പ്രേമസുരഭിലമായ ഒരു വർഷം

‘‘മരണത്തിൽനിന്ന് രക്ഷപ്പെട്ട ഒരു മനുഷ്യൻ ജീവിതത്തെ എത്ര ആർത്തിയോടെ കാണും എന്ന് സങ്കൽപ്പിച്ചിട്ടുണ്ടോ? ഹെലർ കെല്ലറിന്റെ ‘ത്രീ ഡേയ്സ് ടു സീ' യലേതു പോലെ സങ്കൽപങ്ങളിൽ 365 ദിവസങ്ങൾ ലഭിച്ചാൽ നമ്മൾ എന്തൊക്കെ ചെയ്യുമോ അതെല്ലാം വല്ലാത്ത ഒരുതരം ആസക്തിയോടെ ചെയ്തു തീർത്ത ഒരു വർഷം’- ജീവിതത്തിൽനിന്ന് ഒരു വർഷം കൂടി അടർന്നുപോകുമ്പോൾ, അത് ജീവിതത്തിൽ പലതും ബാക്കിയാക്കും. 2022 അവശേഷിപ്പിച്ചുപോയ അത്തരം അനുഭവങ്ങൾ വീണ്ടെടുക്കപ്പെടുകയാണിവിടെ. പലതരം ജീവിതങ്ങളുടെ വക്കിൽനിന്ന് കീറിയെടുത്ത, ചോരപ്പാടുള്ള ഏടുകൾ. ദേവിക എം.എ.​​ എഴുതുന്നു.

2022 നെ ആനന്ദത്തിന്റെ, അതിജീവനത്തിന്റെ വർഷമെന്ന് അടയാളപ്പെടുത്താം. ചിലപ്പോൾ ഓർക്കും, ജീവിതത്തിൽ ഏറ്റവും പേടിപ്പെടുത്തിയ പലതും പിൽക്കാലത്ത് എങ്ങനെയൊക്കെയോ നമ്മളെ സ്വാധീനിച്ചിട്ടോ സാന്ത്വനിപ്പിച്ചിട്ടോ ഉണ്ടെന്ന്.

കോവിഡുകാലത്ത് കടന്നുപോയ കടുത്ത മാനസിക സംഘർഷങ്ങളെ, ആകുലതകളെ, അങ്കലാപ്പുകളെ , അനശ്ചിതത്വങ്ങളെ പൂർവ്വാധികം ആനന്ദത്തോടെ അതിജീവിച്ച ഒരു വർഷമാണ് ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട 2022. മരണത്തിൽനിന്ന് രക്ഷപ്പെട്ട ഒരു മനുഷ്യൻ ജീവിതത്തെ എത്ര ആർത്തിയോടെ കാണും എന്ന് സങ്കൽപ്പിച്ചിട്ടുണ്ടോ ? ഹെലർ കെല്ലറിന്റെ "ത്രീ ഡേയ്സ് ടു സീ' യലേതു പോലെ സങ്കൽപങ്ങളിൽ 365 ദിവസങ്ങൾ ലഭിച്ചാൽ നമ്മൾ എന്തൊക്കെ ചെയ്യുമോ അതെല്ലാം വല്ലാത്ത ഒരുതരം ആസക്തിയോടെ ചെയ്തു തീർത്ത ഒരു വർഷം.

മുൻപിലുള്ള ഓരോ മുഖങ്ങളെയും നവജാതശിശുവിനെയെന്നപോലെ സ്നേഹിക്കാനാകുന്ന പോലെ. ഫാമിലിക്കൊപ്പം ഏറ്റവും സമാധാനപരമായി സമയം ചെലവിടാനാകുന്നതുപോലെ. നമ്മൾ നിലനിൽക്കുന്ന എല്ലാ സ്പേസുകളിലും കഴിയാവുന്നത്ര പൊളിറ്റിക്കലി കറക്ടായി തുടരാൻ ശ്രമിക്കുന്ന പോലെ. എന്തിനോടെല്ലാമോ യുദ്ധം ചെയ്ത് കലഹിച്ച് കളഞ്ഞിരുന്ന സമയത്തെ ക്വാളിറ്റിയോടെ കുറച്ചൊക്കെ സെൽഫിഷായി ഉപയോഗിക്കാൻ തുടങ്ങിയ പോലെ...

ഒരു പക്ഷേ ഇനിയങ്ങോട്ട് എല്ലാ വർഷവും കഴിയാവുന്നത്ര പൂർണതയോടെ ചുറ്റുമുള്ളതിനെയെല്ലാം ആസ്വദിച്ച് ജീവിക്കാൻ എനിക്ക് സാധിച്ചേക്കും എന്ന് ബോധ്യപ്പെടുത്തിയ 12 മാസങ്ങൾ കൂടിയാണിത്.

ചെറുതും വലുതുമായ ഒരുപാട് യാത്രകൾ ചെയ്ത വർഷം. പുതിയ വഴികളിലൂടെ, ആരും തേടിപ്പോകാത്ത കുഞ്ഞു സ്ഥലങ്ങളിലൂടെ, ചെലവുകളില്ലാതെ ചുറ്റിനുമുള്ള ഭംഗിയുള്ള കാഴ്ചകൾ കണ്ട്, ഒരു ചുവന്ന സ്കൂട്ടറിൽ ഞങ്ങൾ രാപ്പകൽ അലഞ്ഞുനടന്ന ദിവസങ്ങൾ. വീടും നാടും വിട്ട് ഒരു രാത്രി പോലും മാറി നിൽക്കാത്ത ഒരു അച്ഛനെയും അമ്മയേയും യാത്രയുടെ ലഹരിയാസ്വദിക്കാൻ , "വാ നമുക്ക് എവിടെയെങ്കിലും പോകാം' എന്നുപറയാൻ സന്നദ്ധരാക്കിയ സംതൃപ്തിയുടെ വർഷം.

സൂക്ഷ്മമായും അലസമായും ഒത്തിരി പുസ്തകങ്ങൾ വായിച്ച വർഷം. എന്തെങ്കിലും എഴുതിയാൽ മതി എന്ന് കരുതിയിടത്തു നിന്ന്​ ഇനി എഴുതുന്നതിൽ എന്തെങ്കിലുമുണ്ടാവണമെന്ന് നിർബന്ധമുണ്ടായ വർഷം.
തിയറ്ററിലിറങ്ങിയ ബഹുഭൂരിപക്ഷം സിനിമയും കണ്ട് വഴിനീളെ അതിനെ പറ്റി സംസാരിച്ചും നിരൂപിച്ചും നടന്ന, എല്ലാ ദിവസങ്ങളിലും ഒരു പാട്ടോ രണ്ട് ചായയോ രാത്രിനടത്തമോ നഷ്ടപ്പെടുത്തിയിട്ടില്ല എന്നുറപ്പു പറയാനാകുന്ന ഒരു വർഷം.

ഒരു സൗഹ്യദം പോലും നഷ്ടമാകാത്ത, അപരിചിതരായ ഒരുപിടി മനുഷ്യർ കൂടി ചിരപരിചിതരായി കടന്നുവന്ന ഒരു വർഷം. എല്ലാ കംഫർട്ട് സോണുകളും ഭേദിച്ച് സാഹസിക തിരഞ്ഞെടുപ്പുകൾ നടത്താൻ ഇറങ്ങിപ്പുറപ്പെട്ട ഒരു വർഷം. മനസ്സിനിഷ്ടപ്പെട്ടിടത്തുമാത്രം തുടരാൻ തീരുമാനിച്ച, നീതിനിഷേധം നടന്നിടത്തു നിന്നെല്ലാം ഇറങ്ങിപ്പോന്ന ഒരു വർഷം. ആറ് മാസത്തിനിടയിൽ മൂന്നാമത്തെ കോളജിൽ ജോലി നേടിയ വാശിയുടെ ഒരു വർഷം. ഒത്തിരി സ്വപ്നം കണ്ട, ഒന്നിച്ചുള്ള ഒരു ജീവിതം ഞങ്ങൾ ഒന്നേന്ന് തുടങ്ങിയ ഏറ്റവും പ്രേമസുരഭിലമായ ഒരു വർഷം. ഒരു കുഞ്ഞു സിനിമക്ക് ആദ്യമായി പാട്ടെഴുതാൻ സാധിച്ച വർഷം. അർജന്റീന വേൾഡ് കപ്പ് നേടുന്നത് ഒരു ജനതയോടൊപ്പം ശ്വാസമടക്കിപ്പിടിച്ചുകണ്ട് ചരിത്രത്തിന് സാക്ഷിയായ വർഷം.

എല്ലാത്തിനോടും എല്ലാവരോടും പ്രണയം തോന്നിയ ഒരു വർഷം.

നീണ്ട ഈ 365 ദിവസങ്ങളിൽ വേദനിപ്പിക്കുന്ന ഒന്നും സംഭവിച്ചില്ലേ എന്ന്, മറക്കാനാവാത്ത നഷ്ടങ്ങൾ മുറിവുകൾ ദുരനുഭവങ്ങൾ ഉണ്ടായില്ലേ എന്ന്, ഇത്രയും എഴുതിയിട്ട്, ഞാൻ, മറ്റൊരാൾ ചോദിക്കുന്നതായി സങ്കൽപ്പിച്ചു. ഒരു മനുഷ്യൻ കടന്നുപോകുന്ന എല്ലാ മാനസിക- വൈകാരിക- ശാരീരിക- ആരോഗ്യ- സാമ്പത്തിക പ്രതിസന്ധികളും അതിന്റെ സ്വഭാവിക താളത്തിൽ വന്ന് പോയിട്ടുണ്ടെന്നും മുഖാമുഖം എല്ലാത്തിനേയും അതീജീവിച്ച്​ ഇവിടെയെത്തിയിട്ട്, അതൊന്നും ഓർക്കാനോ കരയാനോ തളരാനോ ആവർത്തിച്ചയവിറക്കാനോ ഇനി മനസ്സില്ലെന്നുകൂടി പഠിപ്പിച്ചത് ഈ വർഷമാണ്.

Comments