കാർമൈക്ക്ൾ കൽക്കരി: വൈദ്യുതി ഉപഭോക്താക്കളുടെ തലയിലേക്ക് ഇടിത്തീ

അദാനിയുടെ പ്രത്യേക സാമ്പത്തിക മേഖലയാകട്ടെ, താപവൈദ്യുതി നിലയമാകട്ടെ, കൽക്കരി ഖനന പദ്ധതിയാകട്ടെ, തുറമുഖ പദ്ധതികളാകട്ടെ, ഒക്കെയും പ്രാദേശിക ജനങ്ങളുടെ ഉപജീവനത്തെയും പൊതു ഖജനാവിന്റെ സുരക്ഷിതത്വത്തെയും, പാരിസ്ഥിതിക സുസ്ഥിരതയെയും അട്ടിമറിച്ചുകൊണ്ടാണ് നടപ്പിലാക്കുന്നത്. ഇന്ത്യയിലെമ്പാടുമായി അദാനിയുടെ വിവിധ പദ്ധതികൾക്കെതിരായി നടന്നുകൊണ്ടിരിക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ മുഴുവൻ കോർത്തിണക്കിയാൽ അത് രാജ്യത്തെ ഏറ്റവും വലിയ കോർപ്പറേറ്റ് വിരുദ്ധ പ്രക്ഷോഭങ്ങളായി പരിണമിക്കുന്നത് കാണാം. ‘ഒരു മോദി- അദാനി ചങ്ങാത്തക്കഥ’യുടെ ആറാം ഭാഗം.

2021നവംബറിൽ ഗ്ലാസ്‌ഗോവിൽ വെച്ച് നടന്ന കാലാവസ്ഥാ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം ഒരുപക്ഷേ നിങ്ങളുടെ ഓർമയിൽ കാണും. കാലാവസ്ഥാ പ്രതിസന്ധി നേരിടാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങൾ വിവരിച്ച്​ ഇന്ത്യയുടെ ‘നെറ്റ് സീറോ’ ലക്ഷ്യം 2070ഓടെ പൂർത്തിയാക്കുമെന്ന് പ്രധാനമന്ത്രി നാടകീയമായി ഗ്ലാസ്‌ഗോവിൽ വെച്ച് പ്രഖ്യാപിക്കുകയുണ്ടായി.

കൂടാതെ, 2030ഓടെ 500 ഗിഗാവാട്ട് വൈദ്യുതി ഫോസിലേതര ഇന്ധനങ്ങളിലൂടെ ഉത്പാദിപ്പിക്കുമെന്നും പ്രധാനമന്ത്രി ലോകത്തെ അറിയിച്ചു. അടുത്ത മുപ്പത് വർഷങ്ങൾക്കുള്ളിൽ ‘നെറ്റ് സീറോ’ ലക്ഷ്യത്തിലെത്തുക എന്ന പൊതുസമ്മതിക്ക് വിരുദ്ധമായി അമ്പത് വർഷങ്ങൾക്കുള്ളിൽ മാത്രമേ അത്തരമൊരു ലക്ഷ്യം കൈവരിക്കാനാകൂ എന്ന ഇന്ത്യയുടെ നിലപാട് വികസിത രാഷ്ട്രങ്ങളെ അമ്പരപ്പിക്കുകയുണ്ടായി.

2021 നവമ്പറിൽ ഗ്ലാസ്‌ഗോവിൽ വെച്ച് നടന്ന കാലാവസ്ഥാ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിയ്ക്കുന്ന നരേന്ദ്ര മോദി
2021 നവമ്പറിൽ ഗ്ലാസ്‌ഗോവിൽ വെച്ച് നടന്ന കാലാവസ്ഥാ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിയ്ക്കുന്ന നരേന്ദ്ര മോദി

രാജ്യത്തിന്റെ ആഭ്യന്തര മൊത്തോൽപ്പാദനത്തിലെ കാർബൺ പുറന്തള്ളൽ 45%ആയി (2005ൽ നിലവാരത്തിലേക്ക്) കുറയ്ക്കാമെന്ന പ്രഖ്യാപനം നടപ്പിലാക്കാനുള്ള സംവിധാനങ്ങൾ എന്താണെന്ന കാര്യത്തിൽ യാതൊരുവിധ വ്യക്തതയും ഇല്ലാതെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. അത്തരമൊരു നടപടിക്കാവശ്യമായ സ്ഥാപനപരമായ സംവിധാനങ്ങൾ (Institutional Mechanism) സംബന്ധിച്ച യാതൊരു ആലോചനയും ഇന്ത്യയിൽ നടന്നിട്ടില്ലെന്നതും വസ്തുതയാണ്. 2030ഓടെ ഇന്ത്യയുടെ ഫോസിലേതര ഊർജ്ജോത്പാദനത്തിൽ 50% വർദ്ധനവ് സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പുതുക്കാവുന്ന ഊർജ്ജ സ്രോതസ്സുകളിൽ നിന്ന് അടുത്ത ഒമ്പതുവർഷത്തിനുള്ളിൽ 500 ഗിഗാവാട്ട് വൈദ്യുതി ഉത്പാദനം സാധ്യമാക്കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ കാതൽ. (ഹരിതോർജ്ജ ഉത്പാദന മേഖലയിലെ അദാനി റിന്യൂവബ്ൾസിന്റെ വൻതോതിലുള്ള നിക്ഷേപ ഇടപെടൽ കൂടി ഈ പ്രഖ്യാപനത്തിന് പിന്നിലുണ്ടെന്നത് വഴിയേ മനസ്സിലാകും).

രാജ്യത്തിന്റെ ‘നെറ്റ് സീറോ’ ലക്ഷ്യം 2070ഓടെ പൂർത്തീകരിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനുപിന്നിൽ തന്റെ ആത്മസുഹൃത്തിനോടുള്ള കൂറ് പ്രകടമായിരുന്നു. കൽക്കരി മേഖലയിൽ വലിയ നിക്ഷേപസാധ്യത തിരിച്ചറിഞ്ഞിരുന്ന അദാനി ഗ്രൂപ്പ് ഇന്ത്യയിലും ഇന്തോനേഷ്യയിലും ആസ്‌ത്രേലിയയിലും കൽക്കരി പാടങ്ങൾ ഖനനം ചെയ്യാനുള്ള കരാറുകൾ നേടിക്കഴിഞ്ഞിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ കൽക്കരി ഖനികളിലൊന്നായ ആസ്‌ത്രേലിയയിലെ ഗലീലിയിലെ കാർമൈക്ക്ൾ കൽക്കരിപ്പാടം ഖനനം ചെയ്യുന്നതിന്​ ഇന്ത്യയിലെയും ആസ്‌ത്രേലിയയിലെയും രാഷ്ട്രീയ ഭരണനേതൃത്വങ്ങളെ വിലക്കെടുക്കാൻ അദാനിക്ക് സാധിച്ചു.

അദാനിയുടെ കൽക്കരി യുദ്ധത്തെക്കുറിച്ച് വിശദമായ പഠനം നടത്തിയ, പത്രപ്രവർത്തകൻ കൂടിയായ, ക്വെന്റിൻ ബെറെസ്‌ഫോർഡ് (Quentin Beresford) എഴുതിയ "Adani and the war over coal' എന്ന പുസ്തകം കാർമൈക്ക്ൾ കൽക്കരി കരാർ അദാനി നേടിയെടുത്തതിനുപിന്നിലെ ചതിക്കഥകൾ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. പാരിസ്ഥിതിക നൈതികത തൊട്ടുതീണ്ടിയിട്ടില്ലാത്ത, ഒരു ‘തെമ്മാടി കോർപറേറ്റ്’, ആസ്‌ത്രേലിയൻ ഫെഡറൽ ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിച്ച്​ കരാർ നേടിയെടുത്തതെങ്ങിനെയെന്നും ചങ്ങാത്ത മുതലാളിത്തം ഓസ്ട്രേലിയയിലും ഇന്ത്യയിലും എത്രയധികം സാമ്യമുള്ളതാണെന്നും ബെറെസ്‌ഫോർഡ് തന്റെ പുസ്തകത്തിലൂടെ വിശദീകരിക്കുന്നു.

Photo :  StopAdani Albury Wodonga, Fb Community
Photo : StopAdani Albury Wodonga, Fb Community

ഫോസിൽ ഇന്ധന ലോബികളും ലിബറൽ/നാഷണൽ പാർട്ടികളും തമ്മിലുള്ള രാഷ്ട്രീയ ബന്ധങ്ങൾ പരിസ്ഥിതി വിരുദ്ധതയും തദ്ദേശീയ ഗോത്ര ജനതയുടെ അവകാശ നിഷേധവും ഉൾച്ചേർന്ന അധികാര പ്രയോഗമാണെന്ന് കാണാൻ കഴിയും. അത് ആസ്‌ത്രേലിയയിലെ സെൻട്രൽ ക്വീൻസ് ലാന്റിലെ തദ്ദേശീയ ജനവിഭാഗങ്ങളായ വാൻഗൻ, ജഗലിൻഗ്വൗ എന്നിവരായാലും ഝാർഘണ്ടിലെ ഗോണ്ടൽപൂരിലെ സാന്താളികളായാലും, ഛത്തീസ്ഗഢിലെ ഹാസ്‌ദേവ് അരന്ദിലെ ഗോണ്ട്, ഒറോൺ ആദിവാസികളായാലും കോർപ്പറേറ്റ് ആർത്തിക്ക് കീഴടങ്ങിയ ഭരണകൂടങ്ങളാൽ വേട്ടയാടപ്പെടുന്ന ജനതയായ് അവർക്ക് മാറേണ്ടിവരുന്നു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ പവിഴപ്പുറ്റ് ശേഖരമായ ആസ്‌ത്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫിനെ നാശത്തിലേക്ക് തള്ളിവിട്ടുകൊണ്ട്, ക്വീൻസ് ഐലന്റിലെ ഗോത്രവർഗക്കാരെ അവരുടെ മണ്ണിൽ നിന്ന് പിഴുതെറിഞ്ഞ്​, ആഗോള കാലാവസ്ഥാ സംവാദങ്ങളെ തരിമ്പും പരിഗണിക്കാതെ അദാനിയുടെ കാർമൈക്ക്ൾ കൽക്കരി പദ്ധതിയിൽ നിന്നുള്ള ആദ്യ കൽക്കരി കയറ്റുമതി 2021 ഡിസംബർ മാസത്തോടെ ആരംഭിച്ചു. പ്രതിവർഷം 10 ദശലക്ഷം ടൺ കൽക്കരി ഖനനം ചെയ്യാനാണ് അദാനി ഗ്രൂപ്പ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിന്റെ സിംഹഭാഗവും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാനാണ് പരിപാടി. രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതി ഉത്പാദകരായ നാഷണൽ തെർമൽ പവർ കോർപ്പറേഷന് 6.25 ദശലക്ഷം ടൺ കൽക്കരി നൽകാനുള്ള കരാറുകൾ അദാനിക്ക് ലഭിച്ചു. 8,308 കോടി രൂപയുടെ കൽക്കരിയാണ് ഈയിനത്തിൽ എൻ ടി പി സി അദാനിയിൽ നിന്നും വാങ്ങുക. പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യാ ലിമിറ്റഡിൽ നിന്ന് വാങ്ങുന്നതിനേക്കാൾ (പ്രതി യൂണിറ്റ് 2 രൂപ) കൂടിയ വിലയ്ക്കായിരിക്കും അദാനിയുടെ ഇറക്കുമതി ചെയ്ത കൽക്കരിക്ക് എൻ ടി പി സി നൽകേണ്ടി വരിക (പ്രതി യൂണിറ്റ് 7-8 രൂപ). ഇത് ആത്യന്തികമായി വൈദ്യുതി ഉപഭോക്താക്കളുടെ തലയിലേക്ക് യൂണിറ്റിന് 50-70 പൈസ വരെയായി ഉയരാനുള്ള സാധ്യതയുണ്ടെന്ന് തെർമൽ പവർ കോർപ്പറേഷൻ അധികൃതർ ചൂണ്ടിക്കാട്ടുന്നു.

കോൾ കോറിഡോറിനെതിരെ ഗോവൻ ജനത

ഫാസിസത്തിനെതിരായ സമരം അവയുടെ സാമ്പത്തിക സ്രോതസ്സുകൾക്കെതിരായ സമരം കൂടിയാണെന്ന് തിരിച്ചറിയുന്നത് രാജ്യത്തെ ദേശീയ രാഷ്ട്രീയ പാർട്ടികളോ വ്യവസ്ഥാപിത ട്രേഡ് യൂണിയനുകളോ അല്ലെന്നത് നിഷേധിക്കാൻ കഴിയാത്ത യാഥാർത്ഥ്യമാണ്. വലതു തീവ്രവാദ രാഷ്ട്രീയത്തിന്റെ സാമ്പത്തിക ശക്തികളായ കോർപറേറ്റുകൾക്കെതിരായി അതിശക്തമായ പ്രക്ഷോഭം നടത്തുന്നത് ഇന്ത്യയിലെ കർഷക വിഭാഗങ്ങളും ആദിവാസി- ദലിത് വിഭാഗങ്ങളുമാണെന്ന് വർത്തമാന ഇന്ത്യയിലെ ജനകീയ പ്രക്ഷോഭങ്ങളെ നിരീക്ഷിച്ചാൽ മനസ്സിലാകും. മോദി സർക്കാർ പാസാക്കിയ കർഷക മരണ നിയമങ്ങൾക്കെതിരായി കർഷകർ നടത്തിയ ഐതിഹാസികമായ പ്രക്ഷോഭത്തിന്റെ കുന്തമുന അദാനി-അംബാനിമാരിലേക്ക് കൂടി തിരിഞ്ഞത് ഇക്കാര്യം വെളിപ്പെടുത്തുന്നുണ്ട്.

Photo: Oorali Music Band
Photo: Oorali Music Band

ഇന്ത്യയുടെ കാടകങ്ങളിലും ഗ്രാമീണ മേഖലയിലും തീരപ്രദേശങ്ങളിലും ഒക്കെയായി നടന്നുകൊണ്ടിരിക്കുന്ന നിരവധി ജനകീയ പ്രക്ഷോഭങ്ങൾ കോർപ്പറേറ്റ് നിയന്ത്രിത വികസന പ്രവർത്തനങ്ങൾക്കെതിരായ രാഷ്ട്രീയ സമരങ്ങളാണ്. വേദാന്ത, പോസ്‌കോ, അംബാനി, ജിൻഡാൽ, എസ്സാർ, ടാറ്റ എന്നിവയോടൊപ്പം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനകീയ പ്രതിഷേധത്തെ നേരിടേണ്ടി വരുന്ന കോർപറേറ്റുകളിൽ മുമ്പനാണ് അദാനി എന്റർപ്രൈസസ്, അദാനിയുടെ പ്രത്യേക സാമ്പത്തിക മേഖലയാകട്ടെ, താപവൈദ്യുതി നിലയമാകട്ടെ, കൽക്കരി ഖനന പദ്ധതിയാകട്ടെ, തുറമുഖ പദ്ധതികളാകട്ടെ, ഒക്കെയും പ്രാദേശിക ജനങ്ങളുടെ ഉപജീവനത്തെയും പൊതു ഖജനാവിന്റെ സുരക്ഷിതത്വത്തെയും, പാരിസ്ഥിതിക സുസ്ഥിരതയെയും അട്ടിമറിച്ചുകൊണ്ടാണ് നടപ്പിലാക്കുന്നത്. ഇന്ത്യയിലെമ്പാടുമായി അദാനിയുടെ വിവിധ പദ്ധതികൾക്കെതിരായി നടന്നുകൊണ്ടിരിക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ മുഴുവൻ കോർത്തിണക്കിയാൽ അത് രാജ്യത്തെ ഏറ്റവും വലിയ കോർപ്പറേറ്റ് വിരുദ്ധ പ്രക്ഷോഭങ്ങളായി പരിണമിക്കുന്നത് കാണാം.

ഗോവ: ഇന്ത്യയുടെ കോൾ കോറിഡോർ

ഇന്ത്യ ഗവൺമെൻറ്​ വിഭാവനം ചെയ്യുന്ന, 8.5 ട്രില്യൺ രൂപ നിക്ഷേപ സാധ്യത കണക്കാക്കുന്ന, സാഗർമാല പദ്ധതിയുടെ ഭാഗമായി മർമുഗോവ തുറമുഖത്തെ രാജ്യത്തിന്റെ കൽക്കരി ഇടനാഴിയായി വികസിപ്പിക്കാനുള്ള പദ്ധതി പൂർത്തിയായിക്കഴിഞ്ഞാൽ അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ഗൗതം അദാനിയായിരിക്കുമെന്നത് നിഷേധിക്കാനാകാത്ത വസ്തുതയാണ്. ഇന്തോനേഷ്യ, ആസ്‌ത്രേലിയ എന്നിവിടങ്ങളിൽ നിന്നും അദാനി ഗ്രൂപ്പ് കയറ്റുമതി ചെയ്യുന്ന കൽക്കരി ഇന്ത്യയിലെ വിവിധ താപനിലയങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനുള്ള പ്രധാന തുറമുഖമായിട്ടാണ് മർമുഗോവയെ പരിഗണിക്കുന്നത്. 2020ൽ ലോകസഭയിൽ ബിൽ രൂപത്തിൽ അവതരിപ്പിക്കുകയും 2021 ഫെബ്രുവരി 17ന് രാഷ്ട്രപതി ഒപ്പിട്ടതോടു കൂടി നിലവിൽ വരികയും ചെയ്ത ‘The Major Port Authorities Act-2021' രാജ്യത്തെ വിവിധ തുറമുഖങ്ങളുടെ പ്രവർത്തനങ്ങളിൽ സ്വകാര്യ കമ്പനികളുടെ ഇടപെടൽ കൂടുതൽ സുഗമമാക്കുകയുണ്ടായി.

പ്രതിവർഷം 137 ദശലക്ഷം ടൺ കൽക്കരി ഇറക്കുമതി ചെയ്യാനുള്ള കോൾ ഹബ്ബ് ആയി ഗോവയിലെ മർമു ഗോവ തീരത്തെ വികസിപ്പിക്കാനുള്ള പദ്ധതിക്കെതിരായി അതിശക്തമായ ചെറുത്തുനിൽപ്പിനാണ് ഗോവൻ ജനത മുന്നിട്ടിറങ്ങിയിരിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ 2030ഓടെ അദാനി ഗ്രൂപ്പ്, ജെ എസ് ഡ ബ്ല്യൂ, വേദാന്ത എന്നീ കമ്പനികൾ ഏകദേശം 51 ദശലക്ഷം ടൺ കൽക്കരി ഈ തുറമുഖം വഴി ഇറക്കുമതി ചെയ്യുമെന്നാണ് പോർട്ട് ട്രസ്റ്റ് അധികൃതർ പറയുന്നത്. ഗോവ വഴി മറ്റ് സംസ്ഥാനങ്ങളിലേക്ക് കൽക്കരി എത്തിക്കാനാവശ്യമായ റെയിൽ, റോഡ് നെറ്റ് വർക്കുകൾ ഒരുക്കാനുള്ള ശ്രമങ്ങളിലാണ് അധികൃതർ. റെയിൽവേയുടെ പാത ഇരട്ടിപ്പിക്കൽ, പുതിയ ഫ്ലൈ ഓവറുകൾ, മൻഡോവി, സുവാരി എന്നീ നദികളിൽ പുതിയ ജെട്ടി നിർമ്മാണം, ദേശീയപാത 4എയിൽ നാലുവരി പാതകളുടെ നിർമാണം എന്നിവ തകൃതിയായി നടക്കുകയാണ്.

ഗോവയിലെ മർമുഗോവ തുറമുഖം. / Photo : Indian Navy, Fb
ഗോവയിലെ മർമുഗോവ തുറമുഖം. / Photo : Indian Navy, Fb

ഈ വിപുലീകരണ പദ്ധതികളിൽ പ്രതിഷേധിച്ച് പ്രദേശത്തെ 60-ലധികം ഗ്രാമങ്ങൾ പ്രചരണപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം ഒരു പബ്ലിക് ഹിയറിംഗ് പോലുമില്ലാതെ വിവിധ പദ്ധതികൾ ഗോവയിൽ നടപ്പിലാക്കാൻ ശ്രമിച്ചത് അവർ മറന്നിട്ടില്ല. നിർദ്ദിഷ്ട തുറമുഖ മേഖലയിൽ ഡ്രഡ്ജിങ്ങ് പ്രവർത്തനങ്ങൾ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട മത്സ്യത്തൊഴിലാളികൾ ജാഗ്രതാ നിർദേശം നൽകിയതിനെ തുടർന്നാണ് ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്. പബ്ലിക് ഹിയറിംഗ് പ്രക്രിയ മറികടന്നുകൊണ്ട് പദ്ധതിക്ക് അനുമതി നൽകാൻ കഴിയില്ലെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ വിധിക്കുകയുണ്ടായി. വളരെ ചെറിയ സംസ്ഥാനമായ ഗോവയിൽ ഇത്രയും വിപുലമായ കൽക്കരി ഹബ്ബ് സ്ഥാപിക്കുന്നത് മോളം നാഷണൽ പാർക്ക്, മഹാവീർ വന്യമൃഗ സംരക്ഷണ കേന്ദ്രം എന്നിവയെ സാരമായി ബാധിക്കുമെന്ന് കേന്ദ്ര ഗവൺമെന്റിന്റെ കീഴിൽ സെൻട്രൽ എംപവേർഡ് കമ്മിറ്റി (CEC) യും 50ഓളം ശാസ്ത്രജ്ഞരും അക്കാദമിക്കുകളും അടങ്ങുന്ന സംഘവും മുന്നറിയിപ്പ് നൽകുന്നുണ്ട്. ഗോയന്ത് കോൾസോ നാകാ എന്ന ബാനറിന് കീഴിൽ ആയിരക്കണക്കായ ജനങ്ങൾ കോൾ ഹബ്ബിനെതിരായ പ്രതിഷേധത്തിൽ അണിനിരന്നിരിക്കുകയാണ്. ഗോവയിൽ ജയിക്കുന്നത് അദാനിയോ ഗോവൻ ജനതയോ എന്നതിനെ ആശ്രയിച്ചിരിക്കും ഗോവൻ പരിസ്ഥിതിയുടെ ഭാവി.

ഒരു മോദി - അദാനി ചങ്ങാത്ത കഥ - ലേഖനങ്ങൾ വായിക്കാം


Summary: അദാനിയുടെ പ്രത്യേക സാമ്പത്തിക മേഖലയാകട്ടെ, താപവൈദ്യുതി നിലയമാകട്ടെ, കൽക്കരി ഖനന പദ്ധതിയാകട്ടെ, തുറമുഖ പദ്ധതികളാകട്ടെ, ഒക്കെയും പ്രാദേശിക ജനങ്ങളുടെ ഉപജീവനത്തെയും പൊതു ഖജനാവിന്റെ സുരക്ഷിതത്വത്തെയും, പാരിസ്ഥിതിക സുസ്ഥിരതയെയും അട്ടിമറിച്ചുകൊണ്ടാണ് നടപ്പിലാക്കുന്നത്. ഇന്ത്യയിലെമ്പാടുമായി അദാനിയുടെ വിവിധ പദ്ധതികൾക്കെതിരായി നടന്നുകൊണ്ടിരിക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ മുഴുവൻ കോർത്തിണക്കിയാൽ അത് രാജ്യത്തെ ഏറ്റവും വലിയ കോർപ്പറേറ്റ് വിരുദ്ധ പ്രക്ഷോഭങ്ങളായി പരിണമിക്കുന്നത് കാണാം. ‘ഒരു മോദി- അദാനി ചങ്ങാത്തക്കഥ’യുടെ ആറാം ഭാഗം.


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments