നിങ്ങൾ ഗുജറാത്തിൽ അല്ലായെങ്കിൽ നിങ്ങളൊരു വിഡ്ഢിയാണ് : രതൻ ടാറ്റ

അഞ്ച് വർഷത്തേക്കുള്ള നികുതിയിളവ് ഇനത്തിൽ അദാനി നേടിയെടുത്തത് 3,200 കോടി രൂപയുടെ ലാഭമാണ്. ഭൂകമ്പത്തിൽ തകർന്ന കച്ച് മേഖലയുടെ പുനസ്ഥാപനത്തിന് ചെലവഴിച്ച തുകയുടെ നാലിരട്ടിയിലധികം വരും ഇത്. അദാനിയുടെ പ്രത്യേക സാമ്പത്തിക മേഖലയിലെ നിക്ഷേപം 1.31,702 കോടി രൂപയാണെന്ന് സർക്കാർ രേഖകൾ പറയുന്നു. എന്നാൽ 38,875 തൊഴിലുകൾ മാത്രമേ ഇതിലൂടെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളൂ. അതായത് ഒരു തൊഴിലിന് 3.38 കോടി രൂപ. കൊട്ടിഘോഷിച്ച ഗുജറാത്ത് മോഡലിന്റെ പൊള്ളത്തരങ്ങൾ ഈ രീതിയിൽ എത്ര വേണമെങ്കിലും ഉദാഹരിക്കാം. ‘ഒരു മോദി- അദാനി ചങ്ങാത്തക്കഥ’യുടെ നാലാം ഭാഗം.

2001 മുതൽ 2014 വരെയുള്ള കാലയളവിൽ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് നരേന്ദ്ര മോദി കോർപ്പറേറ്റുകൾക്കായി നൽകിയ സേവനങ്ങളുടെ സാമ്പിളുകൾ ഇതാ. വിസ്താര ഭയത്താൽ കാര്യങ്ങൾ ചുരുക്കിപ്പറയുന്നു.

ഭാവ്‌നഗർ ജില്ലയിലെ മഹുവയിൽ തീരപ്രദേശങ്ങളിലെ ചുണ്ണാമ്പുകല്ല് ഖനനത്തിനായി നിർമ കമ്പനിക്ക് 3460 ഹെക്ടർ സ്ഥലമാണ് മോദി അനുവദിച്ചു നൽകിയത്. ഫലഭൂയിഷ്ടമായ കൃഷിഭൂമിയും പുൽമൈതാനങ്ങളുമാണ് ഈ രീതിയിൽ നിർമ്മയ്ക്ക് പതിച്ചുനൽകിയത്. കർഷകരുടെ മുൻകൈയ്യിൽ വൻതോതിലുള്ള പ്രക്ഷോഭം ഇതിനെതിരെ ഉയർന്നുവന്നിരിക്കയാണ്. (ഈ നിർമ്മ സ്ഥാപനത്തിന്റെ ഉടമ കർസൻഭായ് പട്ടേൽ ആണ് 2003 ഫെബ്രുവരി 6ന് ദില്ലിയിൽ നടന്ന യോഗത്തിൽ മോദിക്ക് വേണ്ടി കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിനെ പിളർത്തുമെന്ന് ഭീഷണിപ്പെടുത്തിയത്).

എൽ & ടി കമ്പനിക്കായി സൂറത്ത് ജില്ലയിലെ ഹാസിരയിൽ 8 ലക്ഷം ചതുരശ്ര മീറ്റർ ഭൂമി സർക്കാർ നൽകിയത് ച.മീറ്ററിന് ഒരു രൂപ എന്ന നിരക്കിലാണ്. ഇതിനായി മറ്റ് കമ്പനികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ലേലമോ മറ്റോ നടന്നതുമില്ല.

