പരിഷത്തിന്റെ സിൽവർ ലൈൻ റിപ്പോർട്ട്
മറിച്ചുപോലും നോക്കാൻ മടിക്കുന്നതെന്ത്?

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു വികസനപദ്ധതിയെ സംബന്ധിച്ച പഠനമാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുറത്തിറക്കിയ, സിൽവർലൈൻ പദ്ധതിയെക്കുറിച്ചുള്ള പഠന റിപ്പോർട്ട്. എന്നാൽ, റിപ്പോർട്ട് പ്രസിദ്ധീകരിച്ചപ്പോൾത്തന്നെ, ഉള്ളടക്കം മറിച്ചുനോക്കാതെ, 'പഠനം തട്ടിപ്പാണ്, ശാസ്ത്രീയമല്ല' തുടങ്ങിയ വാദങ്ങളോടെ അവഗണിക്കാനും തമസ്കരിക്കാനും ശ്രമങ്ങൾ നടക്കുകയാണ്. മുൻ പരിഷത്തുകാരും 'പരിഷത്ത് സഹയാത്രികരും' അടങ്ങുന്ന വിമർശകർ 'പരിഷത്തിനെ മെച്ചപ്പെടുത്തുവാനുള്ള ആരോഗ്യകരമായ വിമർശനമെന്ന' മട്ടിൽ നടത്തിവരുന്ന സംഘടിതമായ ഈ ഇടപെടൽകൊണ്ട് പരിഷത്ത് സംഘടനതന്നെ കുറെയൊക്കെ പ്രതിരോധത്തിലായെന്നത് അവിതർക്കിതമാണ്- ഡോ. വി.എൻ. ജയചന്ദ്രൻ എഴുതുന്നു.

ജ്ഞാനസമൂഹ നിർമിതിയിലൂടെയാണ് കേരളത്തിന്റെ തുടർവികാസമെന്ന് വിവക്ഷിക്കപ്പെടുന്നുണ്ടല്ലോ. ലളിതമായി പറഞ്ഞാൽ, കാര്യങ്ങളെ സാമാന്യമായി അറിഞ്ഞും ബോധ്യപ്പെട്ടും വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും വ്യവഹരിക്കാൻ മനുഷ്യർ പ്രാപ്തി നേടുന്ന പ്രക്രിയയാണ് ജ്ഞാനസമൂഹ നിർമിതിയെന്നു കരുതാം. ജ്ഞാനോല്പാദനവും അതിന്റെ വ്യാപനവും പ്രയോഗവും അവിടെ നിരന്തരമായി നടക്കും.

സംവാദാത്മകതയും ജനാധിപത്യബോധവും കൊണ്ട് വളക്കൂറ് നേടുന്ന മണ്ണിൽ മാത്രമേ ജ്ഞാനസമൂഹം തളിരിടുകയും വളരുകയുമുള്ളൂ. സംവാദാത്മകതയെയും ജനാധിപത്യത്തെയും പരിപാടിപരമായിത്തന്നെ അട്ടിമറിക്കുന്ന ഒരു ദേശീയ ഭരണവ്യവസ്ഥ നിലനിൽക്കുമ്പോൾ ജ്ഞാനസമൂഹനിർമിതിക്ക് മികച്ച രാഷ്ട്രീയമാനം കൂടി കൈവരുന്നുണ്ട്. തങ്ങൾക്ക് അനിഷ്ടകരമായ ഒന്നും പഠിക്കേണ്ട, പഠിപ്പിക്കേണ്ട, അറിയുകയും വേണ്ട എന്ന നിലയായിട്ടുണ്ട്. ജനാധിപത്യവിരുദ്ധതയുടെയും അറിവിന്റെ തമസ്കരണത്തിന്റെയും പ്രഭവസ്ഥലങ്ങൾ ഫാഷിസ്റ്റ് കേന്ദ്രങ്ങളാണെങ്കിലും, ആ രീതികൾ പ്രതിരോധപ്രസ്ഥാനസംഘങ്ങളിലേക്കും വ്യക്തികളിലേക്കും അരിച്ചിറങ്ങാം.

അടുത്തകാലത്തായി കേരളത്തിന്റെ പൊതുസംവാദമണ്ഡലത്തിൽ പ്രകടമായിട്ടുള്ള ചില പ്രവണതകൾ തീർത്തും ആശങ്കാജനകമാണ്. തങ്ങളോട് വിയോജിക്കുന്ന നിലപാടുകളെയും പഠനങ്ങളെയും വ്യക്തികളെയും തമസ്കരിക്കാനും അരികുവൽക്കരിക്കാനും ആരോഗ്യകരമായ സംവാദത്തിന്റെ സാധ്യത അടക്കാനുമുള്ള ശ്രമങ്ങൾ ആപൽക്കരമായിട്ടുണ്ട്. നിർദ്ദിഷ്ട സിൽവർലൈൻ അർദ്ധ അതിവേഗ റെയിൽപദ്ധതിയുടെ പാരിസ്ഥിതിക, സാമൂഹ്യാഘാതങ്ങളെക്കുറിച്ച് കേരള ശാസ്തസാഹിത്യ പരിഷത്ത് നടത്തിയ പഠനത്തിനെതിരെ ഒരു വിഭാഗം 'സംവാദകർ' നടത്തിവരുന്ന 'വിമർശനം' ഈ പ്രവണതയുടെ ഉത്തമ ദൃഷ്ടാന്തമാണ്.

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു വികസനപദ്ധതിയെ സംബന്ധിച്ച പഠനമാണിത് (PDF). ഒരുപക്ഷെ, കേരളത്തിൽ ജനപങ്കാളിത്തത്തോടെ നടന്ന പഠനങ്ങളിൽ ഏറ്റവും ബൃഹത്തായത്. പദ്ധതിപ്രവർത്തനം തുടങ്ങിവെച്ച കമ്പനിയോ അല്ലെങ്കിൽ സർക്കാർ സ്വകാര്യ ഏജൻസികളോ സമഗ്രമായ പാരിസ്ഥിതികാഘാതപഠനം (EIA) നടത്തിയിരുന്നില്ല.

ഒരുപക്ഷെ, കേരളത്തിൽ ജനപങ്കാളിത്തത്തോടെ നടന്ന പഠനങ്ങളിൽ ഏറ്റവും ബൃഹത്തായ ഒന്നാണ് ശാസ്ത്രസാഹിത്യപരിഷത്തിന്റെ സിൽവർ ലൈൻ റിപ്പോർട്ട്.
ഒരുപക്ഷെ, കേരളത്തിൽ ജനപങ്കാളിത്തത്തോടെ നടന്ന പഠനങ്ങളിൽ ഏറ്റവും ബൃഹത്തായ ഒന്നാണ് ശാസ്ത്രസാഹിത്യപരിഷത്തിന്റെ സിൽവർ ലൈൻ റിപ്പോർട്ട്.

യഥാർത്ഥത്തിൽ, പരിഷത്തിന്റെ പഠനം ഈ ശൂന്യതയാണ് നികത്തിയത്. പരിസ്ഥിതി, തീരമേഖല, വനം, ഭൂവിജ്ഞാനീയം, കൃഷി, സസ്യശാസ്‌ത്രം, ജലവിഭവം, സാമ്പത്തികശാസ്ത്രം തുടങ്ങിയ മേഖലയിലെ വിദഗ്ധർ നയിച്ച പഠനപരിപാടിയുടെ പ്രാഥമികവിവരശേഖരണത്തിൽ വിവിധ ജില്ലകളിലെ 1000- ലധികം പ്രവർത്തകർ പങ്കെടുത്തു. ആവശ്യമായ ഘട്ടങ്ങളിൽ പഠനസംഘത്തിനു പുറമെയുള്ള വിദഗ്ധരുടെ അഭിപ്രയങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കപ്പെട്ടു. അവസാനം പഠനറിപ്പോർട്ട് പുറമെനിന്നുള്ള വിദഗ്ധരുടെയും പരിഷത്തിന്റെ നയരൂപീകരണസമിതിയുടെയും പരിശോധനക്കും വിധേയമായി. ഇതിനായി ഏതെങ്കിലും ഏജൻസികളിൽനിന്നോ പൊതുജനങ്ങളിൽനിന്നോ ഫണ്ട് ശേഖരിച്ചിട്ടില്ലെന്ന് അറിയുന്നു. പൂർണ്ണമായും സന്നദ്ധപ്രവർത്തനം. ജനകീയപഠനമെന്ന നിലയിൽ അത് പരിഷത്തിന് മാത്രല്ല, സമൂഹത്തിനു ഒന്നാകെ അഭിമാനകരമാണ്. ആ അർത്ഥത്തിൽ റിപ്പോർട്ട് മനസ്സിലാക്കുവാനും ജനാധിപത്യപരമായ നിലയിൽ വിമർശനബുദ്ധിയോടെ സമീപിക്കുവാനും എല്ലാവർക്കും അവകാശം മാത്രമല്ല, കടമയുമുണ്ട്. കേരളം ജ്ഞാനസമൂഹനിർമിതിയുടെ പാതയിലാണെങ്കിൽ ആ കടമ മുൻവിധിയില്ലാതെ നിർവ്വഹിക്കുവാൻ ജനങ്ങൾക്ക് കഴിയണം.

എന്നാൽ, റിപ്പോർട്ട് പ്രസിദ്ധീകരിച്ചപ്പോൾത്തന്നെ, ഉള്ളടക്കം മറിച്ചുനോക്കാതെ, ‘പഠനം ഒരു തട്ടിപ്പാണ്, കേരളത്തെ അപമാനിക്കാനാണ്, ശാസ്ത്രീയമല്ല’ തുടങ്ങിയ വാദങ്ങളോടെ റിപ്പോർട്ടിനെ അവഗണിക്കാനും തമസ്കരിക്കാനും ആഹ്വാനം ചെയ്യുന്ന രീതി അവലംബിക്കുന്നവരിൽ പലരും ജ്ഞാനസമൂഹനിർമിതിയുടെ പ്രയോക്താക്കൾതന്നെയാണെന്നത് ഏറെ കൗതുകകരവും നിരാശാജനകവുമാണ്.

പരിഷത്തിന്റെ സിൽവർ ലൈൻ പഠന റിപ്പോർട്ടിൽനിന്ന്
പരിഷത്തിന്റെ സിൽവർ ലൈൻ പഠന റിപ്പോർട്ടിൽനിന്ന്

ഒരർത്ഥത്തിൽ, ഇക്കാര്യത്തിൽ അമ്പരപ്പ് തോന്നേണ്ടതില്ല. പദ്ധതി അവതരിപ്പിച്ച ഘട്ടത്തിൽ ലഭ്യമായ വിവരത്തിന്റെയും ചർച്ചകളുടെയും അടിസ്ഥാനത്തിൽ പരിഷത്ത് പൊതുനിലപാടിൽ എത്തിയപ്പോഴും അത് സംബന്ധിച്ച് ലഘുലേഖ പ്രസിദ്ധീകരിച്ചപ്പോഴും തുടർന്ന് ഈ പഠനം ഏറ്റെടുക്കാൻ തീരുമാനിച്ചപ്പോഴും പഠനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടപ്പോഴുമെല്ലാം ‘പരിഷത്ത് കേരളദ്രോഹ നടപടികളെടുക്കുന്നു’, 'ഫാഷിസത്തിന് കുഴലൂത്ത് നടത്തുന്നു' തുടങ്ങിയ വാദങ്ങൾ നിരത്തി അരികുവൽക്കരിക്കാൻ നടന്ന ശ്രമങ്ങളുടെ ഒരു തുടർച്ച മാത്രമാണിത്.

സമ്മർദ്ദങ്ങളെ അതിജീവിച്ച് സംഘടനയുടെ അടിസ്ഥാന കാഴ്ചപ്പാടുകളെയും വിവിധ പ്രശ്നങ്ങളിലെടുക്കുന്ന നിലപാടുകളെയും പൊതുമണ്ഡലത്തിൽ സധൈര്യം ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്നത് ചുരുക്കം പേർ മാത്രമാണ്.

മുൻ പരിഷത്തുകാരും ‘പരിഷത്ത് സഹയാത്രികരും’ അടങ്ങുന്ന ഈ വിമർശകർ ‘പരിഷത്തിനെ മെച്ചപ്പെടുത്തുവാനുള്ള ആരോഗ്യകരമായ വിമർശനമെന്ന’ മട്ടിൽ നടത്തിവരുന്ന സംഘടിതമായ ഈ ഇടപെടൽകൊണ്ട് പരിഷത്ത് സംഘടനതന്നെ കുറെയൊക്കെ പ്രതിരോധത്തിലായെന്നത് അവിതർക്കിതമാണ്.

ഈ സമ്മർദ്ദങ്ങളെ അതിജീവിച്ച് സംഘടനയുടെ അടിസ്ഥാന കാഴ്ചപ്പാടുകളെയും വിവിധ പ്രശ്നങ്ങളിലെടുക്കുന്ന നിലപാടുകളെയും പൊതുമണ്ഡലത്തിൽ സധൈര്യം ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്നത് ചുരുക്കം പേർ മാത്രമാണ്. അവരെ ' പരിഷത്തിന്റെ അന്തകരെ’ന്നും ‘വഴിതെറ്റിക്കുന്നവരെ’ന്നും ആക്ഷേപിച്ച് നിശ്ശബ്ദരാക്കുന്ന രീതിയും അവലംബിക്കുന്നുണ്ട്. വിയോജിപ്പുകളെയോ ആത്മവിമർശനത്തെപ്പോലുമോ വെച്ചുപൊറുപ്പിക്കാത്ത ഫാഷിസ്റ്റ് രീതിശാസ്ത്രത്തിന്റെ അനുരണനങ്ങൾ ഫാഷിസ്റ്റ് വിരുദ്ധ ക്യാമ്പുകളിലും അരിച്ചിറങ്ങുന്നത് ആപത്കരമാണ്.

കെ-റെയിൽ സർവേക്കല്ലിൽ പ്രതിഷേധസൂചകമായി നാട്ടുകാർ റീത്ത് വച്ചപ്പോൾ
കെ-റെയിൽ സർവേക്കല്ലിൽ പ്രതിഷേധസൂചകമായി നാട്ടുകാർ റീത്ത് വച്ചപ്പോൾ

പഠനറിപ്പോർട്ടിനെ ശാസ്ത്രീയമായി സമീപിക്കുന്നതിനു പകരം പരസ്പരവിരുദ്ധവും വസ്തുതാവിരുദ്ധവും പലപ്പോഴായി ചർച്ച ചെയ്തിട്ടുള്ളതുമായ വാദങ്ങളെ ആവർത്തിക്കുന്ന ഈ വിമർശകർ ആരോഗ്യകരമായ സംവാദത്തെ ഒഴിവാക്കുകയാണെന്ന് കരുതേണ്ടിവരുന്നു.

സിൽവർലൈൻ കേരളത്തിന്റെ വികസന അജണ്ടയിലെ മുൻഗണനയല്ല എന്ന നിലപാടിൽ പരിഷത്ത് ആദ്യമേ എത്തിയതിനു ശേഷമാണ് പഠനം നടത്തിയതെന്നും പിന്നീട് അതിനൊപ്പിച്ച് റിപ്പോർട്ട് തട്ടിക്കൂട്ടിയെന്നുമാണ് മുഖ്യവാദം. പരിഷത്ത് സിൽവർലൈൻപദ്ധതിയെ സംബന്ധിച്ച് പൊതുനിലപാട് രൂപപ്പെടുത്തിയത് ഈ പഠനത്തിന്റെ വെളിച്ചത്തിലല്ല, അതിന് ഏറെ മുൻപുതന്നെയാണ്.

ശാസ്ത്രസാഹിത്യപരിഷത്തിൽ ഇപ്പോൾ 'ശാസ്ത്രമില്ല' എന്ന അഭിപ്രായം പുലർത്തുന്നവരാണ് അശാസ്ത്രീയമായ രീതി അവലംബിക്കുന്നതെന്നത് മറ്റൊരു കൗതുകം.

പദ്ധതിയുടെ റാപ്പിഡ് ഇ ഐ എ (Rapid EIA) യുടെയും കെ റെയിൽ അധികൃതർ പൊതുമണ്ഡലത്തിൽ നൽകുന്ന വിവരങ്ങളുടെയും (ആ സമയത്ത് വിശദപദ്ധതിരേഖ- ഡി പി ആർ) പ്രസിദ്ധീകരിക്കാനോ വിവരവകാശത്തിൽ ആവശ്യപ്പെട്ടാൽപോലും നൽകാനോ കമ്പനി തയ്യാറായിരുന്നില്ല) വിശകലനം, പരിഷത്തിന്റെ ആഭിമുഖ്യത്തിലും പൊതുമണ്ഢലത്തിലും ബന്ധപ്പെട്ട വിദഗ്ധരും കെ റെയിൽ പ്രതിനിധികളും അടക്കം പങ്കെടുത്ത് നടന്ന ചർച്ചകൾ, സംവാദങ്ങൾ, പരിഷത്തിനുള്ളിലെ ചർച്ചകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് അടിസ്ഥാന നിലപാട് രൂപപ്പെടുത്തിയത്. പൊതുഗതാഗതത്തെ സംബന്ധിച്ച പരിഷത്തിന്റെ അടിസ്ഥാനനയം, പദ്ധതിയുടെ സാമ്പത്തികം, സാങ്കേതികം അടക്കമുള്ള വശങ്ങൾ എന്നിവ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിലപാടിലെത്തിയത്. അത് ലഘുലേഖയായി 2021- ൽത്തന്നെ പ്രസിദ്ധീകരിച്ചിരുന്നു (PDF).

പൊതുഗതാഗതത്തെ സംബന്ധിച്ച പരിഷത്തിന്റെ അടിസ്ഥാനനയവും കെ-റെയിലിനോടുള്ള നിലപാടും സംബന്ധിച്ച ലഘുലേഖ.
പൊതുഗതാഗതത്തെ സംബന്ധിച്ച പരിഷത്തിന്റെ അടിസ്ഥാനനയവും കെ-റെയിലിനോടുള്ള നിലപാടും സംബന്ധിച്ച ലഘുലേഖ.

എന്നാൽ, സമഗ്രമായ പരിസ്ഥിതികാഘാതപഠനം (Comprehensive EIA) കെ റെയിൽ നടത്തിയിരുന്നില്ല. റാപിഡ് ഇ ഐ എക്കപ്പുറം പാരിസ്ഥിതിക സാമൂഹ്യ ആഘാതങ്ങളെക്കുറിച്ച് കമ്പനിയുടെ കൈയിലോ സർക്കാർവശമോ കാര്യമായ വിവരങ്ങളില്ലായിരുന്നു. സംസ്ഥാനമാകട്ടെ, ഏറെ ദുർബലമായ ഭൂപ്രദേശമാണുതാനും. പദ്ധതിയുടെ പാരിസ്ഥിതിക ആഘാതത്തെ സംബന്ധിച്ച് അന്ന് നടന്നിരുന്ന ആത്മനിഷ്ഠമായിയിരുന്നു. ചിലർ ആഘാതങ്ങളെ ഊതിവീർപ്പിക്കും, മറ്റ് ചിലർ ഒരു കുഴപ്പവുമില്ലെന്ന് പ്രസ്താവിക്കും. പരിഷത്തെന്നല്ല, ആര് വിചാരിച്ചാലും പാരിസ്ഥിതികവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങളെ വിശകലനം ചെയ്യാൻ കഴിയാത്ത അവസ്ഥയായിരുന്നു. നിയമപരമായ ബാധ്യതയില്ലെന്ന ന്യായത്തിൽ സമഗ്ര ഇ ഐ എ വേണ്ടെന്ന വാദവും പ്രബലമായി.

പരിഷത്തിന്റെ സിൽവർലൈൻ-നിലപാടിനെതിരെ നടന്ന പ്രചാരണം സംഘടനയെ ഏതാണ്ട് പ്രതിരോധത്തിലാക്കി. പൊതുസംവാദത്തെ ഗുണകരവും നിർണ്ണായകവുമായി സ്വാധീനിച്ച നിലപാടുകൾ ഉച്ചത്തിൽ പറയാൻ മുൻനിരപ്രവർത്തകരിൽത്തന്നെ ഗണ്യമായൊരു വിഭാഗം മടിച്ചു.

ഇപ്പോൾ പരിഷത്തിൽ 'അശാസ്ത്രീയത' കണ്ടെത്തുന്നവർ മിക്കവാറും ആ വാദത്തെ പങ്കുവെക്കുന്നവരായിരുന്നു. സമഗ്ര ഇ ഐ എ കൂടാതെ ഇതുപോലൊരു പദ്ധതി നടപ്പാക്കുന്നത് പരിഷ്കൃതസമൂഹത്തിന് ഭൂഷണമല്ല. ഈ ഉൽക്കണ്ഠ പരിഷത്തിന്റെ ലഘുലേഖയിലും പ്രകടിപ്പിച്ചിരുന്നു. ആ കുറവ് നികത്തുന്നതിനുവേണ്ടിയാണ് പരിഷത്ത് സ്വന്തംനിലയിൽ ബന്ധപ്പെട്ട മേഖലകളിലെ വിദഗ്ധരുടെ നേതൃത്വത്തിൽ ബൃഹത്തായ പാരിസ്ഥിതിക, സാമൂഹ്യ ആഘാതപഠനം നടത്തിയത്. അതായത്, സാമ്പത്തികം, സാങ്കേതികം തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുമ്പോൾത്തന്നെ ഈ പദ്ധതി മുൻഗണനയായി വരുന്നില്ലെന്ന് നേരത്തെതന്നെ ബോധ്യമായിരുന്നു.

നിർദിഷ്ട കെ. റെയിലിന്റെ റൂട്ട് മാപ്പ്, പരിഷത്ത് റിപ്പോർട്ടിൽ നിന്ന്
നിർദിഷ്ട കെ. റെയിലിന്റെ റൂട്ട് മാപ്പ്, പരിഷത്ത് റിപ്പോർട്ടിൽ നിന്ന്

അത് സ്ഥിരീകരിക്കുവാനോ ടെസ്റ്റ് ചെയ്യാനോ ആയിരുന്നില്ല ഈ പഠനം. ഇത് പാരിസ്ഥിതിക,സാമൂഹ്യ ആഘാതങ്ങൾ മനസ്സിലാക്കാൻ വേണ്ടിമാത്രമായിരുന്നു. അതുകൂടി ചേരുമ്പോൾ പരിഷത്തിന്റെ നിലപാട് കൂടുതൽ സമഗ്രമായെന്ന് മാത്രം. അല്ലാതെ, മുൻവിധിയോടെ കണ്ടെത്തൽ നടത്തുക, അതിനൊപ്പിച്ച് റിപ്പോർട്ട് എഴുതുന്ന രീതിയല്ല അവലംബിച്ചത്. പഠനം വസ്തുനിഷ്ഠവും ശാസ്ത്രീയവുമാണ്. മറ്റേതൊരു പഠനത്തെയും പോലെ അതിന്റെ രീതിശാസ്ത്രം, വിശകലനം, കണ്ടെത്തൽ എന്നിവയെ സംബന്ധച്ച് നിശിതമായ പരിശോധനയും വിമർശനവും വേണം താനും.

'പരിസ്ഥിതി സൗഹൃദമായ' പദ്ധതിയെ പരിഷത്ത് അനുകൂലിക്കുന്നില്ല, കല്ലുപയോഗിച്ച് വീട് വെക്കുകയും കാർബൺ പുറന്തള്ളുകയും ചെയ്യുന്ന കാറിലും വിമാനത്തിലുമൊക്കെ യാത്ര ചെയ്യുന്ന പരിഷത്തുകാരടക്കമുള്ളവർ സിൽവർലൈൻ പദ്ധതിയുടെ പാരിസ്ഥിതികാഘാതത്തെക്കുറിച്ച് സംസാരിക്കുന്നത് കാപട്യമാണ്, 'ചെറുതാണ് മനോഹരം' എന്ന കാലഹരണപ്പെട്ട സിന്താന്തത്തിൽ വിശ്വസിക്കുന്ന പരിഷത്തിന് മധ്യവർഗ്ഗത്തിന്റെ താൽപ്പര്യങ്ങളെ മാനിക്കാൻ കഴിയുന്നില്ല തുടങ്ങിയ വിതണ്ഡവാദങ്ങൾ കാലങ്ങളായി ഉയർത്തുന്നുണ്ട്.

കെ റെയിലിന് കണക്കാക്കുന്ന ചെലവ്, പരിഷത്ത് പഠന റിപ്പോർട്ടിൽനിന്ന്
കെ റെയിലിന് കണക്കാക്കുന്ന ചെലവ്, പരിഷത്ത് പഠന റിപ്പോർട്ടിൽനിന്ന്

ശാസ്ത്രസാഹിത്യപരിഷത്തിൽ ഇപ്പോൾ 'ശാസ്ത്രമില്ല' എന്ന അഭിപ്രായം പുലർത്തുന്നവരാണ് അശാസ്ത്രീയമായ ഈ രീതി അവലംബിക്കുന്നതെന്നത് മറ്റൊരു കൗതുകം. ഡി പി ആർ പൊതുജനത്തിന് നൽകാതെയും കേരളം പോലെ ദുർബലമായ ഒരു ഭൂപ്രദേശത്ത് സമഗ്ര പാരിസ്ഥിതികാഘാതപഠനം ഒഴിവാക്കിയും സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസനപദ്ധതിയുടെ പ്രവർത്തനം തുടങ്ങിയതിൽ തരിമ്പും അശാസ്ത്രീയതയോ, ജനാധിപത്യവിരുദ്ധതയോ, അനൗചിത്യമോ ദർശിക്കാത്ത വിമർശകരാണ് പരിഷത്ത്-പഠനത്തിൽ കമ്പോടു കമ്പ് പ്രശ്ങ്ങൾ കണ്ടെത്തുന്നത്.

കേരളത്തിന്റെ നേട്ടങ്ങളെ ഉയർത്തിപ്പിടിച്ചും തുടർവികാസത്തിന് തടസമായ ദൗർബല്യങ്ങളെ ചൂണ്ടിക്കാട്ടിയും കഴിഞ്ഞവർഷം പരിഷത്ത് നടത്തിയ കേരള പദയാത്രക്കെതിരെയും സമാനമായ ദുഷ്പ്രപ്രചാരണം നടന്നിരുന്നു. സംസ്ഥാനത്തെയും ഇടതുപക്ഷത്തേയും ഇകഴ്ത്തിക്കാട്ടാനാണ് ജാഥ ശ്രമിക്കുന്നതെന്ന വാദത്തെ ഇടതുപക്ഷ നേതാക്കൾതന്നെ തള്ളിക്കളഞ്ഞു. അന്ന്, പരിഷത്ത് പ്രവർത്തകർ മിക്കവാറും ജാഥയുടെ ഉള്ളടക്കത്തെ ഏറ്റെടുത്തിരുന്നു. വലിയ പൊതുജനപങ്കാളിത്തവുമുണ്ടായി.

എന്നാൽ, പരിഷത്തിന്റെ സിൽവർലൈൻ-നിലപാടിനെതിരെ നടന്ന പ്രചാരണം സംഘടനയെ ഏതാണ്ട് പ്രതിരോധത്തിലാക്കി. പൊതുസംവാദത്തെ ഗുണകരവും നിർണ്ണായകവുമായി സ്വാധീനിച്ച നിലപാടുകൾ ഉച്ചത്തിൽ പറയാൻ മുൻനിരപ്രവർത്തകരിൽത്തന്നെ ഗണ്യമായൊരു വിഭാഗം മടിച്ചു. ഈ അവസരത്തിൽ പ്രവർത്തകരിൽ വ്യാപകമായി ആശയക്കുഴപ്പമുണ്ടാക്കാൻ 'പരിഷത്ത് -വിമർശകർക്ക്' കഴിഞ്ഞു.

നിസ്സംഗതയുടെയും സമരസപ്പെടലിന്റെയും മൂടുപടം എടുത്തണിയാൻ 'പാരിഷിത്തികത' (വിനയം, ജനാധിപത്യമര്യാദ, പരസ്പരവിശ്വാസം തുടങ്ങി പരിഷത്ത് പ്രവർത്തകർക്കുണ്ടാകേണ്ടതെന്ന് കാലാകാലങ്ങളായി കരുതിവരുന്ന ഗുണവിശേഷങ്ങൾ) ഒരു സൗകര്യമായി പലർക്കും മാറി. താൽക്കാലികമായി അണിയുന്ന മൂടുപടം പിന്നെ പിന്നെ ഒരു ശീലമായി മാറാം. അചിരേണ, മൂടുപടത്തിന്റെ ആവശ്യമില്ലാതാകും. നിസ്സംഗതയും,സമരസപ്പെടലും മരവിപ്പും സ്ഥായിഭാവമായി മാറും. ആ മരവിപ്പ് സംഘടനശരീരത്തിലേക്ക് അരിച്ചിറങ്ങും. പ്രത്യാശയോടെ ഈ ലേഖനം അവസാനിപ്പിക്കുന്നു.

Comments