സെഞ്ച്വറി തികച്ച എണ്ണവില: ഈ കൊള്ളക്കുപിന്നിലെ കെട്ടുകഥകളിതാ

കേരളത്തിലും ​പെട്രോൾ വില ലിറ്ററിന്​ നൂറുരൂപ കടന്നു. തിരുവനന്തപുരം ജില്ലയിലെ പാറശാലയലാണ്​ ജൂൺ 24ന്​ 100.04 രൂപയായത്​. ഇടുക്കി പൂപ്പാറയിലും :ആനച്ചാലിലും നൂറുരൂപ കടന്നിട്ടുണ്ട്​. എത്ര വിദഗ്​ധമായാണ് ഒരു പെരുംകൊള്ള ചെറിയ ചെറിയ ഗഡുക്കളായി നടത്തിയെടുക്കുന്നതും അതിനെ തികഞ്ഞ സ്വാഭാവികതയായി പ്രചരിപ്പിക്കുന്നതും!- പെട്രോൾ, ഡീസൽ വില വർധനവിന്റെ കാണാപ്പുറങ്ങളെക്കുറിച്ച്​

സെഞ്ച്വറി തികച്ച എണ്ണ വിലയെപ്പറ്റിയുള്ള വിലക്ഷണ വിശേഷണങ്ങൾ വമ്പൻ തലക്കെട്ടുകളായി മാറുമ്പോൾ കണ്ണുളുക്കാതെ അത് വായിച്ചുപോകാൻ പരിശീലിപ്പിക്കപ്പെടുകയാണ് നാം. എത്ര നിസ്സംഗമായാണ് കാര്യം കളിയാക്കി മാറ്റിക്കൊണ്ട് ഇങ്ങനെയൊരു വിശേഷണം പ്രയോഗിക്കപ്പെടുന്നത്!
എത്ര വിദഗ്ധമായാണ് ഒരു പെരുംകൊള്ള ചെറിയ ചെറിയ ഗഡുക്കളായി നടത്തിയെടുക്കുന്നതും അതിനെ തികഞ്ഞ സ്വാഭാവികതയായി പ്രചരിപ്പിക്കുന്നതും!

കളിയല്ല, കാര്യം

വെള്ളത്തിന് ക്രമേണ ചൂട് കൂട്ടിക്കൊണ്ടിരുന്നാൽ പാത്രത്തിലെ തവളകൾക്ക് ചാവുന്നതുവരെ ചാടിപ്പോവാൻ തോന്നാത്തതുപോലെ, സ്വാഭാവികമാണെന്ന് തോന്നിപ്പിച്ചുകൊണ്ടാണ് പെട്രോൾ വില കുറേശ്ശക്കുറേശ്ശയായി വർധിപ്പിച്ച് 100 രൂപയിലേക്കെത്തിക്കുന്നത്. കോവിഡ് കാലത്ത് ദുരിതം തിന്നുന്ന ഒരു ജനതക്കുമേലുള്ള ദയാരഹിതമായ ആക്രമണപരമ്പരയാണ് തുടരുന്നത്. അപ്പോഴും നമ്മുടെ മാധ്യമങ്ങൾ ആ കാര്യത്തെ കളിയുമായി കൂട്ടിക്കെട്ടി ജനങ്ങളെ മക്കാറാക്കുകയാണ്.

ഈ കടന്നാക്രമണത്തിന് കാരണക്കാരായവരാകട്ടെ, തങ്ങളൊന്നുമറിഞ്ഞില്ലേ എന്നമട്ടിൽ കൈകഴുകി പാപം കൈയ്യൊഴിയുകയാണ്. പെട്രോൾ വില കമ്പോളത്തിന് വിട്ടിരിക്കുകയാണ് വർഷങ്ങളായി, അതിന്റെ നിയമമനുസരിച്ച് അത് പ്രവർത്തിച്ചുകൊള്ളും എന്നാണ് കേന്ദ്രഭരണാധികാരികളുടെ നിലപാട്.

ഇങ്ങനെയായിരുന്നോ വിലനിർണയം?

പെട്രോൾ വിലനിർണയരീതി മുൻപ് ഇങ്ങനെയായിരുന്നില്ല എന്ന കാര്യം ജനം മറന്നമട്ടാണ്. കുറച്ചുകൂടിക്കഴിഞ്ഞാൽ അതപ്പടി വിസ്മൃതമാവും. അപ്പോൾ പണ്ടൊരാൾ നിഷ്‌കളങ്കമായി ചോദിച്ചതുപോലെ, പ്രായം ഏറുകയല്ലാതെ കുറയുകയില്ലല്ലോ, വിലയുടെ കാര്യവും അങ്ങനെത്തന്നെയല്ലേ എന്നതാവും ന്യായം.

വിലനിർണായധികാരം സർക്കാർ എണ്ണക്കമ്പനികൾക്ക് വിട്ടുകൊടുത്തതാണ് ഈ വിലക്കയറ്റത്തിന് പിന്നിൽ എന്ന കാര്യം, കാര്യങ്ങളറിയാവുന്ന ഒരു ചെറുന്യൂനപക്ഷത്തിന്റെ മാത്രം ബോധ്യമാണ്. എന്തുകൊണ്ടാണ് ഒരു സർക്കാർ തങ്ങളുടെ ഒരധികാരം കൈയ്യൊഴിഞ്ഞ് പിന്മാറുന്നത്? അതും, ജനങ്ങൾക്ക് മേൽ ഇത്രക്കേറെ തീരാദുരിതം വിതയ്ക്കപ്പെടും എന്നറിഞ്ഞിട്ടുകൂടി?

അതറിയണമെങ്കിൽ കുറച്ചുകൂടി പിന്നിലേക്ക് പോവേണ്ടി വരും.
എണ്ണക്കമ്പനികൾ എന്നാൽ നാട്ടിൽ എസ്സോവും കാൽടെക്‌സും ബർമാഷെല്ലുമൊക്കെ ആയിരുന്നു മുൻപ്. നമ്മുടെ റോഡുകളിലൂടെ കുതിച്ചുപാഞ്ഞ പെട്രോൾ ടാങ്കുകളെല്ലാം ഇമ്മാതിരി സ്വകാര്യ വിദേശക്കമ്പനികളുടേതായിരുന്നു.

പിന്നെയാണ്, ആ കമ്പനികൾ ഒരു യുദ്ധകാലാവശ്യത്തിന് മുഖം തിരിഞ്ഞുനിന്നപ്പോഴാണ്, അവ ദേശസാൽക്കരിക്കപ്പെട്ടത്. ദേശസുരക്ഷയുമായി ബന്ധപ്പെട്ടാണ് ദേശസാൽക്കരണം നടന്നത് എന്നർത്ഥം. എസ്സോവിന്റെയും കാൽട്ടെക്‌സിന്റെയും ആസ്തികൾ ഏറ്റെടുത്ത് പാർലമെൻറ്​ രൂപം കൊടുത്ത എച്ച്.പി.സി.എല്ലും ബി.പി.സി.എല്ലുമൊക്കെ കാര്യക്ഷമമായി, ലാഭകരമായി ദേശസേവനം നടത്തിക്കൊണ്ടിരിക്കെയാണ്, 2003ൽ പാർലമെന്റിനെപ്പോലും അറിയിക്കാതെ അവ തൂക്കിവിൽക്കാൻ തീരുമാനമെടുക്കുന്നത്.

ഒടുക്കം കോടതി ഇടപെട്ടാണ് തൽക്കാലം തൂക്കിവിൽപ്പന തടഞ്ഞത്. പെട്രോളിയം മേഖല പഴയ ഉടസ്ഥർക്കടക്കം പതിച്ചു കൊടുക്കാനാണ് നീക്കം.

നയങ്ങളാണ് പ്രതിസ്ഥാനത്ത്

തങ്ങളല്ല, മുൻഗവണ്മെന്റാണ് കാര്യങ്ങൾ തിരിച്ചിടീച്ചത് എന്ന് കേൾക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. മോദിയാണെന്ന് ഒരു കൂട്ടർ, അതല്ല മൻമോഹൻ സിംഗ് ആണ് എന്ന് വേറൊരു കൂട്ടർ. അതിനും മുൻപേ വാജ്‌പേയ് തുടങ്ങിയതാണ് എന്ന് അതിന് മറുപടി.അതിനും മുമ്പായിരുന്നില്ലേ നരസിംഹറാവു എന്ന് ചോദ്യത്തിലും ഒടുങ്ങില്ല ചോദ്യാവലി.
രാജിവ് ഗാന്ധിയല്ലേ 1986ൽ ആദ്യമായി വിദേശത്തുപോയി നിക്ഷേപകരെ സ്വീകരിക്കാൻ വാതിലുകൾ തുറന്നിട്ടതും ലണ്ടനിലും ഹൂസ്റ്റനിലുമെല്ലാം ചെന്ന് റോഡ് ഷോ നടത്തിയതും എന്നാവും പിന്നെ ചോദ്യം. അസഹനീയമായി മാറിയ എണ്ണ വില വർധനവിലേക്ക് നാട് നീങ്ങിയതിനുപിന്നിലെ യഥാർത്ഥ പ്രതികളെ അന്വേഷിച്ചിട്ട് ഇപ്പോൾ കാര്യമില്ല. ദശകങ്ങളായി തുടർന്നുപോരുന്ന നയങ്ങളാണ് പ്രതിസ്ഥാനത്ത് നിൽക്കുന്നത്.

ഇന്ധനവിലവർധനവിനെതിരെ മണിപ്പൂരിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിൽ നിന്ന്‌ / Photo: Twitter
ഇന്ധനവിലവർധനവിനെതിരെ മണിപ്പൂരിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിൽ നിന്ന്‌ / Photo: Twitter

മുൻപൊരിക്കൽ കെട്ടുകെട്ടിപ്പോയ വിദേശ എണ്ണക്കമ്പനികളെ എണ്ണപര്യവേഷണത്തിന് ക്ഷണിച്ചതും ഒ.എൻ. ജി.സിയുടെയും ഓയിൽ ഇന്ത്യ കോർപറേഷന്റെയും കുത്തക തകർക്കാൻ പത്ത് എണ്ണപ്പാടങ്ങൾ ഷെല്ലിനും ഷെവറോണിനും ടെക്‌സാകോയ്ക്കും പതിച്ചു കൊടുക്കുകയും ചെയ്തത് രാജീവ് ഗാന്ധിയാണ് എന്നത് നേരാണ്. അതിന്റെ തുടർച്ചയായാണ് 1994 ൽ ഒ.എൻ. ജി.സി കോർപറേറ്റൈസ് ചെയ്യപ്പെട്ടതും പിന്നീട് അതിന്റെ ഷെയറുകൾ തൂക്കിവിറ്റതും.

പ്രധാനമന്ത്രി മുതലാളിമാരെ കാണുന്നത്രെ

ആ തുടർച്ചയുടെ ഇങ്ങേയറ്റത്തെത്തുമ്പോൾ ആവേശപൂർവം ഒരു രാജ്യത്തെ പെട്രോളിയം മന്ത്രി പറയുകയാണ്, ""പ്രധാനമന്ത്രി ഈയ്യിടെ ഹൂസ്റ്റനിൽ വെച്ച് എക്‌സൺ മോബിൽ, ബ്രിട്ടീഷ് പെട്രോളിയം, റോയൽ ഡച്ച് ഷെൽ എന്നിവയടക്കമുള്ള ഊർജ്ജക്കമ്പനിത്തലവന്മാരെ നേരിട്ടുകണ്ടു'' എന്ന്! വില കുറപ്പിക്കാനല്ല, മുതൽമുടക്കാൻ വരണം, വേണ്ടതൊക്കെ ചെയ്യാം എന്നുപറയാനാണ് ആ കാണൽ.

പണ്ട് കെട്ടു കെട്ടിപ്പോയ ഷെല്ലിന്റെ ഇന്ത്യൻ തലവൻ അത്യാഹ്ലാദപൂർവ്വം പുതിയ നയങ്ങളെ സ്വാഗതം ചെയ്ത് പറയുകയാണ്, ഇനി തങ്ങൾ ഇന്ത്യയിൽ പാദമുദ്രകൾ നന്നായി പതിപ്പിക്കാൻ പോവുകയാണ് എന്ന്! വളച്ചുകെട്ടില്ലാതെയാണ് അദ്ദേഹം കാര്യം പറഞ്ഞത്: "വാസ്തവത്തിൽ സ്വകാര്യ കമ്പനികൾക്ക് സബ്സിഡി ലഭ്യമായിരുന്നില്ല. ഞങ്ങളുടെ വ്യാപനം സാവധാനത്തിലാക്കേണ്ടി വന്നതിന് അത് ഒരു കാരണമായിരുന്നു. പക്ഷേ കഴിഞ്ഞ ഒക്ടോബറോടെ പെട്രോളിനോടൊപ്പം ഡീസലും നിയന്ത്രണമുക്തമാക്കിയിരിക്കുന്നു. മിക്കവാറും ഇതായിരിക്കും വിപുലീകരണത്തിന് യഥാർത്ഥത്തിൽ ഞങ്ങൾ ആഗ്രഹിക്കുന്ന സമയം.'
കൂടുതൽ ഒന്നും പറയേണ്ടതില്ലല്ലോ, കാര്യങ്ങൾ മന്ത്രിയും മന്ത്രിയുടെ പുതിയ നീക്കത്തെ സ്തുതിക്കുന്ന ബഹുരാഷ്ട്രക്കമ്പനിത്തലവനും തന്നെ വ്യക്തമാക്കിത്തരുന്നുണ്ട്.

തിരിച്ചിട്ട വിലനിർണയരീതി

അന്താരാഷ്ട്ര മാർക്കറ്റിൽ എണ്ണ വില കൂടിവന്നപ്പോൾ ആഭ്യന്തര മാർക്കറ്റിനെയും അതുവഴി ജനങ്ങളെയും അതിന്റെ ഷോക്കിൽ നിന്ന് സംരക്ഷിച്ചു നിർത്താൻ സ്വതന്ത്ര ഇന്ത്യ രൂപപ്പെടുത്തിയ എണ്ണ വില നയമാണ് അവരുടെ കണ്ണിലെ കരടായി മാറിയത്. അഡ്മിനിസ്റ്റേർഡ് പ്രൈസിംഗ് പോളിസി എന്നുപറയും. സർക്കാർ നേരിട്ട് വിലനിർണയം നടത്തുന്ന ഒരു രീതി. വിലക്കയറ്റക്കെടുതിയിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കേണ്ടത് സർക്കാർ ബാധ്യതയാണ് എന്നുകരുതിപ്പോന്ന ഒരു കാലത്ത് ഇത്തരമൊരു സംവിധാനം സ്വാഭാവികമാണ്. സർക്കാർ മാർക്കറ്റിൽ ഇടപെടും. വിലക്കയറ്റം ഉണ്ടാവാതെ നോക്കും. അത് തങ്ങളുടെ കടമയാണ് എന്ന് തിരിച്ചറിയും.

പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാനും ലോകത്തെ പ്രമുഖ എണ്ണക്കമ്പനി സി.ഇ.ഒകൾക്കൊപ്പം ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം. / Photo: @dpradhan-bjp
പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാനും ലോകത്തെ പ്രമുഖ എണ്ണക്കമ്പനി സി.ഇ.ഒകൾക്കൊപ്പം ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം. / Photo: @dpradhan-bjp

എന്നാൽ എല്ലാം മാർക്കറ്റിന് വിട്ടുകൊടുക്കാൻ തീരുമാനിച്ചാലോ? അത്തരമൊരു നയത്തിന് പ്രാമുഖ്യം കിട്ടിയാലോ? അതാണ് 80കളുടെ അവസാനത്തോടെ തുടങ്ങിയ കമ്പോള സൗഹൃദസമീപനം എന്ന് വിളിക്കപ്പെടുന്ന കമ്പോള മൗലികതാവാദത്തിന്റെ വ്യാപനത്തിലൂടെ നാം അനുഭവിച്ചുപോരുന്നത്. മാർക്കറ്റിൽ പൗരന് സ്ഥാനമില്ല. അവിടെ ഉപഭോക്താവേ ഉള്ളൂ. കീശയിൽ കാശില്ലാത്തവൻ പൗരനാവാം, പക്ഷേ ഉപഭോക്താവാവില്ല.കാശുള്ളവനുമാത്രമേ മാർക്കറ്റിൽ ഇടമുള്ളൂ. കീശയിൽ കാശില്ലാത്തവന്റെ കാര്യം പരിഗണിക്കപ്പെടേണ്ടതില്ല എന്ന യുക്തിയാൽ നയിക്കപ്പെടുന്ന ഒരു കാലത്ത് സർക്കാർ ചന്തക്ക് വഴിമാറും. അതാണ് നടന്നത്. സർക്കാർ പിന്മാറിയാൽ പിന്നെ കാര്യങ്ങളെല്ലാം ചന്ത തീരുമാനിക്കും. ചന്തച്ചങ്ങാത്തത്തിന്റെ തത്വശാസ്ത്രത്തിന് മേൽക്കൈ കിട്ടാൻ തുടങ്ങിയതോടെ, മുൻപറഞ്ഞ അഡ്മിനിസ്റ്റേർഡ് പ്രൈസിങ്, മാർക്കറ്റ് വിലക്ക് വഴിമാറാൻ തുടങ്ങി.

വാജ്‌പേയ് തുടങ്ങിവെച്ചത്

ആഭ്യന്തര എണ്ണ പര്യവേഷണവും ഉൽപ്പാദനവും വർധിപ്പിക്കാൻ പൊതുമേഖലാ എണ്ണ ഉൽപ്പാദകരെ സർക്കാർ നിയന്ത്രണങ്ങളിൽ നിന്ന് മോചിപ്പിക്കേണ്ടതുണ്ട് എന്ന ഒരു ന്യായം നിരത്തിയാണ് ക്രമേണ സർക്കാർ നിയന്ത്രിത എണ്ണ വില എന്ന എടാകൂടത്തിൽ നിന്ന് പുറത്തുകടക്കുന്നത്. ഈ പൊതുമേഖലാസ്ഥാപനങ്ങൾക്ക് അന്താരാഷ്ട്ര മാർക്കറ്റ് വില കിട്ടാൻ സർക്കാർ തടിയൂരണം എന്ന ന്യായമാണ് അന്ന് നിരത്തിയത്.
അങ്ങനെയാണ് പടിപടിയായി അഡ്മിനിസ്‌ടെർഡ് പ്രൈസ് നയത്തിൽ വെള്ളം ചേർത്ത് ചേർത്ത് 2002 ആവുന്നതോടെ, പൂർണ്ണമായും അത് എടുത്തുകളയുന്നത്.

പ്രതിപക്ഷത്തിരുന്നപ്പോൾ കാറുകൾ റോട്ടിൽ കെട്ടിവലിച്ചും കഴുതപ്പുറത്തുകയറി മുദ്രാവാക്യം മുഴക്കിയും പെട്രോൾ വില താഴ്ത്തണമെന്ന് പറഞ്ഞവരാണ് ഇപ്പോൾ അധികാരത്തിൽ. നോട്ടു റദ്ദാക്കൽ പ്രഖ്യാപിച്ച കാലത്ത് മുഴങ്ങിക്കേട്ട കാര്യം, പെട്രോൾ വില അതോടെ 40 രൂപയായി ചുരുങ്ങാൻ പോകുന്നു എന്നതാണ്. ചാനൽ ചർച്ചകളിൽ ഇന്നത്തെ ഭരണകക്ഷിയെ പ്രതിനിധാനം ചെയ്തവർ അന്ന് വീണ്ടും വീണ്ടും അമർത്തിപ്പറഞ്ഞ അക്കാര്യം ജനങ്ങളാകെ മറന്നു കഴിഞ്ഞിട്ടില്ല. അപ്പോളാണ് നൂറു രൂപയും കവിഞ്ഞ് പെട്രോൾ വില മേലോട്ട് കുതിക്കുന്നതും അതിനെ ഏറെ സ്വാഭാവികമായ ഒരു കാര്യം പോലെ നമ്മുടെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതും.

ഇപ്പോൾ പറയുന്ന ന്യായം

ക്രൂഡിന്റെ വില കൂടുന്നതുകൊണ്ടാണ് നമ്മുടെ എണ്ണവില വർധിക്കുന്നത് എന്ന ഒരു ന്യായമാണ് ഈ ജൂൺ ഏഴിന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ മുന്നോട്ടുവെച്ചത്. ബാരലിന് 70 ഡോളർ ആയി അന്താരാഷ്ട്ര മാർക്കറ്റിൽ വില വർധിച്ചതായാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
എങ്കിൽ സാർ, ക്രൂഡ് വില വെറും പന്ത്രണ്ടുരൂപയും ചില്ലറയും ആയ കാലത്ത് (2020 ഏപ്രിലിൽ) എന്തേ വില അതിന് കണക്കായി കുറയാഞ്ഞത് എന്ന് ചോദിച്ചാൽ മന്ത്രിക്ക് ഉത്തരമില്ല.

ഒരുകണക്കിന് 2014 ൽ മോദി അധികാരമേറ്റശേഷം ക്രൂഡ് വില കുത്തനെ താഴുകയായിരുന്നു. തൊട്ടു മുൻപ് ഏപ്രിലിൽ 116.27 ഡോളർ ഉണ്ടായിരുന്ന വില ജൂലൈ 30ന് 100.27 ആവുന്നു. സെപ്റ്റംബറിൽ 94.57, ഒക്ടോബറിൽ 81.42, നവംബറിൽ 73.69 ഡോളർ വീതമായി താഴ്ന്നുതാഴ്ന്ന് 2015 ജനവരിയിൽ 45.15 ഡോളറാകുന്നു. 2016 ജനവരിയിൽ 38.19, ഫെബ്രവരിയിൽ 31.12 വീതമായി ഇടിച്ചിറങ്ങിയപ്പോൾ ആ വിലക്കുറവ് ഉപഭോക്താവിന് കൈമാറിയിരുന്നോ എന്ന ഒറ്റച്ചോദ്യം മതി, ധർമേന്ദ്ര പ്രധാൻ കൂർപ്പിച്ചെടുത്ത ആയുധത്തിന്റെ മുനയൊടിയാൻ.

1961നും 2014നും ഇടയിൽ എണ്ണവിലയിലുണ്ടായ വ്യതിയാനങ്ങൾ സൂചിപ്പിക്കുന്ന ഗ്രാഫ്. 2014ൽ എണ്ണവില കുത്തനെ താഴുകയായിരുന്നു.
1961നും 2014നും ഇടയിൽ എണ്ണവിലയിലുണ്ടായ വ്യതിയാനങ്ങൾ സൂചിപ്പിക്കുന്ന ഗ്രാഫ്. 2014ൽ എണ്ണവില കുത്തനെ താഴുകയായിരുന്നു.

മാത്രമല്ല, 2020 ജൂണിൽ ലിറ്ററിന് 20 രൂപ വിലയുണ്ടായിരുന്ന ക്രൂഡ് 2021 മേയിൽ 30 ലേക്ക് ചാടിക്കയറിയപ്പോൾ ഒരൊറ്റ പൈസ വർധിപ്പിക്കാഞ്ഞത് തെരഞ്ഞെടുപ്പു കാലം ആയതുകൊണ്ട് മാത്രമാണെന്നും, കമ്പോളദൈവത്തിന്റെ ഇഷ്ടനിഷ്ടങ്ങളല്ല, മറിച്ച് ഭരണകക്ഷിയുടെ തെരഞ്ഞെടുപ്പു കണക്കുകൂട്ടലാണ് വിലനിർണയത്തിനു പിന്നിൽ എന്നും അന്ന് തെളിഞ്ഞതാണ്. തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ചിത്രം മാറുകയാണ്. ദിനേന കയറിക്കയറിപ്പോവുകയാണ്, അത് നൂറും തികച്ച് മേലോട്ട് കുതിക്കുകയാണ്. ഇനി അടുത്ത തെരഞ്ഞെടുപ്പു വരെ തിരിഞ്ഞുനോക്കേണ്ടല്ലോ.

പാർലമെന്ററി സമിതി പറഞ്ഞത്

യു.പി.എ ആയാലും എൻ.ഡി.എ ആയാലും, രണ്ടുകൂട്ടരും ഒരേപോലെ നവലിബറൽ നയങ്ങളുടെ വക്താക്കളും പ്രയോക്താക്കളും ആണ്. മാറിമാറി ഭരിച്ചപ്പോൾ ഇരുകൂട്ടരും മുന്നേ നടന്ന വഴിയേ തന്നെ തെളിക്കുകയായിരുന്നു.
2005-06 കാലത്തെ പാർലമെന്റിന്റെ സ്റ്റാൻഡിങ് കമ്മിറ്റി എൻ.ജനാർദ്ദനറെഡ്ഡിയുടെ നേതൃത്വത്തിൽ സമർപ്പിച്ച ശുപാർശകളോട് ഇരുസർക്കാറുകളും കൈക്കൊണ്ട നിലപാട് മാത്രം നോക്കിയാൽ മനസ്സിലാവും രണ്ടു മുന്നണികളും എത്ര മാത്രം പരസ്പരപൂരകമായാണ് പെരുമാറിയതെന്ന്.
ഒരുകാര്യം, ഒ.എൻ. ജി.സിയും ഓയിൽ ഇന്ത്യ കോർപറേഷനും ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന ക്രൂഡിന് അന്താരാഷ്ട്രവില ഈടാക്കുന്നതാണ്. അന്താരാഷ്ട്രവില മാത്രമല്ല, ഇവിടെ ഉൽപ്പാദിപ്പിക്കുന്ന എണ്ണയുടെ വിലക്കുമേൽ കപ്പൽ ചെലവും ഇൻഷുറൻസും ചുങ്കവും തുറമുഖച്ചെലവും കൂട്ടുന്നത് അന്യയമാണ് എന്നാണ് സ്റ്റാൻഡിങ് കമ്മിറ്റി ആവശ്യപ്പെട്ടത്. 1998 മുതൽ നടപ്പാക്കിയ ഇറക്കുമതി തുല്യതാവില അഡ്മിനിസ്റ്റേഡ് പ്രൈസ് വേണ്ടെന്ന് വെച്ചിട്ടും തുടർന്ന് കൊടുക്കണോ എന്നായിരുന്നു ചോദ്യം.

സ്റ്റാൻഡിങ് കമ്മിറ്റിയുടെ മറ്റൊരു ചോദ്യം, 1975ൽ രൂപം കൊണ്ട ഓയിൽ ഇൻഡസ്ട്രി ഡെവലപ്പ്‌മെന്റ് ബോർഡ് വഴി എണ്ണ വ്യവസായത്തിന്റെ വികസനത്തിന് പിരിച്ചെടുത്തുപോന്ന വാർഷിക സെസ് ഇനിയും എന്തിന് പിരിക്കണം എന്നാണ്. തങ്ങളുടെ മുൻ റിപ്പോർട്ടുകളിൽ അത് ഇനിയും തുടരരുത് എന്ന് നിർദേശിച്ചതാണ്. പിന്നെയും എന്തിന് അത് ഈടാക്കിപ്പോരുന്നു എന്ന കാര്യത്തിൽ ‘തങ്ങൾക്കുള്ള ആഴമേറിയ ഉൽക്കണ്ഠയും അടുത്ത വിയോജിപ്പും രേഖപ്പെടുത്തുന്നു' എന്നാണ് റിപ്പോർട്ട് പറയുന്നത്. ക്രൂഡോയിൽ നിന്ന് പിരിച്ചെടുക്കുന്ന സെസ് ഒരു വിലസ്ഥിരതാ ഫണ്ട് ആക്കി മാറ്റണമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. പെട്രോളിയം മന്ത്രാലയം അതിനോട് യോജിച്ചു എങ്കിലും ധനകാര്യമന്ത്രാലയം സമ്മതിച്ചില്ലത്രെ.

എക്​സൈസ്​ നികുതി: ഇതാണ്​ യാഥാർഥ്യം

പെട്രോൾ വിലയുടെ കാര്യത്തിൽ അന്ന് കമ്മിറ്റി പറഞ്ഞ പ്രത്യേകത കേന്ദ്രം ഇന്നും തുടരുന്നു. ഈടാക്കി പോരുന്ന കനത്ത എക്‌സൈസ് നികുതിയുടെ കാര്യമാണത്. ഡൽഹിയിലെ അന്നത്തെ പെട്രോൾ വിലയായ 40.49 രൂപയിൽ 14.74 രൂപയും എക്‌സൈസ് ഡ്യൂട്ടിയാണ് എന്നാണ് 2005 ൽ കമ്മിറ്റി ചൂണ്ടിക്കാട്ടിയത്. അത് ഇന്നും തുടരുന്നുണ്ട്, പക്ഷേ ഇത്തിരി ദുർബുദ്ധിയോടെയാണ് എന്നുമാത്രം.

ഒരു ലിറ്റർ പെട്രോളിന് കേന്ദ്രം ഈടാക്കുന്ന എക്‌സൈസ് നികുതി വെറും 1.40 രൂപയാണത്രെ. 18 രൂപ റോഡ് & ഇൻഫ്രാസ്ട്രക്ചർ സെസ്, 11 രൂപ സ്‌പെഷ്യൽ എക്‌സൈസ് ഡ്യൂട്ടി, 2.50 രൂപ കാർഷിക സെസ്. കേന്ദ്രം പിരിച്ചെടുക്കുന്ന നികുതിയുടെ 41 ശതമാനം സംസ്ഥാനങ്ങൾക്കുള്ളതാണ്. എന്നുവെച്ചാൽ ഏതാണ്ട് പകുതി തിരിച്ച് സംസ്ഥാനങ്ങൾക്ക് നൽകാനുള്ളതാണ് എന്നാണ് ഒരു വലിയ പ്രചാരണം. 33 രൂപയുടെ 41 ശതമാനം 13.50 രൂപ വരും. അതിനും പുറമെയാണ് സംസ്ഥാനങ്ങൾ ചുമത്തുന്ന നികുതി. ഇതോടെ കേന്ദ്രത്തിനല്ല, സംസ്ഥാനങ്ങൾക്കാണ് മെച്ചം എന്ന കാര്യമാണ് വൻതോതിൽ പ്രചരിപ്പിക്കപ്പെടുന്നത്. എന്നാൽ വസ്തുതായെന്താണ്? കേന്ദ്രം കുറച്ചുകാലമായി എക്‌സൈസ് നികുതിയിൽ വരുത്തുന്ന വർദ്ധനവൊക്കെ അഡിഷണൽ എക്‌സൈസ് ഡ്യൂട്ടി ഇനത്തിലാണ് കാട്ടുക. അതിൽ നിന്ന് ഒറ്റപ്പൈസയും തിരികെ കൊടുക്കേണ്ടതില്ല, വിഹിതമായി. അതിനും പുറമെ സെസായും പിരിച്ചെടുത്തോളും കേന്ദ്രം. അതിനുമില്ല സംസ്ഥാനവിഹിതം.

പിരിച്ചെടുക്കുന്ന എക്‌സൈസ് ഡ്യൂട്ടിയുടെ 41 ശതമാനം കേരളത്തിന് കിട്ടും എന്നാണ് പ്രചാരണം. എന്നാൽ 1.40 രൂപയുടെ 41 ശതമാനം അതേപടി കേരളത്തിന് കൊടുക്കുന്നതല്ല രീതി. പിരിച്ചെടുക്കുന്ന എക്‌സൈസ് ഡ്യൂട്ടി വീതം വെക്കുന്നത് ജനസംഖ്യാടിസ്ഥാനത്തിലാണ്. കേരളത്തിന് കിട്ടുക 0.8ശതമാനമാണ്. ചില്ലറപ്പൈസ കിട്ടും എന്നത് നേര്. അതിനുപകരം സംസ്ഥാനങ്ങൾക്കാണ് നികുതിയാകെ എന്ന മട്ടിലാണ് പ്രചാരണം. മാത്രമല്ല, സംസ്ഥാനങ്ങൾ പിരിക്കുന്ന നികുതിയിൽ ഒരംശം വേണ്ടെന്നു വെക്കുകയാണ് വേണ്ടത് എന്നും പ്രചാരണമുണ്ട്. ജി.എസ്.ടി നടപ്പായതിനുശേഷം സംസ്ഥാനങ്ങളിൽ നിന്ന് മുഴുവൻ നികുതിപിരിവധികാരവും കേന്ദ്രം കവർന്നെടുത്തിരിക്കുകയാണ്. അതിൽത്തന്നെ കൊടുക്കാനുള്ള വിഹിതം നൽകാതെ വെച്ച് താമസിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ. ആകെ പിരിക്കാൻ ബാക്കി വെച്ചത് മദ്യവും പെട്രോളിയം ഉത്പന്നങ്ങളുമാണ്. വിഭവദാരിദ്ര്യം കൊണ്ട് വീർപ്പുമുട്ടുമ്പോഴും സംസ്ഥാനങ്ങൾ വേണ്ടെന്നു വെക്കുമായിരുന്നു, കേന്ദ്രം വൻകിടക്കാരിൽ നിന്ന് പിരിഞ്ഞു കിട്ടാനുള്ള നികുതി മര്യാദക്ക് പിരിച്ചെടുത്തിരുന്നെങ്കിൽ. അവർ കൊടുത്ത കണക്കനുസരിച്ച് അവരിൽ നിന്ന് പിരിഞ്ഞുകിട്ടാനുള്ള നികുതിയിൽ നിന്ന് അതിഭീമമായ തുക (10 വർഷം കൊണ്ട് 40 ലക്ഷം കോടിയിലേറെ രൂപ) ടാക്‌സ് ഫൊർ ഗോൺ എന്ന പേരിൽ വേണ്ടെന്നു വെച്ചില്ലായിരുന്നെങ്കിൽ. സ്വകാര്യ എണ്ണ ക്കമ്പനികൾക്ക് പൊതുമുതൽ കുതിച്ചോർത്താൻ അവസരം നൽകിയില്ലായിരുന്നെങ്കിൽ. ചുരുക്കത്തിൽ, കേന്ദ്ര സർക്കാർ ജനങ്ങൾക്കൊപ്പമാണ് എന്ന് ബോധ്യപ്പെടുത്താൻ ഇതിനകം കഴിഞ്ഞിരുന്നെങ്കിൽ.

ദൗർഭാഗ്യവശാൽ നവലിബറൽ നയങ്ങൾ തുടരുന്ന ഒരു സർക്കാരിൽ നിന്നും അത് പ്രതീക്ഷിക്കാൻ ആവില്ലല്ലോ. അതുകൊണ്ട് തന്നെ ഈ നയങ്ങളാണ് കുതിച്ചുകയറുന്ന പെട്രോൾ വിലക്ക് പിന്നിലും എന്ന് തിരിച്ചറിഞ് പരമാവധി ജനങ്ങളെ അതിനെതിരെ അണിഞ്ഞു നിരത്തിക്കൊണ്ട് മാത്രമേ ഈ ദുരിതപർവത്തിൽ നിന്ന് പുറത്തുകടക്കാനാവൂ.



Summary: കേരളത്തിലും ​പെട്രോൾ വില ലിറ്ററിന്​ നൂറുരൂപ കടന്നു. തിരുവനന്തപുരം ജില്ലയിലെ പാറശാലയലാണ്​ ജൂൺ 24ന്​ 100.04 രൂപയായത്​. ഇടുക്കി പൂപ്പാറയിലും :ആനച്ചാലിലും നൂറുരൂപ കടന്നിട്ടുണ്ട്​. എത്ര വിദഗ്​ധമായാണ് ഒരു പെരുംകൊള്ള ചെറിയ ചെറിയ ഗഡുക്കളായി നടത്തിയെടുക്കുന്നതും അതിനെ തികഞ്ഞ സ്വാഭാവികതയായി പ്രചരിപ്പിക്കുന്നതും!- പെട്രോൾ, ഡീസൽ വില വർധനവിന്റെ കാണാപ്പുറങ്ങളെക്കുറിച്ച്​


എ.കെ. രമേശ്

എഴുത്തുകാരൻ, ബെഫി മുൻ അഖിലേന്ത്യാ പ്രസിഡന്റ്. ആഗോളവല്ക്കരണവും മൂന്നാം ലോക ജീവിതവും, ദോഹാ പ്രഖ്യാപനത്തിന്റെ കാണാപ്പുറങ്ങൾ എന്നിവ കൃതികൾ

Comments