In a gentle way, you can shake the world
M. K. Gandhi
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും പ്രധാന രാഷ്ട്രീയ പ്രക്ഷോഭമായി മാറിയ നൂറ്റിയൊന്നു ദിവസത്തെ ഷഹീൻ ബാഗ് സമരം മാർച്ച് 24ന് സമരം നയിച്ച വനിതകൾ പിൻവലിക്കുന്നത് ഇന്ത്യയും ലോകവും കടന്നുപോകുന്ന കൊവിഡ്- 19 ന്റെ പശ്ചാത്തലത്തിലായിരുന്നു.
'ഈ സമരം ഞങ്ങൾ താൽക്കാലികമായി പിൻവലിക്കുന്നു, പക്ഷെ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പോരാട്ടത്തിൽ നിന്ന് ഞങ്ങൾ പിന്മാറുന്നില്ല'; അവർ പറഞ്ഞു.
ഒരിക്കൽ അറേബ്യൻ രാജ്യങ്ങൾ കണ്ട ജനാധിപത്യ സമരങ്ങളുടെ - അറബ് വസന്തം- ഓർമ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടന്ന സമരങ്ങൾ കൊണ്ടുവന്നിരുന്നു. എന്നാൽ, ഷഹീൻ ബാഗ് സമരം ശ്രദ്ധേയമായത് അത് ആദ്യാന്തം അഹിംസയിൽ ഊന്നിയിരുന്നതുകൊണ്ടും വനിതകൾ നയിച്ച സമരം മാത്രമായതുകൊണ്ടുമായിരുന്നില്ല, അതെല്ലാം ഗംഭീരമായിരിക്കുമ്പോൾ തന്നെ.
മറിച്ച്, പാർലമെന്ററി ജനാധിപത്യത്തെ അതിനുള്ളിൽ നിന്നുകൊണ്ടുതന്നെ ഏക പാർട്ടി സ്വേച്ഛാധിപത്യത്തിലേക്കും കൃത്യമായ ഫാഷിസ്റ്റ് രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ കുടക്കീഴിലേക്കും നയിക്കുകയായിരുന്ന ആർ.എസ്.എസ് രാഷ്ട്രീയത്തിന് ഇന്ത്യ മുഴുവൻ ജനകീയ വിലക്ക് പ്രഖ്യാപിക്കാൻ ഈ സമരത്തിന് കഴിഞ്ഞു എന്നതായിരുന്നു ഈ സമരത്തെ ശ്രദ്ധേയമാക്കിയത്. അത്രയും അത് വിജയവുമായിരുന്നു.
ഒരേ സമയം, അത് ജനാധിപത്യത്തെയും മനുഷ്യാവകാശത്തെയും നീതിയെയും നമ്മുടെ രാഷ്ട്രീയത്തിലേക്ക് പുനരാനയിച്ചു. ഇന്ന് ഈ സമരങ്ങളുടെ ഓർമ ഇന്ത്യൻ ജീവിതത്തിന്റെ ഭാഗവും ഭാവിയുമാണ്.
അതുകൊണ്ടുതന്നെ, നാം കടന്നുപോകുന്ന മഹാമാരിയുടെ ഈ കാലത്തും, നമ്മുടെയൊക്കെ വർത്തമാനത്തിന്റെയും ഭാവിയുടെയും ഉപ്പായി ഷഹീൻ ബാഗ് സമരവും പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനങ്ങൾ നടത്തിയ സമരങ്ങളും കേരളമടക്കം സംസ്ഥാനങ്ങൾ എടുത്ത നിലപാടുകളും മുങ്ങിപ്പോയിക്കൂടാ;
രോഗം കുറ്റമല്ല. പക്ഷെ മനുഷ്യജീവിതത്തിന്റെ അന്തസ്സ് ഹനിക്കുന്ന എന്തും കുറ്റകരമാണ്. പൗരത്വ ഭേദഗതി നിയമം ആധുനിക ഇന്ത്യകണ്ട അത്തരമൊരു കരിനിയമമായിരുന്നു.
ആ ശുചീകരണം അത്ര എളുപ്പമല്ല
കൊവിഡ്-19 ഇന്ത്യയിൽ വ്യാപിച്ചതിനെ തുടർന്ന് കേന്ദ്ര സർക്കാർ എടുത്ത പല നിലപാടുകളും നമ്മൾ കാണുകയാണ്- നല്ലതും ചീത്തതും അതിലുണ്ട്. ഇതേ അവസരത്തിൽ ഡൽഹി പൊലീസ് ആദ്യം ചെയ്തത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നഗരത്തിലെ കലാലയങ്ങളുടെ മതിലുകളിലും മറ്റും പ്രത്യക്ഷപ്പെട്ട ചുവരെഴുത്തും ചിത്രങ്ങളും തുടച്ചുകളയുകയായിരുന്നു.
രാജ്യത്തിന്റെ ഓർമയിൽ ഇതൊന്നും ഉണ്ടായിരുന്നില്ല എന്ന് വരുത്താൻ നടത്തിയ രാഷ്ട്രീയ ശുചീകരണപ്രവൃത്തിയുടെ ഒരു ഭാഗം പോലെ. പക്ഷെ, അത് അത്ര എളുപ്പമാവുന്നുമില്ല. ശുചീകരിച്ചു കഴിഞ്ഞ ആ തെരുവുകളും മതിലുകളും പിറുപിറുക്കുന്നത് വെറുതെയൊന്നു സങ്കൽപ്പിച്ചു നോക്കൂ:
ജാമിയ മിലിയ സർവകലാശാലയിലെ പൊലീസ് അക്രമം മുതൽ ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിനുശേഷമുണ്ടായ വംശീയ അക്രമം വരെ ഈ സമരത്തിന്റെ വിവിധങ്ങളായ ഓർമകൾ അവിടെ പെരുക്കും.
ഒന്നും വെറുതെയായിരുന്നില്ല. കൃത്യമായ രാഷ്ട്രീയ നിലപാടുകളുടെ സമരങ്ങളായിരുന്നു അവ. സമരങ്ങളാകട്ടെ വിദ്യാർത്ഥികളും യുവാക്കളും വനിതകളും നയിച്ചു.
തെരുവിൽ കേട്ട ഭരണഘടന
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെയും ജനാധിപത്യത്തെയും ഭരണഘടനയെയും ബി.ജെ.പി യുടെ 'ഭൂരിപക്ഷ വിജയ'ത്തിൽ നിന്ന് തിരിച്ചുപിടിയ്ക്കുക എന്ന കടമയായിരുന്നു പൊതുവെ ഈ സമരങ്ങളുടെ കാതൽ. അത് സ്വയംഭൂവായി സംഭവിച്ചതല്ല.
പരമ്പരാഗത രാഷ്ട്രീയത്തിന്റെ അപചയത്തോടോ പാർട്ടികളുടെ രാഷ്ട്രീയ ജീർണതയോടോ പ്രതികരിച്ചുകൊണ്ടുണ്ടാവുന്ന 'നവ സമരങ്ങളിൽ' അല്ല ഈ സമരം സ്ഥാനം പിടിക്കുന്നത്. മറിച്ച്, ഇന്ത്യയുടെ ദേശീയസ്വത്വത്തിൽ അടങ്ങിയിരിക്കുന്ന രാഷ്ട്രീയ ഇച്ഛയിൽ നിന്നായിരുന്നു.
മതേതരത്വത്തെ മത സഹവർത്തിത്വമായി ഉൾക്കൊള്ളുന്ന ഇന്ത്യയുടെ സവിശേഷമായ ഫെഡറലിസത്തിന്റെ ഭാഗമാണ് അത്. ഓർമിച്ചു നോക്കു, നമ്മുടെ കോടതിമുറികളിൽ വായിച്ചതിനേക്കാൾ കൂടുതൽ നേരം നമ്മുടെ തെരുവുകളിലായിരുന്നു ഈ കാലത്ത് ഭരണഘടനയുടെ ആമുഖം വായിച്ചു കേട്ടത്.
നീതി നിയമപ്രശ്‌നമല്ല, മനുഷ്യാവകാശപ്രശ്‌നമാകുന്നു എന്ന് ഇത് നമ്മളെ ഓർമിപ്പിച്ചു. ജനാധിപത്യത്തെ ഇത് വീണ്ടും ഉറപ്പാക്കുന്നു. പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും സാമ്പ്രദായിക രാഷ്ട്രീയ സമരങ്ങളും, ഒരു വലിയ പരിധി വരെ നീതിന്യായ കോടതികൾതന്നെയും, പരാജയപ്പെട്ടിടത്തായിരുന്നു ഈ സമരങ്ങളുടെ ഇടപെടൽ.
'അപരിചിതമായ അധികാരം'
തങ്ങളുടെ അധികാരം നിലനിർത്താനും വരുന്ന തെരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കാനുമായി ആർ.എസ്.എസ്/ബി.ജെ.പി ഒരുക്കുന്ന രാഷ്ട്രീയം തന്നെയാണ് പൗരത്വ ഭേദഗതി നിയമം എന്ന് ഇതിനകം പലരും നിരീക്ഷിച്ചതാണ്.
എന്നാൽ, പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്ത്രീകളുടെയും വിദ്യാർത്ഥികളുടെയും മുസ്ലിം സമുദായത്തിന്റെയും മുൻകൈയിൽ ഉയർന്ന, അഹിംസയിൽ ഊന്നിക്കൊണ്ടുള്ള സമരം, ബി.ജെ.പിയെ അവരുടെ അധീശ രാഷ്ട്രീയത്തിനകത്ത് തളച്ചിടുന്നതും അവരുടെ രാഷ്ട്രീയാധികാരത്തെ പൊതുസമൂഹത്തിലെ ഹിംസയുടെതന്നെ സാന്നിധ്യമായി തുറന്നുകാട്ടുന്നതുമായിരുന്നു.
അതുകൊണ്ടുതന്നെ, നമ്മുടെ സമീപകാല ഓർമയിൽ ഒരു സർക്കാർ ഇത്രയും ക്രൂരതയോടെ നേരിട്ട മറ്റൊരു പ്രക്ഷോഭവും ഇല്ല.
ഇന്ത്യയുടെ എഴുപതു വർഷത്തെ രാഷ്ട്രീയ ജീവിതത്തെ പിറകിലേക്ക് മാറ്റിനിർത്തി, വിഭജനകാലത്തെ ഓർമയിൽ കൊണ്ടുപോയി നിർത്തുക എന്നായിരുന്നു ആർ.എസ്.എസ് കണ്ട രാഷ്ട്രീയം.
അങ്ങനെ തങ്ങളുടെ ഹിന്ദുരാഷ്ട്രവാദത്തെ സാധൂകരിക്കുക. എന്നാൽ, അവർ വില കുറച്ചു കണ്ടത്, ഈ കാലയളവിൽ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്കും ജനാധിപത്യസ്ഥാപനങ്ങൾക്കും പുറത്ത്, 'സാമൂഹികാധികാരം'എന്ന നിലയിൽ ജനാധിപത്യസംസ്‌കാരം ഇടംപിടിച്ചതാണ്.
അത്, ഈ സമരങ്ങളിൽ പ്രകടവുമായിരുന്നു. ഉദാഹരണത്തിന്, ഫാസിസത്തെ ഒരു പ്രത്യയശാസ്ത്രവും അധികാരരൂപവുമായല്ല 'സാധാരണ മനുഷ്യർ' നേരിടുന്നത്, അവർക്കത് ദൈനംദിന ജീവിതത്തിനകത്തെ തങ്ങളുടെതന്നെ 'നിയമപരമായ നിലനിൽപി'നെ നിഷേധിക്കുന്ന 'അപരിചിതമായ അധികാര'മാണ്.
പൗരത്വ ഭേദഗതി നിയമം പ്രാഥമികമായും അങ്ങനെ സാധാരണ ജീവിതത്തെ അപരിചിതമാക്കുന്ന ഒന്നായിരുന്നു. ദിനേനയുള്ള ഒരാളുടെ ജീവിതാഭിമുഖ്യത്തെ അത് ആദ്യം മതത്തിന്റെ അടിസ്ഥാനത്തിൽ അപരിചിതമാക്കുന്നു, പിന്നെ രാജ്യത്തെ പൗരനെന്ന നിലയിലുള്ള ആനുകുല്യങ്ങളിൽ നിന്ന് അയാളെ പുറത്ത് നിർത്തുന്നു.
ജനാധിപത്യത്തിന്റെ സാധ്യത
ജനാധിപത്യം ഭരണകൂടത്തിന്റെ ആവശ്യം അല്ലാതാകുമ്പോൾ സമൂഹത്തിൽ സ്വഭാവികമായും ഉണ്ടാവേണ്ട ഉയിർത്തെഴുന്നേൽപ്പുകൾ പലപ്പോഴും സാമ്പ്രദായിക രാഷ്ട്രീയത്തിനും പുറത്ത് പ്രകടമാവുന്നു.
ലോകത്ത് സമീപകാലത്ത് ഉണ്ടായ പല സമരങ്ങളും ആ ഓർമയാണ് നൽകുന്നത്. അതിനൊരു കാരണം, ഇത്തരം ഘട്ടങ്ങളിൽ, ഭരണകൂടരാഷ്ട്രീയത്തിന്റെ ഇരയാണ് പ്രതിപക്ഷരാഷ്ട്രീയവും എന്നതാണ്.
പാർലമെന്ററി രാഷ്ട്രീയത്തിലെ ചലനാത്മകത അങ്ങനെ നിർവീര്യമാക്കപ്പെടുന്നു. അല്ലെങ്കിൽ അങ്ങനെയാണ് അത് ചിത്രീകരിക്കപ്പെടുന്നതും ഉറപ്പിക്കുന്നതും. നല്ലൊരു പങ്ക് മാധ്യമങ്ങളും ഇതിൽ ഭരണകൂടത്തിന്റെ പങ്കാളിയാവുന്നു.
ഇത് ഒരു പ്രതിസന്ധിയാവുന്നതിനോടൊപ്പംതന്നെ അതിൽനിന്ന് പുറത്തു കടക്കാനും ശ്രമിക്കുന്നു. അതിനൊരു കാരണം, ജനാധിപത്യത്തെ എക്കാലവും മനുഷ്യസമൂഹം കണ്ടിട്ടുള്ളത്, അധികാരത്തെ നേരിടാനുള്ള ആശയമായിട്ടാണ്.
ഏതൊരു സമൂഹത്തിന്റെയും ജനാധിപത്യവൽക്കരണത്തിൽ മതങ്ങൾക്ക് നേരിട്ട് പങ്കൊന്നുമില്ല. മാത്രമല്ല, ലോകത്ത് എല്ലായിടത്തും, ജനാധിപത്യം, ഒരിക്കൽ മതപൗരോഹിത്യത്തിനെതിരെ നീങ്ങിയതിന്റെയും ഓർമയാണ്.
സ്വാതന്ത്രോന്മുഖമായ ഒരു അധികാരബന്ധത്തെപ്പറ്റി പറയാനാണ് നമ്മൾ ഇന്ന് ജനാധിപത്യമെന്ന വാക്കുപോലും ഉപയോഗിക്കുന്നത്.
അങ്ങനെയാണ് അത് ആധുനികമായ ഒരു സങ്കൽപവും ക്രമവുമാകുന്നത്. ഇന്ത്യയുടെ സാഹചര്യത്തിൽ മതേതരത്വത്തെ മതസഹവർത്തിത്വമായി വ്യാഖ്യാനിക്കുന്നതും ജനാധിപത്യത്തിന്റെ അത്തരമൊരു സാധ്യതയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉണ്ടായ സമരങ്ങൾ ആ സാധ്യതയാണ് കാണിച്ചത്. ആ സമരങ്ങൾ 'ഹിന്ദുത്വ രാഷ്ട്രീയ'ത്തെ കുടുക്കിയിട്ടതും അങ്ങനെയാണ്.
കുറച്ചുകൂടി പിറകോട്ടു നോക്കിയാൽ ഇന്ത്യയിലെ ദേശീയ പ്രസ്ഥാനത്തിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയും ഘട്ടത്തിൽ യൂറോപ്യൻ സങ്കൽപത്തിനു ബദലായി മതേതരത്വം മതസഹവർത്തിത്വമായി ഗാന്ധിജിയുടെ നേതൃത്വത്തിൽ വാദിക്കുന്നത്, അതിനുവേണ്ടി പ്രവർത്തിക്കുന്നത്, അത്തരമൊരു ഭരണകൂടത്തിന്റെ സ്ഥാപനത്തിനുവേണ്ടി എന്നതിനേക്കാൾ സാമൂഹ്യ ജീവിതത്തിലെ 'സ്വസ്ഥതയുടെ ആവശ്യം' എന്ന നിലക്കായിരുന്നു.
അല്ലെങ്കിൽ അങ്ങനെയൊരു രാഷ്ട്രീയവീക്ഷണം അതിലുണ്ടായിരുന്നു. ഇത് ഒരേസമയം, പുരോഗമനപരമായൊരു ആശയവും ഒപ്പം സമൂഹത്തിൽ തുടരുന്ന നിരാകാരമായ അവസ്ഥയുടെ (Chaos) പ്രകടമായ അവതരണവുമായിരുന്നു. സമ്പത്തിന്റെയും പദവിയുടെയും മറ്റും തലത്തിൽ കണ്ടെത്തുന്ന 'വർഗവിഭജന'ത്തിനും 'വർഗസമര'ത്തിനും പുറത്ത്, ഒരുപക്ഷെ, അതിനേക്കാൾ സങ്കീർണമായ ജീവിതാസ്തിത്വത്തെ നിർവചിക്കാൻ ഈ സമീപനം തയ്യാറാവുന്നു.
ഇത് ഇന്ത്യയുടെ രാഷ്ട്രീയ സ്വത്വത്തിന്റെ കാതൽതന്നെയാണ്. നമ്മൾ സംരക്ഷിക്കേണ്ട ഒന്ന്.
വലിയ അളവിൽ വിജയിച്ച സമരങ്ങൾ
ഇന്ത്യയിൽ ഒരാൾ മുസ്ലിം ആവുന്നത് ഭൂരിപക്ഷമതമായ ഹിന്ദുമതത്തിന്റെ ആവിഷ്‌കാരങ്ങൾക്ക് അകത്താണ് എന്ന് ആർ.എസ്.എസ്/ബി.ജെ.പി നിഷ്‌കർഷിക്കുന്നത് ഇന്ന് ഒരു ആശയമോ രാഷ്ട്രീയമോ ആയി മാത്രമല്ല, ഇന്ത്യൻ ജനാധിപത്യത്തിന്റെ ഒരു പ്രധാനഘടകമായ മതസഹവർത്തിത്വമെന്ന, ഭരണകൂടം ഉറപ്പാക്കുന്ന നിയമസംവിധാനത്തെ അസ്ഥിരപ്പെടുത്തിയും നിഷേധിച്ചും കൊണ്ടാണ്.
ഇതിനെതിരെയാണ് വിദ്യാർത്ഥികളും സ്ത്രീകളും മുസ്ലിം സമുദായവും മറ്റു ന്യൂനപക്ഷ സമൂഹങ്ങളും സമരം ചെയ്തത്. ഇത് ആർ.എസ്.എസിനെ ചൊടിപ്പിക്കുന്നു, ഭയപ്പെടുത്തുന്നു.
ഇന്ത്യയിൽ ജീവിക്കുന്ന എല്ലാവരും ഹിന്ദുക്കളാണ് എന്ന് ആർ.എസ്.എസ് നേതാവ് പറയുന്നത് വെറുതെയല്ല. അത് ഇന്ത്യൻ ജനാധിപത്യത്തെ ഒരു ഗ്രേ ഏരിയയിലേക്ക് നിർത്തുന്നു. മതസഹവർത്തിത്വത്തെ ജനാധിപത്യത്തിന്റെ ആവശ്യം അല്ലാതാക്കുന്നു.
പിറകെ, 'ശക്തനായ ഒരു ഭരണാധികാരി'യുടെ (ഒരു മിലിറ്റന്റ് ഹിന്ദുമതത്തിന്റെ) ആനുകൂല്യമായി അതേ മതസഹവർത്തിത്വത്തെ പുനർനിർണയിക്കുന്നു. രാഷ്ട്രത്തെ ദുർബലയായ, സംരക്ഷിക്കേണ്ട, 'മാതാവ്' എന്ന് കണ്ടെത്തുന്നു. മാതാവിനെ സംരക്ഷിക്കേണ്ടത് ഒരേയൊരു മകനാണ് എന്ന് വരുത്തുന്നു. പൗരത്വ ഭേദഗതി നിയമം, അങ്ങനെയൊരു മകന്റെ കിനാവാണ്. ഈ നീക്കത്തെയാണ് ഇന്ന് പൗരത്വ ഭേദഗതി നിയമത്തിനു പിറകെ വന്ന സമരങ്ങൾ വിലക്കിയത്.
ഒരുപക്ഷെ, കഴിഞ്ഞ ഇരുപതു വർഷത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്ഷോഭം ഈ സമരങ്ങളാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരം മാത്രമാവുകയല്ല, അതിനൊപ്പം തന്നെ ഒരു മതേതരത്വ രാഷ്ട്രം എന്ന നിലയിൽ ഇന്ത്യയുടെ നിലനിൽപിനെ വീണ്ടെടുക്കുന്ന സമരവും ആവുകയായിരുന്നു.
ഏതാനും മാസങ്ങൾക്ക് മുമ്പ് ഈ സമരങ്ങളുടെ അന്ത്യം എങ്ങനെ എന്ന് പ്രവചിക്കാനാകില്ല എന്ന് ഞാൻ എഴുതിയിരുന്നു. അന്ന്, പക്ഷെ അവ്യക്തമായി നിന്നത് രാഷ്ട്രീയം തന്നെയായിരുന്നു. ഇപ്പോഴും അത് അങ്ങനെയാണ്. എന്നാൽ, ഇപ്പോൾ ഉണ്ടായ ഒരു മഹാമാരിയാണ് ഈ സമരങ്ങളെ തടഞ്ഞത്.
ഒരു ശരീരത്തെ അതിന്റെ ചലനത്തിൽ നിന്ന് തടയുന്ന ഒന്ന് രോഗം തന്നെയാണ്. എന്നാൽ, നേരത്തെ പറഞ്ഞതുപോലെ, മനുഷ്യജീവിതത്തിന്റെ അന്തസ്സ് എന്നത് ചലനാത്മകമായ ഓർമയാണ്. മനുഷ്യപരിണാമത്തിന്റെ നീതിയുക്തമായ ഒരു വേർപെടലിനെ അത് അടയാളപ്പെടുത്തുന്നു.
ഈ ഒരൊറ്റ കാരണംകൊണ്ടുതന്നെ, വ്യക്തി എന്ന നിലക്കോ സമൂഹമെന്ന നിലക്കോ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉണ്ടായ പ്രക്ഷോഭങ്ങളെയോ ആ ഓർമയോ നമുക്ക് കൈ ഒഴിയാനാവില്ല.
കാരണം, വേദനകളിലും ചോരയിലും കുളിച്ചാണ് അവ മുന്നേറിയത്. എങ്കിലും ഒരു വലിയ അളവിൽ ഈ സമരങ്ങൾ വിജയിച്ചു എന്നുതന്നെയാണ് നാം കാണേണ്ടത്. അതിനാൽ ഈ സമരങ്ങളെ മറവിക്ക് വിട്ടുകൊടുത്തുകൂടാ, മഹാമാരിയുടെ ഈ കാലത്തും.