയിറക്കാൻ ചുക്കാൻ പിടിച്ചത് പുരോഗമന കലാ സാഹിത്യ സംഘമൊക്കെയാണ് എന്നറിയുമ്പോഴാണ് ഇത് കേരളമാണ് എന്ന തമാശയുടെ വ്യാപ്തിയും ആഴവും നമുക്ക് മനസിലാകുന്നത്.

മധ്യേന്ത്യയിൽ എസ്സാർ, ജിൻഡാൽ, ടാറ്റ, അദാനി, അംബാനി തുടങ്ങിയ കോർപ്പറേറ്റ് ഖനന കുത്തകകൾക്കുവേണ്ടി ആദിവാസികൾക്കെതിരെ നടത്തുന്ന വേട്ട ഇതിന്റെ മാരകപ്പതിപ്പായി നമുക്ക് മുന്നിലുണ്ട്. കോർപ്പറേറ്റ് ഖനനം കമ്പനികൾക്ക് വേണ്ടി ആദിവാസികളെ വനഭൂമിയിൽ നിന്നും ഒഴിപ്പിക്കാനുള്ള ഗൂഢപരിപാടിയുടെ ഭാഗമായാണ് മാവോവാദി വിരുദ്ധ സേനയെന്ന രൂപത്തിൽ ഛത്തീസ്ഗഡിൽ ‘സൽവാ ജുദും’ എന്ന സ്വകാര്യ സായുധ സേനയ്ക്ക് സർക്കാർ തന്നെ രൂപം കൊടുത്തത്. ഭരണഘടനാവിരുദ്ധവും മനുഷ്യാവകാശ ലംഘനങ്ങളുടെ അതിഭീകര ഉദാഹരണവുമെന്ന് കാണിച്ചുകൊണ്ട് സുപ്രീം കോടതി ഈ സ്വകാര്യ സേന പിരിച്ചുവിടാൻ പിന്നീട് വിധി നൽകി. കൊലയും ബലാത്സംഗവും കൊള്ളയുമല്ലാതെ മറ്റൊരു വികസനവും സഹസ്ര കോടികളുടെ ഖനനലാഭം ഉണ്ടാക്കുന്ന ഈ കോർപ്പറേറ്റുകൾ ആദിവാസികൾക്കോ തദ്ദേശീയർക്കോ നൽകിയിട്ടില്ല. വികസനം ആർക്കു വേണ്ടി എന്ന പ്രാഥമികമായ ചോദ്യം ഒരു അറുപഴഞ്ചൻ പരാതിയായിത്തോന്നിപ്പിക്കേണ്ടത് ജനങ്ങളുടെ ആവശ്യമല്ല, കോർപ്പറേറ്റുകളുടെയും അവരുടെ സൈനിക സഹായി കൂടിയായ ഭരണകൂടത്തിന്റെയുമാണ്.

ഉദ്യോഗസ്ഥവൃന്ദത്തെയും ഭരണനിർവ്വഹണ വിഭാഗത്തെയും നേരിട്ട് വിലയ്‌ക്കെടുക്കുന്നത് കോർപ്പറേറ്റുകളുടെ സ്ഥിരം പരിപാടിയാണ്. അദാനിയുടെ ഇന്ത്യയിലെ കോർപ്പറേറ്റ് സംവിധാനത്തിന്റെ നടത്തിപ്പുകാരിൽ പ്രമുഖ സ്ഥാനങ്ങളിലിരിക്കുന്നവരിൽ പലരും ഐ എ എസ്, ഐ ആർ എസ് ഭരണ നിർവ്വഹണ വിഭാഗങ്ങളിൽ നിന്ന് വിരമിച്ചവരാണ് എന്നത് യാദൃച്ഛികമല്ല. അദാനിക്ക് നിർണ്ണായകമായ വാണിജ്യ താത്പര്യങ്ങളുള്ള മേഖലയാണ് പുനരുപയോഗിക്കാവുന്ന ഊർജ്ജ പദ്ധതികൾ. പുനഃരുപയോഗ ഊർജ്ജ വകുപ്പിലെ സെക്രട്ടറിയായിരുന്ന വി.സുബ്രഹ്മണ്യൻ അദാനി ഗ്രൂപ്പിൽ ചേരുന്നത് തെരഞ്ഞെടുപ്പിന്റെ രീതിശാസ്ത്രം മനസിലാക്കിത്തരുന്നതാണ്. ജയന്ത് പരിമൾ, ഡി.കെ. മിത്തൽ, സെക്യൂരിറ്റീസ് ബോർഡ് ഓഫ് ഇന്ത്യ മുൻ ചെയർമാൻ ഉപേന്ദ്ര കുമാർ സിൻഹ, മഹാരാഷ്ട്രയിലെ ഊർജ്ജ വകുപ്പ് നിയന്ത്രണ സംവിധാനം മേധാവിയായിരുന്ന ചന്ദ്ര അയ്യങ്കാർ, ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായിരുന്ന രമൺ സിംഗിന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അമൻ സിങ്, വാണിജ്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറിയായിരുന്ന വിജയലക്ഷ്മി ജോഷി എന്നിങ്ങനെ എത്രയോ പേരാണ് അദാനിയുടെ ശമ്പളക്കാരായി മാറിയത്. അദാനിയിൽ മാത്രമല്ല അംബാനിയുടെയും മാറ്റ് കോർപ്പറേറ്റുകളുടെയുമൊക്കെ വിശ്വസ്തരാകാനും ശമ്പളക്കാരാകാനും ഉന്നം വെച്ചുകൊണ്ടാണ് വലിയൊരു വിഭാഗം ഭരണ നിർവ്വന വിഭാഗം ഉന്നതോദ്യഗസ്ഥർ അവരുടെ സേവന കാലയളവിൽ കോർപ്പറേറ്റുകൾക്ക് വേണ്ടി ദല്ലാൾപ്പണിയെടുക്കുന്നത്. വിഴിഞ്ഞം തുറമുഖ വികസന സ്വപ്നത്തെക്കുറിച്ച് വാചാലരാകുന്ന ഉദ്യോഗസ്ഥരും ഇതിനപവാദമല്ല.

കോർപ്പറേറ്റുകളുടെ
റിസർവ് ലേബർ ഫോഴ്സ്

രാജ്യാന്തര വ്യാപാരത്തിലും അദാനി ഈ രാഷ്ട്രീയ, ഉദ്യോഗസ്ഥ വിലയ്‌ക്കെടുക്കൽ നടത്താറുണ്ട്. ഇസ്രയേലിന്റെ ഇന്ത്യയിലെ മുൻ നയതന്ത്ര പ്രതിനിധി (സ്ഥാനപതി) റോൺ മാൽക്ക, അദാനി പോർട്സ് (APSEZ) ഏറ്റെടുത്തു നടത്തുന്ന (APSEZ-Gadot Group consortium) ഹൈഫ തുറമുഖ കമ്പനിയുടെ (HPC) എക്സിക്യൂട്ടീവ് ചെയർമാനായി നിയമിക്കപ്പെട്ടു. ഇന്ത്യയിലേക്ക് വരുന്ന ഇസ്രായേൽ നയതന്ത്ര പ്രതിനിധി അദാനിയുടെ കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയർമാനായി മാറുന്നത് നയതന്ത്ര പ്രതിനിധിയായിരുന്നുകൊണ്ട് അദാനിക്കുവേണ്ടി ഇന്ത്യൻ സർക്കാരിന്റെ സമ്മതത്തോടെ പ്രവർത്തിച്ചതുകൊണ്ടാണ്.

ജൂലായ് 2022-ലാണ് അദാനിയും ഇസ്രായേൽ കമ്പനിയായ Gadot Group -ഉം ചേർന്ന് ഇസ്രായേലിലെ രണ്ടാമത്തെ വലിയ ചരക്ക്-യാത്ര തുറമുഖമായ ഹൈഫയുടെ സ്വകാര്യവത്ക്കരണത്തിനുള്ള നടത്തിപ്പ് കരാർ (1.18 ബില്യൺ ഡോളർ) നേടുന്നത്. അദാനിക്കാണ് സംയുക്ത സംരഭത്തിലെ 70% പങ്കാളിത്തവും. തുറമുഖത്തിന്റെ നടത്തിപ്പ് കരാർ കാലാവധി 2054-വരേക്കാണ്. (വിഴിഞ്ഞത്തൊക്കെ ഏതാണ്ട് മുക്കാൽ നൂറ്റാണ്ട് കാലത്തേക്കാണ് അദാനി വക വികസനം അദാനി-ഉമ്മൻചാണ്ടി-പിണറായി വിജയൻ-മോദി-സംയുക്ത സംരഭം ഉറപ്പുവരുത്തുന്നത് എന്നത് വേറെ കാര്യം) മാൽക്കയുടെ കാലത്ത് അദാനി-മോദി-ഇസ്രായേൽ വ്യാപാര ഇടപാടുകൾക്കുള്ള സജീവ ചർച്ചകൾ നടത്തിയിരുന്നു. ഇന്ത്യ-ഇസ്രായേൽ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകളും നടന്നു. ഇന്ത്യയിൽ മോദാനി സർക്കാരായതുകൊണ്ട് അദാനിയുമായുള്ള ചർച്ച എന്നാൽ എല്ലാ വാതിലുകളും തുറക്കുക എന്നാണ്.

എത്ര നഗ്‌നമായ തരത്തിലുള്ള താത്പര്യ സംഘർഷമാണ് റോൺ മാൽക്ക അദാനിയുടെ കമ്പനിയിൽ ചേരുമ്പോൾ മുമ്പുണ്ടായതായി നമുക്ക് മനസിലാക്കാൻ കഴിയുന്നത്. ഇതിപ്പോൾ അദാനി ആദ്യമായി നടത്തുന്ന പരിപാടിയല്ല. ഐ.എ.എസ് ഉദ്യോഗസ്ഥരടക്കം കേന്ദ്ര സർക്കാരിലും സംസ്ഥാന സർക്കാരുകളിലും നയതീരുമാനങ്ങളുമായി ബന്ധപ്പെട്ടുള്ള എത്രയോ ആളുകളാണ് അദാനിയുടെ സ്ഥാപനങ്ങളിൽ പിന്നീട് ചേർന്നിട്ടുള്ളത്. അദാനിക്ക് മാത്രമല്ല, അംബാനിയടക്കമുള്ള വൻകിട കോർപ്പറേറ്റുകളുടെ റിസർവ് ലേബർ ഫോഴ്സ് ആണ് ഉയർന്ന സിവിൽ സർവ്വീസ് ഉദ്യോഗസ്ഥവൃന്ദം. അവർ സർക്കാർ ജോലിയിലിരിക്കെ കോർപറേറ്റുകൾക്ക് ചെയ്തുകൊടുക്കുന്ന സേവനങ്ങൾക്കുള്ള പ്രതിഫലം കൂടിയാണ് പിൽക്കാലത്ത് സ്വതന്ത്ര ഡയറക്ടർമാരും ഉന്നതോദ്യഗസ്ഥരുമായുള്ള മറ്റുമുള്ള നിയമനം.

കച്ചവടമുറപ്പാക്കുന്ന എല്ലാ രാജ്യത്തും അവിടുത്തെ രാഷ്ട്രീയ-ഉദ്യോഗസ്ഥ നിരയിൽ നിന്നും തനിക്ക് വേണ്ടപ്പെട്ടവരായി ഒരുകൂട്ടത്തെ വിലയ്‌ക്കെടുക്കുക എന്നത് അദാനിയുടെ രീതിയാണ്, ഏതാണ്ടെല്ലാ കോർപറേറ്റുകളുടെയും രീതിയാണ്. അതിന് നേരിട്ടുള്ള കോഴയും പദവികളുമെല്ലാം നൽകും. ആസ്ട്രേലിയയിലും ശ്രീലങ്കയിലുമെല്ലാം ഇന്ത്യക്ക് സമാന അഴിമതികളിലൂടെയാണ് അദാനി വ്യാപാരം നടത്തിയത് എന്നത് പരസ്യമായ കാര്യമാണ്.

കോർപ്പറേറ്റുകൾക്കും ബഹുരാഷ്ട്ര കമ്പനികൾക്കുമെല്ലാം ഇത് ഭരണകൂടത്തിന്റെ തീരുമാനങ്ങളെ എളുപ്പത്തിൽ സ്വാധീനിക്കാനുള്ള വഴിയാണ്. KPMG എന്ന അന്താരാഷ്‌ട്ര കൺസൾട്ടിങ് സ്ഥാപനത്തിൽ ഇന്ത്യയിലെ സർക്കാരിൽ നിന്നും ഉന്നത പദവികളിൽ നിന്ന് വിരമിച്ചവരും ഇപ്പോൾ അത്തരം പദവിയിലിരിക്കുന്നവരുടെ നേരിട്ടുള്ള ബന്ധുക്കളുമായി നിരവധി പേരാണ് ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്നത് എന്ന ആരോപണം ഉയർന്നത് ഓർക്കാവുന്നതാണ്. നടപടിക്രമങ്ങളൊന്നും നോക്കാതെ വികസനം എന്ന ഒരൊറ്റ അജണ്ടയിൽ കാര്യങ്ങൾ നീക്കിയ മഹാനായ ഉദ്യോഗസ്ഥനായിരുന്നു, നേതാവായിരുന്നു അദ്ദേഹം എന്നൊക്കെയുള്ള വാഴ്ത്തുകൾ വരുന്ന പലരുടേയും താത്പര്യങ്ങളുടെ കഥകളിലെ കേൾക്കാത്ത ശ്ലോകങ്ങൾ ഇതൊക്കെയാണ്.

ഇത്രയും തട്ടിപ്പും അഴിമതിയും നടത്തുന്ന അദാനി കേരളത്തിലെ വിഴിഞ്ഞം പദ്ധതിക്കായി എന്തായിരിക്കും ചെയ്തിരിക്കുക? സംസ്ഥാനത്തിന്റെ താത്പര്യങ്ങളെ പൂർണ്ണമായും അദാനിക്ക് അടിയറവെച്ചൊരു കരാറുണ്ടാക്കാൻ രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥനേതൃത്വവും എന്തൊക്കെയായിരിക്കും അദാനിയിൽ നിന്നും കൈപ്പറ്റിയിട്ടുണ്ടാവുക? ഇന്ത്യയിലും പുറത്തുമുള്ള ഇവരുടെയൊക്കെ സ്വകാര്യ നിക്ഷേപങ്ങളിലേക്കും ബിനാമി വ്യാപാരങ്ങളിലേക്കും മൗറീഷ്യസിലും മറ്റുമുള്ള കടലാസ് കമ്പനികൾ വഴി എത്ര കോടി രൂപയായിരിക്കും അദാനി നല്കിയിട്ടുണ്ടാവുക? അദാനിക്ക് വിഴിഞ്ഞം തുറമുഖം സംസ്ഥാന സർക്കാരിന്റെ ചെലവിൽ പണിതുകൊടുക്കുകയും നടത്തിപ്പും ലാഭവും പൂർണ്ണമായും അദാനിക്ക് നൽകുകയും ചെയ്യുന്നൊരു കരാറുണ്ടാക്കുമ്പോൾ ഉമ്മൻചാണ്ടി സർക്കാരിലെ നേതൃത്വം എന്തുതരത്തിലുള്ള ‘സന്തോഷങ്ങളായിരിക്കും’ കൈപ്പറ്റിയിരിക്കുക?
ആറായിരം കോടി രൂപയുടെ അഴിമതി വിഴിഞ്ഞം കരാറിൽ ആരോപിച്ച പിണറായി വിജയൻ പിന്നീട് അതേക്കുറിച്ച് നിശ്ശബ്ദനാകാനും 'അദാനി വികസനത്തിന്റെ' അപ്പോസ്തലനാകാനും എന്തായിരിക്കും കൈമറഞ്ഞത്? മുഖ്യമന്ത്രിയുടെ മകളടക്കമുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെയും ഉദ്യോഗസ്ഥരുടെയും ബന്ധുക്കളുടെ വ്യാപാര, വ്യവസായ താത്പര്യങ്ങളെ എങ്ങനെയായിരിക്കും അദാനി ഗൗനിച്ചിട്ടുണ്ടാവുക?

ഇതൊന്നും നടന്നിട്ടില്ല എന്നാണെങ്കിൽ മോദിയും അദാനിയും തമ്മിൽ ഒരു വ്യവസായിയും രാഷ്ട്രീയ-ഭരണനേതാവും തമ്മിലുള്ള ഔദ്യോഗികബന്ധത്തിനപ്പുറം ഒന്നുമില്ല എന്ന ബി ജെ പി വാദം കൂടി വിശ്വസിക്കേണ്ടി വരും. ഹിൻഡൻബെർഗ് റിപ്പോർട്ട് രാജ്യത്തിനെതിരായ ഗൂഢാലോചനയാണെന്ന പോലെ വിഴിഞ്ഞം അഴിമതിയാരോപണം കേരളത്തിനെതിരായ ആക്രമണമാണ് എന്ന് കരുതണം. ഇന്ത്യയിലെ ഇസ്രായേൽ നയതന്ത്രപ്രതിനിധി തന്റെ ഔദ്യോഗിക കാലത്ത് അദാനിക്ക് ഇസ്രായേലിൽ തുറമുഖം ഏറ്റെടുക്കാൻ സഹായിക്കുകയും ശേഷം അയാളുടെ ജോലിക്കാരനാവുകയും ചെയ്തെങ്കിൽ കേരളത്തിലെ ഉദ്യോഗസ്ഥപ്രമാണിമാരെ ഏറ്റെടുക്കാൻ എത്ര തുച്ഛമായ തുകയായിരിക്കും അദാനി ചെലവാക്കിയിരിക്കുക?

മോദാനി സുരക്ഷിതരായിരിക്കുക എന്നത് മോദാനിയുടെ മാത്രമല്ല കേരളത്തിലെ വരെ രാഷ്ട്രീയ- ഉദ്യോഗസ്ഥ നേതൃത്വത്തിന്റെ വരെ ആവശ്യമാണ്. അധികാരത്തിന്റെ പെറുക്കിത്തീനികൾക്ക് മോദാനി സംരക്ഷണം മറച്ചുവെച്ച് എങ്ങനെയാണ് മതേതര സത്യാനന്തര കഥാപ്രസംഗങ്ങളൊക്കെയായി കൊഴുപ്പിക്കേണ്ടത് എന്നറിയാം. അവർക്ക് കയ്യടിക്കുന്ന ഭൂരിഭാഗം മനുഷ്യരും ഈ തട്ടിപ്പ് തിരിച്ചറിയുന്ന ദിവസം ഒരു ദയയുമുണ്ടാകില്ല.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വർഗ്ഗസമരമെന്നത് ഭൂമിയുടെ നിലനിൽപ്പിനു വേണ്ടിയുള്ള സമരം കൂടിയാണ്. പ്രാഥമിക വിഭവങ്ങളുടെ കൊള്ളയിലൂടെയും ലാഭാർത്തി നിറഞ്ഞ ചൂഷണത്തിലൂടെയും ഭൂമിയുടെ നിലനിൽപ്പ് കൂടിയാണ് മുതലാളിത്തം അപകടത്തിലാക്കുന്നത്. ഇതിന്റെ ആദ്യത്തെ ഇരകൾ പക്ഷെ മറ്റെല്ലാ വിധത്തിലും മുതലാളിത്ത ചൂഷണത്തിന്റെ ഇരകളായി കഴിയുന്ന ദരിദ്രരും സാധാരണക്കാരുമായി മനുഷ്യരാണ്. അവരുടെ ഉപജീവന മാർഗങ്ങളും വിഭവവിനിയോഗത്തിനുള്ള അവകാശവുമാണ് നഷ്ടപ്പെടുന്നത്. മുക്കാൽ നൂറ്റാണ്ടു കാലത്തേക്ക് സംസ്ഥാനത്തിനും ഈ ജനതയ്ക്കും യാതൊരു നിയന്ത്രണവുമില്ലാത്ത, പരിമിതവും തുച്ഛവുമായ സാമ്പത്തിക വ്യവഹാരങ്ങളും തൊഴിലവസരങ്ങളും മാത്രം പൊതുസമൂഹത്തിനുണ്ടാക്കുന്ന, അദാനിയെന്ന കോർപ്പറേറ്റ് ഭീമന് മാത്രം ഗുണകരമാകുന്ന ഒരു പദ്ധതിക്കായി കേരളത്തിന്റെ തെക്കൻ കടൽത്തീരവും അതിന്റെ അനുബന്ധപ്രദേശങ്ങളും അതിന്മേലുള്ള കുത്തകാവകാശവും തീറെഴുതിയത് ആരോട് ചോദിച്ചാണ് എന്നത് ചോദിക്കാനൊരു അവകാശാധികാരമുള്ള സംവാദമണ്ഡലം പോലുമില്ലാത്ത ദുർബ്ബലപ്രഹസനമാണ് നമ്മുടെ ജനാധിപത്യ പ്രക്രിയ എന്നുകൂടി നമ്മൾ തിരിച്ചറിയുന്ന ഘട്ടമാണിത്. മുതലാളിത്തത്തെക്കുറിച്ചും അതിന്റെ രാഷ്ട്രീയ സമ്പദ് വ്യവസ്ഥയെക്കുറിച്ചുമുള്ള നിശിതവും കർക്കശവുമായ ചർച്ചകളുടെയും മുതലാളിത്ത ചൂഷണത്തിനെതിരായ കലാപങ്ങളുടെയും കാലമല്ലിത് എന്ന് വിശ്വസിപ്പിക്കാനും അത്തരം രാഷ്ട്രീയം പഴഞ്ചനും കാലഹരണപ്പെട്ടതുമാണ് എന്ന് അപഹസിക്കാനും ബൃഹത്തായൊരു ആശയ, പ്രചാരണ സംവിധാനം തന്നെ ലോകത്തുണ്ട്. എന്നാൽ മുതലാളിത്ത വിരുദ്ധ രാഷ്ട്രീയം എത്രമാത്രം കാലികമാണെന്നും അത് നിരന്തരമായി പറയുകയും ഈ വ്യവസ്ഥയെ സാധ്യമായ എല്ലായിടത്തിലും സമയത്തിലും ആക്രമിച്ചുകൊണ്ടേയിരിക്കണം എന്നുമുള്ളതിന്റെ ഏറ്റവും വലിയ തെളിവുകളിലൊന്നാണ് വിഴിഞ്ഞം പദ്ധതി. വികസന വിരുദ്ധരെന്ന് അപഹസിക്കപ്പെട്ടേക്കാം, ആരുടെ വികസനമെന്ന ചോദ്യത്തിന്റെ ചരിത്രത്തിന്റെ, വർഗ്ഗരാഷ്ട്രീയത്തിന്റെ, നിസ്വരായ മനുഷ്യരുടെ ആരുബലമുള്ള കലാപശേഷികൊണ്ട് നാമതിനെ നേരിട്ടേ മതിയാകൂ.

Comments