അധ്യാപകരെ ബഹുമാനിക്കേണ്ടതുണ്ടോ ?

മഹാരാഷ്ട്രയിൽ തുൽജാപ്പൂരിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകനായി ചെന്നപ്പോൾ വിദ്യാർഥികളോട് ആദ്യമായി പറഞ്ഞത് ഇതാണ്: ‘‘ഞാൻ ആരെയും ബഹുമാനിക്കാത്ത ആളാണ്. എന്നെ നിങ്ങളും ബഹുമാനിക്കരുത്, അത് എനിക്കിഷ്ടമല്ല- നാലുപതിറ്റാണ്ടിലേറെ രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകനായിരുന്ന ഡോ. എം. കുഞ്ഞാമൻ വിദ്യാർഥിയെന്ന നിലയ്ക്കും അധ്യാപകനെന്ന നിലയിലുമുള്ള തന്റെ അനുഭവം പങ്കിടുന്നു.

പുസ്തകവും സ്‌ളേറ്റും ഷർട്ടുമില്ലാത്ത ഞാൻ സ്‌കൂളിൽ പോയിരുന്നത് പഠിക്കാനല്ല, ഒരുമണി വരെയിരുന്നാൽ ചില ദിവസങ്ങളിൽ ഉച്ചക്ക് കഞ്ഞി കിട്ടും. അത് കുടിക്കാനായിരുന്നു. സ്‌കൂളിൽ പോകുമ്പോൾ ഒരു പിഞ്ഞാണം മാത്രമാണ് കൈയിലുണ്ടാകുക. അന്ന് ഹൈസ്‌കൂൾ ക്ലാസുകളിൽ ഉച്ചക്കഞ്ഞിയില്ല. നാട്ടിലെ ആരെങ്കിലും വിശേഷാവസരങ്ങളിൽ സ്‌കൂളിൽ കഞ്ഞി വിതരണം ചെയ്യും. ഞങ്ങൾ അതും കാത്തിരിക്കും. കഞ്ഞിയില്ലാത്ത ദിവസങ്ങളിൽ ഉച്ചക്ക് ഏട്ടൻ മാങ്ങ അരിഞ്ഞുകൊണ്ടുവരും. അത് തിന്ന് പച്ചവെള്ളവും കുടിച്ച് ക്ലാസിൽ പോയിരിക്കും.

എൽ.പി വിദ്യാർഥികൾക്ക് അന്ന് സർക്കാർ വക ഉപ്പുമാവുണ്ട്. ഉപ്പുമാവുണ്ടാക്കുന്നത് ലക്ഷ്മിയേടത്തിയാണ്. അവർ ഒരു കടലാസുകഷണത്തിൽ ഉപ്പുമാവ് പൊതിഞ്ഞ് ഇറയത്ത് എനിക്കായി ഒളിച്ചുവക്കും. ഞാനത് എടുത്തുകൊണ്ടുപോയി മൂത്രപ്പുരയിലിരുന്ന് കഴിക്കും. കാരണം, ഹൈസ്‌കൂൾ വിദ്യാർഥിയായ ഞാൻ ഉപ്പുമാവ് കഴിക്കുന്നത് ആരെങ്കിലും കണ്ടാൽ, ലക്ഷ്മിയേടത്തിയുടെ പണി പോകും.

വാടാനംകുറുശിയിലെ സ്‌കൂളിനെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് ആദ്യം ഓർമ വരുന്നത് അധ്യാപകരെയും ക്ലാസ് മുറികളെയുമല്ല, എഴുപതുവയസ്സായ ലക്ഷ്മിയേടത്തിയെയാണ്. അവർ ഉപ്പുമാവ് തന്നില്ലായിരുന്നുവെങ്കിൽ എനിക്ക് ക്ലാസിലിരിക്കാൻ കഴിയുമായിരുന്നില്ല. എം.എക്ക് ഒന്നാം റാങ്ക് കിട്ടിയപ്പോൾ അവർ പറഞ്ഞു; ‘എടാ, എന്റെ ഉപ്പുമാവ് തിന്ന് പഠിച്ചിട്ടാണ് നിനക്ക് റാങ്ക് കിട്ടിയത്'.
അതൊരു വലിയൊരു യാഥാർഥ്യമായിരുന്നു. ഭക്ഷണമായിരുന്നു അന്നത്തെ ഏറ്റവും പ്രധാന പ്രശ്‌നം. ഈയൊരു മാനസികാവസ്ഥയിൽനിന്ന് കരകയറണമെങ്കിൽ സാമ്പത്തിക സ്വാതന്ത്ര്യം വേണം. സാമ്പത്തിക പരാശ്രിതത്വമുള്ള ഒരാളെ സമൂഹത്തിന് പല നിലയ്ക്കും ബന്ധിക്കാൻ കഴിയും. നിരക്ഷരരായ, പട്ടിണി കിടക്കുന്ന അയ്യപ്പനും ചെറോണയും മകനെ സ്‌കൂളിലേക്കയച്ചത് ഭക്ഷണത്തിനുവേണ്ടിയായിരുന്നു. എനിക്കും അന്ന് ഭക്ഷണം തന്നെയായിരുന്നു വലിയ പ്രശ്‌നം.

മറ്റൊരു ദേശത്തുനിന്ന് സ്ഥലം മാറിവന്ന മലയാളം അധ്യാപകനുണ്ടായിരുന്നു, ഞങ്ങളുടെ ദേശത്ത്. അദ്ദേഹത്തിന്റെ മക്കളും എന്റെ സ്‌കൂളിൽ പഠിക്കുന്നുണ്ട്. ഒരു ദിവസം ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയി. അവർ കഴിച്ച ഭക്ഷണത്തിൽ ബാക്കിവന്നതിൽ കുറച്ചുവെള്ളമൊഴിച്ച് അദ്ദേഹത്തിന്റെ ഭാര്യ എനിക്കുതന്നു. അതിന് സ്‌കൂളിൽവച്ച് ഈ അധ്യാപകൻ എന്നെ ഭീകരമായി മർദിച്ചു. ഒരു കാരണവും പറഞ്ഞില്ല. ഞാൻ പിന്നെ ആ വീട്ടിൽ പോയിട്ടില്ല.
എന്തിനാണ് എന്നെ മർദ്ദിക്കുന്നതെന്നോ അവർ കഴിച്ച ഭക്ഷണത്തിന്റെ ബാക്കി തരുന്നതെന്തിനെന്നോ ചിന്തിക്കാനുള്ള ശേഷി അന്ന് എനിക്കുണ്ടായിരുന്നില്ല.
കുട്ടികൾക്ക് ഭയവും ബഹുമാനവുമുണ്ടായിരുന്ന ഒരു അധ്യാപകനുണ്ടായിരുന്നു, മൂന്നാം ക്ലാസിൽ. അദ്ദേഹം എന്നെ പേര് വിളിക്കില്ല, പാണൻ എന്നാണ് വിളിക്കുക. ബോർഡിൽ കണക്ക് എഴുതി ‘പാണൻ പറയെടാ' എന്നുപറയും. സഹികെട്ട് ഒരിക്കൽ ഞാൻ പറഞ്ഞു, ""സാർ എന്നെ ജാതിപ്പേര് വിളിക്കരുത്, കുഞ്ഞാമൻ എന്നു വിളിക്കണം''.
‘‘എന്താടാ നിന്നെ ജാതിപ്പേര് വിളിച്ചാൽ'' എന്നുചോദിച്ച് ചെകിട്ടത്ത് ആഞ്ഞടിച്ചു.
അയാൾ നാട്ടിലെ പ്രമാണിയാണ്.
എവിടെടാ പുസ്തകം എന്ന് ചോദിച്ചു.
ഇല്ലെന്നു പറഞ്ഞപ്പോൾ കഞ്ഞി കുടിക്കാനാണ് വന്നത്, പഠിക്കാനല്ല എന്നായി പരിഹാസം.
അടിയേറ്റ് വിങ്ങിയ കവിളുമായാണ് വീട്ടിലെത്തിയത്. അമ്മയോട് കാര്യം പറഞ്ഞു, അവർ പറഞ്ഞു, ‘‘നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല മോനേ, നന്നായി വായിച്ച് പഠിക്കൂ''.
അന്ന് ഞാൻ സ്‌കൂളിലെ കഞ്ഞികുടി നിർത്തി. ഉച്ചഭക്ഷണ സമയത്ത് ഒരു പ്ലാവിന്റെ ചോട്ടിൽ പോയിരിക്കും.
എന്നെ മർദിച്ച മാഷ് ഒരു ദിവസം അടുത്തുവന്നു; ‘‘കുഞ്ഞാമാ, പോയി കഞ്ഞി കുടിക്ക്''.
അന്നാണ് അദ്ദേഹം ആദ്യമായി എന്നെ പേര് വിളിക്കുന്നത്.
‘‘വേണ്ട സർ''
‘‘ഞാൻ അങ്ങനെ പറഞ്ഞതുകൊണ്ടാണോ''
‘‘സർ പറഞ്ഞതിൽ തെറ്റൊന്നുമില്ല, കഞ്ഞി കുടിക്കാൻ വേണ്ടി മാത്രമാണ് ഞാൻ വന്നിരുന്നത്. പക്ഷെ, ഇനി എനിക്ക് കഞ്ഞി വേണ്ട, എനിക്ക് പഠിക്കണം''.
ആ അധ്യാപകന്റ മർദനം ജീവിതത്തിലെ വഴിത്തിരിവായി. കാരണം, കഞ്ഞി കുടിക്കാനല്ല പഠിക്കുന്നത് എന്ന തിരിച്ചറിവുണ്ടായി.

കെ.എൻ. രാജ്​ എന്ന അധ്യാപകൻ

എം.ഫില്ലിന് പ്രവേശനം കിട്ടി. വൈദ്യനാഥൻ എന്ന സാമ്പത്തിക വിദഗ്ധനായിരുന്നു ഗൈഡ്. ഡോ. കെ.എൻ. രാജ് പ്രഫസറായിരുന്നു.
വ്യക്തിപരമായി രാജിന് എന്നെ ഇഷ്ടമായിരുന്നു. കാരണം, ഞാൻ യാചകരുടെ മകനായി ജനിച്ചു, വളർന്നു. മാത്രമല്ല, ഞാൻ ഞങ്ങളിലെ ഒന്നാം തലമുറ സാക്ഷരനാണ്. എങ്കിലും അദ്ദേഹവുമായി അടുക്കാൻ പ്രയാസമാണ്, പിന്നീട് തെറ്റിപ്പിരിയേണ്ടിയും വന്നു. ഞാൻ എന്തെങ്കിലും എഴുതിക്കൊടുത്താൽ അതിന്റെ മാർജിനിൽ സ്റ്റുപ്പിഡ്, നോൺസെൻസ്, ബുൾഷിറ്റ്, റോംഗ് എന്നൊക്കെ എഴുതിയിടും. എന്താണ് ശരി എന്നു മാത്രം പറയില്ല. ഞാൻ ആകെ വിഷമിച്ചുപോയി. പിന്നെ അതേക്കുറിച്ചുള്ള ശരികൾ കണ്ടെത്താൻ കൂടുതൽ പുസ്തകങ്ങൾ തെരയാൻ തുടങ്ങി. അത് സത്യം കണ്ടെത്താനുള്ള അന്വേഷണമായി എന്നിൽ വികസിക്കുകയാണുണ്ടായത്. ആ നിലക്ക് അദ്ദേഹം ഒരു മാതൃക അധ്യാപകനായിരുന്നു. അതേസമയം, അക്കാദമിക് കാര്യങ്ങളിൽ ഒരുതരത്തിലുമുള്ള ദയയും അദ്ദേഹം കാണിച്ചുമില്ല.

ഡോ. കെ.എൻ രാജ്
ഡോ. കെ.എൻ രാജ്

ഞങ്ങൾ പല കാര്യങ്ങളെക്കുറിച്ചും സംസാരിക്കാറുണ്ടായിരുന്നു. ഒരിക്കൽ ആദിവാസി പ്രശ്‌നങ്ങൾ വിശകലനം ചെയ്യുമ്പോൾ, തിരുവനന്തപുരത്തുനിന്ന് കാസർകോടുവരെ യാത്ര ചെയ്താൽ, അവരുടെ നില ദയനീയമായി വരുന്നതുകാണാം എന്നു ഞാൻ പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷിക്കാൻ രാജ് എന്നോടു പറഞ്ഞു. അന്വേഷണബുദ്ധി വളർത്താൻ രാജ് ഇത്തരത്തിൽ പല മാർഗങ്ങളും സ്വീകരിച്ചു.
രാജ് ഇതൊക്കെ ചെയ്യിച്ചത് ഞാൻ തന്നെ എല്ലാം കണ്ടെത്തട്ടെ എന്ന വിചാരത്തിലായിരുന്നു എന്ന് തോന്നി. അപ്പോൾ അദ്ദേഹത്തിന്റെ പ്രവൃത്തിയിൽ എനിക്ക് ന്യായം കണ്ടെത്താൻ കഴിഞ്ഞു, എന്നോടുള്ള ആഭിമുഖ്യം കൊണ്ടായിരുന്നു അദ്ദേഹം അങ്ങനെ ചെയ്തത്.
വൈദ്യനാഥൻ എന്റെ തിസീസ് അംഗീകരിച്ചില്ല. ഇതറിഞ്ഞപ്പോൾ രാജ് കാര്യം തിരക്കി.
‘ഞാൻ ഒരു പിച്ചക്കാരന്റെ മകനാണ്, ഇവിടെ വഴിതെറ്റി വന്നതാണ്'; ഞാൻ പറഞ്ഞു.
രാജാണ് പിന്നെ എന്നെ ഗൈഡ് ചെയ്തത്. അദ്ദേഹത്തെ ഞാൻ പലപ്പോഴും ചോദ്യം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ക്ലാസിൽ നിരന്തരം വിമർശനമുന്നയിക്കും, ‘ഇത് വരേണ്യവർഗത്തിന്റെ സാമ്പത്തിക ശാസ്ത്രമാണ്' എന്നു ഞാൻ പറയും.
‘എങ്കിൽ, എന്താണ് ഇതല്ലാത്തത്' എന്ന് രാജ് ചോദിക്കും.
എനിക്ക് അറിയില്ല എന്ന് മറുപടി നൽകും; ‘ഇത് എന്നെപ്പോലുള്ളവരുടെ സാമ്പത്തികശാസ്ത്രമല്ല എന്ന് അറിയാം'. സമൂഹത്തിലെ ദുർബലവിഭാഗങ്ങളിൽനിന്ന് ആളുകൾ വരണം എന്ന് ഞാൻ വാദിക്കും.
പി.എച്ച്ഡി തിസീസ് എഴുതിക്കഴിഞ്ഞ സമയം.
അന്ന് സംസാരത്തിനിടെ അദ്ദേഹം പറഞ്ഞു, ‘യു ആർ ക്വസ്റ്റനിംഗ് ദി ഹൈറാർക്കി, വാട്ട് യു കാൻ ഡു'.
ഞാൻ പറഞ്ഞു, അങ്ങനെ ഉയരത്തിൽനിന്ന് സംസാരിക്കരുത്. നിങ്ങൾ പ്രായോഗികമായി വലിയ ആളുകളാണ്, എന്നാൽ ഭരണഘടനാപരമായി നിയമവിധേയരാണ്. ഞങ്ങൾക്ക് വ്യവസ്ഥിതിയോട് എതിർപ്പുണ്ട്. അത് അവസരം കിട്ടുമ്പോൾ പ്രകടിപ്പിക്കും. ഭവിഷ്യത്ത് ഓർത്ത് പ്രകടിപ്പിക്കാതിരിക്കില്ല. താങ്കൾ ബ്രിട്ടീഷ് ഭരണകാലത്തെ ജഡ്ജിയുടെ മകനാണ്. താങ്കൾ ഇങ്ങനെ ഉയർന്നുവന്നത് അനുകൂല സാഹചര്യങ്ങളിൽനിന്നാണ്. ഞാനൊക്കെ ഭക്ഷണം കഴിക്കാതെ ഇരന്നിരന്ന്, നിങ്ങളെപ്പോലുള്ളവരുടെ അടികൊണ്ട് വന്നവരാണ്. അതുകൊണ്ടുതന്നെ എനിക്ക് നിങ്ങളെപ്പോലുള്ളവരോട് എതിർപ്പുണ്ട്. എനിക്ക് ആ എതിർപ്പ് പ്രകടിപ്പിച്ചേ കഴിയൂ. അതെന്റെ ധാർമികവും സാമൂഹികവുമായ ഉത്തരവാദിത്തമാണ്. താങ്കൾക്ക് അത് ഇഷ്ടമല്ലെങ്കിൽ ഒ.കെ എന്നുമാത്രമേ പറയാനാകൂ. താങ്കൾ എന്റെ സ്ഥാനത്തായിരുന്നുവെങ്കിൽ സ്‌കൂൾ ഫൈനൽ പരീക്ഷ പാസാകില്ലായിരുന്നു. ഞാൻ താങ്കളുടെ സ്ഥാനത്തായിരുന്നുവെങ്കിൽ ഒരു നോബൽ സമ്മാനജേതാവായേനേ. ഈ വ്യത്യാസം നമ്മൾ തമ്മിലുണ്ട്.
ഇത് അദ്ദേഹത്തെ സ്വഭാവികമായും ചൊടിപ്പിച്ചു.
അത് എനിക്ക് ഒരു പ്രശ്‌നമായി തോന്നിയില്ല.
പറയേണ്ട കാര്യം പറയേണ്ട സമയത്ത് പറയേണ്ട രീതിയിൽ പറഞ്ഞുവോ എന്നതാണ് ഞാൻ ആലോചിക്കാറ്. അത് വ്യക്തിയെന്ന നിലക്കുള്ള എന്റെ സാമൂഹിക ധർമം കൂടിയാണ്.

അവഗണനയിൽനിന്ന് എനിക്ക് കിട്ടിയ ഒരു ആർജവമുണ്ടായിരുന്നു, ആരെയും വലിയവനായി കാണരുത്. അത് രാജിനെയായാലും. ഈയൊരു വിയോജിപ്പുമായാണ് അദ്ദേഹവുമായി പിരിഞ്ഞത്.
പിന്നീട്, അദ്ദേഹത്തിന് എന്നോടുള്ള സമീപനത്തിൽ മാറ്റം വന്നു, കുഞ്ഞാമനോട് എന്നെ വന്നു കാണാൻ പറയൂ എന്ന് പലരോടും അദ്ദേഹം പറഞ്ഞയച്ചു. അതിന്റെ ആവശ്യമില്ല എന്ന് ഞാനും ഉറച്ചുനിന്നു.

A wrong idea is not a bad idea

ഞാൻ ജീവിതത്തിൽ ഇഷ്ടപ്പെടുന്നത് നിഷേധികളെയും ധിക്കാരികളെയുമാണ്. ആ ഒരു ദിശാബോധത്തിൽ കുറച്ചൊക്കെ ഒരു അധ്യാപകനെന്ന നിലക്ക് എനിക്ക് വളരാൻ കഴിഞ്ഞിട്ടുണ്ട്. റിസർച്ച് ഗൈഡായിരുന്നപ്പോൾ ഞാനും രാജിന്റെ സമീപനം പിന്തുടർന്നിട്ടുണ്ട്. ഗവേഷണ വിദ്യാർഥികൾ പറയുന്നത് തെറ്റാണ് എന്നു ഞാൻ പറയാറില്ല, തെറ്റാണെങ്കിൽപോലും അത് പാടില്ല എന്ന് പറയാറില്ല. സാമൂഹികശാസ്ത്ര വിഷയത്തിൽ ഗവേഷണം നടത്തുന്നത് നമ്മുടെ മുന്നിലുള്ള വസ്തുതകളുടെ അടിസ്ഥാനത്തിലാണ്. സാമൂഹിക പ്രക്രിയ സദാ ചലനാത്മകമായതിനാൽ ഈ വസ്തുതകൾ വച്ച് നാളെ മറ്റൊരാൾക്ക് മറ്റൊരു നിഗമനത്തിൽ എത്തിച്ചേരാൻ കഴിയും. ഇവിടെ തെറ്റും ശരിയും ഇല്ല.
ഞാനെപ്പോഴും വിചാരിക്കാറുണ്ട്, ‘A wrong idea is not a bad idea'. അതുകൊണ്ട്, വിദ്യാർഥികൾ ഒരു മണ്ടൻ ആശയവുമായി എന്റെ അടുത്തുവന്നാലും ഞാൻ അതിനെ പ്രോൽസാഹിപ്പിക്കും. ഇന്നത്തെ മണ്ടൻ ആശയം നാളെ വിമർശിക്കപ്പെടും, മറ്റന്നാൾ അംഗീകരിക്കപ്പെടും. മുഖ്യധാര ആശയങ്ങൾ പലപ്പോഴും ഇന്നത്തെ ആശയങ്ങളാണ്, എന്നാൽ, പാർശ്വവൽകൃത അഭിപ്രായങ്ങൾ നാളത്തെ അഭിപ്രായങ്ങളാണ്.

കേരള സർവകലാശാലയിലെ മാടമ്പിമാർ

സർവകലാശാലയിലെ മാടമ്പിത്തരത്തിന് എനിക്ക് അനുഭവങ്ങളുണ്ടായിരുന്നു.
അവിടെ അധ്യാപക സംഘടനകൾ ശക്തരായിരുന്നു. അവർ പഠിപ്പിക്കുന്നതിനുപകരം, രാഷ്ട്രീയം പരിശീലിക്കുകയായിരുന്നു ചെയ്തിരുന്നത്. അവർ ജാതി നോക്കിയാണ് കാര്യങ്ങൾ ചെയ്തിരുന്നത്. അഭിപ്രായങ്ങൾ പറയുമ്പോൾ നമ്മളെ അടിച്ചമർത്തും. അധ്യാപക തൊഴിലാളികൾ സംഘടിക്കണം എന്നൊക്കെ അവർ പറയും. ഒരിക്കൽ ഞാൻ ഒരാളോടു പറഞ്ഞു, ഞാനൊരു അധ്യാപക തൊഴിലാളിയല്ല.
ഒരുതരത്തിലുമുള്ള ഭിന്നാഭിപ്രായങ്ങളും മുന്നോട്ടുവരരുത് എന്നൊരു നിർബന്ധം അവിടെയുണ്ടായിരുന്നു. ചില അഭിപ്രായങ്ങൾ ഉരുത്തിരിഞ്ഞുവരരുത് എന്നുണ്ടായിരുന്നു. അതിന് ഭീഷണി ഉപയോഗിക്കും.

സി. അച്യുതമേനോൻ
സി. അച്യുതമേനോൻ

സി. അച്യുതമേനോൻ പൊളിറ്റിക്‌സ് വകുപ്പിൽ ഒരു പരിപാടിക്കുവന്നു. അദ്ദേഹം പറഞ്ഞത് വികേന്ദ്രീകരണത്തെക്കുറിച്ചാണ്. പ്രസംഗം കഴിഞ്ഞ് ഞാൻ അദ്ദേഹത്തോടുചോദിച്ചു, ‘‘നിങ്ങൾ വികേന്ദ്രീകരണത്തെക്കുറിച്ച് പറയു​മ്പോൾ അതിൽ അക്കൗണ്ടബിലിറ്റിയുടെ പ്രശ്‌നമുണ്ട്''.
അദ്ദേഹത്തിന്റെ പ്രതികരണം ഉടനെയായിരുന്നു, ‘‘ഞാൻ തലവെട്ടുരാഷ്ട്രീയത്തിൽ വിശ്വസിക്കുന്നില്ല''.
അപ്പോൾ ഞാൻ ചോദിച്ചു; ‘‘എന്നുമുതൽ? വേണ്ടിവന്നാൽ മർദകന്റെയും ചൂഷക​ന്റെയും തലയും വെട്ടാമെന്ന് ഞങ്ങളെപ്പോലുള്ള മർദിതരോടുപറഞ്ഞ കമ്യൂണിസ്റ്റുകാരുടെ ആദ്യ തലമുറയിലുള്ള ഒരാളാണ് താങ്കൾ. എന്നുമുതലാണ് അത് അങ്ങനെയല്ലാതായത്, രാജൻ കേസുമുതലാണോ?''.
അത് അദ്ദേഹത്തിന് ഇഷ്ടമായില്ല. പരിപാടിയുടെ അധ്യക്ഷനായിരുന്ന പൊളിറ്റിക്‌സ് പ്രഫസർ എന്നോട് സംസാരിക്കരുത് എന്നു പറഞ്ഞു.
ഞാൻ പറഞ്ഞു; ‘‘ഞാൻ സംസാരിക്കും, എനിക്ക് ഇഷ്ടമുള്ളത് ഞാൻ പറയും, അത് നിയന്ത്രിക്കാൻ നിങ്ങൾക്ക് അവകാശമില്ല. ഭരണഘടനയുടെ 19ാം വകുപ്പ് എനിക്ക് ആ സ്വാതന്ത്ര്യം തരുന്നുണ്ട്''.
ചിരിയോടെ അച്യുതമേനോൻ പറഞ്ഞു; ‘‘നമുക്ക് പിന്നീട് ചർച്ച ചെയ്യാം''.

നിങ്ങൾക്ക് ഒരു റോൾ മോഡൽ പാടില്ല

ഞാൻ വിഭാവനം ചെയ്ത തരത്തിൽ, എനിക്ക് മാതൃക അധ്യാപകനാകാൻ കഴിഞ്ഞുവോ എന്നത് കൃത്യമായി വിശദീകരിക്കാൻ കഴിയില്ല. ഒരു കാര്യം പറയാൻ പറ്റും. അങ്ങനെ ആകാനുള്ള സാധ്യത ഒരു അധ്യാപകന്റെ കാര്യത്തിൽ കേരള സർവകലാശാലയിലുണ്ട്. അധ്യാപകന് വായിക്കാനും ചിന്തിക്കാനും വിദ്യാർഥികളുമായി സംവദിക്കാനും സ്വാതന്ത്ര്യമുണ്ട്. അധ്യാപകനെന്ന നിലക്ക് ഞാൻ ഭരണാധികാരികളെയോ രാഷ്ട്രീയ നേതാക്കളെയോ അല്ല, വിദ്യാർഥികളെയാണ് വിശ്വാസത്തിലെടുത്തിട്ടുള്ളത്, കാരണം അവരാണ് നാളത്തെ ആളുകൾ. ഒരുതരത്തിൽ നോക്കിയാൽ എനിക്ക് വിദ്യാർഥികളെ സ്വാധീനിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നാണ് വിശ്വാസം. ഇന്ന് വിദ്യാർഥി പല സ്വാധീനങ്ങൾക്കും വിധേയനാണ്. ഇന്ന് അധ്യാപകൻ എന്നാൽ പല ഉടമകളിൽ ഒരാൾ മാത്രമാണ്. പക്ഷെ, സ്വതന്ത്ര ചിന്ത, ആരോടും വിധേയത്വമില്ലായ്മ തുടങ്ങിയ ആധുനിക മൂല്യങ്ങൾ വിദ്യാർഥികൾക്കും സമൂഹത്തിലേക്കും വിനിമയം ചെയ്യുന്ന കാര്യത്തിൽ അധ്യാപകന് സ്ഥാനമുണ്ട്. സമൂഹത്തിലെ കൂടുതൽ പേരെ സ്വാധീനിക്കാൻ അധ്യാപകന് കഴിയും, അത് എനിക്കും കഴിഞ്ഞിട്ടുണ്ട്, എഴുത്തിലൂടെയും ചിന്തയിലൂടെയും മറ്റും. പരിപൂർണമായും അല്ല. മർദിതരും ചൂഷിതരുമായിട്ടുള്ള സമൂഹങ്ങളെക്കുറിച്ച് ചിന്തിക്കാൻ കഴിഞ്ഞു. അവരുടെ പ്രശ്നങ്ങൾ വിദ്യാർഥികളടക്കമുള്ള പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ കഴിഞ്ഞു. അത് വലിയ നേട്ടമായി കരുതുന്നു.

ഞാൻ വിദ്യാർഥികളുടെ മുന്നിൽ അധ്യാപകനായിരുന്നില്ല, അവരെപ്പോലെ ഒരാളായിരുന്നു. മഹാരാഷ്ട്രയിൽ തുൽജാപ്പൂരിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകനായി ചെന്നപ്പോൾ വിദ്യാർഥികളോട് ആദ്യമായി പറഞ്ഞത് ഇതാണ്: ‘‘ഞാൻ ആരെയും ബഹുമാനിക്കാത്ത ആളാണ്. എന്നെ നിങ്ങളും ബഹുമാനിക്കരുത്, അത് എനിക്കിഷ്ടമല്ല, ബഹുമാനം, അച്ചടക്കം, വിധേയത്വം ഇവയെല്ലാം ഫ്യൂഡൽ മൂല്യങ്ങളാണ്. എന്നെയും എന്നെപ്പോലുള്ളവരെയും അടിച്ചമർത്തി കീഴാളരായി നിലനിർത്തിയ മൂല്യങ്ങളാണിവ. നിങ്ങൾ ആരെയും ബഹുമാനിക്കരുത് എന്നു ഞാൻ പറയില്ല, ഏതായാലും എന്നെ വേണ്ട. നിങ്ങൾക്ക് ഒരു റോൾ മോഡൽ പാടില്ല. മറ്റുള്ളവരെ നോക്കി നിങ്ങളെ രൂപപ്പെടുത്താൻ ശ്രമിച്ചാൽ അപകർഷതാബോധമായിരിക്കും അവശേഷിക്കുക''.

ഈയൊരു സമീപനത്തിലൂടെ വിദ്യാർഥികളുമായി തുല്യതയുടെ അന്തരീക്ഷമുണ്ടാക്കാൻ എനിക്ക് കഴിഞ്ഞു. അവരിൽ ഒരാളായി...വായിക്കുകയും പഠിക്കുകയും ചെയ്യുന്ന ഒരാൾ തന്നെയാണ് ഞാനും.

നിങ്ങൾ എല്ലാത്തിനും അതീതരായിരിക്കണം എന്ന സന്ദേശമാണ് ഞാൻ വിദ്യാർഥികൾക്ക് നൽകാറ്. ബെസ്റ്റ് ആകാൻ ശ്രമിക്കരുത്, വ്യത്യസ്തരാകാനാണ് ശ്രമിക്കേണ്ടത്. നിങ്ങളേക്കാൾ കൂടുതൽ ബുദ്ധിശക്തിയും സൗന്ദര്യവും സമ്പത്തും ഉള്ളവരുണ്ടായിരിക്കും. അവരിൽനിന്ന് വ്യത്യസ്തരാകുകയാണ് വേണ്ടത്. ചിലരുണ്ട്, ആൾക്കൂട്ടത്തിൽനിന്നാലും നാം അവരെ ശ്രദ്ധിക്കും, അത് അവർ വ്യത്യസ്തരായതുകൊണ്ടാണ്, ബെസ്റ്റ് ആയതുകൊണ്ടല്ല.
അംബേദ്കർ നിലവിലുള്ള യാഥാർഥ്യങ്ങൾ അംഗീകരിച്ച് നിശ്ശബ്ദനായിരിക്കുകയല്ല ചെയ്തത്, അത് മാറ്റാനുള്ള ഒരു ആശയസംഹിത, പ്രത്യയശാസ്ത്രം മുന്നോട്ടുവക്കുകയാണ് ചെയ്തത്. അതുവരെ മാറാതിരുന്ന ഒരു സാമൂഹിക വ്യവസ്ഥ ഒരു വ്യക്തിയുടെ ചിന്തയുടെ ഫലമായി മാറാൻ തുടങ്ങി. അതുകൊണ്ടാണ് അദ്ദേഹം വ്യത്യസ്തനായത്. വ്യത്യസ്തരാകേണ്ടത് മൂല്യങ്ങളുടെ കാര്യത്തിലാണ്. ഫ്യൂഡൽ മൂല്യങ്ങളായ അനുസരണം, വിധേയത്വം എന്നിവ ഉപേക്ഷിച്ച് മൽസരാധിഷ്ഠിതമായ കഴിവ്, ആത്മധൈര്യം തുടങ്ങിയവ സ്വായത്തമാക്കണം.

എന്റെ വിദ്യാർഥികൾക്കുമുന്നിൽ ഞാൻ വിദ്യാർഥിയായിരുന്നു. പഠിക്കുന്നവർ​ക്കേ പഠിപ്പിക്കാനാകൂ. അധ്യാപനം കലയാണ്, അതിന്റെ പ്രത്യേകത അപൂർണതയാണ്. സദാ മെച്ചപ്പെട്ടുകൊണ്ടിരിക്കണം. അല്ലാതെ പൂർണ അധ്യാപകരില്ല. അപാകതകളും അപൂർണതകളും ഒഴിവാക്കാനാകില്ല. ഓരോ ക്ലാസും എനിക്ക് പഠിക്കാനുള്ള അവസരമായിരുന്നു, എന്റെ പോരായ്മകൾ തിരിച്ചറിയാനുള്ള സന്ദർഭങ്ങളായിരുന്നു.

നല്ല അധ്യാപകനാകാൻ എന്താണ് ചെയ്യേണ്ടത് എന്ന് അധ്യാപകർ എന്നോടു ചോദിക്കാറുണ്ട്. ഞാൻ പറഞ്ഞുതുടങ്ങുന്നതുതന്നെ, 40 വർഷത്തിലേറെ സർവകലാശാല തലത്തിൽ പഠിപ്പിച്ചിട്ടും നന്നായി പഠിപ്പിക്കുന്നത് എങ്ങനെ എന്ന് ഇപ്പോഴും അറിയില്ല എന്നാണ്. അതുകൊണ്ടാണ്, അധ്യാപനത്തെ കല എന്നുപറയുന്നത്. തെറ്റിൽനിന്ന് പാഠമുൾക്കൊള്ളുക, നമ്മുടെ അവസ്ഥകളിൽനിന്ന് പഠിക്കുക- ഇതിനെല്ലാം അധ്യാപകൻ നിരന്തര വിദ്യാർഥി കൂടി ആകേണ്ടതുണ്ട്. നമ്മുടെ ജീവിതവീക്ഷണവും ലോകവീക്ഷണവും വിദ്യാർഥികൾ ശ്രദ്ധിക്കുന്നുണ്ട്.

സമൂഹത്തിൽനിന്ന് എനിക്ക് ജാതിവിവേചനം അനുഭവിക്കേണ്ടിവന്നിട്ടുണ്ടെങ്കിലും ക്ലാസ് മുറിയിൽ അതുണ്ടായിട്ടില്ല. അവർ എന്നെ താഴ്ന്ന ആളായി കണ്ടിട്ടില്ല. അത് എന്നെ സംബന്ധിച്ച് സന്തോഷകരമായ കാര്യമായിരുന്നു. ക്ലാസ് മുറിയിൽ സത്യസന്ധമായ നിലപാടെടുക്കുന്നതിനാലാണ് ഇതെന്ന് ഞാൻ കരുതുന്നു. നമ്മുടെ അറിവില്ലായ്മയെ മറികടക്കാൻ ആത്മാർഥമായ ശ്രമം നടത്തുന്നുണ്ട് എന്ന തോന്നലുമുണ്ടാക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. പൂർണമായും ഒരു നല്ല അധ്യാപകനല്ല ഞാൻ, അതാകാനും അറിഞ്ഞുകൂടാ.
ഓരോ ക്ലാസും ഓരോ അനുഭവമായിരുന്നു. അധികാരികളെ ആദരിക്കുന്നവരോ വ്യവസ്ഥിതിയോട് വിധേയത്വമുള്ളവരോ ഭയമുള്ളവരോ ആകരുത് നല്ല അധ്യാപകർ. ഇത്തരമൊരു കാഴ്ചപ്പാടിൽനിന്നാണ് ഞാൻ എന്നിലെ അധ്യാപകനെ രൂപപ്പെടുത്തിയത്.

ക്ലാസ് മുറിയിൽ വിജ്ഞാനം പകർന്നുകൊടുക്കുന്ന ആളല്ല ഞാൻ, അത് വളരെ എളുപ്പമുള്ള കാര്യമാണ്. ചിന്തിപ്പിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്.
സർവകലാശാലയിലുള്ളപ്പോൾ വിദ്യാർഥികളുമായിട്ടായിരുന്നു കൂടുതൽ അടുപ്പം. അധ്യാപകരുമായിട്ടല്ല. ഇപ്പോഴും അതെ, യുവാക്കളുമായിട്ടാണ് അടുപ്പം. കാര്യവട്ടത്തുള്ളപ്പോൾ വിദ്യാർഥികളിൽനിന്ന് എനിക്ക് എതിർപ്പുണ്ടായിട്ടില്ല. അധ്യാപകൻ എന്ന നിലക്കുമാത്രമല്ല, എനിക്ക് അവരിൽ ഒരു രക്ഷിതാവെന്ന നിലക്കുകൂടി സ്വാധീനമുണ്ടായിരുന്നു.

കുറെ വിഷയങ്ങൾ പഠിപ്പിക്കുക മാത്രമല്ല, വിദ്യാർഥികളെയും സമൂഹത്തെ ഒന്നാകെയും മുന്നോട്ടുനയിക്കാനുള്ള സ്വാധീനം ചെലുത്താൻ അധ്യാപകർക്കുകഴിയണം. പരിപൂർണ അക്കാദമിക സ്വാതന്ത്ര്യമുള്ള ടാറ്റ കാമ്പസിലെ വിദ്യാർഥികളോട് ഞാൻ പറഞ്ഞിട്ടുണ്ട്, നിങ്ങൾ ചെറിയ തെറ്റുചെയ്താൽ ഞാൻ ക്ഷമിക്കും, എന്നോട് വ്യക്തിപരമായ തെറ്റുചെയ്താലും ക്ഷമിക്കും, മക്കളല്ലേ എന്ന പരിഗണനയിൽ. വളരെ അപകടകരമായ പ്രശ്നമുണ്ടായാൽ പോലും പൊലീസിനുവിട്ടുകൊടുക്കുന്നതല്ല ന്യായമായ സമീപനം.

സർവകലാശാലകൾ വെറും പരീക്ഷ നടത്തിപ്പുകേന്ദ്രങ്ങൾ

കേരളത്തിലെ സർവകലാശാലകൾ വെറും പരീക്ഷ നടത്തിപ്പുകേന്ദ്രങ്ങളാണിന്ന്. മാത്രമല്ല, അവ ഫ്യൂഡൽ സ്ഥാപനങ്ങളുമാണ്. ഫ്യൂഡൽ മൂല്യങ്ങൾ- അച്ചടക്കം, അനുസരണം, വിധേയത്വം- ഈ കാര്യങ്ങളാണ് സർവകലാശാലകൾ നിഷ്‌കർഷിക്കുന്നത്. നേരെമറിച്ച്, ചോദ്യം ചെയ്യൽ, തുല്യത, വിയോജിപ്പ്, ആത്മാഭിമാനം തുടങ്ങിയ ആധുനിക മൂല്യങ്ങളാണ് പാശ്ചാത്യ സർവകലാശാലകളിൽ പലതും ഉയർത്തിപ്പിടിക്കുന്നത്. പ്രശസ്ത മാർക്സിസ്റ്റ് പണ്ഡിത റോസ ലക്സംബർഗ് പറഞ്ഞു, ശരിയായ സ്വാതന്ത്ര്യം വിയോജിക്കാനുള്ള അവകാശമാണ്. സ്വാതന്ത്ര്യ സംരക്ഷണത്തിനുവേണ്ടി 1919ൽ ജീവൻ നഷ്ടപ്പെടുത്തേണ്ടിവന്ന മഹതിയാണവർ. മാർക്സിനെ വിമർശിച്ച മാർക്സിസ്റ്റ് ചിന്തക. 1913ലെഴുതിയ ലക്സംബർഗിന്റെ ‘ദി അക്കുമുലേഷൻ ഓഫ് കാപ്പിറ്റൽ' വിശദ പഠനം അർഹിക്കുന്നു.

ഫ്യൂഡൽ മൂല്യങ്ങളെ വ്യവസ്ഥിതിയെ നിലനിർത്തുന്ന ഉപകരണങ്ങളായി അധികാരികൾ കാണുന്നു. അധികാരികളെ പിണക്കാൻ പറ്റില്ലല്ലോ. സർവകലാശാലകളിൽ വേണ്ടത് അധികാരികളല്ല, ചിന്താപരമായ ഔന്നത്യമുള്ള നേതാക്കളാണ്. സർവകലാശാലകളുടെ ജനാധിപത്യവൽക്കരണത്തെക്കുറിച്ച് നാം പറയാറുണ്ട്. സിൻഡിക്കേറ്റിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികളാണ് വരുന്നത്. ഇവർ ഉന്നത വിദ്യാഭ്യാസമേഖലയിൽ താൽപര്യമുള്ളവരോ അതിന് കഴിവുള്ളവരോ അല്ല. നമ്മുടെ സർവകലാശാലകളെ സംബന്ധിച്ച് നിയമനങ്ങളും കെട്ടിട നിർമാണവുമാണ് പ്രധാനം. ഇതിന് വൻ തുക ചെലവിടും. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ സുപ്രീം അക്കാദമിക് കൗൺസിൽ എന്ന ഉന്നത ബോഡിയിൽ വിദഗ്ധരാണുള്ളത്, രാഷ്ട്രീയ പ്രതിനിധികളല്ല.

വിദ്യാർഥികൾക്കാകട്ടെ, പരീക്ഷ എഴുതണം, ബിരുദം എടുക്കണം എന്ന താൽപര്യമാണുള്ളത്, അല്ലാതെ വിജ്ഞാനം വികസിപ്പിക്കണം എന്ന ലക്ഷ്യമല്ല. ഞാൻ കേരള സർവകലാശാലയിൽ ഉണ്ടായിരുന്ന കാലത്ത് ‘തേസ്‌ഡേ ക്ലബ്' എന്ന വേദിയുണ്ടായിരുന്നു. അവിടെ നല്ല തുറന്ന ചർച്ച നടന്നിരുന്നു.
വിജ്ഞാനത്തിന്റെ സാർവലൗകികതക്കുവേണ്ടിയായിരിക്കണം സർവകലാശാലകൾ നിലകൊള്ളേണ്ടത്. അവ നാളേക്കുള്ള സ്ഥാപനങ്ങളാണ്. ഇന്ന് നാം അംഗീകരിക്കാത്തതും ഇഷ്ടപ്പെടാത്തതുമായ ആശയങ്ങൾ അവിടെ വളർന്നുവരും. സ്ഥലകാലപരിമിതികൾക്കപ്പുറത്തുനിൽക്കുന്ന ആശയങ്ങളാണ് സർവകലാശാലകൾ സൃഷ്ടിക്കേണ്ടത്. അവയേ നിലനിൽക്കുകയുള്ളൂ.
ഗവേഷണത്തിന് പ്രസക്തി എന്ന ഒന്നില്ല. ഐസക് ന്യൂട്ടൺ 17ാം നൂറ്റാണ്ടിൽ ആവിഷ്‌കരിച്ച മൂന്നാമത്തെ ചലനസിദ്ധാന്തത്തിന് അന്ന് പ്രസക്തിയുണ്ടായിരുന്നില്ല. ആ സിദ്ധാന്തം പ്രായോഗികമായി ഉപയോഗപ്പെടുത്തിയത് 20ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ്. ഈ സിദ്ധാന്തം ഉപയോഗിച്ച് റോക്കറ്റ് വിക്ഷേപണം നടത്തി, ഉപഗ്രഹ സാങ്കേതിക വിദ്യ വന്നു. ഗവേഷണം രാജ്യത്തിന്റെ വളർച്ചയെ സഹായിക്കണം എന്നു പറയുന്നത് ബാലിശമായ അഭിപ്രായമാണ്. ഇത്തരം അഭിപ്രായക്കാരാണ് നയരൂപീകരണത്തിൽ വരുന്നത്. സർവകലാശാലകൾ സൃഷ്ടിക്കേണ്ടത് ധിഷണാശാലികളെയാണ്, ഭരണാധികാരികളെയല്ല.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ ഇന്ന് എൻ.എസ്.എസ്, എസ്.എൻ.ഡി.പി, മുസ്​ലിം സംഘടനകൾ, ക്രൈസ്തവ സഭകൾ എന്നിവയുടെ കീഴിലാണ്. ഈ നാല് സാമൂഹിക വിഭാഗങ്ങളിൽനിന്നാണ് വൈസ് ചാൻസലർമാർ വരുന്നത്. അല്ലാതെ വിദ്യാഭ്യാസ വിചക്ഷണന്മാരോ രാഷ്ട്രീയ നേതാക്കളോ അല്ല. ഈ ശക്തികളാണ് അക്കാദമിക് മേഖലയെ നിയന്ത്രിക്കുന്നത്. ഇത് സർവകലാശാല സംവിധാനത്തിന് യോജിച്ചതല്ല. അവിടെ വേണ്ടത്, വിഭിന്ന വീക്ഷണങ്ങളാണ്. റോസ ലക്‌സംബർഗ് പറഞ്ഞല്ലോ, വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ് യഥാർഥ സ്വാതന്ത്ര്യം എന്ന്. സ്വതന്ത്രചിന്തയുടെ വളർച്ചക്ക് അൽപം അരാജകത്വം ആവശ്യമാണ്. സർവകലാശാലകൾ സൃഷ്ടിക്കേണ്ടത് പണ്ഡിതന്മാരെയും ചിന്തകരെയും വിമർശകരെയുമാണ്. മുദ്രാവാക്യതൊഴിലാളികളെ സൃഷ്ടിക്കാനുള്ള ഒരിടമായി സർവകലാശാലകൾ മാറി, അതുകൊണ്ടുതന്നെ അവിടെ ചിന്തകർ ഉണ്ടാകുന്നില്ല. ഭരണാധികാരം കടന്നുവരുന്നതാണ് സർവകലാശാലകളുടെ ശാപം. അധികാരം പൊതുവെ ക്രിയേറ്റിവിറ്റിക്ക് വിഘാതം സൃഷ്ടിക്കുകയാണ് ചെയ്യുക.
അധികാരം പിടിക്കാൻ പഠിപ്പിക്കുന്ന സ്ഥലമല്ല സർവകലാശാല; അധികാരത്തെ എതിർക്കാൻ പഠിപ്പിക്കുന്ന സ്ഥലമാണ്. അധികാരത്തെ ആദരിക്കുന്നൊരു സമൂഹം നാശോന്മുഖമാണ്. അതിന് നിലനിൽക്കാനും മുന്നോട്ടുപോകാനും അർഹതയില്ല.


ഡി.സി ബുക്​സ്​ പ്രസിദ്ധീകരിച്ച എം. കുഞ്ഞാമന്റെ ‘എതിര്​: ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിതസമരം’ എന്ന കൃതിയിൽനിന്ന്​



Summary: Dr.M. Kunjaman who was a teacher in leading higher education institutions of the country for more than four decades. shares his experience as a student and as a teacher.


എം. കുഞ്ഞാമൻ

പ്രമുഖ സാമ്പത്തികശാസ്​ത്ര വിദഗ്​ധൻ. സബാൾട്ടൻ സ്​റ്റഡീസിൽ മൗലിക അന്വേഷണം നടത്തുന്ന ചിന്തകൻ. മഹാരാഷ്​ട്രയിലെ തുൽജാപുരിൽ ടാറ്റ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സോഷ്യൽ സയൻസസിൽ പ്രഫസറായിരുന്നു. ഇപ്പോൾ നെൽസൺ മണ്ടേല ചെയർ പ്രൊഫസർ, എം.ജി യൂണിവേഴ്​സിറ്റി. ​​​​​​​Development of Tribal Economy, State Level Planning In India, Globalization: A Subaltern Perspective, Economic Development and Social change, കേരളത്തിന്റെ വികസന പ്രതിസന്ധി, എതിര്​: ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിതസമരം എന്നിവയാണ്​ പ്രധാന കൃതികൾ.

Comments