സിംഗൂരിൽ നിന്നും ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ഗുജറാത്തിലേക്ക് പറിച്ചുനടപ്പെട്ട ടാറ്റയുടെ നാനോ നിർമ്മാണ ഫാക്ടറിക്ക് മോദി നൽകിയ സൗജന്യങ്ങൾ ആരെയും അമ്പരപ്പിക്കുന്നതാണ്. ബംഗാൾ ഗവൺമെന്റിന്റെ പിടിപ്പുകേടായും മോഡിയുടെ സാമർത്ഥ്യമായും പ്രചരിപ്പിക്കപ്പെടുന്ന നാനോ കഥയ്ക്ക് പിന്നിൽ പൊതുഖജനാവിൽ നിന്ന് നഷ്ടമാകുന്ന കോടികളുടെ കണക്ക് കൂടി ചേർക്കാനുണ്ട്.

ചതുരശ്ര മീറ്ററിന് 10,000 രൂപ വിപണി മൂല്യമുള്ള ഭൂമി ടാറ്റയ്ക്ക് പതിച്ചു നൽകിയത് 900 രൂപയ്ക്കാണ്. ഈ രീതിയിൽ 1,106ഏക്കർ ഭൂമിയാണ് സാനന്ദിൽ നാനോ ഫാക്ടറിക്കായി നൽകിയത്. 3,300 കോടി രൂപ ഈയിനത്തിൽ ടാറ്റയ്ക്ക് ലാഭമുണ്ടായി. ഭൂമിയുടെ വില തവണകളായി അടക്കാനുള്ള സൗകര്യവും ഗവൺമെന്റ് അനുവദിച്ചുകൊടുത്തു. കൂടാതെ 0.01% പലിശ നിരക്കിൽ 9,570 കോടി രൂപയുടെ കടവും 20 വർഷത്തെ മൊറൊട്ടോറിയത്തോടെ പാവപ്പെട്ട ടാറ്റയ്ക്ക് മോദി സമ്മാനിച്ചു. കമ്പനിയിലേക്ക് സർക്കാർ വക റോഡ് റെയിൽ സൗകര്യങ്ങൾ വേറെയും. ഒരു നാനോ കാർ ഫാക്ടറിയിൽ നിന്ന് പുറത്തുകടക്കുമ്പോഴേക്കും 60,000 രൂപയിലധികം പൊതുഖജനാവിൽ നിന്ന് മുടക്കിയിരിക്കും! "You are stupid, if you are not in Gujarat' എന്ന് രത്തൻ ടാറ്റ പറഞ്ഞില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. (ടാറ്റയുടെ നാനോ കാർ പദ്ധതി പൂട്ടിക്കെട്ടി. നാനോ പദ്ധതിയെ തുടക്കംതൊട്ട് എതിർത്തിരുന്ന സൈറസ് മിസ്ത്രി അപകടത്തിൽ കൊല്ലപ്പെടുകയും ചെയ്തു).

തീരദേശ നിയന്ത്രണ നിയമം കർശനമായി നടപ്പിലാക്കേണ്ട പ്രദേശങ്ങളിൽ എസ്സാർ ഗ്രൂപ്പിനായി 2.08 ലക്ഷം ച.മീറ്റർ ഭൂമി ഗുജറാത്ത് ഗവൺമെന്റ് നൽകുകയുണ്ടായി. ഇത് കേസായി കോടതിയിലെത്തിയപ്പോൾ കമ്പനിക്ക് കോടതി പിഴ വിധിച്ചു. 20 ലക്ഷം രൂപ സന്തോഷത്തോടെ പിഴ നൽകിക്കൊണ്ട് കമ്പനി തങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ അനസ്യൂതം തുടർന്നു.

നരേന്ദ്രമോദിക്കൊപ്പം രത്തൻ ടാറ്റ

വ്യവസായ ഗ്രൂപ്പുകളിൽ മോദിയുടെ ഇഷ്ടഭാജനമായ അദാനി ഗ്രൂപ്പിന് വേണ്ടി മോദി നൽകിയ സേവനങ്ങൾക്ക് കയ്യും കണക്കുമില്ല. 2002 മുതൽ 2011 വരെയുള്ള കാലയളവിൽ അദാനി ഗ്രൂപ്പിന്റെ വിപണി മൂലധന സ്വരൂപണത്തിലെ വർദ്ധനവ് 8615ശതമാനമാണെന്ന് കണക്കുകൾ തെളിവുനൽകുന്നു. പ്രത്യേക സാമ്പത്തിക മേഖല വികസിപ്പിക്കുന്നതിനായി 15,000 കോടി രൂപയുടെ കരാർ അദാനി ഗ്രൂപ്പ് ഗുജറാത്ത് സർക്കാരുമായി ഒപ്പുവെക്കുകയുണ്ടായി. അഞ്ച് വർഷത്തേക്കുള്ള നികുതിയിളവ് ഇനത്തിൽ അദാനി നേടിയെടുത്തത് 3,200 കോടി രൂപയുടെ ലാഭമാണ്. ഭൂകമ്പത്തിൽ തകർന്ന കച്ച് മേഖലയുടെ പുനസ്ഥാപനത്തിന് ചെലവഴിച്ച തുകയുടെ നാലിരട്ടിയിലധികം വരും ഇത്. അദാനിയുടെ പ്രത്യേക സാമ്പത്തിക മേഖലയിലെ നിക്ഷേപം 1.31,702 കോടി രൂപയാണെന്ന് സർക്കാർ രേഖകൾ പറയുന്നു. എന്നാൽ 38,875 തൊഴിലുകൾ മാത്രമേ ഇതിലൂടെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളൂ. അതായത് ഒരു തൊഴിലിന് 3.38 കോടി രൂപ. കൊട്ടിഘോഷിച്ച ഗുജറാത്ത് മോഡലിന്റെ പൊള്ളത്തരങ്ങൾ ഈ രീതിയിൽ എത്ര വേണമെങ്കിലും ഉദാഹരിക്കാം.

തൊഴിൽ വളർച്ച ?

വ്യാവസായിക വളർച്ചയോടൊപ്പം സംഭവിക്കേണ്ട ഒന്നാണ് തൊഴിൽ മേഖലയിൽ ഉണ്ടാകേണ്ട കുതിപ്പ്. എന്നാൽ വിരോധാഭാസമെന്നുതന്നെ പറയാം മോദി ഭരണത്തിൽ ഗുജറാത്തിൽ ഈ മേഖലയിൽ കാര്യമായ കുതിച്ചുചാട്ടമൊന്നും ഉണ്ടായിട്ടില്ല. നാഷണൽ സാമ്പിൾ സർവ്വേ ഓർഗനൈസേഷന്റെ സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത് തൊഴിൽ മേഖലാ രംഗത്ത് വൻതോതിലുള്ള ഇടിവാണ് സംഭവിച്ചിട്ടുള്ളത് എന്നാണ്. ഗ്രാമീണ ഗുജറാത്ത് ഇക്കാര്യത്തിൽ അങ്ങേയറ്റത്തെ പിന്നോക്കാവസ്ഥയിലാണെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നുണ്ട്. കാർഷിക മേഖലയിൽ ഗർഹണീയമായ സ്ഥാനമുള്ള ചെറുകിട - ഇടത്തരം കർഷകർ തങ്ങളുടെ കൃഷി ഭൂമി വിൽക്കുന്ന പ്രവണത കൂടിയിട്ടുണ്ട് സംസ്ഥാനത്ത്. ഇതിന്റെ ഏറ്റവും അപകടകരമായ പരിണാമമെന്നത് ജനങ്ങൾ വളരെപ്പെട്ടെന്നു തന്നെ തൊഴിൽരഹിതരായി മാറുന്നു എന്നതാണ്. പ്രത്യേക സാമ്പത്തിക മേഖലകളിലൂടെ ഗ്രാമീണ മേഖലകളിൽ സൃഷ്ടിച്ചെടുക്കുന്ന തൊഴിലുകൾ ഗ്രാമീണർക്ക് ഉപകാരപ്പെടുന്നില്ല എന്ന കാര്യവും ഇവിടെ ശ്രദ്ധിക്കേണ്ടതാണ്.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഗുജറാത്തിൽ തൊഴിൽശക്തി പൊതുവിൽ ഉയർന്നതാണെങ്കിലും തൊഴിലിന്റെ സ്വഭാവം പരിഗണിക്കുമ്പോൾ വലിയൊരളവോളം തൊഴിലുകളും അനൗപാരിക മേഖലകളിലുള്ളതാണ്. അനൗപചാരിക മേഖലയിൽ തൊഴിലുകളുടെ എണ്ണം പെരുകുമ്പോൾ സ്വാഭാവികമായും സംഭവിക്കുന്നത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ പ്രവാഹമായിരിക്കും. ഇത് തൊഴിൽ മേഖലയിൽ അസ്ഥിരതയും ചൂഷണവും വർദ്ധിപ്പിക്കുന്നതിന് ഇടയാക്കും.

ശരാശരി വേതനത്തിന്റെ കാര്യത്തിൽ ഗുജറാത്ത് അങ്ങേയറ്റം പിന്നോക്കമാണ്. ഇക്കാര്യത്തിൽ ഗുജറാത്തിന്റെ സ്ഥാനം 14-ാമതാണ്. വേതന നിരക്കിലെ വൻവിടവ് കൊണ്ടുചെന്നെത്തിക്കുന്നത് വൻതോതിലുള്ള ചൂഷണത്തിലേക്കും കരാർ തൊഴിലാളികളെ കൂടുതൽ കൂടുതലായി ഉപയോഗിക്കുന്നതിലേക്കുമായിരിക്കും. നഗരങ്ങളിലെ അനൗപചാരിക തൊഴിൽ മേഖലയിലെ ശരാശരി വേതനം 106 രൂപയാണെന്ന് നാഷണൽ സാമ്പിൾ സർവ്വേ 2011 ചൂണ്ടിക്കാട്ടുന്നു. ഇതേ സമയം കേരളത്തിലിത് 218 രൂപയാണ്. ഗ്രാമീണ മേഖലയിൽ 152 രൂപയുമായി പഞ്ചാബ് മുന്നിൽ നിൽക്കുമ്പോൾ 83 രൂപയുമായി ഗുജറാത്ത് 12ാം സ്ഥാനത്താണ്.

സാമ്പത്തിക-വ്യാവസായിക വളർച്ചയെപ്പറ്റി വാതോരാതെ സ്വയം പ്രശംസിച്ചുകൊണ്ടിരിക്കുന്ന മോഡിയുടെ ഗുജറാത്തിൽ 98% സ്ത്രീ തൊഴിലാളികളും 89% പുരുഷ തൊഴിലാളികളും തൊഴിൽ ചെയ്യുന്നത് അനൗപചാരിക മേഖലയിലാണെന്നും സർവ്വേ ഫലം തെളിയിക്കുന്നു. (നാഷണൽ സാമ്പിൾ സർവ്വേ ഓർഗനൈസേഷൻ 2011).

ഇന്ത്യയിലെ തൊഴിലാളികളും അദാനിയും തമ്മിലുള്ള വരുമാന വിടവ് മനസ്സിലാക്കാൻ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ ഴാങ് ഡ്രീസ് നൽകിയ ഉദാഹരണം നോക്കുക: ""It would take one million years for 100 workers working non-stop at the minimum wage to earn as much as Adani already has''

അദാനി വീർക്കുമ്പോൾ ചുരുങ്ങുന്ന ഗുജറാത്ത്

ഒരു ദശാബ്ദക്കാലത്തിലേറെ നിലനിന്ന (2001-2014) മോദി ഭരണത്തിൽ ഗുജറാത്തിലെ സാമൂഹ്യക്ഷേമ - ദാരിദ്യനിർമ്മാർജ്ജന പരിപാടികൾ മറ്റ് സംസ്ഥാനങ്ങളേക്കാൾ വളരെ പിന്നിലാണെന്ന സത്യം മോദിയുടെ വികസന പരിപാടികൾ ആരെ ഉദ്ദേശിച്ചുള്ളതാണ് എന്ന് വ്യക്തമാക്കിത്തരുന്നുണ്ട്. അക്കാലയളവിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ജനങ്ങളുടെ കണക്കുകൾ പരിശോധിച്ചാൽ ഇക്കാര്യം മനസിലാക്കാൻ സാധിക്കും. കേരളം (19.7%), പഞ്ചാബ്(20.9%), ഹിമാചൽ പ്രദേശ് (22.9%), ഹരിയാന(24.1%) എന്നീ സംസ്ഥാനങ്ങളെക്കാളും എത്രയോ താഴെയാണ് ഗുജറാത്തിന്റെ (31%) സ്ഥാനം. സാമൂഹ്യക്ഷേമ രംഗങ്ങളെ ഒന്നൊന്നായി പരിശോധിക്കുന്നത് മോദി വികസനത്തിന്റെ പൊള്ളത്തരങ്ങൾ മനസിലാക്കുന്നതിന് സഹായകമായിരിക്കും.

ആരോഗ്യം

തൊഴിൽ മേഖലയിലെ കുറഞ്ഞ വേതനനിരക്ക് ജനങ്ങളുടെ വാങ്ങൽശേഷിയെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ഇത് പ്രകടമായും ബാധിക്കുന്നത് സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തെയാണ്. സ്ഥിതിവിവരക്കണക്കുകൾ പറയുന്നത് എന്തെന്ന് നോക്കുക. 40-50 ശതമാനത്തിനിടയിൽ കുട്ടികൾ ഭാരക്കുറവുള്ളവരാണെന്ന് മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. (ചിൽഡ്രൻ ഇൻ ഇന്ത്യ, 2012-എ സ്റ്റാറ്റിസ്റ്റിക്കൽ അപ്രൈസൽ). മേഘാലയ, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, ഒറീസ എന്നീ സംസ്ഥാനങ്ങളാണ് ഈ പട്ടികയിൽ പെടുന്ന മറ്റ് സംസ്ഥാനങ്ങൾ. 2011 ലെ ഹ്യൂമൻ ഡെവലപ്പ്‌മെന്റ് റിപ്പോർട്ട് പറയുന്നത്, ഗുജറാത്തിലെ പകുതിയോളം കുട്ടികൾ പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരാണെന്നാണ്.

ശിശുമരണനിരക്കിന്റെ കാര്യത്തിൽ ഗുജറാത്ത് 11ാം സ്ഥാനത്താണ് എന്നതും മോദിയുടെ ഭരണത്തിന്റെ മഹാത്മ്യം വെളിപ്പെടുത്തുന്നുണ്ട്. "ഇന്ത്യയിലെ ശിശുക്കൾ-2012' എന്ന റിപ്പോർട്ടിൽ പറയുന്നത് ശ്രദ്ധിക്കുക: "ശിശുമരണ നിരക്ക് ഗുജറാത്തിൽ ഇപ്പോഴും വളരെ ഉയർന്നതാണ്. 1000 കുട്ടികളിൽ 44 പേർ മരിക്കുന്നുവെന്നാണ് സ്ഥിതിവിവരക്കണക്കുകൾ പറയുന്നത്. ഗ്രാമീണ മേഖലയിലെ ആരോഗ്യസംരക്ഷണ സൗകര്യങ്ങൾ വളരെക്കുറവാണ് എന്നതുകൊണ്ടുതന്നെ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്കിടയിൽ ശിശുമരണ നിരക്ക് വൻതോതിൽ സംഭവിക്കുന്നു എന്നതിൽ യാതൊരത്ഭുതവുമില്ല'. യുനിസെഫിന്റെ 2012 റിപ്പോർട്ടിൽ ഗുജറാത്തിനെ കുറിച്ച് സൂചിപ്പിക്കുന്നതിങ്ങനെ: ""അഞ്ച് വയസിൽ താഴെയുള്ള കുട്ടികളിൽ 50ശതമാനവും പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരും നാലിൽ മൂന്ന് കുട്ടികൾ വിളർച്ച ബാധിച്ചവരുമാണ്. ഗുജറാത്തിലെ അമ്മമാരിൽ മൂന്നിലൊരാൾ അങ്ങേയറ്റത്തെ പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരാണെന്നും റിപ്പോർട്ട് പറയുന്നു. ഏറ്റവും ഭയപ്പെടുത്തുന്ന വസ്തുത, അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കിടയിലെ ശിശു മരണനിരക്ക് അതേപടി തുടർന്നുകൊണ്ടിരിക്കുന്നു എന്നുള്ളതാണ്''.

പൊതുവിൽ പട്ടിണി കുറച്ചു കൊണ്ടുവരുവാൻ സംസ്ഥാനത്തിന് കഴിഞ്ഞു എങ്കിലും മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സ്ഥിതി ഒട്ടും ആശാവഹമല്ല എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 2004-2010 കാലയളവിൽ ദാരിദ്ര നിർമ്മാർജ്ജനത്തിന്റെ കാര്യത്തിൽ വളരെയധികം മുന്നേറാൻ ഒറീസ സംസ്ഥാനത്തിന് കഴിഞ്ഞുവെന്ന് (20.2%) നാഷണൽ സാമ്പിൾ സർവ്വേ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. അതേസമയം ഗുജറാത്തിൽ ഇത് 8.6% മാത്രമാണ്. ആസൂത്രണ കമ്മീഷൻ റിപ്പോർട്ടുകൾ അനുസരിച്ച് ദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെ കാര്യത്തിൽ 20 സംസ്ഥാനങ്ങളുടെ പട്ടികയിൽ 11-ാമതാണ്. ആദിവാസി വിഭാഗങ്ങൾക്കിടയിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ പട്ടിണി നിരക്ക് വർദ്ധിക്കുകയാണുണ്ടായത് എന്നും സ്ഥിതിവിവരക്കണക്കുകൾ പറയുന്നു.

വിദ്യാഭ്യാസ മേഖലയിലെ പിന്നോക്കാവസ്ഥ

വ്യാവസായിക മേഖലയിലെ കുതിച്ചുചാട്ടത്തെക്കുറിച്ച് വാചാലരാകുന്ന മോദി ഭക്തർ പക്ഷേ സാമൂഹ്യക്ഷേമ മേഖലയിലെ നിക്ഷേപം സംബന്ധിച്ച് മൗനം പാലിക്കുന്നത് നമുക്ക് കാണാം. അതിൽ ഏറ്റവും വലിയ ഉദാഹരണം വിദ്യാഭ്യാസ മേഖലയിലെ പിന്നോക്കാവസ്ഥയാണ്. വിദ്യാഭ്യാസ മേഖലയിൽ വളരെ കുറഞ്ഞ നിക്ഷേപം മാത്രമേ മോദിയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ സർക്കാർ നടത്തുന്നുള്ളൂ. ഉയർന്ന വിദ്യാഭ്യാസ നിലവാരം തങ്ങളുടെ അജണ്ടകൾ നടപ്പിലാക്കുന്നതിന് വിഘാതമാകുമെന്ന് ഫാസിസ്റ്റ് ശക്തികൾക്ക് നന്നായറിയാം. ഭാരതീയ ജനതാ പാർട്ടിയൂടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ കുട്ടികളുടെ വിദ്യാഭ്യാസത്തെ സംബന്ധിച്ച് എന്തൊക്കെ അവകാശവാദങ്ങൾ ഉന്നയിച്ചാലും സ്ഥിതിവിവരക്കണക്കുകൾ മറ്റൊന്നാണ് നമ്മോടു പറയുന്നത്.

Photo : Wikimedia Commons

യുനൈറ്റഡ് നാഷൻസ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാം സ്ഥിതിവിവരക്കണക്കുകൾ നമ്മോട് പറയുന്നത്, പാഠശാലകളിലെ വിദ്യാർത്ഥികളുടെ തുടർച്ച നിലനിർത്തുന്നതിൽ സംസ്ഥാനം 18-ാമത്തെ സ്ഥാനത്താണ് എന്നാണ്. കുട്ടികൾ പാഠശാലകളിൽ തുടരുന്ന വർഷത്തിന്റെ കണക്ക് (School life expectancy of Children) കേരളത്തിൽ 11.33 ആണെങ്കിൽ ഗുജറാത്തിൽ അത് 8.79 ആണ്. സാക്ഷരതാ നിരക്കിൽ ഗുജറാത്തിന്റെ സ്ഥാനം 15ആണ്.

സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം ഉയർത്തേണ്ടതുണ്ടെന്ന് യുനിസെഫ് അഭിപ്രായപ്പെടുന്നുണ്ട്. വിദ്യാർത്ഥികളിൽ പകുതിയിലേറെപ്പേരും തങ്ങളുടെ പ്രായത്തിനനുസരിച്ച് എഴുതാനോ വായിക്കാനോ അറിയാത്തവരാണെന്നതാണ് സത്യം. വിദ്യാഭ്യാസ മേഖലയിലെ സർക്കാർ ഉത്തരവാദിത്വങ്ങൾ കയ്യൊഴിയുന്നതിനെക്കുറിച്ചാണ് മോഡി ചിന്തിക്കുന്നത്. പ്രാഥമിക തലങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കിക്കൊടുക്കാത്ത സംഘപരിവാർ സർക്കാർ യൂനിവേർസിറ്റികളും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യമേഖലയിൽ ആരംഭിക്കുന്നതിനെക്കുറിച്ചാണ് ഗൗരവപൂർവ്വം ആലോചിക്കുന്നത്.

ശുദ്ധജലം, ശുചിത്വം

2011ലെ സെൻസസ് അനുസരിച്ച്, ഗ്രാമീണ മേഖലയിലെ 43% വീടുകളിലും കുടിവെള്ളം ലഭിക്കുന്നത് അവരുടെ തന്നെ താമസസ്ഥലങ്ങളിൽ നിന്നാണ്. 16.7% പൊതുടാപ്പുകളിൽ നിന്ന് ശുദ്ധജലം സ്വീകരിക്കുന്നു. നഗരങ്ങളിൽ ഇതിനു തത്തുല്യമായ കണക്ക് 84%, 69% എന്നാണ്.

ഗ്രാമീണ മേഖലയിൽ 67% വീടുകൾക്കും ശൗചാലയങ്ങളില്ല എന്നത് മറ്റൊരു വസ്തുത. ഈ മേഖലയിലെ ജനങ്ങളിൽ 65%വും തുറന്ന സ്ഥലങ്ങളിലാണ് മലവിസർജ്ജനം നടത്തുന്നത്. സ്വാഭാവികമായും ജല മലിനീകരണത്തിന് ഇത് കാരണമാകുന്നു. മാലിന്യ നിർമ്മാർജ്ജനം പോലുള്ള കാര്യങ്ങളിൽ അധികൃതർക്ക് യാതൊരു താൽപ്പര്യവുമില്ല. നഗരമാലിന്യങ്ങൾ ഗ്രാമീണ മേഖലകളിലെ തുറന്ന സ്ഥലങ്ങളിൽ കൊണ്ട് തള്ളുക എന്നത് എല്ലായിടങ്ങളിലെയും പോലെ ഗുജറാത്തിലെയും സാധാരണ നടപടിയാണ്.

തുടരും


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments