മുൺഡ്ര തുറമുഖ പദ്ധതിക്ക് 7350 ഏക്കർ ഭൂമി ഗൗതം അദാനിക്ക് നൽകിയത് തുച്ഛമായ വിലയ്ക്കായിരുന്നു. ഒരു ഏക്കർ ഭൂമിക്ക് 36,720 രൂപ. മൊത്തം ഭൂമിയുടെ വില 26,98,92,000 രൂപ. സർക്കാർ നൽകിയ ഭൂമി പൊതുബാങ്കിൽ ഈടുവെച്ച്, സർക്കാർ ഗ്യാരണ്ടിയോടെ കടം വാങ്ങി അഞ്ച് പൈസ സ്വന്തം മുതൽ മുടക്കില്ലാതെ ബിസിനസ് ആരംഭിക്കാൻ അദാനിക്ക് കഴിഞ്ഞു. അതോടൊപ്പം തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കൽക്കരി പവർ പ്ലാന്റും മുൺഡ്ര തുറമുഖത്തോട് ചേർന്ന് നിർമിക്കപ്പെട്ടു.
തുറമുഖ പദ്ധതിയോടുചേർന്ന് ഒരു സ്‌പെഷ്യൽ ഇക്കണോമിക് സോൺ കൂടി ആവിഷ്‌കരിച്ച് അതിനായി 45,000 ഏക്കർ ഭൂമി കൂടി സർക്കാർ അദാനിക്ക്കൈമാറി. 56ഓളം മത്സ്യത്തൊഴിലാളി ഗ്രാമങ്ങൾ ഇതിനായി കുടിയൊഴിപ്പിക്കപ്പെട്ടു. ജനങ്ങളുടെ എതിർപ്പ് തൃണവൽഗണിച്ചായിരുന്നു ഈ ഭൂമിക്കൊള്ള. പ്രത്യേക സാമ്പത്തിക മേഖലയ്ക്കായി തനിക്കുലഭിച്ച ഭൂമി അദാനി മറ്റ് കമ്പനികൾക്കായി മറിച്ചുനൽകിയത് ഏക്കറിന് 36,72,000 രൂപയ്ക്കാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു (Yardley & Bajaj, 2011). കേന്ദ്ര വനം- പരിസ്ഥിതി വകുപ്പിന്റേതടക്കമുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാതെയാണ് അദാനി തന്റെ സെസ് പദ്ധതിയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയതെന്ന് പിന്നീട് ഗുജറാത്ത് ഹൈക്കോടതി കണ്ടെത്തി.
അദാനിയുടെ ഭൂമിക്കൊള്ള ഗുജറാത്തിൽ മാത്രമായി ഒതുങ്ങിയില്ലെന്നും ഏതൊരു രാഷ്ട്രീയനേതൃത്വങ്ങളെയും പാട്ടിലാക്കാൻ തക്ക കരുത്തും സ്വാധീനവും അയാൾ സ്വായത്തമാക്കിയിരുന്നെന്നും തിരിച്ചറിയുന്നതിനായി കേരളത്തിലേക്ക് വരാം. വലത്- ഇടത് ഭരണത്തിൽ കേരളത്തിലെ വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി പൊതു- സ്വകാര്യ ഉടമസ്ഥതയെന്ന ഓമനപ്പേരിട്ട് പൊതുവിഭവങ്ങൾ എങ്ങനെയാണ് കോർപ്പറേറ്റുകൾ അടിച്ചെടുക്കുന്നത് എന്നതിനെക്കുറിച്ച് കുറച്ചുകൂടി കൃത്യമായ ധാരണ ലഭിക്കാൻ ഇത് സഹായിക്കും.
7525 കോടി നിർമാണച്ചെലവ് കണക്കാക്കി ആരംഭിച്ച വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ സംസ്ഥാന സർക്കാർ മുടക്കുമുതൽ 5071 കോടി രൂപയായിരുന്നു. പദ്ധതിക്ക് ഏറ്റെടുക്കുന്ന 500 ഏക്കർ ഭൂമി പൊതുബാങ്കുകളിൽ പണയപ്പെടുത്തി കടം സ്വരൂപിക്കാനുള്ള അവകാശം അദാനിക്ക് നൽകിക്കൊണ്ടായിരുന്നു കരാർ ഉറപ്പിച്ചത്. അതായത്, സംസ്ഥാന സർക്കാർ മുതൽമുടക്കിനുശേഷം വരുന്ന തുക, 2454 കോടി രൂപ കണ്ടെത്താൻ കയ്യിൽ കിട്ടിയ ഈ ഭൂമി പണയപ്പെടുത്തിയാൽ മാത്രം മതിയാകുമായിരുന്നു അദാനിക്ക്.
പദ്ധതിയിൽ നിന്നുള്ള ലാഭവിഹിതത്തിന്റെ മുക്കാൽപങ്കും അടുത്ത 40 കൊല്ലക്കാലത്തേക്ക് ലഭ്യമാക്കാനുള്ള നടപടികൾ കരാറിൽ നേരത്തെ തയ്യാറാക്കിവെച്ചിരുന്നു. പത്തുവർഷം കൊണ്ടുമാത്രം ഏതാണ്ട് 29,217 കോടി രൂപ വിഴിഞ്ഞം പദ്ധതി നടപ്പിലാകുന്നതോടെ അദാനിയുടെ കൈകളിലെത്തിപ്പെടുമെന്ന് സി.എ.ജി.യുടെ കണ്ടെത്തുകയുണ്ടായി.
പി പി പി (public- private participation) എന്ന ഓമനപ്പേരിലറിയപ്പെടുന്ന പദ്ധതികളിലെല്ലാം ആത്യന്തിക ഗുണഭോക്താവ് സ്വകാര്യ കമ്പനികൾ ആണെന്നും അവർക്ക് ഗുണകരമാകുന്ന രീതിയിൽ മാത്രമേ കരാറുകൾ തയ്യാറാക്കപ്പെടുകയുള്ളൂ എന്നും പകൽപോലെ വ്യക്തമാണ്. പൊതു- സ്വകാര്യ പങ്കാളിത്തത്തിലൂടെ പദ്ധതി ആവിഷ്‌കരിക്കപ്പെടുമ്പോൾ പൊതുമേഖലാ ബാങ്കുകൾ യാതൊരു ഈടും ആവശ്യപ്പെടാതെ സ്വകാര്യ കമ്പനികൾക്ക് കോടികൾ കടമായി അനുവദിക്കുമെന്ന വസ്തുത കോർപ്പറേറ്റുകൾക്ക് നന്നായറിയാം. ഇന്ത്യൻ പൊതുമേഖലാബാങ്കുകളിൽ നിന്ന് ഇത്തരത്തിൽ ലക്ഷക്കണക്കിന് കോടി രൂപയാണ് അദാനി ‘അടിച്ചുമാറ്റി’യിരിക്കുന്നത്. നോൺ പെർഫോമൻസ് അസെറ്റെന്ന രീതിയിൽ പൊതുമേഖലാ ബാങ്കുകളിൽ കുന്നുകൂടിക്കൊണ്ടിരിക്കുന്ന ഇത്തരം കിട്ടാക്കടങ്ങളുടെ ഭാരം ഇന്ത്യയിലെ സാധാരണക്കാരുടെ ചുമലിലേക്ക് സ്വാഭാവികമായും ചെന്നെത്തുന്നു.
ഗുജറാത്തിൽ നരേന്ദ്രമോദിയും കേരളത്തിലെ ഇടത്- വലത് സർക്കാരുകളും പാർട്ടിഭേദമില്ലാതെ എങ്ങനെ അദാനിയടക്കമുള്ള കോർപ്പറേറ്റുകളെ സഹായിച്ചുകൊണ്ടിരിക്കുന്നു എന്നത് സൂചിപ്പിക്കാനാണ് ഇപ്പോഴും പ്രതിസന്ധിയിൽ നിൽക്കുന്ന വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് സൂചിപ്പിച്ചത്.
വീണ്ടും ഗുജറാത്തിലേക്ക് പോകാം.
മോഷണം കലയാക്കിയ കോർപറേറ്റ്
സ്വകാര്യ മൂലധനമില്ലാതെ സാമ്പത്തിക വളർച്ചയും രാജ്യപുരോഗതിയും സാധ്യമല്ലെന്ന് നിരന്തരം പഠിപ്പിക്കുന്ന ഭരണകൂടങ്ങൾ പൊതുവിഭവങ്ങളും പൊതുഖജനാവും കോർപ്പറേറ്റുകൾക്ക് മുന്നിൽ തുറന്നുവെക്കുന്നതെങ്ങിനെയെന്നും അവർ സൃഷ്ടിക്കുന്ന കടങ്ങൾ പൊതുമേഖലാ ബാങ്കുകളുടെ നട്ടെല്ലൊടിക്കുന്നതെങ്ങിനെയെന്നും മനസ്സിലാക്കുന്നതിനുള്ള രണ്ട് ഉദാഹരണങ്ങൾ മാത്രമാണ് മുൺഡ്ര, വിഴിഞ്ഞം തുറമുഖ പദ്ധതികളെ ഉദ്ധരിച്ച് ചൂണ്ടിക്കാട്ടിയത്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ, സ്വാതന്ത്ര്യ ലബ്ധിക്കുശേഷം രാജ്യം കണ്ട ഏറ്റവും വലിയ വർഗീയകലാപത്തിനുശേഷവും, രാജ്യത്തിന്റെ പ്രധാനമന്ത്രിപദത്തിലേക്ക് എത്തിക്കുവാനാവശ്യമായ സാമ്പത്തിക സഹായം ചെയ്തുനൽകിയത് അദാനിയായിരുന്നുവെന്ന് കാണാം. 2004 മുതൽ 2012 വരെയുള്ള കാലയളവിൽ മാത്രം 7,21,000 ഡോളർ നരേന്ദ്രമോദിയുടെ പ്രചാരണപ്രവർത്തനങ്ങൾക്കായി ഗൗതം അദാനി സംഭാവന ചെയ്തുവെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിനെ ഉദ്ധരിച്ച് റോയിട്ടേസ് ബിസിനസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു (ഏപ്രിൽ11, 2014).
ഭാരതീയ ജനതാപാർട്ടിയുടെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സായി ഗൗതം അദാനി മാറിയെന്നതും സമീപകാല ചരിത്രമാണ്. രാഷ്ട്രീയ പാർട്ടികൾക്കുള്ള കോർപറേറ്റ് സംഭാവനകൾ സംബന്ധിച്ച് പൊതുജനങ്ങൾ അറിയാതിരിക്കുന്നതിനുള്ള നിയമനിർമാണങ്ങൾ കൊണ്ടുവന്നതും ഇലക്ടറൽ ബോണ്ടുകൾ ആരംഭിച്ചതും കേന്ദ്രഭരണത്തിൽ നരേന്ദ്രമോദി ഇരിപ്പുറപ്പിച്ചതിന് ശേഷമാണെന്ന കാര്യവും ഇവിടെ ഓർമ്മിക്കുക.
പൊതുഉടമസ്ഥതയിലുള്ള ഭൂമിയും മറ്റ് പശ്ചാത്തല സൗകര്യങ്ങളും ചുളുവിലയ്ക്ക് കൈവശപ്പെടുത്തുക എന്നതിൽ മാത്രമായി ഗൗതം അദാനി തന്റെ ഇടപെടൽ ചുരുക്കിയിരുന്നില്ല. ഇന്ത്യയിലെ പരമ്പരാഗത ബിസിനസ് സാമ്രാജ്യങ്ങൾ നിലനിർത്തിയിരുന്ന സാമാന്യ നൈതികത പോലും പാലിക്കാതെ നേരിട്ടുള്ള മോഷണത്തിലേക്കുപോലും കടക്കാൻ ഈ പുത്തൻകൂറ്റ് കോർപറേറ്റിന് മടിയുണ്ടായിരുന്നില്ല. സന്ദേഹമുള്ളവർക്ക് "ബെലക്കേരി പോർട്ട് സ്‌കാം' സംബന്ധിച്ച വിശദാംശങ്ങൾ അന്വേഷിച്ചാൽ ലഭിക്കും.
നരേന്ദ്രമോദിയുമായുള്ള കൂട്ടുകെട്ട് ഉപയോഗിച്ച് ബി.ജെ.പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലേക്കും വളരെ എളുപ്പം കടന്നുകയറാൻ അദാനിക്ക് സാധിച്ചു. കർണ്ണാടകയിലെ അകോളയിലെ ബെലകേരി പോർട്ട് വഴി ദശലക്ഷക്കണക്കിന് ടൺ ഇരുമ്പയിര് ചൈനയിലേക്ക് കടത്തുന്നതായി ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ അത് റിപ്പോർട്ട് ചെയ്യുകയുണ്ടായി. രണ്ട് ബില്യൺ ഡോളറിന്റെ ഇരുമ്പയിര് ഇത്തരത്തിൽ അനധികൃതമായി കയറ്റുമതി ചെയ്യപ്പെട്ടതായി കണക്കാക്കപ്പെടുന്നു. പെർമിറ്റില്ലാതെ ഇരുമ്പയിര് കടത്തിയവരിൽ അദാനിയുടെ കമ്പനിയുമുണ്ടെന്ന് അക്കാലത്തെ ലോകായുക്ത ചെയർമാനായിരുന്ന ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡേ തന്റെ റിപ്പോർട്ടിൽ എഴുതി.
""അനധികൃത കയറ്റുമതിക്കായി അദാനി എന്റർപ്രൈസസ് കൈക്കൂലി നൽകിയിട്ടുണ്ട്. ബെലേക്കേരി തുറമുഖത്തിന് അനുവദിച്ച പാട്ടം റദ്ദാക്കാൻ കമ്പനിക്കെതിരെ നടപടിയെടുക്കണം. കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തുകയും ഗവൺമെന്റിന്റെ ഭാവി കരാറുകൾ, ഗ്രാന്റുകൾ അല്ലെങ്കിൽ പാട്ടം മുതലായവയിൽ പങ്കെടുക്കുന്നതിൽ നിന്ന് തടയുകയും വേണം.'' (Karnataka Lokayukya, 2011- ലോകായുക്ത റിപ്പോർട്ട് പബ്ലിക് ഡൊമൈനിൽ ലഭ്യമാണ്).
അദാനിക്കെതിരായി ഇത്രയും കർശനമായ അഭിപ്രായം രേഖപ്പെടുത്തുകയും നടപടികൾ നിർദ്ദേശിക്കുകയും ചെയ്ത ലോകായുക്തയുടെ അവസ്ഥ പിന്നീടെന്തായിയെന്ന് നമുക്കെല്ലാവർക്കുമറിയാം. ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡേയുടെ റിപ്പോർട്ടിൽ ഒരു നടപടിയും ഉണ്ടായില്ലെന്നുമാത്രമല്ല. തൊട്ടടുത്ത വർഷം (2011) രാജസ്ഥാൻ സർക്കാരുമായുള്ള ഒരു സംയുക്ത സംരംഭത്തിൽ പങ്കാളിയാകാൻ ഗൗതം അദാനിയുടെ കീഴിലുള്ള അദാനി പവറിന് അവസരം ലഭിക്കുകയും ചെയ്തു. അന്ന് രാജസ്ഥാൻ ഭരിച്ചിരുന്ന കോൺഗ്രസ് ഗവൺമെൻറ് (മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്) പദ്ധതിയുടെ 74% ഓഹരിയും അദാനിക്ക് നൽകിയാണ് തങ്ങളുടെ കൂറ് പ്രദർശിപ്പിച്ചത്.
രാജസ്ഥാനിലെ ബറാൻ ജില്ലയിലെ കവായ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന 1320 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള കൽക്കരി നിലയത്തിന് വേണ്ടിയുള്ള ഇന്ധനം ലഭ്യമാക്കാൻ ഛത്തീസ്ഗഢിലെ ഹാസ്‌ദോ അരിന്ദയിലെ പതിനായിരക്കണക്കിന് ഏക്കർ വനഭൂമി അദാനിക്ക് കൈമാറാൻ അക്കാലത്ത് ഛത്തീസ്ഗഢ് ഭരിച്ചിരുന്ന രമൺസിംഗിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ബി.ജെ.പി. സർക്കാരിനും ബുദ്ധിമുട്ടൊന്നുമുണ്ടായിരുന്നില്ല. (ഛത്തീസ്ഗഢിലെ ഹാസ്ദിയോ, ഗുജറാത്തിലെ മുണ്ഡ്ര, ഝാർഘണ്ഡിലെ ഗോണ്ടൽപാര എന്നിവിടങ്ങളിലൊക്കെ അദാനിക്കെതിരായി തദ്ദേശവാസികൾ നടത്തുന്ന ചെറുത്തുനിൽപ്പുകളെക്കുറിച്ച് പിന്നീട് വിശദീകരിക്കാം.)
(തുടരും)