വിഴിഞ്ഞത്തെ മുൻനിർത്തി, രോഗാതുരമായ കേരളത്തെക്കുറിച്ച്​ ചില വിചാരങ്ങൾ

പരമ്പരാഗതമായോ പുതുതായോ വരേണ്യത ആർജ്ജിച്ച വിഭാഗങ്ങളുടെ ഗുണത്തിനുതകുന്ന എല്ലാം വികസനമാണെന്നും എക്കാലത്തും അരികുകളിൽ കഴിഞ്ഞിരുന്നവർ സ്വയം ആത്മാഹുതി ചെയ്താണെങ്കിലും മേത്തരക്കാരുടെ പുരോഗതി ഉറപ്പുവരുത്തി രാജ്യസ്നേഹം പ്രദർശിപ്പിക്കണമെന്നും എല്ലാ രാഷ്ട്രീയകക്ഷികളും മിക്ക ബുദ്ധിജീവികളും പൗരസമൂഹവും വിശ്വസിക്കുന്നു.

വിഴിഞ്ഞം പ്രശ്നം താൽക്കാലികമായെങ്കിലും പരിഹൃതമായിരിക്കുന്നു. അത്രയും നല്ലത്. ഇതുമായി ബന്ധപ്പെട്ട കഴിഞ്ഞ്​ കുറെ ആഴ്ചകളായി നടന്നു വരുന്ന തർക്കവിതർക്കങ്ങൾ കേരളം എന്തുമാത്രം രോഗാതുരമായി മാറിയിരിക്കുന്നുവെന്ന വസ്തുത ഒരിക്കൽ കൂടി അടിവരയിടുന്നു.

ചങ്ങാത്തമുതലാളിത്തത്തിന്റെ കാര്യത്തിൽ ഇടതു- വലത് വ്യത്യാസങ്ങൾ പൂർണമായും അവസാനിച്ചുവെന്നതാണ് ഒന്നാമത്തെ കാര്യം. ‘വികസനം' മറ്റെല്ലാ പരിഗണനകളെയും ഇല്ലാതാക്കിക്കഴിഞ്ഞു. ആരുടെ വികസനം, എന്ത് വികസനം, ആരാണ് വികസനത്തിന്റെ വില കൊടുക്കേണ്ടവർ, വികസനത്തിന്റെ ഇരകൾക്ക് പൗരാവകാശങ്ങൾ വക വച്ചുകൊടുക്കേണ്ടതുണ്ടോ, വികസനവും പ്രകൃതിസംരക്ഷണവും തമ്മിലുള്ള നേർത്തുനേർത്ത് വരുന്ന സന്തുലനം പ്രസക്തമാണോ തുടങ്ങിയ ചോദ്യങ്ങൾ ഇന്നുയർത്തുന്നത് പുച്ഛവും പരിഹാസവും മാത്രമാണ്. ഈ ചോദ്യങ്ങൾ ഉയർത്തുന്നവർ നാട് നന്നാവുന്നത് ഇഷ്ടപ്പെടാത്ത ഒരു കൂട്ടം രാജ്യദ്രോഹികളാണെന്ന് എല്ലാവരും ഏറെക്കുറെ വിധിയെഴുതിക്കഴിഞ്ഞിട്ടുണ്ട്. പരമ്പരാഗതമായോ പുതുതായോ വരേണ്യത ആർജ്ജിച്ച വിഭാഗങ്ങളുടെ ഗുണത്തിനുതകുന്ന എല്ലാം വികസനമാണെന്നും എക്കാലത്തും അരികുകളിൽ കഴിഞ്ഞിരുന്നവർ സ്വയം ആത്മാഹുതി ചെയ്താണെങ്കിലും മേത്തരക്കാരുടെ പുരോഗതി ഉറപ്പുവരുത്തി രാജ്യസ്നേഹം പ്രദർശിപ്പിക്കണമെന്നും എല്ലാ രാഷ്ട്രീയകക്ഷികളും മിക്ക ബുദ്ധിജീവികളും പൗരസമൂഹവും വിശ്വസിക്കുന്നു.

photo: Archdiocese of Trivandrum-Archtvm/ fb page

വിഴിഞ്ഞം പദ്ധതി നല്ലതോ ചീത്തയോ എന്ന വിഷയം ഈ ലേഖനത്തിന്റെ പ്രമേയമല്ല. അക്കാര്യം ആഴത്തിൽ പഠിച്ച ഒരാളല്ല ഇതെഴുതുന്നത്. അതേ സമയം രാജ്യാഭിവൃദ്ധിക്കായി ഉറക്കമൊഴിച്ച് വേപഥു കൊള്ളുന്ന മഹാമനസ്‌കനാണ് ഗൗതം അദാനിയെന്നോ അയാളുമായി കരാർ ഒപ്പിട്ട മാറിമാറി വന്ന സർക്കാരുകൾ ഉദ്ദേശ്യശുദ്ധിയുടെ മൂർത്തിമദ്ഭാവങ്ങളാണെന്നോ വിശ്വസിക്കാൻ മാത്രമുള്ള നൈസർഗിക നിഷ്‌കളങ്കതയും എനിക്കില്ല.

അതവിടെ നിൽക്കട്ടെ. പറഞ്ഞുവരുന്നത് മറ്റൊരു കാര്യമാണ്. ജനം ആത്യന്തികമായി വിഡ്ഢികളാണെന്നും അവരുടെ ഓർമ ഹ്രസ്വമാണെന്നും ഓർമപ്പെടുത്തിയാൽ പോലും കാര്യമായ സംവേദനത്വമില്ലാത്ത ഒരു ‘നിർഗുണ' വിഭാഗമാണവരെന്നും കൃത്യമായി തിരിച്ചറിയുന്ന ആളുകളാണ് മുഖ്യധാരാ രാഷ്ട്രീയവിഭജനത്തിന്റെ ഇരുവശത്തുമുള്ളവർ. ഉമ്മൻചാണ്ടി വിഴിഞ്ഞം കരാർ ഒപ്പിട്ട കാലത്തെ സി.പി.ഐ- എം വാദങ്ങൾ എല്ലാവരും മറന്നു. അന്ന് യു.ഡി.എഫ് പറഞ്ഞത് ഇന്ന് എൽ.ഡി.എഫും മറിച്ചും പറയുമ്പോൾ ഈ വൈരുധ്യം ആരെയും സ്പർശിക്കുന്നില്ല.

ഭരണത്തിലിരിക്കുമ്പോൾ പറയുന്നതിന്റെ നേർവിപരീതം പ്രതിപക്ഷത്തിരിക്കുമ്പോൾ പറയുന്ന ഈ പ്രവണത ജനത്തിന് ഒരലോസരവും ഉണ്ടാക്കുന്നില്ല. ഇടതും വലതും എന്ന വ്യത്യാസം ഒരു വലിയ മിഥ്യയും സുഖകരമായ അന്ധവിശ്വാസവും മാത്രമാണ്. ചങ്ങാത്ത മുതലാളിത്തത്തിന്റെ പൊതുചട്ടക്കൂട്ടിൽ സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കുക എന്നതിനപ്പുറം ഒരു പ്രതിബദ്ധതയും ആർക്കുമില്ല എന്നതാണ് വസ്തുത. ഇന്ന് വി.ഡി. സതീശൻ പറയുന്നത് നാളെ ഭരണം മാറുമ്പോൾ പിണറായി പറയും, മറിച്ചും. അതല്ലാത്ത പ്രത്യയശാസ്ത്രവ്യത്യാസങ്ങൾ ഇവർക്കിടയിൽ കാണാൻ മിനക്കെടുന്നവർ ഏതോ ഭാവനാസ്വർഗ്ഗത്തിലെ അന്തേവാസികളാണ്.

വിഴിഞ്ഞം ചർച്ചകൾ സംശയമന്യെ വെളിപ്പെടുത്തിയ മൂന്നാമത്തെ കാര്യം, കേരളം എന്തുമാത്രം വർഗീയവൽക്കരണത്തിന് വഴങ്ങിക്കഴിഞ്ഞുവെന്ന ഭീതിജനകമായ സത്യമാണ്. ഇത് നാം സമീപകാലത്ത് പലവട്ടം കണ്ടതാണ്. ശബരിമല പ്രക്ഷോഭം ഒരുദാഹരണം. പാലാ മെത്രാന്റെ കുപ്രസിദ്ധമായ പ്രസംഗം മറ്റൊരുദാഹരണം. മുസ്​ലിംലീഗ് നേതാവ് പിണറായി വിജയന്റെ മകളുടെ വിവാഹത്തെക്കുറിച്ച് പറഞ്ഞ പ്രകോപനപരമായ പ്രസ്താവന, പി.സി. ജോർജ്ജിന്റെ നിരവധി വിഷമയമായ ഉദ്ദീരണങ്ങൾ - ഇങ്ങനെ ഒരുപാട് തവണ പച്ചയായ വർഗീയ പരാമർശങ്ങൾ പൊതുമണ്ഡലത്തിൽ സജീവമായി പ്രവർത്തിക്കുന്നവരിൽ നിന്ന് ഉണ്ടായത് നാം കണ്ടതാണ്. സംഘ് പരിവാറിനെയോ ‘കാസ’ പോലുള്ള സംഘടനകളെയോ ഇവിടെ പരാമർശിക്കാത്തത് അവരിൽ നിന്ന് വിഷമല്ലാതെ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നതുകൊണ്ടാണ്.

ഫാ. തിയോഡോഷ്യസ് ഡിക്രൂസ്, വി അബ്ദുറഹ്​മാൻ

പ്രശ്നം ഇങ്ങനെ ചിലർ നഗ്നമായ വർഗീയത പറയുന്നു എന്നതല്ല. എത്ര വിഷലിപ്തമായ വർഗീയത കേട്ടാലും അതിനെ നിസ്സംഗമായി സ്വീകരിക്കാനുള്ള മാനസികാവസ്ഥയിൽ മലയാളി സമൂഹത്തിലെ വലിയൊരു വിഭാഗം എത്തിക്കഴിഞ്ഞുവെന്നതാണ്. മന്ത്രി അബ്ദുറഹ്​മാൻ പേരിൽ തന്നെ തീവ്രവാദിയാണെന്ന് പറയാൻ യേശുക്രിസ്തുവിന്റെ കുഞ്ഞാടായ തിയോഡോഷ്യസ് അച്ചൻ ഒരുനിമിഷം പോലും ആലോചിച്ചില്ല. അത് വളരെ സ്വാഭാവികമായ ഒരു പരാമർശമായി അദ്ദേഹത്തിനും മറ്റുള്ളവർക്കും തോന്നി. കൂട്ടത്തിൽ മന്ത്രിയുടെ രാഷ്ട്രീയത്തെയും പറയാതെ വയ്യ. സമരം ചെയ്യുന്ന മുക്കുവർ രാജ്യദ്രോഹികളാണെന്ന് അദ്ദേഹം പറയുന്നതും അതേ സ്വാഭാവികതയോടെയാണ്. ഇരുകൂട്ടരും എന്തുമാത്രം ആഴത്തിലും പരപ്പിലുമാണ്, എന്ത് മാത്രം അനായാസമാണ് സംഘ്പരിവാറിന്റെ ഭാഷയും യുക്തിയും ആന്തരീകരിച്ചത്! മുസ്‌ലിം പേരുള്ള ആരും തീവ്രവാദിയും ഭീകരനും. സർക്കാരിനെതിരെ സമരം ചെയ്താൽ രാജ്യദ്രോഹികൾ.

ലത്തീൻ കത്തോലിക്കാ സഭയാണ് സമരത്തിന് നേതൃത്വം കൊടുത്തത്. തുറമുഖ പദ്ധതി മൂലം ഏറ്റവുമധികം നഷ്ടമനുഭവിക്കുന്നത് അവരാണ് എന്നതാവാം അതിന്റെ കാരണം. അവർ പദ്ധതി മൂലം വലിയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുവെന്നത് നിസ്തർക്കമാണ്. പക്ഷെ മലയാളികളായ ഈ മനുഷ്യർ ഇത്തരമൊരു സമരത്തിന് മുന്നിട്ടിറങ്ങിയപ്പോൾ എന്തുകൊണ്ടാണ് അവരുടെ കൂടെ ഐക്യദാർഢ്യം പ്രകടിപ്പിച്ച് രംഗത്തിറങ്ങാൻ മറ്റ് മതസ്ഥരായ സഹജീവികൾ ഉണ്ടാവാതെ പോയത്? പേരിന് ചിലരൊക്കെ ഉണ്ടാവാം. സഹമനുഷ്യർ വലിയ പ്രതിസന്ധികളനുഭവിക്കുമ്പോൾ എന്തുകൊണ്ടാണ് മറ്റുള്ളവർ അവരുടെ കൂടെ നിലകൊള്ളാത്തത്? മതപരമായ ഒരു മാനവുമില്ലാത്ത ഒരു പ്രക്ഷോഭം എന്തുകൊണ്ടാണ് ഒരു പ്രത്യേക മത- സഭാ വിശ്വാസികളുടേത് മാത്രമായി പരിണമിച്ചത്? പ്രക്ഷോഭകരേക്കാൾ അതിന് കാരണക്കാർ അവരെ ഒറ്റപ്പെടുത്തിയ മറ്റുള്ളവരല്ലേ? ഈ ചോദ്യങ്ങൾക്കുള്ള ശരിയുത്തരം എനിക്കറിയില്ല. പദ്ധതി മൂലം നഷ്ടമനുഭവിക്കുന്നവർ മുഴുവൻ ലത്തീൻ വിഭാഗക്കാരാണെങ്കിൽ പോലും ഇതര മതസ്ഥരുടെ, അല്ലെങ്കിൽ ഒരു മതവുമില്ലാത്തവരുടെ അഭാവം കൂടുതൽ കൂടുതൽ ശിഥിലമാകുന്ന ഒരു മലയാളി സമൂഹത്തെയാണ് സൂചിപ്പിക്കുന്നത്.

photo: Archdiocese of Trivandrum-Archtvm/ fb page

അരാഷ്ട്രീയതയാണ് എല്ലാ രാഷ്ട്രീയ കക്ഷികളും ഇഷ്ടപ്പെടുന്നത്. അല്ലെങ്കിൽ അന്ധമായ പാർട്ടിക്കൂറ്. ഒന്നുകിൽ ഞങ്ങളുടെ കൂടെ, അല്ലെങ്കിൽ രാജ്യദ്രോഹികളും തീവ്രവാദികളും. ഈ ദ്വന്ദഭാവമാണ് ഇന്ന് എല്ലാ പൊതുസംവാദങ്ങളുടെയും മുഖമുദ്ര. ഇത്തരമൊരു ധ്രുവീകരണമാണ് സംഘ്പരിവാർ എക്കാലവും ആഗ്രഹിച്ചത്. സൂക്ഷ്മതലസ്പർശിയായ സംവാദങ്ങൾ അസാധ്യമായ, മിത്രശത്രുവിഭജനത്തിന് നടുവിലുള്ള ഒരു മാധ്യമസ്ഥലിയും നിലനിൽക്കാത്ത ഒരു പൊതുമണ്ഡലം ഫാഷിസത്തിന് വളക്കൂറുള്ള മണ്ണാണ്. അതാണിന്നത്തെ കേരളം. നമ്മുടെ സംവാദവിഷയം മുഴുവൻ അവർക്കിനിയും നിശ്ചയിക്കാനാവുന്നില്ല. പക്ഷെ നമ്മുടെ സംവാദസംസ്‌കാരവും വിനിമയഭാഷയും അവർ തന്നെയാണ് നിർണയിക്കുന്നത്. കൊച്ചു കൊച്ചു വർഗീയതകളുടെയും അന്ധകാലുഷ്യങ്ങളുടെയും അസംസ്‌കൃത സംവാദഭാഷയുടെയും സമകാലിക കേരളത്തെ സംഘ്പരിവാർ രാഷ്ട്രീയത്തിലേക്ക് സ്വാംശീകരിക്കുക എളുപ്പമായിരിക്കും. അതിനുള്ള കഠിനവ്രതത്തിലാണ് നമ്മുടെ കക്ഷിരാഷ്ട്രീയവും വ്യവസ്ഥാപിത മതങ്ങളും നൈതികത നഷ്ടപ്പെട്ട മാധ്യമലോകവും. ഇവ മൂന്നിനും പൂർണമായും ദാസ്യപ്പെട്ട ഒരു ജനതയ്ക്ക് ലഭിക്കുക ആവരർഹിക്കുന്നതെന്തോ അത് തന്നെയായിരിക്കും.

Comments