ബോളിവുഡ് അഥവാ
ദ ഗ്രേറ്റ് ഇന്ത്യന്‍ മൊറാലിറ്റി
ബോളിവുഡ് അഥവാ ദ ഗ്രേറ്റ് ഇന്ത്യന്‍ മൊറാലിറ്റി
കാൽനൂറ്റാണ്ടിനിടെ ബോളിവുഡ് സിനിമയുടെ ഉള്ളടക്കത്തിലും സമീപനത്തിലുമുണ്ടായ മാറ്റങ്ങളെക്കുറിച്ച് ഒരു രാഷ്ട്രീയ വായന. 25 വര്‍ഷം പൂര്‍ത്തിയാക്കിയ, ഇന്ത്യന്‍ വാണിജ്യസിനിമയുടെ ചരിത്രവും സാധ്യതകളും മാറ്റിമറിച്ച ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ എന്ന സിനിമയെ മുൻനിർത്തി, പ്രതിലോമകരമായ പൊതുബോധത്തെ മഹത്വവത്കരിക്കുന്ന ദില്‍വാലെ... പോലെയുള്ള സിനിമകള്‍ കാല്‍നൂറ്റാണ്ടിനുശേഷവും ആഘോഷിക്കപ്പെടുന്നത് എന്തുകൊണ്ട് എന്ന് വിശകലനം ചെയ്യുന്നു
31 Oct 2020, 10:32 AM
ഒരു ഹിന്ദുസ്ഥാനി പെണ്‍കുട്ടിയുടെ ജീവിതത്തില്‍ ചാരിത്ര്യത്തിനും കന്യകാത്വത്തിനും എത്ര വിലയുണ്ടെന്നറിയുന്ന പത്തരമാറ്റ് ഹിന്ദുസ്ഥാനിയായ പ്രവാസി യുവാവ്.
ഇതുവരെ ചെല്ലും ചെലവും തന്ന് വളര്‍ത്തിയ അച്ഛന്‍ തനിക്ക് നന്മ മാത്രമേ ചെയ്യൂ എന്നും അങ്ങനെ ചെയ്യുന്ന ഒരു പ്രധാന നന്മയാണ് ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളുമായി കല്യാണം ഉറപ്പിച്ചതെന്നും വിചാരിക്കുന്ന, ഇരുപതുകളിലേക്ക് കാലെടുത്തുവയ്ക്കുന്ന യുവതി.
മക്കളുടെയോ ഭാര്യയുടെയോ അഭിപ്രായങ്ങളും സ്വപ്നങ്ങളും തികഞ്ഞ ഹിന്ദുസ്ഥാനി സ്വത്വത്തിന് ചേരുന്നതാണോ എന്ന് തൂക്കിനോക്കി മാത്രം ചെവികൊടുക്കുന്ന, യുവതിയുടെ അച്ഛന്‍.
പെണ്‍മക്കളുടെ കൂട്ടുകാരിയായ സ്വീറ്റ് ആന്റ് ക്യൂട്ട്, പക്ഷെ നിസ്സഹായയായ അമ്മ.
കുടുംബപാരമ്പര്യം കാത്തുസൂക്ഷിച്ച്, ഡിഗ്രിക്ക് തോറ്റിട്ട് വന്ന് നില്‍ക്കുന്ന മകനെ ഓര്‍ത്ത് അഭിമാനിക്കുന്ന, നായകന്റെ അച്ഛന്‍.
ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗേ
കാല്‍നൂറ്റാണ്ട് കടന്നും ഈ സിനിമ ആഘോഷിക്കപ്പെടുമ്പോള്‍ ഷാരുഖ്ഖാന്റെ രാജിനെയും കാജോളിന്റെ സിമ്രനേയും അവരുടെ പ്രണയത്തേയും കണ്ട് കുളിരുകോരിയ പ്രേക്ഷകര്‍ ഇന്നിന്റെ അളവുകോലുകളിലൂടെ സിനിമയിലേക്ക് തിരിച്ചുനടക്കുന്നത് മാറിയ കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
ബഡേ ബഡേ ദേശോം മേം
ഇന്ത്യന്‍ വാണിജ്യസിനിമയുടെ ചരിത്രവും സാധ്യതകളും മാറ്റിമറിച്ച ദില്‍വാലേ... റിലീസ് ചെയ്തത് 1995 ഒക്ടോബര്‍ 20നാണ്. ഹിന്ദിസിനിമയില്‍ തലമുറകളായി സംവിധായകരായും നിര്‍മാതാക്കളായും സജീവമായ ചോപ്രകുടുംബത്തിലെ ഇങ്ങേയറ്റത്തെ കണ്ണി 23 കാരന്‍ ആദിത്യ ചോപ്രയായിരുന്നു കഥയും തിരക്കഥയും സംവിധാനവും.
ആദിത്യ വിശദീകരിച്ച കഥയുടെ പകുതിയെങ്കിലും സ്‌ക്രീനില്‍ കണ്ടാല്‍ സിനിമ തിയേറ്ററുകള്‍ കീഴടക്കുമെന്ന് അണിയറക്കാര്‍ പ്രതീക്ഷിച്ച പ്രോജക്റ്റ്. അച്ഛന്‍ യശ് ചോപ്രയുടെ നിര്‍മാണത്തില്‍ ഇറങ്ങിയ ആദിത്യയുടെ ഈ ആദ്യ ചിത്രം ബോക്‌സ് ഓഫീസുകളിലെ തരംഗം മാത്രമായി ഒതുങ്ങിയില്ല. എല്ലാ കണക്കുക്കൂട്ടലുകളേയും മുന്‍മാതൃകകളേയും പ്ലാറ്റ്‌ഫോമില്‍ തന്നെ നിര്‍ത്തി സിനിമ ഭാവിയിലേക്ക് ഓടി. പലകാലത്തെ പ്രേക്ഷകര്‍ അവര്‍ക്കൊപ്പം സിനിമയെ കൈപിടിച്ചുകയറ്റി.
1995ല്‍ നാല് കോടി ബജറ്റില്‍ തീര്‍ത്ത ദില്‍വാലെ... ഇന്ത്യയിലും വിദേശമാര്‍ക്കറ്റുകളിലുമായി വാരിക്കൂട്ടിയത് 102.50 കോടി രൂപ, ഇന്നത്തെ മൂല്യത്തില്‍ 524 കോടി രൂപ.
വിജയഫോര്‍മുല ഉണ്ടാകുകയല്ല, ഉണ്ടാക്കുകയാണ്
തൊണ്ണൂറുകളുടെ തുടക്കത്തില്‍ റൊമാന്റിക് മ്യൂസിക് തിയേറ്ററുകള്‍ കയ്യടക്കിയതോടെ ഹിന്ദി മുഖ്യധാരാസിനിമകളില്‍ പ്രണയവും കുടുംബബന്ധങ്ങളും പാരമ്പര്യവുമൊക്കെയായിരുന്നു സ്ഥിരം പ്രമേയം.
വന്‍ ഹിറ്റുകളായ മേനേ പ്യാര്‍ കിയാ, ഹം ആപ്‌കേ ഹേ കോന്‍ തുടങ്ങിയ സിനിമകള്‍ കുടുംബം, പുരുഷമേധാവിത്തം, ഇന്ത്യന്‍ സ്ത്രീസങ്കല്‍പം എന്നിവയിലൂന്നി കഥ പറഞ്ഞു. ഉള്ളടക്കം കൊണ്ട് അതിന്റെയൊക്കെ തുടര്‍ച്ചയായിരുന്നു ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെയും.
എന്നാല്‍ ശുഭപര്യവസായിയായ പ്രണയകഥ എന്നതിനൊപ്പം ചേര്‍ത്ത ചില പ്രത്യേക ചേരുവകളായിരുന്നു ദില്‍വാലേ...യുടെ ഹൈലൈറ്റ്. പ്രവാസിയുടെ ഗൃഹാതുരത്വവും ദേശീയതയും കുടുംബബന്ധങ്ങളുടെ പവിത്രതയും സമം ചേര്‍ത്ത് കുഴച്ചതില്‍ വിദേശലൊക്കേഷനുകളും പാട്ടുകളും ഫാഷനബിള്‍ വസ്ത്രങ്ങളും അക്‌സസറീസും ട്രെന്‍ഡുകളും ഇടകലര്‍ത്തി തിയേറ്ററിലെത്തിയ സിനിമ പിന്നെ അവിടുന്ന് ഇറങ്ങിയതേയില്ല.
കല്യാണത്തോടെ അല്ലെങ്കില്‍ കല്യാണത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതോടെ തിരികെവരുന്ന കുടുംബസമാധാനം, പുരുഷന്റെ തീരുമാനത്തിനുകീഴില്‍ ഒത്തൊരുമയോടെ കഴിയുന്ന കുടുംബാംഗങ്ങള്‍, പരമ്പരാഗത (സംശയമില്ല, സവര്‍ണഹിന്ദു) രീതികളിലുള്ള വന്‍ സെറ്റപ്പിലെ കല്യാണങ്ങളും ആചാരനുഷ്ഠാനങ്ങളും (കര്‍വാ ചൌത് പോലുള്ളവ ചിട്ടപ്രകാരം ആചരിച്ചില്ലെങ്കില്‍ ഉണ്ടാകുന്ന ധാര്‍മികപ്രതിസന്ധികള്‍), വിദേശവിപണിയെ പരിഗണിച്ചുള്ള കഥകള്‍ -ദില്‍വാലെ...യുടേയും പിന്നീട് അതിനെ പിന്തുടര്‍ന്നും വന്ന സിനിമകളുടെ പൊതു ഉള്ളടക്കം ഇതൊക്കെയായി.
പിന്നീട് യശ് രാജ് ഫിലിംസിന്റെ തലപ്പത്തേക്ക് വന്ന ആദിത്യ ചോപ്ര മാത്രമല്ല, ഇതേ ട്രെന്‍ഡിന്റേയും ഇതേ ചേരുവകളുടേയും വക്താക്കളും വിദഗ്ധരുമായി മാറിയ സംവിധായകന്‍ കരണ്‍ ജോഹറും കൊറിയോഗ്രാഫറും സംവിധായികയുമായ ഫറ ഖാനുമൊക്കെ തുടക്കം കുറിച്ചത് ദില്‍വാലെ... യിലാണ്.
ജാ സിമ്രന്‍ ജാ
യൂറോപ്പിലൂടെയുള്ള ട്രെയിന്‍ യാത്രയ്ക്കിടെ പ്രണയബദ്ധരാകുന്ന പ്രവാസി യുവാവും യുവതിയും, ഇന്ത്യന്‍ കുടുംബ- സദാചാരസങ്കല്‍പങ്ങള്‍ക്ക് യാതൊരു കോട്ടവും വരുത്താതെ വിവാഹമെന്ന ആഗ്രഹസാക്ഷാൽക്കാരത്തില്‍ എത്തുന്നതാണ് ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെയുടെ ഇതിവൃത്തം.
പാര്‍ട്ടികള്‍ക്ക് പോകാത്ത, മദ്യപിക്കുകയോ ഒരാണിനൊപ്പം ഒരു മുറിയില്‍ തങ്ങേണ്ടിവരികയോ ചെയ്യുന്നത് മോശമാണെന്ന് കുരുതുന്ന, കല്യാണത്തിന് മുമ്പുതന്നെ ഭാവിഭര്‍ത്താവിന്റെ ആയുരാരോഗ്യസൗഖ്യത്തിന് നോമ്പെടുക്കുന്ന കുലീന യുവതിയാണ് സിമ്രന്‍. രാജ് ആകട്ടെ കാമുകിയുടെ ജീവിതത്തിന്റെ ഉടമസ്ഥാവകാശം അവളുടെ അച്ഛന്‍ ചൗധരിയുടെ കയ്യില്‍ നിന്ന് നേരിട്ട് കൈപ്പറ്റണമെന്ന് ഉറപ്പിച്ചിറങ്ങിയ മാന്യനും.
കറകറാന്നുള്ള ശബ്ദമുയര്‍ത്തിയും ചുവന്ന് കലങ്ങിയ കണ്ണുകളുരുട്ടിയും വിറപ്പിച്ചും അമരിഷ് പുരി ലക്ഷണമൊത്ത അച്ഛനും വില്ലനുമായി. നാടിന്റെ മണവും ഗുണവും ഒക്കെ തികഞ്ഞവനെന്ന് ധരിച്ചിരുന്ന ഭാവിമരുമകന്റെ പെരുമാറ്റങ്ങളിലെ സാംസ്‌കാരിക അധഃപതനം കണ്ട് മനസ്സ് തകര്‍ന്ന് നില്‍ക്കുമ്പോഴാണ് വിദേശസംസ്‌കാരത്തിന്റെ ഭാഗമായി ലണ്ടനില്‍ തല്ലുകൊള്ളിത്തരം കാണിച്ചുനടന്ന പ്രവാസിയായ രാജിന്റെ ഉള്ളിലെ യഥാര്‍ത്ഥ ഹിന്ദുസ്ഥാനിയെ ചൗധരി കണ്ടെത്തിയത്.
കടുത്ത പ്രേമത്തിലായ സിമ്രന് തന്നെ മനസ്സിലാക്കാത്ത വീട്ടില്‍ നിന്ന് പുറത്തുകടക്കണമെന്നുണ്ട്. ലോകം കാണാനോ സ്വന്തം ജീവിതം പടുക്കാനോ സാധിക്കാതെ പോയ അമ്മയ്ക്കറിയാം, ഈ ആണുങ്ങളുടെ ലോകത്ത് സ്വപ്നം കാണുന്നത് പോലും അത്ര എളുപ്പമല്ലെന്ന്. വെറുതെ അപ്പന്റെ അപ്രൂവലിന് വേണ്ടി കാത്തിരിക്കാതെ എത്രയും വേഗം സ്ഥലംവിടുന്നതാണ് നല്ലതെന്ന് മകളോട് പറയുന്നുണ്ട് അമ്മ (ഫരീദ ജലാല്‍).
പക്ഷെ രാജ്, കാമുകിയേയും ഭാവി അമ്മായിയമ്മയേയും ബോധവത്കരിക്കുകയാണ്, കല്യാണത്തിന് രക്ഷിതാക്കളുടെ (അതായത് അച്ഛന്റെ) സമ്മതം വേണ്ടതിനെപ്പറ്റി.

ഒടുവില്‍ തല്ലുവാങ്ങലും കൊടുക്കലും കഴിഞ്ഞ് അവശനായ രാജ് കയറിയ ട്രെയിന്‍ ഓടിത്തുടങ്ങിയപ്പോള്‍ തിരിച്ചറിവുണ്ടായ അച്ഛന്‍ സിമ്രനോട് പറയുന്നു, ചെന്ന് നീ നിന്റെ ജീവിതം ജീവിക്കാന്‍ (നിനക്ക് തോന്നിയ പോലെ, എന്നാലും ഞങ്ങളുടെ അംഗീകാരത്തോടെ). പിന്നെ സിമ്രന്‍ ട്രെയിനിന് പിന്നാലെ ഓടുകയാണ്, രാജ് കൈപിടിച്ച് കയറ്റുംവരെ.
ശുഭം.
ഷാരുഖ് ഖാന്‍ എന്ന ബ്രാന്‍ഡ്
വിറയലോടെ ചിരിച്ചും സംസാരിച്ചും കണ്ണുകള്‍ വിടര്‍ത്തിയും ഷാരുഖ് ഖാന്‍ സ്‌ക്രീനിലെത്തുമ്പോള്‍ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരുമുണ്ടാകും. സിനിമയിലെ ബന്ധങ്ങളൊന്നും അവകാശപ്പെടാനില്ലാതെ അഭിനയജീവിതത്തിന് തുടക്കം കുറിച്ച ഷാരുഖ് ഖാന്‍ തൊണ്ണൂറുകളുടെ ആദ്യം തന്നെ മുന്‍നിരനായകന്മാരുടെ കൂട്ടത്തില്‍ പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍ ഒരു പൂര്‍ണ എന്റര്‍ടെയ്‌നര്‍ എന്ന നിലയില്‍ വളര്‍ന്ന ഷാരുഖ്, ഇന്ത്യയിലും അയല്‍രാജ്യങ്ങളിലും മാത്രമല്ല, സൗത്ത് ഏഷ്യന്‍, ആഫ്രിക്കന്‍, യൂറോപ്യന്‍ രാജ്യങ്ങളിലാകെ ജനപ്രിയനായി തുടങ്ങിയത് ദില്‍വാലെ... മുതല്‍ക്കാണ്.
മന്‍ഡരിന്‍, പിയാനോ, ചെസ് വിദഗ്ധനും കടുവയുടെ ശബ്ദം അസലായി എടുക്കുന്ന മിമിക്രികലാകാരനും ഒക്കെയായ നന്മയും കുസൃതിയും നിറഞ്ഞ നായകന്‍ രാജ്, കൂടുംബബന്ധങ്ങളുടെ പവിത്രതയെപ്പറ്റി നെടുനീളന്‍ ഡയലോഗുകള്‍ കാച്ചിയപ്പോള്‍ ഷാരുഖ് എന്ന ബ്രാന്‍ഡ് ജനിക്കുകയായിരുന്നു. ഇന്ത്യയേയോ ബോളിവുഡിനേയോ അറിയാത്തവര്‍ പോലും ഷാരുഖിന്റെ പടം കാണാന്‍ മാത്രം ഹിന്ദി പഠിച്ചുതുടങ്ങി.
കാജോള്‍ എന്ന അഭിനേത്രി ബോളിവുഡിന്റെ ഒരു പുതിയ സങ്കല്‍പ്പമായിരുന്നു. ഇരുണ്ടനിറമുള്ള കൂട്ടുപുരികമുള്ള മേല്‍ച്ചുണ്ടില്‍ പൊടിമീശയുടെ പച്ചനിറമുള്ള ഒരു പെണ്‍കുട്ടി ഹിന്ദി മുഖ്യധാരാ സിനിമയില്‍ നായികയായി വരുന്നത് എത്രയോ പെണ്‍കുട്ടികള്‍ ആത്മവിശ്വാസത്തോടെ കണ്ടുനിന്നു.
ഷാരുഖിനൊപ്പമുള്ള കെമിസ്ട്രിയില്‍ ഇരുവരും കുഛ് കുഛ് ഹൊതാ ഹേ, കഭി ഖുശി കഭി ഖം എന്ന ബോക്‌സ് ഓഫീസ് ഹിറ്റുകളിലേക്ക് നടന്നതും ദില്‍വാലെ...യുടെ ചുവടുകള്‍ പിന്തുടര്‍ന്നാണ്.
സിനിമയിലെ കഥാപാത്രങ്ങള്‍ പാശ്ചാത്യ വസ്ത്രധാരണം സ്വീകരിച്ചാലും പെരുമാറ്റത്തില്‍ തികഞ്ഞ ഇന്ത്യന്‍സത്ത കാത്തുസൂക്ഷിച്ചു. ഷിഫോണ്‍ സാരിയുടുത്ത നായിക വിദേശലൊക്കേഷനിലെ കുന്നിന്‍മുകളില്‍ നൃത്തം ചെയ്യുക എന്ന യശ് ചോപ്ര ചിത്രങ്ങളിലെ സ്ഥിരം കാഴ്ച ദില്‍വാലെ...യിലും തുടര്‍ന്നു. മനീഷ് മല്‍ഹോത്രയുടെ വസ്ത്രാലങ്കാരത്തില്‍ സിമ്രന്‍ കുഞ്ഞുടുപ്പും സ്വിം സ്വൂട്ടുമൊക്കെ ഇടുന്നുണ്ടെങ്കിലും അത് അച്ഛന്‍ അറിയാതെ ആയതുകൊണ്ട് ഇന്ത്യന്‍സംസ്‌കാരത്തെ അങ്ങനങ്ങ് ബാധിച്ചില്ല. ആല്‍പ്‌സിലെ കൊടുംമഞ്ഞില്‍ അല്പം വസ്ത്രം മാത്രമിട്ടും (നായകന്‍ മഞ്ഞുകുപ്പായങ്ങളിലാണ്) പഞ്ചാബിലെ കടുകുപാടങ്ങളിലൂടെ പൊരിവെയിലത്ത് സല്‍വാര്‍ കമ്മീസില്‍ പുതച്ചുമൂടിയും നായിക ആടിപ്പാടിനടന്നു.
ഇന്ത്യ വിട്ടാല്‍ ഹിറ്റാകുമെന്ന ഫോര്‍മുല
കളര്‍ സിനിമകള്‍ സജീവമായതോടെ ഇന്ത്യന്‍ സിനിമയ്ക്ക് പരിചിതമായി തുടങ്ങിയതാണ് വിദേശലോക്കേഷനുകള്‍. 1964ല്‍ ഇറങ്ങിയ സംഗം, പിന്നാലെ വന്ന ഈവനിംഗ് ഇന്‍ പാരീസ്, ലവ് ഇന്‍ ടോക്യോ - ഇവയൊക്കെ ഇന്ത്യയ്ക്ക് പുറത്തെ കാഴ്ചകളെ പിന്നീട് ഓര്‍ത്തെടുക്കും വിധം അവതരിപ്പിച്ച മുഖ്യധാരാചിത്രങ്ങളാണ്. യൂറോപ്യന്‍ ദൃശ്യങ്ങള്‍ എന്ന മാസ്മരികതയുമായി ഇറങ്ങിയ ദില്‍വാലെ... വിദേശലോക്കേഷനെ ഒരു വിജയച്ചേരുവയാക്കി മാറ്റി.
വിദേശത്ത് ഒരു പാട്ടെങ്കിലും വേണം എന്നത് മുഖ്യധാരാ ഇന്ത്യന്‍ സിനിമയുടെ ശീലമായി. മധ്യവര്‍ഗകുടുംബങ്ങളുടെ ഇടയില്‍ ഇന്ത്യയ്ക്കുള്ളിലെ വിനോദയാത്രകള്‍ സജീവമായിത്തുടങ്ങുന്ന അക്കാലത്ത് രാജ്യത്തിന് വെളിയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ലൊക്കേഷനുകള്‍ അവര്‍ക്ക് ആകര്‍ഷണങ്ങളും കൊതികളുമായി മാറി.

മ്യൂസിക്കല്‍ അല്ലാത്ത ബോളിവുഡ് സിനിമ എന്നൊന്നില്ലല്ലോ. പാട്ട് ഓളമുണ്ടാക്കിയാല്‍ സിനിമ ഏതാണ്ട് വിജയിച്ചു എന്ന് തന്നെയാണ്. ദില്‍വാലെ...യുടെ പ്രധാനവിജയഘടകമായിരുന്നു പാട്ടുകള്‍. ജതിന്‍- ലളിത് കൂട്ടുകെട്ടിന്റെ സംഗീതവും ആനന്ദ് ബക്ഷിയുടെ വരികളും. തലമുറകള്‍ പലത് കഴിഞ്ഞെങ്കിലും സിനിമ കണ്ടിട്ടില്ലെങ്കിലും അതിലെ ഒരു പാട്ടെങ്കിലും കേള്‍ക്കാത്തവര്‍ ഇല്ലെന്നായി. ഇന്നും മെഹന്ദീ ലഗാകെ രഖ്‌ന... കേള്‍ക്കാത്ത വടക്കേയിന്ത്യന്‍ കല്യാണങ്ങള്‍ വിരളമാണ്. പിന്നെ, രണ്ട് പ്രണയഗാനങ്ങള്‍ (ഹോഗയാ ഹേ തുഝ്‌കോ..., തുഝേ ദേഖാ തോ...) കുടിച്ചുഫിറ്റായി ഒരു പാട്ട് (സരാ സാ ഝൂം ലൂ മേം...) മഴ നനഞ്ഞൊരു പാട്ട് (മേരേ ഖ്വാബോം മേം...) ഷാരുഖിന് കുസൃതിത്തരങ്ങള്‍ കാട്ടാനൊരു പാട്ട് (രുഖ് ജാ...) ദേശസ്‌നേഹം തുളുമ്പുന്നൊരു പാട്ട് (ഘര്‍ ആജാ പര്‍ദേസി...).
കൂടാതെ ചില ബോളിവുഡ് മുന്‍മാതൃകകളിലേത് പോലെ ഒരു തൊഴുത്തിലോ വയ്‌ക്കോല്‍ക്കൂനയ്ക്കരികിലോ രാത്രി ചെലവഴിക്കാന്‍ നിര്‍ബന്ധിതരാകുന്ന കമിതാക്കള്‍, ഒരു പാട്ട് പാടാനും കൂടെ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യം ദില്‍വാലെ...യിലും കാണാം.
ലോകമെങ്ങും ആഘോഷിക്കപ്പെട്ട റോമാന്റിക് ഡ്രാമയായ ബിഫോര്‍ സണ്‍റൈസ് ഇറങ്ങിയത് 1995ന്റെ തുടക്കത്തിലാണ്. ട്രെയിനില്‍ വെച്ചുണ്ടായ പരിചയം പ്രണയമായി വളരുന്ന കഥ. 1993ല്‍ ഇറങ്ങിയ ഇന്‍ ദ ലൈന്‍ ഓഫ് ഫയറിലുണ്ട്, നായിക നടന്നുപോകുമ്പോള്‍ പ്രണയമുണ്ടെങ്കില്‍ അവളിപ്പോള്‍ തിരിഞ്ഞുനോക്കുമെന്ന് കരുതുന്ന ക്ലിന്റ് ഈസ്റ്റ് വുഡിന്റെ കഥാപാത്രം.
രാജ് എന്ന പേര് മാത്രമല്ല, ദില്‍വാലെ...യിലെ സീനുകള്‍ പോലും ഷാരുഖ് ഖാനിന്റെ തന്നെ ചെന്നൈ എക്‌സ്പ്രസ് പോലെയുള്ള ചില സിനിമകള്‍ അതേപടി പകര്‍ത്തി. മലയാളത്തില്‍ അനിയത്തിപ്രാവിലും ചന്ദ്രനുദിക്കുന്ന ദിക്കിലും ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ചിത്രത്തിലുമൊക്കെ ദില്‍വാലേ...യുടെ സ്വാധീനം ആസ്വാദകര്‍ ചികഞ്ഞു.

തിയേറ്റര്‍ വിട്ടുപോകാത്ത സിനിമ
രജതജൂബിലിയില്‍ സിനിമയുടെ ലെഗസി നിലനിര്‍ത്താനുള്ള പരിപാടികള്‍ സജീവമാണ്. വിവിധ രാജ്യങ്ങളിലായി ചിത്രം വീണ്ടും റിലീസ് ചെയ്യുകയാണ് യശ് രാജ് ഫിലിംസ്. രാജും സിമ്രനും തമ്മിലറിയാതെ കടന്നുപോയ ലണ്ടനിലെ ലെസ്റ്റര്‍ സ്‌ക്വയറില്‍ ഷാരുഖ് ഖാനും കാജോളിനും പ്രതിമകളുയരുകയാണ്. കൌബെല്‍ ഇമോജി ഇറക്കി ട്വിറ്ററും കൂടെക്കൂടി.
ഇരുപത്തിന്നാലര കൊല്ലം തുടര്‍ച്ചയായി ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ പ്രദര്‍ശിപ്പിച്ച മുംബൈയില്‍ മാറാത്ത മന്ദിറില്‍ സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവെച്ചത് ഈ കോവിഡ് കാലത്ത് മാത്രമാണ്. രജതജൂബിലി ആഘോഷിക്കാന്‍ പറ്റാത്ത വിഷമം തിയേറ്റര്‍ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുന്നതോടെ തീര്‍ക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഉടമകള്‍. ആറ് വര്‍ഷം മുന്‍പ് പ്രദര്‍ശനം നിര്‍ത്താനൊന്ന് ശ്രമിച്ച മറാത്ത മന്ദിറിലേക്ക് ആളുകള്‍ വന്‍സംഘങ്ങളായി എത്തി പ്രദര്‍ശനം തുടരാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.

ബോളിവുഡ് സിനിമയുടെ തലവര മാറ്റിയെഴുതിയ ദില്‍വാലെ...യേക്കുറിച്ച് പഠനങ്ങള്‍, വിശകലനങ്ങള്‍, പുസ്തകങ്ങള്‍, ഡോകുമെന്ററികള്‍ എന്നുവേണ്ട പച്ചകുത്തലുകളും ഡയലോഗുകള്‍ എഴുതിവെച്ച് ആത്മഹത്യചെയ്യലും വരെയുണ്ടായി. കഴിഞ്ഞ 25 വര്‍ഷത്തിനിടെ സിനിമയെ പൊതിഞ്ഞുനിന്ന ആരാധനയില്‍ കുതിര്‍ന്ന പ്രതികരണങ്ങള്‍ക്കിടയിലും നിരവധി വിമര്‍ശനങ്ങളും എതിര്‍പ്പുകളും ഉയര്‍ന്നുവന്നു.
ഗൗരവകരമായ, ഇഴപിരിച്ച വിശകലനങ്ങള്‍ ഇങ്ങനൊരു മുഖ്യധാരാ സിനിമയ്ക്ക് ആവശ്യമുണ്ടോ എന്നതായിരുന്നു ഒരു മറുചോദ്യം. ഒരു വലിയ പറ്റം പ്രേക്ഷകരുടെ ഉള്ളില്‍ ചില പിന്തിരിപ്പന്‍ ധാരണകള്‍ ഉറപ്പിക്കാന്‍ ഇടയാക്കുന്ന തരത്തില്‍ പൊതുബോധനിര്‍മിതി നടത്തുന്നു എന്നതിനാല്‍ പലരും ചിത്രത്തെ നിസ്സാരമായി കണ്ടില്ല. കലാമൂല്യമുള്ള സിനിമയെന്ന സങ്കല്‍പത്തെ പോലും പരിഗണിക്കാതെ അത്തരം സിനിമകള്‍ക്ക് കിട്ടേണ്ടുന്ന ചെറുതും വലുതുമായ ഇടങ്ങള്‍ പോലും നഷ്ടപ്പെടുത്തുന്ന വിധത്തില്‍ ടിപ്പിക്കല്‍ ബോളിവുഡ് മസാല സിനിമകളെ വിദേശ, സ്വദേശ മാര്‍ക്കറ്റുകളില്‍ ഇതാണ് ഇന്ത്യന്‍ സിനിമയെന്ന് ഉയര്‍ത്തിക്കാട്ടാന്‍ ഇടയാക്കിയതിലും ദില്‍വാലെ... ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ക്ക് നിസ്സാരപങ്കായിരുന്നില്ല.
അഞ്ച് വര്‍ഷം മുന്‍പ് ദില്ലിയിലെ സിരി ഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ പ്രസംഗിക്കുകയാണ്. പ്രസംഗത്തിനിടെ ദില്‍വാലെ...യിലെ ‘ബഡേ ബഡേ ദേശോം മേം...' എന്ന ഡയലോഗ് പറഞ്ഞതും ഓഡിറ്റോറിയം മാത്രമല്ല, ട്വിറ്ററും ലോകമെങ്ങുമുള്ള ആരാധകരും ഇളകിമറിഞ്ഞു.
ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള സംസ്‌കാരിക - സാമൂഹിക - നയതന്ത്ര ഇടപെടലുകളിലും ഇന്ത്യയുടെ മാറിയ മുഖത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിലും ദില്‍വാലേ...യുടെ സ്വാധീനങ്ങളുണ്ടായി.
ക്ലീഷെകളുടെ സമ്മേളനവും പൊളിറ്റിക്കല്‍ കറക്ട്‌നെസും
മുഖ്യധാരാ ഹിന്ദി സിനിമകളിലെ എല്ലാ ക്ലീഷെകളും ഒരുമിച്ച് സമ്മേളിച്ച ചിത്രത്തെ ബോളിവുഡിലെ ‘വെന്‍ ഹാരി മെറ്റ് സാലി'യെന്ന് പോലും പലരും വാഴ്ത്തി. ഇന്ത്യന്‍ സത്തയും സംസ്‌കാരവും സംരക്ഷിക്കപ്പെടുന്നിടത്തോളം രാജും സിമ്രനും ആകുന്നതില്‍ തെറ്റില്ലെന്നാണ് ഷാരുഖ് ഖാന്‍ ഒരിക്കല്‍ പറഞ്ഞത്.
ഓരോരോ ഘടകങ്ങളെക്കാള്‍ എല്ലാം കൂടെ ചേര്‍ന്ന് മൊത്തത്തില്‍ ഉണ്ടാക്കിയ ഓളമാണ് ദില്‍വാലെ... ഈ സിനിമ ഒരു വലിയ പരിധി വരെ ഗൃഹാതുരത്വത്തിന്റെ ബലത്തിലാണ് ഇപ്പോഴും പിടിച്ചുനില്‍ക്കുന്നതെന്ന് വിമര്‍ശകര്‍ കരുതുന്നു. ചിത്രഹാറില്‍ ആദ്യം പാട്ടുകള്‍ കേട്ടുതുടങ്ങിയതും തിയേറ്ററിലോ ടി.വിയിലോ ആദ്യമായി സിനിമ കണ്ടതും തിയേറ്ററില്‍ ഇരുന്ന സീറ്റ് പോലും കൃത്യമായി ഓര്‍ത്തെടുക്കുകയും ചെയ്യുന്ന മിക്ക പ്രേക്ഷകര്‍ക്കും ഇന്നും ലഹരിയാണ് ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ.
‘വരൂ പ്രണയിക്കാം’ എന്ന ടാഗ് ലൈനോടെ വന്ന ചിത്രം ബോളിവുഡ് പ്രേക്ഷകരെ ഇളക്കിമറിച്ചു. രാജിനെപ്പോലൊരു കാമുകനെ സ്വപ്നം കണ്ട പെണ്‍കുട്ടികള്‍ നിരവധിയുണ്ടായിരുന്നു. ഒന്നല്ലെങ്കില്‍ ഒരു അര രാജിനെയെങ്കിലും ജീവിതത്തില്‍ പ്രതീക്ഷിച്ചവര്‍. എത്ര പരിഷ്‌കാരി ആണെങ്കിലും കുടുംബത്തില്‍ അച്ഛന്റെയും അമ്മയുടേയും മുന്നില്‍കൊണ്ടുനിര്‍ത്താനാകുന്ന സിമ്രനെ പോലെ കുലീനയും പരിശുദ്ധയുമായ പെണ്‍കുട്ടിയെ കിട്ടുക എന്നത് യുവാക്കളുടെ അഭിലാഷമായി.

അതേസമയം, നായകനും നായികയ്ക്ക് കല്യാണം നിശ്ചയിച്ച വില്ലനും അസംഖ്യം കാമുകിമാരും പ്രണയബന്ധങ്ങളും ഉണ്ടായിട്ടുണ്ടെന്നുള്ളത് അവര്‍ സ്വാഭാവികമായി കണ്ടു. വേഷത്തിലും പെരുമാറ്റത്തിലും രാജിനെ അനുകരിക്കാന്‍ ശ്രമിച്ചവര്‍ പലരും ഇന്നും ആ ചിത്രത്തിന്റെ ഹാങ്ങോവറില്‍ തന്നെ ജീവിക്കുന്നുണ്ട്. തോല്‍ക്കുമ്പോൾ ഗംഭീരമായി സ്വീകരിക്കുന്ന അപ്പനമ്മമാര്‍ ഉണ്ടായിരുന്നെങ്കിലെന്നും സകലത്തിനും കൂട്ടായി ഒരു സഹോദരിയെ കിട്ടിയിരുന്നെങ്കിലെന്നും ആഗ്രഹിച്ചവരുമുണ്ടായി.
ഒരു ബോളിവുഡ് സിനിമ പല തട്ടുകളിലുള്ള പല തലമുറകളെ സ്വാധീനിച്ചു എന്ന് പറയുമ്പോഴും, വര്‍ഷങ്ങള്‍ക്ക് മുന്‍പ്, പാട്ടുകളും നിറങ്ങളും ആഘോഷങ്ങളും നിറഞ്ഞ ലോകത്ത് മൂന്ന് മണിക്കൂര്‍ ആസ്വദിച്ച് കണ്ട ചിത്രത്തിലെ ഒരു സീന്‍ പോലും ഇന്ന് തികച്ച് കാണാന്‍ പറ്റുന്നില്ലെന്ന് പറഞ്ഞവരും നിരവധിയാണ്. ഷാരൂഖ് ഖാനോടുള്ള അഗാധമായ ആരാധനയോടെ ഹൃദയത്തോട് ചേര്‍ത്തുവെച്ച് കേട്ട ഡയലോഗുകളിലെ സ്ത്രീവിരുദ്ധത, പെണ്‍കുട്ടിയുടെ ചാരിത്ര്യശുദ്ധിയെ പൊക്കിപ്പിടിച്ച് നടത്തുന്ന പ്രസംഗം, നായികയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുന്ന നായകന്‍ -ഇവയൊക്കെ തിരിച്ചറിഞ്ഞതോടെ സിനിമ ആസ്വദിക്കാനാകാതെ പോയവര്‍ക്ക് പക്ഷെ തെല്ലും നിരാശയുമില്ല.
വാട് വില്‍ പീപ്പിള്‍ സേ പോലെയുള്ള ചിത്രങ്ങളും, എന്തിനധികം, പില്‍ക്കാലത്ത് ഇറങ്ങിയ ബോളിവുഡ് സിനിമകള്‍ പോലും സമാനവിഷയങ്ങളെ മാനുഷികപരിഗണനയോടെ സമീപിച്ചത് കണ്ട തലമുറയാണ്. ഗിമ്മിക്കുകളിലും സദാചാരത്തിലും പൊതിഞ്ഞ പരിഹാരങ്ങളെ സിനിമയുടെ ഭാഗമായിട്ടാണെങ്കിലും കണ്ടിരിക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ട്. പടത്തില്‍ എവിടെ തിരിഞ്ഞൊന്നുനോക്കിയാലും പാട്രിയാര്‍ക്കിയുടെ പൂണ്ടുവിളയാട്ടമാണല്ലോ എന്ന് പറഞ്ഞവരോടൊക്കെ, സിനിമയില്‍ ആ അച്ഛനെക്കൊണ്ട് ‘ജാ സിമ്രന്‍ ജാ' എന്ന് പറയിപ്പിച്ചില്ലേ, അതല്ലേ മിടുക്ക് എന്ന് പറഞ്ഞ് കണ്ണിറുക്കുന്നു അണിയറക്കാര്‍.
ബോളിവുഡ് ഒരു ദിവാസ്വപ്‌നമാകുന്നു
അഭിനേതാക്കളുടെ താരമൂല്യം നോക്കി മാത്രം സിനിമ നിര്‍മിച്ച് വിതരണം ചെയ്യുന്ന, വലിയ പുതുമ ഒന്നും അവകാശപ്പെടാനില്ലാത്ത ശുഭപര്യവസായികളായ കഥകളുള്ള, കഥയുമായോ കഥാപശ്ചാത്തലവുമായോ ബന്ധമൊന്നും നിര്‍ബന്ധമില്ലാത്ത പാട്ടും നൃത്തവുമുള്ള ചിത്രങ്ങള്‍ - ബോളിവുഡ് സിനിമയെ ഇങ്ങനെയും നിര്‍വചിക്കാം.
ഒരു ദിവാസ്വപ്നത്തില്‍ തുടര്‍ന്നും ജീവിക്കാന്‍ പ്രേക്ഷകരെ കൊതിപ്പിക്കുന്നവയാണ് മിക്കവാറും ബോളിവുഡ് സിനിമകളും. മായാദൃശ്യങ്ങളുടേയും ശബ്ദങ്ങളുടേയും ബഹളം ഒഴിഞ്ഞാല്‍ പിന്നെയൊന്നും ബാക്കിയില്ലാതെയാകുന്ന അത്തരം സിനിമകളുടെ വര്‍ണപ്പകിട്ടിനിടയ്ക്ക് മങ്ങിപ്പോയത് ഇന്ത്യയിലെ യാഥാര്‍ത്ഥ്യങ്ങളും ആര്‍ജവമുള്ള കഥകളും പറയുന്ന, ഹിന്ദിയിലെ തന്നെ സമാന്തരസിനിമകളും മറ്റ് ഭാഷാസിനിമകളുമായിരുന്നു.
വന്‍ ബജറ്റിലിറങ്ങുന്ന മുഖ്യധാരാസിനിമകളെക്കാള്‍ കലാപരമായി മുന്നിട്ട് നിന്ന ആ സിനിമകള്‍, വിദേശചലച്ചിത്രമേളകളില്‍ ഇന്ത്യയുടെ മുഖമായി. എന്നാല്‍ ദാരിദ്ര്യവും പട്ടിണിയും അസമത്വവും കാട്ടുന്ന ദൃശ്യങ്ങളിലൂടെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കപ്പെടുന്നതല്ല യഥാര്‍ത്ഥ ഇന്ത്യയെന്ന് സാംസ്‌കാരികദേശീയവാദികള്‍ അവകാശപ്പെട്ടുതുടങ്ങി. രാഷ്ട്രീയവും സാമ്പത്തികവുമായ മാറ്റങ്ങളിലൂടെ രാജ്യം കടന്നുപോയ തൊണ്ണൂറുകളുടെ ആദ്യത്തോടെയാണ് ആഡംബരവും പ്രകടനാത്മകതയും നിറഞ്ഞ ബോളിവുഡ് സിനിമകള്‍ നാടിന്റെ മുഖം മിനുക്കി കാട്ടാന്‍ തുടങ്ങിയത്.
1991ലെ സാമ്പത്തിക ഉദാരീകരണത്തോടെ വിപണിനിയന്ത്രണങ്ങള്‍ കുറഞ്ഞതും വിദേശപ്രത്യക്ഷനിക്ഷേപങ്ങളുടെ ഒഴുക്ക് കൂടിയതും പൊതു, സ്വകാര്യ ജീവിതങ്ങളിലാകെ പ്രതിഫലിച്ചു. വിപണികേന്ദ്രീകൃതമായ ജീവിതക്രമം മനോഭാവങ്ങളെ സ്വാധീനിച്ചപ്പോള്‍ പൗരര്‍ ആത്യന്തികമായി ഉപഭോക്താക്കളായി. എന്നാല്‍ സ്വാതന്ത്ര്യത്തിന്റെയും തെരഞ്ഞെടുപ്പിന്റെയും ഭാഷയിലൂടെ സാമൂഹിക അന്തസ്സും ഉന്നമനത്തിനും കൂടിയുള്ള സാധ്യത തുറന്നുകൊടുക്കുകയാണ് ആധുനിക വിപണിയെന്ന് പുതുതലമുറ കരുതി.
സാമ്പത്തിക ഉദാരീകരണം സംസ്‌കാരിക ഇടപാടുകളേയും വില്‍പനച്ചരക്കായി കണ്ടു. അത് പുതിയ സാംസ്‌കാരികഘടനകളേയും സ്വപ്‌നങ്ങളെയും അഭിലാഷങ്ങളെയും ഉണ്ടാക്കി. സാംസ്‌കാരിക ദേശീയതയ്ക്കും നിയോ ലിബറല്‍ നയങ്ങള്‍ വളമായി.
ആഗോളവത്കരണം, കേബിള്‍- സാറ്റ്‌ലൈറ്റ് ചാനലുകളുടെ വരവ്, എം.ടി.വിയുടെ പ്രചാരം - ഇവയെല്ലാം പുതിയതരം ദൃശ്യമാധ്യമസംസ്‌കാരത്തിന് വഴിവെച്ചു. ഇവ സംസ്‌കാരത്തിന് ഭീഷണിയെന്ന് കരുതിയവര്‍ അതേ സങ്കേതങ്ങള്‍ തന്നെയെടുത്ത് എതിര്‍ ആഖ്യാനങ്ങളും ഉണ്ടാക്കി. സിനിമ കാണുന്ന, സിനിമ നിര്‍മിക്കുന്ന രീതികള്‍ തന്നെ മാറി. താരനിര്‍മ്മിതികളിലും കുടുംബ പ്രൊഡക്ഷന്‍ ഹൗസുകളിലും വിതരണങ്ങളിലും പ്രചാരണപരിപാടികളിലും ബോളിവുഡിന് അതുവരെയുണ്ടായിരുന്ന മാനദണ്ഡങ്ങള്‍ മാറിമറിഞ്ഞു.
പ്രേക്ഷകരുടെ സ്വപ്നങ്ങള്‍ വില്‍ക്കുന്ന ബോളിവുഡിന്റെ മുഖം സ്വാഭാവികമായും മാറി. നവ ഉദാരവത്കൃത സമൂഹത്തെ അന്നത്തെ ബോളിവുഡ് സിനിമകള്‍ പ്രതിഫലിപ്പിച്ചുവെന്ന് മാത്രമല്ല, ആ സിനിമകള്‍ തിരികെ സമൂഹത്തില്‍ സ്വാധീനമായി മാറുക കൂടി ചെയ്തു. അടിസ്ഥാനവര്‍ഗത്തെ പാടെ മറന്ന് മധ്യവര്‍ഗത്തിന്റേതായ വൈകാരികതയേയും അഭിലാഷങ്ങളേയും ആകുലതകളേയുമാണ് ആ സിനിമകള്‍ അഭിസംബോധന ചെയ്തതും. ആധുനികമായ ജീവിതരീതികളും ഫാഷനും ബ്രാന്‍ഡുകളും കയ്യെത്തുന്നയിടത്താണെന്ന് തോന്നിപ്പിച്ചു.
ഹൈബ്രിഡിറ്റി എന്ന ആശയത്തോട് ചേര്‍ത്ത് ഗാര്‍ഷ്യ കാന്‍ക്ലിനി പറയുന്ന ഒന്നാണ് സാംസ്‌കാരിക പുനഃപരിവര്‍ത്തനം എന്നത്. ആഗോള സ്വാധീനങ്ങളുണ്ടാകുമ്പോള്‍ പ്രാദേശിക സംസ്‌കാരങ്ങള്‍ മിക്കപ്പോഴും നശിക്കുന്നില്ല, പകരം അവര്‍ ആധുനിക മാര്‍ഗങ്ങളിലൂടെ പാരമ്പര്യത്തെ ഊട്ടിയുറപ്പിക്കാനാണ് ശ്രമിക്കുക എന്ന് കാന്‍ക്ലിനി പറയുന്നു.
സാംസ്‌കാരിക അധിനിവേശം തടയാന്‍ പ്രാദേശിക സാംസ്‌കാരികത ഉയര്‍ത്തിക്കാട്ടുകയാണ് പ്രതിവിധി എന്നതായിരുന്നു ദില്‍വാലെ...യിലും അതിനുശേഷവും ബോളിവുഡ് മുന്നോട്ട് വെച്ച ആശയം. കൂടെ ദേശീയവികാരത്തള്ളിച്ചയും.

ആദ്യ ഇന്ത്യന്‍ സോഷ്യല്‍ സറ്റയര്‍ എന്ന് കരുതുന്ന ബിലാല്‍ ഫെറാത് ഇറങ്ങിയത് 1921ലാണ്. പടിഞ്ഞാറന്‍ സംസ്‌കാരവുമായി വിദേശത്തുനിന്ന് മടങ്ങുന്നവരും മാറ്റങ്ങളോട് മുഖം തിരിഞ്ഞുനില്‍ക്കുന്ന ഇന്ത്യന്‍ സമൂഹവും ഒക്കെ വിഷയമായ ബിലാല്‍ ഫെറാതിന് എഴുപത് വര്‍ഷത്തിന് ശേഷമുണ്ടായ തുടര്‍ച്ചയായി കാണാം ദില്‍വാലെ...യെ. ‘ഇന്ത്യന്‍ സംസ്‌കാരത്തെ മലിനമാക്കുന്ന ദുഷിച്ച വിദേശരീതികള്‍' കോളോണിയല്‍ ഭരണകാലത്തെ ബംഗാളി ഹിന്ദു ഭദ്രലോകിന് ഉള്‍ക്കൊള്ളാനാകാത്തതുപോലെ നവ ഉദാരവത്കരണകാലത്ത് ലണ്ടനില്‍ നിന്ന് തിരികെ എത്തുന്ന പഞ്ചാബി പ്രവാസിക്കും സ്വീകാര്യമായില്ല.
വിപണി നിര്‍ണയിച്ച, വിപണിയെ നിര്‍ണയിച്ച ചിത്രം
ഇന്ത്യനായ എല്ലാത്തിനോടും ഗൃഹാതുരത്വമുള്ള പ്രവാസി സമൂഹങ്ങള്‍ വളര്‍ന്ന് വന്നതോടെ വിദേശവിപണി ബോളിവുഡിനും പ്രധാനമായി. ബോളിവുഡ് സിനിമകളുടെ വമ്പന്‍ ബജറ്റ് മിക്കപ്പോഴും തിരിച്ചുപിടിക്കുന്നത് വിദേശരാജ്യങ്ങളിലെ ഇന്ത്യക്കാരും അല്ലാത്തവരുമായ പ്രേക്ഷകരിലൂടെയായി. ഇന്ത്യന്‍ ഡയസ്‌പോറയ്ക്ക് വേണ്ടി ഡിസൈന്‍ ചെയ്യപ്പെട്ട സിനിമകളുണ്ടായി. ദില്‍വാലെ...യാണ് അതിന് തുടക്കമായതും.
ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്ത്യക്കാരുടെ സാംസ്‌കാരിക ഐക്യപ്പെടലും കൂടിയതോടെ അവരുടെ സ്വത്വ പ്രതിസന്ധി, തിരിച്ചുവരവ്, ഗൃഹാതുരത്വം എന്നിവ ബോളിവുഡിന്റെ പ്രിയവിഷയങ്ങളായി. സാംസ്‌കാരിക അടിത്തറയ്ക്ക് ഒരു തട്ടുകേടും വരാതെ ആധുനികതയെ പുണരുന്ന കഥാപാത്രങ്ങള്‍ നിറഞ്ഞ ബോളിവുഡ് സിനിമകള്‍ ഇന്ത്യന്‍ പ്രേക്ഷകര്‍ക്കും പ്രവാസിസമൂഹങ്ങള്‍ക്കും ഒരുപോലെ സ്വീകാര്യമായി.
അടുത്ത തലമുറയുടെ പ്രണയങ്ങളിലും വിവാഹങ്ങളിലും മതപരമായ കാര്യങ്ങളിലും പെരുമാറ്റങ്ങളിലും ജന്മനാടിന്റെ സാംസ്‌കാരികതുടര്‍ച്ച നഷ്ടമാകുമോ എന്ന് പേടിച്ചുനിന്ന വിദേശത്തെ ഇന്ത്യന്‍ സമൂഹങ്ങള്‍ക്ക് ആശ്വസിക്കാനുള്ള വക കണ്ടെത്തിക്കൊടുത്തു മിക്ക ബോളിവുഡ് സിനിമകളും. അവരില്‍ പലരും കുട്ടികളെ നാടിന്റെ സാംസ്‌കാരിക പാരമ്പര്യം പഠിപ്പിക്കാന്‍ അത്തരം സിനിമകള്‍ കാട്ടിത്തുടങ്ങി. ജീവിക്കുന്ന ലോകവും ചുറ്റുപാടുകളും വേഷവും പാശ്ചാത്യമായതുകൊണ്ട് സ്വാഭാവം അങ്ങനെയാകണമെന്നില്ലെന്ന വലിയ ഗുണപാഠം കാട്ടി ദില്‍വാലെ... ഉള്‍പ്പടെയുള്ള സിനിമകള്‍ അവരെ സമാധാനിപ്പിച്ചു.

മുഖ്യധാരാഹിന്ദി സിനിമകളില്‍ ഹിന്ദു കല്യാണങ്ങള്‍ സ്ഥിരം ഘടകവും മുഖ്യാകര്‍ഷണവുമായപ്പോള്‍ യഥാര്‍ത്ഥ കല്യാണങ്ങള്‍ അതുവരെയുണ്ടായിരുന്ന രീതികളില്‍ നിന്ന് മാറി കൂടുതല്‍ സിനിമാറ്റിക് ആയി. കുടുംബാംഗങ്ങളുടെ തന്നെ നേതൃത്വത്തില്‍ നടത്തിയിരുന്ന ചടങ്ങുകളില്‍ നിന്ന് സമ്പദ് വ്യവസ്ഥയെ സ്വാധീനിക്കുന്ന വന്‍ സംഭവങ്ങളായി ഇന്ത്യയിലും വിദേശത്തും കല്യാണങ്ങള്‍ രൂപകല്‍പന ചെയ്യപ്പെട്ടു. ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ അവിടെയും വലിയ സ്വാധീനമായി.
സദാചാര, ദേശസ്‌നേഹ, ഗുണപാഠ ഉത്തരവാദിത്തം
യഥാര്‍ത്ഥ ജീവിതത്തില്‍ പരിമിത സന്തോഷങ്ങള്‍ മാത്രമുള്ള മനുഷ്യര്‍ക്ക്, ദാരിദ്ര്യത്തിന്റേയും കൂടുംബയാഥാര്‍ത്ഥ്യങ്ങളുടേയും രാഷ്ട്രീയസങ്കീര്‍ണതകളുടേയും പിടിയില്‍ നിന്ന് കുറച്ച് നേരത്തേക്കെങ്കിലും രക്ഷപ്പെടാനുള്ള ഇടം മാത്രമാണ് ബോളിവുഡ് സിനിമകളെന്ന് പറയാറുണ്ട്. വിദ്യാഭ്യാസമില്ലാത്ത സാമാന്യജനത്തിന്റെ പരിപാടി സിനിമ കാണല്‍ മാത്രമാണെന്നും സിനിമ നിര്‍മിക്കല്‍ ബൗദ്ധികമായി ഉയര്‍ന്ന ഉപരിവര്‍ഗത്തിന്റെ പണിയാണെന്നും അതിനാല്‍ സാധാരണക്കാരായ പ്രേക്ഷകര്‍ക്കായി സദാചാര, ദേശസ്‌നേഹ, ഗുണപാഠ സന്ദേശങ്ങള്‍ രൂപീകരിക്കേണ്ടുന്ന ഉത്തരവാദിത്തം സിനിമ നിര്‍മ്മിക്കുന്നവര്‍ക്കുണ്ടെന്നും മുഖ്യധാരാസിനിമാവ്യവസായം ഒരു തോന്നല്‍ ഉണ്ടാക്കി വെച്ചിട്ടുണ്ടെന്ന് സാറ ഡിക്കി, സിനിമ ആന്റ് ദ അര്‍ബന്‍ പുവര്‍ ഇന്‍ സൗത്ത് ഇന്ത്യ എന്ന പുസ്തകത്തില്‍ പറയുന്നു.
സാധാരണക്കാര്‍ക്ക് വേണ്ടത് ഉപരിപ്ലവമായ നേരമ്പോക്കുകളാണെന്നും വരേണ്യബുദ്ധിശാലികള്‍ക്ക് പറഞ്ഞിട്ടുള്ള സിനിമ അങ്ങനെയല്ല എന്നുമുള്ള ധാരണ അതിന്റെ തുടര്‍ച്ചയാണ്. ഇത്തരം ധാരണകളേയും പ്രതിലോമകരമായ പൊതുബോധത്തേയും മഹത്വവത്കരിക്കുകയാണ് ദില്‍വാലെ... പോലെയുള്ള സിനിമകള്‍ ആഘോഷിക്കപ്പെടുമ്പോഴൊക്കെയും.
രാഷ്ട്രീയ - സാമൂഹ്യ കാരണങ്ങളാല്‍ പിന്നോട്ട് നടക്കാന്‍ വെമ്പുന്ന ഒരു സമൂഹത്തിന് മുന്നില്‍ ഇന്നും എത്തുന്ന മിക്ക സിനിമകളും ഇങ്ങനൊക്കെത്തന്നെയാണ്. 25 വര്‍ഷം മുന്‍പ് ഇക്കാര്യങ്ങളിലും ട്രെന്‍ഡ് സെറ്ററായി മാറിയ ചിത്രത്തെ സൂക്ഷ്മമായി കാണേണ്ടിവരുന്നത് അതുകൊണ്ടും കൂടിയാണ്.

ഷോലെയ്ക്ക് ശേഷം ഇന്ത്യയുടെ സാംസ്‌കാരിക ബിംബമായി മാറിയ ചിത്രമാണെങ്കിലും കാലാതിവര്‍ത്തിയായ ഒന്നായി ദില്‍വാലെ...യെ കാണാനാകുമോയെന്ന് സംശയമാണ്. ഒരു വലിയ പറ്റം പ്രേക്ഷകരെ പല അടരുകളില്‍ സ്വാധീനിച്ച മുഖ്യധാരാസിനിമയായും ബോളിവുഡിന്റേയും അനുബന്ധവ്യവസായങ്ങളുടേയും ഗതി തീരുമാനിച്ചതില്‍ നിര്‍ണായകശക്തിയായും ആയിരിക്കണം ചരിത്രം ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെയെ രേഖപ്പെടുത്തുക.
Do. ഉമർ തറമേൽ
31 Oct 2020, 11:28 AM
തകർപ്പൻ ലേഖനം. ഇത്തരം സിനിമകൾ നിർമ്മിക്കപോയിടുമ്പോൾ തന്നെ, ഒരു സംക്രമ ദശ പിന്നിടുമ്പ്കൾ,ഇവയെ കാണികളുടെ മുന്നിലേയ്ക്ക് കുപ്പിയിലാക്കിയ പുതിയ വീഞ്ഞിനെ പോലെ തിരിച്ചു കൊണ്ടു വരാവുന്ന ഒരു futuristic വിപണി ബോളിവുഡ് മുന്നിൽകാണാറുണ്ട്. അത്തരം ഒരു സിനിമ കൂടിയാണിത്, ഷോലെ പോലുള്ള സിനിമകളെ പോലെ. .റിമ മാത്യു ഏറെ സരസമായും സൈദ്ധാന്തികമായും വിലയിരുത്തി. നന്ദി
ബി. ഉണ്ണികൃഷ്ണൻ / അലി ഹെെദർ
Mar 06, 2021
11 Minutes Read
രഞ്ജിത്ത് / ടി. എം. ഹര്‍ഷന്‍
Mar 05, 2021
55 Minutes Watch
സേതു
Feb 19, 2021
5 Minutes Read
വേണു
Feb 17, 2021
52 Minutes Listening
ഡോ.ദീപേഷ് കരിമ്പുങ്കര
Feb 10, 2021
18 Minutes Read
Manu PS
1 Nov 2020, 09:00 PM
ഷോലെയ്ക്ക് ശേഷം ഇന്ത്യയുടെ സാംസ്‌കാരിക ബിംബമായി മാറിയ ചിത്രമാണെന്ന പരാമർശം സ്ത്രീകഥാപാത്രങ്ങളുടെ താരതമ്യം അർഹിക്കുന്നു.