അവർണരുടെ കാളിയും ദുർഗയും എങ്ങനെ ബ്രാഹ്മണരുടേതായി?

കാളിയെ പൂജിക്കുന്നവരെ അധമരായാണ് ബ്രാഹ്മണ പാരമ്പര്യം നോക്കിക്കണ്ടിരുന്നത്. മത്സ്യവും മാംസവും ഭക്ഷിച്ചിരുന്ന കാളിയും ദുർഗയും ഇന്ന് വെജിറ്റേറിയനായി മാറിയിരിക്കുന്നു. ഒരു കാലത്ത് അടിസ്ഥാന ജനവിഭാഗങ്ങൾ പൂജിച്ചിരുന്ന ദൈവങ്ങൾ പിന്നീട് സവർണ ഹിന്ദുത്വ ശക്തികൾ കൈയ്യേൽക്കുന്നതിന്റെ ചരിത്രം പഠനീയമാണ്. നവരാത്രി കാലം ചരിത്രത്തിൽ ദമനം ചെയ്യപ്പെട്ട ദേവിമാരുടെ ഇത്തരം ചരിത്രം അനാവരണം ചെയ്യുന്നത് കൂടി ആവട്ടെ

ഹിന്ദുത്വശക്തികൾ ആഘോഷങ്ങളെ ബ്രാഹ്മണികവും ഹിംസാത്മകവും അപരവിദ്വേഷത്തിൽ അധിഷ്ഠിതവുമായ രീതിയിൽ പ്രചരിപ്പിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്ന വർത്തമാനകാലത്ത് നവരാത്രി ആഘോഷങ്ങളെ പറ്റി ചിന്തിക്കുക എന്നത്​ ചരിത്രപരമായ ഉത്തരവാദിത്വമാണ്.

വിന്ധ്യാപർവതവാസികളായ ജനങ്ങൾ ആരാധിച്ചിരുന്ന മാതൃദേവത ക്രമേണ ബ്രാഹ്മണദേവിയായി മാറിയതിന്റെ ചരിത്രം കൂടിയാണ് അനാവരണം ചെയ്യുന്നത്. യൂക്കോ യോക്കോച്ചി അവരുടെ പഠനത്തിൽ വിന്ധ്യാപർവതവാസിയായ ഒരു സ്ത്രീദേവി പിൽക്കാലത്ത് പുരാണങ്ങളിലെ ദുർഗയായും പാർവതിയായും രൂപാന്തരം തേടുന്നതിന്റെ രസകരമായ ചരിത്രം അവതരിപ്പിക്കുന്നുണ്ട്.

ബാണഭട്ടന്റെ കാദംബരിയിൽ ചണ്ഡികക്ക് മാംസം നിവേദിക്കുന്ന ശബരർ എന്ന ജനവിഭാഗത്തെ പറ്റി സൂചിപ്പിക്കുന്നുണ്ട്. മത്സ്യവും മാംസവും ദേവിക്ക് നിവേദിക്കുന്നത് താന്ത്രികാരാധനകളുടെ അനിഷേധ്യ ഭാഗമായിരുന്നു. ദക്ഷിണേന്ത്യൻ ബ്രഹ്മയാമളത്തിൽ കാളിക്ക് എരുമ, പോത്ത്, ആട്, കോഴി എന്നിവ ബലി നൽകുന്നതിനെ കുറിച്ചും ഈ മാംസം പാകം ചെയ്ത് നിവേദ്യമായി സമർപ്പിക്കുന്നതിനെ പറ്റിയും വിവരിക്കുന്നുണ്ട്. കാളിക്ക് മത്സ്യം ഹോമിക്കുന്ന ഒരു ചടങ്ങിനെ സംബന്ധിച്ച ഒരു വിവരണവും ബ്രഹ്മയാമളത്തിലുണ്ട്.

കർണാടകത്തിലെ നൊളംബാവാടിയിലുള്ള കോലാരമ്മ ക്ഷേത്രത്തിലെ ശിലാലിഖിതത്തിൽ ദേവിക്ക് മദ്യം നിവേദിക്കുന്നതിനെ സംബന്ധിച്ചും ആടിനെ ബലി കഴിക്കുന്നതിനെ കുറിച്ചും പരാമർശിക്കുന്നുണ്ട്. കാളിയും ദുർഗ്ഗയുമൊന്നും തന്നെ ഇന്ന് പ്രചരിപ്പിക്കുന്ന പോലെ വെജിറ്റേറിയനായിരുന്നില്ല എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഇങ്ങനെ ഇറച്ചിയും മീനും ഭക്ഷിച്ചു കൊണ്ടിരുന്ന ദേവതകൾ ശുദ്ധവെജിറ്റേറിയനായി മാറുന്നത് പിൽക്കാലത്ത് മാത്രമാണ്. ഇത്തരമൊരു വെജിറ്റേറിയൻ സംസ്‌കാരത്തിന് പ്രചാരം കൈവരുന്നത് ബ്രാഹ്മണിക ഹിന്ദുത്വശക്തികളുടെ ഇടപെടലിലൂടെയാണ്.

കാളി ഒരു കാലത്ത് അസ്​പൃശ്യയായിരുന്നു

ഒരു കാലത്ത് അടിസ്ഥാന ജനവിഭാഗങ്ങൾ പൂജിച്ചിരുന്ന ദൈവങ്ങൾ പിന്നീട് സവർണ ഹിന്ദുത്വ ശക്തികൾ കൈയ്യേൽക്കുന്നതിന്റെ ചരിത്രവും പഠനീയമാണ്. കാളിയെ പൂജിക്കുന്നവരെ അധമരായാണ് ബ്രാഹ്മണ പാരമ്പര്യം നോക്കിക്കണ്ടിരുന്നത്. ഉത്തമ ബ്രാഹ്മണർ ശാക്തേയപൂജ അനുഷ്ഠിക്കാൻ പാടില്ലെന്നും ശാങ്കര സ്മൃതി ഉൾപ്പെടെയുള്ള ഗ്രന്ഥങ്ങൾ നിർദ്ദേശിക്കുന്നുണ്ട്.

കാളിയെ പൂജിച്ചിരുന്ന ചില ജാതിവിഭാഗങ്ങളെ ബ്രാഹ്മണർ അധമരായാണ് പരിഗണിച്ചിരുന്നത് തന്നെ. ഇതെല്ലാം സൂചിപ്പിക്കുന്നത് ഇന്ന് ഹിന്ദുക്കൾ എന്ന് കരുതപ്പെടുന്ന ജാതിവിഭാഗങ്ങൾ വർണഭേദമെന്യേ ആരാധിക്കുന്ന കാളിയും മറ്റും ഒരു കാലത്ത് അസ്പൃശ്യരുടെ ഗണത്തിലാണ് ഉൾപ്പെട്ടിരുന്നത് എന്നാണ്.

സവർണ ഹിന്ദുത്വശക്തികൾ ഈ ദേവതകളെ തങ്ങളുടെ പൊതുമണ്ഡലത്തിലേക്ക് സ്വാംശീകരിച്ചതോടെ ഈ ദേവതകൾ വെജിറ്റേറിയനായും ബ്രാഹ്മണരായും രൂപാന്തരപ്പെട്ടു. പുരാണങ്ങളുടെ രചനാകാലത്ത് ആരംഭിച്ച ഈ ബ്രാഹ്മണ്യസ്വാംശീകരണ പ്രക്രിയ ഹിന്ദുത്വ ശക്തികളുടെ സാംസ്‌കാരിക ദേശീയതാപ്രചരണത്തിന്റെ കാലത്ത് ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. പശുമാംസവും മറ്റും ഭക്ഷിച്ചിരുന്ന കാളിയുടെ പാരമ്പര്യം നിലനിൽക്കുമ്പോഴാണ് ഹിന്ദുത്വശക്തികൾ അത് ഭക്ഷണ സംസ്‌കാരത്തിന്റെ ഭാഗമാക്കിയ ദളിതരെയും മുസ്‌ലിംകളെയും ദേശീയതയുടെ അപരരാക്കുന്നത്. സൃഷ്ടിയ്ക്കപ്പെട്ട ഈ ദേശീയത ഹിന്ദുത്വദേശീയതയാണെന്ന് പറയേണ്ടതില്ലല്ലോ.

നവരാത്രി കാലം ചരിത്രത്തിൽ ദമനം ചെയ്യപ്പെട്ട ദേവിമാരുടെ ഇത്തരം ചരിത്രം അനാവരണം ചെയ്യുന്നത് കൂടി ആവട്ടെ. ബഹുസ്വരമായ ഇന്ത്യൻ പാരമ്പര്യം നിലകൊള്ളുന്നത് ദമിതമായ ചരിത്രപാരമ്പര്യങ്ങൾ കൂടി ഉൾച്ചേർന്നതാണെന്ന് മറക്കാതിരിക്കാം.

Comments