പ്രളയ സാഹചര്യം
ഇപ്പോഴില്ല;
പക്ഷേ...
പ്രളയ സാഹചര്യം ഇപ്പോഴില്ല; പക്ഷേ...
2018 ലേതുപോലെ പ്രളയസാഹചര്യം നിലവിലില്ല, അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴ ഒന്നോ രണ്ടോ ദിവസങ്ങളിൽ മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ. എന്നാൽ മേഘവിസ്ഫോടനം പോലെ, ഒന്നോ രണ്ടോ മണിക്കൂറിൽ 10 സെ.മീറ്റർ മഴ ലഭിക്കാനുള്ള സാഹചര്യം നാല്- അഞ്ച് ദിവസങ്ങൾക്ക് മുമ്പ് പ്രവചിക്കുന്നത് അസാധ്യമായതിനാൽ, പ്രാദേശികമായി അത്തരം സാഹചര്യങ്ങൾ പാടെ തള്ളിക്കളയാനും സാധിക്കില്ല
3 Aug 2020, 10:24 AM
ലോക ജനസംഖ്യയുടെ പകുതിയോളം ഉള്‍ക്കൊള്ളുന്ന തെക്കു കിഴക്കന്‍ ഏഷ്യയിലെ ജനങ്ങളുടെ ജീവിതവും സംസ്‌കാരവുമായി ഏറ്റവും ബന്ധപ്പെട്ട കാലാവസ്ഥാ പ്രതിഭാസമാണ് മണ്‍സൂണ്‍. അതുകൊണ്ട് മണ്‍സൂണിലുണ്ടാകുന്ന ചെറിയ ഏറ്റക്കുറച്ചിലുകള്‍ പോലും ഇവിടുത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും ദുര്‍ബല ജനവിഭാഗങ്ങളുടെ ജീവനോപാധികള്‍ക്കുപോലും ഭീഷണിയാകാറുണ്ട്. ആഗോളതാപനം ലോകമെമ്പാടും കാലാവസ്ഥയില്‍ വലിയ മാറ്റങ്ങളുണ്ടാക്കുന്ന ഈ കാലഘട്ടത്തില്‍ മണ്‍സൂണ്‍ മഴയുടെ വിതരണത്തിലും മഴയുടെ തീവ്രതയിലും വര്‍ഷാവര്‍ഷം ലഭിക്കുന്ന മഴയുടെ ലഭ്യതയിലും വലിയ മാറ്റം പ്രകടമാണ്.
മണ്‍സൂണിന് സ്ഥിരത നഷ്ടമാകുന്നു
എല്ലാ വര്‍ഷവും ജൂണ്‍ ഒന്നിനോടടുപ്പിച്ച് മണ്‍സൂണ്‍ എത്താറുണ്ടെങ്കിലും മണ്‍സൂണ്‍ മഴയില്‍ വലിയ സ്ഥല-കാല വ്യതിയാനം കാണാന്‍ സാധിക്കും. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ മണ്‍സൂണ്‍ സീസണില്‍ കേരളത്തില്‍ 200 സെ.മീറ്ററിനുമുകളില്‍ മഴ ലഭിക്കുമ്പോള്‍ പടിഞ്ഞാറന്‍ രാജസ്ഥാനില്‍ ലഭിക്കുന്നത് ഏകദേശം 50 സെന്റീമീറ്റര്‍ മഴ മാത്രമാണ്. ദീര്‍ഘകാല ശരാശരിയുടെ അടിസ്ഥാനത്തില്‍ ഒരു മണ്‍സൂണ്‍ സീസണില്‍ ഇന്ത്യന്‍ ഭൂപ്രദേശം മുഴുവന്‍ കണക്കിലെടുത്താല്‍ ലഭിക്കുന്നത് ഏകദേശം 90 സെന്റീമീറ്റര്‍ മഴയാണ്. വര്‍ഷാ-വര്‍ഷ മഴ ലഭ്യതയില്‍ 10- 20 ശതമാനം ചാഞ്ചല്യം പ്രകടമാണെങ്കിലും പൊതുവെ മണ്‍സൂണിനെ സ്ഥിരതയാര്‍ന്ന കാലാവസ്ഥാ പ്രതിഭാസമായിട്ടാണ് കരുതിയിരുന്നത്.
ജൂണ്‍-ജൂലൈ മാസത്തെ മഴക്കുറവ് ആഗസ്റ്റ്-സെപ്റ്റംബര്‍ മാസം പരിഹരിക്കപ്പെട്ടില്ലെങ്കില്‍, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഒരേസീസണില്‍ തന്നെ പ്രളയവും വരള്‍ച്ചയും നേരിടേണ്ട അവസ്ഥയും മുന്നില്‍ കാണേണ്ടതാണ്
എന്നാല്‍, കഴിഞ്ഞ ഒരു ദശകത്തില്‍ കേരളത്തില്‍ ലഭിച്ച മണ്‍സൂണ്‍ മഴയുടെ കണക്ക് പരിശോധിച്ചാല്‍, പകുതിയിലധികം വര്‍ഷങ്ങളിലും മണ്‍സൂണ്‍ മഴയില്‍ ശരാശരിയില്‍ നിന്ന് 20 ശതമാനത്തില്‍ അധികം വ്യതിയാനം ഉണ്ടായതായി കാണാം. ഇതില്‍ നിന്ന് ഒരു കാര്യം മനസ്സിലാക്കാം: സമീപ കാലഘട്ടത്തില്‍ മണ്‍സൂണ്‍ കൂടുതല്‍ അസ്ഥിരമാകുന്നു. ഇതില്‍, രണ്ടു വര്‍ഷങ്ങളില്‍ (2013, 2018) ശരാശരിയില്‍ നിന്ന് 20 ശതമാനത്തില്‍ അധികം മഴ ലഭിച്ചപ്പോള്‍ മൂന്നു വര്‍ഷങ്ങളില്‍ (2012, 2015, 2016) ശരാശരിയില്‍ നിന്ന് 20 ശതമാനത്തില്‍ കുറവുമഴയാണ് ലഭിച്ചത്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, ഒരു ദശകത്തില്‍ അതിവര്‍ഷമോ അനാവൃഷ്ടി വര്‍ഷമോ ഉണ്ടാകാനുള്ള സാധ്യത 50 ശതമാനത്തില്‍ അധികമാണെന്ന് കാണാം.

കേരളത്തിലെ മണ്‍സൂണ്‍ മഴയില്‍ കഴിഞ്ഞ ദശകത്തില്‍ കാണുവാന്‍ സാധിച്ച മറ്റൊരു ശ്രദ്ധേയ മാറ്റം, ജൂണ്‍-ജൂലൈ മാസങ്ങളില്‍ മഴ കുറയുന്നതായും ആഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ മഴ കൂടുന്നതുമാണ്. ഇതോടൊപ്പം മണ്‍സൂണിന്റെ ആരംഭ സമയത്ത് ജൂണില്‍, അറബിക്കടലില്‍ ചുഴലിക്കാറ്റുകള്‍ പതിവാകുന്നതും കേരളത്തിലെ മണ്‍സൂണ്‍ തുടക്കത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഉദാഹരണമായി, മണ്‍സൂണിന്റെ തുടക്കത്തില്‍ 2019 ലുണ്ടായ വായു ചുഴലിക്കാറ്റും 2020 ലുണ്ടായ നിസര്‍ഗ ചുഴലിക്കാറ്റും കേരളത്തിലെ ജൂണിലെ മണ്‍സൂണ്‍ മഴയെ പ്രതികൂലമായി ബാധിച്ചു.
മഴമേഘങ്ങളുടെ ഘടനയില്‍ മാറ്റം
ആഗോള താപനത്തിന്റെ ഫലമായി കരയും കടലും ചൂടുപിടിച്ച് ബാഷ്പീകരണ തോത് വര്‍ധിക്കുന്നതിനോടൊപ്പം അന്തരീക്ഷവും ചൂടുപിടിക്കുന്നതുകൊണ്ട് അന്തരീക്ഷത്തിനു കൂടുതല്‍ നീരാവിയെ ഉള്‍ക്കൊള്ളുവാന്‍ സാധിക്കും, ഇത് പലപ്പോഴും അതിതീവ്ര മഴയ്ക്ക് കാരണമാകും. ഇതുമൂലം മണ്‍സൂണിന്റെ ഭാഗമായ തെക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തിപ്രാപിക്കുന്ന അവസരങ്ങളില്‍ കേരളത്തില്‍ ചുരുങ്ങിയ കാലയളവില്‍ ലഭിക്കുന്ന അതിതീവ്ര മഴ വര്‍ധിക്കുന്നതായി കാണാം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി മിതമായ മഴദിനങ്ങള്‍ കുറയുകയും അതിതീവ്ര മഴദിനങ്ങള്‍ കൂടുകയും ചെയ്യുന്നു. മലനാടും ഇടനാടും തീരപ്രദേശവും ഉള്‍പ്പെടുന്ന സവിശേഷമായ ഭൂപ്രകൃതിയുള്ള കേരളത്തെ പോലെയുള്ള സ്ഥലങ്ങളില്‍ ഇത്തരം മാറ്റങ്ങള്‍ പ്രളയത്തിനും വരള്‍ച്ചക്കും ഒരുപോലെ ആക്കം കൂട്ടാറുണ്ട്.
ഒന്നുരണ്ടു ദിവസങ്ങളില്‍ 10- 20 സെന്റീമീറ്റര്‍ വരെ മഴയും ഒരു ആഴചയില്‍ 30-40 സെന്റീമീറ്റര്‍ വരെ മഴയും ലഭിക്കാനുള്ള സാഹചര്യമാണ് നിലവിലുള്ളത്
കഴിഞ്ഞ ദശകത്തില്‍ കേരളത്തില്‍ ലഭിച്ച മണ്‍സൂണ്‍ മഴയുടെ തീവ്രത പരിശോധിച്ചാല്‍ ഇതു വ്യക്തമാകും. മണ്‍സൂണ്‍ മഴയുടെ വിതരണത്തിലും തീവ്രതയിലും കാണുവാന്‍ സാധിക്കുന്ന മാറ്റങ്ങള്‍ക്കൊപ്പം മഴമേഘങ്ങളുടെ ഘടനയില്‍ സംഭവിച്ച മാറ്റങ്ങള്‍ എടുത്തു പറയേണ്ടതാണ്.
സാധാരണ കാലവര്‍ഷ സമയത്ത് കാണപ്പെടുന്നത് ‘നിമ്പോ-സ്ട്രാറ്റസ് ' വിഭാഗത്തില്‍ പെടുന്ന ഉയരം കുറഞ്ഞ മേഘങ്ങളാണ്. ഇത്തരം മേഘങ്ങളില്‍ ഹിമകണങ്ങളുടെ സാന്നിധ്യം കുറവായതിനാല്‍ മണ്‍സൂണ്‍ സമയത്ത് ഇടിയും മിന്നലും ഉണ്ടാകുന്നത് വിരളമായിരുന്നു. എന്നാല്‍ അടുത്ത കാലത്ത്, മണ്‍സൂണ്‍ സമയത്തും അന്തരീക്ഷത്തില്‍ 12-15 കിലോമീറ്റര്‍ വരെ ഉയരത്തില്‍ എത്തുന്ന ഹിമകണങ്ങളുടെ സാന്നിധ്യമുള്ള ഇടി-മിന്നല്‍ മേഘങ്ങളായ കൂമ്പാര (‘ക്യൂമുലോനിംബസ്') മേഘങ്ങള്‍ പതിവാകുന്നത് ആഗോളതാപനത്തിന്റെ ഫലമായിട്ടാണെന്നാണ് പൊതുവെ വിലയിരുത്തുന്നത്. ഇത്തരം മേഘങ്ങളുടെ മറ്റൊരു സവിശേഷത, ചുരുങ്ങിയ കാലയളവില്‍ അതിതീവ്ര മഴ പെയ്യിക്കാന്‍ സാധിക്കും എന്നതാണ്. കേരളത്തില്‍ അതിതീവ്രമായി മഴ ലഭിച്ച 2018 ലും 2019 ലും ഇത്തരം കൂമ്പാരമേഘങ്ങളുടെ സാന്നിധ്യം ദൃശ്യമായിരുന്നു.

ഒരു സീസണില്‍ തന്നെ പ്രളയവും വരള്‍ച്ചയും
ഒരുവര്‍ഷം ഇന്ത്യ മുഴുവന്‍ ശരാശരി മണ്‍സൂണ്‍ മഴ ലഭിച്ചു എന്ന് പറഞ്ഞാല്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഒരേപോലെ മഴ ലഭിച്ചു എന്നല്ല അതിനര്‍ത്ഥം. ഉദാഹരണമായി, 1988ല്‍ ഇന്ത്യ മുഴുവന്‍ 23 ശതമാനത്തിലധികം മഴ ലഭിച്ചപ്പോള്‍ കേരളത്തില്‍ 9 % മഴക്കുറവുണ്ടായി. 2015 ല്‍ ഇന്ത്യ മുഴുവന്‍ 15 % മഴക്കുറവ് രേഖപ്പെടുത്തിയപ്പോള്‍ കേരളത്തില്‍ ഏകദേശം 25 % മഴയുടെ കുറവായിരുന്നു. എന്നാല്‍ 2016ല്‍ ഇന്ത്യ മുഴുവന്‍ ശരാശരി മഴ ലഭിച്ചപ്പോള്‍ കേരളത്തില്‍ 34 % മഴയുടെ കുറവാണുണ്ടായത്. കഴിഞ്ഞ 40 വര്‍ഷത്തെ മഴയുടെ കണക്കു പരിശോധിച്ചാല്‍ 13 വര്‍ഷങ്ങളില്‍ ജൂണ്‍-ജൂലൈ മാസത്തില്‍ 20 ശതമാനത്തിലധികം മഴയുടെ കുറവുണ്ടായപ്പോള്‍ 12 വര്‍ഷങ്ങളിലും മണ്‍സൂണ്‍ സീസണ്‍ മഴക്കമ്മിയിലാണ് അവസാനിച്ചത്. ഒരു വര്‍ഷം (2019)ല്‍ മാത്രമായിരുന്നു ശരാശരിയേക്കാള്‍ കൂടുതല്‍ മഴ. അതുകൊണ്ടു ജൂണ്‍-ജൂലൈ മാസത്തെ മഴക്കുറവ് ആഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ 2020 മണ്‍സൂണ്‍ സീസണ്‍ മഴക്കുറവില്‍ അവസാനിക്കാനും സാധ്യതയുണ്ട്.
മണ്‍സൂണ്‍ മഴയില്‍ വര്‍ഷാ-വര്‍ഷ വ്യതിയാനത്തോടൊപ്പം ദൈനം-ദിന വ്യതിയാനവും എടുത്തു പറയേണ്ടതാണ്.
ചൈന കടലില്‍ നിലവിലുള്ള sinlaku ടൈഫൂണിന്റെ അവശേഷിപ്പുകള്‍ ആഗസ്റ്റ് നാലാം തീയതിയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തി ന്യൂനമര്‍ദ്ദമായി രൂപപ്പെടും, മണ്‍സൂണ്‍ സജീവ കാലഘട്ടത്തിലേക്ക് നീങ്ങും, അതിന്റെ ഫലമായി ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തും മധ്യ ഇന്ത്യയിലും ഒന്നോ രണ്ടോ ദിവസങ്ങളില്‍ ശക്തമായതും ചില സ്ഥലങ്ങളില്‍ അതിതീവ്രവുമായ മഴയുണ്ടാകാം
അതായത്, മണ്‍സൂണ്‍ സമയത്ത് ദിവസവും ഒരേപോലെ മഴ ലഭിക്കണമെന്നില്ല. പടിഞ്ഞാറന്‍ തീരത്തു കാണുന്ന ന്യുനമര്‍ദ്ദ പാത്തിയും (Offshore trough), ബംഗാള്‍ ഉള്‍ക്കടല്‍ മുതല്‍ പാകിസ്ഥാന്‍ വരെ നീണ്ടു നില്‍ക്കുന്ന മണ്‍സൂണ്‍ മഴ പാത്തിയുമാണ് (monsoon trough) ദൈനം-ദിന മഴയുടെ ഏറ്റക്കുറച്ചിലുകള്‍ നിര്‍ണയിക്കുന്നത്. ചില അവസരങ്ങളില്‍ മണ്‍സൂണ്‍ മഴ പാത്തിയില്‍ രൂപം കൊള്ളുന്ന ചെറിയ ന്യൂനമര്‍ദ്ദങ്ങളും (monsoon lows), തീവ്ര ന്യുനമര്‍ദ്ദങ്ങളുമാണ് (monsoon depressions) ഇന്ത്യന്‍ ഉപ-ഭൂഖണ്ഡത്തിലെ മണ്‍സൂണ്‍ മഴയുടെ സജീവ കാലഘട്ടം (active period) നിര്‍ണയിക്കുന്ന പ്രധാന ഘടകം. ശാന്തസമുദ്രത്തില്‍ ഉണ്ടാകുന്ന ചുഴലിക്കാറ്റുകളും ഇന്ത്യയുടെ പശിമതീരത്തെ മഴയുടെ തീവ്രതയെ സ്വാധീനിക്കാറുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി സജീവ കാലഘട്ടത്തില്‍ ലഭിക്കുന്ന മഴയുടെ തീവ്രത വര്‍ധിക്കുന്നുണ്ടെങ്കിലും മഴ ദിനങ്ങള്‍ കുറയുന്നതും നിര്‍ജീവ കാലഘട്ടത്തിലെ (break period) ദിനങ്ങള്‍ കൂടുന്നതായും കാണുന്നുണ്ട്. ഇത് സജീവ കാലഘട്ടത്തില്‍ പ്രളയ സാധ്യത വര്‍ധിപ്പിക്കും, കേരളം പോലെ വലിയ ചെരിവുള്ള പ്രദേശങ്ങളില്‍ പെയ്ത് വെള്ളം വേഗം കടലില്‍ എത്തിച്ചേരുന്നതിനാല്‍ മഴക്കാലം കഴിയുമ്പോള്‍ വരള്‍ച്ചാ ഭീഷണിയും നേരിടേണ്ടി വരും. ചുരുക്കിപ്പറഞ്ഞാല്‍ ആഗോളതാപനത്തിന്റെ ഫലമായി മണ്‍സൂണ്‍ മഴയില്‍ വരുന്ന മാറ്റങ്ങള്‍ ഒരേസ്ഥലത്ത് ഒരു സീസണില്‍ തന്നെ പ്രളയവും വരള്‍ച്ചയും ഉണ്ടാകുവാന്‍ കാരണമായേക്കാം.
ആഗസ്റ്റിലെ പ്രവചനം നല്‍കുന്ന സൂചന
കേരളത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ആഗസ്റ്റില്‍ തുടര്‍ച്ചയായി പ്രളയമുണ്ടായതിനാല്‍ ഈ വര്‍ഷവും പ്രളയം ഉണ്ടാകുവാന്‍ സാധ്യത ഉണ്ടെന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷവും ആഗസ്റ്റില്‍ പ്രളയമുണ്ടായ സാഹചര്യവും അടുത്ത രണ്ടാഴ്ചകളിലേക്കുള്ള പ്രവചനങ്ങളും താരതമ്യം ചെയ്യേണ്ടതുണ്ട്. 2018ല്‍ ജൂണ്‍ ഒന്നു മുതല്‍ ജൂലൈ 31 വരെ കേരളത്തില്‍ ലഭിച്ചത് 18 % കൂടുതല്‍ മഴ ആയിരുന്നെകില്‍ 2019 ല്‍ ഇതേ കാലയളവില്‍ ലഭിച്ചത് 32 % കുറച്ച് മഴ ആയിരുന്നു. 2018 ല്‍ കേരളത്തിലെ മുഴുവന്‍ ഡാമുകളും സംഭരണശേഷിയില്‍ എത്തിയിരുന്നു എന്നതും പ്രസക്തമാണ്. പ്രളയമുണ്ടായ അഞ്ചു ദിവസത്തെ കണക്കുമാത്രം പരിശോധിച്ചാല്‍, 2018 ആഗസ്റ്റ് 14 മുതല്‍ 18 വരെ കേരളത്തില്‍ ലഭിച്ചത് 431 മി.മീറ്റര്‍ മഴ ആയിരുന്നെങ്കില്‍ 2019 ആഗസ്റ്റ് ഏഴു മുതല്‍ 11 വരെ ലഭിച്ചത് 477 മി.മീറ്റര്‍ മഴ ആയിരുന്നു. ഇതു യഥാക്രമം ഈ സമയത്തു ലഭിക്കേണ്ട ശരാശരി മഴയെക്കാള്‍ 490 %, 511 % വീതം കൂടുതല്‍ ആയിരുന്നു. 2018 ലെ പ്രളയകാലത്ത് ലഭിച്ച മഴയെക്കാള്‍ കൂടുതല്‍ മഴ 2019 പ്രളയകാലത്ത് ലഭിച്ചു. എന്നാല്‍ 2018 ല്‍ കേരളം മുഴുവന്‍ പ്രളയക്കെടുതി ഉണ്ടായപ്പോള്‍, 2019 ല്‍ വടക്കന്‍ ജില്ലകളിലും ചില കിഴക്കന്‍ മലയോര പ്രദേശങ്ങളിലുമാണ് കൂടുതല്‍ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുകളും അനുഭവപ്പെട്ടത്. ഇതില്‍നിന്ന് 2018 ലെ പ്രളയവും സാഹചര്യങ്ങളും 2019 ല്‍ നിന്ന് വ്യത്യസ്തമായിരുന്നു എന്ന് കാണാനാകും.
2019ല്‍ കേരളത്തിനുമുകളില്‍ കൂടുതല്‍ ഉയരത്തിലുള്ള കൂമ്പരമേഘങ്ങളില്‍ നിന്നുള്ള മേഘവിസ്‌ഫോടനത്തിനു സമാനമായ മഴയായിരുന്നു ലഭിച്ചത്. എന്നാല്‍ 2018 ലെയും 2019 ലെയും പ്രളയസമയത്ത്, അന്തരീക്ഷസ്ഥിതിയില്‍ ചില സമാനതകളും ഉണ്ടായിരുന്നു എന്നതും എടുത്തുപറയേണ്ടതാണ്. ബംഗാള്‍ ഉള്‍ക്കടല്‍ മുതല്‍ പാകിസ്ഥാന്‍ വരെ നീണ്ടു നില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാത്തി ഈ രണ്ടു വര്‍ഷങ്ങളിലും സജീവമായിരുന്നു. അതോടൊപ്പം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദവും പടിഞ്ഞാറന്‍ ശാന്തസമുദ്രത്തില്‍ ടൈഫൂണുകളുടെ സാന്നിധ്യവും ഉണ്ടായിരുന്നു. ഈ രണ്ടു ഘടകങ്ങളും പടിഞ്ഞാറന്‍ തീരത്ത് മണ്‍സൂണ്‍ കാറ്റിനെ
കോവിഡിന്റെ പശ്ചാത്തലത്തിൽ ചെറിയ വെള്ളപ്പൊക്കങ്ങളും, മണ്ണിടിച്ചിലും, ഉരുൾപൊട്ടലുകളും പോലും ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ദുഷ്കരമാക്കും. ഇത്തരം സാഹചര്യം മുൻകൂട്ടി കണ്ട്അടിയന്തര ഇടപെടൽ നടത്തേണ്ടതാണ്
ശക്തിപ്പെടുത്തുന്നതിനും സഹായകമായി. ഇന്ത്യയിലെ മണ്‍സൂണ്‍ മഴയെ സ്വാധീനിക്കുന്ന മറ്റൊരു സമുദ്ര ഘടകമായ ഇന്ത്യന്‍ ഓഷ്യന്‍ ഡയിപ്പോള്‍ (Indian Ocean Dipole : IOD) 2018 ആഗസ്റ്റില്‍ ന്യുട്രല്‍ ഫേസ് ആയിരുന്നെങ്കില്‍ 2019 ആഗസ്റ്റില്‍ അത് +ve ഫേസല്‍ ആയിരുന്നു. ഇന്ത്യയിലെ മണ്‍സൂണ്‍ മഴയെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാന ഘടകമായ എല്‍നിനോ (കിഴക്കന്‍ ഉഷ്ണമേഖലാ ശാന്തസമുദ്രം ചൂടാകുന്ന അവസ്ഥ) 2018 ല്‍ ന്യൂട്രല്‍ ഫേസ് ആയിരുന്നെങ്കില്‍, 2019 ല്‍ മധ്യ ഉഷ്ണമേഖലാ ശാന്തസമുദ്രം ചൂടാകുന്ന അവസ്ഥയായ ചെറിയ എല്‍നിനോ മോഡോക്കി (Modokki) നിലനിന്നിരുന്നു.

2020 ആഗസ്റ്റ് ആദ്യ ആഴ്ചകളിൽ കാലാവസ്ഥാ പ്രവചന മാതൃകകൾ നൽകുന്ന സൂചനകൾ എന്തെല്ലാമാണെന്ന് നോക്കാം. പ്രവചന മാതൃകളും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനങ്ങളും സൂചിപ്പിക്കുന്നത്, ചൈന കടലിൽ നിലവിലുള്ള sinlaku ടൈഫൂണിന്റെ അവശേഷിപ്പുകൾ ആഗസ്റ്റ് നാലാം തീയതിയോടെ ബംഗാൾ ഉൾക്കടലിൽ എത്തി ന്യൂനമർദ്ദമായി രൂപപ്പെടുകയും അതുവഴി പടിഞ്ഞാറൻ കാറ്റിന്റെ ശക്തി വർധിക്കുകയും ചെയ്യും. അതോടെ, മൺസൂൺ സജീവ കാലഘട്ടത്തിലേക്ക് നീങ്ങുകയും ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തും മധ്യ ഇന്ത്യയിലും ഒന്നോ രണ്ടോ ദിവസങ്ങളിൽ ശക്തമായതും ചില സ്ഥലങ്ങളിൽ അതിതീവ്രവുമായ മഴ ലഭിക്കാൻ കാരണമായേക്കാം.
അന്താരാഷ്ട്ര കാലാവസ്ഥാ ഏജൻസികളുടെ പ്രവചന പ്രകാരം പടിഞ്ഞാറൻ ശാന്തസമുദ്രത്തിൽ haugpit എന്ന ടൈഫൂണിന്റെ സാന്നിധ്യം കുടി പ്രവചിക്കുന്നതിനാൽ ആഗസ്റ്റ് നാലു മുതൽ ഏഴു വരെ 2018ലും 2019ലും നിലനിന്നിരുന്നതുപോലുള്ള അന്തരീക്ഷസ്ഥിതിയാണ് പ്രതീക്ഷിക്കുന്നത്. എന്നാലും, 2018 ലും 2019 ലും കണ്ടതുപോലെ അതിശക്തമായ ഒന്നിലധികം ടൈഫൂണുകളുടെ സാന്നിധ്യം അടുത്ത ആഴ്ച പ്രതീക്ഷിക്കുന്നില്ല. എന്നാൽ IOD ഈ അവസരത്തിൽ -ve ദിശയിലും ശാന്തസമുദ്രം എൽനിനോയ്ക്ക് വിപരീത ദിശയിലുള്ള ലാനിനാ ഘട്ടത്തിലേക്ക് കടക്കുന്നതിനാലും സാമുദ്രിക ഘടകങ്ങൾ മുമ്പത്തെ രണ്ടു വർഷങ്ങളിൽനിന്ന് വിഭിന്നമാണ്. അതുകൊണ്ട്, 2018 ൽ ഉണ്ടായതുപോലുള്ള പ്രളയസാഹചര്യം ഇപ്പോൾ നിലവിലില്ല, അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴ ഒന്നോ രണ്ടോ ദിവസങ്ങളിൽ മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ. എന്നാൽ മേഘ വിസ്ഫോടനം പോലുള്ള ഒന്നോ രണ്ടോ മണിക്കൂറിൽ 10 സെ.മീറ്റർ മഴ ലഭിക്കാനുള്ള സാഹചര്യം നാല് അഞ്ച് ദിവസങ്ങൾക്ക് മുമ്പ് പ്രവചിക്കുന്നത് അസാധ്യമായതിനാൽ, പ്രാദേശികമായി അത്തരം സാഹചര്യങ്ങൾ പാടെ തള്ളിക്കളയാനും സാധിക്കില്ല. അതുകൊണ്ട് പരിഭ്രാന്തിപ്പെടാതെ കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നൽകുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. ഒന്നുരണ്ടു ദിവസങ്ങളിൽ 10 - 20 സെ.മീറ്റർ വരെ മഴയും ഒരു ആഴ്ചയിൽ കൂടിപ്പോയാൽ 30- 40 സെ.മീറ്റർ വരെ മഴയും ലഭിക്കാനുള്ള സാഹചര്യമാണ് നിലവിലുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ചെറിയ വെള്ളപ്പൊക്കങ്ങളും, മണ്ണിടിച്ചിലും, ഉരുൾപൊട്ടലുകളും പോലും ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ദുഷ്കരമാക്കും. ഇത്തരം സാഹചര്യം മുൻകൂട്ടി കണ്ട്അടിയന്തര ഇടപെടൽ നടത്തേണ്ടതാണ്. മുമ്പ് സൂചിപ്പിച്ചതു പോലെ ജൂൺ-ജൂലൈ മാസത്തെ മഴക്കുറവ് ആഗസ്റ്റ്-സെപ്റ്റംബർ മാസം പരിഹരിക്കപ്പെട്ടില്ലെങ്കിൽ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഒരേ സീസണിൽ തന്നെ പ്രളയവും വരൾച്ചയും നേരിടേണ്ട അവസ്ഥയും മുന്നിൽ കാണേണ്ടതാണ്.
കാലാവസ്ഥാ ശാസ്ത്രജ്ഞന്‍, കുസാറ്റ്.
സതീഷ് കുമാർ
Jan 14, 2023
3 Minute Read
കെ. കണ്ണന്‍
Jan 14, 2023
8 Minutes Read
ടി.പി. പത്മനാഭൻ
Dec 27, 2022
10 Minutes Read
ഒ.കെ. ജോണി
Dec 25, 2022
3 Minutes Read
അഡ്വ. ജോയ്‌സ് ജോര്‍ജ്
Dec 24, 2022
10 Minutes Read
എം. ഗോപകുമാർ
Dec 23, 2022
14 Minutes Read
ശിൽപ സതീഷ്
Nov 29, 2022
6 Minutes Read
ഡോ. കെ.ആര്‍. അജിതന്‍
Nov 17, 2022
6 Minutes Read
Baby Chakrapani
4 Aug 2020, 08:00 AM
Good and Well Explained Article.