പണ്ടോരയുടെ പെട്ടിയിലെ
കള്ളപ്പണം; ചില ഇന്ത്യൻ
തിരിച്ചടികൾ
പണ്ടോരയുടെ പെട്ടിയിലെ കള്ളപ്പണം; ചില ഇന്ത്യൻ തിരിച്ചടികൾ
പാന്‍ഡോര പേപ്പേഴ്‌സ് പുറത്തുവിട്ട അനധികൃത നിക്ഷേപങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ നമ്മുടെ സമ്പദ് വ്യവസ്ഥയില്‍ വ്യത്യസ്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ കെൽപ്പുള്ളതാണ്. എന്നാൽ, സച്ചിൻ ടെൻഡുൽക്കറുടെ പേരിൽ തട്ടി ഇതൊരു കൗതുകം മാത്രമായി ഒടുങ്ങുകയാണ്. കള്ളപ്പണത്തിന്റെ കാണാക്കയങ്ങളിലേക്ക് ഇറങ്ങിചെല്ലാന്‍ സാധിക്കാതെ കിതക്കുന്ന ഒന്നായി ഇന്ത്യൻ സമ്പദ്വ്യവസ്ഥ ചുരുങ്ങുന്ന ചിത്രമാണ്, നോട്ടുനിരോധനത്തിന്റെ അഞ്ചാം വാർഷികത്തിലും കാണുന്നത്
8 Nov 2021, 05:09 PM
ഇന്ത്യയിലെ ശതകോടീശ്വരന്‍ന്മാരുടെയും, കോര്‍പറേറ്റ് മേധാവികളുടെയും വിദേശ രാജ്യങ്ങളിലുള്ള കള്ളപ്പണ നിക്ഷേപങ്ങള്‍ വ്യത്യസ്ത ഉറവിടങ്ങളിലൂടെ കാലാകാലങ്ങളിലായി പുറത്തു വരാറുണ്ട്. ആയതിനാല്‍, സാമ്പത്തിക വിദഗ്ദ്ധര്‍ക്കോ, പൊതുജനങ്ങള്‍ക്കോ ഈ സംഭവ വികാസങ്ങളില്‍ പൊതുവെ പുതുമ തോന്നാറില്ല എന്നതാണ് വാസ്തവം. പക്ഷേ, പാന്‍ഡോര പേപ്പേഴ്‌സ് പുറത്തു വിട്ട കള്ളപ്പണ നിക്ഷേപകരെ സംബന്ധിച്ച വിവരങ്ങളില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരുകൂടി ഉള്‍പ്പെട്ടത് മാധ്യമശ്രദ്ധ നേടുകയുണ്ടായി. അദ്ദേഹത്തിന്റെ പേര് ഈ പട്ടികയില്‍ വന്നു പെട്ടത് ആരാധകരില്‍ ഒന്നടങ്കം ഞെട്ടലുളവാക്കുകയും ചെയ്തു.
സമ്പദ് വ്യവസ്ഥയിലെ കള്ളപ്പണ നിര്‍മാര്‍ജ്ജന യജ്ഞവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകുകയാണെന്ന തോന്നലുളവാക്കുമ്പോഴും, പാന്‍ഡോര പേപ്പേഴ്‌സ് പുറത്തുവിട്ട അനധികൃത നിക്ഷേപങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ നമ്മുടെ സമ്പദ്വ്യവസ്ഥയില് വ്യത്യസ്ത പ്രത്യാഘാതം സൃഷ്ടിക്കാന്‍ കെൽപ്പുള്ളതാണ്. കള്ളപ്പണം തടയുക എന്ന ‘സദുദ്ദേശ്യ’ത്തോടെ നടപ്പിലാക്കിയ നോട്ടുനിരോധനത്തിന്റെ അഞ്ചാം വാര്‍ഷികമാണ് 2021 നവംബര്‍ 8. ഇന്ത്യയിൽ കള്ളപ്പണം ക്രമാതീതമായി കുമിഞ്ഞുകൂടുകയാണെന്ന പാന്‍ഡോറ പേപ്പേഴ്‌സിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഈ മേഖലയിലെ ഗതിവിഗതികളെപ്പറ്റിയുള്ള വിലയിരുത്തല്‍ നടത്തുകയാണ്.
എന്താണ് പാന്‍ഡോര പേപ്പേഴ്സിന്റെ ഉള്ളടക്കം?
"പാന്‍ഡോര' എന്ന പദം ഗ്രീക്ക് പുരാവൃത്ത വിജ്ഞാനത്തില്‍ കഥകളില്‍ ഉപയോഗത്തിലിരുന്ന പ്രയോഗമാണ്. വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ള ഒരു നീക്കം എന്നാണ് ‘പാന്‍ഡോര പെട്ടി തുറക്കുക’ എന്ന ആലങ്കാരിക പ്രയോഗത്തിന്റെ അര്‍ത്ഥം. പേര് സൂചിപ്പിക്കുന്നതുപോലെ, പാന്‍ഡോര പേപ്പേഴ്‌സ് അതിലുള്‍പ്പെട്ട വ്യക്തികളെയും അവരുടെ കള്ളപ്പണ നിക്ഷേപങ്ങളെയും പറ്റിയുള്ള കണക്കുകൊണ്ട് ആവശ്യത്തിലധികം വിവാദം സൃഷ്ടിച്ചു കഴിഞ്ഞു.
ഇരുന്നൂറോളം രാജ്യങ്ങളിലെ പ്രമുഖർ നികുതി വെട്ടിപ്പിലൂടെയും മറ്റ് അസാന്മാര്‍ഗിക വഴികളിലൂടെയും സമ്പാദിച്ച സ്വത്ത് വിവരങ്ങളാണ് പാന്‍ഡോര പേപ്പേഴ്‌സിന്റെ മുഖ്യ ഉള്ളടക്കം. വ്യത്യസ്ത രാജ്യങ്ങളില്‍ നിന്ന് 330 രാഷ്ട്രീയക്കാരും 130 ഫോബ്സ് ബില്യണേയ്‌ഴ്‌സും, പൗരപ്രമുഖന്‍മാരും, മയക്കുമരുന്ന് വ്യാപാരികളും, രാജകുടുംബാംഗങ്ങളും, മതമേലധ്യക്ഷന്‍മാരും ഉള്‍പ്പെട്ടതാണ് ഇപ്പോള്‍ പുറത്തു വന്ന കള്ളപ്പണ നിക്ഷേപകരുടെ പട്ടിക. പാന്‍ഡോര പേപ്പേഴ്‌സ് എന്ന അന്താരാഷ്ട്ര പത്രപ്രവര്‍ത്തകരുടെ രഹസ്യാന്വേഷണ കൂട്ടായ്മയാണ് നികുതി വെട്ടിപ്പിലൂടെ നിക്ഷേപം നടത്തിയ വ്യക്തികളുടെ പട്ടിക തയ്യാറാക്കിയത്.

ലോകത്തെമ്പാടുമുള്ള നിക്ഷേപകര്‍ക്കായി 29,000 ത്തിലധികം സ്വകാര്യ ട്രസ്റ്റുകളോ, ഷെല്‍ കമ്പനികളേയോ (പേപ്പര്‍ കമ്പനി) സംബന്ധിച്ച വിവരങ്ങളാണ് പാന്‍ഡോര പേപ്പേഴ്സിലുള്ളത്. കള്ളപ്പണ നിക്ഷേപം മൂലം രാജ്യങ്ങള്‍ക്ക് വര്‍ഷത്തില്‍ 427 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ നഷ്ടപ്പെടുന്നുണ്ടെന്നും, ലോകത്തിലെ ഇപ്പോഴത്തെ ആകെ കള്ളപ്പണ നിക്ഷേപം 11.3 ട്രില്യണ്‍ അമേരിക്കന്‍ ഡോളര്‍ കവിയുമെന്നും പാന്‍ഡോര പേപ്പേഴ്സ് ഓര്‍മ്മപ്പെടുത്തുന്നു.
പൊതുവില്‍, സ്വകാര്യ ഓഫ്ഷോര്‍ ട്രസ്റ്റുകളില്‍ (സ്വന്തം രാജ്യത്ത് അല്ലാതെ മറ്റു രാജ്യങ്ങളില്‍) നിക്ഷേപിച്ചിട്ടുള്ള ആസ്തികളും അവയുടെ ഉടമസ്ഥാവകാശവും സംബന്ധിച്ച അനേകം രേഖകളില്‍ ഒന്നു മാത്രമാണ് പാന്‍ഡോര പേപ്പേഴ്സ്. ഇത്തരത്തിലുള്ള നിക്ഷേപങ്ങള്‍ പണമോ, ഓഹരികളോ, വസ്തുക്കളോ ആവാം. നികുതി വെട്ടിച്ചോ, അല്ലാതെയോ നടത്തുന്ന ഇത്തരം നിക്ഷേപങ്ങള്‍ പലതും തലമുറകളായി കൈമാറ്റം ചെയ്യാവുന്നതാണ്, അതേസമയം, അതീവ രഹസ്യമായി സൂക്ഷിച്ചു പോകാമെന്ന ഉറപ്പുള്ള ഇടങ്ങളിലാണ് ഇവ കരുതി വെയ്ക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ കള്ളപ്പണ നിഷേപങ്ങളുടെ വിവരങ്ങളാണ് പാന്‍ഡോര പേപ്പേഴ്‌സ് പുറത്തു കൊണ്ടുവന്നിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഓഫ് ഷോര്‍ ലീക്‌സ് (2013), dd (2016), പാരഡൈസ് പേപ്പേഴ്‌സ് (2017) എന്നിവ കള്ളപ്പണ നിക്ഷേപ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നു. ഇതില്‍ പനാമ പേപ്പേഴ്‌സിലൂടെ ഒരു ഓഫ് ഷോര്‍ സര്‍വീസ് പ്രൊവൈഡറിന്റെ (മൊസ്സ്ബാക്ക് ഫോണ്‍സേക) ഡേറ്റയാണ് ചോര്‍ന്നതെങ്കില്‍ പാരഡൈസ് പേപ്പേഴ്‌സിലും, പാന്‍ഡോര പേപ്പേഴ്സിലും പല ഓഫ് ഷോര്‍ സര്‍വീസ് പ്രൊവൈഡര്‍മാരുടെയും വിവരങ്ങള്‍ കൂടി ചോര്‍ന്നതായി സംശയിക്കുന്നു. ഇത് പുറത്തുവന്ന ഡേറ്റയുടെ ആധിക്യം ക്രമാതീതമായി വര്‍ധിക്കുന്നതിന് ഇടയാക്കി. ഇപ്പോള്‍ പുറത്തുവന്ന വിവര പ്രകാരം 380 വ്യക്തികള്‍ ഇന്ത്യന്‍ പൗരത്വമുള്ളവരാണ്.
സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരില്‍ 8,56,702 അമേരിക്കന്‍ ഡോളറിന്റെയും, ഭാര്യ അഞ്ജലി ടെണ്ടുല്‍ക്കറുടെ പേരില്‍ 13,75,214 അമേരിക്കന്‍ ഡോളറിന്റെയും, ആനന്ദ് മേഹ്തയുടെ (അഞ്ജലി ടെണ്ടുല്‍ക്കറുടെ പിതാവ്), പേരില്‍ 4,53,082 അമേരിക്കന്‍ ഡോളറും മൂല്യമുള്ള ഓഹരികള്‍ ഉണ്ടെന്ന വെളിപ്പെടുത്തലാണ് പാന്‍ഡോര പേപ്പേഴ്‌സിനെ ഇന്ത്യയില്‍ ഇത്രയും ശ്രദ്ധേയമാക്കിയത്. ഇവരെ കൂടാതെ സതീഷ് ശര്‍മ, പ്രമോദ് മിത്തല്‍, അനില്‍ അംബാനി, ജാക്കി ഷെറോഫ്, വിനോദ് അദാനി, നീരവ് മോദി, പൂര്‍വി മോദി, കിരണ്‍ മജു0ദാര്‍ ഷാ, നീരാ റാഡിയ, അജയ് അജിത് പീറ്റര്‍ കേക്കറെ, ഇക്ബാല്‍ മിര്‍ച്ചി, സമീര്‍ ഥാപ്പര്‍, ബകുല്‍ നാഥ്, രാജീവ് സക്‌സേന എന്നീ പ്രമുഖരും പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നു.
കള്ളപ്പണ വിവരം പുറത്തു കൊണ്ടുവരാൻ പാന്‍ഡോര പേപ്പേഴ്‌സിനായി വ്യത്യസ്ത രാജ്യങ്ങളില്‍ വിവിധ ഏജന്‍സികള്‍ ചുമതല നിര്‍വഹിക്കുമ്പോള്‍ ഇന്ത്യയിലെ ചുമതല ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ്പിനാണ്. പാന്‍ഡോറ പേപ്പേഴ്‌സിലെ വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്‌സസ്, എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, റിസര്‍വ്വ് ബാങ്ക്, ഫിനാന്‍ഷ്യല്‍ ഇൻറലിജന്‍സ് യൂണിറ്റ് എന്നിവരെ ഉള്‍പ്പെടുത്തി ഒരു സംയുക്ത അന്വേഷണ സംഘം രൂപികരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. മുന്‍ വര്‍ഷങ്ങളെയും, മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ രാഷ്ട്രീയ നേതാക്കളായ ഇന്ത്യക്കാര്‍ ഈ പട്ടികയില്‍ കുറവാണെന്നത് ശ്രദ്ധേയമാണ്. ഇന്ത്യയില്‍ നിന്നുള്ള കള്ളപ്പണത്തിന്റെ ഇതുവരെ നിജപ്പെടുത്തിയ മൂല്യം ഏകദേശം 20,325 കോടി രൂപയാണ്. ഈ കണക്കുകള്‍ പൂര്‍ണമല്ലാത്തതിനാല്‍ നിക്ഷേപത്തിന്റെ ഉള്ളറകള്‍ വീണ്ടും തുറക്കുന്നത് അനധികൃത നിക്ഷേപത്തെ സംബന്ധിച്ച കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വരും നാളുകളില്‍ ഉണ്ടാകുമെന്ന് പ്രത്യാശിക്കാം.
കള്ളപ്പണ നിക്ഷേപ രീതികള്‍
കള്ളപ്പണം എങ്ങനെ സുരക്ഷിതമായി നിക്ഷേപിക്കാം എന്ന സമസ്യയില്‍ ഒരു വിഭാഗം ധനകാര്യസ്ഥാപനങ്ങളും ധനകാര്യ വിദഗ്ദ്ധരും വര്‍ഷങ്ങളായി ഗവേഷണം നടത്തി വരുകയാണ്. ഒരു രാജ്യത്തുനിന്നുള്ള കള്ളപ്പണം ആ രാജ്യത്തില്‍ തന്നെയോ വിദേശത്തോ നിക്ഷേപിച്ച് വെളുപ്പിച്ചെടുക്കുന്നതിന് വ്യത്യസ്ത കുറുക്കു വഴികള്‍ ഇവര്‍ തയ്യാറാക്കി നല്‍കാറുണ്ട്. വിദേശത്തേക്ക് പണം കടത്തുന്നവര്‍ ഒന്നുകില്‍ ട്രസ്റ്റുകളിലോ, റൗണ്ട് ട്രിപ്പിങ്ങോ അല്ലെങ്കില്‍ ഷെല്‍ കമ്പനികളിലോ നിക്ഷേപിക്കുന്നതാണ് സാധാരണ രീതി. കള്ളപ്പണ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ നിക്ഷേപങ്ങള്‍ സ്വന്തം നിലയ്ക്ക് നടത്താതെ അതിനു വേണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന ഓഫ്‌ഷോര്‍ സേവനദാതാക്കളുടെ സഹായം തേടാറാണ് പതിവ്. ഈ വ്യക്തികളുടെ വിവരങ്ങള്‍ സേവനദാതാക്കള്‍ അതീവ രഹസ്യമായി സൂക്ഷിക്കും. ഈ രൂപത്തില്‍ കള്ളപ്പണ നിക്ഷേപത്തിനുതകുന്ന സുരക്ഷിതമായ രൂപരേഖ തയ്യാറാക്കുന്ന ഏജന്‍സികള്‍ വലിയ ബിസിനസ് സാധ്യതകളാണ് കള്ളപ്പണ നിക്ഷേപകര്‍ക്കായി തുറന്നിടുന്നത്.
ഇതില്‍ ശ്രദ്ധേയമായതും, ലളിതവുമായ രീതിയാണ് ഹവാല നെറ്റ് വര്‍ക്കിലൂടെയുള്ള വിദേശ കള്ളപ്പണ നിക്ഷേപം. ഷെല്‍ കമ്പനികളുടെ രൂപീകരണവും അതിലൂടെയുള്ള കള്ളപ്പണ വെളുപ്പിക്കലുമാണ് മുഖ്യമായും ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ഒരു രാജ്യത്തെ കള്ളപ്പണം ഹവാല ഏജന്റിനു കമ്മിഷന്‍ നല്‍കി നികുതികള്‍ കുറവുള്ള/ഇല്ലാത്ത ടാക്‌സ് ഹേവന്‍സുകളായുള്ള രാജ്യങ്ങളിലെ ഷെല്‍ കമ്പനികളില്‍ നിക്ഷേപിക്കുന്നു. ഇങ്ങനെ നിക്ഷേപിക്കുന്ന തുക, യാതൊരു പ്രവര്‍ത്തനവും നടത്താതെ തന്നെ കമ്പനിയുടെ ലാഭമായി കാണിച്ച് നികുതിയിളവുകള്‍ നേടുകയും ആത്യന്തികമായി നിയമാനുസൃതമായ പണമായി തിരിച്ച് മാതൃ രാജ്യത്തേക്ക് കൊണ്ടുവരാനും സാധിക്കുന്നു. ഇങ്ങനെ കള്ളപ്പണ നിക്ഷേപങ്ങള്‍ നടത്തിയ ആപ്പിള്‍, നൈക്ക് എന്നിങ്ങനെയുള്ള ആഗോള ഭീമന്‍മാരുടെ വിവരങ്ങള്‍ പാരഡൈസ് പേപ്പേഴ്‌സ് 2017-ല്‍ പുറത്തുവിടുകയുണ്ടായി. ഈ കമ്പനികള്‍ അവരുടെ മറ്റുരാജ്യങ്ങളില്‍ നിന്നുള്ള വിറ്റുവരവ് നികുതികള്‍ കുറവുള്ള രാജ്യങ്ങളിലെ ഷെല്‍ കമ്പനികളില്‍ നിന്നുള്ള ലാഭമായി കാണിക്കുന്നു. ഉദാഹരണമായി, നൈക്ക് കമ്പനി അവരുടെ മൊത്തം വിറ്റുവരവ് കോര്‍പ്പറേറ്റ് നികുതിയില്ലാത്ത ബെര്‍മുഡ എന്ന ദ്വീപസമൂഹത്തിലുള്ള രാജ്യത്തുനിന്നാണെന്നു കാണിക്കുക വഴി ലാഭം മുഴുവന്‍ നികുതി നല്‍കാതെ വെളിപ്പിച്ചെടുക്കുന്നു.
കള്ളപ്പണ നിക്ഷേപകര്‍ക്ക് എന്തു സംഭവിക്കുന്നു?
അതീവരഹസ്യമായി സൂക്ഷിക്കുന്നതിനാല്‍ കള്ളപ്പണ നിക്ഷേപങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ സാധാരണഗതിയില്‍ പുറത്തു വരാൻ സാധ്യത വിരളമാണ്. പക്ഷേ, കുറച്ചു വര്‍ഷങ്ങളായി എല്ലാ വര്‍ഷവും ഇത്തരം നിക്ഷേപങ്ങളുടെ വിവരങ്ങള്‍ പുറത്തു വരാറുണ്ട്. 2016-ല്‍ മൊസ്സ്ബാക്ക് ഫോണ്‍സേക എന്ന ഓഫ് ഷോര്‍ സേവനദാതാക്കളുടെ വിവരങ്ങള്‍ പുറത്തുവരികയും ജര്‍മന്‍ പത്രങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഇത്തരം സംഭവങ്ങളുടെ ചുരുളഴിയുന്നത്. പിന്നീടുള്ള അന്വേഷണത്തില്‍ മൊസ്സ്ബാക്ക് ഫോണ്‍സേക തന്നെ മൂന്നു ലക്ഷത്തോളം ഷെല്‍ കമ്പനികള്‍ രൂപികരിച്ച് കള്ളപ്പണനിക്ഷേപങ്ങള്‍ നടത്തിയതായി തെളിയുകയും കമ്പനിയുടെ പ്രൊമോട്ടേഴ്സിനെ അറസ്റ്റു ചെയ്യുകയും ചെയ്തു.
പനാമ പേപ്പേഴ്സിലൂടെ പുറത്തു വന്ന വിവരങ്ങള്‍ ലോകത്താകമാനം കള്ളപ്പണനിക്ഷേപകര്‍ക്കെതിരെ വലിയ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇത് പല രാജ്യങ്ങളിലെ പ്രമുഖരെയും വിചാരണയ്ക്ക് വിധേയമാക്കുകയും ഇരുമ്പഴിക്കുള്ളില്‍ ആക്കുകയും ചെയ്തു. പാന്‍ഡോര പേപ്പേഴ്സില്‍ പരാമര്‍ശിക്കപ്പെട്ട ഇക്വഡോര്‍ പ്രസിഡൻറ് ഗ്വില്ലര്‍ മോലസോയുടെ അനധികൃത സ്വത്തു സമ്പാദ്യത്തെ പറ്റിയുള്ള അന്വേഷണത്തിന് തുടക്കമിട്ടതാണ് ഇത്തരം നീക്കങ്ങള്‍ക്കിടയിലുള്ള ഏറ്റവും പുതിയ വാര്‍ത്ത. ഇത്തരം സംഭവ വികാസങ്ങള്‍ കള്ളപ്പണ നിക്ഷേപകരെ അടിമുടി അസ്വസ്ഥരാക്കുകയും, കള്ളപ്പണ നിക്ഷേപങ്ങള്‍ കൂടുതല്‍ സുരക്ഷിത മാര്‍ഗങ്ങളിലേക്ക് ഒളിപ്പിക്കാനുമുള്ള തന്ത്രങ്ങളില്‍ വ്യാപൃതരാക്കുകയും ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നിരുന്നാലും, ലോകത്തിലെ മിക്കവാറും രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന നിയമസംഹിതയിലെ പഴുതുകള്‍ കണ്ടെത്തി അനധികൃത നിക്ഷേപമുള്ളവര്‍ രക്ഷപ്പെടുന്നതായാണ് ചരിത്രം ഓര്‍മപ്പെടുത്തുന്നത്.

2016 ല്‍ പുറത്തുവന്ന പനാമ പേപ്പേഴ്സിന്റെ വെളിപ്പെടുത്തലുകള്‍ പ്രകാരം അമിതാബ് ബച്ചന്‍, ഐശ്വര്യാ റായ് ബച്ചന്‍, അജയ് ബിജിലി, ഡി.എല്‍.എഫിന്റെ ചില പ്രൊമോട്ടേഴ്‌സ് എന്നിവരുടെ അനധികൃത നിക്ഷേപങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി. പനാമാ പേപ്പേഴ്സില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാരുടെ നിക്ഷേപങ്ങളുടെ നിജസ്ഥിതി വിലയിരുത്താനായി കേന്ദ്രസര്‍ക്കാര്‍ മള്‍ട്ടി ഏജന്‍സി ഗ്രൂപ്പ് എന്ന ഒരു അന്വേഷണ സംഘം രൂപീകരിച്ചു. ഇന്ത്യന്‍ പൗരത്വമുള്ള 426 വ്യക്തികള്‍ 20,000 കോടി രൂപ കള്ളപ്പണമായി വിദേശത്ത് നിക്ഷേപിച്ചു എന്ന അനുമാനത്തിലെത്തിയെങ്കിലും 1000 കോടി രൂപയ്ക്കു മാത്രമേ എന്തെങ്കിലും തുമ്പുണ്ടാക്കാന്‍ സാധിച്ചിട്ടുള്ളൂ.
ചുരുക്കത്തില്‍, കള്ളപണത്തിന്റെ അഞ്ച് ശതമാനം തുക മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞുള്ളൂവെന്നു മാത്രമല്ല അന്വേഷണം വളരെ വേഗം വിസ്മൃതിയിലാണ്ടു പോവുകയും ചെയ്തു എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍, കള്ളപ്പണ നിക്ഷേപകര്‍ക്കെതിരെ അടുത്തിടെ ഉണ്ടായ ചില നടപടികള്‍ കള്ളപ്പണ നിര്‍മ്മാര്‍ജ്ജനത്തിലേക്കുള്ള ശുഭസൂചനയായി കരുതാം. ഉദാഹരണമായി, പനാമ പേപ്പേഴ്സ് പുറത്തുവിട്ട പട്ടികകളില്‍ ഉള്‍പ്പെട്ട നാനൂറോളം വ്യക്തികള്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് നല്കിയെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കള്ളപ്പണ നിക്ഷേപമുള്ളവർക്കെതിരെ ഇങ്ങനെയുള്ള നീക്കം ഒരു പക്ഷേ ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ സംഭവമാകാം. അങ്ങനെ വിവരങ്ങള്‍ തെളിവുസഹിതം പുറത്തുവന്നാലും ബ്ലാക്ക് മണി (വെളിപ്പെടുത്താത്ത വരുമാനത്തേയും സ്വത്തിനെയും സംബന്ധിച്ച) ആക്ട് പ്രകാരം 120 ശതമാനം നികുതിയും, പിഴയുമടച്ച് കോടതി വ്യവഹാരങ്ങളില്‍ നിന്ന് മുക്തിനേടാവുന്നതേയുള്ളു.
അനില്‍ അംബാനിയുടെ വ്യത്യസ്ത കമ്പനികള്‍ കഴിഞ്ഞ വര്‍ഷത്തെ ബാങ്കുകളിലെ തിരിച്ചടവ് മുടക്കിയ സാഹചര്യത്തില്‍ കോടതി ഇടപെടുകയും 716 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ കെട്ടിവെക്കാന്‍ അദ്ദേഹത്തോട് അവശ്യപ്പെടുകയുമുണ്ടായി. എന്നാല്‍ തന്റെ അക്കൗണ്ടുകള്‍ കാലിയായതിനാല്‍ പാപ്പരാണെന്നും തനിക്ക് ഇന്ത്യയിലോ, വിദേശത്തോ യാതൊരു തരത്തിലുമുള്ള നിക്ഷേപങ്ങളില്ലെന്നും അനില്‍ അംബാനി കോടതിയെ അറിയിക്കുകയും ചെയ്തു.
പാന്‍ഡോര പേപ്പേഴ്‌സ് കണക്കുകള്‍ പ്രകാരം വ്യത്യസ്ത ദ്വീപുകളില്‍ 18 കമ്പനികളിലായി അദ്ദേഹത്തിന് 1.3 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ നിക്ഷേപമുണ്ടെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നത്. അതിനാല്‍ ഈ നിക്ഷേപങ്ങള്‍ അദ്ദേഹം മന:പ്പൂര്‍വം കോടതിയില്‍ മറച്ചുവെച്ച് നിയമനടപടികളില്‍ നിന്ന് താല്കാലികമായി ഒഴിഞ്ഞുമാറാന്‍ സാധിച്ചു എന്ന അനുമാനത്തിലെത്താന്‍ ബുദ്ധിമുട്ടില്ല. 2020-ല്‍ കോക്‌സ് ആന്‍ഡ് കിങ്സ് പ്രൊമോ ആയ അജയ് അജിത് പീറ്റര്‍ കേക്കറെ യെസ് ബാങ്ക് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് അറസ്റ്റ് ചെയ്യുകയുണ്ടായി. അനധികൃത നിക്ഷേപമുണ്ടെന്ന വെളിപ്പെടുത്തല്‍ പാന്‍ഡോര പേപ്പേഴ്സില്‍ വരുന്നതിനു മുമ്പുതന്നെ അദ്ദേഹം ജയിലിലായി എന്നതാണ് വാസ്തവം.
വിജയ് മല്യ, നീരവ് മോഡി എന്നിവര്‍ സമാനമായ കള്ളപ്പണം വെളുപ്പിക്കല്‍/ബാങ്കു വായ്പ തിരിച്ചടവ് മുടങ്ങിയതുകൊണ്ടോ രാജ്യം വിടേണ്ടിവന്നവരാണ്. ഇവരൊന്നും പാന്‍ഡോര പേപ്പേഴ്സിലോ, പനാമ പേപ്പേഴ്സിലോ കള്ളപ്പണ നിക്ഷേപമുണ്ടെന്ന പേരു വന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രം രാജ്യം വിടേണ്ടി വന്നവരല്ല എന്നുസാരം. സ്വിസ് ഫെഡറല്‍ ടാക്‌സ് അഡ്മിനിസ്‌ട്രേഷന്‍ രണ്ടു തവണയായി (സെപ്റ്റംബര്‍ 2009, ഒക്ടോബര്‍ 2020) ഓട്ടോമാറ്റിക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്‍ഫര്‍മേഷന്‍ പ്രകാരം സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ള ഇന്ത്യന്‍ പൗരന്മാരെ സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിനു കൈമാറിയിരുന്നു. എന്നാല്‍, ഈ വ്യക്തികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ യാതൊരു നിയമ നടപടിയും സ്വീകരിച്ചിട്ടില്ല. 2021 മെയ് വരെ കള്ളപ്പണമായി 20,078 കോടി രൂപ കണ്ടെത്തിയതായി ധനകാര്യ സഹമന്ത്രി ലോക്സഭയില്‍ അറിയിക്കുകയുണ്ടായി. പക്ഷേ ഇത്തരം കണ്ടെത്തലുകള്‍ വലിയ മഞ്ഞുമലയുടെ ചെറിയ ഭാഗമാകാനാണ് സാധ്യത. കൂടാതെ, ഇത് തിരിച്ചു സമ്പദ്വ്യവസ്ഥയിലെത്തിക്കാനുള്ള നടപടികള്‍ ഇപ്പോഴും ശൈശവ ദശയിലാണെന്ന് വേണം അനുമാനിക്കാന്‍. രാഷ്ട്രീയ നേതൃത്വങ്ങളുടെ അജ്ഞതയോ, പിടിപ്പുകേടോ ഇച്ഛാശക്തി ഇല്ലായ്മയോ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കാന്‍ കാരണമാകാം.
നോട്ടു നിരോധനവും കള്ളപ്പണവും
ഇന്ത്യയില്‍ സര്‍ക്കുലേഷനില്‍ ഉണ്ടായിരുന്ന 17.97 കോടി രൂപയുടെ 86.4 ശതമാനമായ 15.41 ലക്ഷം കോടി രൂപയുടെ 500 രൂപയും ആയിരം രൂപയുമാണ് 2016 നവംബര്‍ 8 ന് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്. നിരോധിച്ച 15.41 ലക്ഷം കോടി രൂപയില്‍ തിരിച്ചെത്താത്തത് വെറും 10,720 കോടി രൂപ മാത്രമേയുള്ളു എന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2018 ആഗസ്റ്റില്‍ പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. അതായത്, നോട്ടു നിരോധനത്തിലൂടെ തിരിച്ചെത്താത്തത് സമ്പദ്വ്യവസ്ഥയില് സര്‍ക്കുലേഷനിലുള്ള നോട്ടുകളുടെ നാമമാത്ര വിഹിതമായ 0.7 ശതമാനം മാത്രമാണ്.

ഇത് ഫലത്തില്‍ കള്ളപ്പണം ഇല്ലാതാക്കുക എന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ നോട്ടുനിരോധനം തകിടം മറിച്ചുവെന്ന് സാരം. ഇന്ത്യയില്‍ പണത്തിന്റെ രൂപത്തില്‍ സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം ആകെ സര്‍ക്കുലേഷനിലുള്ള നോട്ടുകളുടെ വെറും അഞ്ചു ശതമാനം മാത്രമേയുള്ളുവെന്ന കണക്കുള്ളപ്പോഴാണ് നോട്ടുനിരോധനം നടപ്പിലായതെന്നും ശ്രദ്ധേയമാണ്. കൂടാതെ, രാജ്യത്ത് കള്ളപ്പണം ഏറ്റവും കൂടുതല്‍ നിക്ഷേപിക്കുന്നത് റിയല്‍ എസ്റ്റേറ്റ്, ഷെല്‍ കമ്പനികള്‍, ബിനാമി ഇടപാടുകള്‍, ബുള്ള്യന്‍ മാര്‍ക്കറ്റുകള്‍, മറ്റു ആസ്തികള്‍ എന്നിവയിലാണ്. ഇത്തരം നിക്ഷേപങ്ങള്‍ കണ്ടെത്തുന്നതും, തിട്ടപ്പെടുത്തുന്നതും ക്രോഢീകരിക്കുന്നതും ക്ലേശകരമായ പ്രക്രിയയാണ്. ഈ തെളിവുകള്‍ നോട്ട് നിരോധനത്തിലൂടെ കള്ളപണം ഇല്ലതാക്കാമെന്ന വാദത്തിന്റെ മുനയൊടിയുക മാത്രമല്ല ഈ പദ്ധതിയുടെ തന്നെ സാംഗത്യത്തെപ്പോലും ചോദ്യം ചെയ്യാന്‍ പര്യാപ്തമായിരിക്കുകയാണ്.
നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതങ്ങള്‍ സമ്പദ്വ്യവസ്ഥയുടെ സമസ്ത മേഖലകളെയും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ദോഷമായി ബാധിച്ചു എന്ന് ആ കാലഘട്ടത്തില്‍ നടന്ന വ്യത്യസ്ത സംഭവ വികാസങ്ങളില്‍ നിന്ന് വ്യക്തമായതാണ്. ഇത് അക്ഷരാര്‍ത്ഥത്തില്‍ ബാധിച്ചത് പാവപ്പെട്ടവരെയും, സാധാരണ ജനവിഭാഗത്തെയുമാണ്. ഇന്ത്യയിലെ മൊത്തം തൊഴിലാളികളില്‍ 85 ശതമാനത്തോളം തൊഴില്‍ നല്‍കുന്ന അസംഘടിത മേഖലയെ ദുര്‍ബലപ്പെടുത്തിയതായി സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമിയുടെ(സി.എം.ഐ.ഇ) പഠനം വെളിപ്പെടുത്തുകയുണ്ടായി. ഇത് മൂലം രാജ്യത്തെ വ്യവസായ മേഖലയില്‍ മാത്രം ഉണ്ടായ തൊഴില്‍ നഷ്ടം ഏകദേശം 15 ലക്ഷത്തിലധികമാണ്. 2009-ല്‍ അമേരിക്കയില്‍ ഉടലെടുത്ത് ലോക രാജ്യങ്ങളെ ആകമാനം ത്രസിച്ച ആഗോള സാമ്പത്തിക പ്രതിസന്ധിപോലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിച്ചിരുന്നില്ല എന്നതാണ് പഠനങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍, 2016-ല്‍ രാജ്യത്ത് നടപ്പിലാക്കിയ നോട്ട് നിരോധനം സമ്പദ് വ്യവസ്ഥയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ആഘാതമേല്പിച്ചു. ഇതിനെ തുടര്‍ന്ന് 2017-ല്‍ കാര്യമായ മുന്നൊരുക്കമില്ലാതെ തുടങ്ങിയ ചരക്കു-സേവന നികുതി (ജി.എസ്.ടി) ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിച്ചു.

ഈ പ്രത്യാഘാതങ്ങളില്‍ നിന്ന് കരകേറാന്‍ ശ്രമിക്കുന്നതിനിടയിലുണ്ടായ കോവിഡ് മഹാമാരി സൃഷ്ടിച്ച ലോക്ക് ഡൗണും, തൊഴില്‍ നഷ്ടവും, സാമ്പത്തിക പ്രതിസന്ധിയും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. കോവിഡാനന്തര കാലഘട്ടത്തില്‍പ്പോലും കോവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യതകളും, ഉയരുന്ന അന്താരാഷ്ട്ര എണ്ണവിലയും ഇറക്കുമതി ചെലവുകളും രാജ്യത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികളിലേക്ക് തള്ളിവിടും എന്നത് സംശയാതീതമായ വസ്തുതയാണ്.
ഈ സംഭവ വികാസങ്ങള്‍ സാധാരണ പൗരന്‍മാരുടെ ജീവിതം അനുദിനം ദുരിതപൂര്‍ണമാക്കിയിരിക്കുകയാണ്. മറുവശത്ത് ശത കോടീശ്വരന്‍മാര്‍ അനധികൃത സമ്പാദ്യങ്ങള്‍ നടത്തുകയും, വിദേശ രാജ്യങ്ങളില്‍ വന്‍ കള്ളപ്പണ നിക്ഷേപങ്ങള്‍ നടത്തി സുഖ സുഷുബ്ധിയില്‍ ജീവിതം മുന്നോട്ടു നയിക്കുകയും ചെയ്യുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ, പാന്‍ഡോര പേപ്പറുകളിലൂടെ വെളിപ്പെട്ടത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാകാം. അതായത്, നോട്ട് നിരോധനം സൃഷ്ടിച്ച അലയൊലികളില്‍ നിന്ന് രാജ്യം മോചിതമാകാതെ സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുമ്പോഴും കള്ളപ്പണം എന്ന വിഷയം ഇന്ത്യയില്‍ രാഷ്ട്രീയ- സാമൂഹ്യ- സാംസ്‌കാരിക- സാമ്പത്തിക രംഗത്ത് ചൂടേറിയ വാഗ്വാദങ്ങള്‍ക്ക് കാരണമാകുന്നു. അതിലൊന്ന് മാത്രമാണ് പാന്‍ഡോര പേപ്പേഴ്‌സിലൂടെ ഇപ്പോള്‍ പുറത്തുവന്ന വെളിപ്പെടുത്തലുകള്‍.
കള്ളപ്പണവും സാമ്പത്തിക പ്രത്യാഘാതങ്ങളും ഒരു രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ഒന്നാകെ പ്രതിസന്ധിയിലാക്കാന്‍ കള്ളപ്പണത്തിനു കെല്‍പ്പുണ്ടെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. പ്രത്യേകിച്ചും, രാജ്യത്ത് കള്ളപ്പണത്തിന്റെ ആധിക്യമുണ്ട് എന്ന അഭിപ്രായം സാമ്പത്തിക വിദഗ്ദ്ധരുടെ ഇടയില്‍ നിലനില്‍ക്കുമ്പോള്‍. ചാക്രീയ പ്രവര്‍ത്തനങ്ങളിലൂടെ നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഊര്‍ജ്ജമാകേണ്ട വിഭവങ്ങളാണ് കള്ളപ്പണമായി വിദേശ രാജ്യങ്ങളിലേക്ക് കടത്തിക്കൊണ്ടുപോയി നിക്ഷേപിക്കപ്പെടുന്നത് എന്നതാണ് വാസ്തവം. രാജ്യത്തിനു പുറത്തേക്കു പോകുന്ന ധനത്തിനു നികുതി കിട്ടാത്തത് സര്‍ക്കാരുകള്‍ക്ക് വരുമാന നഷ്ടമുണ്ടാക്കുന്നതിലുപരിയായി ധനകമ്മി വര്‍ദ്ധിക്കുന്നതിനും, വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസ്വരൂപികരണത്തിനും പ്രതിബന്ധങ്ങള്‍ സൃഷ്ട്ടിക്കും. രാജ്യത്തെ പണം വിദേശത്തേക്ക് കടത്തുന്നത് നമ്മുടെ പുതിയ നിക്ഷേപ സാധ്യതകള്‍ക്കും അതുവഴി അനവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യതകള്‍ക്ക് മങ്ങലേല്പിക്കുകയും ചെയ്യുന്നു. കള്ളപ്പണം വിദേശത്തേക്ക് മാറ്റപ്പെടുമ്പോള്‍ സൃഷ്ടിക്കപ്പെടേണ്ട വ്യത്യസ്ത ഗുണാങ്കങ്ങള്‍ അഥവാ മള്‍ട്ടിപ്ലയേര്‍സ് (തൊഴില്‍ മള്‍ട്ടിപ്ലയേര്‍, വരുമാന മള്‍ട്ടിപ്ലയേര്‍) ഇല്ലാതാക്കുന്നത് സമ്പദ്വ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കും. സര്‍ക്കാരുകളുടെ പല നയങ്ങളുടെയും (പ്രത്യേകിച്ച് പണ നയം) ഉദേശ്യ ലക്ഷ്യങ്ങളെപ്പോലും തകിടം മറിക്കാന്‍ കള്ളപ്പണ നിക്ഷേപങ്ങള്‍ക്ക് പ്രാപ്തിയുണ്ടന്നുള്ളതാണ് യാഥാര്‍ത്ഥ്യം.
അനധികൃത സ്വത്തു സമ്പാദനം സമൂഹത്തില്‍ വരുമാനത്തിന്റെയും, സ്വത്തിന്റെയും വിതരണത്തില്‍ അസമത്വo സൃഷ്ടിക്കുകയും, സാമൂഹിക ഘടനയെപ്പോലും ദോഷമായി ബാധിക്കുകയും ചെയ്‌തേക്കാം. ഇതില്‍ നിന്ന് ഉടലെടുക്കുന്ന അസന്തുലിതാവസ്ഥ വര്‍ത്തമാനകാലത്ത് നിലനില്‍ക്കുന്ന സാമ്പത്തിക ഉച്ചനീച്ചത്വം കൂടുതല്‍ ഭീതിദമാക്കും. വേള്‍ഡ് ഇനിക്വാളിറ്റി ഡാറ്റാ ബേയ്‌സ് പ്രകാരം 1990-ല്‍ ഇന്ത്യയിലെ ഒരു ശതമാനം ജനങ്ങള്‍ ദേശീയ വരുമാനത്തിന്റെ 11 ശതമാനം കൈകാര്യം ചെയ്യുന്ന സാഹചര്യത്തില്‍ നിന്ന് 2019-ല്‍ എത്തുമ്പോള്‍ ഇത് 21 ശതമാനമായി ഉയര്‍ന്നതായി കണക്കാക്കിയിരിക്കുന്നു. അതായത്, 99 ശതമാനം ജനങ്ങളുടെ അധീനത്തിലുണ്ടായിരുന്ന 89 ശതമാനം ദേശീയ വരുമാനം കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലത്തിനുള്ളില്‍ ക്ഷയിച്ച് 79 ശതമാനത്തിലെത്തി. തദ്ഫലമായി ദേശീയ വരുമാനം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ബഹുഭൂരിപക്ഷം ജനങ്ങളും പിന്തള്ളപ്പെടുന്നതായിട്ട് കാണാന്‍ സാധിക്കും. ലൂക്കാസ് ചാന്‍സലും തോമസ് പിക്കറ്റിയും കൂടി സംയുക്തമായി 2017-ല്‍ പ്രസിദ്ധീകരിച്ച ‘ഇന്ത്യയിലെ വരുമാന അസമത്വം 1922 മുതല്‍ 2015 വരെ: ബ്രിട്ടീഷ് രാജ് മുതല്‍ ബില്യണയര്‍ രാജ് വരെ' എന്ന ശ്രദ്ധേയമായ പഠനം ഭാരതത്തിലെ വളര്‍ന്നുവരുന്ന സാമ്പത്തിക അസമത്വത്തിന്റെ നേര്‍ക്കാഴ്ച്ചയാണ്.
രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയും, സാധാരണ ജനത അതിജീവനത്തിനായി കഷ്ടപ്പെടുമ്പോഴും, രാജ്യത്തെ ശതകോടീശ്വരന്‍മാരുടെ സ്വത്തില്‍ കോവിഡ് കാലത്ത് പതിന്മടങ്ങ് വര്‍ദ്ധനയുണ്ടായി. അനുദിനം ഉയരുന്ന ഇന്ധന വിലയും അതിലൂടെ സംജാതമാകുന്ന പണപ്പെരുപ്പവും സാധാരണക്കാരുടെ ജീവിതം വരും നാളുകളിലും ക്ലേശകരമാക്കും. മാറുന്ന ലോകക്രമത്തില്‍ കോവിഡാനന്തര കാലഘട്ടം സാമ്പത്തിക അസമത്വം വീണ്ടും വഷളാക്കാനുള്ള സാഹചര്യമാണ് സംജാതമായിരിക്കുന്നത് എന്ന് ഈ രംഗത്തെ വിദഗ്ധര്‍ അടിവരയിടുന്നു. ഈ പ്രതിഭാസത്തില്‍ രാജ്യത്തെ സമ്പത്ത് വിദേശത്തേക്ക് കടത്തിക്കൊണ്ടു പോയി വെളിപ്പിക്കുന്നവര്‍ക്ക് വ്യക്തമായ സ്വാധീനം ചെലുത്താന്‍ കഴിയുന്നു എന്ന നിഗമനത്തില്‍ എത്തിച്ചേരാന്‍ ബുദ്ധിമുട്ടില്ല. കള്ളപ്പണം സമ്പദ്വ്യവസ്ഥയിലുണ്ടാക്കുന്ന സാമൂഹിക-സാമ്പത്തിക ആഘാതങ്ങളെക്കാള്‍ ഉപരിയായി ഇത്തരം വിഭവങ്ങളുടെ ദുരുപയോഗം രാജ്യസുരക്ഷയ്ക്ക് പോലും ഭീഷണി ഉയര്‍ത്താന്‍ ശേഷിയുള്ളതാണ്.
നിഗമനങ്ങള്‍
സച്ചിന്റെ പേര് പട്ടികയില്‍ ഉള്‍പ്പെട്ടപ്പോള്‍ തന്നെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ വാര്‍ത്ത നിരാകരിക്കുകയും 2016-ല്‍ തന്നെ ഇത്തരം നിക്ഷേപങ്ങള്‍ പിന്‍വലിച്ചതായും തന്റെ എല്ലാ നിക്ഷേപങ്ങളും ആദായനികുതി വകുപ്പിനെ അറിയിച്ചതായുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവന ശ്രദ്ധയില്‍ പ്പെടുകയുണ്ടായി. എന്നിരുന്നാലും, അദ്ദേഹത്തിന്റെ പേര് കള്ളപ്പണ നിക്ഷേപകരുടെ പട്ടികയില്‍ ഉള്‍പ്പെട്ടത് ആരാധകരില്‍ സൃഷ്ട്ടിച്ച അസന്തുഷ്ടിയില്‍ നിന്ന് അവര്‍ പൂര്‍ണമായി മുക്തി നേടിയിട്ടില്ല എന്ന് വേണം കരുതാന്‍.

2011-ല്‍ രണ്ടാം യൂ.പി.എ സര്‍ക്കാരിന്റെ കാലത്ത് ധനകാര്യ വകുപ്പ് മന്ത്രാലയം എന്‍.ഐ.പി.എഫ്.പി, എന്‍.സി.എ.ഇ.ആര്‍, എന്‍.ഐ.എഫ്.എം എന്നീ മൂന്നു ഗവേഷണസ്ഥാപനങ്ങളെ രാജ്യത്തെ കള്ളപ്പണത്തിന്റെ വ്യാപ്തി നിര്‍ണയിക്കാൻ ചുമതലപ്പെടുത്തി. ഇതില്‍ എന്‍. ഐ. പി. എഫ്. പി യുടെ പഠനം 2009-10 കാലഘട്ടത്തില്‍ രാജ്യത്തെ കള്ളപ്പണത്തിന്റെ അളവ് രാജ്യത്തെ ആഭ്യന്തര ഉല്പാദനത്തിന്റെ 72 ശതമാനമാണെന്ന നിഗമനത്തിലെത്തി. ഏകദേശം സമാനമായ കണ്ടെത്തലാണ് എന്‍. സി.എ.ഇ.ആറു0 (2010-11-ല്‍ ആഭ്യന്തര ഉല്പാദനത്തിന്റെ 71 മുതല്‍ 79 ശതമാനം വരെ ആകാം) നടത്തിയത്. എന്‍.ഐ.എഫ്.എം ന്റെ പഠന പ്രകാരം കള്ളപ്പണത്തിന്റെ തോത് ആഭ്യന്തര ഉല്പാദനത്തിന്റെ 10 ശതമാന0 മാത്രമാണ്. സ്ഥാപനങ്ങള്‍ വ്യത്യസ്ത രീതിശാസ്ത്രമാണ് കള്ളപ്പണം തിട്ടപ്പെടുത്തുന്നതിനായി സ്വീകരിച്ചതെങ്കിലും ഈ പഠനങ്ങളില്‍ നിന്ന് ഇന്ത്യയിലെ കള്ളപ്പണത്തിന്റെ എല്ലാവര്‍ക്കും സ്വീകാര്യമായ മൂല്യനിര്‍ണയം നടത്തുക എന്നത് അസാധ്യമാണ്. ആദ്യത്തെ രണ്ട് പഠനങ്ങള്‍ മുഖവിലക്കെടുത്താല്‍പ്പോലും ആഭ്യന്തര ഉല്പാദനത്തിന്റെ നാലില്‍ മൂന്നു ഭാഗവും കള്ളപ്പണമാണെന്നത് ആശങ്കാ ജനകമാണ്.
അതിലുപരിയായി, ഈ പഠനങ്ങളിലെ നിഗമനങ്ങളില്‍ നിന്നും മറനീക്കി പുറത്തു വരുത്തുവരുന്നത് രാജ്യത്ത് നിലനില്‍ക്കുന്ന സമാന്തര സമ്പദ് വ്യവസ്ഥയുടെ പരിച്ഛേദം കൂടിയാണ്. കള്ളപ്പണത്തിന്റെ വ്യാപ്തിയെ സംബന്ധിച്ച് സാമ്പത്തിക ശാസ്ത്ര വിദഗ്ധര്‍ക്കിടയില്‍ അഭിപ്രായ സമന്വയം ഇല്ലാത്തതും ഇതിന്റെ വ്യാപ്തിയെ സoബന്ധിച്ച വ്യക്തമായ കണക്കുകള്‍ ലഭ്യമാകാത്തതും ആണ് കള്ളപ്പണ നിര്‍മാര്‍ജ്ജന യജ്ഞത്തില്‍ സര്‍ക്കാരുകള്‍ക്ക് പലപ്പോഴും തിരിച്ചടിയാകുന്നത്. സര്‍ക്കാരുകള്‍ അനധികൃത സമ്പാദ്യം തടയാന്‍ നിയമനിര്‍മ്മാണവുമായി മുന്നോട്ടുപോകുന്ന സാഹചര്യം ഊര്‍ജ്ജിതമാക്കുമ്പോള്‍ കള്ളപ്പണലോബി അതിനെ തരണം ചെയ്യാന്‍ നിയമത്തിലെ പഴുതുകള്‍ കണ്ടെത്താനുള്ള ഗവേഷണങ്ങളില്‍ വ്യാപൃതരായിരിക്കുന്നു എന്ന് വേണം മനസ്സിലാക്കാന്‍.
പാന്‍ഡോര പേപ്പേഴ്സിനു മുന്‍പ് (2020-ല്‍) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ പൗരന്‍മാരുടെ സ്വിസ്സ് ബാങ്കിലുള്ള ഫണ്ടുകളുടെ മൂല്യം 20,700 കോടി കവിഞ്ഞതായി നിജപ്പെടുത്തിയിരിക്കുന്നു. ഇത് കഴിഞ്ഞ 13 വര്‍ഷത്തെ ഉയര്‍ന്ന നിരക്കാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ ഫണ്ടുകളെല്ലാം കള്ളപ്പണം എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കില്ല എന്ന് സ്വിസ് ബാങ്ക് വാദിക്കുമ്പോഴും നിക്ഷേപങ്ങളുടെ വ്യക്തമായ തരം തിരിവ് പ്രദാനം ചെയ്യാത്തത് ഇത്തരം നിക്ഷേപങ്ങളുടെ കണ്ടെത്തല്‍ പ്രക്രിയയെ അതിസങ്കീര്‍ണമാക്കുന്നു.
പനാമ പേപ്പേഴ്സില്‍ അനധികൃത സ്വത്തു സമ്പാദ്യത്തെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്ന ശേഷവും രാജ്യത്തു നിന്നുള്ള കള്ളപ്പണ ഒഴുക്കില്‍ യാതൊരു കുറവും വന്ന തായി തെളിവുകള്‍ നിരത്താന്‍ സാധിക്കുകയില്ല. കള്ളപ്പണനിക്ഷേപങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നോട്ടുനിരോധനം ലക്ഷ്യപ്രാപ്തിയില്‍ എത്തിയില്ല എന്ന് മുകളില്‍ നടത്തിയ വിശകലനം അടിവരയിടുന്നു. കള്ളപ്പണനിയന്ത്രണത്തിനായി ഒരു പക്ഷെ ലോകത്തുതന്നെ ഏറ്റവുമധികം നയരൂപീകരണങ്ങള്‍ നടത്തിയ രാജ്യമാണ് നമ്മുടേത്. കള്ളപ്പണത്തിനു (വെളിപ്പെടുത്താത്ത വിദേശ വരുമാനവും, സ്വത്തും) നികുതി (2015), നോട്ടു നിരോധനം (2016), ബിനാമി കൈമാറ്റ നിരോധന (ഭേദഗതി) ആക്ട് (2016), കള്ളപ്പണ വെളിപ്പെടുത്തല്‍ പദ്ധതി (2017), ബിനാമി കൈമാറ്റ വിവരം നല്കുന്നവര്‍ക്കുള്ള സമ്മാന പദ്ധതി (2018) എന്നിവ ഇത്തരം എണ്ണമറ്റ പദ്ധതികളില്‍ ചിലതുമാത്രമാണ്.
അനധികൃത സമ്പാദ്യം ഒളിപ്പിക്കുന്നതിന് കള്ളപ്പണക്കാര്‍ നൂതന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുമ്പോള്‍ അതിനു തടയിടാൻ സര്‍ക്കാരുകള്‍ മറ്റു രാജ്യങ്ങളുമായി ചേര്‍ന്ന് ബൃഹത്തായ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്. കള്ളപ്പണ നിക്ഷേപം കണ്ടുപിടിക്കുന്നതും, നികുതിചോര്‍ച്ച തടയുന്നതും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും, വികസനത്തിനും ഊര്‍ജ്ജമായി മാറും എന്നത് അസന്ദിഗ്ദ്ധമായ വസ്തുതയാണ്. നോട്ടുനിരോധനം കള്ളപ്പണത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തെ സാധൂകരിക്കാതെ പോയി. പാന്‍ഡോര പേപ്പേഴ്‌സിന്റെ വെളിപ്പെടുത്തല്‍ പോലും കള്ളപ്പണത്തിന്റെ കാണാക്കയങ്ങളിലേക്ക് ഇറങ്ങിചെല്ലാന്‍ സാധിക്കാതെ കിതക്കുന്ന സമ്പദ്വ്യവസ്ഥയായി ചുരുങ്ങുന്ന ചിത്രമാണ് നല്‍കുന്നത്. ഈ ചിത്രം നല്കുന്ന വ്യഥയാണ് നോട്ട്നിരോധനത്തിന്റെ ബാക്കിപത്രം. നോട്ട് നിരോധനത്തിന്റെ അഞ്ചാം വര്‍ഷത്തിലെങ്കിലും ഇതിന് അറുതി വരുത്താനുള്ള ശക്തമായ നിയമ നിര്‍മ്മാണം കൊണ്ടു വന്നാല്‍ മാത്രമേ കള്ളപ്പണത്തിനെതിരായ സന്ധിയില്ലാ സമരത്തില്‍ ഇന്ത്യയ്ക്ക് വിജയിക്കാനാകൂ.
കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവണ്‍മെന്റ് വനിതാ കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍
ന്യൂഡല്‍ഹിയിലെ സ്പീക്കേഴ്‌സ് റിസേര്‍ച്ച് ഇനിഷ്യേറ്റീവ് സെല്ലിലെ റിസേര്‍ച്ച് ഫെല്ലോ.
കെ.വി. ദിവ്യശ്രീ
Apr 26, 2022
9 Minutes Read
Delhi Lens
Apr 21, 2022
4 minutes read
Think
Mar 11, 2022
9 Minutes Read
എം.ബി. രാജേഷ്
Feb 04, 2022
13 Minutes Read
എന്‍.ഇ. സുധീര്‍
Feb 02, 2022
9 Minutes Read