ഗുജറാത്തിൽ ഐ. എ. എസ് എന്നാൽ ‘ഇന്ത്യൻ അദാനി സർവ്വീസ്’

ഇന്ത്യയിലും വിദേശങ്ങളിലും തദ്ദേശീയ ഗോത്രജനതയുടെ നിരന്തര എതിർപ്പുകളെ അവഗണിച്ചാണ് അദാനി ‘കൽക്കരി ഭീമൻ' പദവിയിലേക്ക് നടന്നെത്തുന്നത്. ‘ഒരു മോദി- അദാനി ചങ്ങാത്തക്കഥ’യുടെ മൂന്നാം ഭാഗം.

ൽക്കരി ഖനനവുമായി ബന്ധപ്പെട്ട് ലോകത്തിലെ തന്നെ ഒന്നാമത്തെ ശക്തിയായി അദാനി ഗ്രൂപ്പ് മാറുന്നതിൽ തദ്ദേശജനവിഭാഗങ്ങളുടെ കൂട്ടപ്പലായനത്തിന്റെയും പരിസ്ഥിതി നാശത്തിന്റെയും വലിയ കഥകൾ ഒളിഞ്ഞിരിക്കുന്നുണ്ട്. ഇന്ത്യയിലും വിദേശങ്ങളിലും തദ്ദേശീയ ഗോത്രജനതയുടെ നിരന്തര എതിർപ്പുകളെ അവഗണിച്ചാണ് അദാനി ‘കൽക്കരി ഭീമൻ' പദവിയിലേക്ക് നടന്നെത്തുന്നത്.

ഇന്തോനേഷ്യയിലെ അദാനി

അദാനി എന്റർപ്രൈസസിന്റെ ആദ്യ വിദേശപദ്ധതിയായ ഇന്തോനേഷ്യയിലെ ബുന്യു ഐലന്റിലെ കൽക്കരി ഖനന പദ്ധതി ആരംഭിച്ചതുതന്നെ വിവിധ തദ്ദേശ ഗോത്രവിഭാഗങ്ങളെ ആവാസസ്ഥലങ്ങളിൽ നിന്ന് ആട്ടിയോടിച്ചായിരുന്നു. വലിയ തോതിൽ വനനശീകരണത്തിന്റെയും ജലമലിനീകരണത്തിന്റെയും അകമ്പടിയോടെയായിരുന്നു ഇന്തോനേഷ്യയിൽ നിന്ന്​ നിലവാരം കുറഞ്ഞ കൽക്കരി ഇന്ത്യയിലേക്ക് അദാനി ഇറക്കുമതി ചെയ്തുകൊണ്ടിരുന്നത്. ഇന്തോനേഷ്യയിലെ അദാനിയുടെ കൽക്കരി ഖനനപദ്ധതി പരിസ്ഥിതി നാശവുമായി ബന്ധപ്പെട്ട് ആഗോളതലത്തിൽ തന്നെ വലിയ ചർച്ചക്ക് തിരികൊളുത്തുകയുണ്ടായി. ഇന്തോനേഷ്യയിൽ നിന്ന്​ പുറപ്പെട്ട അദാനിയുടെ കൽക്കരി കാർഗോ മുംബൈ തീരത്തോടുചേർന്ന് മുങ്ങിയത് 2011 ആഗസ്​റ്റിലായിരുന്നു. 60,000 ടൺ കൽക്കരി അടങ്ങുന്ന ആ കാർഗോ വലിയ തോതിലുള്ള മലിനീകരണം ഇപ്പോഴും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. നാഷണൽ ഗ്രീൻ ട്രിബ്യൂണലിന്റെ നിർദ്ദേശത്തെപ്പോലും അവഗണിച്ചാണ് അദാനി തന്റെ നിരുത്തരവാദ സമീപനം തുടരുന്നത്.

ഹരിതോർജ്ജ ഉത്പാദനത്തിന്റെ പേരിൽ ഇന്ന് ഊറ്റംകൊള്ളുന്ന അദാനി എന്റർപ്രൈസസ് കൽക്കരി ഖനനത്തിന്റെയും ഇറക്കുമതിയുടെയും പേരിൽ ആഗോളതലത്തിൽ തന്നെ പേരുമോശം വന്ന കമ്പനിയാണെന്ന് അറിയുക. മോദിയുടെ ഇമേജ് സംരക്ഷിക്കാൻ ആപ്‌കോ വേൾഡ്‌വൈഡിനെ ഇറക്കിക്കളിച്ച അദാനിക്ക് ആഗോളതലത്തിൽ തങ്ങളുടെ മുഖം രക്ഷിക്കാൻ വോൾഫ് ഒലിൻസ് (Wolff Olins) എന്ന പ്രചാരണ ഏജൻസിയെ കൂലിക്ക് വെക്കേണ്ടിവന്നുവെന്നത് മറ്റൊരു ചരിത്രം. അദാനി എന്റർപ്രൈസസിനെ ആഗോള മാർക്കറ്റിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിനുള്ള ബ്രാൻഡിംഗ് പ്രവർത്തനങ്ങളായിരുന്നു വോൾഫ് ഒലിൻസ് നടത്താനുണ്ടായിരുന്നത്. 2012 മുതൽ പുതിയ ലോഗോയിൽ പഴയ കള്ളത്തരങ്ങളുമായി അദാനി പുറത്തുവന്നു.

‘വികാസ്​ പുരുഷ്​’ ബ്രാൻറിംഗിനുപുറകിൽ

ദേശീയരാഷ്ട്രീയത്തിലേക്ക് മോദിയെ എത്തിക്കുവാനുള്ള പ്രവർത്തനങ്ങൾക്ക് നിരന്തരം സാമ്പത്തിക സഹായം ചെയ്തുകൊണ്ടിരുന്നപ്പോൾ തന്നെ ഗുജറാത്തിലെ തന്റെ ബിസിനസ് താൽപര്യങ്ങൾ വിശാലമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും അദാനി സജീവമായി നടത്തിപ്പോന്നു. 2013ൽ സൂറത്ത് ജില്ലയിലെ ഹാസിരയിൽ ഏക്കറുകണക്കിന് കണ്ടൽക്കാടുകൾ നശിപ്പിച്ച്​, 100കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ വഴിയാധാരമാക്കി, ഹാസിര തുറമുഖ പദ്ധതിക്ക് തുടക്കം കുറിച്ചു. യാതൊരു പാരിസ്ഥിതിക ക്ലിയറൻസും ലഭ്യമാക്കാതെയാണ് പദ്ധതി നടപ്പിലാക്കിയതെന്ന് നാഷണൽ ഗ്രീൻ ട്രിബ്യൂണൽ കണ്ടെത്തിയിട്ടും അദാനി ഗ്രൂപ്പിനെ പദ്ധതിയിൽ നിന്ന് മാറ്റി നിർത്താനോ, പരിസ്ഥിതി പുനഃസ്ഥാപനത്തിനുള്ള നടപടികൾ സ്വീകരിക്കാനോ ഗുജറാത്തിലെ മോദി സർക്കാർ തയ്യാറായില്ല.

പിന്നീട്, 2016ൽ കേവലം 25കോടി രൂപ പിഴ അടച്ച്​ പദ്ധതിയുമായി മുന്നോട്ടുപോകാൻ അദാനിയെ അനുവദിക്കുകയാണ് ചെയ്തത് (National Green Tribunal, 2016). ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന്​ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി മാറുന്നതിന് മുന്നെ 2001 മുതൽ 2014 വരെയുള്ള കാലയളവിൽ വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക്, പ്രത്യേകിച്ചും ഗൗതം അദാനിയുടെ കമ്പനികൾക്കുവേണ്ടി നടത്തിയ വഴിവിട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കംപ്‌ട്രോളർ ആൻറ്​ ഓഡിറ്റർ ജനറലിന്റെ അന്വേഷണങ്ങൾ കണ്ടെത്തുകയുണ്ടായി. ഏറ്റവും കുറഞ്ഞത് 5 റിപ്പോർട്ടുകളെങ്കിലും ഇത്തരം ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി സി.എ.ജി പുറത്തിറക്കുകയുണ്ടായി എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. (Times of India, July 26, 2014).

ഹാസിര തുറമുഖം

"ഗുജറാത്ത് മോഡൽ', "വികാസ് പുരുഷ്' തുടങ്ങിയ ബ്രാൻഡിംഗുകളോടെ ദേശീയരാഷ്ട്രീയത്തിലേക്ക് നരേന്ദ്രമോദിയെ ആനയിക്കുവാനുള്ള അണിയറ പ്രവർത്തനങ്ങൾക്ക് അദാനിയുടെ നേതൃത്വത്തിലുള്ള "റിസർജെൻറ്​ ഗ്രൂപ്പ് ഓഫ് ഗുജറാത്ത്' നീക്കങ്ങൾ നടത്തിക്കൊണ്ടിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പത്രപ്രവർത്തകർക്കായി ഗുജറാത്തിലെ നഗരങ്ങളിലേക്ക് കണ്ടക്ടഡ് ടൂറുകൾ സംഘടിപ്പിക്കപ്പെട്ടു. സൂറത്ത്, ബറൂച്ച്, ബറോഡ, അഹമ്മദാബാദ്, ഗാന്ധിനഗർ തുടങ്ങിയ നഗരങ്ങളിൽ നിന്ന് ഒരൽപം പോലും വഴിവിട്ട് സഞ്ചരിക്കാൻ ഒരു പത്രപ്രവർത്തകനും ധൈര്യം കാണിച്ചില്ല.
ഇന്ന് ബി.ജെ.പിയുടെ ദേശീയ ഉപാധ്യക്ഷനായി മാറിക്കഴിഞ്ഞ അബ്ദുള്ളക്കുട്ടിയടക്കം ആവേശംപൂണ്ട, കൊട്ടിഘോഷിക്കപ്പെട്ട "ഗുജറാത്ത് മോഡലിന്റെ' മറുവശമെന്താണെന്ന് നമുക്ക് നോക്കാം.

ഗുജറാത്ത്​ മോഡൽ എന്ന കെട്ടുകഥ

മോദി മോഡൽ വികസന പ്രചാരകന്മാരുടെ ശബ്ദകോലാഹലത്തിൽ പല യാഥാർത്ഥ്യങ്ങളും മറച്ചുവെക്കപ്പെടുന്നുണ്ട്. ഗുജറാത്തിന്റെ സാമ്പത്തിക വളർച്ചയെക്കുറിച്ച് സംസാരിക്കുമ്പോൾ ഇതേരീതിയിൽ സാമ്പത്തിക വളർച്ച നേടിക്കൊണ്ടിരിക്കുന്ന ആന്ധ്രപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്‌നാട്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളെക്കുറിച്ച് മൗനം പാലിക്കുകയാണ് അവർ ചെയ്യുന്നത്. "90കളുടെ പാതി തൊട്ട് നരേന്ദ്രമോദി ഭരിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവുവരെ സാമ്പത്തിക വളർച്ചാനിരക്കിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തല്ല ഗുജറാത്ത് എന്ന കാര്യം നാം ഓർത്തിരിക്കേണ്ടതുണ്ട്. 1990-2000 വർഷങ്ങളിൽ അത് രണ്ടാം സ്ഥാനത്തായിരുന്നുവെങ്കിൽ 2000-2010 കാലയളവിൽ ഉത്തരാഖണ്ഡിനും (11%), ഹരിയാന(8.95%) ശേഷം മൂന്നാമതായാണ് ഗുജറാത്തിന്റെ സ്ഥാനം. ഇവിടെ സവിശേഷമായി സൂചിപ്പിക്കേണ്ട വസ്തുത, ഇതേ കാലയളവിൽ ഇന്ത്യയിലെ ഏറ്റവും പിന്നാക്കാവസ്ഥയിൽ നിൽക്കുന്ന രണ്ട് സംസ്ഥാനങ്ങളായ ബീഹാർ, ഒഡിഷ എന്നിവ പോലും സാമ്പത്തിക വളർച്ചാനിരക്കിന്റെ കാര്യത്തിൽ 4.70%, 4.42% എന്ന നിലയിൽ നിന്ന് യഥാക്രമം 8.02%, 8.13% എന്നതിലേക്ക് ഉയരുകയുണ്ടായി. സിക്കിം (11.01%), അരുണാചൽപ്രദേശ് (8.96%) തുടങ്ങിയ കൊച്ചുസംസ്ഥാനങ്ങൾ പോലും ഉയർന്ന സാമ്പത്തിക വളർച്ച രേഖപ്പെടുത്തി.

ബുന്യു അയലന്റിലെ കൽക്കരി ഖനന പദ്ധതി

2005-2009ൽ ഒഡിഷ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ വ്യാവസായിക വളർച്ചാ നിരക്ക് 17.5%, 13.3% എന്നിങ്ങനെയായിരുന്നു. അതേസമയം ഗുജറാത്തിന്റേത് 12.6%വും. ആളോഹരി വാർഷിക വരുമാനത്തിന്റെ കാര്യത്തിലും ഈ അന്തരം കാണാം. വൻതോതിൽ സാമ്പത്തിക മുന്നേറ്റം സാധിച്ച സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ ആളോഹരി വാർഷിക വരുമാനത്തിന്റെ കാര്യത്തിൽ ആറാം സ്ഥാനം (63,996 രൂപ) മാത്രമേയുള്ളൂ ഗുജറാത്തിന്. ഹരിയാന (92,327 രൂപ), മഹാരാഷ്ട്ര (83,471 രൂപ), പഞ്ചാബ് (67,473 രൂപ), തമിഴ്‌നാട് (72,993 രൂപ), ഉത്തരാഖണ്ഡ് (68292 രൂപ) എന്നിങ്ങനെയാണ് സ്ഥിതിവിവരക്കണക്കുകൾ (2011).

വ്യാവസായിക വളർച്ചയ്ക്ക് ആവശ്യമായ ഊർജ്ജോത്പാദനം പോലുള്ള അടിസ്ഥാനസൗകര്യങ്ങൾക്കായി 35ശതമാനത്തിലധികം ചെലവഴിക്കപ്പെട്ടതും 1995-2000 വർഷങ്ങളിലായിരുന്നു. ഫോറിൻ ഡയറക്ട് ഇൻവെസ്റ്റ്‌മെൻറ്​ സംബന്ധിച്ചും ഗുജറാത്തിന്റെ സ്ഥാനം പിന്നിലാണെന്നാണ് കണക്കുകൾ തെളിയിക്കുന്നത്. 2006-2010 ൽ 5.35 ലക്ഷം കോടി രൂപയ്ക്കുള്ള കരാറുകൾ ഗുജറാത്ത് ഒപ്പുവെച്ചു. 6.47ലക്ഷം തൊഴിലുകളാണ് ഇതുവഴി അവർ ലക്ഷ്യമിട്ടിരുന്നത്. അതേസമയം മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾ 4.20ലക്ഷം കോടി, 1.63 ലക്ഷംകോടി എന്നിവയ്ക്കുള്ള കരാറുകൾ ഒപ്പുവെക്കുകയും 8.63ലക്ഷം 13.09ലക്ഷം എന്നീ നിരക്കിൽ തൊഴിലവസരങ്ങൾ ലക്ഷ്യമിടുകയും ചെയ്തിരുന്നു. നരേന്ദ്രമോദി ചെയ്യുന്ന രീതിയിൽ പ്രചാരണകോലാഹലങ്ങൾ ഒന്നും നടത്താതെ തന്നെ ഇതേകാലയളവിൽ 3.61 ലക്ഷം കോടി, 2.99 ലക്ഷം കോടി എന്നിവയ്ക്കുള്ള കരാറുകൾ ഛത്തീസ്ഗഡ്, ഒഡിഷ സംസ്ഥാനങ്ങൾ നേടിയെടുത്തിരുന്നു.

മോദി സർക്കാർ ഏറെ അഭിമാനത്തോടെ പ്രചരിപ്പിച്ചിരുന്ന നിക്ഷേപ സൗഹൃദ പരിപാടിയായിരുന്നു "വൈബ്രൻറ്​ ഗുജറാത്ത്'. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 100ലധികം രാജ്യങ്ങളിൽ നിന്നുള്ള വ്യാവസായികളും രാഷ്ട്രത്തലവന്മാരും പങ്കെടുത്ത ഈ നിക്ഷേപ മാമാങ്കം ഗുജറാത്ത് സർക്കാരിന് വേണ്ടി നടത്തിക്കൊടുത്തത് ആപ്‌കോ വേൾഡ് വൈഡ് എന്ന പേരിലുള്ള പബ്ലിക് റിലേഷൻസ് കമ്പനിയാണ്. 2011ൽ നടന്ന വൈബ്രൻറ്​ ഗുജറാത്തിൽ വാഗ്ദാനം ചെയ്യപ്പെട്ട, മോദി സ്വയം അവകാശപ്പെട്ട, വ്യാവസായിക നിക്ഷേപം 20ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ യഥാർത്ഥത്തിൽ നിക്ഷേപമായി സംസ്ഥാനത്തേക്ക് വന്നത് 29,813 കോടി മാത്രമായിരുന്നു. 8,300 കരാറുകളാണ് വൈബ്രന്റ് ഗുജറാത്തിൽ വെച്ച് ഒപ്പുവെക്കപ്പെട്ടത്, കേവലം 250 എണ്ണം മാത്രമേ യാഥാർത്ഥ്യമായിട്ടുള്ളൂ.

മോദിയുടെ ഗുജറാത്ത്​ ദാനങ്ങൾ

വിദേശ നിക്ഷേപങ്ങൾ സംസ്ഥാനത്തേക്ക് ഒഴുക്കാൻ മോദിക്ക് കഴിഞ്ഞില്ലെങ്കിലും കോർപറേറ്റുകൾക്ക് മോദി പ്രിയങ്കരനാണെന്നത് വാസ്തവം തന്നെയാണ്. അദാനി ഗ്രൂപ്പ്, റിലയൻസ്, ടാറ്റാ എന്നീ ഇന്ത്യൻ വ്യവസായ ഭീമന്മാർ മോദിയെ ആവർത്തിച്ച് പുകഴ്ത്തുന്നതിനുപിന്നിൽ പല നിക്ഷിപ്തതാൽപര്യങ്ങൾ ഉണ്ടെന്നതിന് നിരവധി തെളിവുകളുണ്ട്. മോദിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനെന്നുതന്നെ പറയാവുന്ന ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പിന് ഗുജറാത്തിലെ പ്രകൃതിവിഭവങ്ങളും മറ്റും മോദി വ്യവസായ വികസനത്തിന്റെ മറവിൽ ദാനം ചെയ്തുകൊണ്ടിരിക്കുകയാണ്. വൈദ്യുതി വാങ്ങുക, ഭൂമി ദാനം ചെയ്യുക എന്നിവയ്ക്കു പുറമെ ഗോദാവരിയിലെ ഏതാണ്ട് 20000 കോടി വിലമതിക്കുന്ന എണ്ണശേഖരം നൽകിയതും പുറത്തുവന്ന കാര്യമാണ്. ഗുജറാത്തിൽ അദാനി ഗ്രൂപ്പിന് എല്ലാ ഔദ്യോഗിക നൂലാമാലകളും എളുപ്പത്തിൽ തീർത്ത് അവർക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുക എന്നതായിരിക്കുന്നു സിവിൽ ഉദ്യോഗസ്ഥന്മാരുടെ കർത്തവ്യം. ഐ. എ. എസ് എന്നത് ‘ഇന്ത്യൻ അദാനി സർവ്വീസ്’ എന്നായി മാറിയിരിക്കുന്നു ഗുജറാത്തിൽ.

ഗോദാവരി ബേസിനിലെ എണ്ണശേഖരം ഗുജറാത്ത് പെട്രോളിയം കോർപറേഷന്റെ കീഴിലായത് 2002ലാണ്. ഗവൺമെന്റിന്റെ തന്നെ കണക്കനുസരിച്ച് 20 ബില്യൺ (2000 കോടി) അമേരിക്കൻ ഡോളർ മൂല്യമുള്ള എണ്ണ ശേഖരമാണ് അവിടുള്ളത്. വിദേശ കമ്പനികളായ ജിയോ ഗ്ലോബൽ, ജൂബിലൻറ്​ എൻപ്രോ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുമായി മോദി സർക്കാർ ഉത്പാദന പങ്കാളിത്ത കരാറിൽ ഏർപ്പെടുകയുണ്ടായി. ഈ രണ്ടു കമ്പനികൾക്കും തികച്ചും സൗജന്യമായി 10% പങ്കാളിത്ത പലിശ നൽകുകയായിരുന്നു. ഇതിനുപകരമായി എണ്ണ ഉത്പാദനത്തിനാവശ്യമായ സാങ്കേതിക സഹായം ജിയോ ഗ്ലോബൽ നൽകുമെന്നാണ് പറയപ്പെടുന്നത്. ഈ കമ്പനികളെ ഇതിനായി തിരഞ്ഞെടുത്തത് എങ്ങിനെയെന്നത് ഇനിയും അവശേഷിക്കുന്ന ചോദ്യമാണ്. എന്തെങ്കിലും തരത്തിലുള്ള ലേലം വിളികളോ കരാർ ഉറപ്പിക്കലോ ഉണ്ടായതായി ഒരു ഔദ്യോഗിക രേഖകളും പറയുന്നില്ല. ഈ രണ്ട് കമ്പനികൾക്കുമായി മോദി വെച്ചു നീട്ടിയ ഉപഹാരത്തിന്റെ മൂല്യം 10,000 കോടി രൂപയോളം വരുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. മോദി വൻകിട വ്യവസായ കുത്തകകൾക്ക് പ്രിയങ്കരനാകുന്നതെങ്ങിനെയെന്ന് ഇതിലൂടെ ഊഹിക്കാം. മോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുവാൻ അവർക്കുള്ള താൽപ്പര്യവും മറ്റൊന്നല്ല.

പ്രമുഖ സാമ്പത്തിക വിദഗ്ദ്ധ ഡോ. ഇന്ദിര ഹിർവേ പറയുന്നത് ശ്രദ്ധിക്കുക: (ഗുജറാത്ത് വികസനത്തെ സംബന്ധിച്ച്) ‘‘നിങ്ങൾ എന്തെങ്കിലും ചോദ്യങ്ങൾ ഉന്നിക്കാൻ തുടങ്ങിയാൽ, നിങ്ങൾ "ഗുജറാത്ത് വിരുദ്ധനെ'ന്നും "വികസന വിരുദ്ധനെ'ന്നും മുദ്ര കുത്തപ്പെടുകയായി. ഗുജറാത്തിലെ വ്യാവസായികവൽക്കരണം നിർണ്ണയിക്കപ്പെടുന്നത് വിപണി ശക്തികളിലൂടെയല്ല മറിച്ച് ഏതാനും കോർപ്പറേറ്റുകൾക്ക് ഗവൺമെൻറ്​ നൽകുന്ന ഇളവുകളിലൂടെയാണ്.’’

(തുടരും)


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments