ഏറ്റവും വലിയ കൽക്കരി ഹബിന്റെ ഉടമയായി അദാനിയെ വളർത്തിയ മോദി സൂത്രം

ഇന്ത്യയിലെ 38ഓളം കൽക്കരി ഖനികളാണ് സ്വകാര്യ കമ്പനികൾക്കായി തുറന്നുകൊടുക്കാൻ തീരുമാനിച്ചത്. ലേലം ചെയ്യപ്പെട്ട 19 കൽക്കരി ഖനികളിൽ 12എണ്ണവും കരസ്ഥമാക്കിയത് അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയായിരുന്നു. തന്റെ ഉടമസ്ഥതയിലുള്ള താപനിലയങ്ങൾക്ക് കൽക്കരി ഉറപ്പുവരുത്തുക എന്നതോടൊപ്പം ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരി ഹബിന്റെ ഉടമയും അദാനിയായി മാറും. ‘ഒരു മോദി- അദാനി ചങ്ങാത്തക്കഥ’യുടെ അഞ്ചാം ഭാഗം.

ദാനി അടക്കമുള്ള കോർപറേറ്റുകളുടെ മടിശ്ശീലക്കനവും, ആഗോളതലത്തിൽ ഇസ്​ലാമോഫോബിയ പടർത്തുന്നതിൽ മുഖ്യപങ്ക് വഹിച്ച, സയണിസ്റ്റ് പ്രൊപഗാണ്ടയുടെ ആസൂത്രകരായ ആർനോൾഡ് പോർട്ടറിന്റെ സബ്‌സിഡിയറിയായ ആപ്‌കോ വേൾഡ് വൈഡിന്റെ പ്രചരണതന്ത്രങ്ങളും, രാജ്യം ഭരിച്ചുകൊണ്ടിരുന്ന കോൺഗ്രസിന്റെ അഴിമതിയും കൊള്ളരുതായ്മയും ഒത്തുചേർന്നപ്പോൾ നരേന്ദ്ര മോദിയെന്ന വംശീയ -വിദ്വേഷ രാഷ്ട്രീയത്തിന്റെ വക്താവ് പ്രധാനമന്ത്രി പദത്തിലെത്തിപ്പെട്ടു.

മോദിയുടെ ചങ്ങാത്ത മുതലാളിത്തത്തിനും സാമ്പത്തിക പരിഷ്‌കരണങ്ങൾക്കും വർത്തമാനകാല മാതൃക 1981 മുതൽ 89 വരെയുള്ള കാലയളവിൽ അമേരിക്കൻ പ്രസിഡണ്ടായിരുന്ന റൊണാൾഡ് റീഗനാണെന്ന് കാണാം. തികഞ്ഞ വംശീയവാദിയും, സ്വതന്ത്ര വിപണിയുടെ വക്താവുമായിരുന്ന റൊണാൾഡ് റീഗൻ അവതരിപ്പിച്ച ‘റീഗണോമിക്‌സി'ന് ‘മോദിനോമിക്‌സു'മായി പല സാമ്യങ്ങളും കാണാം.

റൊണാൾഡ് റീഗനും മെറിൽ ലിഞ്ച് സി.ഇ.ഒ ആയിരുന്ന, പിന്നീട് സ്റ്റേറ്റ് സെക്രട്ടറി പദത്തിലേക്ക് ഉയർത്തപ്പെട്ട, ഡൊണാൾഡ് റീഗനും തമ്മിലുള്ള ബന്ധത്തിന്റെ തനിപ്പകർപ്പ് മോദിയിലും അദാനിയിലും കാണാം. റൊണാൾഡ് റീഗൻ മാധ്യമങ്ങളുമായി സംസാരിക്കുമ്പോൾ അയാളെ തിരുത്തി ‘speed it up' എന്ന് പറയുന്ന മെറിൽ ലിഞ്ച് സി.ഇ.ഒയുടെ വീഡിയോ അക്കാലത്ത് വൻ പ്രചാരം നേടിയുരുന്നു. വൈറ്റ് ഹൗസിനെ നിയന്ത്രിച്ചുകൊണ്ടിരുന്ന വൻ അധികാരശക്തിയായി ഡൊണാൾഡ് റീഗൻ മാറിയെന്നും, ‘റീഗണോമിക്‌സ്’ എങ്ങിനെ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചുവെന്നും, 2008ലെ അമേരിക്കൻ സബ്‌പ്രൈം മോർട്ട്‌ഗേജ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മൈക്ക്ൾ മൂർ തയ്യാറാക്കിയ ‘കാപിറ്റലിസം: എ ലവ് സ്റ്റോറി' എന്ന ഡോക്യുമെന്ററിയിൽ പ്രതിപാദിക്കുന്നുണ്ട്.

റൊണാൾഡ് റീഗൻ

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായ നരേന്ദ്ര മോദി രാജ്യത്തെമ്പാടുമായി 150ലധികം റാലികളെ അഭിസംബോധന ചെയ്​തു. ഈ റാലികളിൽ പങ്കെടുക്കാൻ 2.4 ലക്ഷം കിലോമീറ്ററിലധികം ദൂരം മോദി സഞ്ചരിച്ചു. പ്രതിദിനം ഏതാണ്ട് 1,100 കിലോമീറ്റർ എന്ന കണക്കിൽ. ഓരോ തവണയും മോദി പറന്നത് അഹമ്മദാബാദിൽ നിന്നുതന്നെയായിരുന്നുവെന്ന് അക്കാലത്തെ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മോദിക്കായി മൂന്ന്​ എയർക്രാഫ്റ്റുകൾ സദാ തയ്യാറായി നിന്നു. EMB-135 BJ എന്ന എമ്പ്രയർ എയർക്രാഫ്റ്റ് അദാനിയുടെ ഉടമസ്ഥതയിലുള്ള കർണ്ണാവടി ഏവിയേഷന്റേതായിരുന്നു. മണിക്കൂറിൽ ഒന്നു മുതൽ മൂന്നു ലക്ഷം രൂപ വരെ ചെലവ് വരുന്ന എയർക്രാഫ്റ്റുകളായിരുന്നു അദാനി മോദിക്കായി സമ്മാനിച്ചത്.

കോർപറേറ്റുകൾക്ക് സൗജന്യം വാരിവിതറിക്കൊണ്ടുള്ള ‘ഗുജറാത്ത് മോഡൽ' ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെയും ചങ്ങാത്ത മുതലാളിത്തത്തിന്റെ പരസ്യപ്രഖ്യാപനത്തിന്റെയും സൂചനയായിരുന്നു പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട വ്യക്തിയുടെ കോർപറേറ്റ് സൗജന്യയാത്ര. ഇന്ത്യയിലെ വൻകിട ബിസിനസ് സാമ്രാജ്യങ്ങൾ ഇതിനോട് പ്രതികരിക്കാൻ മടിച്ചുനിന്നതും അക്കാലത്തെ കാഴ്ചയായിരുന്നു.

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നരേന്ദ്രമോദി

മോദി ഗുജറാത്ത് ഭരിച്ച ഒരു ദശാബ്ദക്കാലയളവിൽ അദാനിയുടെ സമ്പത്ത് 35,000 കോടി രൂപയോളം ഉയർത്തപ്പെട്ടു. അദാനിയുടെ ദേശീയ- അന്തർദ്ദേശീയ വാണിജ്യ സ്വപ്നങ്ങൾക്ക് സാക്ഷാത്കാരം നൽകുന്നതിനുള്ള ഉറപ്പുമായാണ് നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിലേക്ക് ഉയർത്തപ്പെടുന്നത്. കൽക്കരി, ഊർജ്ജം, തുറമുഖം, വിമാനത്താവളം, കൃഷി, റീട്ടൈൽ വ്യാപാരം, ആരോഗ്യം, ലോജിസ്റ്റിക്‌സ്, റോഡ്, മെട്രോ, റെയിൽ, വ്യോമയാനം, പ്രത്യേക സാമ്പത്തിക മേഖല തുടങ്ങി വിവിധങ്ങളായ മേഖലകളിലേക്ക് കഴിഞ്ഞ ഏഴ് വർഷത്തിനിടെ അദാനി ഗ്രൂപ്പ് അസാധാരണമായ തോതിലുള്ള വളർച്ച നേടിയതിനുപിന്നിൽ നേരത്തെ നൽകിയ ചെറിയ സമ്മാനങ്ങളുടെ ഉപകാര സ്മരണ കാണാം.

കൽക്കരിപ്പാടങ്ങളും സ്വകാര്യ മേഖലയ്ക്ക്

രാജ്യത്തിന്റെ പൊതുസമ്പത്തായി നിലനിന്നിരുന്ന കൽക്കരി ഖനന മേഖലയിലേക്ക് സ്വകാര്യ കമ്പനികളെ ക്ഷണിച്ചുകൊണ്ടുവന്നത് നരേന്ദ്ര മോദിയായിരുന്നു. 1991 മുതൽ ആരംഭിച്ച ഉദാരവൽക്കരണ- സ്വകാര്യവൽക്കരണ നടപടികൾക്കിടയിൽ കൽക്കരി മേഖലയിലേക്ക് സ്വകാര്യമൂലധനത്തെ ക്ഷണിച്ചുകൊണ്ടുവരാനുള്ള ശ്രമം നടന്നുവെങ്കിലും അവയൊന്നും വിജയിച്ചിരുന്നില്ല. എന്നാൽ മോദിഭരണത്തിൽ അക്കാര്യം സുഗമമായി നടന്നു. അത് പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യാ ലിമിറ്റഡിനെ (CIL) ഏത് നിലയിലേക്കെത്തിച്ചുവെന്ന് അറിയാൻ ഇന്ത്യാ ഗവൺമെൻറിനുകീഴിൽ കൽക്കരി വകുപ്പ് സെക്രട്ടറിയായിരുന്ന അനിൽ സ്വരൂപ് പറയുന്നത് ശ്രദ്ധിച്ചാൽ മതി.

2015ൽ 40,000 കോടി രൂപ കരുതൽ ധനമായുണ്ടായിരുന്ന കോൾ ഇന്ത്യാ ലിമിറ്റഡ് ഇന്ന് കേവലം 10,000 കോടിയിലേക്ക് ചുരുങ്ങിയിരിക്കുകയാണെന്നും 2016ൽ കമ്പനിയുടെ ഈക്വിറ്റി ഷെയറുകൾ 400 രൂപയ്ക്ക് കച്ചവടം ചെയ്തിരുന്ന സ്ഥിതിയിൽ നിന്ന്​ 2021ലെത്തുമ്പോഴേക്കും 200രൂപയിലും താഴെയായി തീർന്നിരിക്കുന്നുവെന്നും അനിൽ സ്വരൂപ് ചൂണ്ടിക്കാട്ടുന്നു. 2016 മുതൽക്കുള്ള ഒരു വർഷത്തിൽ കോൾ ഇന്ത്യാ ലിമിറ്റഡിന്റെ സിഎംഡി (ചെയർമാൻ കം മാനേജിംഗ് ഡയറക്ടർ) സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. സി.ഐ.എല്ലിന്റെ സബ്‌സിഡിയറികളായ വിവിധ സ്ഥാപനങ്ങളിൽ ഇപ്പോഴും ഉന്നത പദവികൾ ഒഴിഞ്ഞുകിടക്കുകയാണെന്നും അനിൽ സ്വരൂപ് ആരോപിക്കുന്നുണ്ട്. ലാഭത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനത്തെ തത്വദീക്ഷയില്ലാതെ മറ്റ് മേഖലകളിലേക്ക് നിർബന്ധമായി നിക്ഷേപം നടത്താൻ പ്രേരിപ്പിച്ചതും സി.ഐ.എല്ലിന്റെ ഉയർന്ന ഉദ്യോഗസ്ഥരെ ‘സ്വച്ഛ് ഭാരത് അഭിയാനി’ന്റെ ഉത്തരവാദിത്തം ഏൽപ്പിച്ചതും അടക്കം സി.ഐ.എല്ലിന്റെ ഇന്നത്തെ തകർച്ചയ്ക്ക് ബോധപൂർവ്വമുള്ള നിരവധി ഇടപെടലുകൾ ഭരണാധികാരികളുടെ ഭാഗത്തുന്നിന് ഉണ്ടായിരുന്നുവെന്നാണ് അനിൽ സ്വരൂപിന്റെ വിമർശനങ്ങളിൽ നിന്ന് മനസ്സിലാക്കേണ്ടത്.

അനിൽ സ്വരൂപ്

കൃത്രിമ കൽക്കരിക്ഷാമവും വൈദ്യുതി മേഖലയിൽ അനിശ്ചിതത്വവും സൃഷ്ടിച്ച് കൽക്കരി മേഖലയുടെ നിയന്ത്രണം സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള അന്തർനാടകങ്ങളായിരുന്നു അരങ്ങേറിക്കൊണ്ടിരുന്നത്. കൽക്കരി ഖനന മേഖല സ്വകാര്യവൽക്കരിക്കപ്പെട്ടതിന്റെ ഏറ്റവും വലിയ ഗുണഫലം അനുഭവിച്ചത് മോദിയുടെ സ്വന്തം അദാനിയായിരുന്നുവെന്നത് കൽക്കരി മേഖലയിലെ അദാനി എന്റർപ്രൈസസിന്റെ വളർച്ചയുടെ തോത് നോക്കിയാൽ മനസ്സിലാകും. (വിഷയത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് 47ൽ എഴുതിയ ‘കൽക്കരിക്ഷാമം ഒരു നുണക്കഥയാണ്' എന്ന ലേഖനം വായിക്കാം).

2020 മാർച്ചിൽ തന്നെ ഖനനമേഖലയെ സ്വകാര്യ കമ്പനികൾക്ക് തുറന്നുകൊടുക്കുന്നതിനായുള്ള നിയമ നിർമ്മാണങ്ങൾ ഓർഡിനൻസ് രൂപത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്നിരുന്നു. ഇന്ത്യയിലെ 38ഓളം കൽക്കരി ഖനികളാണ് സ്വകാര്യ കമ്പനികൾക്കായി തുറന്നുകൊടുക്കാൻ തീരുമാനിച്ചത്. ലേലം ചെയ്യപ്പെട്ട 19 കൽക്കരി ഖനികളിൽ 12എണ്ണവും കരസ്ഥമാക്കിയത് അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയായിരുന്നു. കൽക്കരി ബ്ലോക്കുകളുടെ ലേലത്തിൽ പങ്കെടുക്കുന്ന കമ്പനികളുടെ സാമ്പത്തിക ശേഷിയെ സംബന്ധിച്ച അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുൻ കേന്ദ്ര ഊർജ്ജ സെക്രട്ടറിയായിരുന്ന ഇ.എ.എസ്. ശർമ കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിനും കൽക്കരി മന്ത്രാലയത്തിനും നിരവധി കത്തുകൾ മുന്നെതന്നെ എഴുതിയിട്ടുണ്ടായിരുന്നു. അദാനി പവർ സൃഷ്ടിച്ച കടബാദ്ധ്യതകൾ പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയാസ്തികളായി പെരുകിക്കിടക്കുന്നത് സംബന്ധിച്ച തെളിവുകളും ശർമ നൽകുകയുണ്ടായി.

photo: adani.com

അദാനിയുടേതടക്കം പുതുതായി സ്വകാര്യ കമ്പനികൾ ഏറ്റെടുത്ത കൽക്കരി ഖനികളെല്ലാം വനാവകാശ നിയമം (Forest Right Act), പെസ നിയമം (Panchayat Extention of Scheduled Areas Act) എന്നിവ പരിപൂർണമായും ലംഘിച്ചുകൊണ്ടാണെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഛത്തീസ്ഗഢിലെ സർഗുജ ഡിവിഷനിൽ ഹാസ്‌ദേവ് അരിന്ദിൽ അദാനിയുടെ കൽക്കരി ഖനന പദ്ധതിക്കെതിരെ ആദിവാസി സമൂഹം ഒറ്റെക്കെട്ടായി നിന്ന് പോരാടുകയാണ്.

കൽക്കരിമേഖല സ്വകാര്യ കമ്പനികൾക്ക് തുറന്നുകൊടുത്തപ്പോൾ അവയിൽ വലിയൊരു ഭാഗം കയ്യടക്കാൻ അദാനിക്ക് സാധിച്ചു. അതോടൊപ്പം, സ്വകാര്യ താപ വൈദ്യുതോത്പാദകരിൽ ഒന്നാം സ്ഥാനത്തെത്താനും അദാനി പവർ കമ്പനിക്ക് സാധിച്ചു. നിലവിൽ പ്രവർത്തനത്തിലുള്ള നാല് പ്ലാന്റുകൾക്ക് പുറമെ മൂന്ന്​ പദ്ധതികളുടെ നിർമാണം പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ അദാനിയുടെ അധീശത്വം പൂർത്തിയാകും.

തന്റെ ഉടമസ്ഥതയിലുള്ള താപനിലയങ്ങൾക്ക് കൽക്കരി ഉറപ്പുവരുത്തുക എന്നതോടൊപ്പം ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരി ഹബിന്റെ ഉടമയും അദാനിയായി മാറും. മർമഗോവയിൽ കൽക്കരി കയറ്റിറക്കുമതി തുറമുഖം ഇന്ത്യയുടെ കൽക്കരി ഭൂപടത്തെ മാറ്റിവരക്കാൻ പോന്നതായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഗോവൻ പശ്ചിമഘട്ട പരിസ്ഥിതിയെ പൂർണമായും തകർത്തുകൊണ്ടായിരിക്കും മർമുഗോവ കൽക്കരി തുറമുഖ പദ്ധതി നടപ്പിലാക്കപ്പെടുക. പ്രതിവർഷം 52 ദശലക്ഷം ടൺ കൽക്കരി ഈ തുറമുഖം വഴി ഇറക്കുമതി ചെയ്യപ്പെടും. അദാനിയെക്കൂടാതെ വേദാന്ത, ജിൻഡാൽ എന്നീ കമ്പനികളും ഗോവൻ തുറമുഖം വഴിയായിരിക്കും തങ്ങളുടെ നിലയങ്ങളിലേക്കുള്ള കൽക്കരി ഇറക്കുമതി ചെയ്യുന്നത്.

ഒരു മോദി - അദാനി ചങ്ങാത്ത കഥ - ലേഖനങ്ങൾ വായിക്കാം


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments