കാലിഫോര്‍ണിയ;
മുതലാളിത്തത്തിനകത്തെ
സോഷ്യലിസ്റ്റ് പൊതുബോധം
കാലിഫോര്‍ണിയ; മുതലാളിത്തത്തിനകത്തെ സോഷ്യലിസ്റ്റ് പൊതുബോധം
28 Dec 2021, 10:38 AM
കാലം മാറ്റം വരുത്താത്തതായി ഒന്നുമില്ല. എല്ലാ ദര്‍ശനങ്ങള്‍ക്കും സാമ്പത്തിക സിദ്ധാന്തങ്ങള്‍ക്കും പതിറ്റാണ്ടുകളുടെ കൂലംകുത്തിയൊഴുക്കില്‍ സമൂല പരിവര്‍ത്തനം സംഭവിച്ചത് സങ്കല്‍പ്പമല്ല, യാഥാര്‍ത്ഥ്യമാണ്. സങ്കുചിതത്വത്തിന്റെ പുറംതോട് പൊട്ടിച്ച് സ്വാതന്ത്ര്യത്തിന്റെയും വിശാല വീക്ഷണത്തിന്റെയും വിഹായസ്സിലേക്കുള്ള യാത്ര മനുഷ്യന്‍ തുടരുകയാണ്. യാഥാസ്തികത്വം എങ്ങും എവിടെയും കീറത്തുണി പോലെ വലിച്ചെറിയപ്പെട്ടുകൊണ്ടിരിക്കുന്നു. സാങ്കേതിക വിദ്യ മനുഷ്യജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ അളവറ്റതാണ്. കായികാദ്ധ്വാനത്തോടൊപ്പം തലച്ചോറിന്റെ പ്രവര്‍ത്തനവും ധ്രുതഗതിയില്‍ ചലിച്ചപ്പോള്‍ വേര്‍തിരിവുകള്‍ എത്രപെട്ടന്നാണ് അപ്രത്യക്ഷമാകുന്നത്. എന്തും ഏതും മനുഷ്യനെ ഭിന്നിപ്പിക്കാനല്ല, ഒന്നിപ്പിക്കാനാണെന്ന് കരുതുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ ക്രമാതീതം വര്‍ധിക്കുകയാണ്.
എല്ലാ പ്രമാണങ്ങളും തോറ്റു പോയത് പട്ടിണിയുടെ മുന്നിലാണല്ലോ? ഉപജീവനത്തിന്റെ നൂതന വഴികള്‍ തീര്‍ത്ത ചിന്താ പ്രപഞ്ചങ്ങള്‍ മനുഷ്യകുലത്തെ ഒരു കുടക്കീഴിലേക്ക് ആനയിക്കുന്ന കാഴ്ച ആരെയും ത്രസിപ്പിക്കും. മനുഷ്യരാശിയുടെ യാത്ര ഇവ്വിധം തുടര്‍ന്നാല്‍ വേര്‍തിരിവിന്റെ ഇടം എന്നന്നേക്കുമായി അപ്രത്യക്ഷമാകും. ഓരോ യാത്രകളും സമ്മാനിക്കുന്ന പുതിയ പുതിയ അറിവുകള്‍ ഭിന്നിപ്പിന്റെ മതിലുകളാണ് തകര്‍ത്ത് മുന്നേറുന്നത്. ജനങ്ങളെ പഴമയുടെ ഉരക്കല്ലില്‍ തേച്ച് മിനുക്കി ആധുനിക യുഗത്തിന് അനുയോജ്യമായ മൂശയിലിട്ട് വാര്‍ത്തെടുക്കുമ്പോള്‍ തകര്‍ന്ന് തരിപ്പണമാകുന്നത് പ്രാകൃതത്ത്വത്തിന്റെ പിരമിഡുകളാണ്.

കമ്മ്യൂണിസത്തിനും മുതലാളിത്തത്തിനും വന്നുചേര്‍ന്ന ഭാവപ്പകര്‍ച്ചകള്‍ നമ്മുടെ കണ്‍മുന്നിലുണ്ട്. കമ്മ്യൂണിസം മാനവിക പക്ഷത്ത് അടിയുറച്ച് നിന്ന് കൂടുതല്‍ പ്രായോഗികമായി. മുതലാളിത്വം അതിന്റെ സഹജമായ ചൂഷണാത്മകതയെ പൂര്‍ണ്ണമായും കയ്യൊഴിയാതെ സോഷ്യലിസ്റ്റ് രീതിശാസ്ത്രത്തെ വരിക്കാനുള്ള ശ്രമത്തിലാണ്. സാങ്കേതിക രംഗത്തും പശ്ചാത്തല സൗകര്യ വികസനത്തിലും മുതലാളിത്വം അനിവാര്യമാണെന്ന് കരുതിയവരുടെ മുന്നില്‍ കമ്യൂണിസ്റ്റ് ചൈന ഒരു വലിയ ചോദ്യചിഹ്നമാണ് തീര്‍ത്തത്. അമേരിക്കയുടെ മൂക്കിന് താഴെ നിലകൊള്ളുന്ന ക്യൂബ സോഷ്യലിസ്റ്റ് സാമൂഹ്യഘടനയുടെ പ്രസക്തി അരക്കിട്ടുറപ്പിക്കുന്നു. സോഷ്യലിസം ഉപേക്ഷിച്ച രാജ്യങ്ങള്‍ തിരിച്ചു നടത്തത്തിന്റെ പാതയിലാണ്. മദ്ധ്യപൗരസ്ത്യ സമൂഹങ്ങള്‍ ലിബറലിസത്തെ നേഞ്ചോട് ചേര്‍ക്കാന്‍ തത്രപ്പെടുന്നത് ആരിലും ആവേശം ഉളവാക്കും.
ഇന്നലെവരെ മതവിരുദ്ധമെന്ന് ആണയിട്ടിരുന്ന പല കാര്യങ്ങളും മതനിഷിദ്ധമല്ലാതായി മാറിയത് വിശ്വാസികളിലുണ്ടാക്കിയ ഉണര്‍വ്വ് കണ്ടില്ലെന്ന് നടിക്കാനാവില്ല. ഏകശിലാ സംസ്‌കാരത്തില്‍ കെട്ടുപിണഞ്ഞു കിടക്കാന്‍ ആരും ഇഷ്ടപ്പെടുന്നില്ല. പുറംകാറ്റിന് വീശിയടിക്കാന്‍ പഴുതുകള്‍ നല്‍കാതെ കൊട്ടിയടച്ച വാതിലുകളെല്ലാം തള്ളിത്തുറക്കപ്പെട്ടിരിക്കുന്നു. ആരും ആരെയും കുറ്റപ്പെടുത്തുന്നില്ല. സഹകരണത്തിന്റെയും സ്വാംശീകരണത്തിന്റെയും മനോഭാവങ്ങള്‍ കൊണ്ട് സമൃദ്ധമാണ് ചുറ്റുവട്ടങ്ങള്‍. ലോകത്താകമാനം പൗര സ്വാതന്ത്ര്യത്തിന്റെ വസന്തമാണ് പുലരുന്നത്. ചൂടും തണുപ്പും മഴയും മാറി മാറി വരുന്നു. ആഗോളതാപനം ജീവജാലങ്ങളുടെ ഉയിരെടുക്കാതെ നോക്കാനുള്ള തീവ്ര യത്‌നമാണ് എല്ലായിടത്തും ഭരണകൂടങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ ഐക്യരാഷ്ട്രസഭ തന്നെ മുന്നിലുണ്ട്.

