വാക്സിന്‍ എത്തി,
ഇനി കോവിഡാനന്തര കാലത്തെക്കുറിച്ച്
ചിന്തിക്കാം
വാക്‌സിന്‍ എത്തി, ഇനി കോവിഡാനന്തര കാലത്തെക്കുറിച്ച് ചിന്തിക്കാം
കോവിഡിന് വാക്‌സിന്‍ എത്തിക്കഴിഞ്ഞു. രോഗനിയന്ത്രണം സാധ്യമായാല്‍, രോഗാനന്തര സമൂഹത്തെക്കുറിച്ച് അടിയന്തരമായി ചിന്തിക്കേണ്ടതുണ്ട്. സര്‍വ മേഖലകളിലും കോവിഡ് ഉണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ അളവറ്റതാണ്. കോവിഡാനന്തര കാല ജീവിതം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചുള്ള ചില പ്രതീക്ഷകളും സാധ്യതകളും പങ്കുവെക്കുകയാണ് ലേഖകന്‍
12 Jan 2021, 12:30 PM
കോവിഡ് 19 മഹാമാരി ലോകത്താകമാനം 50 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും 12 ലക്ഷത്തിലധികം പേരുടെ ജീവനെടുക്കുകയും ചെയ്തിരിക്കുകയാണ്. 35 ദശലക്ഷത്തോളം പേര്‍ രോഗമുക്തി നേടി. വ്യാവസായിക, സേവന, വിദ്യാഭ്യാസ മേഖലകളെ ഗണ്യമായ തോതില്‍ പുറകോട്ടടിപ്പിക്കുന്നതിന് കോവിഡ് 19 കാരണമായിട്ടുണ്ട്. സാമ്പത്തിക മേഖലയെ തിരിച്ചുപിടിക്കുന്നതിനും ജനജീവിതം സാധാരണ രീതിയില്‍ ആക്കുന്നതിനും വേണ്ട പ്രായോഗിക നടപടികളെക്കുറിച്ച് ഗൗരവതരമായി സര്‍ക്കാരുകള്‍ ആലോചിക്കേണ്ട സമയമാണിത്.
മഹാമാരിയുടെ പ്രഹരം
ഭരണകൂടങ്ങളെ വരെ തൂത്തെറിയാന്‍ കരുത്തുള്ള ഒന്നാണ് കോവിഡ് എന്ന്, യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പോടെ വ്യക്തമായിക്കഴിഞ്ഞു. കോവിഡിനെ നേരിട്ടതില്‍ ട്രംപ് ഭരണകൂടത്തിനു പറ്റിയ വീഴ്ചകളും രണ്ടു ലക്ഷത്തിലധികം ആളുകളുടെ മരണവും യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയായി. മാത്രമല്ല ‘ഒബാമ കെയര്‍ പദ്ധതി' (ബറാക്ക് ഒബാമ നടപ്പിലാക്കിയ ആരോഗ്യ ചികില്‍സാ പദ്ധതി) പിന്‍വലിച്ച ട്രംപിന്റെ നടപടിയും കോവിഡ് പ്രതിരോധത്തെ പിന്നോട്ടടിപ്പിച്ചതായി വിലയിരുത്തപ്പെട്ടു. കോവിഡ് കാലത്ത് നടന്ന തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ തോല്‍വിയിലേക്കു വരെ കാര്യങ്ങളെത്തി.
ആരോഗ്യരംഗത്തിന് ബഡ്ജറ്റില്‍ നീക്കിവെച്ച തുകയുടെ ശതമാന വ്യത്യാസമില്ലാതെ എല്ലാ രാജ്യങ്ങളും കോവിഡ് കൊടുങ്കാറ്റില്‍ തകര്‍ന്നടിഞ്ഞ കാഴ്ചയാണ് നാം കണ്ടത്. ഇതര മേഖലകള്‍ക്കായി നീക്കിവെച്ച ബഡ്ജറ്റ് വിഹിതം മഹാമാരിയെ നേരിടുന്നതിന് മാത്രമായി ചെലവഴിക്കേണ്ട അവസ്ഥയുമുണ്ടായി. സാമ്പത്തിക, വിദ്യാഭ്യാസ, വ്യാവസായിക മേഖലകളെ പുറകോട്ടടിപ്പിച്ചു. തൊഴിലില്ലായ്മ രൂക്ഷമാക്കി. ഇന്ത്യയില്‍ 2020 ജനുവരിയില്‍ തൊഴിലില്ലായ്മ പ്രതിമാസ ശീര്‍ഷകത്തില്‍ 7.8 ശതമാനമായത് മേയില്‍ 23.2 ശതമാനമായി ഉയര്‍ന്നു. അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ കണക്കില്‍ അമേരിക്കയില്‍ മഹാമാരിയുടെ ആരംഭത്തെ അപേക്ഷിച്ച് 3.5 ശതമാനം തൊഴില്‍ രഹിതരുടെ എണ്ണം കൂടി.

യൂണിസെഫിന്റെ കണക്കുപ്രകാരം 74 ലക്ഷം കുട്ടികള്‍ ദാരിദ്ര്യമനുഭവിക്കുകയും ഭക്ഷണം കിട്ടാത്ത അവസ്ഥ നേരിടുകയുമായിരുന്നെങ്കില്‍ കോവിഡിനെതുടര്‍ന്ന് അത് 150 ലക്ഷത്തിലെത്തുമെന്നുമാണ് കണക്കാക്കുന്നത്. വരാനിരിക്കുന്ന നാളുകളിലെ ഭക്ഷ്യക്ഷാമത്തെപ്പറ്റി ഐക്യരാഷ്ട്ര സഭയും, ഫുഡ് ആന്റ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷനും (F.A.O.) മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞിരിക്കുന്നു. കോവിഡ് വ്യാപനം നഗരകേന്ദ്രീകൃതമായ വികസന മോഡലിനെ വലിയതോതില്‍ പുറകോട്ടടിപ്പിക്കുന്ന കാഴ്ചയാണ് ലോകത്താകമാനം കണ്ടത്.
വ്യവസായ ശാലകള്‍, കമ്പനികള്‍, ഐ.ടി മേഖല, ഇതര നിര്‍മ്മാണ രംഗങ്ങള്‍ എന്നിവയെല്ലാം മിക്കവാറും രാജ്യങ്ങളില്‍ നഗര കേന്ദ്രീകൃതമായാണുള്ളത്. ഇന്ത്യയിലെ സ്ഥിതിയും ഭിന്നമല്ല. എന്നാല്‍ കാര്‍ഷിക മേഖല താരതമ്യേന ഈ മഹാമാരിയുടെ കാലഘട്ടത്തിലും പിടിച്ചു നിന്നതായി കാണാം. കോവിഡാനന്തര കാലഘട്ടത്തില്‍ ജനജീവിതം സാധാരണ നിലയിലേയ്ക്ക് കൊണ്ടുവരുന്നതിനുവേണ്ട കര്‍മ്മപദ്ധതികളെപ്പറ്റിയുള്ള ധവളപത്രങ്ങള്‍ ഓരോ രാജ്യവും പുറത്തിറക്കേണ്ട സമയമാണിത്. കോവിഡാനന്തരം നമ്മുടെ രാജ്യത്ത് എന്തെല്ലാം പ്രായോഗിക നടപടികള്‍ സാധ്യമാണ്?
സാര്‍വത്രികാരോഗ്യം
കോവിഡ് സാര്‍വത്രികാരോഗ്യ സംവിധാനത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. എല്ലാ പൗരന്മാര്‍ക്കും വരുമാനം കണക്കാക്കാതെ ആരോഗ്യസേവനം ഉറപ്പാക്കുന്നതാണ് സാര്‍വത്രികാരോഗ്യം. ഇതുവഴി രാജ്യത്തെ 90 ശതമാനം പൗരന്മാര്‍ക്ക് അവര്‍ നല്‍കുന്ന ആരോഗ്യ നികുതി (Health Cess) ലൂടെ ചികിത്സ, രോഗപ്രതിരോധം എന്നിവ ഉറപ്പാക്കാം. എന്നാല്‍ നികുതി അടയ്ക്കുവാന്‍ കഴിയാത്തവരെയും ഉള്‍ക്കൊള്ളുന്നതാണ് ഈ പദ്ധതി. ഇത് നിശ്ചിത ഗുണനിലവാര ചികിത്സ നല്‍കുന്നതിനുപുറമെ ചികിത്സാ ചെലവുമൂലം പൗരന്മാര്‍ സാമ്പത്തിക ഭദ്രതയില്ലായ്മയിലേക്ക് പോകുന്നില്ല എന്നുറപ്പു വരുത്തുകയും ചെയ്യും.

നിലവില്‍ ജീവിതശൈലീ രോഗങ്ങള്‍ക്കാണ് ആരോഗ്യചികിത്സാ രംഗത്ത് പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ സാംക്രമിക രോഗങ്ങളുടെ പുനരാവിര്‍ഭാവം ഗൗരവതരമായി നാം കാണേണ്ടതുണ്ട്. നിരക്ഷരത നിര്‍മാര്‍ജ്ജനം, ജീവിത സാഹചര്യം മെച്ചപ്പെടുത്തല്‍, പാര്‍പ്പിടം, സമീകൃതാഹാരം, ശുദ്ധമായ കുടിവെള്ളം എന്നിവ ഉറപ്പാക്കല്‍ എന്നിവ സാംക്രമിക രോഗപ്രതിരോധ രംഗത്ത് അവശ്യമായ നടപടികളാണ്.
ബഡ്ജറ്റില്‍ ആരോഗ്യരംഗത്തിന് ചുരുങ്ങിയത് അഞ്ചു ശതമാനം തുകയെങ്കിലും വകയിരുത്തേണ്ടതുണ്ട്. വിവിധ വിഭാഗക്കാരായ ജനതള്‍ കഴിയുന്ന ഇവിടെ, കോവിഡ് പോലുള്ള മഹാമാരിയെ ഭാവിയില്‍ നേരിടുന്നതിന് സമഗ്ര ആരോഗ്യനയം കൂടിയേ തീരൂ. 135 കോടി ജനങ്ങളെ ആരോഗ്യവും ആത്മവിശ്വാസവുമുള്ള ജനതയാക്കേണ്ടതാണ് ഇന്നിന്റെ പ്രധാന വെല്ലുവിളി. പ്രാഥമിക - ദ്വിതല - ത്രിതല ചികിത്സാ ശ്രേണികള്‍ വഴി പൊതുജനാരോഗ്യ രംഗത്തെ ശക്തിപ്പെടുത്തണം. മെഡിക്കല്‍ കോളേജുകളുടെ എണ്ണം കൂട്ടിക്കൊണ്ടല്ല, മറിച്ച്, പ്രാഥമിക - ദ്വിതല ആശുപത്രികള്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ക്കാണ് ഊന്നല്‍ നല്‍കേണ്ടത്. സ്വകാര്യ മേഖലയിലെ പ്രത്യേകിച്ചും ഗ്രാമീണ മേഖലയിലെ ചെറുകിട-ഇടത്തരം ആശുപത്രികളുടെ ശാക്തീകരണവും ഇതിനു സമാന്തരമായി നടക്കേണ്ടതുണ്ട്. വന്‍കിട കോര്‍പ്പറേറ്റ് ആശുപത്രികള്‍ കൊണ്ടുമാത്രം ഇത്തരം സ്ഥിതിവിശേഷം നേരിടാന്‍ കഴിയില്ല.
എപ്പിഡെമിയോളജി സെന്ററുകള്‍ വേണം
സാംക്രമിക രോഗങ്ങളുടെ പ്രഭവവും വ്യാപനവും നിര്‍ണയിക്കുന്നതിനും നിരീക്ഷിക്കുന്നതിനും എല്ലാ സംസ്ഥാനങ്ങളിലും എപ്പിഡെമിയോളജി സെന്ററുകള്‍ സ്ഥാപിക്കുകയും അവയെ നോഡല്‍ ഗവേഷണ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുകയും വേണം. ജന്തുജന്യ രോഗങ്ങള്‍ മനുഷ്യരിലേക്ക് വ്യാപരിക്കുന്നത് ഈയടുത്ത് കൂടുതലായി കാണുന്നു. ഇത്തരം രോഗങ്ങളെക്കുറിച്ച് പഠിക്കുന്നതിന് ‘ഏകാരോഗ്യം' (One Health) കാഴ്ചപ്പാടോടെ വെറ്റിനറി ശാസ്ത്രജ്ഞന്‍മാരെ കൂടി ഉള്‍പ്പെടുത്തി വേണം പഠന ഗവേഷണങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍. കാലാവസ്ഥാ വ്യതിയാനം, ജനസഞ്ചാരം (വിനോദസഞ്ചാരകര്‍ ഉള്‍പ്പെടെ) എന്നിവയ്ക്കനുസരിച്ച് പുത്തന്‍ രോഗങ്ങള്‍ സമൂഹത്തിലുണ്ടാകുന്നതിന് ശക്തമായ നിരീക്ഷണമാവശ്യമാണ്.g
കാലാവസ്ഥാ പ്രവചനങ്ങള്‍ പോലെ സാംക്രമിക രോഗങ്ങളുടെ പ്രഭവ മുന്നറിയിപ്പുകള്‍ ജനങ്ങള്‍ക്ക് കാലേകൂട്ടി നല്‍കാന്‍ കഴിയണം. സാര്‍വത്രികാരോഗ്യത്തിനു വേണ്ടിയുള്ള പരിപാടികള്‍ക്ക് രാജ്യങ്ങളുടെയും വന്‍കരകളുടെയും അതിര്‍ത്തികള്‍ക്കപ്പുറം കടന്നുള്ള കാഴ്ച്ചപ്പാടോടെ നടപ്പാക്കുന്നതിന് കോവിഡാനന്തര കാലഘട്ടത്തില്‍ ലോകരാജ്യങ്ങള്‍ക്ക് കഴിയണം.
ചികിത്സാ ഉപകരണ- ഉല്‍പ്പാദന മേഖല ശക്തിപ്പെടുത്തല്‍
കോവിഡ് 19, ചികിത്സാ ഉപകരണങ്ങളുടെ കുറവും തീവ്രപരിചരണ വിഭാഗങ്ങളുടെ അപര്യാപ്തതയും പല രാജ്യങ്ങളിലും വെളിച്ചത്തുകൊണ്ടുവന്നിട്ടുണ്ട്. ആശുപത്രികളുടെ എണ്ണം, തീവ്രപരിചരണ വിഭാഗ കിടക്കകള്‍, വെന്റിലേറ്ററുകള്‍, മറ്റു തീവ്രപരിചരണ വിഭാഗ ഉപകരണങ്ങള്‍ എന്നിവയുടെ കുറവ് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. മെഡിക്കല്‍ ഉപകരണ വ്യവസായം നിലവിലുള്ള മൂല്യത്തിന്റെ (60 ദശലക്ഷം ഡോളര്‍) ചുരുങ്ങിയത് മൂന്നിരട്ടിയെങ്കിലും ആക്കി വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. നിലവില്‍ ഇത് ആഗോളതലത്തിലെ 1.7 ശതമാനം വിപണി മാത്രമായാണുള്ളത്.

കോവിഡ് ഭീഷണിയില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്കുവേണ്ടി വെന്റിലേറ്ററുകള്‍, മറ്റ് ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ എന്നിവ ധൃതിയില്‍ വാങ്ങിക്കൂട്ടിയ സാഹചര്യത്തില്‍ കൃത്രിമ വിലക്കയറ്റം ഈ മേഖലയില്‍ ഉണ്ടായത് മറക്കാറായിട്ടില്ല. ഇവയില്‍ പലതിന്റെയും ഉത്പാദനം വിദേശ കമ്പനികള്‍ മാത്രമാണ് നടത്തുന്നത്. ഗുണനിലവാരമുള്ള ഈ ഉപകരണങ്ങള്‍ ഇന്ത്യയില്‍ത്തന്നെ ഉല്‍പാദിപ്പിക്കുന്നതിന് ബയോമെഡിക്കല്‍ രംഗത്തെ ശാക്തീകരിക്കേണ്ടത് കോവിഡാനന്തര കാലത്തിലെ ഒരു പ്രധാന ലക്ഷ്യമാകണം. ഇതിനായി ‘ബയോമെഡിക്കല്‍ ഇന്‍ഡസ്ട്രിയല്‍' പാര്‍ക്കുകള്‍ സ്ഥാപിക്കണം. കൂടാതെ സംസ്ഥാനങ്ങളില്‍ ബയോമെഡിക്കല്‍ ഡിപ്ലോമ ബിരുദ കോഴ്സുകള്‍ ആരംഭിക്കണം. പഠനം പൂര്‍ത്തിയാക്കിയവരെ പ്രായോഗിക പരിശീലനത്തിന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ വിന്യസിക്കുകയും ചെയ്യാം. സ്വകാര്യമേഖലയില്‍ മെഡിക്കല്‍ ഉപകരണ നിര്‍മാണ യൂണിറ്റുകള്‍ക്കായി ‘സ്റ്റാര്‍ട്ട് അപ്പ്' പദ്ധതികള്‍ വഴി ചുരുങ്ങിയ പലിശയ്ക്ക് വായ്പകള്‍ അനുവദിച്ചും, ഗ്രാന്റുകള്‍ നല്‍കിയും നിക്ഷേപകരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാം.
ആവശ്യം കാര്‍ഷിക നവോത്ഥാനം
കോവിഡാനന്തര കാലത്തില്‍ സാമ്പത്തിക പുനരുജ്ജീവനത്തിന്റെ ഒരു പ്രധാന മാര്‍ഗ്ഗമായി കൃഷിയെയും കാര്‍ഷിക വ്യവസായങ്ങളെയും വിവിധ രാജ്യങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്ത്യയിലെ 70% ഗ്രാമീണരും കൃഷിയെ ആസ്പദമാക്കി ഉപജീവനം നയിക്കുന്നവരാണ്. രാജ്യത്തെ 52% ആളുകള്‍ക്കും കൃഷിയിലൂടെയുള്ള തൊഴില്‍ ജീവനോപാധിയാണ്. ലോകത്തെ ഇതരമേഖലകളെല്ലാം അടച്ചിട്ടപ്പോഴും കാര്‍ഷിക മേഖല സജീവമായിരുന്നു. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ (GDP) 8 ശതമാനവും തൊഴില്‍ മേഖലയുടെ 50% തൊഴിലവസരങ്ങളും കാര്‍ഷിക മേഖലയിലാണ്.

കാര്‍ഷിക ഉല്‍പ്പാദന വര്‍ദ്ധനവ്, ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവ കുറയ്ക്കുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും സഹായിക്കും. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുന്നതിന് കൃഷിക്കും അനുബന്ധ കാര്‍ഷിക വ്യവസായങ്ങള്‍ക്കും മുന്‍ഗണന നല്‍കുക മാത്രമാണ് പോംവഴി. കൃഷിയെ ആധുനിക വല്‍ക്കരിക്കുന്നതിനുവേണ്ട നടപടികള്‍ - മണ്ണിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കല്‍, കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം, ജലസേചന സൗകര്യങ്ങള്‍, സാങ്കേതികവിദ്യകളിലൂന്നിയുള്ള പുത്തന്‍ കൃഷി രീതികളും യന്ത്രങ്ങളുടെ ഉപയോഗവും - എന്നിവ അടിയന്തിരമായി നടപ്പാക്കണം. കൂടാതെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ ന്യായവില ഉറപ്പാക്കല്‍, വിപണി സജ്ജമാക്കല്‍, കാര്‍ഷിക ഇന്‍ഷുറന്‍സ്, പ്രാദേശിക വികേന്ദ്രീകൃത കാര്‍ഷിക നയങ്ങള്‍ എന്നിവയിലുടെ സമ്പദ് വ്യവസ്ഥ തിരിച്ചുപിടിക്കാവുന്നതാണ്.
കോവിഡാനന്തര മെഡിക്കല്‍ ഗവേഷണം
കോവിഡ്- 19 രോഗവ്യാപനം ലോകത്തയാകെ ആശങ്കയിലാഴ്ത്തിടുമ്പോള്‍ തന്നെ ശാസ്ത്രലോകത്തെ അതുണര്‍ത്തുകയും വിവിധ തലങ്ങളിലുള്ള ഗവേഷണങ്ങള്‍ക്ക് വഴിതെളിയിക്കുകയും ചെയ്തിട്ടുണ്ട്. ജനിതക ശാസ്ത്രജ്ഞന്‍മാര്‍, മൈക്രോ ബയോളജിസ്റ്റുകള്‍, എപ്പിഡെമിയോളസ്റ്റുകള്‍, സാംക്രമികരോഗ വിദഗ്ദ്ധര്‍, മരുന്നു ഗവേഷണ വിദഗ്ദ്ധര്‍, മാനസികാരോഗ ശാസ്ത്രജ്ഞന്‍, സാമ്പത്തിക ശാസ്ത്രജ്ഞര്‍ തുടങ്ങി സാമൂഹ്യ ശാസ്ത്രജ്ഞര്‍ വരെയുള്ള കൂട്ടായ്മകള്‍ ഗവേഷണങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. വികസിത രാജ്യങ്ങളിലുള്‍പ്പെടെ രോഗവ്യാപനവും മരണനിരക്കും ചികില്‍സാ സൗകര്യങ്ങളുടെ അപര്യാപ്തതയും ഗവേഷണങ്ങളെ സങ്കീർണമാക്കുന്നുണ്ട്.
കോവിഡ് - 19 വിവിധ തലങ്ങളിലുള്ള ഗവേഷണങ്ങള്‍ക്ക് സാധ്യത നല്‍കുന്നു. രോഗത്തിന്റെ പ്രഭവം, വ്യാപനം, സങ്കീര്‍ണതകള്‍, രോഗ വ്യാപന രീതി, സാമൂഹിക ജീവിതരീതികളുമായുള്ള ബന്ധം, കാലാവസ്ഥ സ്വാധീനം, വ്യാപന നിയന്ത്രണവും അടച്ചിടലും തമ്മിലുള്ള ബന്ധം എന്നിവ ഗവേഷണ വിഷയങ്ങളായിട്ടുണ്ട്. സമൂഹ ദൂരവ്യാപനം, വ്യക്തി ശുചിത്വം, സമ്പര്‍ക്ക ശ്രേണി കണ്ടെത്തല്‍, സമ്പര്‍ക്ക ശ്രേണിയില്‍പ്പെടാത്തവര്‍ക്കു പോലുമുണ്ടാകുന്ന രോഗവ്യാപനം എന്നിവയും പരിശോധിക്കപ്പെടേണ്ട കാര്യങ്ങളാണ്.

ചെറുപ്പക്കാരിലെ രോഗതീവ്രത, രോഗചികിത്സ മരുന്നുകള്‍ (പ്ലാസ്മ തെറാപ്പി, സ്റ്റിറോയ്ഡ് എന്നിവ), രോഗപ്രതിരോധ വാക്സിന്‍ കണ്ടെത്തല്‍ എന്നിവയിലെ ഗവേഷണം സജീവമായി നടക്കുന്നു. സാമ്പത്തിക രംഗത്തെ കോവിഡാനന്തര കാല പ്രതിസന്ധികളെ വിദഗ്ദ്ധര്‍ സജീവ ഗവേഷണ വിഷയമായെടുത്തിട്ടുണ്ട്. ഇത്തരത്തില്‍ കോവിഡ് - 19 വിവിധ മേഖലകളിലെ ഗവേഷകര്‍ക്ക് ചുരുങ്ങിയത് ഒരു ദശാബ്ദകാലത്തേക്കുള്ള ഗവേഷണ വിഷയങ്ങളാണ് മുന്നോട്ടു വെയ്ക്കുന്നത്. രാജ്യങ്ങളുടെ അതിര്‍ത്തികള്‍ക്കപ്പുറം മാനവരാശിയുടെ നന്മക്കായുള്ള ഗവേഷക കൂട്ടായ്മയും സഹകരണവും കേവലം സ്ഥാപിത കച്ചവട താല്‍പ്പര്യങ്ങള്‍ക്കപ്പുറം ലോകമാനവരാശിയുടെ ക്ഷേമത്തിനും അതിജീവനത്തിനുമായിട്ടുള്ള ദിശയിലേക്ക് നയിക്കുമെന്ന് പ്രത്യാശിക്കാം.
കോവിഡാനന്തരം നടപ്പാക്കേണ്ടവ:
1. എല്ലാ വായ്പകള്‍ക്കും ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുക.
2. കോവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ആശ്വാസ ധനം നല്‍കുക.
3. കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്താന്‍ പ്രായോഗിക പദ്ധതികള്‍ പ്രഖ്യാപിക്കുക.
4. ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്ക് പിന്തുണ നല്‍കുക.
5. 2021 മാര്‍ച്ചുവരെ ദാര്യദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുക.
6. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രത്യേക ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക.
7. സമഗ്ര സാംക്രമിക രോഗ പ്രതിരോധനയം (One Health) പ്രഖ്യാപിക്കുക.
8. സംസ്ഥാനതല എപ്പിഡെമിയോളജി സെന്ററുകള്‍ സ്ഥാപിക്കുക.
9. സാംക്രമികരോഗ പ്രതിരോധ വാക്സിന്‍ ഗവേഷണ- ഉല്‍പ്പാദന കേന്ദ്രങ്ങള്‍ മേഖലാതലത്തില്‍ ആരംഭിക്കുക.
10. ചികില്‍സാ ഉപകരണ നിര്‍മ്മാണത്തില്‍ സ്വയം പര്യാപ്തമാകാന്‍ വേണ്ട നയങ്ങള്‍ രൂപീകരിക്കുക.
കോവിഡിനുശേഷമുള്ള ലോകം നേരിടാന്‍ പോകുന്ന വെല്ലുവിളികള്‍ വിവിധങ്ങളാണ്. ആരോഗ്യ ചികില്‍സ-പ്രതിരോധ രംഗങ്ങളില്‍ മാത്രമല്ല, സാമ്പത്തിക- സാമൂഹ്യ സമവാക്യങ്ങളെയും അതു മാറ്റിമറിക്കും. സങ്കുചിത താല്‍പര്യം വെടിഞ്ഞ് ലോകരാജ്യങ്ങള്‍ - വികസിത, അവികസിത വ്യത്യാസമില്ലാതെ - മാനവരാശിയുടെ നിലനില്‍പ്പിനും സമൂഹത്തിന്റെ മുന്നോട്ടു പോക്കിനുമുതകുന്ന വിധത്തില്‍ ആഗോള സഹകരണം ആരോഗ്യ ചികില്‍സാ - ഗവേഷണ രംഗങ്ങളില്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത കോവിഡ് 19 ഓര്‍മ്മപ്പെടുത്തുന്നു.
DrLN. Viswanathan
13 Jan 2021, 08:28 PM
Good article. Make sure that these ideas should reach proper authorities. Keep following up.👌👌👌
Dr G Sudarsanan
13 Jan 2021, 05:43 PM
Very good article.Governments should take a note of it.
Sameer.p.m.....physiotherapist
12 Jan 2021, 07:15 PM
Good writeup sir....
ഡോ. മനോജ് വെള്ളനാട്
Mar 03, 2021
5 Minutes Read
ഡോ. ജയകൃഷ്ണന്‍ എ.വി.
Feb 13, 2021
4 Minutes Read
ഡോ. വി.ജി. പ്രദീപ്കുമാര്‍
Feb 10, 2021
7 Minutes Read
ഡോ: ബി. ഇക്ബാല്‍
Jan 27, 2021
4 minutes read
അനിവര്‍ അരവിന്ദ് / ജിന്‍സി ബാലകൃഷ്ണന്‍
Jan 26, 2021
38 Minutes Listening
ഡോ. ജയകൃഷ്ണന്‍ എ.വി.
Jan 13, 2021
5 Minutes Read
ഡോ.എ.കെ. അബ്ദുൽ ഹക്കീം
Jan 10, 2021
7 Minutes Read
മുരുകന്‍ കോട്ടായി / അര്‍ഷക് എം.എ.
Jan 04, 2021
12 Minutes Read
Dr TV Padmanabhan
14 Jan 2021, 09:14 AM
Scholarly article. Covered all aspects on impact of pandemic n its solutions.