കർണാടക സർക്കാർ പറയുന്നു;​ ടിപ്പു ചരിത്രത്തിലില്ല, വെറും ഭാവനാസൃഷ്​ടി!

കർണാടക സർക്കാർ ടിപ്പു സുൽത്താനെ സംബന്ധിച്ച പരാമർശങ്ങൾ പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കാൻ നടപടി സ്വീകരിച്ചിരിക്കുകയാണ്​. ടിപ്പുവിനെ സംബന്ധിച്ച നിലവിലുള്ള ആഖ്യാനങ്ങൾ ഭാവനാത്മകമാണെന്നും അവയ്‌ക്കൊന്നും ചരിത്രപരമായ തെളിവുകളുടെ പിൻബലമില്ലെന്നുമാണ് ബ്രാഹ്‌മണ്യ രാഷ്ട്രീയത്തിന്റെ വക്താക്കൾ വാദിക്കുന്നത്.

സ്വാതന്ത്ര്യസമര നിഘണ്ടുവിൽ നിന്ന് മലബാർ കലാപത്തിലെ രക്തസാക്ഷികളെ ഒഴിവാക്കാൻ ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ തീരുമാനം പുറത്തുവന്നതിനോടൊപ്പമാണ് കർണാടക സർക്കാർ ടിപ്പു സുൽത്താനെ സംബന്ധിച്ച പരാമർശങ്ങൾ പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കാൻ നടപടി സ്വീകരിച്ചത്. ടിപ്പുവിനെ സംബന്ധിച്ച നിലവിലുള്ള ആഖ്യാനങ്ങൾ ഭാവനാത്മകമാണെന്നും അവയ്‌ക്കൊന്നും ചരിത്രപരമായ തെളിവുകളുടെ പിൻബലമില്ലെന്നുമാണ് ബ്രാഹ്‌മണ്യ രാഷ്ട്രീയത്തിന്റെ വക്താക്കൾ വാദിക്കുന്നത്.

"മൈസൂർ കടുവ' എന്ന ടിപ്പുവിന്റെ വിശേഷണം ഒഴിവാക്കേണ്ടതാണന്നും ഹിന്ദുത്വശക്തികൾ കരുതുന്നു. ഇതെല്ലാം ടിപ്പുവിനോടോ, വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുൾപ്പെടെയുള്ള സ്വാതന്ത്ര്യസമര നായകരോടോ മാത്രമുള്ള വെറുപ്പിൽനിന്ന് ഉടലെടുക്കുന്നതല്ല. കൊളോണിയൽ വിരുദ്ധമായ മലബാർ സമരത്തെയും ബ്രിട്ടീഷുകാർക്കെതിരായ ടിപ്പുവിന്റെ പടയോട്ടങ്ങളെയും ഹിന്ദുത്വശക്തികൾ അത്രമേൽ വെറുക്കുന്നു എന്നത് ചരിത്ര യാഥാർത്ഥ്യമാണ്. ഇവരുടെയൊക്കെ ചരിത്രത്തെ മായ്ച്ചുകളയുന്നതിലൂടെ ഇന്ത്യയെന്ന രാഷ്ട്രശരീരത്തിൽ നിന്ന് മുസ്​ലിം സമുദായത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തെ കൂടി മായ്ച്ചുകളയാനാണ് ഹിന്ദുത്വവാദികൾ ശ്രമിക്കുന്നത്.

ബാബരി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം നിർമിക്കുന്നതിലൂടെയും മഥുരയിലെ മുസ്​ലിം പ്രാർഥനാലയത്തിനുമേൽ അവകാശവാദം ഉന്നയിക്കുന്നതിലൂടെയും മറ്റും തമസ്‌കരിച്ച് ഹീനമാക്കുന്ന രാഷ്ട്രീയതന്ത്രമാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് 2019-ൽ തന്നെ ടിപ്പുവിന്റെ ജന്മദിനാഘോഷങ്ങൾക്ക് ഹിന്ദുരാഷ്ട്രവാദികൾ തടയിട്ടത്. ഇന്ത്യയെന്ന ദേശരാഷ്ട്രത്തെ ഭിന്നസമുദായങ്ങൾ വസിക്കുന്ന ബഹുസ്വര ദേശമെന്ന ആശയത്തിൽ നിന്ന്​ സമ്പൂർണമായി അടർത്തിമാറ്റി ഇന്ത്യയെ ഏകമാനമായ ഒന്നാക്കി മാറ്റുകയാണ് ബ്രാഹ്‌മണ്യശക്തികളുടെ ലക്ഷ്യം. അതിന് ചരിത്രത്തിൽ നിന്നും ബഹുസ്വര ഇന്ത്യ എന്ന ആശയത്തിന് ബലം നൽകുന്ന ടിപ്പുവിന്റെയും മലബാർ സമരനായകന്മാരുടെയും ഓർമകളെ മായ്ച്ചുകളയുക എന്നത് ഹിന്ദുത്വത്തിന്റെ അടിയന്തര ലക്ഷ്യമാണ്. ഇത്തരം സൂക്ഷ്മതല ഹിംസാ രാഷ്ട്രീയത്തിലൂടെയാണ് ഹിന്ദുത്വം രാജ്യത്ത് പടർന്നുപന്തലിച്ചിട്ടുള്ളത്. ഹിജാബും, ബീഫും (ഇപ്പോൾ ബിരിയാണിയും) എല്ലാം വെറുക്കേണ്ടതും അക്രമിക്കാനുള്ള അടയാളമായി മാറിത്തീരുന്നതിന്റെ രാഷ്ട്രീയപരിസരം അത്രമേൽ ആഴത്തിലുള്ളതാണ്.

ഇതിൽ ടിപ്പുവിനെ ഇത്രമേൽ ബ്രാഹ്‌മണ്യവാദികൾ ഭയപ്പെടുന്നതെന്തുകൊണ്ട് എന്നത് പ്രത്യേകം അന്വേഷിക്കേണ്ട വിഷയമാണ്.

ടിപ്പുവിനെക്കുറിച്ചുള്ള വിദ്വേഷവും അറപ്പും വെറുപ്പും ഒരു മതം പോലെ സമൂഹത്തിലേയ്ക്ക് പടർന്നതിനെക്കുറിച്ച് പി.കെ. ബാലകൃഷ്ണൻ എഴുതുന്നുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ജീവത്യാഗം ചെയ്ത് പടപൊരുതിയ ടിപ്പുവിനെ ക്ഷേത്രധ്വംസകനും മതഭ്രാന്തനും ആയി ചിത്രീകരിക്കാനുള്ള കൊളോണിയൽ ചരിത്രാഖ്യാനങ്ങളുടെ തുടർച്ച ബ്രാഹ്‌മണ്യ രാഷ്ട്രീയത്തിലും വ്യക്തമായി ദർശിക്കാം. ടിപ്പുവിനെ ക്ഷേത്രധ്വംസകനായും മതഭ്രാന്തനായും ചിത്രീകരിക്കുക എന്നത് കൊളോണിയൽ ശക്തികളുടെ ആവശ്യമായിരുന്നു. തകർന്നുകിടക്കുന്ന ഓരോ ക്ഷേത്രത്തിന്റെയും ഉത്തരവാദിത്വം ടിപ്പുവിൽ അടിച്ചേൽപ്പിക്കപ്പെടുന്നത് കൊളോണിയൽ അധിനിവേശ ചരിത്രനിർമാണത്തിന്റെ ഭാഗമായി ബലപ്പെട്ടതാണ്. ബ്രാഹ്‌മണ്യ വ്യവഹാരങ്ങളും അതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട കൽഹണന്റെ രാജ തരംഗിണിയിൽ ക്ഷേത്രസ്വത്തുക്കൾ ആക്രമിച്ച് കൈക്കലാക്കുന്നതിനെ സംബന്ധിച്ച വ്യക്തമായ പരാമർശമുണ്ട്. പതിനൊന്നാം നൂറ്റാണ്ടിൽ ഹർഷദേവൻ എന്ന ഭരണാധികാരി ക്ഷേത്രങ്ങൾക്കുമേൽ നടത്തിയത് ഭീകരാക്രമണമായിരുന്നു എന്ന് ചരിത്രകാരിയായ റോമിലാ ഥാപ്പർ രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ ഇത്തരം ക്ഷേത്രാക്രമണകാരികൾക്ക് നേരിടേണ്ടിവരാത്ത ഭീകരാപവാദമാണ് ടിപ്പുവിനെക്കുറിച്ച് ഉണ്ടായിവന്നത്.

ബ്രിട്ടീഷ് ഭരണത്തിനെതിരെ പ്രക്ഷോഭം നടത്തി എന്ന കുറ്റം ചുമത്തിയ മാപ്പിള തടവുകാർ / Photo: Wikimedia Commons

ക്ഷേത്രങ്ങൾക്കും ശൃംഗേരി മഠത്തിനും സവിശേഷമായ ദാനങ്ങളും സംഭാവനകളും നൽകിയ ടിപ്പുവിന്റെ ചരിത്രപരമായ ഇടപെടലുകളെ ഹിന്ദുത്വവാദികൾ മനപൂർവം മറയ്ക്കുകയാണ് ചെയ്യുന്നത്. യുവാൽ നോവാ ഹരാരി നിരീക്ഷിച്ചതുപോലെ, ചരിത്രത്തിൽ നിന്ന് ഒരു നൂലിഴ മാത്രം എടുത്തുകാട്ടാൻ ശ്രമിക്കുന്നവർ ചരിത്രത്തെ സമഗ്രദർശനം ചെയ്യാൻ മടിക്കുകയാണ്. ടിപ്പുവിനെ ക്ഷേത്രധ്വംസകനായി ചിത്രീകരിക്കുന്നവർ അദ്ദേഹത്തിന്റെ മറ്റ് ഇടപെടലുകൾ കണ്ടില്ലെന്ന് നടിക്കുന്നു.

1782-ൽ ഗണ്ഡിക്കൊട്ട ക്ഷേത്രത്തിലെ ആഞ്ജനേയ പൂജക്ക് ഭൂമി അനുവദിച്ച്​ ടിപ്പു ഉത്തരവിടുന്നുണ്ട്. ശ്രീരംഗപട്ടണം ക്ഷേത്രത്തിലേയ്ക്ക് വെള്ളിക്കപ്പുകളും മറ്റും ടിപ്പു സമർപ്പിക്കുന്നുണ്ട്. കൂടാതെ ശൃംഗേരി മഠവുമായും ടിപ്പുവിനുണ്ടായിരുന്നത് ഒരു വിശേഷാൽ ബന്ധമായിരുന്നു. ശൃംഗേരി മഠാധിപതിക്ക് അയക്കുന്ന ഒരു കത്തിൽ ടിപ്പു മഠാധിപതിയെ "ശ്രീമദ് പരമഹംസ പരിവ്രാജ്യകാചാര്യ' എന്നാണ് സംബോധന ചെയ്യുന്നത്. ശൃംഗേരി മഠത്തിന് കൈയയച്ച് നിരവധി സംഭാവനകൾ മടികൂടാതെ ടിപ്പു നൽകുന്നുണ്ടെന്ന് ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു.

ടിപ്പു ഗുരുവായൂർ ക്ഷേത്രത്തിനനുവദിച്ച ഇളവുകളും ഇതിനോട് ചേർത്ത് വായിക്കേണ്ടതുണ്ട്. 1787-ലെ ഒരു വിളംബരത്തിൽ "മതസഹിഷ്ണുത പരിശുദ്ധ ഖുർആന്റെ അടിസ്ഥാന തത്വമാണെന്നും' ടിപ്പു പ്രഖ്യാപിക്കുന്നുണ്ട്. ഇങ്ങനെ ടിപ്പുവിനെ സംബന്ധിച്ച ചരിത്രജീവിതത്തെ സമഗ്രമായി ദർശിക്കാതെ അപരവത്കരണത്തിനും ഫാഷിസ്റ്റ് അജണ്ടയ്ക്കുമുള്ള ഇന്ധനം ടിപ്പുവിന്റെ ചരിത്രജീവിതത്തിൽ നിന്നും ഏകപക്ഷീയമായി അടർത്തിയെടുത്ത് ചരിത്രവായനകളെ വഴിതിരിച്ചുവിട്ട് മനുഷ്യമനസുകളെ വിഷലിപ്തമാക്കാനാണ് വരേണ്യ ഹിന്ദുത്വ ജാതി രാഷ്ടീയം പരിശ്രമിക്കുന്നത്.

ശ്രീരംഗപട്ടണം ക്ഷേത്രം / Photo: Wikimedia Commons

ടിപ്പുവിന്റെയും മലബാർ സമരനായകന്മാരുടെയും ചരിത്രജീവിതത്തെ തമസ്‌കരിക്കുന്നതിലൂടെ ബ്രാഹ്‌മണ്യ ആഖ്യാനങ്ങളെ ഇന്ത്യയുടെ മൂർത്ത രാഷ്ട്രീയമാക്കി പ്രതിഷ്ഠിക്കുകയാണ് ലക്ഷ്യം. ഇതിലൂടെ ഇന്ത്യയെന്നാൽ രാമനും സീതയും രാമായണവും എന്നതായി മാറ്റിത്തീർക്കുകയാണ് പ്രധാന ലക്ഷ്യം. ഉത്തരേന്ത്യയിലെ സ്ഥലങ്ങളുടെ പല പഴയ പേരുകളും മാറ്റി ഹിന്ദുത്വ രാഷ്ട്രത്തിന്റെ സ്മൃതികൾ കൃത്രിമമായി ഉണർത്തിവിടുന്ന വിധത്തിൽ പുതിയ പേരുകൾ നൽകുന്നതും ഇതിന്റെ ഭാഗമാണ്. ഇങ്ങനെ ചരിത്രത്തെ ഏകശിലാരൂപമായ ഒന്നായി മാറ്റിത്തീർക്കുന്നതിലൂടെ ഹിന്ദുത്വത്തെ പൊതുബോധമാക്കി പരിവർത്തിപ്പിക്കുകയാണ്. ഹിംസാത്മകമായ ഈ ഹിന്ദുത്വകാര്യ പരിപാടികൾക്കെതിരായി നിതാന്തവും ജാഗ്രത്തായതുമായ വിമർശചരിത്രബോധ്യത്തോടെ ഇടപെടേണ്ട അനിവാര്യ സന്ദർഭത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. സമത്വബോധത്തിൽ നിലീനമായ സാഹോദര്യ ജനാധിപത്യത്തിന്റെ നിലനില്പിനും, ഇന്ത്യയെ ഒരു മതേതര ദേശരാഷ്ട്രമായി നിലനിർത്തുന്നതിനും ഈ വിമർശചരിത്രബോധ്യം അത്യന്താപേക്ഷിതമാണ്.

Comments