ഒരു മോദി- അദാനി ചങ്ങാത്തക്കഥ

1980കളുടെ മധ്യം വരെ മുംബൈയിൽ വജ്രം തരംതിരിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന, പിന്നീട് മൂത്ത സഹോദരന്റെ പ്ലാസ്റ്റിക് ബിസിനസിൽ സഹായിയായി ആരംഭിച്ച് ഏറ്റവുമൊടുവിൽ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ രണ്ടാമനായി വാഴ്ത്തപ്പെടുന്ന ഗൗതം അദാനി എന്ന, രണ്ട് പതിറ്റാണ്ട് മുമ്പുവരെ ഇന്ത്യയിലെവിടെയും അറിയപ്പെടാതിരുന്ന വ്യക്തിയുടെ കഥ, കാവിവൽക്കരണവും വർഗ്ഗീയ വിഭജനവും അതിരുകളില്ലാത്ത ചങ്ങാത്ത മുതലാളിത്തവും ശക്തിപ്പെട്ട കാലത്തിന്റെ കഥ കൂടിയാണ്​

2003 ഫെബ്രുവരി 6.
ഗുജറാത്ത് കലാപത്തിന് ഒരു വർഷം പൂർത്തിയാകുന്നതിന് മൂന്നാഴ്ച ബാക്കിയുള്ളപ്പോൾ ഡൽഹിയിലെ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെ കോൺഫറൻസ് ഹാളിൽ (CII) ഇന്ത്യയിലെ വ്യവസായ പ്രമുഖർ ഒത്തുചേർന്നിരിക്കുകയാണ്. അക്കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി വ്യവസായികളെ അഭിസംബോധന ചെയ്യുന്നതിനുമുന്നെ "Gujarat: The Sunshine State' എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കപ്പെട്ടു. ഗുജറാത്ത് ഒരു വ്യവസായ സൗഹൃദ സംസ്ഥാനമായി മാറ്റുന്നതിന് മോദിയുടെ മുൻകൈയ്യിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെ എടുത്തുപറഞ്ഞുകൊണ്ടാണ് ഡോക്യുമെന്ററി അവസാനിച്ചത്.

തന്റെ സ്വതസിദ്ധമായ വാക്ചാതുര്യത്തിലൂടെ, ഗുജറാത്തിൽ പണം നിക്ഷേപിക്കാൻ വ്യവസായ പ്രമുഖരെ ക്ഷണിച്ച്​, മോദി കത്തിക്കയറി. എന്നാൽ രാഹുൽ ബജാജ്, ഗോദ്‌റെജ് എന്നിവരുടെ നേതൃത്വത്തിലുള്ള വ്യവസായികളുടെ കല്ലിച്ച മുഖത്തെയായിരുന്നു മോദിക്ക് നേരിടേണ്ടി വന്നതെന്ന് ഇതുസംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ച ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള പത്രങ്ങൾ അന്ന് റിപ്പോർട്ട് ചെയ്തു. ഗുജറാത്തിൽ നടന്ന രീതിയിലുള്ള വർഗ്ഗീയ കലാപങ്ങൾ എന്തുതരം വ്യവസായ സൗഹൃദാന്തരീക്ഷമാണ് സൃഷ്ടിക്കുകയെന്ന് വ്യവസായികൾ ആവർത്തിച്ചുചോദിച്ചു. മോദിയുടെ ഉത്തരം അവരെ തൃപ്തരാക്കിയില്ലെന്നത് വസ്തുത. വളരെ കുപിതനായാണ് നരേന്ദ്രമോദി ഡൽഹി വിട്ടതെന്നും തൊട്ടടുത്ത ദിവസങ്ങളിലെ പത്രവാർത്തകൾ സൂചിപ്പിക്കുന്നു.

മോദിയുടെ സി.ഐ.ഐ അഭിസംബോധന പ്രസംഗത്തിനുശേഷം ഗൗതം അദാനിയുടെയും നിർമ്മ ചെയർമാൻ കർസൻ ഭായ് പട്ടേലിന്റെയും നേതൃത്വത്തിൽ ഗുജറാത്തി വ്യവസായികളുടെ നേതൃത്വത്തിൽ, " Resurgent Group of Gujarat' എന്ന പേരിൽ ഒരു ഇൻസ്റ്റൻറ്​ ഗ്രൂപ്പ് ഉടലെടുക്കുകയും മോദിക്കേറ്റ അപമാനത്തിന് ക്ഷമാപണം നടത്തിയില്ലെങ്കിൽ തങ്ങൾ സി.ഐ.ഐ വിട്ടുപോകുമെന്ന് ഭീഷണി ഉയർത്തുകയും ചെയ്തു. ഗുജറാത്ത് വ്യവസായികളുടെ ശക്തി തിരിച്ചറിഞ്ഞ അക്കാലത്തെ സി.ഐ.ഐ ഡയറക്ടർ ജനറൽ തപൻ ദാസ് 2003 മാർച്ച് 6ന് ഗാന്ധിനഗറിലേക്ക് പറക്കുകയും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയ്ക്കുണ്ടായ അനുഭവത്തിന് ക്ഷമചോദിക്കുകയും ചെയ്തു (TNN, March 7, 2003). സി.ഐ.ഐ.യുടെ ഡൽഹി കോൺഫറൻസിൽ നരേന്ദ്ര മോദിയോട് കടുത്ത സ്വരത്തിൽ സംസാരിച്ച വ്യവസായികളിൽ പലരും ഇന്ന് ഇന്ത്യയുടെ വ്യവസായ ഭൂപടത്തിൽ എവിടെയെന്ന് കണ്ടുപിടിക്കാൻ സൂക്ഷ്മപരിശോധന നടത്തേണ്ടിവരും.

ഗൗതം അദാനിക്കൊപ്പം നരേന്ദ്രമോദി

എന്നാൽ ഈയൊരു സംഭവം മറ്റൊരു വ്യവസായ സാമ്രാജ്യത്തിന്റെ യുഗത്തിന് തുടക്കം കുറിച്ചുവെന്നതാണ് യാഥാർത്ഥ്യം. 1980കളുടെ മധ്യം വരെ മുംബൈയിൽ വജ്രം തരംതിരിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന, പിന്നീട് മൂത്ത സഹോദരന്റെ പ്ലാസ്റ്റിക് ബിസിനസിൽ സഹായിയായി ആരംഭിച്ച് ഏറ്റവുമൊടുവിൽ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ രണ്ടാമനായി വാഴ്ത്തപ്പെടുന്ന ഗൗതം അദാനി എന്ന, രണ്ട് പതിറ്റാണ്ട് മുമ്പുവരെ ഇന്ത്യയിലെവിടെയും അറിയപ്പെടാതിരുന്ന വ്യക്തിയുടെ കഥ കൂടിയാണത്. രാജ്യത്തി- കാവിവൽക്കരണവും വർഗ്ഗീയ വിഭജനവും അതിരുകളില്ലാത്ത ചങ്ങാത്ത മുതലാളിത്തവും ശക്തിപ്പെട്ട കാലം കൂടിയായിരുന്നു ഇത്.

ആപ്‌കോവേൾഡ്‌വൈഡ് - അദാനി - ഗുജറാത്ത് മോഡൽ

ഗുജറാത്ത് കലാപം ദേശീയ- അന്തർദ്ദേശീയ തലങ്ങളിൽ മോദിയുടെ ഇമേജിന് പരിക്കേൽപ്പിക്കുമെന്ന് ഉറപ്പായ സന്ദർഭങ്ങളിലൊന്നായിരുന്നു അത്. യൂറോപ്യൻ രാജ്യങ്ങൾ മോദിക്ക് വിസവിലക്കേർപ്പെടുത്തുകയും "രാജധർമം' പാലിച്ചില്ലെന്ന് അടൽ ബിഹാരി വാജ്‌പേയ് തന്നെ കുറ്റപ്പെടുത്തുകയും, ഇന്ത്യയിലെ പരമ്പരാഗത വ്യവസായ ലോബികൾ മോദിനേതൃത്വത്തോട് അകലം പാലിക്കുകയും ചെയ്തുവന്ന ഘട്ടത്തിൽ തന്റെ അവസരം സമാഗതമായെന്ന് തിരിച്ചറിഞ്ഞ വ്യക്തിയായിരുന്നു ഗൗതം അദാനി. ചങ്ങാത്ത മുതലാളിത്തം ഇന്ത്യൻ രാഷ്ട്രീയത്തിന് പുത്തരിയായിരുന്നില്ലെങ്കിലും വർഗീയ വിഭജനത്തിന്റെ രക്തക്കറകളിൽ നിന്ന് പോഷണം കണ്ടെത്തിയ ഇന്ത്യയിലെ ആദ്യത്തെ കോർപ്പറേറ്റ് എന്ന വിശേഷണം ഒരുപക്ഷേ അദാനിക്ക് മാത്രമായിരിക്കും.

90 കളുടെ ആദ്യത്തിൽ സഹോദരന്റെ പ്ലാസ്റ്റിക് ബിസിനസ് ഗുജറാത്തിലേക്ക് കൂടി വ്യാപിപ്പിച്ച്​ സ്വന്തം ബിസിനസ് സംരംഭത്തിന് തുടക്കം കുറിച്ച, കോളേജ് ഡ്രോപ്ഔട്ട് ആയ, ഇംഗ്ലീഷ് ഭാഷ വശമില്ലാതിരുന്ന (Megha Bahree, Forbes) ഗൗതം അദാനിക്ക്, പക്ഷേ രാഷ്ട്രീയനേതൃത്വങ്ങളുമായുള്ള (പ്രത്യേകിച്ചും സംഘപരിവാർ) കൂട്ടുകെട്ട്​ അനായാസമായിരുന്നു. കേശുഭായ് പട്ടേൽ മുതൽ ശങ്കർസിംഗ് വഗേല വരെയുള്ളവരെ ആവശ്യത്തിനൊത്ത് കൂട്ടുപിടിച്ചും കയ്യൊഴിഞ്ഞും തന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ അദാനിക്ക് മടിയൊന്നുമുണ്ടായിരുന്നില്ല.

ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലിരുന്ന 2001 മുതൽ 2014 വരെയുള്ള കാലയളവ് അദാനിയുടെ ബിസിനസ് വളർച്ചയുടെ കാലം കൂടിയായിരുന്നു. അദാനിയുടെ വിപണി മൂലധനം 73ദശലക്ഷം ഡോളറിൽ (2002) നിന്ന് 7.8 ബില്യൺ ഡോളറിലേക്ക് (2014) കുതിച്ചുയർന്നു. അദാനി ബിസിനസിലെ ഏറ്റവും ശക്തമായ വളർച്ചയുടെ കാലം മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി വന്ന ആദ്യത്തെ എട്ട് മാസക്കാലയളവായിരുന്നുവെന്നും ഈ കാലയളവിൽ അദാനി സമ്പാദ്യത്തിന്റെ മൊത്തം മൂല്യം മൂന്ന് മടങ്ങായി വർദ്ധിച്ചുവെന്നും ലൈവ്മിൻറ്​ റിപ്പോർട്ട് ചെയ്യുന്നു (Live mint, March,2, 2018).

ആപ്‌കോ വേൾഡ്‌വൈഡ് എന്ന പിആർ കമ്പനിയെ ഉപയോഗപ്പെടുത്തി നരേന്ദ്ര മോദി നടത്തിയ "വൈബ്രൻറ്​ ഗുജറാത്ത്' , "ഗുജറാത്ത് മോഡൽ' പ്രചരണ പ്രവർത്തനങ്ങളുടെ യഥാർത്ഥ ഗുണഭോക്താവ് അദാനിയായിരുന്നുവെന്ന് പിന്നീട് കാണാം. (APCO WORLDWIDE എന്ന അന്താരാഷ്ട്ര പി.ആർ. ഏജൻസിയെയും അവയുടെ തീവ്ര വലതുപക്ഷ ബന്ധങ്ങളെയും ഗുജറാത്തിലെ ഇടപെടലിനെയും കുറിച്ച് ഏതാണ്ട് ഒരു പതിറ്റാണ്ട് കാലം മുന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഞാൻ എഴുതിയിരുന്നുവെന്നത് സാന്ദർഭികമായി സൂചിപ്പിക്കുന്നു).

മോദി മുന്നോട്ടുവെച്ച "ഗുജറാത്ത് മോഡൽ' പ്രധാനമായും പൊതുവിഭവങ്ങൾ തുച്ഛമായ വിലയ്ക്ക് കോർപ്പറേറ്റുകൾക്ക് വിറ്റൊഴിക്കുക, സംസ്ഥാനത്തിന്റെ പാരിസ്ഥിതിക നിയമങ്ങൾ വ്യവസായികൾക്കുവേണ്ടി അട്ടിമറിക്കുക എന്നിവയായിരുന്നു. മേച്ചിൽപ്പുറങ്ങൾപോലുള്ള പൊതുഭൂമി സ്വകാര്യ ഉടമസ്ഥതയിലേക്ക് മാറ്റുന്നതിനുള്ള നിയമ നിർമാണം നടത്തിയതും മോദിയുടെ ഗുജറാത്ത് മോഡലിലായിരുന്നു. ഈയൊരു ഭൂമിക്കൊള്ളയുടെ നേട്ടം ഏറ്റവും കൂടുതൽ ലഭിച്ചത് അദാനി ഗ്രൂപ്പിനായിരുന്നു. ഗുജറാത്തിലെ മുണ്ഡ്രയിൽ 7350 ഏക്കർ ഭൂമി അദാനിക്കായി പതിച്ചുനൽകപ്പെട്ടു. പ്രത്യേക സാമ്പത്തിക മേഖയ്ക്കായി 56 മത്സ്യത്തൊഴിലാളി ഗ്രാമങ്ങൾ കുടിയൊഴിപ്പിച്ച്​ 45,000 ഏക്കർ ഭൂമിയും അദാനിക്കായി സമ്മാനിക്കപ്പെട്ടു.

ഡൽഹിയിലെ സി.ഐ.ഐ കോൺഫറൻസിൽ തന്റെ കൂടെ നിന്ന ഗൗതം അദാനിയെന്ന ആപത്ബാന്ധവനെ പിന്നീടൊരിക്കലും നരേന്ദ്രമോദി കയ്യൊഴിയുകയുണ്ടായില്ല.

തുടരും


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments