ഇനി അദാനിയെങ്കിലും പറയും; ഗുജറാത്ത്​ മോഡലിനേക്കാൾ മികച്ചതാണ് കേരള മോഡൽ

വിഴിഞ്ഞത്ത് അദാനിയുടെ എഴുന്നള്ളിപ്പിന് കുത്തുവിളക്കും താലവും പിടിക്കാനും പടപ്പാട്ടു പാടാനും ഇടതുപക്ഷത്തിന്റെ അണികളെ സന്നദ്ധരാക്കിയതരത്തിലുള്ള തൊഴിലാളിവർഗ രാഷ്ട്രീയവിരുദ്ധത കേരളത്തിലെ ഇടതുകക്ഷികളുടെ രാഷ്ട്രീയ, സംഘടനാ ശരീരത്തിലേക്ക്​പടർന്നുകഴിഞ്ഞു. ഒരു വർഗ്ഗരാഷ്ട്രീയഭാവന എന്ന നിലയിൽ ഇനി കേരള സമൂഹത്തിൽ എന്തായിരിക്കും ഇടതുപക്ഷത്തിന്റെ ഭാവി എന്നത് നിർണയിക്കുന്ന ചരിത്രസന്ധിയിലാണ് അദാനി ആ സമസ്യ പൂരിപ്പിച്ചത്.

കേരളത്തിൽ നേടിയ സമ്പൂർണ വിജയത്തിനു​പിന്നാലെ ഗുജറാത്തിലും അദാനിയുടെ വ്യാപാരതാത്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു രാഷ്ട്രീയകക്ഷി വിജയം നേടിയിരിക്കുന്നു. ഗുജറാത്തിൽ പേരിനെങ്കിലും അദാനിയുടെ സ്വന്തം കക്ഷി തെരഞ്ഞെടുപ്പിൽ ചില എതിർപ്പു നേരിട്ടപ്പോൾ കേരളത്തിൽ ഒരു മത്സരം പോലും അസാധ്യമാകും വിധത്തിൽ എല്ലാ രാഷ്ട്രീയകക്ഷികളും അദാനിക്ക് പിന്നിൽ അണിനിരന്നുവെന്നുമാത്രം.

വിഴിഞ്ഞം തുറമുഖ കരാറിലേർപ്പെടാൻ ഇന്ത്യയിൽ മാത്രമല്ല ലോകത്തെല്ലായിടത്തും ഉപയോഗിക്കുന്ന അതേ തന്ത്രങ്ങളുമായി പശ്ചിമഘട്ടം കേറിയും മറിഞ്ഞുംകൊണ്ടെത്തിയ അദാനിയെ ‘ഇത് കേരളമാണ്' എന്ന് പറഞ്ഞ്​ മുന്നറിയിപ്പ് നൽകിയ അഭ്യുദയകാംക്ഷികൾക്ക് പണി പോയിരിക്കാനാണ് സാധ്യത. ഇത്രയേറെ സുഗമമായി മുഴുവൻ രാഷ്ട്രീയനേതൃത്വങ്ങളെയും രാഷ്ട്രീയകക്ഷികളെയും മാധ്യമങ്ങളേയുമെല്ലാം സ്വന്തം വ്യാപാരതാത്പര്യത്തിനും കൊള്ളക്കച്ചവടത്തിനും പിന്നിൽ അണിനിരത്താൻ കഴിഞ്ഞ മറ്റൊരു ഉദാഹരണം അദാനിക്ക് എടുത്തുകാട്ടാനുണ്ടാകില്ല; ഒരു പക്ഷെ ഗുജറാത്തൊഴിച്ച്. ഗുജറാത്ത്​ മോഡലിനേക്കാൾ മികച്ചതാണ് കേരള മോഡലെന്ന് ഇനി അദാനിയെങ്കിലും പറയും. അതായത് കേരളത്തിന്റെ അംബാസഡറാണ് എം.എ. യൂസഫലിയെന്ന്, യൂസഫലിയുടെ പ്രച്ഛന്ന പരസ്യവാഹകൻ കൂടിയായ കേരള മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും ഇനിയത് അദാനി ഏറ്റെടുക്കാനാണ് എല്ലാ സാധ്യതയും. കേരളത്തിലെ രാഷ്ട്രീയനേതാക്കളുടെ പൊതുപ്രവർത്തനത്തിന്റെ ജീവിതഭാരങ്ങൾ ചുമലിൽ താങ്ങുന്ന നിഷ്‌ക്കാമകർമം യൂസഫലി, രവി പിള്ള ആദിയായ ‘പ്രവാസി മനുഷ്യസ്‌നേഹി മുതലാളിമാർക്ക്' ഇനിയും ചെയ്യേണ്ടിവരുമെങ്കിലും വികസനത്തിന്റെ ആഗോളഗ്രാമത്തിൽ കോർപറേറ്റ് സ്‌നേഹത്തിന്റെ കേരളവിശേഷങ്ങളിനി അദാനി പറയും.

എം.എ. യൂസഫലി, രവി പിള്ള

വിഴിഞ്ഞം സമരം ഒത്തുതീർപ്പായി എന്ന മാധ്യമ തലക്കെട്ടുകൾക്കുപിന്നാലെ ഒരു സമരത്തിന്റെ പരാജയത്തിൽ കേരളത്തിലെ ഭരണപക്ഷ ഇടതുപക്ഷത്തിന്റെ ഔദ്യോഗിക, സാമൂഹ്യ അണികൾ ഇത്രയേറെ വായ്ക്കുരവയും നിർവൃതിയും രേഖപ്പെടുത്തിയ മറ്റൊരു സന്ദർഭം അടുത്തെങ്ങുമില്ല. അത്രയേറെ ഉൽപ്രേക്ഷയായി അവർ അദാനിക്കൊപ്പം അണിചേർന്നിരുന്നു. വാസ്തവത്തിൽ എന്താണ് വിഴിഞ്ഞത്ത് തുറമുഖം നിർമ്മിക്കുന്നതിനായി കേരള സർക്കാരും അദാനിയും തമ്മിലേർപ്പെട്ട കരാറിന്റെ കുഴപ്പങ്ങളും പ്രശ്ങ്ങളും എന്നത് നീട്ടിയും പരത്തിയും ഒട്ടേറെ പറഞ്ഞുകഴിഞ്ഞു. ഉമ്മൻചാണ്ടി സർക്കാർ 2015-ൽ അദാനി ഗ്രൂപ്പുമായി (Adani Vizhinjam Port Private Ltd) കരാറിലേർപ്പെട്ട സമയത്തുതന്നെ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനകാര്യമന്ത്രിയും സി. പി. ഐ-എം കേന്ദ്രസമിതി അംഗവുമായ തോമസ് ഐസക്, പി. ബി അംഗം എം.എ. ബേബി എന്നിവരെല്ലാം വിശദമായി എങ്ങനെയാണ് ഈ കരാർ അഴിമതി നിറഞ്ഞതും (6000 കോടി രൂപയുടെ അഴിമതിയാണ് പിണറായി വിജയൻ ആരോപിച്ചത്) സംസ്ഥാനത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായതും സംസ്ഥാനത്തിന് യാതൊരു നേട്ടങ്ങളുമുണ്ടാക്കാതെ അദാനിക്ക് ഭൂമി വ്യാപാരത്തിനും കൊള്ളലാഭത്തിനും വഴിതെളിക്കുന്നതുമാണെന്ന് പറഞ്ഞിരുന്നു. അതിനുശേഷമാണ് ഇടതുമുന്നണി അധികാരത്തിൽ വരുന്നതും അദാനിയുമായുള്ള കരാർ നടപ്പാക്കാൻ അവർ ഉത്സാഹത്തോടെ രംഗത്തിറങ്ങുന്നതും.

അതായത് എങ്ങനെയാണോ ഉമ്മൻചാണ്ടി സർക്കാരിനെക്കൊണ്ട് സംസ്ഥാന താത്പര്യങ്ങൾക്ക് വിരുദ്ധമായ ഒരു കരാർ അദാനി ഒപ്പിടുവിച്ചത്, അതേ മാര്ഗങ്ങളിലൂടെ പിണറായി സർക്കാരിനെയും ഇടതുമുന്നണി നേതൃത്വത്തേയും അവർ തങ്ങളുടെ സേവുകക്കാരാക്കി എന്നു പറയാം. ലോകത്തെങ്ങും തങ്ങളുടെ വിഭവക്കൊള്ളയിലും അന്യായമായ കരാർ വ്യവസ്ഥകളിലും അധിഷ്ഠിതമായ വ്യാപാരതന്ത്രങ്ങൾക്കായി രാഷ്ട്രീയനേതൃത്വങ്ങളെ വിലയ്ക്കുവാങ്ങുന്ന അദാനിയുടെ പതിവ് ഉദാരതയിൽ മേൽപ്പറഞ്ഞ നേതാക്കളടക്കമുള്ള വിഴിഞ്ഞം-അദാനി കരാർ നടത്തിപ്പുകാർക്ക് അവസരവാദപരമായ മറവി ലജ്ജാശൂന്യമായ രാഷ്ട്രീയ ജീവിതശൈലിയാണെങ്കിലും സാധാരണക്കാരായ മനുഷ്യർക്ക് അത്തരം താത്പര്യങ്ങളൊന്നും പുതുതായി ഇല്ലാത്തതുകൊണ്ട് അവർക്കിപ്പോഴും അഴിമതി നിറഞ്ഞ, കേരളത്തെ കൊള്ളയടിക്കുന്ന, വിഴിഞ്ഞം തുറമുഖ കരാർ പ്രതിഷേധിക്കേണ്ട ഒന്നാണ്.

എന്തുകൊണ്ട് വിഴിഞ്ഞം തുറമുഖ കരാർ വിഭവക്കൊള്ളയും സംസ്ഥാന താത്പര്യങ്ങൾക്ക് വിരുദ്ധവുമാകുന്നു എന്നതിനെക്കുറിച്ചുള്ള വാദങ്ങൾ പലപ്പോഴായി പറഞ്ഞതാണ്. ചുരുക്കിപ്പറഞ്ഞാൽ പദ്ധതിച്ചെലവിന്റെ മൂന്നിൽ രണ്ടും മുടക്കുന്ന സംസ്ഥാന സർക്കാരിന് വരുന്ന മുക്കാൽ നൂറ്റാണ്ടുകാലം മുടക്കുമുതലിന്റെ പലിശപോലും തിരിച്ചുകിട്ടാത്ത വിധത്തിലൊരു കരാറാണ് ഉണ്ടാക്കിയത്. മൊത്തം മതിപ്പുചെലവായ 7525 കോടി രൂപയിൽ (പദ്ധതിയുടെ മതിപ്പു ചെലവ് 2015-ൽ കണക്കാക്കിയത് 7525 കോടി രൂപയാണ്) അദാനിയുടെ മുതൽമുടക്ക് 2454 കോടി രൂപ മാത്രം. സംസ്ഥാന സർക്കാർ നേരിട്ട് 3463 കോടി രൂപ മുടക്കും. കേന്ദ്ര സർക്കാർ Viability Gap Fund ആയി നൽകുന്ന 1635-ൽ 817.8 കോടി രൂപ സംസ്ഥാന സർക്കാരിന്റേതാണ്. ഇത്രയൊക്കെയായിട്ടും തുറമുഖം പ്രവർത്തനം തുടങ്ങി 15 വർഷമാകുമ്പോൾ (നിർമാണം തുടങ്ങിയിട്ടല്ല എന്നോർക്കണം) ലഭിക്കുന്ന വ്യാപാരലാഭത്തിന്റെ (വരുമാനത്തിന്റെയല്ല!) 1% സംസ്ഥാന സർക്കാരിന് ലഭിക്കും. തുറമുഖത്തിന്റെ നടത്തിപ്പും കരാർ പുതുക്കലും വീണ്ടുമൊരു 20 വർഷത്തേക്ക് തങ്ങൾക്കുതന്നെ കൊണ്ടുനടക്കാൻ അദാനിക്ക് കഴിയും വിധമാണ് കരാർ വ്യവസ്ഥ. തുറമുഖ നിർമ്മാണത്തിന്റെ ഒന്നാം ഘട്ടം 1000 ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കും എന്ന ഉറപ്പ് എപ്പോഴേ ലംഘിക്കപ്പെട്ടു. ഒന്നാം ഘട്ട നിർമ്മാണം പോർത്തിയാകേണ്ട സമയത്തിനു മൂന്നുവർഷം അപ്പുറത്തേക്കെത്തിയിട്ടും പണി 20 മുതൽ 35% വരെ മാത്രമാണ് വിവിധ നിർമ്മാണ മേഖലകളിൽ പൂർത്തിയായിരിക്കുന്നത്. നിശ്ചിത സമയക്രമത്തിൽ പണി പൂർത്തിയാക്കിയില്ലെങ്കിൽ അദാനി നൽകേണ്ട പിഴത്തുക ഈടാക്കാനുള്ള ഗൗരവമായ ഒരു ശ്രമവും സർക്കാർ നടത്തുന്നില്ല.

പദ്ധതിയുടെ ലാഭക്ഷമതാ- സാധ്യത പാഠങ്ങൾ നടത്തിയ മൂന്ന് ഏജൻസികളും തുറമുഖനടത്തിപ്പുകൊണ്ടുമാത്രം ഈ പദ്ധതി ലാഭകരമാകില്ലെന്ന് കൃത്യമായി പറഞ്ഞതാണ്. കോർപറേറ്റ് താത്പര്യങ്ങൾക്കനുസരിച്ച് സാധ്യത പഠനങ്ങളൊക്കെ ഉണ്ടാക്കിക്കൊടുക്കുന്ന ഏണസ്റ്റ് ആൻഡ് യംഗ് നടത്തിയ സാധ്യതാ പഠനത്തിലും ഭൂമി വ്യാപാരവും അതിനോടനുബന്ധമായ പ്രവർത്തങ്ങളുമാണ് ലാഭമെന്നും തുറമുഖനടത്തിപ്പിൽ നിന്നും ലാഭമുണ്ടാകില്ല എന്നുമുള്ള നിഗമനത്തിലാണ് എത്തിയത്. ഈ റിപ്പോർട്ട് അദാനിയുമായുള്ള കരാർ ഒപ്പിടും വരേയ്ക്കും ഉമ്മൻചാണ്ടി സർക്കാർ മറച്ചുവെച്ചു. ഇത്തരത്തിലൊരു തട്ടിപ്പിനെയാണ് വേണ്ടത്ര പാഠങ്ങൾ നടത്തിയതിനുശേഷമാണ് അദാനിയുമായി കരാർ ഒപ്പിട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ മുൻഗാമിയായ ദല്ലാളിനുവേണ്ടി നിയമസഭയിൽ സാക്ഷ്യം പറഞ്ഞത്. കേരളത്തിലെ 80% ബുദ്ധിജീവികൾക്കും (ശതമാനക്കണക്ക് മന്ത്രി പി. രാജീവ് വക) ഇതാണ് അഭിപ്രായമെന്ന് അദാനിക്കുവേണ്ടിയിറക്കിയ പ്രസ്താവന സൂചിപ്പിക്കുന്നുമുണ്ട്.

ധനികർക്കും അതിധനികർക്കുമായുള്ള വൻകിട പാർപ്പിട സമുച്ഛയങ്ങൾ, ആഡംബര ഹോട്ടൽ, ഷോപ്പിംഗ് മാളുകൾ എന്നിങ്ങനെയാണ് ധനികരുടെ സമാന്തരലോകമുണ്ടാക്കുന്ന ഭൂമി കയ്യടക്കൽ-വികസന പദ്ധതിയാണ് അദാനിയെ ഇതിലേക്കാകർഷിച്ച ഒരു പ്രധാന ഘടകം. അതുകൊണ്ടാണ് അദാനിയല്ലാതെ മറ്റാരും പദ്ധതി ഏറ്റെടുക്കാനില്ലെന്ന ഒരു അവസ്ഥ ഉണ്ടായതും. തുറമുഖ നടത്തിപ്പ് വഴി ലാഭസാധ്യതയില്ലാത്ത പദ്ധതി അദാനി ഏറ്റെടുക്കുന്നത് ഏതാണ്ട് 150 ഏക്കറോളം ഭൂമിയിൽ നടത്താനുള്ള തുറമുഖേതര വ്യാപാരത്തിൽക്കൂടി കണ്ണുവെച്ചാണ്. സർക്കാർ ഏറ്റെടുത്ത് അദാനിക്ക് വിട്ടുകൊടുക്കുന്ന ഭൂമി പ്രത്യേക സാമ്പത്തിക മേഖലയുമാകുന്നതോടെ (SEZ) പ്രാദേശികമായോ കേരളത്തിന്റെ സമ്പദ്​വ്യവസ്ഥയ്‌ക്കോ പ്രത്യേകിച്ച് നേട്ടങ്ങളൊന്നുമില്ലാത്ത മറ്റൊരു അദാനി കോർപറേറ്റ് റിപ്പബ്ലിക്കാണ് ഉണ്ടാകാൻ പോകുന്നത്.

വിഴിഞ്ഞം തുറമുഖം ഒരു തുറമുഖം എന്ന നിലയിൽ കേരളത്തിന്റെ സമ്പദ്​വ്യവസ്ഥയ്ക്കോ സാധാരണക്കാർക്കോ ഉണ്ടാക്കുന്ന നേട്ടങ്ങളെക്കുറിച്ചൊന്നും പറയാനില്ലാത്തതുകൊണ്ടാണ് തലസ്ഥാന മേഖലയുടെ വികസനമെന്ന അനുബന്ധ പരിപാടിയുടെ ഉത്സവ അറിയിപ്പുമായി അദാനി പ്രായോജിത രാഷ്ട്രീയ നേതൃത്വം ഇറങ്ങിയിരിക്കുന്നത്. കെ- റെയിൽ / സിൽവർലൈൻ പദ്ധതിയുടെ ഭാഗമായും ഇതേ വായ്ത്താരിയാണ് മുഴക്കിയത്. അതായത് പദ്ധതി ലാഭകരമോ, ജനങ്ങളുടെ ഗതാഗത ആവശ്യങ്ങൾ വെച്ചോ കേരളത്തിന്റെ പശ്ചാത്തല സൗകര്യ, പാരിസ്ഥിതിക, സാമൂഹ്യ, സാമ്പത്തിക യുക്തികൾവെച്ചുകൊണ്ടോ ഒരുതരത്തിലും ന്യായീകരിക്കാൻ സാധിക്കാതെയിരിക്കെ പാതയുടെ ഇരുവശവും ടൗൺഷിപ്പുകൾ, വ്യാപാര കേന്ദ്രങ്ങൾ, വ്യവസായ പാർക്കുകൾ എന്ന സ്ഥിരം വികസനപ്പാട്ടാണ്. ഇതിന്റെയൊക്കെ സൂക്ഷ്മമായ വശങ്ങളോ സാധ്യതകളോ വേണ്ട ഭൂമിലഭ്യതയോ ഒന്നും കണക്കിലെടുക്കാതെ വികസനമെന്ന ചിറകുള്ള കുതിരയുടെ പുറത്തേറി ജനങ്ങളുടെ സാമാന്യബുദ്ധിക്കുമേൽ പറന്നുകളിക്കുകയാണ് കേരളത്തിന്റെ ഭരണനേതൃത്വം. ഏതു ടൗൺഷിപ്പിലേക്ക് താമസം മാറാനാണ് ഏതാണ്ട് 15 ലക്ഷം വീടുകൾ ഇപ്പോൾത്തന്നെ ഒഴിഞ്ഞുകിടക്കുന്ന കേരളത്തിൽ ജനങ്ങൾ മുട്ടിനിൽക്കുന്നത്.

വല്ലാർപാടം ടെർമിനൽ

വിഴിഞ്ഞം തുറമുഖത്തിന്റേതിന് സമാനമായ ‘വികസനഗാഥയുമായി' വന്ന വല്ലാർപാടം ടെർമിനലിന്റെ പുതിയ കഥകളൊന്നും നമ്മളിപ്പോൾ കേൾക്കാത്തതിന് കാരണങ്ങളുണ്ട്. പൊതുമേഖലയിലുള്ള കൊച്ചി തുറമുഖത്തിന്റെ വികസന സാധ്യതകളെപ്പോലും ഇല്ലാതാക്കി വിദേശ സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിൽ അനുവദിച്ച വല്ലാർപാടത്ത് പണി പൂർത്തിയായി മൂന്നാം വർഷം 1.2 ദശലക്ഷം ടി.ഇ.യു (Twenty-foot Equivalent Unit-TEU)കണ്ടെയ്നർ ചരക്ക് കൈകാര്യം ചെയ്യുമെന്നായിരുന്നു അനുമാനം. എന്നാൽ മൂന്നു വർഷം കഴിയുമ്പോൾ കൈകാര്യം ചെയ്തത് കേവലം 3.66 ലക്ഷം ടി.ഇ.യു ആയിരുന്നു. വല്ലാർപാടം 10 വർഷംകൊണ്ട് കൈകാര്യം ചെയ്തത് ഏതാണ്ട് 46 ലക്ഷം കണ്ടെയ്നറുകളാണ്. സാമ്പത്തികവർഷം 2020-ൽ 1.2 ദശലക്ഷം ടി.ഇ.യു കൈകാര്യം ചെയ്യാൻ ശേഷിയുള്ള വല്ലാർപാടം ഇന്റർനാഷനൽ കണ്ടെയ്നർ ട്രാൻസ്ഷിപ്പുമെൻറ്​ ടെർമിനൽ (International Container Transshipment Terminal- ICTT) കൈകാര്യം ചെയ്തത് 6,20,061 TEUആണ്. ഇതിൽത്തന്നെ 36,183ടി.ഇ.യു(6%) മാത്രമായിരുന്നു ട്രാൻസ്ഷിപ്പ്മെൻറ്​ കണ്ടെയ്നറുകൾ. കൊളംബോ അടക്കമുള്ള (41 ലക്ഷം TEUആണ് കൊളംബോയുടെ നിലവിലെ ശേഷി) ട്രാൻസ്ഷിപ്പ്മെൻറ്​ കണ്ടെയ്നർ ടെർമിനലുകൾ അടുത്തായി സ്ഥിതിചെയ്യുമ്പോൾ തുറമുഖത്തിന്റെ പരമാവധി വികസനകാലത്ത് കേവലം 12.5 ലക്ഷമാകും ശേഷി എന്ന കണക്കുകൂട്ടുന്ന വിഴിഞ്ഞം തുറമുഖത്തിന് വല്ലാർപാടത്തിന്റെ വഴിയേയായിരിക്കും വളർച്ച. അതുകൊണ്ടാണ് തുറമുഖം സർക്കാർ ചെലവിൽ പണിയുമ്പോൾ അദാനി ഭൂമി വികസന വ്യാപാരത്തിന് കോപ്പുകൂട്ടുന്നത്.

അദാനി ഗ്രൂപ്പും കേരള സർക്കാരും തമ്മിലേർപ്പെട്ട വിഴിഞ്ഞം തുറമുഖ കരാർ എന്നത് വിഭവക്കൊള്ളക്കായി കോർപ്പറേറ്റുകൾ ഇന്ത്യയിലെമ്പാടും മുമ്പ് കോൺഗ്രസ് സർക്കാരും ഇപ്പോൾ ബി ജെ പി സർക്കാരും നൽകുന്ന സമ്പൂർണ പിന്തുണയോടെ നടത്തുന്ന പരിപാടിയാണ്. അതിലേക്ക്​ യാതൊരു മടിയുമില്ലാതെ അണിചേർന്നിരിക്കുകയാണ് ഇടതുമുന്നണി. ഈ വിഭവക്കൊള്ളയും കോർപ്പറേറ്റ് -ഭരണകൂട കൂട്ടുകെട്ടുമാണ് നിർണായകമായ വിഷയം. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരം അവരുടെ ഉപജീവനോപാധികളുടെയും ജീവിതത്തെയും സംബന്ധിച്ചുള്ള ആശങ്കകളുടെ ഭാഗമാണ്. മറ്റെല്ലായിയിടങ്ങളിലും എന്നപോലെ കോർപ്പറേറ്റുകൾ തങ്ങളുടെ വിഭവക്കൊള്ളയുടെ മുന്നിൽ തടസം നിൽക്കുന്ന തദ്ദേശീയ ജനതയോട് യാതൊരു വിട്ടുവീഴ്ചയും കാണിക്കാറില്ല. അതുകൊണ്ടാണ് തല്ലാനും വെടിവെക്കാനും നിങ്ങൾക്ക് കഴിയില്ലെങ്കിൽ കേന്ദ്രസേനയെ വിളിക്കൂ എന്ന് അദാനി പറഞ്ഞപ്പോൾ സംസ്ഥാന സർക്കാർ റാൻ മൂളിയത്.

വിഴിഞ്ഞം തുറമുഖനിർമാണം എന്ന വിഭവക്കൊള്ളയെ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പ്രശ്‌നമാക്കി ചുരുക്കുക എന്നതായിരുന്നു ഭരണ- പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വത്തിന്റെ തന്ത്രം. നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയവും അതിനു തൊട്ടുപിന്നാലെ ചർച്ചക്ക് മുഖ്യമന്ത്രി അറിയിച്ച സന്നദ്ധതയും ശേഷം സമരസമിതി നേതാക്കളുമായി നടത്തിയ ചർച്ചയും സമരം മുന്നോട്ടുപോയാലും ഇനി കൂടുതൽ അടിച്ചമർത്തലുകളായിരിക്കും നേരിടേണ്ടിവരിക എന്ന സാധ്യതയുടെ മുനമ്പിൽ സമരം നിർത്തിവെച്ചതുമൊക്കെ അദാനിയുടെ രാഷ്ട്രീയ ദല്ലാളുകൾ തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായിരുന്നു.

വിഴിഞ്ഞത്തെ സമരം തോറ്റേ എന്നാർപ്പുവിളിക്കുമ്പോൾ എങ്ങനെയാണോ ജനകീയസമരങ്ങളെ തോൽപ്പിച്ചുകൊണ്ട് ഭരണകൂട-കോർപ്പറേറ്റ് കൂട്ടുകെട്ട് രാജ്യത്തെങ്ങും പൊതുസ്വത്ത് കൊള്ളയടിക്കുന്നത് അതേ പരിപാടിയെ കേരളത്തിലെ ഇടതുപക്ഷം സാധൂകരിക്കുകയും തങ്ങളുടെ രാഷ്ട്രീയത്തിന്റെ ഭാഗമാക്കുകയുമാണ്. ഒഡിഷയിൽ വേദാന്തയും മധ്യപ്രദേശിൽ എസ്സാറും റിലയൻസും ചത്തീസ്ഗഢിലും ജാർഖണ്ഡിലും ജിൻഡാലും റിലയൻസും ടാറ്റയുമൊക്കെ ചെയ്യുന്നതാണ് കേരളത്തിൽ അദാനി ചെയ്തത്. ആ സംസ്ഥാനങ്ങളിലൊക്കെ എങ്ങനെയാണോ അവിടത്തെ സംസ്ഥാന സർക്കാരുകൾ കോർപ്പറേറ്റുകൾക്ക് സേവചെയ്തത് അതേ മാതൃകയിലാണ് കേരളത്തിൽ ഉമ്മൻചാണ്ടി- പിണറായി സർക്കാരുകളും ഇടതു-വലത് മുന്നണികളും ബി ജെ പിയും ചേർന്ന് നടത്തിയത്.

ഫാഷിസത്തെ മുതലാളിത്തത്തിൽ നിന്നും വേർപ്പെടുത്തി കേവലം സാംസ്‌കാരിക പ്രശ്‌നമോ ആശയതലത്തിലുള്ള മേധാവിത്തമോ മാത്രമായി ചുരുക്കിക്കാണുകയെന്നത് പലപ്പോഴും തെറ്റായ വിലയിരുത്തലാണെങ്കിൽ മറ്റ് പലപ്പോഴും കോർപ്പറേറ്റ് കൊള്ളയെ സുഗമമായി മുന്നോട്ട് കൊണ്ടുപോകാനുള്ള മനഃപൂർവ്വമായ വഴിതെറ്റിക്കലാണ്. അതുകൊണ്ടാണ് മതേതരത്വത്തെക്കുറിച്ചുള്ള ചർച്ചകൾ കൊഴുക്കുമ്പോഴും അദാനിയുടെ സ്വാഗതസംഘത്തിൽ ഹിന്ദു ഐക്യവേദിയും ഭാരതീയ വിചാര കേന്ദ്രവും സി. പി. ഐ-എം നേതാക്കളും കോൺഗ്രസുകാരുമെല്ലാം ഒരേ പോലെ ആർപ്പുവിളിക്കുന്നത്.

ജനകീയ സമരങ്ങളുടെ സാധ്യതകളെ ഒറ്റക്കെട്ടായി ഇല്ലാതാക്കുന്ന ഈ തന്ത്രത്തിൽ ഇടതു-വലതു ഭേദമില്ലാതെ അണിനിരന്ന രാഷ്ട്രീയക്കാർ ഫാഷിസ്റ്റ്-മുതലാളിത്ത യുക്തിയെയാണ് സാധൂകരിച്ചത്. രാജ്യത്തെങ്ങും തോൽക്കുന്ന സമരങ്ങളാണ് ഭരണകൂട-കോർപ്പറേറ്റ് കൂട്ടുകെട്ടിന്റെ വിഭവകൊള്ളക്കെതിരെ നടക്കുന്നത്. തോൽക്കുന്നു എന്നത് സമരങ്ങളുടെ രാഷ്ട്രീയത്തിന്റെ പരാജയമല്ല. അങ്ങനെയാണെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയൊക്കെ എന്നേ പിരിച്ചുവിടണമായിരുന്നു. ഈ കൂട്ടുകെട്ടിനൊപ്പം അണിചേർന്ന കേരളത്തിലെ സി. പി. ഐ-എം, സി.പി.ഐ കക്ഷികൾ ചെയ്തത്, ഈ ഫാഷിസ്റ്റ്- കോർപ്പറേറ്റ് യുക്തിയെ സ്വീകരിക്കലാണ്. കേരളത്തിൽ ശക്തമായ സംഘടനാ സ്വാധീനവും ബഹുജന, വർഗസംഘടനകളുമുള്ള ഈ കക്ഷികളുടെ നേതൃത്വം തങ്ങളുടെ രാഷ്ട്രീയശക്തിയെ ഫാഷിസ്റ്റ്- കോർപ്പറേറ്റ് കൂട്ടുകെട്ടിന് വിൽക്കുകയാണ് എന്നും അതിന്റെ ചരിത്രത്തെ യാതൊരു വിശദീകരണവും കൂടാതെ പാർട്ടി സമ്മേളനങ്ങളിലെ ചിത്രപ്രദർശനം മാത്രമാക്കി മാറ്റിയെന്നുമാണ് നാം മനസിലാക്കേണ്ടത്.

വികസനം എന്നത് രാഷ്ട്രീയമില്ലാത്ത ഒന്നാണെന്നും ഹിന്ദു ഐക്യവേദി നേതാവിനും സി. പി.ഐ-എം പി.ബി അംഗത്തിനും ഒരുമിച്ചു കൈകോർക്കാവുന്ന ഒന്നാണെന്നും വന്നിരിക്കുന്നു. അരുൺ ഷൂരി ബി.ജെ. പിയെ ഒരിക്കൽ വിശേഷിപ്പിച്ചത് ‘കോൺഗ്രസും കൂടെയൊരു പശുവും' എന്നാണ്. സമാനമായ മട്ടിൽ പശുവില്ലാത്ത ബി.ജെ. പിയാണ് തങ്ങളെന്നാണ് ഇടതുപക്ഷം തെളിയിക്കുന്നത്. ആവശ്യമെങ്കിൽ ഇടക്ക്​ ആലയിൽ മുളയാൻ പാകത്തിൽ വേദങ്ങളിലെ ജനകീയതയും ജ്യോതിഷത്തിലെ ശാസ്ത്രീയതയുമൊക്കെയായി സൈദ്ധാന്തികക്കസർത്തുകൾ നമ്മൾ കാണുന്നുമുണ്ട്.

ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയവിജയങ്ങളിലൊന്ന് അതിന്റെ ആഖ്യാനത്തിലേക്ക് ഇന്ത്യൻ രാഷ്ട്രീയത്തെ കൊണ്ടുവന്നു എന്നാണ്. അതിനുള്ളിൽ നിന്നുള്ള കളിയായി എല്ലാ കളിക്കാരുടെയും കളി മാറുമ്പോൾ തോൽവി പോലും വിജയമാണ് എന്ന മനസിലാക്കാനുള്ള സൂക്ഷ്മമായ രാഷ്ട്രീയബുദ്ധി കൂടിയാണ് ഹിന്ദുത്വ ഫാഷിസത്തിന്റെ വിജയം. ഇക്കളിയിൽ കേവലം പശുവും ചാണകത്തിലെ പ്ലൂട്ടോണിയവുമാണെന്നും വരുത്തിക്കൊണ്ട് ഫാഷിസ്റ്റ്- കോർപ്പറേറ്റ് കൂട്ടുകെട്ടിനെ മറച്ചുപിടിക്കുന്ന വഞ്ചനയാണ് കേരളത്തിൽ ഇടതുമുന്നണി നടത്തിയത്.

തീരശോഷണത്തെ തുടർന്ന് വീടുകൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾ താമസിക്കുന്ന വലിയ തുറയിലെ ക്യാമ്പ് / photo: Archdiocese of Trivandrum fbpage

കോർപ്പറേറ്റ് വികസന മാതൃകയുടെ യുക്തിയെ യാതൊരു പാഠഭേദങ്ങളുമില്ലാതെ അവർ സ്വീകരിച്ചുകഴിഞ്ഞു. അതിലെ രാഷ്ട്രീയ വഞ്ചനയെ മറച്ചുപിടിയ്ക്കാനാണ് വിമോചനസമരത്തിന്റെ ആവർത്തനമെന്ന നാടകം ഇടതുമുന്നണി അവതരിപ്പിച്ചത്. വിമോചനസമരത്തിൽ കേരളത്തിലെ ആദ്യ സർക്കാരിനെതിരെ- കമ്മ്യൂണിസ്റ്റ് മന്ത്രിസഭക്കെതിരെ- സമരം നടത്തിയ എല്ലാ വിഭാഗങ്ങളും വിഴിഞ്ഞം-അദാനി വിഷയത്തിൽ ഇടതുമുന്നണി സർക്കാരിനൊപ്പമായിരുന്നു. ലത്തീൻ കത്തോലിക്കാ സഭപോലും കരാറിനും അദാനിക്കും അനുകൂലമായിരുന്നു ആദ്യഘട്ടത്തിൽ. മത്സ്യത്തൊഴിലാളികളുടെ ഉപജീവനപ്രശ്‌നത്തിലും ജീവനോപാധികളുടെയും കിടപ്പാടത്തിന്റെയും പുനരധിവാസത്തിന്റെയും പ്രശ്‌നങ്ങളിലും ഇടപെട്ടില്ലെങ്കിൽ തീരദേശത്ത് തങ്ങൾ രൂപപ്പെടുത്തിയ സവിശേഷമായൊരു മതാധികാര ആവാസവ്യവസ്ഥ കൂടി നഷ്ടപ്പെടുമെന്ന തിരിച്ചറിവുകൂടിയാണ് ലത്തീൻ സഭയെ സമരത്തിലേക്കിറക്കിയത്. കേരളത്തിലെ മറ്റ് പ്രബല കത്തോലിക്കാ വിഭാഗങ്ങളോ കൃസ്ത്യൻ സഭകളോ ഒന്നുംതന്നെ സമരത്തിലേക്ക അണിചേർന്നുമില്ല. ഇതിനെയാണ് അയ്യോ ഞങ്ങൾക്കെതിരെ വിമോചനസമരമെന്ന കോലാഹലമുണ്ടാക്കി അണികളെ ഒപ്പം നിർത്താനും തങ്ങളുടെ വഞ്ചനയെ മറച്ചുപിടിക്കാനും ഇടതുമുന്നണി ശ്രമിച്ചത്.

കേരള നിയമസഭയിൽ ഇതേ ഐക്യത്തോടെ ഭരണ- പ്രതിപക്ഷ കക്ഷികൾ നിന്ന സന്ദർഭങ്ങൾ വളരെ കൃത്യമായി മർദ്ദിത ജനതയെ വഞ്ചിക്കാനും ധനികർക്ക് സംരക്ഷണം നൽകാനായിരുന്നു. അതിലൊന്ന് നിയമവിരുദ്ധമായി തട്ടിയെടുക്കപ്പെട്ട ആദിവാസി ഭൂമി ആദിവാസികൾക്ക് തിരികെകൊടുക്കാനുള്ള കോടതിവിധിയെ മറികടക്കാനായിരുന്നു. കെ. ആർ. ഗൗരിയമ്മ മാത്രമായിരുന്നു അന്നാ അശ്ലീലമായ രാഷ്ട്രീയ ഐക്യത്തിന്റെ പുറത്തുനിന്നുകൊണ്ട് ആ ബില്ലിനെതിരെ വോട്ടു ചെയ്തത്.

മറ്റൊന്ന് മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള പ്രവേശനത്തിന് തലവരിപ്പണം പിരിച്ച സ്വകാര്യ മെഡിക്കൽ കൊളേജുകൾക്ക് ആ കോഴപ്പണം നഷ്ടപ്പെടാതിരിക്കാനും വിദ്യാഭ്യാസക്കച്ചവടം അഭംഗുരം നടത്താനും വേണ്ടി വിദ്യാർത്ഥികളുടെ ഭാവിയുടെ പേര് പറഞ്ഞുകൊണ്ട് സുപ്രീം കോടതി വിധിയെ മറികടക്കാനുള്ള ഓർഡിനൻസ് അംഗീകരിക്കലായിരുന്നു. ആ ഓർഡിനൻസ് സുപ്രീംകോടതി റദ്ദാക്കി. പിന്നീട് കേരളത്തിലെ നിയമസഭയിലും പുറത്തും എല്ലാ രാഷ്ട്രീയകക്ഷികളും ഇത്രയേറെ ഐക്യത്തോടെ ഒന്നിച്ചുചേർന്ന മറ്റൊരു സംഭവം ഇപ്പോൾ അദാനിക്കു വേണ്ടിയാണ്.

രാജ്യത്തിന്റെ പൊതുസ്വത്ത്​ പല രീതിയിൽ കൊള്ളയടിക്കുന്ന ആശ്രിത മുതലാളിത്തത്തിനും കോർപ്പറേറ്റുകൾക്കുമെതിരെ നടക്കുന്ന സമരങ്ങളിൽ നിന്നും കേരളത്തിലെ ഇടതുമുന്നണി പിൻവാങ്ങുക മാത്രമല്ല തങ്ങളതിന്റെ എതിർപക്ഷത്താണെന്ന് വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. ഇടതുരാഷ്ട്രീയത്തിന്റെ സമരചരിത്രം കൊണ്ടുണ്ടാക്കിയ സംഘടനാസംവിധാനത്തെ അതീവകൗശലത്തോടെയും കുടിലതയോടെയും കോർപ്പറേറ്റ്- മുതലാളിത്ത താത്പര്യങ്ങൾക്കായി വിൽക്കുന്ന നേതൃത്വമാണ് ഇപ്പോൾ മുഖ്യധാരാ ഇടതുപക്ഷത്തിനുള്ളത്. അത്തരത്തിലുള്ള വില്പനകൾക്കും രാഷ്ട്രീയവഞ്ചനയ്ക്കും ഓശാന പാടുന്ന ഒരു പ്രചാരണ സംവിധാനത്തെയും അവർ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ഒന്നുകിൽ അദാനിക്കൊപ്പം അല്ലെങ്കിൽ വിമോചനസമരക്കാരൻ എന്നൊക്കെയുള്ള ഭീഷണികൾ മുഴങ്ങുന്നത് അങ്ങനെയാണ്. ഫാഷിസത്തിന്റെ അതേ രീതിശാസ്ത്രം എത്ര അച്ചടക്കത്തോടെയാണ് കേരളത്തിലെ ഇടതുനേതൃത്വം പിന്തുടരുന്നത് എന്നത് ഒരേ സമയം കൗതുകകരവും ഭീഷണവുമാണ്.

വികസനവിരുദ്ധർ, അർബൻ നക്‌സലുകൾ, പരിസ്ഥിതി തീവ്രവാദികൾ എന്നൊക്കെയുള്ള ബി.ജെ. പി സർക്കാരിന്റെ പദശബ്ദകോശം കുറഞ്ഞവിലയിൽ വാങ്ങിയത് കേരളത്തിലെ ഇടത് സർക്കാരാണ്. കോർപ്പറേറ്റ് വിഭവ കൊള്ളയെയും മുതലാളിത്ത വികസന മാതൃകയെയും ചോദ്യം ചെയ്യുന്നവർ രാജ്യദ്രോഹികളാണ് എന്ന ബി ജെ പി ഭാഷ്യം കേരളത്തിലെത്തുമ്പോൾ സംസ്ഥാനദ്രോഹികളാക്കി മാറ്റി വികസനത്തിന്റെ ഇടതുനായകന്മാർ. ഭരണകൂടത്തിനെതിരായ എല്ലാ സമരങ്ങളിലും തീവ്ര ഇടതു മുതൽ ഇസ്​ലാമിക വർഗീയവാദികൾ വരെയുള്ള ഗൂഢാലോചനാ സംഘത്തെ മോദി സർക്കാർ കണ്ടത്തിയെങ്കിൽ വിഴിഞ്ഞത്തെ ഗൂഢാലോചനയുടെ അന്താരാഷ്ട്രമാനങ്ങളുമായി സി.പി.ഐ-എം മുഖപത്രം ദേശാഭിമാനി അച്ചുനിരത്തി. സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികൾ ലത്തീൻ കത്തോലിക്കാരായതുകൊണ്ട് സമരത്തിന്റെ എതിര്കക്ഷികളാകാൻ മറ്റെല്ലാ സമുദായങ്ങളെയും ഇടതുമുന്നണി ഒളിഞ്ഞും തെളിഞ്ഞും ക്ഷണിച്ചുകൊണ്ടിരുന്നു. ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ പ്രചാരണ രീതികളും അടിച്ചമർത്തൽ രീതികളും ഇത്രയേറെ സൂക്ഷ്മതയോടെ പകർത്തിയ മറ്റൊരു ബി.ജെ. പി ഇതര സംസ്ഥാന സർക്കാർ ഇന്ത്യയിൽ ഇല്ലെന്നുതന്നെ പറയാം.

സി.പി.ഐ-എം, സി.പി.ഐ കക്ഷികൾ തങ്ങളുടെ രാഷ്ട്രീയ പരിപാടി കേവലമൊരു പാട്ടുപുസ്തകമാക്കി കഴിഞ്ഞിരിക്കുന്നു. ഓരോ സമയത്തും തങ്ങളുടെ രാഷ്ട്രീയ വഞ്ചന പുറത്തുവരുമ്പോൾ ഇടതുകക്ഷികൾ ഉയർത്തുന്ന പ്രചാരണ ആക്രമണം ലോകത്താകെ മുതലാളിത്തത്തിന്റെ കൊടും ചൂഷണത്തിനെതിരെ നടക്കുന്ന ചെറുതും വലുതുമായ പോരാട്ടങ്ങളെ കേരളത്തിൽ ഇടതുപക്ഷത്തുനിന്നും ഉയർത്താൻ പറ്റാത്ത വിധത്തിൽ തള്ളിക്കളയലാണ്. കോവിഡ് മഹാമാരിക്കാലത്ത് സ്​പ്രിങ്ക്​ളർ എന്ന വിദേശ കമ്പനിയുമായുള്ള വ്യക്തികളുടെ ആരോഗ്യവിവര ശേഖരണത്തിനുള്ള കരാർ സംബന്ധിച്ച് സംശയങ്ങളും സ്വകാര്യ ഡാറ്റാ ശേഖരണത്തെ സംബന്ധിച്ച ചോദ്യങ്ങളും ഉയർന്നപ്പോൾ കേരളത്തിലെ കുറച്ചുപേരുടെ ഡാറ്റ കിട്ടിയിട്ട് അമേരിക്കക്കെന്തു കാര്യം എന്നൊക്കെയുള്ള വിതണ്ഡവാദങ്ങളുയർത്തിയാണ് ഇടതുമുന്നണിയുടെ നിലയവിദ്വാന്മാർ അതിനെ നേരിട്ടത്. സ്​പ്രിങ്ക്​ളർ വന്ന് ഇത്തരത്തിൽ ഡാറ്റാ ശേഖരണം നടത്തിയില്ലെങ്കിൽ കോവിഡ് പടരുമ്പോൾ കേരളം മുഴുവൻ നിയന്ത്രണാതീതമായ രീതിയിൽ ശവഘോഷയാത്രയാകും എന്നുവരെയായി. ഒന്നുമുണ്ടായില്ല, ഒരു കാര്യവുമില്ലാതെ പൊലീസിന്റെ തല്ലും കൊണ്ട് പൗരാവകാശ ലംഘനങ്ങളും സഹിച്ചാണെങ്കിലും മലയാളികൾ കോവിഡിനെ മറികടന്നുപോന്നു. അപ്പോൾ സ്​പ്രിങ്ക്​ളർ മുതലാളിത്തം എങ്ങനെയാണ് ഇത്തരത്തിൽ ഡാറ്റയെ തങ്ങളുടെ പുത്തൻ ചൂഷണത്തിനായി ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഇനി കേരള സമൂഹത്തിൽ ഇയർത്തിക്കൊണ്ടുവരാൻ കഴിയാത്ത വിധത്തിൽ തങ്ങളുടെ മുൻ നിലപാടുകളെ കത്തിച്ചു കളഞ്ഞു ഇടതുകക്ഷികൾ. പിണറായി വിജയനും കുടുംബവും അപകടത്തിൽ എന്ന നിലവിളിശബ്ദമിട്ടു നടത്തുന്ന നാടകങ്ങൾക്കിടയിൽ ഇങ്ങനെയാണ് വർഗ്ഗരാഷ്ട്രീയത്തിന്റെ കമ്യൂണിസ്റ്റ് നിലപാടുകൾ കത്തിച്ചുകളയുന്നത്.

വിഴിഞ്ഞത്ത് അദാനിയുടെ എഴുന്നള്ളിപ്പിന് കുത്തുവിളക്കും താലവും പിടിക്കാനും പടപ്പാട്ടു പാടാനും ഇടതുപക്ഷത്തിന്റെ അണികളെ സന്നദ്ധരാക്കിയതരത്തിലുള്ള തൊഴിലാളിവർഗ രാഷ്ട്രീയവിരുദ്ധത കേരളത്തിലെ ഇടതുകക്ഷികളുടെ രാഷ്ട്രീയ, സംഘടനാ ശരീരത്തിലേക്ക്​പടർന്നുകഴിഞ്ഞു എന്നതാണ് വസ്തുത. അദാനിക്ക് തങ്ങളെ വിൽപ്പനയ്ക്ക് വെച്ച ഇടതുകക്ഷികളുടെ നേതൃത്വത്തിനേക്കാളേറെ ആ വിൽപ്പന തങ്ങളുടെ രാഷ്ട്രീയവിജയമായി ആഘോഷിക്കുന്ന പാർടി അംഗങ്ങളും സഹയാത്രികരുമടങ്ങുന്നവരാണ് കേരളത്തിന്റെ രാഷ്ട്രീയഭാവിയെ പ്രതീക്ഷാരഹിതമാക്കുന്നത്. ഒരു വർഗ്ഗരാഷ്ട്രീയഭാവന എന്ന നിലയിൽ ഇനി കേരള സമൂഹത്തിൽ എന്തായിരിക്കും ഇടതുപക്ഷത്തിന്റെ ഭാവി എന്നത് നിർണയിക്കുന്ന ചരിത്രസന്ധിയിലാണ് അദാനി ആ സമസ്യ പൂരിപ്പിച്ചത്.

Comments