ഇതെല്ലാം ഓര്‍മ്മയില്‍ സൂക്ഷിച്ചാണ് അമേരിക്കയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കാലിഫോര്‍ണിയായിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ വിമാനമിറങ്ങിയത്. മഞ്ഞുമൂടിയ മരങ്ങളും മലകളും സമതലങ്ങളും നിറഞ്ഞ ദിക്കുകള്‍ ഡിസംബറില്‍ കാലിഫോര്‍ണിയ സ്റ്റേറ്റിലൂടെ യാത്ര ചെയ്യുമ്പോള്‍ കണ്ണിന് പുളകം നല്‍കുന്ന കാഴ്ചകളാണ്. വിവിധയിനം പഴവര്‍ഗ്ഗങ്ങളുടെ യാഡുകള്‍ ഉള്‍പ്പടെ മനോഹരമായ കൃഷിയിടങ്ങളാല്‍ തിങ്ങിനിറഞ്ഞ ഭൂപ്രദേശങ്ങള്‍ കാണേണ്ടതു തന്നെ. തണുപ്പാന്‍ കാലം ഇല പൊഴിച്ചിലിന്റേതാണ്. കായ്ക്കനികള്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന സമയമാണ് സമ്മര്‍. ചുറ്റും പച്ചപ്പട്ട് വിരിച്ച ദൃശ്യങ്ങള്‍. ജീവിക്കാന്‍ പറ്റിയ നാടാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ ബോദ്ധ്യമാകും. ആരും ആരുടെയും കാര്യങ്ങളില്‍ ഇടപെടുന്നില്ല. വ്യക്തി സ്വാതന്ത്ര്യം നിധി പോലെ കാക്കുന്ന മനുഷ്യര്‍. മതവും വിശ്വാസവും തെരുവിലും ജോലിയിടങ്ങളിലും പ്രസരിപ്പിക്കാത്ത ആള്‍ക്കൂട്ടം. ഇവിടെ ജോലിക്കായി വന്ന് പെട്ടാല്‍ തിരിച്ചുപോക്ക് ദുര്‍ലഭമെന്നാണ് അനുഭവസ്ഥരുടെ പ്രബലാഭിപ്രായം.
ആരും ആരുടെയും ജീവിതത്തിലേക്ക് എത്തിനോക്കാത്ത വിവേകികളാല്‍ ഈ രാജ്യം സമ്പന്നമാണ്. ജോലി വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കെല്ലാം അവസരങ്ങള്‍. ഓരോരുത്തരുമാണ് അവരവരെ നിയന്ത്രിക്കുന്നത്. എന്ന് കരുതി കയ്യേറ്റങ്ങളോ വാക്കേറ്റങ്ങളോ തെരുവിലെവിടെയും കാണാനാവില്ല. അപരര്‍ക്ക് അലോസരമുണ്ടാക്കുന്ന ശബ്ദമുയര്‍ത്തിയുള്ള സംസാരങ്ങളോ പൊട്ടിച്ചിരികളോ പൊതു ഇടങ്ങളില്‍ പോലും കേള്‍ക്കാന്‍ നന്നേ പ്രയാസം. കുറ്റകൃത്യങ്ങള്‍ സാമാന്യേന കുറവ്. അമേരിക്കയിലെ വിദേശ കുടിയേറ്റക്കാരില്‍ 24% വും കാലിഫോര്‍ണിയ സ്റ്റേറ്റിലാണ്. നിയമം അനുസരിക്കാന്‍ തല്‍പരരായ ജനത. ഉയര്‍ന്ന പൗരബോധമുള്ള സമൂഹം. എങ്ങും എവിടെയും വൃത്തിയുള്ള പരിസരം. സ്ത്രീപുരുഷ വിവേചനം ഒട്ടുമേയില്ല. എല്ലാവരും തുല്യര്‍. അനുകമ്പയര്‍ഹിക്കുന്നവര്‍ക്ക് മുന്തിയ പരിഗണന നല്‍കുന്ന ജനങ്ങള്‍. കൃത്രിമത്വമില്ലാത്ത ജീവിതം.

മുതലാളിത്ത സമൂഹമാണെങ്കിലും സോഷ്യലിസ്റ്റ് സ്വാധീനത്തില്‍ രൂപംകൊണ്ട പാവപ്പെട്ടവരെ ചേര്‍ത്തു പിടിക്കുന്ന പൊതു ബോധം. കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഓരോ നഗരത്തിലും ആഴ്ചച്ചന്തകള്‍. ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും അനന്ത സാദ്ധ്യതകള്‍. പൊതു വിദ്യാലയങ്ങള്‍ സുലഭം. ഭേദപ്പെട്ട ചികില്‍സാ സൗകര്യങ്ങള്‍. പരമ സ്വതന്ത്രരെങ്കിലും പൊതുവെ അച്ചടക്കമുള്ള യുവതലമുറ. വിനോദ കേന്ദ്രങ്ങളിലും പാര്‍ക്കുകളിലും ഉത്സവ സ്ഥലങ്ങളിലും പ്രകടമാകുന്നത് കുലീന പെരുമാറ്റം. എല്ലായിടത്തും നിറഞ്ഞ് നില്‍ക്കുന്ന ശാന്തത. പടക്കം പൊട്ടിക്കലോ മറ്റു ബഹളങ്ങളോ ഇല്ലാത്ത ക്രിസ്മസ് ആഘോഷങ്ങള്‍. ആരോഗ്യപൂര്‍ണ്ണമായ രാഷ്ട്രീയ സാംസ്‌കാരിക ചര്‍ച്ചകള്‍. കായിക വിനോദത്തിന് മികച്ച സൗകര്യങ്ങള്‍. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് നാമമാത്ര മേഖലകളിലെങ്കിലും ഇന്‍ഷൂറന്‍സ് പരിരക്ഷ. ഇതെല്ലാമാണ് കണ്ട കാഴ്ചയിലെയും കേട്ടു മനസ്സിലാക്കിയതിലെയും കാലിഫോര്‍ണിയ.
റോഡും വൃക്ഷങ്ങളും ചെറുകുന്നുകളും സമതലങ്ങളും മഞ്ഞുമൂടിക്കിക്കുന്ന ഹൈസിയറയിലെ പൈന്‍ക്രസ്റ്റ് ഞങ്ങള്‍ താമസിക്കുന്ന സാന്റൊ ക്ലാരയില്‍ നിന്ന് രണ്ടര മണിക്കൂര്‍ കാറില്‍ സഞ്ചരിച്ചാല്‍ എത്തുന്ന ദൂരത്താണ്. ഐസ് മൂടിയ കുന്നില്‍ നിന്ന് സ്‌നോ ട്യൂബില്‍ ഇരുന്ന് താഴേക്ക് വഴുതിപ്പോരുമ്പോള്‍ വിമാനം ലാന്റ് ചെയ്യുന്ന പ്രതീതിയാണ്. പൈന്‍ക്രസ്റ്റ് കണ്ടാല്‍ കണ്ണെത്താദൂരത്തോളം പഞ്ഞിക്കിടക്ക വിരിച്ചത് പോലെ തോന്നും. ജീവിതത്തിലാദ്യമായാണ് എങ്ങോട്ട് നോക്കിയാലും മഞ്ഞ് പുതച്ച് കിടക്കുന്ന ദേശം നേരില്‍ കാണുന്നത്. മഞ്ഞുമഴ പെയ്ത് ഐസ് മൂടിയ റോഡ് ചെറിയ ജെ.സി.ബി ഉപയോഗിച്ച് ഇടക്കിടെ ഐസ് മാറ്റി ഗതാഗത യോഗ്യമാക്കുന്നതും കാണാം. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ഏഴുമണിക്കൂര്‍ പസഫിക്ക് സമുദ്രത്തിന്റെ തീരത്തുകൂടെ റോഡ് മാര്‍ഗ്ഗം യാത്ര ചെയ്താല്‍ ലോസ് ഏഞ്ചല്‍സില്‍ എത്താം. സാന്‍സിമിയോണില്‍ വെച്ച് കടല്‍ തീരത്ത് വലിയ കൊമ്പുള്ള ഒരുതരം ഭീമന്‍ നീര്‍നായ്ക്കളെ (Walrus) കാണാനിടയായി. മുതലകള്‍ കരക്ക് കയറി കിടക്കുന്ന പോലെ അവ കടല്‍ തീരത്ത് നീണ്ടു നിവര്‍ന്ന് വിശ്രമിക്കുന്നു. ഇടക്ക് തലയുയര്‍ത്തി ശബ്ദമുണ്ടാക്കി പരസ്പരം പോരടിക്കുന്നതും ശ്രദ്ധയില്‍ പെട്ടു. ഈ ജീവികളെ ധാരാളം കാണുന്ന സ്ഥലമാണത്രെ സാന്‍സിമിയോണ്‍.
രാവിലെ പത്തുമണിക്ക് തുടങ്ങിയ നീണ്ട യാത്ര വാഹനം നിര്‍ത്തി വിശപ്പടക്കിയും നയന മനോഹര കാഴ്ചകള്‍ ആസ്വദിച്ചും കടലോരവും മലയോരവും താണ്ടി വൈകുന്നേരം ഏഴു മണിയോടെ ലോസ് ഏഞ്ചല്‍സില്‍ എത്തി. ക്രിസ്മസായതിനാല്‍ കടകമ്പോളങ്ങള്‍ വഴിയിലുടനീളം അടഞ്ഞ് കിടന്നു. അതിനാല്‍ ഉച്ച ഭക്ഷത്തിന് നന്നേ പ്രയാസപ്പെട്ടു. ചൂടുള്ള കാപ്പിയോ ചായയോ അത്യപൂര്‍വ്വമായേ മരംകോച്ചുന്ന തണുപ്പിലും കടകളില്‍ നിന്ന് ലഭിക്കൂ. കാലിലൂടെ കുളിര് തറച്ച് കയറുമ്പോഴും ആളുകള്‍ ഐസിട്ട പാനിയങ്ങളാണ് കുടിക്കുന്നത് എന്ന് കണ്ടപ്പോള്‍ ആശ്ചര്യം തോന്നി. ആയിരക്കണക്കിന് ഹെക്ടര്‍ കൃഷിസ്ഥലങ്ങളും ഫാം ഹൗസുകളുമാണ് റോഡിന്റെ സൈഡില്‍ കണ്ടത്. ജനവാസ കേന്ദ്രങ്ങള്‍ കുറവാണ്. ഒരു ടൗണില്‍ നിന്ന് തൊട്ടടുത്ത ടൗണിലേക്ക് ഏറ്റവും ചുരുങ്ങിയത് ഒരു മണിക്കൂര്‍ യാത്ര ചെയ്യണം. കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നിര്‍മ്മിക്കപ്പടാന്‍ പോകുന്ന തീരദേശ ഹൈവേയുടെ ചിത്രമാണ് പസഫിക്കിന്റെ തീരം ചേര്‍ന്നുള്ള യാത്രയില്‍ മനസ്സില്‍ കിളിര്‍ത്തു വന്നത്. ആറുവരിപ്പാതയിലൂടെ മണിക്കൂറുകള്‍ കുതിച്ചപ്പോള്‍ പൊന്നും വില നല്‍കി നമ്മുടെ സര്‍ക്കാര്‍ ഏറ്റെടുത്ത് പണി ആരംഭിച്ച ദേശീയ പാതയുടെ ദൃശ്യങ്ങള്‍ മനോമുകരത്തില്‍ മിന്നിമറഞ്ഞു.
കാലിഫോര്‍ണിയയിലെ വിശാലമായ നഗരങ്ങളില്‍ ഒന്നാണ് ലോസ്ഏഞ്ചല്‍സ്. ഒളിമ്പിക്‌സ് ചാമ്പ്യന്‍മാരായ സോവിയറ്റ് യൂണിയന്‍ ബഹിഷ്‌കരിച്ച 1984 ലെ ഒളിംബിക്‌സ് നടന്നത് ഇവിടെയാണ്. നിരവധി പട്ടണങ്ങള്‍ ഉള്‍കൊള്ളുന്ന നഗരവും കൂടിയാണ് ലോസ്ഏഞ്ചല്‍സ്. അക്കൂട്ടത്തിലെ പ്രശസ്തമായ ഒന്നാണ് ഹോളിവുഡ്. 1908 ലാണ് ഇവിടെ വെച്ച് ആദ്യത്തെ സിനിമ ഷൂട്ട് ചെയ്തത്. പിന്നീട് ഇവിടം സിനിമക്കാരുടെ വിഹാര കേന്ദ്രമായി. അങ്ങിനെയാണ് ചെറുതും വലുതുവായ നിരവധി സ്റ്റുഡിയോകള്‍ ഹോളിവുഡ് പട്ടണത്തില്‍ സ്ഥാപിക്കപ്പെടുന്നത്. അതോടെ ലോക സിനിമയുടെ മെക്കയും വത്തിക്കാനുമൊക്കെയായി ഹോളിവുഡ് മാറി. ഈ പട്ടണത്തിലെ എണ്ണം പറഞ്ഞ സ്റ്റുഡിയോകളില്‍ ഒന്നാണ് യൂണിവേഴ്‌സല്‍ സ്റ്റുഡിയോസ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ട ഹൈദരബാദിലെ രാമോജി ഫിലിം സിറ്റിയുടെ ഓര്‍മ്മകളുമായാണ് താമസ സ്ഥലത്ത് നിന്ന് ഞങ്ങള്‍ രാവിലെ 8.30 ന് പുറപ്പെട്ടത്. നേരത്തെ എത്തിയത് കൊണ്ടാകണം ആള്‍ത്തിരക്ക് കുറവായിരുന്നു. ഓരോ സ്ഥലത്തും ഒരുക്കിയിരുന്ന കാഴ്ചകള്‍ കണ്ട് ശരിക്കും വിസ്മയിച്ചു. മനുഷ്യന്‍ വിനോദത്തെ എത്രമാത്രമാണ് പ്രണയിക്കുന്നതെന്ന് ഉച്ചയോടെ സ്റ്റുഡിയോയിലേക്ക് ഒഴുകിയെത്തിയ ജനക്കൂട്ടം വിളിച്ച് പറഞ്ഞു. സ്റ്റുഡിയോ സന്ദര്‍ശനമാണ് യൂണിവേഴ്‌സലിലെ ഏറ്റവും ആകര്‍ഷണീയമായ കാഴ്ച. അമേരിക്കയിലെ വന്‍ നഗരങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍, ബഹുനില കെട്ടിടങ്ങള്‍, കടല്‍, നദി, വിമാനത്താവളം, തെരുവുകള്‍, തകര്‍ന്ന് വീണ വിമാനം, വിമാനം വീണ് നിലംപരിശായ വീടുകള്‍, കെട്ടിടങ്ങള്‍, ജുറാസിക് പാര്‍ക്ക് എന്ന സിനിമക്കായി ഒരുക്കിയ സെറ്റ്, കൃത്രിമ മഴ, വെള്ളപ്പൊക്കം, മലവെള്ളപ്പാച്ചില്‍ അങ്ങിനെ സര്‍വതും എത്ര വിശ്വസനീയമായാണ് അവിടെ ഒരുക്കപ്പെട്ടിരിക്കുന്നതെന്നോ? പറഞ്ഞാല്‍ വിശ്വാസം വരാത്ത വിധമാണ് അതിന്റെ പരിപൂര്‍ണ്ണത (Perfection). സിനിമകളില്‍ കാണുന്ന അനുസരണയുള്ള പക്ഷിമൃഗാദികള്‍ക്ക് പരിശീലനം നല്‍കുന്നത് വേറൊരു വേറിട്ട കലാവിരുന്നാണ്.
യൂണിവേഴ്‌സില്‍ സംവിധാനിച്ചിരിക്കുന്ന ഹാരിപ്പോട്ടര്‍ വില്ലേജ്, കാണികളെ അല്‍ഭുത പരതന്ത്രരാക്കും. ഏഴ് വോളിയങ്ങളായി എഴുതപ്പെട്ട് എട്ട് സിനിമകള്‍ക്ക് വിഷയമായ പ്രമേയമാണ് കോടിക്കണക്കിന് കുട്ടികളെയും മുതിര്‍ന്നവരെയും ആകര്‍ഷിച്ച "ഹാരിപ്പോട്ടറി'ലേത്. ലോകത്ത് ആ സിനിമകളും പുസ്തകങ്ങളും ചെലുത്തിയ സ്വാധീനത്തിന്റെ ആഴം എന്തുമാത്രമാണെന്ന് ദ്യോതിപ്പിക്കുന്നതാണ് വില്ലേജിലെ ഓരോ മുക്കും മൂലയും. ഇവിടുത്തെ ജനബാഹുല്യം പറഞ്ഞറിയിക്കാനാവില്ല. ഹാരിപ്പോട്ടര്‍ വില്ലേജിലെ മാന്ത്രിക വിദ്യാ കേന്ദ്രം അല്‍ഭുതങ്ങളുടെ കലവറയാണ്. അവിടുത്തെ റൈഡില്‍ പങ്കെടുത്താല്‍ ഹാരിപ്പോട്ടറുടെ കൂടെ പ്രേതങ്ങളും പിശാചുക്കളും ദിനോസറുകളും ദുര്‍മന്ത്രവാദികളും നിറഞ്ഞ വഴികളിലൂടെ പക്ഷികളെപ്പോലെ പറന്ന് ലക്ഷ്യസ്ഥാനത്തെത്താം. ഏതോ ഒരു മാന്ത്രിക ലോകത്ത് എത്തിപ്പെടുകയും പുറത്ത് കടക്കുകയും ചെയ്ത പോലെ തോന്നും ഹാരിപ്പോട്ടര്‍ വില്ലേജില്‍ നിന്ന് പടിയിറങ്ങുമ്പോള്‍.

ലോസ് ഏഞ്ചല്‍സിലെ രണ്ടാം ദിവസം നേരെ പോയത് സാന്റെ മോണിക്ക മലനിരകളില്‍ സ്ഥാപിച്ചിട്ടുള്ള ഹോളിവുഡ് സൈന്‍ കാണാനാണ്. അവിടെയെത്തുന്ന ടൂറിസ്റ്റുകള്‍ മലമുകളില്‍ വലിയ അക്ഷരത്തില്‍ ഹോളിവുഡ് എന്ന് ഇംഗ്ലീഷില്‍ സ്ഥാപിച്ച അക്ഷരങ്ങള്‍ ഉള്‍പ്പെടുത്തി ഫോട്ടോ എടുക്കലും സമയം ചെലവിടലും രസമായി കാണുന്നവരാണ്. നഗരത്തില്‍ എങ്ങോട്ട് തിരിഞ്ഞാലും സിനിമയുടെ ലോകങ്ങളാണ്. ഓസ്‌കാര്‍ നടക്കാറുള്ള ഡോള്‍ബി തിയ്യേറ്ററും യാത്രക്കിടെ കാണാനിടയായി. സിനിമാ രംഗത്തെ ലോക പ്രശസ്തരായ പ്രമുഖരുടെ പേരുകള്‍ നടപ്പാതയില്‍ നക്ഷത്രങ്ങളില്‍ എഴുതിവെച്ച തെരുവിലും ഞങ്ങള്‍ പോയി. പലരും തങ്ങള്‍ക്കിഷ്ടപ്പെട്ട പേരുകള്‍ക്കരികെ നിന്ന് ഫോട്ടോ എടുക്കുന്നത് ദൃഷ്ടിയില്‍ പെട്ടു. സിനിമാ വ്യവസായത്തിന്റെയും വിനോദത്തിന്റെയും കേന്ദ്രമായിരുന്നിട്ട് കൂടി ഹോളിവുഡ് പുലര്‍ത്തുന്ന പക്വതയും പാകതയും എടുത്തുപറയേണ്ടതാണ്.
ലോസ് ഏഞ്ചല്‍സിലെ ലോംഗ് ബീച്ചിലുള്ള പസഫിക്ക് അക്വാറിയത്തില്‍ ഒരിക്കിയിരിക്കുന്ന അലങ്കാര മല്‍സ്യങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരവും മനോഹരമായ പവിഴപ്പുറ്റുകളും സന്ദര്‍ശകരെ ആനന്ദത്തിലാഴ്ത്തും. വൈകുന്നേരം അര്‍വൈനിലെ ചില മലയാളി സുഹൃത്തുകളെയും കണ്ടാണ് ഹോട്ടലിലേക്ക് മടങ്ങിയത്.
ഡമോക്രാറ്റുകള്‍ക്ക് നല്ല സ്വാധീനമുള്ള കാലിഫോര്‍ണിയ സ്റ്റേറ്റില്‍ മാതൃകാപരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ മുനിസിപ്പല്‍ തലങ്ങളിലും കാണാനാകും. ലോക പ്രശസ്തമായ നിരവധി കമ്പനികളുടെ ആസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കാലിഫോര്‍ണിയായിലെ സിലിക്കണ്‍ വാലിയിലാണ്. ഇന്ത്യയിലും അറേബ്യന്‍ നാടുകളിലും കാണാത്ത ഒരുപാട് സവിശേഷതകളാണ് അമേരിക്കയുടെ ഈ ഫെഡറല്‍ സ്റ്റേറ്റിലൂടെയുള്ള സഞ്ചാരത്തിനിടയില്‍ അനുഭവിച്ച് അറിഞ്ഞത്.

ഒരു സ്വകാര്യ സന്ദര്‍ശനത്തിനാണ് ഭാര്യാ സമേതം സാന്‍ഫ്രാന്‍സിസ്‌കോയില്‍ എത്തിയത്. സിലിക്കണ്‍ വാലിയില്‍ ജോലി ചെയ്യുന്ന മകള്‍ അസ്മാ ബീവിയും മരുമകന്‍ അജീഷും കൂടെ കൊച്ചുമകന്‍ അസ്ലാനും രണ്ടാഴ്ച നീണ്ട യാത്രയില്‍ ഞങ്ങളോടപ്പമുണ്ടായിരുന്നു. യാത്രക്കിടയില്‍ ബല്ലാത്തപഹയന്‍ എന്ന വിനോദ് നാരായണനെയും കണ്ടു. പരന്ന വായനയുടെ ഗുണഗണങ്ങള്‍ പ്രകടമായിരുന്നു അദ്ദേഹത്തിന്റെ സംഭാഷണത്തില്‍. കൊണ്ടും കൊടുത്തമുള്ള സംസാരം ഒരുപാട് നീണ്ടു. പഠിക്കാനും പകര്‍ത്താനും ഉതകിയ യാത്രക്കാണ് തല്‍ക്കാലം വിരാമമാകുന്നത്. നാളെ നാട്ടിലേക്ക് തിരിക്കും. മനുഷ്യന്‍ എന്ന മഹാ സത്യത്തെ കുറച്ചു കൂടി അടുത്തറിയാന്‍ 20 ദിനങ്ങള്‍ക്കായി എന്ന കൃതാര്‍ത്ഥതയോടെയാണ് മടക്കം.
പുസ്തകങ്ങളുടെ താളുകളില്‍ നിന്ന് ചരിത്രത്തിന്റെ നേര്‍സാക്ഷ്യത്തിലേക്കുള്ള പ്രയാണം സുന്ദരമാണ്. ഭൂമിയിലൂടെ യഥേഷ്ടം സഞ്ചരിക്കാന്‍ വേദഗ്രന്ഥങ്ങള്‍ പറഞ്ഞത് വെറുതെയല്ല. ആദി ഗുരുക്കന്‍മാരാരും അവര്‍ കൊണ്ടുവന്ന ദര്‍ശനങ്ങളുടെയും സംസ്‌കാരങ്ങളുടെയും പേരില്‍ പരസ്പരം തള്ളിപ്പറയുകയോ വിമര്‍ശിക്കുകയോ കലഹിക്കുകയോ ചെയ്തിട്ടില്ലല്ലോ? പിന്നെയെന്തിന് അവരുടെ അനുയായികള്‍ വിവിധ ജീവിത രീതികളെച്ചൊല്ലി തലതല്ലിച്ചാകണം? കണ്ണും മനസ്സും തുറന്നുവെച്ചുള്ള ഓരോ യാത്രയും മനുഷ്യനെ അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ ലോകത്താണ് എത്തിക്കുക. എല്ലാ ചിന്തകളുടെ വഴികളും അവസാനിക്കുന്ന ബിന്ദുവാണത് എന്ന് തിരിച്ചറിയാന്‍ കഴിയുന്നേടത്താണ് മനുഷ്യന്റെ ആത്യന്തിക വിജയം. അവിടെ ഞാനും നീയുമില്ല. ഞങ്ങളും നിങ്ങളുമില്ല. അവരും ഇവരുമില്ല. നമ്മള്‍ മാത്രം.
എം.എല്‍.എ, മുന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി.
എസ്. മുഹമ്മദ് ഇര്‍ഷാദ്
Mar 14, 2023
3 Minutes Read
പ്രഭാഹരൻ കെ. മൂന്നാർ
Mar 14, 2023
6 Minutes Read
ഉല്ലേഖ് എന്‍.പി.
Feb 21, 2023
54 Minutes Watch
ഡോ. രശ്മി പി. ഭാസ്കരന്‍
Feb 03, 2023
6 Minutes Read
Truecopy Webzine
Feb 01, 2023
3 Minutes Read
കെ. വേണു
Jan 31, 2023
23 Minutes Watch
കെ. സഹദേവന്‍
Jan 30, 2023
8 minutes read