പ്രകൃതിവിഭവങ്ങളുടെ പരിമിതി നോക്കാതെ പരിധിവിട്ട വികസന ക്രമത്തിലേക്ക് കുതിക്കുകയാണ് ലോകം. ഈ ഗോളത്തിന്റെ സഹനശേഷിക്കപ്പുറം ആഗോളതലത്തിൽ ചൂഷണവും മലിനീകരണവുമേറുന്നു. സ്ഥല–ജല–പരിപാലനം വെടിഞ്ഞ് ലാഭക്കൊതിയും ദ്രുതപുരോഗതിഭ്രമവും ആലിംഗനം ചെയ്യുന്ന ആസുരമായ കാഴ്ചയാണെങ്ങും. കാലം ആവശ്യപ്പെടുന്നത് സുസ്ഥിരതയുടെ, സുസ്ഥിതിയുടെ പാതയാണ്. തദ്ദേശീയ പ്രത്യേകതകൾക്കും ചോദനകൾക്കുമൊപ്പം ജനകീയ മുൻകൈയോടെയുള്ള വികസന പരിപാടികളാണ് അഭിലഷണീയം.
കൂടുന്ന മണ്ണൊലിപ്പ്
2018-ൽ 80 ശതമാനം മണ്ണൊലിപ്പ് കൂടിയതായി സർക്കാർ പഠനം. 2018 ആഗസ്റ്റിൽ സംസ്ഥാന ഭൂവിസ്തൃതിയുടെ 71 ശതമാനവും വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. 2018 ആഗസ്റ്റിൽ ആയിരക്കണക്കിന് മണ്ണിടിച്ചിലും അതിന്റെ അവശിഷ്ട പ്രവാഹങ്ങളും ഉണ്ടായതായി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA). തീവ്രമഴ മാത്രമല്ല, ഭൂവിനിയോഗത്തിലുണ്ടായ സത്വരമാറ്റമാണ് കാരണം. അതുകൊണ്ട് പരിസ്ഥിതിലോല മേഖലയിൽ (ESA) മനുഷ്യരുടെ കുടിയേറ്റവും ശാശ്വതമല്ലാത്ത വികസനവും ഒഴിവാക്കണമെന്നും ഭൂമിയുടെ പച്ചപ്പുതപ്പ് സമ്പന്നമാക്കണമെന്നും മാധ്യമ റിപ്പോർട്ട് (https://times of India. indiatimes.com).
‘കേരളത്തിലെ മണ്ണൊലിപ്പും സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങളും’ എന്ന വിഷയത്തിൽ 2020 ജൂൺ ഒന്നിന് നാല് വ്യത്യസ്ത പഠനങ്ങൾ ഉണ്ടായിട്ടുണ്ട്. തമിഴ്നാട് കാർഷിക സർവ്വകലാശാലയിലെ ശ്രീപ്രിയയുടെയും യൂണിവേഴ്സിറ്റിയിലെ തന്നെ വഴവച്ചന്നൂർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ആർ. ബാലകൃഷ്ണേൻ്റയും. പ്രളയത്തിനു മുമ്പുതന്നെ കേരളത്തിൽ 94.77 ശതമാനം ഭൂമിയും അമ്ളതയുള്ളതായിരുന്നുവെന്നും 71.28 ശതമാനം മണ്ണ് ഒലിച്ചുപോയതായും റിപ്പോർട്ടിലുണ്ട്. ഐക്യരാഷ്ട്ര സഭയുടെ പഠനത്തിൽ, 2018- ലെ പ്രളയത്തിൽ 31,000 കോടിയുടെ നഷ്ടമുണ്ടായതായാണ് സൂചന. ഉയർന്ന കൂലിച്ചെലവിനാൽ മണ്ണ് സംരക്ഷണത്തിനും കൂടുതൽ മൂലധന നിക്ഷേപ കൃഷിക്കും ജനങ്ങൾക്ക് താല്പര്യമില്ല. അതുകൊണ്ട് മണ്ണ് സംരക്ഷണ പദ്ധതികൾക്ക് പൊതുനിക്ഷേപം വേണമെന്നാണ് വിദഗ്ധാഭിപ്രായം.

ഭൂജലശോഷണവും വരൾച്ചയും സൃഷ്ടിക്കുന്ന കുടിവെള്ളക്ഷാമം, ജലജന്യരോഗങ്ങൾ, കൃഷി- ജൈവവൈവിധ്യനാശം, സാമ്പത്തിക തകർച്ച, ഉപജീവനോപാധികളുടെ ശൈഥില്യം, മനുഷ്യ- മൃഗ സംഘർഷം, വൈദ്യുതിക്ഷാമം തുടങ്ങിയ ഒട്ടേറെ പ്രശ്നങ്ങൾ പോലെ ദുരിതപൂർണ്ണമാണ് വെള്ളക്കെട്ടും പെരുമഴയും പ്രളയവും. മഴക്കാലത്തെ വെള്ളം ഭൂജലമായി ജലേസ്രാതസുകളിലും തണ്ണീർത്തടങ്ങളിലും ശേഖരിച്ചുവെക്കുന്നത് രണ്ടു പ്രശ്നങ്ങൾക്കും- അതിവൃഷ്ടി, അനാവൃഷ്ടി- ഏറെക്കുറെ പരിഹാരമാകും. ചില രാജ്യങ്ങളിൽ വൈദ്യുതോല്പാദനം, ജലസേചനം, കുടിവെള്ള വിതരണം, ജാർ /കുപ്പിവെള്ളശേഖരണം എന്നിവ ഒരേ ഡാമിൽ തന്നെ സംയോജിപ്പിക്കുന്നുണ്ട്. പരമപ്രധാനം സുവിദിതമായ ഭൂവിനിയോഗ സമ്പ്രദായങ്ങൾ, സുസ്ഥിര / ജൈവ / സൽകൃഷിരീതികൾ എന്നിവയാണ്. അശാസ്ത്രീയവും അമിതവുമായ ഖനനം, ക്വാറി, വനമേഖലയിലെ തെറ്റായ കൃഷിയും തോട്ടവല്ക്കരണവും, വനനശീകരണം, കുന്നിടിക്കൽ, അശാസ്ത്രീയവും അനാവശ്യമായ ഭൂമി തരംമാറ്റലും നിരപ്പാക്കലും, തണ്ണീർത്തടം നികത്തൽ തുടങ്ങിയവ ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും തുടർന്നുള്ള വിപര്യയങ്ങൾക്കും കാരണമാകും. ചൂരൽമലയും പെട്ടിമുടിയുമൊക്കെ ഓർമ്മകളിലുണ്ടാകട്ടെ. ഭൂമിയെ പരിക്കേല്പിക്കാത്ത ഹരിത പദ്ധതികളാകട്ടെ പര്യാലോചനയിൽ. വിണ്ണിലല്ല, മണ്ണിലാണ് കാർബൺ വേണ്ടത്–ഉല്പാദനക്ഷമതക്ക്. മരം മുറിക്കുമ്പോഴും മണ്ണെടുക്കലിലൂടെയും നിരപ്പാക്കുന്നതുവഴിയും ഇതുവരെ സൂക്ഷിച്ചുവെച്ച കാർബൺ ബഹിർഗമിക്കുന്നു. മണ്ണൊലിപ്പ് രൂക്ഷമാകുന്നു. സോയൽ പൈപ്പിംഗ്, കിണറിടിയൽ തുടങ്ങിയ പ്രതിഭാസങ്ങൾ വ്യാപകമാകും.
റോഡ് വീതികൂട്ടുക മാത്രമല്ല, വാഹനപ്പെരുപ്പത്തിനുകൂടി വേണം പരിഹാരം. 2020- ൽ കേരളത്തിലെ വാഹനങ്ങളുടെ എണ്ണം 14.184 ദശലക്ഷമാണ്. അതായത് മൂന്നിലൊരാൾക്ക് മോട്ടോർ വാഹനമുണ്ട്.
കത്തുന്ന കാടും കടലും
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ 2025 ഫെബ്രുവരി 15-ലെ ഔദ്യോഗിക രേഖ പ്രകാരം, 38 ഡിഗ്രി സെൽഷ്യസോടെ കൊടുംചൂടിൽ പാലക്കാട് രാജ്യത്ത് മുന്നിലെത്തി. മുണ്ടൂർ ഐ.ആർ.ടി.സി. സീനിയർ സയൻ്റിസ്റ്റും എനർജി ഡിവിഷൻ മേധാവിയുമായ ഡോ. എം.എസ്. ശ്രീജിത്തിന്റെ അഭിപ്രായത്തിൽ കഴിഞ്ഞ മൂന്നുവർഷമായി ജില്ലയിലെ പ്രവണത ഇതാണ്. 2024 ലോകത്തിൽ തന്നെ ഏറ്റവും ചൂടേറിയ വർഷമായിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി അവസാനം ചൂട് 37.5 ഡിഗ്രിയിലെത്തിയിരുന്നു. മാർച്ച് മധ്യത്തോടെ 41 ഡിഗ്രിയോ അതിനുമുകളിലോ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.
2016-ൽ സംസ്ഥാനത്ത് മുഴുവൻ ജില്ലകളും വരൾച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചിരുന്നു. (സംസ്ഥാന വരൾച്ച മോണിറ്ററിംഗ് സെല്ലിന്റെ -SEDC- ശുപാർശയിൽ KSDMA, 28.10.2016.) ചൂടുകൂടുമ്പോൾ വായു മുകളിലേക്കുയർന്ന് ഒരു പ്രദേശത്ത് അനുഭവപ്പെടുന്ന ന്യൂനമർദ്ദമാണ് ചുഴലിക്കും കൊടുങ്കാറ്റിനും അടിസ്ഥാനം. പല അണുബോംബുകൾ പൊട്ടുന്നത്ര ഊർജ്ജമാണ് ചുഴലിയിലൂടെ മിന്നലായും കാറ്റായും മഴയായും ബഹിർഗമിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന സൈക്ലോണിന്, താപവർധന മൂലം അറബിക്കടലും ഇപ്പോൾ സാക്ഷ്യം വഹിക്കുന്നു. അവിരാമമായ വർഷപാതത്തിനും നാശനഷ്ടങ്ങൾക്കും ഇതാണ് കാരണം. കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കനത്ത ആഘാതങ്ങൾ സൃഷ്ടിച്ച് ഓഖി ചുഴലി ആഞ്ഞടിച്ചത് 2017 നവംബർ അവസാനമാണ്. കേരളത്തിന് നഷ്ടം 1800 കോടി. 1908–2000 വർഷങ്ങൾക്കിടയിൽ കേരളത്തിലൂടെ കടന്നുപോയത് ഏകദേശം 18 ചുഴലിക്കാറ്റുകൾ.

വനംവകുപ്പു രേഖകളനുസരിച്ച് രണ്ടുവർഷം മുൻപത്തെ സീസണിൽ 457 കാട്ടുതീ ഉണ്ടായിട്ടുണ്ട്. എന്നാൽ ഏറെ ശ്രമഫലമായി 2023 ഡിസംബർ ഒന്നുമുതൽ 2024 മെയ് 31 വരെ അത് 374 ആക്കി കുറക്കാനായി എന്നത് പ്രശംസനീയം. അത്യുഷ്ണ സമയത്തും വീട്ടിലും നാട്ടിലും കാട്ടിലും ആളുകൾ കത്തിച്ചുകൊണ്ടേയിരിക്കുകയാണ്. പരിഹാരം ലളിതം. ലഘൂകരിക്കാൻ, ഭൗമതാപം നിയന്ത്രിക്കാൻ നടപടി വേണം. അതിനുള്ള രാജ്യാന്തര ഉടമ്പടിയിൽനിന്ന് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് പിന്മാറിയത് ആശങ്കയുണർത്തുന്നു. വീടുകൾ മുതൽ ലോക രാഷ്ട്രങ്ങൾ വരെയും, വ്യവസായം, കൃഷി, പശ്ചാത്തല വികസനം തുടങ്ങിയ മേഖലകളിലെല്ലാം പച്ചപ്പ് സംരക്ഷിക്കാനുള്ള ശ്രമങ്ങളുണ്ടാകണം.
റോഡുവീതി കൂട്ടി,
വാഹനപ്പെരുപ്പമോ?
നഗരവല്ക്കരണവും കാലാവസ്ഥാ വ്യതിയാനവും മഴയുടെ അഭാവവും സാൻ്റ അന കാറ്റും കാലിഫോർണിയയിലെ കാട്ടുതീ വ്യാപകമാക്കി. കേരളത്തിലെ നഗരജനസംഖ്യ 2036- ൽ 73.4, 2051- ൽ 80.7 ശതമാനം വീതമാകുമെന്ന് അർബൻ പോളിസി കമ്മീഷൻ റിപ്പോർട്ട്. 2016 മുതൽ ഗ്രാമജനസംഖ്യ കുറയുകയാണ്. കെട്ടിടങ്ങളുടെയും റോഡുകളുടെയും വാഹനങ്ങളുടെയും പെരുപ്പം താപദ്വീപുകൾ (Heat Islands) സംജാതമാക്കും. തീരദേശ നിയമം, നെൽ വയൽ തണ്ണീർത്തട സംരക്ഷണ നിയമം, മാലിന്യ സംസ്കരണ നിയമങ്ങൾ, മലിനീകരണ നിയന്ത്രണ നിയമം തുടങ്ങിയവ ലംഘിക്കപ്പെടാൻ സാധ്യതയേറും. ഗ്രാമങ്ങളിൽ സൗകര്യങ്ങളും തൊഴിലവസരങ്ങളും വർധിപ്പിക്കുകയാണ് ഒരു പരിഹാരം. ഗ്രാമീണ ലിങ്ക് / സബ് റോഡുകൾ മെച്ചപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യണം. റെയിവേ, ജലഗതാഗതം എന്നിവ വിപുലമാക്കുക, ഫ്ലൈ ഓവറുകൾ നിർമ്മിക്കുക, വനമേഖലയിൽ തീർത്ഥാടനത്തിനും വിനോദ സഞ്ചാരത്തിനും റോപ് വേ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നടപടികളിലൂടെ ദേശീയ പാതയിലെ തിരക്കു കുറക്കാനും വീതി കൂട്ടാതെയും വീണ്ടും ഭൂമി ഏറ്റെടുക്കാതെയും ട്രാഫിക് ജാം കുറക്കാനും കഴിയും. കാർബൺ പുറന്തള്ളൽ കുറക്കാൻ നിർമ്മാണങ്ങൾ പ്രകൃതി സൗഹൃദമാകണം.
ബംഗാൾ ഉൾക്കടലിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന സൈക്ലോണിന്, താപവർധന മൂലം അറബിക്കടലും ഇപ്പോൾ സാക്ഷ്യം വഹിക്കുന്നു. അവിരാമമായ വർഷപാതത്തിനും നാശനഷ്ടങ്ങൾക്കും ഇതാണ് കാരണം
റോഡ് വീതികൂട്ടുക മാത്രമല്ല, വാഹനപ്പെരുപ്പത്തിനുകൂടി വേണം പരിഹാരം. 2020- ൽ കേരളത്തിലെ വാഹനങ്ങളുടെ എണ്ണം 14.184 ദശലക്ഷമാണ്. അതായത് മൂന്നിലൊരാൾക്ക് മോട്ടോർ വാഹനമുണ്ട്. 2023 ഫെബ്രുവരി 12 ലെ മാതൃഭൂമി റിപ്പോർട്ടനുസരിച്ച് ഇടത്തരം കുടുംബങ്ങൾക്ക് 2018–19 ൽ 27 ലക്ഷം കാറുകളുണ്ടായിരുന്ന സ്ഥാനത്ത് കോവിഡ് കഴിഞ്ഞപ്പോഴേക്കും 32.5 ലക്ഷമായി. ആസൂത്രണ ബോർഡിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത് 93 ശതമാനം വർധന. 2013- ലെ 80,48,673 വാഹനങ്ങളുടെ സ്ഥാനത്ത് 2022- ൽ 1,55,65,149 ആയി ഉയർന്നു. വണ്ടികളുടെ വൈപുല്യം മൂലം നിർമ്മാണം / ഷോറൂം / പാർക്കിംഗ് എന്നിവക്കായി സ്ഥലങ്ങൾ കൂടുതൽ ഉപയോഗിക്കപ്പെടും.
ലംബമാനമായ (vertical) പാർക്കിംഗ്, ഇന്ധനത്തിന്റെയും വാഹനങ്ങളുടെയും ഉപയോഗം കുറക്കൽ, സോളാർ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കൽ, ഒരുമിച്ച് യാത്രചെയ്യൽ, അനിവാര്യമല്ലാത്ത ഘട്ടത്തിൽ മാത്രം പുതിയ ഇന്ധന / ഇലക്ട്രിക് വാഹനങ്ങൾ വാങ്ങൽ തുടങ്ങിയവ പരിഗണിക്കാം. ജനം എങ്ങനെ ട്രെയിനും പൊതുവാഹനങ്ങളും ഉപയോഗിക്കുന്നു എന്നറിയാൻ മറ്റ് സംസ്ഥാനങ്ങളിലേക്ക് നോക്കൂ. പൊതുഗതാഗതം കൂടുതൽ ഫലപ്രദവും കാലോചിതമായി ഉപഭോക്തൃസൗഹൃദ (customer friendly) മാക്കേണ്ടതുണ്ടെന്ന് ബോധ്യമാകും.

ജൈവ വൈവിധ്യ സംരക്ഷണം അനിവാര്യം
കേരളത്തിന്റെ വിസ്തൃതി 38,869 ച.കി.മീറ്ററാണ്. വിസ്തീർണ്ണത്തിൽ ഇന്ത്യയിൽ 22ാം സ്ഥാനത്താണെങ്കിലും ജനസാന്ദ്രതയിൽ മൂന്നാം സ്ഥാനത്താണ് കേരളം. 2011- ലെ കണക്കനുസരിച്ച് ഒരു ചതുരശ്ര കിലോമീറ്ററിൽ 860 പേർ. 382 എന്ന ദേശീയ ശരാശരിയേക്കാൾ മൂന്നിരട്ടി. തീരദേശം, ഇടനാട്, മലനാട് എന്നിങ്ങനെ നിമ്നോന്നതയാണ് സംസ്ഥാനത്തിന്റെ മുഖമുദ്ര. അതാണ് ആവാസവ്യവസ്ഥയുടെയും ജൈവവൈവിധ്യത്തിേൻ്റയും ആധാരം. അതുകൊണ്ട് സ്ഥലപര ആസൂത്രണം (spacial planning) അനിവാര്യമാകുന്നു. സിങ്കപ്പൂരിലേയും ഗൾഫിലേയും പോലെ ഇനിയും മാളുകളും ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററുകളുമൊക്കെ ഇവിടെ പ്രായോഗികമാണോ എന്ന് പുനഃപരിശോധിക്കണം.
ജനം എങ്ങനെ ട്രെയിനും പൊതുവാഹനങ്ങളും ഉപയോഗിക്കുന്നു എന്നറിയാൻ മറ്റ് സംസ്ഥാനങ്ങളിലേക്ക് നോക്കൂ. പൊതുഗതാഗതം കൂടുതൽ ഫലപ്രദവും കാലോചിതമായി ഉപഭോക്തൃസൗഹൃദമാക്കേണ്ടതുണ്ടെന്ന് ബോധ്യമാകും.
വ്യാപാര മാന്ദ്യം സംഭവിക്കുമ്പോഴും ഏറുകയാണ് ഷോപ്പിംഗ് കോംപ്ലക്സുകൾ. വീടുകൾ രമ്യഹർമ്യങ്ങളാകുന്നു. സുതാര്യത ഭേദിച്ച് മതിലുകൾ ഉയരുകയാണ്. 30 ലക്ഷത്തിലധികം വരുന്ന അന്തർ സംസ്ഥാന തൊഴിലാളികൾ ഭൂരിഭാഗവും ഉല്പാദനക്ഷമമല്ലാത്ത നിർമ്മാണമേഖലയിലാണ്. ഇത്രക്ക് ആളും അർത്ഥവും സമയവും വേണ്ട കൃഷിയും അനുബന്ധ മേഖലകളും മെച്ചപ്പെടുത്താൻ, തൊഴിലും ജനങ്ങളുടെ ക്രയശേഷിയും വർധിപ്പിക്കാൻ. സ്ഥലവും വീടും, ഒറ്റയായ വീടുകൾ എന്നിവക്കുള്ള സർക്കാർ പദ്ധതികൾക്ക് സ്ഥലപരിമിതിയും പണച്ചെലവും പ്രയാസമുണ്ടാക്കുന്നു. അതുകൊണ്ട് ഗൃഹസമുച്ചയങ്ങളാകും അഭികാമ്യം. അപ്പോൾ ഓരോ വീടിനും വേണ്ടിവരുന്ന ഭൂമി, നിർമ്മാണ- ഗൃഹോപകരണ സാമഗ്രികൾ, അടിസ്ഥാന സൗകര്യങ്ങൾ, മാലിന്യ സംസ്കരണം തുടങ്ങിയവ കുറഞ്ഞ സ്ഥലത്ത് ഫലപ്രദമാക്കാം. കൂട്ടായ്മകൾക്കും സംയോജിത സംരംഭങ്ങൾക്കും സാംസ്കാരിക പ്രവർത്തനങ്ങൾക്കും സാധ്യതയൊരുക്കുന്നു. സമാന്തര (parallel) വികസത്തിന്റെ സങ്കീർണ്ണതകൾ കുറക്കാം. ഓരോ വീടും ഒരു ഉല്പാദന കേന്ദ്രമാകട്ടെയെന്നാണ് സി.പി. ഗംഗാധരൻ മാസ്റ്റർ നിലനിൽപ്പിന്റെ സമ്പദ് വ്യവസ്ഥ (ജെ.സി. കുമാരപ്പ) എന്ന പുസ്തകത്തിന്റെ പരിഭാഷയിൽ പറഞ്ഞിരിക്കുന്നത്. ഷോപ്പിംഗ് കോംപ്ലക്സുകൾ അപ്രായോഗികവും ലാഭകരവുമല്ലാത്തതിനാൽ സംരംഭക /വ്യാവസായിക കേന്ദ്രങ്ങളാകട്ടെ. നിർമ്മാണ സാമഗ്രികളുടെ ഉപയോഗവും താപനിലയും കുറക്കാൻ, ആഹാരവും ഔഷധവുമടങ്ങിയ ജൈവവേലി പ്രതിവിധിയാണ്. സുസ്ഥിരവികസന ലക്ഷ്യങ്ങളിലെ ദേശീയ സൂചകങ്ങളനുസരിച്ച് ശുചിത്വവും ഹരിതാഭവുമായ ഗ്രാമം, ജല സുരക്ഷിത ഗ്രാമം എന്നിവക്ക് തദ്ദേശസ്ഥാപനങ്ങൾക്ക് ദേശീയ പുരസ്കാരത്തിന് അർഹതയുമുണ്ട്.
ജൈവവൈവിധ്യ സംരക്ഷണമാണ് കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കാൻ സഹായകമായ മറ്റൊരു ഉപാധി. കരയിലെയും തീരപ്രദേശങ്ങളിലേയും പ്രകൃതിദത്തമായ ജൈവവ്യവസ്ഥകളുടെ നശീകരണമാണ് ഈ രംഗത്തെ ഏറ്റവും വലിയ ഭീഷണി.
2024-ൽ മാത്രം നാല് ഭൂചലനങ്ങൾ
വരൾച്ച, പ്രളയം, മണ്ണൊലിപ്പ്, മലയിടിച്ചിൽ, ഭൂകമ്പം, ആഗോള തിളക്കൽ (Global boiling), കാട്ടുതീ, തത്വദീക്ഷയില്ലാത്ത രാസവള–രാസ കീടനാശിനി കൃഷി, കരിയില ജ്വലനം തുടങ്ങിയവയാണ് പ്രധാനമായും ഭൂമിയെ സംബന്ധിച്ച് വിനാശകാരികൾ. മറ്റുള്ളവ പരോക്ഷമായും ദീർഘകാലാടിസ്ഥാനത്തിലും സാരമായി ബാധിക്കുന്നത്. 2024- ൽ മാത്രം കേരളത്തെ പ്രകമ്പനം കൊള്ളിച്ചത് നാല് ഭൂചലനങ്ങളാണ്.

2013- നും 2023- നുമിടയിൽ മലയിടിച്ചിലുമായി ബന്ധപ്പെട്ട 270 ദുരന്തങ്ങളുണ്ടായിട്ടുണ്ട്. ഏറ്റവും മാരകമായത് 2024 ജനുവരി 30 നുണ്ടായ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലാണ്. 420 പേർ മരിച്ചു, 397 പേർ അപകടത്തിൽപ്പെട്ടു, 118 പേരെ കാണാതായി. കനത്ത മഴയായിരുന്നു കാരണം. പശ്ചിമഘട്ടത്തിൽ പ്രസ്തുതദിനം 204.5 മില്ലിമീറ്ററും (8.05 ഇഞ്ച്) അടുത്ത ഒരു ദിവസം 372.6 മില്ലിമീറ്ററും മഴയാണ് പെയ്തത്. 2018, 2019 പ്രളയങ്ങളുടെയും തുടർന്നുണ്ടായിക്കൊണ്ടിരിക്കുന്ന പേമാരിയുടെയും മേഘസ്ഫോടനത്തിന്റെയും കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുക പ്രധാനം. NITIK Surathkal- ലെ വിദഗ്ധരുടെ സ്വതന്ത്രപഠനമനുസരിച്ച്, മനുഷ്യ ഇടപെടലും തീവ്രമഴയുമാണ് ഉത്തര കർണാടകയിലെ ഷിരൂർ മലയിടിച്ചിലിനും അർജ്ജുൻ അടക്കമുള്ളവരുടെ അപമൃത്യുവിനും കാരണമെന്ന് നിഗമനമുണ്ട്. (ടൈംസ് ഓഫ് ഇന്ത്യ, ബംഗളൂരു, 2025 ഫെബ്രുവരി 4).
സാമൂഹിക നീതി ഉറപ്പാക്കുന്ന
സാമ്പത്തിക വികസനം
പരിസ്ഥിതിയെ ആരോഗ്യരക്ഷകമായി സംരക്ഷിക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളുടെ അനിവാര്യ ചുമതലയാണ്. ജൈവ വൈവിധ്യ പരിപാലന സമിതി (BMS), കാലാവസ്ഥ വ്യതിയാനം- ദുരന്തനിവാരണം- ജൈവവൈവിധ്യം എന്നിവയുമായി ബന്ധപ്പെട്ട് പുതുതായി രൂപീകരിച്ച വർക്കിംഗ് ഗ്രൂപ്പ്, ലോക്കൽ ആക്ഷൻ പ്ലാൻ ഫോർ ക്ലൈമറ്റ് ചേഞ്ച് (LAPCC), ഹരിത പഞ്ചായത്ത്, ലൈസൻസിംഗ്, പെർമിറ്റ് നിയമങ്ങൾ, ഭേദഗതി ചെയ്യപ്പെട്ട മാലിന്യ സംസ്കരണ നിയമങ്ങൾ എല്ലാം അതിനായി പ്രയോജനപ്പെടുത്തണം. കൂടാതെ ഗ്രാമസഭാ അംഗങ്ങളുടെ ഉത്തരവാദിത്വത്തിലും ഭരണഘടനയുടെ 51 A പ്രകാരം ജനങ്ങളുടെ മൗലിക കടമകളിലും പരിസ്ഥിതി സംരക്ഷണം മുഖ്യ അജണ്ടയായി വരണം. അതുകൊണ്ട് ലംഘനം തടയുന്നതോടൊപ്പം തന്നെ അവബോധ സൃഷ്ടിയും അനുപേക്ഷണീയം. ഉപരിതലത്തിലെ ധന്യതകളേ നാം പരിഗണിക്കുന്നുള്ളൂ. മണ്ണിലേയും അതിനടിയിലേയും സൂക്ഷ്മ ജീവികളുടെയും പ്രതലവൈവിധ്യവും വലിയ മുതൽക്കൂട്ടാണ്. അതാണ് സ്ഥാനത്തും അസ്ഥാനത്തുമുള്ള ലാൻ്റ് സ്കേപ്പിംഗ് തുടങ്ങിയ ദുർവൃത്തികളിലൂടെ എന്നന്നേക്കുമായി നഷ്ടമാകുന്നത്. ചൂടേറിയാൽ എട്ടോളം സൂക്ഷ്മജീവികൾ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകുമെന്ന് സൂചന. ഭരണഘടനയിലെ 11–ാം പട്ടികയിൽ രണ്ടാമത്തേത് ഭൂവികസനം, ഭൂപരിഷ്കരണം നടപ്പിലാക്കൽ, ഭൂമിയുടെ ഏകീകരണവും സംരക്ഷണവും, 29–ാമത്തേത് സാമൂഹികസ്വത്തുക്കളുടെ പരിരക്ഷ എന്നിവയാണ്.
ഭൂമിയ്ക്കുണ്ടാകുന്ന ആഘാതങ്ങൾ മാത്രമല്ല, ദുർബല വിഭാഗങ്ങൾക്കുണ്ടാകുന്ന കോട്ടങ്ങൾ കൂടി പരിഗണിക്കപ്പെടേണ്ടതില്ലേ? പഞ്ചായത്ത് രാജിന്റെ അടിയാധാരം സാമൂഹിക നീതിയിലധിഷ്ഠിതമായ സാമ്പത്തിക വികസനമാണ് എന്നുകൂടി ഓർക്കുക.
കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാർത്ഥികൾ രൂപകല്പന ചെയ്ത ജിയോ ഗാർഡിന്റെ സഹായത്തോടെ വയനാട് ജില്ലയിലെ ചെമ്പ്രമലക്കു സമീപമുള്ള അത്തിമലയിലെ ഉരുൾപൊട്ടൽ സാധ്യത പ്രവചിച്ചതുവഴി 30,000 പേരുടെ ജീവനാണ് രക്ഷിക്കാനായത്. മണ്ണിലെ ഈർപ്പനിലയും ചെരിവുകളുടെ സുസ്ഥിരതയുമടക്കം അപഗ്രഥിക്കുകയും ചെയ്തു. വെള്ളം തടസ്സമില്ലാതെ ഒഴുകാനുള്ള ചാലുകൾ ഉണ്ടാക്കിയാണ് അപകടം ഒഴിവാക്കിയത്. നിർമ്മിതബുദ്ധി, റോബോട്ടിക്സ്, നാനോ ടെക്നോളജി തുടങ്ങിയ അത്യന്താധുനിക സാങ്കേതികത പ്രയോജനപ്പെടുത്താനാകും. കെ. ഡിസ്കിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന ‘ഒരു തദ്ദേശഭരണം ഒരു ആശയം’ (OLOI) എന്ന വൈഗയോടനുബന്ധിച്ചും വെള്ളായണി കാർഷിക സർവ്വകലാശാലയിൽ സംഘടിപ്പിച്ച ഹാക്കത്തോണിലും നിരവധി ആശയങ്ങൾ അവതരിപ്പിക്കപ്പെട്ടു. അത്തരം വേദികൾ ഇനിയും സംവാദങ്ങൾക്ക് തുറവിയാകട്ടെ. സംസ്ഥാനത്തിെൻ്റ സംയോജിത ദുരന്തനിവാരണ സംവിധാനമായ ‘കവച്’ അനുമോദനാർഹമാണ്.
ശതകോടീശ്വരോടൊപ്പം ഇന്ത്യയിലും ദരിദ്രർ പെരുകുകയാണ്. സംസ്ഥാനത്തിന്റെ സ്ഥിതി നമുക്കറിയാം. ബൃഹദ് പദ്ധതികൾക്ക് പരിസ്ഥിതി ആഘാത റിപ്പോർട്ട് അനിവാര്യമാണ്. വൻ പ്രൊജക്റ്റുകൾക്ക് മുൻപും പിൻപുമുള്ള പഠനങ്ങൾ, നേട്ട–കോട്ട അപഗ്രഥനം എന്നിവ ഭാവി പരിപാടികൾ മെച്ചപ്പെടുത്താൻ വളരെ ഉപകാരപ്രദമാകും. കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ചൂണ്ടിക്കാട്ടുന്നത്, കേരളത്തിൽ എൻ.എച്ച്. 66 ഒരു കിലോമീറ്റർ റോഡ് നിർമ്മാണത്തിൽ 91 കോടി രൂപ വേണമെന്നാണ്. ഭൂമിയ്ക്കുണ്ടാകുന്ന ആഘാതങ്ങൾ മാത്രമല്ല, ദുർബല വിഭാഗങ്ങൾക്കുണ്ടാകുന്ന കോട്ടങ്ങൾ കൂടി പരിഗണിക്കപ്പെടേണ്ടതില്ലേ? പഞ്ചായത്ത് രാജിന്റെ അടിയാധാരം സാമൂഹിക നീതിയിലധിഷ്ഠിതമായ സാമ്പത്തിക വികസനമാണ് എന്നുകൂടി ഓർക്കുക.

▮
റഫറൻസ്:
1.നവകേരളത്തിനായി ഗ്രാമപഞ്ചായത്തുകൾ – പൊതുഭരണം – കില, ഡിസംബർ 2020.
2.കാർഷിക ജൈവവൈവിധ്യ പാഠശാല, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, 2021.
3.തദ്ദേശ സ്വയംഭരണ സ്ഥാപന ദുരന്ത നിവാരണ പദ്ധതി, KILA, കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ഡിസംബർ 2019.
4.ജില്ലാ പദ്ധതി, ജില്ല ആസൂത്രണ സമിതി, തൃശൂർ.
5.നഗരവല്ക്കരണവും കാലാവസ്ഥാ വ്യതിയാനവും കത്തിച്ച കാലിഫോർണിയ, കേരളീയം വെബ് മാഗസിൻ, 14.1.2025.
6.ഒരേ ഭൂമി ഒരേ ജീവൻ മാസിക, ജനുവരി- 2025.
7.മാതൃഭൂമി പത്രം, 24.1.2025 (ഭാവി വാർത്ത).
8.വി.കെ. ശ്രീധരൻ, വ്യതിചലിക്കപ്പെട്ട കാലാവസ്ഥയും വേനലിന്റെ വേപഥുവും – വിജ്ഞാനകൈരളി, ജൂൺ 2024.
9.https:times of india.indiantimes.com/city- Published in National Research by Sreevalsa Kolathayar, Dept of civil engineering, Pruthviraj U., Dept of water resource and ocean engineering and research scholars Priyajit Kundu and Varun Menon.
