Photo:unsplash

പണം പിണമാകുമോ കൊറോണയിൽ?

2015 നുശേഷം, 2020 എത്തുമ്പോൾ ഇന്ത്യയിൽ പ്രതിശീർഷ ഡിജിറ്റൽ പേയ്​മെൻറ്​ അഞ്ച് ഇരട്ടിയായാണ് ഉയർന്നത്. കോവിഡാനന്തരം ഇന്ത്യയിലും ലോകത്തും പണമിടപാടിന്റെ രീതികൾ മാറുമെന്നാണ്​ പ്രചാരണം. ഡിജിറ്റൽ പേമെന്റ്​ വാദത്തിനുപുറകിലെ ചതിക്കുഴികൾ വിശദീകരിക്കപ്പെടുന്നു

ലിയെപ്പേടിച്ച് ഇല്ലം ചുടുമ്പോലെയാണ് കൊറോണയെപ്പേടിച്ച് കാശ് കീശയിൽ വെക്കാത്തത് എന്ന കാര്യം പലരും അമർത്തിപ്പറഞ്ഞിട്ടുണ്ട്. അങ്ങനെ പറഞ്ഞവരിൽ ലോകാരോഗ്യ സംഘടനയുണ്ട്, ഡ്യൂഷ് ബാങ്കുണ്ട്, ദക്ഷിണാഫ്രിക്കയിലെ റിസർവ് ബാങ്കുണ്ട്, ബാങ്ക് ഓഫ് കാനഡയുണ്ട്, അങ്ങനെ പലരുമുണ്ട്.

വെയിലുള്ളപ്പോൾ വൈക്കോലുണക്കുന്നവർ

കിട്ടിയ ചാൻസിന്, വെയിലുള്ളപ്പോഴേ വൈക്കോലുണക്കാനാവൂ എന്ന കാര്യം ഓർത്ത് കാര്യം നീക്കുന്നവരാണ് ലോകത്തെന്നപോലെ ഇന്ത്യയിലെയും ഡിജിറ്റൽ കമ്പനികൾ. കൊറോണാണുക്കൾ കടലാസിലും ലോഹങ്ങളിലും പെറ്റുപെരുകുമെന്നും ആകയാൽ ജീവൻ വേണമെങ്കിൽ ഇടപാടുകളാകെ ഡിജിറ്റലൈസ് ചെയ്യുകയാണ് നല്ലതെന്നും വൻ പ്രചാരണമാണ് അഴിച്ചുവിടപ്പെട്ടത്. ഭീതി കാരണം ഇന്ത്യയിലെ യു.പി.ഐ (യൂനിഫൈഡ് പേമെന്റ് ഇന്റർഫെയ്‌സ് ) ഇടപാടുകളുടെ മൂല്യം ഇതഃപര്യന്തം ഉണ്ടായിട്ടില്ലാത്ത വിധം അത്രക്കേറെ ഉയർന്നു എന്നാണ് ഇന്ത്യൻ എക്സ്​പ്രസ്​ ‌(18.12.20) ചൂണ്ടിക്കാട്ടിയത്. ഇന്ത്യാ ഗവൺമെന്റ് ഉന്നംവെക്കുന്നത് പ്രതിദിനം നൂറു കോടി ഡിജിറ്റൽ ഇടപാടുകളാണ് എന്നും പത്രം പറയുന്നു. ഇലക്​ട്രോണിക്​ ഫണ്ട് ട്രാൻസ്ഫറും ഇക്കാലയളവിൽ പതിന്മടങ്ങ് വർധിച്ചു. ഫേസ്ബുക്കും ബോസ്റ്റൺ കൺസൾട്ടൻസിയും ചേർന്ന് നടത്തിയ ഒരു പഠനം പറഞ്ഞത്, മാർച്ചിലെ ലോക്ഡൗണിനു ശേഷം ഓൺലൈൻ പേയ്​മെൻറുകൾ വൻതോതിൽ വർധിച്ചിട്ടുണ്ട് എന്നാണ്. 2015 നുശേഷം, 2020 എത്തുമ്പോൾ ഇന്ത്യയിൽ പ്രതിശീർഷ ഡിജിറ്റൽ പേയ്​മെൻറ്​ അഞ്ച് ഇരട്ടിയായാണ് ഉയർന്നത്.


നൗ ഓർ നെവർ

ഇപ്പോഴല്ലെങ്കിൽ പിന്നെ ഒരിക്കലുമില്ല എന്നു തന്നെയാണ് നീതി ആയോഗ് തലവൻ അമിതാഭ് കാന്തിനെപ്പോലെ ഡിജിറ്റൽ കമ്പനികളും പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇതുപോലെ ഒരവസരം ഇനി വീണു കിട്ടില്ല എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിന് പിന്നിൽ കയ്യൊപ്പ് വെക്കുകയാണ് അവർ. ഇതുപോലെ എന്നു വെച്ചാൽ കൊറോണക്കാലം പോലെ എന്നു തന്നെയാണ് അമിതാഭ് കാന്ത് ഉദ്ദേശിച്ചത്. കൊറോണക്കാലത്തെ അവസരമാക്കി മാറ്റുകയാണ് പേ ടിഎം പോലെയുള്ള ഡിജിറ്റൽ കമ്പനികളും.

നീതി ആയോഗ്​ സി.ഇ.ഒ അമിതാഭ് കാന്ത്. രാജ്യത്ത് സമ്പൂർണ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ ഉടൻ യാഥാർഥ്യമാകുമെന്നാണ്​ അദ്ദേഹത്തിന്റെ പ്രഖ്യാപനം

കൊറോണ വരുന്നതിനും വളരെ മുമ്പെ 2014ൽ മാസ്റ്റർ കാർഡ് യൂറോപ്പിൽ നടത്തിയ ഒരു പഠനം വെളിപ്പെടുത്തിയ രസകരമായ ഒരു കാര്യം ഇതുമായി കൂട്ടി വായിക്കാം. 12 രാജ്യങ്ങളിലെ 9000 ഇടപാടുകാർക്കിടയിൽ നടത്തിയ അവരുടെ സർവ്വേ കണ്ടെത്തിയത്, കാശ് കൈ കൊണ്ട് തൊടുന്നത് അനാരോഗ്യകരമാണെന്ന് മൂന്നിൽ രണ്ട് പേർക്കും അഭിപ്രായമുണ്ടെങ്കിലും, അഞ്ചിൽ ഒരാൾ മാത്രമേ കാശ് തൊട്ട കൈ കഴുകാറുള്ളൂ എന്നാണ്.

പണ്ഡിതർ പറയുന്നത്

ലണ്ടൻ മെട്രോപൊളിറ്റൻ യൂണിവേഴ്‌സിറ്റിയിലെ മോളിക്യുലാർ ഇമ്യൂണോളജി പ്രൊഫസർ ഗാറി മക്ലീൻ പറഞ്ഞത്, "കാശിന്മേൽ ബാക്ടീരിയകൾ അതിജീവിക്കുന്ന അത്ര നേരം വൈറസിന് നിലനിൽക്കാനാവില്ല എന്നാണ്. മാത്രവുമല്ല, കൈയ്യിൽ നിന്ന് വായിലേക്കെത്തിച്ചേരേണ്ടതുമുണ്ട്, വ്യാപന സാധ്യത അത്രക്ക് കുറവാണ്. കാശിന്മേൽ കൊറോണ വൈറസ് അതിജീവിക്കുന്നതായോ, അതുവഴി വ്യാപിക്കാനാവുന്നതായോ യാതൊരു ശാസ്ത്രീയ പഠനവും തെളിയിച്ചിട്ടില്ല' എന്ന് അർത്ഥശങ്കക്കിടയില്ലാത്ത മട്ടിൽ അദ്ദേഹം തെളിച്ചു പറയുന്നു.

ലണ്ടൻ മെട്രോപൊളിറ്റൻ യൂണിവേഴ്‌സിറ്റിയിലെ മോളിക്യുലാർ ഇമ്യൂണോളജി പ്രൊഫസർ ഗാറി മക്ലീൻ. നോട്ടിന്മേൽ ബാക്ടീരിയകൾ അതിജീവിക്കുന്ന അത്രനേരം വൈറസിന് നിലനിൽക്കാനാവില്ലെന്ന് അദ്ദേഹം പറയുന്നു / Photo:londonmet.ac.uk

ഡബ്ലിയു.എച്ച്.ഓയിലെ സ്റ്റെഫാനി ബ്രിക്മാന്റെ അഭിപ്രായത്തിൽ, "വൈറസിന് അധികനേരം ഉപരിതലങ്ങളിൽ അതിജീവിക്കാൻ ആവില്ല. പ്രത്യേകിച്ച് ബാങ്ക് നോട്ടുകൾ പോലെ വരണ്ട പ്രതലങ്ങളിൽ '. (Will cash survive Covid? Rachael King & Alice Shen - Central banking.com). ​"കാശ് കൊറോണ വൈറസിന്റെ വ്യാപനത്തിന് ഇടയാക്കുമെന്നതിന് ഒരു തെളിവുമില്ല' എന്നാണ് വേൾഡ് ഹെൽത്ത് ഓർഗനൈസേഷനിലെ കോവിഡ് ടീമിന്റെ വക്താവ് മാർഗരറ്റ് ഹാരിസ് പ്രഖ്യാപിച്ചത്.

വാഷിങ്ടൺ യൂണിവേഴ്‌സിറ്റിയിലെ എൻവയൺമെന്റ് & ഓക്ക്യുപ്പേഷണൽ ഹെൽത്ത് പ്രഫസർ മറിലിൻ റോബെർട്‌സ് പറഞ്ഞത് "കാശിന്റെ ഉപയോഗം വേണ്ടെന്നു വെച്ചാൽ കോവിഡ് വ്യാപനത്തിൽ എന്തെങ്കിലും വ്യത്യാസമുണ്ടാവും എന്നതിന് അൽപം പോലും തെളിവില്ല' എന്നാണ്. രസകരമായ ഒരു പരാമർശം നടത്തിക്കൊണ്ട് ശങ്കാലുക്കളുടെ ആശങ്കയകറ്റുകയാണ് എഡിൻബർഗ് യൂണിവേഴ്‌സിറ്റിയിലെ റോസിലിൻ ഇൻസ്റ്റിറ്റൂട്ടിലെ വിദഗ്ധയായ ക്രിസ്റ്റീന ടെയ്റ്റ് - ബുർക്കാർഡ്. അവരുടെ വിഷയം ഇൻഫെക്ഷൻ & ഇമ്യൂണിറ്റിയാണ്. പറഞ്ഞതാണ് തമാശ: "തുമ്മാൻ വേണ്ടി ആളുകൾ ബാങ്ക് നോട്ടുകൾ ഉപയോഗിക്കാത്തിടത്തോളം കാലം, അവ കൊറൊണാ വൈറസ് പടർത്തുന്നതിന്റെ തോത് വളരെ കുറവായിരിക്കും ' .

ബാങ്കുകളും കേന്ദ്ര ബാങ്കുകളും കോവിഡും

കോവിഡ് ആഗോളവ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച് അധികനാൾ കഴിയുംമുമ്പെയാണ്, ദക്ഷിണാഫ്രിക്കൻ റിസർവ് ബാങ്ക് "കോവിഡ് 19 ബാങ്ക് നോട്ടുകൾ വഴി പകരും എന്നതിന് യാതൊരു തെളിവുമില്ല' എന്ന് പ്രഖ്യാപിക്കുന്നത്. ഡ്യൂഷ് ബാങ്ക് ചൂണ്ടിക്കാട്ടിയത്, ബാങ്ക് നോട്ടുകൾ വഴി കോവിഡ് പകരാനുള്ള സാധ്യത വളരെ തുച്ഛമാണ് എന്നാണ്. കറൻസിയും നാണയവും പ്രത്യേകിച്ചൊരു അപകട സാധ്യതയും രോഗവ്യാപന കാര്യത്തിൽ കാണുന്നില്ല എന്നും ഡ്യൂഷ് ബാങ്ക് ചൂണ്ടിക്കാട്ടി. ബാങ്ക് ഓഫ് കാനഡ, കാശിടപാടുകൾ തുടരണമെന്ന് നാട്ടിലെ ചെറുകിട കച്ചവടക്കാരെ ഉപദേശിക്കുകയാണ് ചെയ്തത്.

റിസർവ് ബാങ്ക് ഓഫ് ന്യൂസിലാന്റ് അസി. ഗവർണർ ക്രിസ്റ്റ്യൻ ഹോകെസ്ബി. കറൻസി വഴി വൈറസ് പടരുമെങ്കിൽ അത് കാർഡും ഫോണും ഉപയോഗിച്ചുള്ള ഡിജിറ്റൽ പേമെന്റ് സംവിധാനത്തിനും ബാധകമാണെന്ന് ഹോകെസ്ബി പറയുന്നു. / Photo: Harbour Asset Management

റിസർവ് ബാങ്ക് ഓഫ് ന്യൂസിലാന്റിന്റെ അസിസ്റ്റന്റ് ഗവർണറാണ് ക്രിസ്റ്റ്യൻ ഹോകെസ്ബി. അദ്ദേഹം പറഞ്ഞത്, "നാം സ്പർശിക്കുന്ന പ്രതലങ്ങളിൽ ഒന്നു മാത്രമാണ് കാശ്, മറ്റേത് പേമെന്റ് സംവിധാനത്തിനും, അത് കാർഡായാലും, ഫോണായാലും വാച്ചായാലും അതിനും ബാധകമാണ് ഈ സ്പർശത്തിന്റെ പ്രശ്‌നം ' എന്നാണ്.

കാശ് കൈകാര്യം ചെയ്യുന്നത് സൂക്ഷിക്കണമെന്ന് ഡബ്ലിയു.എച്ച്.ഒ പറഞ്ഞതായി ഒരു വാർത്ത പരന്നിരുന്നു. തങ്ങൾ അങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ല എന്ന് പിന്നീട് ലോകാരോഗ്യ സംഘടന തന്നെ പ്രസ്താവന പുറപ്പെടുവിക്കേണ്ടി വന്നു.

ലോകത്ത് മിക്ക രാജ്യങ്ങളിലും കറൻസി അച്ചടിച്ചെത്തിക്കുന്ന കമ്പനിയാണ് ഡി ലാ റൂയി. കറൻസി സർവീസ് പ്രൊവൈഡർമാരിലെ ആ കേമൻ നടത്തിയ പഠനം വെളിപ്പെടുത്തിയത്, "4 മണിക്കൂർ നേരം കഴിഞ്ഞാലും (നോട്ടിൽ) കൊറോണ വൈറസ് നിലനിന്നേക്കാം. ഒരു രാത്രി മതി, അതിന്റെ സാന്നിധ്യം ഇല്ലാതാവാൻ ' എന്നാണ്.

പേടി വളമാക്കാൻ ഡിജിറ്റൽ കമ്പനികൾ

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഈയിടെ ബാങ്ക് ഓഫ് ഇന്റർനാഷനൽ സെറ്റിൽമെന്റ്‌സ് പുറപ്പെടുവിച്ച ഒരു ബുള്ളറ്റിൻ പറയുന്നത്, "നേരാണെങ്കിലും അല്ലെങ്കിലും, കറൻസിയും നാണയവും വഴി കോവിഡ് പടർന്നേക്കുമെന്ന ഭീതി നിലനിൽക്കുന്നത് കാരണം, ഡിജിറ്റൽ ഇടപാടുകൾക്കുള്ള സാധ്യത വർധിക്കുകയാണ് ' എന്നാണ്. പേടി തന്നെ വളമാക്കി വളരാനാണ് ഡിജിറ്റൽ കമ്പനികൾ ശ്രമിക്കുന്നതും. കാശ് കൈകാര്യം ചെയ്യുന്നത് സൂക്ഷിക്കണമെന്ന് ഡബ്ലിയു.എച്ച്.ഒ പറഞ്ഞതായി ഒരു വാർത്ത പരന്നിരുന്നു. തങ്ങൾ അങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ല എന്ന് പിന്നീട് ലോകാരോഗ്യ സംഘടന തന്നെ പ്രസ്താവന പുറപ്പെടുവിക്കേണ്ടി വന്നു. ആദ്യ വാർത്തക്ക് പിന്നിൽ പ്രവർത്തിച്ചത് ഏത് വ്യാപാര താൽപര്യമായിരിക്കും എന്ന് ഇപ്പോൾ ഊഹിക്കാവുന്നതേയുള്ളൂ.


ജനങ്ങളുടെ ആരോഗ്യകാര്യത്തിൽ പേടിയുണ്ടെങ്കിൽ

വ്യാപാര താൽപര്യമല്ലാതെയും വരാം ആശങ്ക. രോഗ വ്യാപനത്തിന്റെ വിശദാംശങ്ങൾ കിട്ടുന്നതിനുമുമ്പ് ചൈനയും ഭയന്നിട്ടുണ്ട് കൊറോണയെ. 2020 ഫെബ്രവരിയിൽ, എന്നു വെച്ചാൽ കൊറോണയെക്കുറിച്ചുള്ള പഠനങ്ങൾ ആരംഭിച്ച കാലത്ത്, പീപ്പിൾസ് ബാങ്ക് ഓഫ് ചൈന പ്രചാരത്തിലുള്ള നോട്ടുകളാകെ അൾട്രാ വയലറ്റ് രശ്മികൾ കടത്തിവിട്ട് അണുവിമുക്തമാക്കി 14 ദിവസം അട്ടിയിട്ട ശേഷമാണ് പുറത്ത് വിട്ടത്. നമ്മുടെ നോട്ട് നിരോധനം ഡിജിറ്റൽ കമ്പനികളെ സഹായിക്കാനായിരുന്നെങ്കിൽ, ചൈനയിലെ ഈ അടച്ചിടൽ ജനങ്ങളുടെ ആരോഗ്യകാര്യത്തിലുള്ള ആശങ്ക കാരണമാണ്. കൊറോണ പിടി തരാതെ വ്യാപിച്ചുകൊണ്ടിരുന്ന കാലമായിരുന്നല്ലോ ഫെബ്രുവരി മാസം.
സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് നാലാഴ്ചക്കാലമാണ് നോട്ടുകൾക്ക് ക്വാറന്റൈൻ പ്രഖ്യാപിച്ചത്. സെൻട്രൽ ബാങ്ക് ഓഫ് ഹംഗറി കറൻസിക്ക് 14 ദിവസത്തെ ക്വാറന്റയിനാണ് പ്രഖ്യാപിച്ചത്. നോട്ടുകളാകെ 170 ഡിഗ്രി ഊഷ്മാവുള്ള ഒരു ടണൽ വഴി കടത്തിവിട്ടാണ് അതിനെ അണുവിമുക്തമാക്കിയത്.

അമേരിക്കക്കാർക്ക് തങ്ങളുടെ നാട്ടിലെ പൗരന്മാരുടെ ആരോഗ്യകാര്യത്തിൽ അശേഷം ആശങ്കയില്ലാത്തതുകൊണ്ട്, ഏഷ്യൻനാടുകളിൽ നിന്ന് വരുന്ന കറൻസികൾക്ക് മാത്രം അവർ ക്വാറന്റൈൻ വിധിച്ചു. ബാങ്ക് ഓഫ് കൊറിയയും ചൈനയെ പിന്തുടർന്ന് തങ്ങളുടെ കൈയ്യിലെത്തുന്ന നോട്ടുകളെ സൂപ്പർ ഹീറ്റിങ്ങിന് വിധേയമാക്കിയ ശേഷമാണ് സർക്കുലേഷന് വിട്ടത്.

ഭയമാണ് മനുഷ്യരെ കറൻസിയുമായി ബന്ധപ്പെട്ട സാഹസങ്ങളിലേക്ക് എത്തിച്ചത്. അതേ ഭയം തന്നെ ഇന്ധനമാക്കിയാണ് ഡിജിറ്റൽ കമ്പനികൾ തങ്ങളുടെ ബിസിനസ് തേരോട്ടം നടത്തുന്നതും

സൂപ്പർ ഹീറ്റിങ്ങും വാഷിങ്ങ് മെഷിനും :​സൂപ്പർ തമാശകളും യാഥാർത്ഥ്യങ്ങളും

നോട്ട് ചൂടാക്കി രോഗാണുക്കളെ അകറ്റുന്ന വിദ്യ സ്വായത്തമാക്കിയ ഒരു ദക്ഷിണ കൊറിയക്കാരൻ തങ്ങളുടെ കേന്ദ്ര ബാങ്കിന്റെ ശുദ്ധീകരണപ്രക്രിയ സ്വന്തം വീട്ടിൽ നടത്തി നോക്കിയത് വാർത്തയായി. മൂപ്പരുടെ കൈവശം കറൻസിയായി 18 ലക്ഷം വൺ (ഏതാണ് 1500 ഡോളർ) ഉണ്ടായിരുന്നു. വീട്ടിലാണെങ്കിൽ ഒന്നാന്തരമൊരു മൈക്രോ ഓവനുമുണ്ട്. ആൾ കൊറോണയെ തോൽപ്പിക്കാൻ മൈക്രോ
വേവിന്റെ സഹായം തേടി. കാശ് ചൂടാവാൻ വെച്ച് കാത്തിരിക്കെ, കരിഞ്ഞ മണം കേട്ട് യന്ത്രം ഓഫാക്കി നോക്കിയപ്പോൾ കണ്ട കാഴ്ചയിൽ കണ്ണു നനഞ്ഞു പോയി.

ദക്ഷിണ കൊറിയയിൽ മൈക്രോവെയ്‌വിലിട്ട് ചൂടാക്കാൻ ശ്രമിച്ചതിനെ തുടർന്ന് കത്തിപ്പോയ കറൻസികൾ / Photo:Bank of Korea via APTN

തീപ്പൊള്ളലേറ്റ വണ്ണുകളാണ് ഓവനിൽ.18 ലക്ഷം വൺ രോഗവിമുക്തമാക്കിയപ്പോൾ കൈയ്യിൽ കിട്ടിയത് ഒമ്പതര ലക്ഷം. എന്നു വെച്ചാൽ ഏതാണ്ട് 750 ഡോളർ പരീക്ഷണത്തിൽ കത്തിപ്പോയി എന്നർത്ഥം.
ബാങ്ക് ഓഫ് കാനഡ കാശ് വഴിയുള്ള ഇടപാടുകൾ പ്രോത്സാഹിപ്പിച്ചത് നേരാണ്. എന്നിട്ടും ശങ്ക വിടാത്ത ചില കാനഡക്കാർ, തങ്ങളുടെ വാഷിങ്ങ് മെഷിൻ ഉപയോഗിച്ച് നോട്ടുകൾ അണുവിമുക്തമാക്കിയതായി വാർത്തകളുണ്ട്.
( യൂറോമണി. 2020 ഏപ്രിൽ2) വാഷിങ്ങ് മെഷിനിലായാൽ, നോട്ടുകൾ കത്തിപ്പോവില്ലല്ലോ. കീറിപ്പോയതിന്റെ കണക്കുകളൊന്നും പ്രസിദ്ധീകരിച്ച് കണ്ടതുമില്ല.
ഭയമാണ് മനുഷ്യരെ ഇമ്മാതിരി സാഹസങ്ങളിലേക്ക് എത്തിച്ചത്. അതേ ഭയം തന്നെ ഇന്ധനമാക്കിയാണ് ഡിജിറ്റൽ കമ്പനികൾ തങ്ങളുടെ ബിസിനസ് തേരോട്ടം നടത്തുന്നതും.

ഇതു തന്നെ തഞ്ചം

വിദഗ്ധരായ വിദഗ്ധരൊക്കെയും കൊറോണ കാര്യത്തിൽ കാശിനെ പ്രത്യേകിച്ച് പേടിക്കേണ്ടെന്നും മറ്റേതൊരു പ്രതലത്തിൽ സ്പർശിച്ചാൽ ഉണ്ടാകാവുന്നതിലേറെ അപകട സാധ്യത കറൻസികൾ ഉണ്ടാക്കില്ലെന്നും അമർത്തിപ്പറയുമ്പോഴും ഡിജിറ്റൽ ഇടപാടുകളാണ് സുരക്ഷിതം എന്ന ബോധം വിതയ്ക്കാൻ ആ മേഖലയിലെ വൻകിട കുത്തകക്കമ്പനികൾ പാടുപെടുകയായിരുന്നു.

കൊവിഡ് ഭീതിയിൽ കനേഡിയൻ കറൻസി കഴുകിവൃത്തിയാക്കുന്നു Photo:Twitter, @ThomasFrey

അതുകൊണ്ടാണ് മഹാവ്യാധി പടരാൻ തുടങ്ങിയതിനുശേഷം കാശിന്റെ ഉപയോഗം യൂറോസോണിൽ നന്നായി കുറഞ്ഞത്. (2020 ഡിസംബർ രണ്ടിന്റെ സെൻട്രൽ ബാങ്കിങ്ങ് ന്യൂസ് ) 2020 ജൂലൈയിൽ നടത്തിയ സർവേ കണ്ടെത്തിയത്, പ്രതികരിച്ചവരിൽ 40 ശതമാനവും കാശിടപാട്​ ചുരുക്കിയതായാണ്. കാശ് തൊട്ടാൽ അണുക്കൾ പിടികൂടുമെങ്കിൽ, ഡിജിറ്റൽ ഇടപാടുകൾക്കായി കാർഡുപയോഗിച്ചാലും സ്പർശത്തിന്റെ പ്രശ്‌നമുണ്ടല്ലോ. അവിടെയാണ് ‘കോണ്ടാക്ട് ലെസ്സ്’ ഇടപാടുകൾ നടത്താനാവുന്ന സാങ്കേതിക വിദ്യ. അതാണ് ഉപയോഗിക്കുന്നതെങ്കിൽ പോയന്റ് ഓഫ് സെയിൽ ടെർമിനലിൽ (പീടികക്കാരന്റെ സ്വെയ്​പിങ്​ മെഷീന്റെ അറ്റത്ത്) മെല്ലെ തൊട്ടാൽ മതി. ബാക്കി യന്ത്രം ആയിക്കൊള്ളും. ഗൂഗിൾ പേ, ആമസോൺ പേ മുതലായ സൗകര്യങ്ങളും വ്യാപകമായി ഉപയോഗപ്പെടുത്തിത്തുടങ്ങി. പക്ഷേ എന്നിട്ടും ഇന്ത്യക്കാരിൽ 95 ശതമാനവും ഇപ്പോഴും ഇടപാടുകൾക്ക് കാശ് തന്നെയാണ് ഉപയോഗിക്കുന്നത്. അവിടെയാണ് വർഷങ്ങൾക്കുമുമ്പ് നമുക്കും ഒരു സ്വീഡനാവണ്ടേ എന്ന പ്രധാനമന്ത്രിയുടെ ചോദ്യം ഇപ്പോൾ ചർച്ചാവിഷയമാവുന്നത്.

ഇന്ത്യക്കാരിൽ 95 ശതമാനവും ഇപ്പോഴും ഇടപാടുകൾക്ക് കാശ് തന്നെയാണ് ഉപയോഗിക്കുന്നത്. അവിടെയാണ് വർഷങ്ങൾക്ക് മുമ്പ് നമുക്കും ഒരു സ്വീഡനാവണ്ടേ എന്ന പ്രധാനമന്ത്രിയുടെ ചോദ്യം ഇപ്പോൾ ചർച്ചാ വിഷയമാവുന്നത്

സ്വീഡൻ എങ്ങനെ ലെസ് ക്യാഷായി?

2009 സെപ്റ്റംബർ 23നാണ് പുലർച്ചെ അഞ്ചിന്​ സ്റ്റോക്ക് ഹോമിലെ G4S ന്റെ ഒരു ക്യാഷ് ഡിപ്പോവിന്റെ മട്ടുപ്പാവിൽ ഒരു ഹെലികോപ്റ്റർ വന്നിറങ്ങുന്നത്. ലോകത്തെ പ്രശസ്തരായ ബ്രിട്ടീഷ് സെക്യൂരിറ്റി കമ്പനിയാണ് G4S. ഹെലികോപ്റ്ററിൽ എത്തിയവർ അട്ടം തുളച്ച് നേരെ ചെന്നെത്തിയത് ക്യാഷ് ഡിപ്പോവിലാണ്. ഉള്ള കാശുമെടുത്ത് സ്ഥലം വിടുന്നതിന് മുമ്പ് മട്ടുപ്പാവിൽ ഹെലിപാഡിനടുത്ത് ബോംബ് എന്നെഴുതി വെച്ച ഒരു സഞ്ചി ആരും കാണത്തക്കവിധം പ്രദർശിപ്പിക്കാനും ഡിപ്പോവിലേക്കുള്ള റോഡിലാകെ മുള്ളാണി വിതറിയിടാനും തസ്‌കര കുമാരന്മാർ മറന്നില്ല. ഹെലികോപ്റ്റർ വഴിയും റോഡിലൂടെയും പൊലീസ് പെട്ടെന്ന് എത്തിപ്പെടാതിരിക്കാനുള്ള കരകൗശലം കാണിച്ച തസ്‌കരവീരന്മാരുടെ ഈ പെരും കൊള്ള വാസ്റ്റ് ബെർഗ ഹീസ്റ്റ് എന്നാണ് അറിയപ്പെടുന്നത്. അതിന് മുമ്പും ഇമ്മാതിരി വിദഗ്ധ മോഷണങ്ങൾ അരങ്ങേറിയിട്ടുണ്ട്. ഗോഥൻബർഗിലെ മെയിൽ പ്രൊസസ്സിങ്ങ് സെന്ററിലും ഇതേ മട്ടിലായിരുന്നു കൊള്ള. മുള്ളാണി വിതറൽ, റോട്ടിൽ കാറ് കത്തിക്കൽ, സ്‌ഫോടകവസ്തുക്കൾ നിക്ഷേപിക്കൽ എന്നിവ തന്നെ കലാപരിപാടി.

വാസ്റ്റ് ബെർഗ ഹീസ്റ്റിനുവേണ്ടി ഉപയോഗിച്ച ഹെലികോപ്ടർ. 2009 സെപ്റ്റംബർ 23ന് പുലർച്ചെ അഞ്ചിന് സ്റ്റോക്ക് ഹോമിലെ ഒരു സെക്യൂരിറ്റി കമ്പനിയുടെ ക്യാഷ് ഡിപ്പോവിന്റെ മട്ടുപ്പാവിൽ പണം കൊള്ളയടിക്കാൻ മോഷ്ടാക്കൾ വന്നിറങ്ങിയത് ഈ ഹെലികോപ്റ്ററിലാണ്. ഈ പെരുംകൊള്ള വാസ്റ്റ് ബെർഗ ഹീസ്റ്റ് എന്നാണ് അറിയപ്പെടുന്നത്. / Photo:commons.wikimedia

2006 ൽ ഗോഥൻബർഗിലെത്തന്നെ വിമാനത്താവളത്തിൽ ഇതേ മട്ടിൽ മുഖം മൂടി ധരിച്ച് കയറി വന്നവർ, വിമാനത്തിൽ നിന്ന് വിദേശനാണ്യങ്ങൾ ഇറക്കിക്കൊണ്ടിരുന്ന ചുമട്ടുതൊഴിലാളികളെയും വിമാന ജീവനക്കാരെയും ഭീഷണിപ്പെടുത്തി 7 ലക്ഷം പൗണ്ടാണ് കവർന്നെടുത്തത്. പക്ഷേ 2009 ലെ വാസ്റ്റ് ബെർഗാ കൊള്ളയാണ് ക്യാഷ് ലെസ് സൊസൈറ്റി എന്ന ആശയത്തിലേക്ക് സ്വീഡനെ നയിച്ചത്. 2009ന് ശേഷം സ്വീഡനിൽ കാശിടപാട് നന്നേ കുറയുകയാണ്. 2010 ൽ 39 ശതമാനമുണ്ടായിരുന്ന കറൻസി ഇടപാടുകൾ 2018 ആയപ്പോഴെക്കും വെറും 13 ശതമാനമായി ചുരുങ്ങുകയാണ്. അതിനിടക്കാണ് കേന്ദ്ര ബാങ്കായ റിക്‌സ് ബാങ്ക് ഇ- ക്രോണ എന്ന ഡിജിറ്റൽ കറൻസി ഇറക്കുന്ന കാര്യം ആലോചിച്ചതും 2017ൽ ക്രോണക്ക് പകരമുള്ള ഒരു പൈലറ്റ് പദ്ധതി ആവിഷ്‌കരിച്ചതും.

നമുക്കും സ്വീഡനാവണ്ടേ എന്ന ചോദ്യത്തിന്റെ അർത്ഥം

2012 ലാണ്, മൈക്രോസോഫ്റ്റ് തലവൻ ബിൽ ഗേറ്റ്‌സ് നടത്തുന്ന ഗേറ്റ്സ് ഫൗണ്ടേഷൻ, യു.എസ്.എയ്ഡ് എന്ന് വിളിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജൻസി ഫോർ ഇന്റർനാഷനൽ ഡെവലപ്‌മെന്റും പേ പാലിന്റെ ഒമഡിയാർ നെറ്റ് വർക്‌സും ഡിജിറ്റൽ കമ്പനികളായ സിറ്റി, വിസ, മാസ്റ്റർ കാർഡ് എന്നിവർക്കൊപ്പം ചേർന്ന് "ബെറ്റർ ദാൻ ക്യാഷ് അലയൻസ്' സ്ഥാപിക്കുന്നത്. ഈ സംഘടനയുടെ ഉത്തരവാദിത്തത്തെക്കുറിച്ച് സംസാരിക്കവേ, ബിൽ ഗേറ്റ്സ് പറഞ്ഞത്, അമേരിക്കൻ സുരക്ഷാ താൽപര്യവും പണം കൈമാറ്റത്തിലെ ഡിജിറ്റലൈസേഷനും ഉറപ്പു വരുത്തും എന്നാണ്.

2014 പാതിയിലാണ് നരേന്ദ്ര മോദി അധികാരത്തിലെത്തുന്നത്. ആറുമാസം കഴിയുന്നതോടെ ഇന്ത്യ ഈ ‘ബെറ്റർ ദാൻ ക്യാഷ് അലയൻസി’ൽ ചേരുന്നുണ്ട്. 2018 ആവുന്നതോടെ, ഇന്ത്യയുടെ പേമെന്റ് സംവിധാനം പൂർണമായും കാശ് രഹിതമാക്കുക എന്നതാണ് ബിൽ ഗേറ്റ്‌സിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇന്ത്യൻ പേയ്മെന്റ് സംവിധാനം ഡിജിറ്റലൈസ് ചെയ്യാൻ ബിൽ ആന്റ് മിലിന്ദാ ഗേറ്റ്സ് ഫൗണ്ടേഷൻ തയ്യാറാണെന്ന് 2015ൽ തന്നെ അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.A well kept open secret: Washington is behind India's brutal experiment of abolishing most Cash എന്ന പേരിൽ നോബർട്ട് ഹാറിങ്ങ് എഴുതിയ ലേഖനം കൂടി വായിച്ചാൽ കാര്യങ്ങൾ വളരെ വ്യക്തമാവും.

ഒരു ശത്രു രാജ്യത്തിനും വരുത്തിവെക്കാനാവാത്ത അത്രക്കേറെ പ്രതിസന്ധിയിലേക്കും തകർച്ചയിലേക്കും ഇന്ത്യയെ തള്ളിവിട്ട അത്യന്തം വിനാശകരമായ നോട്ട്​ റദ്ദാക്കൽ തീരുമാനത്തിന് പിന്നിൽ ഡിജിറ്റൽ കമ്പനികളായിരുന്നു എന്ന് ഇന്ന് വ്യക്തമാണ്

ബെറ്റർ ദാൻ ക്യാഷ് അലയൻസ് ഇന്ത്യയുടെ പങ്കാളിത്തത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: സമ്പദ് വ്യവസ്ഥയിൽ കാശ് വെട്ടിച്ചുരുക്കുന്നതിനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ പ്രതിബദ്ധതയുടെ വിപുലീകരണമാണ് ഈ പങ്കാളിത്തമെന്ന്!
വിസ 2016 മെയിൽ (നോട്ട് റദ്ദാക്കലിന് അരക്കൊല്ലം മുമ്പ്) പ്രസിദ്ധപ്പെടുത്തിയ ഒരു പഠന റിപ്പോർട്ടിൽ ഇന്ത്യയുടെ ഡിജിറ്റൽ ഇടപാടിലെ പിന്നാക്കാവസ്ഥ ചൂണ്ടിക്കാട്ടുന്നുണ്ട്. 2015ൽ ഇന്ത്യയുടെ പ്രതിശീർഷ ഡിജിറ്റൽ ഇടപാട് വെറും 10 ആണ്, അതേയവസരം സ്വീഡനിൽ ഇത് 429 ആണ് എന്ന കാര്യവും വിസാ കമ്പനി എടുത്തു പറയുന്നുണ്ട്. അത് കേട്ട ഞെട്ടലിലാവണം, നോട്ട് റദ്ദാക്കൽ എന്നതിന്റെ ബോധോദയം ഉണ്ടായത്. നമുക്കും ഒരു സ്വീഡനാവണ്ടേ എന്ന ചോദ്യം ഉയർന്നത് അങ്ങനെ തന്നെയാവണം.
ഒരു ശത്രു രാജ്യത്തിനും വരുത്തിവെക്കാനാവാത്ത അത്രക്കേറെ പ്രതിസന്ധിയിലേക്കും തകർച്ചയിലേക്കും ഇന്ത്യയെ തള്ളിവിട്ട അത്യന്തം വിനാശകരമായ തീരുമാനത്തിന് പിന്നിൽ ഡിജിറ്റൽ കമ്പനികളായിരുന്നു എന്ന് ഇന്ന് വ്യക്തമാണ്.

കൊറോണയും കറൻസിയും ഇന്ത്യയും

കൊറോണ പോലെ ഇനിയൊരവസരം വീണു കിട്ടില്ല എന്ന നീതി ആയോഗ് തലവന്റെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വേണം കൊറോണയും കറൻസിയും ഇന്ത്യയും എന്ന വിഷയം ചർച്ച ചെയ്യാൻ.
​ഡിജിറ്റൽ ഇന്ത്യ പ്രാവർത്തികമായാൽ അത് ഒരു സർവൈലൻസ് സ്റ്റേറ്റ് കെട്ടിപ്പടുക്കുന്നതിന്റെ ആദ്യപടിയായി മാറും. ഇപ്പോൾ തന്നെ എതിർശബ്ദമുയരുന്ന ഓരോ നാക്കും നിരീക്ഷണ വിധേയമാണ്. മൊബൈൽ ആയാലും കാർഡ് ആയാലും കോണ്ടാക്ട് ലെസ് പേമെന്റായാലും, അതൊക്കെയും ഡാറ്റകൾ അവശേഷിപ്പിക്കുന്നുണ്ട്. അത്തരം ഡാറ്റകൾ തന്നെ വിൽപ്പനച്ചരക്കായി മാറുമ്പോൾ, നിരീക്ഷണ മുതലാളിത്തത്തിന്റെ (Surveillance Capitalism) കാലത്ത് കൂടുതൽ സുരക്ഷിതം കാശ് തന്നെയാണ്. പേമെന്റുകളിൽ ഏറ്റവും വിശ്വസ്തവും അതുതന്നെ. ഇഷ്യൂ ചെയ്യുന്നവരിൽ നിന്ന് സ്വതന്ത്രമായ ഒരേയൊരു പേമെന്റ് രൂപം കാശ് തന്നെ. 95 ശതമാനം പേരും കാശിനെ ആശ്രയിക്കുന്ന ഒരു സമ്പദ് വ്യവസ്ഥയിൽ ഡിജിറ്റൽ പേമെന്റിലേക്ക് എടുത്തു ചാടുക എളുപ്പമല്ല.

ബാങ്ക് ഓഫ് ഫിൻലാന്റിന്റെ പെയ് വി ഹീക്കിനെൻ ഈയിടെ പറഞ്ഞ കാര്യം ഇന്ത്യൻ അവസ്ഥയിലേക്ക് ഒന്ന് പരാവർത്തനം ചെയ്ത് കേൾക്കൂ: "ഫിൻസിൽ 10 ശതമാനം പേരുടെയും ഇഷ്ടപേമെന്റ് രീതി കാശാണ്. അവർക്ക് സാധ്യമായ ഏക പേമെന്റ് രീതി കാശ് തന്നെയാണ്. അവർക്കും സാധനങ്ങൾ വാങ്ങണ്ടേ? കൊറോണ വ്യാധിയുടെ കാലത്തും കാശ് ഉപയോഗിക്കാം. പക്ഷേ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, കൈകൾ വൃത്തിയായി സൂക്ഷിക്കുക എന്നതാണ്.'

10 ശതമാനം നാട്ടുകാർക്ക് വേണ്ട പേമെന്റ് രീതിയും നടപ്പിൽ വേണമെന്നാണ് ഫിൻലാന്റുകാർ ആലോചിക്കുന്നത്. ഇവിടെ 95 ശതമാനവും ആശ്രയിക്കുന്ന കാശിന് പകരം ഡിജിറ്റൽ പേമെന്റുകൾ വേണം എന്ന ആലോചന തന്നെ മഹാ ധൂർത്താണ്, അയഥാർത്ഥമാണ്; അപ്രാപ്യ ലക്ഷ്യവുമാണ്. ഡിജിറ്റൽ കമ്പനികൾക്ക് ലാഭമുണ്ടാക്കാൻ കോരന്റെ കുമ്പിളും കവർന്നെടുക്കുന്നത് അനീതിയാണ്. ഇപ്പോൾത്തന്നെ വ്യാപകമായ ഡിജിറ്റൽ സേവനങ്ങൾ കാശുള്ളവർക്ക് ഒട്ടനവധി സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നുണ്ട്. കാശ് വഴി കിട്ടുന്ന സേവനം പോലെ ഫീസില്ലാപ്പരിപാടിയല്ല ഡിജിറ്റൽ ഇടപാടുകൾ. കാശുള്ളവരും ഇടപാടിനായി കാശുണ്ടാക്കാൻ ആവുന്നവരും ആ പാതയിൽ പോകട്ടെ, ബാക്കി സാധാരണ ജനങ്ങൾ പഴയപടി കറൻസി വഴി തന്നെ ഇടപാട് നടത്തട്ടെ.
അല്ലാതെ ഒരു പ്രധാനമന്ത്രി ഡിജിറ്റൽ കമ്പനികളുടെ പ്രലോഭനത്തിൽ മയങ്ങി ഒരു സുപ്രഭാതത്തിൽ നമുക്ക് ഒരു സ്വീഡനായിക്കളയാം എന്ന് പ്രഖ്യാപിച്ചാൽ ആയിത്തീരുന്നതല്ല ക്യാഷ് ലെസ് നെസ്സ് എന്ന് ഇപ്പോൾ ഏതു കുട്ടികൾക്കു മറിയാം.

റിസ്‌കല്ലേ കൊറോണ കാലത്ത് കാശ്

കൈ കൊണ്ട് തൊടുമ്പോൾ? ഉണ്ട്. കൈ നന്നായി കഴുകുക, സോപ്പിട്ട് കഴുകുക എന്നാണ് ലോകാരോഗ്യ സംഘടനയും ലോകത്തെ ഒട്ടനവധി കേന്ദ്ര ബാങ്കുകളും പറയുന്നത്. അത് മതി. അതേ നമുക്ക് പറ്റൂ.▮


എ.കെ. രമേശ്

എഴുത്തുകാരൻ, ബെഫി മുൻ അഖിലേന്ത്യാ പ്രസിഡന്റ്. ആഗോളവല്ക്കരണവും മൂന്നാം ലോക ജീവിതവും, ദോഹാ പ്രഖ്യാപനത്തിന്റെ കാണാപ്പുറങ്ങൾ എന്നിവ കൃതികൾ

Comments