തീരശോഷണത്തെ തുടർന്ന് വീട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങൾ താമസിക്കുന്ന വലിയതുറയിലെ ക്യാമ്പ്

വിഴിഞ്ഞം സമരപരാജയം
കേരളത്തിന്റെ മറ്റൊരു ‘വികസന മാതൃക’

​സർക്കാർ സ്വകാര്യ മൂലധനത്തിന്റെ സംരക്ഷകരായി മാറുന്നതോടെ പൗരസമൂഹ ഇടപെടൽ എന്നത് വർത്തമാനകാല ഇന്ത്യയിൽ അപ്രയോഗികമാണ്.

കേരളം സമീപകാലത്ത്​ കണ്ട രണ്ടു സമരങ്ങളായിരുന്നു വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരവും കെ റെയിൽ വിരുദ്ധ സമരവും. കെ റെയിൽ സമരം വിജയിച്ചു എന്നു കരുതാം. എന്നാൽ വിഴിഞ്ഞം സമരം സർക്കാരും സമരസമിതിയും അവകാശപ്പെടുന്നതുപോലെ വിജയിച്ച സമരമല്ല. വിഴിഞ്ഞം സമരത്തിന്റെ അടിസ്ഥാന കാരണം പുനരധിവാസമല്ല, പകരം തീരശോഷണമുണ്ടാക്കുന്ന കെടുതികളാണ്. എന്നാൽ സമരം വിജയിച്ചു എന്നവകാശപ്പെടുന്നതോടെ തീരശോഷണം എന്ന പ്രശ്​നം അപ്രസക്തമായി.

തീരദേശ പഠനകേന്ദ്രത്തിന്റെ (National Centre for Sustainable Coastal Management ) കണക്ക് പ്രകാരം കേരളത്തിന്റെ 63 ശതമാനം തീരം നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് കണക്ക്. തീര നഷ്ടം എന്നാൽ തൊഴിൽ നഷ്ടം കൂടിയാണ്. അതോടൊപ്പം തീരദേശത്തെ പാരിസ്ഥിക സന്തുലിതാവസ്​ഥ മാറ്റിത്തീർക്കുകയും സാമൂഹിക വികസന പദ്ധതികളെ ഇല്ലാതാക്കുകയും ചെയ്യുന്നു എന്നും അർത്ഥമുണ്ട്.

വിഴിഞ്ഞം സമരസമിതി ഒത്തുതീർപ്പിലെത്തിയത്, മെച്ചപ്പെട്ട പുനരധിവാസ സാധ്യത മുന്നോട്ടുവച്ചാണ്. കേരളത്തിൽ നാളിതുവരെ ഒരു മാതൃകാ പുനരധിവാസ പദ്ധതി അവതരിപ്പിക്കപെട്ടിട്ടില്ല എന്നതും ഇതോടു ചേർത്തുവായിക്കേണ്ടതാണ്.

കേരളത്തിൽ വലിയ തോതിലുള്ള തീരനഷ്ടത്തിനുകാരണം തുറമുഖങ്ങൾ അടക്കമുള്ള നിർമാണ പ്രവർത്തങ്ങളാണെന്ന് പല പഠനങ്ങളും പല ഘട്ടങ്ങളിൽ വെളിപ്പെടുത്തിയതാണ്. അതുകൊണ്ടുതന്നെ വിഴിഞ്ഞം തുറമുഖ നിർമാണം തീര നഷ്ടത്തിന് കാരണമാണ്. കേരളത്തിൽ സമീപഭാവിയിൽ ഏറ്റവും കൂടുതൽ കുടിയിറക്കുണ്ടാകുന്നതും ഉണ്ടാകാൻ പോകുന്നതും തീരദേശത്തുനിന്നാണ്. 50 മീറ്റർ പരിധിയിൽ താമസിക്കുന്ന മൽസ്യതൊഴിലാളി കുടുംബങ്ങളുടെ എണ്ണം ഇരുപതിനായിരത്തോളം വരും. രണ്ടു വർഷം മുൻപത്തെ കണക്കാണ്. കേരളത്തിലെ തീരദേശ വികസനരീതി വച്ചുനോക്കിയാൽ തീരശോഷണം ഒരു തുടർച്ചയാണ്, അതുകൊണ്ടുതന്നെ കുടിയിറക്ക് ഒരു തുടർച്ചയുമാണ്. അതായത്, മത്സ്യത്തൊഴിലാളി പുനരധിവാസം എന്നത് കേരളത്തിൽ ഒരു തുടർപ്രക്രിയയാണ്.

കേരളത്തിൽ സമീപഭാവിയിൽ ഏറ്റവും കൂടുതൽ കുടിയിറക്കുണ്ടാകുന്നതും ഉണ്ടാകാൻ പോകുന്നതും തീരദേശത്തുനിന്നാണ്. 50 മീറ്റർ പരിധിയിൽ താമസിക്കുന്ന മൽസ്യതൊഴിലാളി കുടുംബങ്ങളുടെ എണ്ണം ഇരുപതിനായിരത്തോളം വരും

വിഴിഞ്ഞം സമരസമിതി ഒത്തുതീർപ്പിലെത്തിയത്, മെച്ചപ്പെട്ട പുനരധിവാസ സാധ്യത മുന്നോട്ടുവച്ചാണ്. കേരളത്തിൽ നാളിതുവരെ ഒരു മാതൃകാ പുനരധിവാസ പദ്ധതി അവതരിപ്പിക്കപെട്ടിട്ടില്ല എന്നതും ഇതോടു ചേർത്തുവായിക്കേണ്ടതാണ്. ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് സംസ്​ഥാന സർക്കാർ 7000 കോടി രൂപയുടെ പുനരധിവാസ പദ്ധതി കേന്ദ്രസർക്കാറിന്റെ പരിഗണക്കയച്ചിരുന്നു. എന്നാൽ ആ പദ്ധതി കേന്ദ്രസർക്കാർ തള്ളിക്കളഞ്ഞു. പിന്നീട് ഈ പ്രശ്നപരിഹാരം നിലവിലെ ലൈഫ് മിഷൻ, പുനർഗേഹം തുടങ്ങിയ സർക്കാർ ഭവന നിർമാണ പദ്ധതികൾ വഴി വീടു നൽകുക എന്നതിലേക്ക് ചുരുക്കി. ഇത്തരം പുനരധിവാസം കാലക്രമേണ അധിവസിക്കപ്പെടുന്നവരുടെ ജീവിതപരിസരത്തെ ചുരുക്കുന്നു എന്ന വസ്തുത ഗൗവമായി കണക്കാക്കാറില്ല.

വിഴിഞ്ഞം പദ്ധതി കേരത്തിന്റെ സ്വപ്‌നപദ്ധതിയാണെന്ന് പ്രഖ്യാപിച്ച സർക്കാർ നയത്തെ പൂർണമായും അംഗീകരിക്കുന്ന നിലപാടായിരുന്നു കേരളത്തിലെ മാധ്യമങ്ങളും പൊതുബോധവും സ്വീകരിച്ചത്​.

വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കിയ ലത്തീൻ സഭ തന്നെയാണ്, കൊല്ലം ജില്ലയിൽ തീരശോഷണം മൂലം വീടു നഷ്ടപ്പെട്ട മൽസ്യതൊഴിലാളികൾക്ക് മൂന്നര സെൻറ്​ വസ്തുവും വീടും നൽകുന്ന സർക്കാർ പദ്ധതി നടപ്പിലാക്കിയത്. ഈ കോളനികളിൽ ജീവിതം പരിമിതമാണ്. സർക്കാരിനെ കൂടുതൽ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ഈ സമൂഹം. മറ്റാരേക്കാളും സഭക്കാണ് ഈ പ്രശ്​നം നന്നായി അറിയാവുന്നതും ഇടപെട്ടിട്ടുള്ളതും. അതുകൊണ്ടുതന്നെ വിഴിഞ്ഞം വലിയൊരു സാധ്യതയായിരുന്നു. പൗരസമൂഹ വികസനത്തിനുവേണ്ട കാഴ്ചപ്പാട് രൂപികരിക്കാൻ കഴിയുമായിരുന്ന സമരം കൂടിയായിരുന്നു വിഴിഞ്ഞത്തേത്​.

വിഴിഞ്ഞം പദ്ധതി കേരത്തിന്റെ സ്വപ്‌നപദ്ധതിയാണെന്ന് പ്രഖ്യാപിച്ച സർക്കാർ നയത്തെ പൂർണമായും അംഗീകരിക്കുന്ന നിലപാടായിരുന്നു കേരളത്തിലെ മാധ്യമങ്ങളും പൊതുബോധവും സ്വീകരിച്ചത്​. മൂലധനത്തോടൊപ്പം അതിനെ മുന്നോട്ടുകൊണ്ടുപോകാനും പ്രതിരോധിക്കാനുമുള്ള ഒരു സഖ്യമുണ്ടാകും എന്ന് ഒനിസ് (2011 ) നിരീക്ഷിച്ചിട്ടുണ്ട്. വിഴിഞ്ഞം പദ്ധതിക്ക് അനുകൂലമായ ഒരു സഖ്യത്തെ രൂപപ്പെടുത്താൻ കഴിഞ്ഞു എന്നതാണ് സർക്കാരും അദാനിയും ഉണ്ടാക്കിയ നേട്ടം

കെ റെയിലും വിഴിഞ്ഞം പദ്ധതിയും മൂലധന കേന്ദ്രീകൃതമാണ്. പിന്നിൽ മുതലാളിത്ത താല്പര്യങ്ങളുണ്ടുതാനും /photo: Archdiocese of Trivandrum- Archtvm,fb page

വിഴിഞ്ഞം പദ്ധതിക്കുപുറകിലെ മൂലധന താൽപര്യം അറിഞ്ഞിട്ടും ഈ പദ്ധതി ഒരു കാരണവശാലും ഇല്ലാതാക്കരുത് എന്ന മൂലധന താല്പര്യം സംരക്ഷിക്കാൻ സർക്കാരും, ഇടതു-വലതു രാഷ്ട്രീയ പാർട്ടികളും മുന്നിൽ തന്നെയുണ്ടായിരുന്നു. തുടക്കം മുതൽ പുനരധിവാസം എന്ന ആശയത്തിലൂന്നിനിന്നതുകൊണ്ടുതന്നെ സഭകളും ഈ സഖ്യത്തിന്റെ ഭാഗമാണ്. കെ റെയിൽ വിരുദ്ധ സമരത്തിന്റെ വിജയം ഈ പശ്ചാത്തലത്തിൽ വേണം വിലയിരുത്താൻ.

കെ റെയിൽ പദ്ധതിക്കുപിന്നിൽ സർക്കാർ ആയതുകൊണ്ടുതന്നെ പൗരർക്ക്​ അതിനെ ചോദ്യം ചെയ്യാനുള്ള അവകാശത്തെ സർക്കാറിന് നിഷേധിക്കാൻ കഴിയില്ല. പദ്ധതിക്ക് അനുകൂലമായ ഒരു സഖ്യം രൂപീകരിക്കാൻ സർക്കാർ തന്നെ ശ്രമിച്ചു എന്നതും വസ്തുതയാണ്.

കെ റെയിലും വിഴിഞ്ഞം പദ്ധതിയും മൂലധന കേന്ദ്രീകൃതമാണ്. പിന്നിൽ മുതലാളിത്ത താല്പര്യങ്ങളുണ്ടുതാനും (മുതലാളിത്തം എന്ന വാക്ക്​ ഇന്ന് ഇടതുപക്ഷ ചിന്തകർ പോലും ഉപയോഗിക്കാറില്ല). എന്നാൽ വിഴിഞ്ഞം പദ്ധതിക്കുപിന്നിലെ മൂലധനത്തിനാണ് കൂടുതൽ ശക്തിയും അധികാരവും. കെ റെയിൽ പദ്ധതിക്കുപിന്നിൽ സർക്കാർ ആയതുകൊണ്ടുതന്നെ പൗരർക്ക്​ അതിനെ ചോദ്യം ചെയ്യാനുള്ള അവകാശത്തെ സർക്കാറിന് നിഷേധിക്കാൻ കഴിയില്ല. പദ്ധതിക്ക് അനുകൂലമായ ഒരു സഖ്യം രൂപീകരിക്കാൻ സർക്കാർ തന്നെ ശ്രമിച്ചു എന്നതും വസ്തുതയാണ്. പദ്ധതിയുടെ നേട്ടങ്ങൾ വിശദീകരിക്കാൻ കെ റെയിൽ അധികാരികൾ എങ്ങനെയാണ് ‘പൗരപ്രമുഖരെ’ തിരഞ്ഞെടുത്തത് എന്നു ചോദിച്ച്​ഈ ലേഖകൻ ഒരു വിവരാവകാശ അപേക്ഷ കൊടുത്തിരുന്നു. പ്രധാനമായും അറിയേണ്ടിയിരുന്നത് ‘പൗരപ്രമുഖരെ’ തിരഞ്ഞെടുക്കാൻ സർക്കാർ സ്വീകരിച്ച രീതിശാസ്ത്രമായിരുന്നു. ഒരു ജനാധിപത്യ സർക്കാർ എങ്ങനെയാണ് പൗരന്മാരിൽ നിന്ന്​ പ്രമുഖരെ തിരഞ്ഞെടുക്കുന്നത് എന്നറിയുകയെന്നത് പ്രധാനപ്പെട്ടതാണ്.

വിഴിഞ്ഞത്തെ സഖ്യത്തിൽ പ്രധാന ഇടപെടൽ നടത്തുന്നത് സർക്കാർ തന്നെയാണ്. ഈ പദ്ധതിയിൽ ചേർന്നാൽ അഥവാ ഈ പദ്ധതി മൂലം വലിയ അവസരങ്ങളുണ്ടാകും എന്ന് പ്രചരിപ്പിക്കുന്നതിൽ സർക്കാർ തന്നെ മുന്നിൽ നിൽക്കുന്ന സാഹചര്യത്തിൽ പ്രതിരോധം എന്നത് പ്രയാസമാണ്

തങ്ങൾ സ്വയം തിരഞ്ഞെടുക്കുകയായിരുന്നു എന്നാണ് കെ റെയിൽ അതോറിറ്റി നൽകിയ മറുപടി. നിരവധി അവ്യക്തകൾ നിറഞ്ഞതായിരുന്നു ഈ മറുപടി. പദ്ധതിക്കനുകൂലമായി പൗരസമൂഹത്തിനുമേൽ ഒരു ആശയം അടിച്ചേൽപ്പിക്കുക എന്ന ഉദ്ദേ​ശ്യവും ഈ നടപടിക്കുപിന്നിലുണ്ട്​ എന്ന് മനസിലാക്കേണ്ടതുണ്ട്. നേരത്തെ പറഞ്ഞ പോലെ, കെ റെയിൽ പദ്ധതിക്കനുകൂലമായ ഒരു സഖ്യം സർക്കാർ നേതൃത്വത്തിലുണ്ടാക്കിയെടുക്കുക എന്നത് ഭരണകൂട ആവശ്യമാണ്. വിഴിഞ്ഞം പദ്ധതിക്കുപിന്നിലെ മൂലധനത്തിനനുകൂലമായി ഉണ്ടായ സഖ്യം കെ റെയിൽ അനുകൂല സഖ്യത്തെക്കാൾ ശക്തമാണ് എന്നത് പ്രധാനമാണ്. കെ റെയിൽ അനുകൂല സഖ്യത്തിന് ജനാധിപത്യത്തെയാണ് നേരിടേണ്ടിവരുന്നത്. അതുകൊണ്ടുതന്നെ കേരളം പോലെയുള്ള ഒരു പ്രദേശത്ത്​ കെ റെയിൽ പോലുള്ള പദ്ധതികൾ അത്ര എളുപ്പമല്ല. കേരളത്തിലെ ജനകീയ സമരങ്ങളുടെ പൊതുസ്വഭാവം പരിശോധിച്ചാൽ ഇത് മനസിലാകും.

എന്നാൽ വിഴിഞ്ഞത്തെ സഖ്യത്തിൽ പ്രധാന ഇടപെടൽ നടത്തുന്നത് സർക്കാർ തന്നെയാണ്. ഈ പദ്ധതിയിൽ ചേർന്നാൽ അഥവാ ഈ പദ്ധതി മൂലം വലിയ അവസരങ്ങളുണ്ടാകും എന്ന് പ്രചരിപ്പിക്കുന്നതിൽ സർക്കാർ തന്നെ മുന്നിൽ നിൽക്കുന്ന സാഹചര്യത്തിൽ പ്രതിരോധം എന്നത് പ്രയാസമാണ്. പുനരധിവാസം എന്ന ആവശ്യത്തെയാണ് സഭകൾ ഏറ്റെടുത്തത്​. അതുകൊണ്ടുതന്നെ സർക്കാരിനും അദാനി കമ്പനിക്കും കാര്യങ്ങൾ എളുപ്പമായി. കേരളം ഈ കാര്യത്തിൽ ഒരു മാതൃകയല്ല എന്നത് വിസ്മരിക്കാൻ കഴിയില്ല. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ സർക്കാരുകളും ചെയ്യുന്നത് സ്വകാര്യ മൂലധനത്തിന്​ പരമാവധി സംരക്ഷണം ഉറപ്പാക്കുക എന്നതുതന്നെയാണ്.

ഒഡിഷയിൽ പോസ്‌കോ വിരുദ്ധസമരം വിജയിച്ചു എന്നാണ് പൊതുവിൽ കരുതിയിരുന്നത്​. എന്നാൽ കൊറിയൻ കമ്പനിക്ക് കൊടുക്കാനിരുന്ന ഭൂമി സർക്കാർ ഒരു ഇന്ത്യൻ കമ്പനിക്ക് നൽകാനുള്ള നീക്കത്തിലാണ്. പോസ്‌കോ വിരുദ്ധ സമരത്തിൽ പങ്കെടുത്ത ഇടതുപക്ഷം ഇന്ത്യൻ കമ്പനിക്കെതിരായ ജനകീയ സമരങ്ങളിൽ നിന്ന്​ പിൻവാങ്ങി. മഹാരാഷ്ട്രയിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ സർക്കാർ ഇടപെട്ടതോടെ എതിർപ്പില്ലാതായി പദ്ധതി നടപ്പിലാക്കാൻ പോകുന്നു എന്നാണ് സർക്കാർ വാദം. സർക്കാർ സ്വകാര്യ മൂലധനത്തിന്റെ സംരക്ഷകരായി മാറുന്നതോടെ പൗരസമൂഹ ഇടപെടൽ എന്നത് വർത്തമാനകാല ഇന്ത്യയിൽ അപ്രയോഗികമാണ്.

കെ റെയിൽ പദ്ധതിക്കനുകൂലമായ ഒരു സഖ്യം സർക്കാർ നേതൃത്വത്തിലുണ്ടാക്കിയെടുക്കുക എന്നത് ഭരണകൂട ആവശ്യമാണ്. വിഴിഞ്ഞം പദ്ധതിക്കുപിന്നിലെ മൂലധനത്തിനനുകൂലമായി ഉണ്ടായ സഖ്യം കെ റെയിൽ അനുകൂല സഖ്യത്തെക്കാൾ ശക്തമാണ് എന്നത് പ്രധാനമാണ്

വിഴിഞ്ഞം സമരത്തിനെതിരായ വിജയം​ കേരള വികസന മാതൃകയുടെ പരാജയം കൂടിയാണ്. കേരള മാതൃകയുടെ വിജയമായി പറയുന്നത്, അത്​ സാമൂഹിക വിതരണത്തിന് പ്രാധാന്യം കൊടുക്കുന്നു എന്നതാണ്. സാമൂഹിക വിതരണം എന്നത് ജനാധിപത്യത്തിൽ മാത്രം നടപ്പിലാക്കപ്പെടുന്നതുകൂടിയാണ്. സർക്കാർ പൗരസമൂഹങ്ങൾക്കൊപ്പം ഇടപെട്ടതുകൊണ്ടുകൂടിയാണ് കേരളത്തെ ഒരു വികസന മാതൃക എന്ന രീതിയിൽ കണക്കാക്കപ്പെടുന്നത്. ജനാധിപത്യം എന്നാൽ വിഭവങ്ങളുടെ സമത്വപൂർണമായ ഉപയോഗത്തെ കുറിച്ചുള്ള അറിവുകളുടെ വ്യാപനം കൂടിയാണെന്ന് ഫ്രെഡ്രിക്​ ഹായെക്​ 1945ൽ എഴുതിയ പ്രബന്ധത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

പുനരധിവാസമാണ് പ്രശ്‌നം എന്ന പൊതുനിലപാട് വിഴിഞ്ഞം പദ്ധതിമൂലമുണ്ടാകുന്ന തീരശോഷണം അടക്കമുള്ള പരിസ്ഥിതി പ്രശ്‌നങ്ങളെ മറച്ചുപിടിക്കും. സർക്കാറിനും അദാനി കമ്പനിക്കും വേണ്ടതും ഇത്തരമൊരു നിലപാടാണ്. കേരളം ലോകത്തിനുമുന്നിൽ വെക്കുന്ന മറ്റൊരു ‘വികസന മാതൃക’യാണ് വിഴിഞ്ഞം സമരപരാജയം. ▮

Comments