രിത്രത്തിലാദ്യമായി
‘രണ്ട് സംസ്ഥാന ബജറ്റുകളുടെ’ അവതരണം
പാര്‍ലമെന്റില്‍

നിലവില്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഏതാണെന്ന് ചോദിച്ചാല്‍ കണ്ണടച്ച് മറുപടി പറയാവുന്ന ഉത്തരം തൊഴിലില്ലായ്മ എന്നതാണ്. അതേസമയം, കേന്ദ്ര ഗവണ്‍മെന്റ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇന്ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റും കണ്ണടച്ചിരുട്ടാക്കുന്ന വിഷയവും തൊഴിലില്ലായ്മ തന്നെ- കെ. സഹദേവൻ എഴുതുന്നു.

രിത്രത്തിലാദ്യമായി ‘രണ്ട് സംസ്ഥാന ബജറ്റുകളുടെ’ അവതരണം പാര്‍ലമെന്റില്‍ നടന്നു’: നിര്‍മ്മലാ സീതാരാമന്‍ ഇന്ന് അവതരിപ്പിച്ച 2024-25-ലേക്കുള്ള കേന്ദ്ര ബജറ്റിനെ സംബന്ധിച്ച് ഏറ്റവും കുറഞ്ഞ വാക്കുകളില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. ഭാവി തുലാസ്സിലായ സര്‍ക്കാരിന്റെ രക്ഷ ഏതുവിധേനയും ഉറപ്പാക്കുക എന്ന കര്‍ശന നിര്‍ദ്ദേശം ധനമന്ത്രി നിര്‍മ്മലാ സീതാരാമന് ലഭിച്ചിട്ടുണ്ടെന്നതിന്റെ സൂചന ബജറ്റവതരണത്തിന്റെ ആദ്യ മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ പ്രകടമായിരുന്നു.

ബീഹാറിന് 26,000 കോടി രൂപയുടെയും ആന്ധ്രപ്രദേശിന് 15,000 കോടി രൂപയുടെയും സാമ്പത്തിക സഹായമാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. അതോടൊപ്പം, വിനോദസഞ്ചാരത്തില്‍ ഉള്‍പ്പെടുത്തി വിഷ്ണുപാദം ക്ഷേത്രം, ബോധ്ഗയ, രാജ്ഗീര്‍ എന്നിവ ഉല്‍പ്പെടുത്തിക്കൊണ്ടുള്ള ടൂറിസം കോറിഡോര്‍ പദ്ധതിയും ബീഹാറിനായി പ്രഖ്യാപിക്കപ്പെട്ടു.

കാര്‍ഷിക മേഖലയ്ക്ക് വീണ്ടും ഇരുട്ടടി

കാര്‍ഷിക വിളകള്‍ക്ക് ന്യായവില ആവശ്യപ്പെട്ട് കര്‍ഷകരുടെ പ്രക്ഷോഭം കഴിഞ്ഞ വര്‍ഷങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുമ്പോഴും അവരുടെ അടിസ്ഥാന പ്രശ്‌നങ്ങളോട് മുഖം തിരിക്കുക മാത്രമല്ല, ബജറ്റിലെ വെട്ടിക്കുറവുകളും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

ബജറ്റ് അവതരണത്തിന് മുൻപ് പാർലമെൻ്റിന് പുറത്ത് ധനമന്ത്രി നിർമലാ സീതാരാമൻ
ബജറ്റ് അവതരണത്തിന് മുൻപ് പാർലമെൻ്റിന് പുറത്ത് ധനമന്ത്രി നിർമലാ സീതാരാമൻ

48.25 ലക്ഷം കോടി രൂപയുടെ ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്കായി അനുവദിക്കപ്പെട്ടത് 1,32,469.86 കോടി രൂപയാണ്. മൊത്തം ബജറ്റിന്റെ 3.15% മാത്രമാണിത്. 2019 മുതല്‍ക്കിങ്ങോട്ട് ക്രമാനുഗതമായ വെട്ടിക്കുറക്കലാണ് കാര്‍ഷിക മേഖലയിലെ വകയിരുത്തലുകളില്‍ സംഭവിച്ചിരിക്കുന്നത്. 2019-20ല്‍ മൊത്തം ബജറ്റിന്റെ 5.44% ആയിരുന്നു ബജറ്റ് നീക്കിയിരിപ്പ്. പിന്നീടുള്ള വര്‍ഷങ്ങളില്‍ യഥാക്രമം 5.08% (2020-21), 4.26% (2021-22), 3.8% (2022-23), 3.20% (2023-24) എന്നിങ്ങനെയായി കുറയുകയായിരുന്നു.

കാര്‍ഷിക മേഖലയില്‍ ജൈവകൃഷിക്ക് പ്രാധാന്യം നല്‍കുമെന്ന പ്രഖ്യാപനം നിര്‍മ്മലാ സീതാരാമന്‍ ബജറ്റവതരണവേളയില്‍ നടത്തുന്നുണ്ടെങ്കിലും 2023-24 ബജറ്റിലെ പ്രഖ്യാപനങ്ങളുടെ ആവര്‍ത്തനമല്ലാതെ പുതുതായി എന്തെങ്കിലും കാണാന്‍ കഴിയുന്നില്ല. ഒരു കോടി ജൈവകര്‍ഷകരെ ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതികള്‍ 2023-24 ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അവ എത്രകണ്ട് മുന്നോട്ടുപോയെന്ന വിലയിരുത്തലുകള്‍ നടന്നതായി കാണുന്നില്ല. 459 കോടി രൂപയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് വകയിരുത്തല്‍. 2024-25ലെ ബജറ്റ് വകയിരുത്തല്‍ 365 കോടി രൂപയും.

2022-23 ലെ ബജറ്റില്‍ പ്രഖ്യാപിച്ച ഗ്രാമീണ കാര്‍ഷിക ചന്തകള്‍ (Gramin Agriculture Markets- GRAMs) നാളിതുവരെയായും നടപ്പിലാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. ആ പദ്ധതി ബജറ്റ് രേഖകളില്‍ പൊടിപിടിച്ച് കിടക്കെത്തന്നെയാണ് രാജ്യമെമ്പാടുമായി ഓരോ വര്‍ഷവും നൂറ് ആഴ്ച ചന്തകള്‍ എന്ന പ്രഖ്യാപനവുമായി ധനമന്ത്രി രംഗത്തിറങ്ങിയിരിക്കുന്നത്.

കര്‍ഷകര്‍ക്ക് അവരുടെ അധ്വാനത്തിന് ന്യായവില ലഭിക്കുന്നതിനാവശ്യമായ പ്രത്യക്ഷ സഹായ പരിപാടികള്‍ ഈ ബജറ്റിലും കാണാന്‍ കഴിയില്ലെന്നതാണ് വസ്തുത.

കര്‍ഷകര്‍ക്ക് അവരുടെ അധ്വാനത്തിന് ന്യായവില ലഭിക്കുന്നതിനാവശ്യമായ പ്രത്യക്ഷ സഹായ പരിപാടികള്‍ ഈ ബജറ്റിലും കാണാന്‍ കഴിയില്ല.
കര്‍ഷകര്‍ക്ക് അവരുടെ അധ്വാനത്തിന് ന്യായവില ലഭിക്കുന്നതിനാവശ്യമായ പ്രത്യക്ഷ സഹായ പരിപാടികള്‍ ഈ ബജറ്റിലും കാണാന്‍ കഴിയില്ല.

അവഗണിക്കപ്പെട്ട തൊഴിലില്ലായ്മ

നിലവില്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഏതാണെന്ന് ചോദിച്ചാല്‍ കണ്ണടച്ച് മറുപടി പറയാവുന്ന ഉത്തരം തൊഴിലില്ലായ്മ എന്നതാണ്. അതേസമയം, കേന്ദ്ര ഗവണ്‍മെന്റ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇന്ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റും കണ്ണടച്ചിരുട്ടാക്കുന്ന വിഷയവും തൊഴിലില്ലായ്മ തന്നെ. തൊഴിലിനായുള്ള യുവജനങ്ങളുടെ പരക്കംപാച്ചിലുകള്‍ മാധ്യമങ്ങളില്‍ വാര്‍ത്തകളാകുന്നത് സര്‍വ്വസാധാരണമായിരിക്കുന്നു. സ്വകാര്യ സ്ഥാപനങ്ങളിലെ ഏതാനും ഡസന്‍ തസ്തികകളിലേക്കുള്ള അപേക്ഷകരുടെ എണ്ണംപോലും പതിനായിരങ്ങളാകുന്നത് നാം കാണുന്നു. അപ്പോഴും തൊഴിലില്ലായ്മ പ്രശ്‌നത്തെ ശരിയായ രീതിയില്‍ നേരിടാനാവശ്യമായ യാഥാര്‍ത്ഥ്യ ബോധത്തിലൂന്നിയ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് കാണാം.

തൊഴിലില്ലായ്മ കണക്കാക്കുന്നതില്‍ തന്നെ ഔദ്യോഗിക സംവിധാനം ചില സൂത്രവിദ്യകള്‍ പ്രയോഗിക്കുന്നതായി കണ്ടെത്താന്‍ കഴിയും പീരിയോഡിക്കല്‍ ലേബര്‍ ഫോര്‍സ് സര്‍വ്വേ അനുസരിച്ച് രാജ്യത്തെ തൊഴിലില്ലായ്മാനിരക്ക് 3.2% ആണ്. അതേസമയം, CMI&B- യെപ്പോലുള്ള അനൗദ്യോഗിക സംവിധാനങ്ങളുടെ കണക്കനുസരിച്ച് തൊഴിലില്ലായ്മ 9.2%മാണ്. ഈയൊരു ഭീമമായ അന്തരത്തിന്റെ പിന്നിലെ പ്രധാന കാരണം ഔദ്യോഗിക തൊഴില്‍ നിര്‍വ്വചനത്തിന്റെ പരിധിയില്‍ ശമ്പളമില്ലാത്ത കുടംബത്തൊഴിലില്‍ ഏര്‍പ്പെട്ടവരെ ഉള്‍പ്പെടുത്തുന്നു എന്നതാണ്. സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് തന്നെ സൂചിപ്പിക്കുന്നതനുസരിച്ച് രാജ്യത്ത് വേതനമില്ലാ തൊഴിലില്‍ ഏര്‍പ്പെട്ടവര്‍ 18.3%ത്തോളം വരും.

കേന്ദ്ര ഗവണ്‍മെന്റ് പുറത്തിറക്കിയ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇന്ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റും കണ്ണടച്ചിരുട്ടാക്കുന്ന വിഷയം തൊഴിലില്ലായ്മയാണ്.
കേന്ദ്ര ഗവണ്‍മെന്റ് പുറത്തിറക്കിയ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇന്ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റും കണ്ണടച്ചിരുട്ടാക്കുന്ന വിഷയം തൊഴിലില്ലായ്മയാണ്.

തൊഴിലില്ലായ്മാവിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ യാഥാര്‍ത്ഥ്യബോധം പ്രദര്‍ശിപ്പിക്കുന്നില്ലെന്നതിന് പ്രത്യക്ഷ ഉദാഹരണമായി ഇന്റേണുകളുടെ നിയമനവുമായി ബന്ധപ്പെട്ട് നിര്‍മ്മലാ സീതാരാമന്‍ നടത്തിയ ബജറ്റ് പ്രഖ്യാപനത്തെ കണക്കാക്കാവുന്നതാണ്. 500 കമ്പനികളിലായി ഒരു കോടി ഇന്റേണുകള്‍ക്ക് അവസരം ലഭ്യമാക്കും എന്നതാണ് പ്രഖ്യാപനം. അതായത് ഒരു കമ്പനിയില്‍ 20,000 ഇന്റേണുകള്‍. ഇന്റേണ്‍ കാലാവധിയെ സംബന്ധിച്ചോ അത് നടപ്പിലാക്കുന്ന വിധത്തെ സംബന്ധിച്ചോ യാതൊരു വിശദാംശങ്ങളും ലഭ്യമല്ലാത്തതുകൊണ്ടുതന്നെ സവിശേഷ ചോദ്യങ്ങള്‍ ഈ വിഷയത്തില്‍ ഉണ്ടാകാന്‍ പോകുന്നില്ലെന്നതാണ് സര്‍ക്കാരിന്റെ ധൈര്യം.

തൊഴില്‍ വാഗ്ദാനത്തിന്റെ കാര്യത്തില്‍ മുന്‍കാലത്തെ അപേക്ഷിച്ച് വലിയൊരു പിറകോട്ടടി മോദി സര്‍ക്കാര്‍ നടത്തിയതും ശ്രദ്ധിക്കേണ്ടതാണ്. ഒരു വര്‍ഷം രണ്ടു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്ന വാഗ്ദാനവുമായി 2019-ല്‍ അധികാരത്തിലേറിയ മോദി സര്‍ക്കാരിന് അത് പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പുതിയ ബജറ്റില്‍ വാഗ്ദാനത്തിന്റെ തോത് കുറയ്ക്കാന്‍ ധനമന്ത്രി ശ്രമിച്ചിട്ടുണ്ടെന്ന് കാണാം. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 4.1 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്നാണ് പുതിയ പ്രഖ്യാപനം.

സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതനുസരിച്ച് രാജ്യത്ത് വേതനമില്ലാതൊഴിലില്‍ ഏര്‍പ്പെട്ടവര്‍ 18.3%ത്തോളം വരും.
സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതനുസരിച്ച് രാജ്യത്ത് വേതനമില്ലാതൊഴിലില്‍ ഏര്‍പ്പെട്ടവര്‍ 18.3%ത്തോളം വരും.

തൊഴില്‍ വിപണിയില്‍ പുതുതായി പ്രവേശിക്കുന്നവരുടെ എണ്ണം ഉള്‍ക്കൊള്ളാന്‍ ഇന്ത്യയ്ക്ക് ഓരോ വര്‍ഷവും ഏകദേശം 12 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടിവരുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. 7%-ത്തിനോടടുത്തുനില്‍ക്കുന്ന വളര്‍ച്ചാ നിരക്കിനെ അടിസ്ഥാനമാക്കി, ഇന്ത്യയ്ക്ക് പ്രതിവര്‍ഷം 8-9 ദശലക്ഷം തൊഴിലവസരങ്ങള്‍ മാത്രമേ സൃഷ്ടിക്കാന്‍ കഴിയൂ. രാജ്യത്തെ അനൗപചാരിക മേഖല തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെടുന്നുവെന്ന് 2021-22, 2022-23 വര്‍ഷങ്ങളിലെ സ്ഥിതിവിവരക്കണക്ക് ചൂണ്ടിക്കാട്ടുന്നു. അണ്‍ ഇന്‍കോര്‍പ്പറേറ്റഡ് സെക്ടര്‍ എന്റര്‍പ്രൈസസിന്റെ വാര്‍ഷിക സര്‍വേയുമായി ബന്ധപ്പെടുത്തി പ്രസിദ്ധീകരിച്ച ഫാക്ട്ഷീറ്റ് രാജ്യത്തെ തൊഴില്‍ സാഹചര്യത്തിന്റെ ഗൗരവകരമായ ചിത്രം വരച്ചുകാട്ടുന്നുണ്ട്.

രാജ്യത്തെ കോടിക്കണക്കായ യുവജനങ്ങള്‍ക്ക് പ്രതീക്ഷാനിര്‍ഭരമായ ഭാവി ഒരുക്കിക്കൊടുക്കുന്നതില്‍ പുതിയ ബജറ്റ് പ്രഖ്യാപനങ്ങള്‍ സഹായകരമല്ലെന്നാണ് ബജറ്റ് രേഖകളുടെ പ്രാഥമിക വിലയിരുത്തലില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയുക. അടുത്തകാലത്ത് ബംഗ്ലാദേശില്‍ നടന്ന തൊഴിലില്ലായ്മയ്‌ക്കെതിരായ യുവജന പ്രക്ഷോഭങ്ങള്‍ ഇന്ത്യയിലേക്കും പടരാന്‍ അധികനാള്‍ കാത്തിരിക്കേണ്ടി വരില്ല.


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments