വായ്പയെടുത്താൽ തിരിച്ചടക്കണം എന്ന കാര്യത്തിൽ മലബാറികൾക്കുണ്ടായിരുന്ന ധർമബോധത്തെപ്പറ്റി ലോഗൻ സായ്പ് മലബാർ മാന്വലിൽ സൂചിപ്പിക്കുന്നുണ്ട്. ഉത്തമർണൻ കടക്കാരനുചുറ്റും കമ്പുകൊണ്ട് ഒരു വര വരച്ച് ‘നീ മുടിഞ്ഞു പോകട്ടെ' എന്നു പ്രാകിയാൽ താൻ തകർന്നുപോകും എന്നുറപ്പായിരുന്നത്രെ അധമർണന്. അതുമാത്രം മതിയത്രെ വായ്പാതിരിച്ചടവ് ഉറപ്പാകാൻ. പ്രാക്കിന്റെ കാര്യത്തിൽ പഴയ വിശ്വാസമെല്ലാം കാലപ്പഴക്കത്തിൽ മാഞ്ഞില്ലാതായെങ്കിലും, തിരിച്ചടവിന്റെ കാര്യത്തിൽ നിഷ്‌കർഷ ഏറെയാണ് മലബാറികളും അല്ലാത്തവരുമായ സാധാരണ ഇന്ത്യക്കാർക്ക്. എടുത്ത വായ്പ ചെറുതായാൽ എടുത്തവന്റെ തലവേദന, അത് വലുതാണെങ്കിൽ കൊടുത്തവന്റെ തലവേദന എന്ന് പറഞ്ഞത് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ കെയിൻസ് സായ്പാണല്ലോ.
കോവിഡ് കാല വായ്പാതിരിച്ചടവ്
എന്നാൽ ചെറിയവനെയും വലിയവനെയും ഒരേപോലെ വരാക്കടക്കാരാക്കി (തമിഴർ കിട്ടാക്കടത്തിന് അങ്ങനെയാണ് പറയുക. അതാണ് നല്ല പ്രയോഗവും) മാറ്റുന്ന കോവിഡ് കാലത്ത്, തിരിച്ചടവ് നിഷ്‌കർഷകളൊക്കെ താളം തെറ്റുകയാണ്. ലോഗൻ ചൂണ്ടിക്കാട്ടിയ ധർമബോധം ഒന്നുകൊണ്ട് മാത്രം തിരിച്ചടവ് നടക്കില്ലല്ലോ. നോട്ട് റദ്ദാക്കലും തത്തുല്യമായ മറ്റൊരു നടപടിയായ ഉടനടി ലോക്ക്ഡൗണും കൂടിയായപ്പോൾ, സ്വതേ ദുർബല ഗർഭിണി കൂടിയായ സ്ഥിതിയിലായി വായ്പാതിരിച്ചടവിന്റെ നില. അവിടെയാണ് മൊറട്ടോറിയത്തിനുവേണ്ടി മുറവിളി ഉയർന്നതും സംഗതി സുപ്രീംകോടതിയുടെ മുന്നിലെത്തിയതും. വാദം കേട്ട കോടതി സർക്കാരിനെ ഉപദേശിച്ചത് എല്ലാം ബാങ്കുകൾ തീരുമാനിച്ചോട്ടെ എന്ന നിലപാടെടുക്കുന്നത് നല്ലതല്ല എന്നാണ്. ജസ്റ്റിസ് അശോക് ഭൂഷണും എം. ആർ. ഷായും എസ്. കെ. കൗളുമടങ്ങുന്ന ബെഞ്ചിന്റെ ഈ നിരീക്ഷണം 2020 ജൂൺ 17നായിരുന്നു. മൊറോട്ടോറിയക്കാലത്തെ പലിശക്ക് പലിശ ചുമത്തുന്നത് ന്യായമല്ല എന്നും കോടതി ചൂണ്ടിക്കാട്ടി.
സർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത നൽകിയ വിശദീകരണമാകട്ടെ, വാക്കിന്റെ അക്ഷരാർത്ഥത്തിൽ പിടിച്ചുകൊണ്ടുള്ള ഒന്നായിരുന്നു. മൊറട്ടോറിയം എന്നാൽ അടവ് നീട്ടിക്കൊടുക്കൽ മാത്രമാണെന്നും പലിശ ഒഴിവാക്കുന്നത് അത്ര എളുപ്പമാവില്ല എന്നുമാണദ്ദേഹം വാദിച്ചത്. കാരണമെന്തെന്നല്ലേ? ബാങ്കുകൾ നിക്ഷേപകർക്ക് പലിശ കൊടുക്കാൻ ബാദ്ധ്യസ്ഥമാണ് എന്നുതന്നെ.
ധനകാര്യ മന്ത്രാലയം നൽകിയ അഫിഡവിറ്റ് ഉയർത്തിപ്പിടിച്ചത് ധാർമിക വശമാണ്, ബാങ്കിങ്ങിന്റെ അടിസ്ഥാന പ്രമാണങ്ങളാണ്. പലിശ ഒഴിവാക്കൽ എന്നത് ബാങ്കിങ്ങിന്റെ അടിസ്ഥാന കാനോനുകൾക്കെതിരാണ് എന്നായിരുന്നു വാദം. ‘ഏത് മൊറട്ടോറിയത്തിനും, അതിന്റെ പ്രകൃതമനുസരിച്ച് അൽപായുസ്സേയുള്ളൂ. അത് എന്നെങ്കിലും അവസാനിച്ചേ പറ്റൂ' എന്ന് തറപ്പിച്ച് പറയുകയും ചെയ്തു.
അർത്ഥമുണ്ടാക്കുന്ന അനർത്ഥങ്ങൾ
നേരാണ്, മൊറട്ടോറിയം എന്ന വാക്ക് തന്നെ ലാറ്റിൻ ഭാഷയിൽ നിന്ന് രൂപം കൊണ്ടതാണല്ലോ. മൊറ എന്നാൽ കാലതാമസം എന്നേ അർത്ഥമുള്ളൂ. അർത്ഥശാസ്ത്രത്തിൽ അർത്ഥത്തിന് അനർത്ഥങ്ങളുണ്ടാക്കാനുള്ള കഴിവ് ഏറെയാണല്ലോ. മാത്രവുമല്ല, കടക്കാരെ തടവിലാക്കാനായി മാത്രം പതിമൂന്നാം നൂറ്റാണ്ട് മുതൽ നമ്മുടെ പഴയ യജമാനന്മാരായ ബ്രിട്ടീഷ് സായ്പന്മാർ
കടത്തടവറകൾ (debtor's prisons) പണിതു തുടങ്ങിയതുമാണ്. മഹാകവി ബൈറന്റെ മകൻ സാമുവൽ ബൈറണും, എന്തിന് സാക്ഷാൽ ചാൾസ് ഡിക്കൻസ് തന്നെയും ഡെബ്‌റ്റേഴ്‌സ് പ്രിസൺസിൽ തളയ്ക്കക്കപ്പെട്ടവരാണ്. മാത്രമോ, അമേരിക്കയിൽ സ്വാതന്ത്ര്യ പ്രഖ്യാപന (declaration of independence) ത്തിൽ ഒപ്പിട്ട 56 പേരിൽ പെട്ട സുപ്രീംകോടതി ജസ്റ്റിസായിരുന്ന ജെയിംസ് വിൽസണും ഡെബ്‌റ്റേഴ്‌സ് പ്രിസണിൽ കിടക്കേണ്ടി വന്നിട്ടുണ്ട്. അക്കാര്യങ്ങളൊന്നും നമ്മുടെ സർക്കാർ വക്കീലന്മാർ കോടതിയിൽ ബോധിപ്പിച്ചു കണ്ടില്ല. പക്ഷേ, അവരുടെ വാദം പഴയ ഷൈലോക്കിന്റെ രീതിയിൽ തന്നെയാണ്. അവർ ഉദ്ധരിക്കുന്നത് കാനോനുകളാണ്. അതെഴുതപ്പെട്ടപ്പോഴൊന്നും ഇമ്മാതിരിയൊരു മഹാമാരി തേർവാഴ്ച നടത്തിയിരുന്നില്ല, അതിനെ ചെറുക്കാനെന്ന പേരിൽ തല തിരിഞ്ഞൊരു ലോക്ക്ഡൗൺ അപ്രതീക്ഷിതമായി അസമയത്ത് പ്രഖ്യാപിക്കപ്പെട്ടിരുന്നുമില്ല. അസാധാരണമായ ഒരു സാഹചര്യത്തിൽ അസാധാരണമായ പ്രതികരണങ്ങളാണ് ഉണ്ടാവേണ്ടത്. അവിടെ പക്ഷേ ഉദ്ധരിക്കപ്പെടുന്നത് പഴയ കാനോനുകളാണ്.
മാർച്ചിലെ ഉത്തരവും ഇ.എം.ഐ ഇളവും
2020 മാർച്ച് 27ന് റിസർവ് ബാങ്ക് പുറപ്പെടുവിച്ച സർക്കുലറിലാണ് മൊറട്ടോറിയം പ്രഖ്യാപിച്ചത്. അതു പ്രകാരം, മാർച്ച് ഒന്നിനും മെയ് 31 നും ഇടക്കുള്ള തിരിച്ചടവുകൾ (EMI)ക്കാണ് ഇളവ് ലഭിക്കുക. കാശിന് വിഷമമുണ്ടെങ്കിൽ, ഇപ്പോൾ അടവ് നടത്തേണ്ടതില്ല. അടയ്ക്കാതെ കുടിശ്ശിക വരുത്തുന്നതുകൊണ്ട് വായ്പ കിട്ടാക്കടമായി മാറില്ല. അത്രതന്നെ.
സർക്കാർ വക്കീലന്മാർ കോടതിയെ ബോധിപ്പിക്കാൻ ശ്രമിച്ച ഒരു കാര്യമുണ്ട്. മൊറട്ടോറിയം ഇളവനുവദിച്ചപ്പോൾ അത് സ്വീകരിക്കാത്തവർ ഏറെയാണെന്ന്! അതുകൊണ്ട് മൊറട്ടോറിയം സ്വീകരിച്ചവർക്ക് മാത്രമായി ഇനിയും ഇളവനുവദിച്ചാൽ അത് നീതികേടാവും എന്ന്!
സർക്കാർ പ്രഖ്യാപിച്ച ഒരിളവ് സ്വീകരിക്കാൻ അധമർണരായ മനുഷ്യർ വിസമ്മതിക്കുന്നുവെങ്കിൽ, അധൈര്യപ്പെടുന്നുവെങ്കിൽ, അതിൽ എന്തോ ഒരു ചതിവുണ്ടെന്ന് അവർക്ക് തോന്നിയിരിക്കണമല്ലോ. അടവ് നീട്ടിക്കിട്ടുമെങ്കിലും, അതിന്റെ പലിശയും പലിശക്ക് പലിശയും കൂട്ടിച്ചേർത്ത് നാളെപ്പിറ്റേന്ന് പെരും കെണിയിൽ പെടുത്തിയേക്കുമോ എന്ന വേവലാതി തന്നെയാവണം ഇങ്ങനെയൊരിളവ് വേണ്ടെന്നു വെക്കാൻ അവരെ പ്രേരിപ്പിച്ചത്.
സംഗതി ശരിയാണുതാനും. ‘വായ്പാ ബാക്കിക്ക് പലിശ ചുമത്തപ്പെടും' എന്നും 'വായ്പാ സ്ഥാപനങ്ങൾക്ക് വേണമെങ്കിൽ ആഗസ്റ്റ് 31 വരെയുള്ള സഞ്ചിത പലിശത്തുക അധിക വായ്പയായി അനുവദിക്കാമെന്നും' അത് 2021 മാർച്ച് 31ന് മുമ്പായി അടച്ചുതീർക്കണമെന്നും പിന്നീട് റിസർവ് ബാങ്ക് വിശദീകരണം നൽകി.
ഇ.എം.ഐയിലെ ചതി
മൊറട്ടോറിയം പ്രഖ്യാപിക്കപ്പെടുന്നതിനും എത്രയോമുമ്പ്, കോഴിക്കോട്ടെ ഒരു പത്രപ്രവർത്തകൻ ഇ.എം.ഐയോട് നടത്തിയ ഗുസ്തിയുടെ കഥ കേൾക്കാൻ രസമാണ്. അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനവുമായി ദീർഘകാല ബന്ധമുള്ള ഒരു ദേശസാൽകൃത ബാങ്കിൽ നിന്നാണ് ആൾ ഭവനവായ്പ എടുത്തത്. (അപ്പോഴേക്ക് ദേശസാൽകൃത ബാങ്കുകൾ നവ സ്വകാര്യ ബാങ്കുകൾക്ക് പഠിക്കാൻ തുടങ്ങിയിരുന്നു) കൃത്യമായി അടവ് നടത്തിപ്പോന്നിട്ടും വർഷങ്ങൾ കഴിഞ്ഞിട്ടും കാലാവധിയായിട്ടും വായ്പ തീരുന്നില്ല. ആദ്യമാദ്യം കാശ് പലിശയിനത്തിലേക്കാണ് പോവുക എന്ന് ബാങ്ക് പറഞ്ഞതുകൊണ്ട് അതേപ്പറ്റി ശ്രദ്ധിച്ചതേയില്ല. പക്ഷേ പഴയ നാടോടിപ്പാട്ടിൽ പറഞ്ഞതുപോലെ, തട്ടീട്ടും പോണില്ല ചോണനുറുമ്പ്, മുട്ടീട്ടും പോണില്ല ചോണനുറുമ്പ് എന്ന മട്ടിൽ അടച്ചിട്ടും അടച്ചിട്ടും തീരാതെ വന്നപ്പോൾ ആൾ നേരിട്ട് ബാങ്കിനെ സമീപിച്ചു. കാര്യങ്ങളൊക്കെ കൃത്യമാണെന്ന് മറുപടി. പക്ഷേ ഗണിത വിശാരദനായ ഒരു ബാങ്ക് യൂനിയൻ നേതാവിനെ കണ്ട് കണക്കുകൂട്ടി നോക്കിയപ്പോഴാണ് സാമാന്യം മോശമല്ലാത്ത തുക അതിനകം അധികമായി അടച്ചിട്ടുണ്ടെന്ന് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് കൂടിയായ കഥാനായകന് ബോദ്ധ്യമാവുന്നത്. ഒടുക്കം സംഗതി ബാങ്കിങ്ങ് ഓംബുഡ്‌സ്മാന്റെ അടുത്തെത്തി. അങ്ങനെയാണ് പരിഹാരമുണ്ടായത്. മോശമല്ലാത്ത ഒരു തുക തിരിച്ചു കിട്ടുകയും ചെയ്തു.
വർഷങ്ങൾക്ക് മുമ്പ്, ഒരു ചെറുകിട കച്ചവടക്കാരൻ അയാളുടെ വായ്പക്ക് ചുമത്തിയ അധിക പലിശയെക്കുറിച്ച് പരാതി പറയാനെത്തിയ കാര്യമാണ് ഇത് കേട്ടപ്പോൾ ഞാനോർത്തത്. 7.20 രൂപയായിരുന്നു അന്നയാൾ തിരികെ ചോദിച്ചത്. ഇപ്പോൾ അതിന്റെ ഇരുപതിനായിരം ഇരട്ടി വരുന്ന സംഖ്യ അധികം വസൂൽ ചെയ്തത് കണ്ടു പിടിക്കാനാവാഞ്ഞത്, ഇ.എം.ഐ ഗണിതങ്ങളാകെ യന്ത്രവൽകൃതമായതു കൊണ്ടാണത്രെ! എല്ലാം മേലാപ്പീസിലാണ് കണക്കുകൂട്ടുക. കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങിൽ യഥാസമയം വേണ്ട നിർദേശങ്ങൾ നൽകിയില്ലെങ്കിൽ, അത് അതിന്റെ ഗണിതവുമായി മുന്നോട്ടുപോവും. അത്രതന്നെ. നവ സ്വകാര്യ ബാങ്കുകളുടെ അറവ് രീതിയിലേക്ക് മാറിയ ദേശസാൽകൃത ബാങ്കുകൾ പലതും ഇതിനെയും ഒരവസരമാക്കി മാറ്റുകയാണ്.
ഇപ്പോഴത്തെ കേസിൽ ഇ.എം.ഐ അതാതു സമയത്ത് അടച്ചില്ലെങ്കിൽ, അത്രയും തുക തൽക്കാലം കുഞ്ഞിന് മരുന്നുവാങ്ങാൻ മാറ്റിവെക്കാം. അങ്ങനെ മാറ്റിയ കുറ്റത്തിന് പിഴപ്പലിശ അടയ്‌ക്കേണ്ടി വരും എന്നുമാത്രം. ഭവന വായ്പയാണെങ്കിൽ, ദീർഘകാലത്തെ കാലാവധിയായിരിക്കുമല്ലോ. അത്രയും കാലത്തേക്കുള്ള പലിശ കൂടി കയറി വരും എന്നർത്ഥം. ചുരുക്കിപ്പറഞ്ഞാൽ, കടക്കാരന്റെ ഒടിഞ്ഞ മുതുകിൽ പിഴപ്പലിശയുടെ കഠിന ഭാരം കൂടി അടിച്ചേൽപ്പിക്കും എന്ന്!
ഇതിനെയാണ് കോടതി ചോദ്യം ചെയ്തത്. സെപ്റ്റംബർ 10ന് അത് അർത്ഥശങ്കക്കിടയില്ലാത്ത രീതിയിൽ വെട്ടിത്തുറന്ന് പറയുകയും ചെയ്തു: ‘മൊറട്ടോറിയ കാലത്തേക്ക് ആകെ മുഴുവൻ പലിശയും പൂർണമായും ഒഴിവാക്കിക്കൊടുക്കണമോ എന്നതല്ല ചോദ്യം. പലിശക്കുമേൽ ചുമത്തുന്ന പലിശയുടെ കാര്യമാണ് പ്രശ്‌നം' എന്നാണ് കോടതി നിരീക്ഷിച്ചത്. ‘കാര്യങ്ങൾ ബാങ്കുകൾക്കായി വിട്ടുകൊടുത്തുകൂടാ, കേന്ദ്രവും റിസർവ് ബാങ്കും ചേർന്ന് തീരുമാനിക്കേണ്ടതാണ്' എന്നാണ് നിർദേശം. റിസർവ് ബാങ്കിന്റെ പിറകിൽ ഒളിക്കാൻ ശ്രമിക്കാതെ നിലപാട് വ്യക്തമാക്കണം എന്നും കോടതി നേരത്തേ പറഞ്ഞതാണ്. മൊറട്ടോറിയ കാലത്തെ പലിശയെ സംബന്ധിച്ച് തീരുമാനമെടുക്കാൻ രണ്ടാഴ്ച സമയം കൊടുത്ത് കേസ് സെപ്റ്റംബർ 28 ലേക്ക് നീട്ടിയിരിക്കുകയാണ്.
കാനോനുകൾ മാറും
ആറു മാസത്തെ മൊറട്ടോറിയക്കാലത്തേക്ക് പലിശ ഒഴിവാക്കണമെങ്കിൽ, അതിന് രണ്ടു ലക്ഷം കോടി രൂപ വേണ്ടി വരുമെന്നാണ് റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടിയത്. 42 ലക്ഷം കോടി രൂപ പത്തുവർഷം കൊണ്ട് നികുതി വേണ്ടെന്നുവെക്കാ (Tax forgone)നായ ഒരു നാടിന് രണ്ടു ലക്ഷം കോടി രൂപ വലിയ തുകയല്ല. പക്ഷേ അത് ബാങ്കിങ്ങ് ധർമസംഹിതയുടെ അടിസ്ഥാന പ്രമാണങ്ങൾക്കെതിരാണ് എന്നാണ് വാദം.
ബ്രാഹ്മണർക്ക് പ്രതിമാസം രണ്ടു ശതമാനം പലിശ മതിയായിരുന്നേടത്ത് ക്ഷത്രിയർക്ക് മൂന്നും വൈശ്യർക്ക് നാലും ശൂദ്രർക്ക് അഞ്ചും ശതമാനം ഈടാക്കിയിരുന്ന (യാജ്ഞ്യവൽക്യസ്മൃതി 2.37- ഡേവിഡ് ഗ്രാബ്യർ 'ഡെബ്റ്റ് 5000 ഇയേഴ്‌സി'ൽ ഉദ്ധരിച്ചത്) ഒരു രാജ്യത്ത് ധർമസംഹിതകൾ കാലാകാലങ്ങളായി മാറി മാറി വന്നിട്ടുണ്ട്. 1875ലെത്തുമ്പോൾ, അത് ഡെക്കാൻ കലാപങ്ങളായി മാറിത്തീരുന്നുണ്ട്. ഹുണ്ടികക്കാരുടെ കള്ളക്കണക്കു പുസ്തകങ്ങൾ പിടിച്ചെടുത്ത് ചുട്ടെരിക്കുന്നതായി കലാപകാരികളുടെ ധർമബോധം.
തങ്ങളുടെതല്ലാത്ത കാരണങ്ങളാൽ ജീവനോപാധികൾ നഷ്ടപ്പെട്ട മനുഷ്യരെ ആ പഴയ ഡെക്കാൻ കലാപകാരികളുടെ അവസ്ഥയിലേക്ക് എത്തിക്കരുതെന്നു തന്നെയാണ് ജസ്റ്റിസ് അശോക് ഭൂഷൺ ബെഞ്ചിന്റെ നിലപാട്. പ്രാചീന സുമേറിയൻ രേഖകളിൽ പോലും വായ്പ എഴുതിത്തള്ളിയതിന്റെ സൂചനകളുണ്ട്. ലഗാഷിലെ എൻമെതന രാജാവിന്റെ ശാസന പറയുന്നത്, ‘ലഗാഷിൽ അദ്ദേഹം സ്വാതന്ത്ര്യം സ്ഥാപിച്ചു. കുഞ്ഞിനെ അമ്മക്ക് തിരിച്ചേൽപ്പിച്ചു. അമ്മയെ കുഞ്ഞിനും. എല്ലാ കുടിശ്ശികപ്പലിശയും അദ്ദേഹം നിരോധിച്ചു' (ലാം ബെർട്ട്, 1971) എന്നാണ്. ഹമ്മുറാബി വായ്പകൾക്ക് വിരാമമിട്ടപ്പോൾ പ്രഖ്യാപിച്ചത് ‘ശക്തൻ ദുർബലനെ പീഡിപ്പിക്കരുത്' എന്നാണ്.
ഇവിടെയുമതേ, ദുർബലരെ ചൂണ്ടിക്കാട്ടിയാണ് ബാങ്കുടമകൾക്ക് വേണ്ടി ഹാജരായ ഹരീഷ് സാൽവെ വാദിച്ചതും. ‘സാധാരണക്കാരുടെ പ്രശ്‌നം കോർപറേറ്റുകളുടെതിൽ നിന്ന് വ്യത്യസ്തമാണ്' എന്നാണ് അദ്ദേഹം കോടതിയിൽ ബോധിപ്പിച്ചത്. വ്യക്തികളുടെ പ്രശ്‌നങ്ങളും വ്യവസായത്തിന്റെ പ്രശ്‌നങ്ങളും വ്യത്യസ്തമായതുകൊണ്ട് വെവ്വേറെ കൈകാര്യം ചെയ്യപ്പെടേണ്ടതുണ്ടത്രെ! അതുകൊണ്ട് സെക്ടർ സ്‌പെസിഫിക്കായ നിർദേശങ്ങളുമായി കോടതിയിൽ എത്താമെന്നാണ് സെപ്തംബർ 3ന് വക്കീൽ പറഞ്ഞത്.
അതാവരുന്നു കെ.വി. കാമത്ത്
അതിനിടക്ക്, നേരത്തെ റിസർവ് ബാങ്ക് നിയോഗിച്ച കെ. വി. കാമത്ത് കമ്മിറ്റി സെക്ടർ സ്‌പെസിഫിക്കായ റിപ്പോർട്ട് സമർപ്പിക്കുകയും കേന്ദ്രബാങ്ക് അത് അംഗീകരിക്കുകയും ചെയ്തുവത്രെ! മുമ്പ് ഇന്ത്യൻ ബാങ്ക് അടച്ചുപൂട്ടണമെന്ന് നിർദ്ദേശം സമർപ്പിച്ച ആളാണ് ഐ.സി.ഐ.സി.ഐ ബാങ്ക് തലവനായിരുന്ന ഈ പണ്ഡിതൻ! കഴിഞ്ഞ കൊല്ലം ഏറ്റവും മികച്ച പൊതുമേഖലാബാങ്കായി ലാഭമുണ്ടാക്കിയ ഈ ഒന്നാന്തരം ബാങ്കിനെ അന്നേ കഴുത്ത് ഞെരിക്കാൻ ശ്രമിച്ച ആളെത്തന്നെ ഇത്തരമൊരു കമ്മിറ്റി നയിക്കാൻ നിയോഗിച്ചത് ആ മുന്നനുഭവത്തിന്റെ മാത്രം പശ്ചാത്തലത്തിലല്ല. വീഡിയോകോണിന് വഴിവിട്ട് വൻതുക വായ്പ നൽകി കുരുക്കിലായ ഛന്ദാ കോച്ചാറിനൊപ്പം എഫ്.ഐ.ആറിൽ ഉൾപ്പെട്ട ബാങ്കർ എന്ന വിശേഷണം കൂടിയുണ്ട് അദ്ദേഹത്തിന്.
ഊർജം, നിർമാണം, ഇരുമ്പുരുക്ക്, റോഡ്, റിയൽ എസ്റ്റേറ്റ്, ട്രെയ്ഡിങ്ങ് ,ടെക്സ്റ്റയിൽസ്, സിമന്റ്, ഹോട്ടൽ ആന്റ് ടൂറിസം എന്നിങ്ങനെ 26 മേഖലകളിൽ വെവ്വേറെയായി എങ്ങനെ ‘റെസല്യൂഷൻ' നടപ്പാക്കാം എന്നാണ് പഠനം. ആ റിപ്പോർട്ടാണ് റിസർവ് ബാങ്ക് അംഗീകരിച്ചിരിക്കുന്നത്. അതുതന്നെയാവും കോടതിയിൽ സമർപ്പിക്കുക. പക്ഷേ അത് കൈകാര്യം ചെയ്യുന്നതത്രയും കോർപറേറ്റ് വായ്പകളാണ്. കാർഷിക വായ്പകളും ഭവനവായ്പകളുമൊക്കെ ബാങ്കുകൾ നേരിട്ട് പരിശോധിച്ച് ഓരോന്നോരോന്നായി തീരുമാനിക്കട്ടെ എന്നു തന്നെയാവണം റിസർവ് ബാങ്ക് നിലപാട്. സുപ്രീംകോടതി, കേസ് സെപ്റ്റംറ്റംബർ 28 ലേക്ക് മാറ്റി വെച്ചിട്ടുണ്ട്. അതിനകം തീരുമാനമെടുക്കാനാണ് പറഞ്ഞിരിക്കുന്നത്.
സർക്കാറിന്റെ പക്ഷപാതിത്വം
പലിശയിളവിന് രണ്ടു ലക്ഷം കോടി രൂപ ചെലവ് വരുമെങ്കിൽ അതെങ്ങനെ നടപ്പാക്കും എന്നതാണ് ചോദ്യം. പക്ഷേ കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് വൻകിട കോർപറേറ്റുകളുടെ കിട്ടാക്കടം എഴുതിത്തള്ളിക്കൊടുത്തത് 5.17 ലക്ഷം കോടി രൂപയാണ്. തങ്ങളുടെ തെറ്റായ തീരുമാനങ്ങൾ ഉണ്ടാക്കി വെച്ച അമിതഭാരം കൂടി കോവിഡ് കാലത്ത് പേറേണ്ടി വന്ന സാധാരണ മനുഷ്യർക്ക് അവരുടെ ജീവനോപാധികൾ തന്നെ നഷ്ടപ്പെട്ടിരിക്കെ, പതിവ് നടപടികളിൽ നിന്ന് മാറി നടക്കാൻ സർക്കാർ ബാദ്ധ്യസ്ഥമാണ്.
പ്രൊഫഷണൽ കോളേജ് വിദ്യാർത്ഥികൾക്ക് അവസാന പരീക്ഷയെഴുതാതെ ബിരുദം നൽകുന്നതിനോടാണ് ചില പേനയുന്തുകാർ പലിശയിളവ് നൽകുന്നതിനെ കൂട്ടിക്കെട്ടാൻ ശ്രമിക്കുന്നത്. ബാങ്കുകളും വായ്പാന്വേഷകരും തമ്മിൽ ഉണ്ടാക്കിയ നിയമപരമായ കരാറിലെ വ്യവസ്ഥകൾ പാലിക്കാൻ ഇരുകൂട്ടരും ബാദ്ധ്യസ്ഥരല്ലേ എന്ന് അക്കൂട്ടർ ചോദ്യമുന്നയിക്കുന്നുമുണ്ട്.
രണ്ടു ലക്ഷം കോടി രൂപയുടെ അമിത ബാദ്ധ്യത എന്ന കള്ളക്കണക്ക് ഉയർത്തിയാണ് മൊറട്ടോറിയത്തിനും പലിശയിളവിനും എതിരെ വാദിക്കുന്നത്. കാശ് കണ്ടെത്താൻ വഴിയില്ല എന്ന ന്യായമുയർത്തുന്നവരോട്, സെപ്റ്റംബർ രണ്ടിന്റെ ഹിന്ദു പത്രത്തിലെ മുൻ പേജിലെ രണ്ട് തലക്കെട്ടുകൾ ഒന്നോടിച്ച് നോക്കാൻ പറഞ്ഞാൽ മതി. ടെലികോം കമ്പനികൾ 2005 മുതൽ സർക്കാറിന് നൽകാനുള്ള റവന്യൂ ഷെയറിങ്ങ് (AGR) കൊടുക്കാതെ നീട്ടിക്കൊണ്ടുപോവുന്ന സംഖ്യ ഒന്നര ലക്ഷം കോടി രൂപക്കടുത്ത് വരും. കഴിഞ്ഞ ഒക്ടോബറിൽ സുപ്രീം കോടതി വിധിച്ചത്, അത് മൂന്നു മാസത്തിനകം കൊടുത്തുതീർക്കണമെന്നാണ്. പക്ഷേ 20 വർഷം കൊണ്ട് തിരിച്ചടച്ചാൽ മതി എന്ന ഔദാര്യമാണ് സർക്കാർ സ്വകാര്യ ടെലികോം കമ്പനികളോട് കാട്ടിയത്. മൂന്നു മാസം കൊണ്ട് കിട്ടേണ്ട കാശാണ് ഇരുപത് വർഷം കൊണ്ട് അടച്ചു തീർത്താൽ മതി എന്ന് സർക്കാർ തന്നെ തീരുമാനിക്കുന്നത്. കോടതിയലക്ഷ്യത്തിന് കേസെടുക്കേണ്ട കേസാണ്. പക്ഷേ സർക്കാർ നിർദേശം തള്ളി 10 വർഷം കൊണ്ട് തീർത്തടയ്ക്കണമെന്നും എന്തെങ്കിലും കുടിശ്ശിക വരുത്തിയാൽ പിഴപ്പലിശയും കൂട്ടുപലിശയും ചേർത്തടക്കേണ്ടി വരുമെന്നും കോടതി കർശനമായി നിർദേശിച്ച കാര്യമാണ് ആദ്യ വാർത്ത. കോടതിയലക്ഷ്യഭീഷണിയുണ്ടായിട്ടും വിദേശ ടെലികോം കമ്പനിക്ക് ഉദാരപൂർവ്വം ഇളവ് നൽകുന്ന അതേ സർക്കാറിനുവേണ്ടി, സോളിസിറ്റർ ജനറൽ സുപ്രീം കോടതിയിൽത്തന്നെ മറ്റൊരു കേസിൽ സമർപ്പിച്ച അഫിഡവിറ്റിന്റെ കാര്യമാണ് ഹിന്ദു പത്രത്തിൽ അതേദിവസം വന്ന വേറൊരു തലക്കെട്ട്. വിദേശക്കമ്പനിക്ക് 20 വർഷത്തെ ഇളവ് നൽകിയ സർക്കാർ, സ്വദേശികൾക്കുള്ള മൊറട്ടോറിയത്തിന് രണ്ടു വർഷമാണ് കാലാവധി നിശ്ചയിച്ചിരിക്കുന്നത് എന്നതാണത്. രണ്ടും ചേർത്തു വായിച്ചാൽ മതി സർക്കാറിന്റെ പക്ഷപാതിത്വം മനസ്സിലാവാൻ.
സർക്കാർ ചെയ്യേണ്ടത്
റിസർവ് ബാങ്കിന്റെ നിഴലിൽ ഒളിച്ചുനിൽക്കുന്നതിന് പകരം സർക്കാർ ചെയ്യേണ്ടത് ചെയ്യണം എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. നിക്ഷേപകർക്ക് പലിശ കൊടുക്കാകാൻ ബാദ്ധ്യസ്ഥരായ ബാങ്കുകൾ എങ്ങനെയാണ് മൊറട്ടോറിയക്കാലത്തെ പലിശയും പിഴപ്പലിശയും ഒഴിവാക്കിക്കൊടുക്കുക എന്ന് സോളിസിറ്റർ ജനറൽ ചോദിച്ചത് വളരെ ശരിയാണ്. ഒരു വാണിജ്യ സ്ഥാപനത്തിന്റെ നിലനിൽപിനെ തകരാറിലാക്കുന്ന നടപടികൾ കൈക്കൊള്ളരുത്. എന്നാൽ തങ്ങളുടെ ചെയ്തികൾ കാരണം ജീവനോപാധികൾ തന്നെ തകർക്കപ്പെട്ടവർക്ക് ജീവിതം തിരിച്ചുപിടിക്കാനുള്ള കൈത്താങ്ങൊരുക്കാൻ ബാദ്ധ്യസ്ഥമാണ് സർക്കാർ. 10 വർഷത്തിനകം 42 ലക്ഷം കോടി രൂപയുടെ നികുതിപ്പണം കോർപറേറ്റുകൾക്ക് തിരിച്ചുകൊടുത്ത ഒരു സർക്കാർ അതിനുകൂടി വക കണ്ടെത്തിയേ പറ്റൂ ജനങ്ങളുടെ കൈയ്യിൽ കാശെത്തിച്ചു കൊണ്ടേ സാമ്പത്തികപ്പിറകോട്ടടിയിൽ നിന്ന് കരകയറാനാവൂ. വരുമാന നഷ്ടം നേരിടുന്ന സാധാരണ മനുഷ്യർ തീറ്റയും കുടിയും ഉപേക്ഷിച്ച് വായ്പാ തിരിച്ചടവിന് വഴികണ്ടെത്തണം എന്ന് കരുതുന്നത് അസംബന്ധമാണ്. വായ്പാ മൊറട്ടോറിയം രണ്ടുവർഷമായി നീട്ടുടുന്നതിന്റെ അർത്ഥം അതു കഴിഞ്ഞ് പിഴിഞ്ഞൂറ്റും എന്നതാവരുത്. പിഴപ്പലിശ ഒഴിവാക്കിയാൽ മാത്രം പോരാ, പലിശക്ക് പലിശ ഈടാക്കുന്നതും വേണ്ടെന്നു വെക്കണം.അതിനുള്ള കാശ് കണ്ടെത്താനുള്ള വഴി രാജ്യത്തെ സാമ്പത്തിക വിദഗ്ധർ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വേണ്ടെന്ന് വെച്ച് ഒഴിവാക്കിക്കൊടുത്ത നികുതിപ്പണം തിരിച്ചുപിടിക്കേണ്ടതാണൈങ്കിലും തൽക്കാലം അതും വേണ്ട. സർക്കാർ കേന്ദ്ര ബാങ്കിൽ നിന്ന് വായ്പയെടുത്താൽ മതി. അങ്ങനെ മാത്രമേ ഈ മഹാവ്യാധിയുടെ കാലത്തെ സാമ്പത്തിക ക്ലേശത്തിൽ നിന്ന് നാടിനെയും ജനങ്ങളെയും അൽപ്പമെങ്കിലും കരകയറ്റാനാവൂ. പക്ഷേ നരേന്ദ്രമോദി സർക്കാറിൽ നിന്ന് അത്രയും പ്രതീക്ഷിക്കാനാവുമോ? അതിന് തയാറാവാത്ത പക്ഷം സെപ്റ്റംബർ 28ന് അങ്ങനെ ചെയ്യിക്കാൻ കോടതി തയാറാവുമോ? കാത്തിരുന്നു കാണാം.
ബെഫി മുൻ അഖിലേന്ത്യ പ്രസിഡന്റാണ് ലേഖകൻ